പിതാവ് മരിച്ചതോടെ താളം തെറ്റിയ കുടുംബത്തിലെ സഹോദരങ്ങളെ ബന്ധുക്കൾ ഏറ്റെടുത്തു. പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള സെറിബ്രൽ പാൾസി ബാധിതനായ 11 കാരനെ ഏറ്റെടുത്ത് എറണാകുളം പീസ് വാലി ഫൌണ്ടേഷൻ
ആലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്ന അമ്മ മാത്രമുള്ള സെറിബ്രൽ പാൾസി ബാധിതനായ 11കാരന് താങ്ങായി പീസ് വാലി ഫൌണ്ടേഷൻ. പുറക്കാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കിഴക്കേടത്ത് സന്തോഷ്, ശ്രീവല്ലി ദമ്പതികളുടെ ഇളയ മകനാണ് യദുകൃഷ്ണൻ. എറണാകുളത്തെ പീസ് വാലി ഫൌണ്ടേഷനാണ് പതിനൊന്നുകാരന്റെ സംരക്ഷണം ഏറ്റെടുത്തത്.
അഞ്ച് മാസം മുൻപ് സന്തോഷ് ജീവനൊടുക്കുക കൂടി ചെയ്തതോടെയാണ് ഈ കുടുംബത്തിന്റെ താളം തെറ്റിയത്. ഭർത്താവിന്റ മരണത്തെ തുടർന്ന് ശ്രീവല്ലി മാനസികമായി താളം തെറ്റിയ നിലയിലായി. മൂത്ത രണ്ടു മക്കൾ സന്തോഷിന്റെ അമ്മയായ പുഷ്പവല്ലിയുടെയും സഹോദരിയായ അമ്പിളിയുടെയും സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. സന്തോഷിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചതിനാൽ പുറക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഭവന നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
undefined
പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള യദുകൃഷ്ണന്റെ സംരക്ഷണം ബന്ധുക്കൾക്കും വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് സഹായഹസ്തവുമായി പീസ് വാലി മുന്നോട്ടെത്തുന്നത്. പുറക്കാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാവ്യ രാഹുൽ ആണ് യദുകൃഷ്ണന്റെ നിസഹായവസ്ഥ പീസ് വാലിയെ അറിയിച്ചത്. ശിശു ക്ഷേമ സമിതിയുടെ ഉത്തരവ് അടക്കമുള്ള നിയമപരമായ മേൽനടപടികൾ സ്വീകരിച്ച് പീസ് വാലി ഭാരവാഹികൾ യദുകൃഷ്ണനെ ഏറ്റെടുത്തു.
പീസ് വാലിക്ക് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഫിറ്റ് ഫസിലിറ്റി സെന്ററിലാണ് യദുകൃഷ്ണനെ പ്രവേശിപ്പിച്ചത്. പീസ് വാലി ഭാരവാഹികളായ സാബിത്ത് ഉമ്മർ, റഫീഖ് ചൊക്ലി, ഫാറൂഖ് കരുമക്കാട്ട്, പി എം അഷ്റഫ്, സേവ് ദ ഫാമിലി പ്രസിഡന്റ് കെ മുജീബ്, പഞ്ചായത്ത് അംഗങ്ങളായ മനോജ്, സുഭാഷ്, സൂപ്പർവൈസർ സന്ധ്യ, ചേതന പാലിയേറ്റീവ് കെയർ പ്രവർത്തകർ, ആശാപ്രവർത്തകർ, അംഗൻവാടി വർക്കർ വിവിധ സൂമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം