Malayalam Short Story : കൊതുകുജീവിതം, സുമ രാജീവ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jul 11, 2024, 3:44 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സുമ രാജീവ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


കൊതുകുജീവിതം

കൊലയാളി ആരെന്നറിയാത്ത ടെന്‍ഷനില്‍ ടിവിയിലേക്ക് കണ്ണുംനട്ട് നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി. പെട്ടെന്ന് 'അമ്മാ' എന്നാരോ വിളിക്കുന്നതായി അവള്‍ക്ക് തോന്നി. 

സിനിമയില്‍ പിരിമുറുക്കം കൂട്ടുന്ന പശ്ചാത്തലസംഗീതം. ഇരുട്ടില്‍ ആരോ നടന്നു പോകുന്ന ശബ്ദം. അതിനിടയില്‍ ആരായിരിക്കും ഈ വിളിക്കുന്നത് എന്നറിയാന്‍ അവള്‍ കൂടുതല്‍ ശ്രദ്ധയോടെ സ്‌ക്രീനിലേക്ക് നോക്കി. 

വീണ്ടും അതാ വിളി കേള്‍ക്കുന്നു. പുറത്തു  നിന്നാരോ വിളിക്കുന്നതായി അവള്‍ക്കപ്പോള്‍ തോന്നി. സിനിമ നിര്‍ത്തി എഴുന്നേറ്റു പീപ്ഹോളിലൂടെ പുറത്തേക്കു നോക്കി. അവിടെ പ്രായമായൊരാള്‍. മടമ്പിന് മുകളില്‍ നില്‍ക്കുന്ന കാവി മുണ്ട്, കഴുത്തില്‍ ഒരു കാവി തോര്‍ത്ത് ചുറ്റിയിരിക്കുന്നു. പിറകോട്ടു വലിച്ചു നീട്ടി ചീകി വെച്ച മുടി. അസാധാരണമാം വിധം തേജസ്സുള്ള മുഖം. അയാളുടെ നോട്ടം പീപ്‌ഹോളിലൂടെ തന്നെ കണ്ണിലേക്ക് തന്നെയെന്ന് അവള്‍ക്ക് തോന്നി അവള്‍ ഒരടി പിറകോട്ടു വെച്ചു. മുന്‍വശത്തെ ജനാല തുറന്നു. 

'നല്ല വിശപ്പുണ്ട്. അമ്മാ, കഴിക്കാനെന്തെങ്കിലും?'

അവളുടെ ഉള്ളില്‍ അനുകമ്പ പൊട്ടിയെങ്കിലും  നാട്ടിന്‍പുറത്തു നിന്നും നഗരത്തില്‍ താമസിക്കാന്‍ വന്നപ്പോള്‍ വിവേക് പറഞ്ഞ കാര്യങ്ങള്‍ കുറിച്ച് അവളോര്‍ത്തു. 

'നോക്ക് ഇത് നഗരമാണ്. ഇവിടെ ആരെ എങ്ങനെ പറ്റിച്ചു ജീവിക്കാം എന്ന് ചിന്തിക്കുന്നവരാണ് അധികവും. അതിന് അവര്‍ പല വേഷങ്ങള്‍ കെട്ടും, പല രൂപങ്ങളില്‍ അവരും. നിനക്ക് പരിചയമായില്ലാത്തയിടമായത് കൊണ്ട് വാതില്‍ തുറന്നു ആരോടും ഒന്നും ചോദിക്കാനോ പറയാനോ പോകണ്ട.'

വിവേക് തലക്കുള്ളിലിരുന്നു ഉപദേശിക്കുമ്പോഴും അവളുടെ നോട്ടം വീടിനു മുന്നില്‍ നില്‍ക്കുന്നയാളില്‍ ആയിരുന്നു. ഒട്ടിക്കിടക്കുന്ന അയാളുടെ വയര്‍ വിശപ്പിന്റെ സാക്ഷ്യപത്രം പോലെ തോന്നിച്ചു. തലക്കുള്ളിലെ വിവേകിനെ മറന്ന് അവള്‍ അടുക്കളയിലേക്ക് നടന്നു. ഒരു പേപ്പര്‍ പ്ലേറ്റില്‍ കുറച്ചു ചോറ് എടുത്തു. അത് പോലെ ചെറിയ പേപ്പര്‍ ഗ്ലാസില്‍ സാമ്പാറും മറ്റൊരു ഗ്ലാസ്സില്‍ തോരനും എടുത്തു. ഒരു  ഗ്ലാസ് വെള്ളവും  എടുത്തു അവള്‍ വാതില്‍ തുറന്നു പുറത്തേക്ക് കടന്നു പിറകിലെ വാതില്‍ അടച്ചു. അയാള്‍ ആര്‍ത്തിയോടെ എങ്കിലും സാവധാനം കൈ നീട്ടി. കൈ കഴുകുന്നതിനായി പോര്‍ച്ചിനു അപ്പുറത്തെ പൈപ്പ് അവള്‍ ചൂണ്ടി കാണിച്ചു. കൈ കഴുകി വന്ന അയാള്‍ ചോറ് വാങ്ങി നന്ദിയോടെ ചിരിച്ചു പിന്നെ കഴുത്തിലെ തോര്‍ത്ത് പോര്‍ച്ചില്‍ വിരിച്ചു, ചോറുപാത്രം അതിനു മുന്നില്‍ വെച്ച് ചമ്രം പടിഞ്ഞിരുന്നു. ഗ്ലാസിലെ വെള്ളത്തില്‍ നിന്നും കുറച്ചെടുത്തു ചോറിനു ചുറ്റും വൃത്തം വരച്ചു. അതിനു ശേഷം കൈ കൂപ്പി പ്രാര്‍ത്ഥിച്ചു. പിന്നെ ചോറും സാമ്പാറും തോരനുമെടുത്തു ഒരുരുള ഉരുട്ടി പ്ലേറ്റിന്റെ വലതു ഭാഗത്തായി വെച്ചു. 

പതുക്കെ അയാള്‍ കഴിക്കാന്‍ തുടങ്ങി. ഓരോ വറ്റും അയാള്‍  ആസ്വദിച്ചു കഴിക്കുന്നത് നോക്കി അവള്‍ വരാന്തയില്‍  തന്നെ നിന്നു. ചോറില്‍ കൈ വെച്ചാലുടന്‍ കുറ്റം പറയാന്‍ തുടങ്ങുന്ന വിവേകില്‍ നിന്നും എത്ര അകലെയാണ് മൗനമായിരുന്നു  വിശപ്പിനെ ഊട്ടുന്ന ഈ അപരിചിതന്‍ എന്നവള്‍ ഓര്‍ത്തു.

ഊണ് കഴിച്ചു കഴിഞ്ഞ് പ്ലേറ്റിലെ ഉരുള എടുത്തു മതിലിനു മുകളില്‍ വെച്ചു അയാള്‍ കയ്യും പ്ലേറ്റും കഴുകി അതെവിടെ കളയണമെന്നു ചുറ്റും നോക്കി. ചപ്പിലകള്‍ അടിച്ച് വാരിയിടുന്ന ഡ്രം കാണിച്ചു അതിലേക്കിട്ടോളു എന്നവള്‍ പറഞ്ഞു. പുറത്തേക്കു പോകുന്നതിനു മുന്‍പായി അയാള്‍ അവളെ ഒന്ന് നോക്കി, പിന്നെ സൗമ്യമായി ഒന്ന് ചിരിച്ചു. പിന്നെ പതുക്കെ പറഞ്ഞു: 'കുറച്ചു ദിവസമായി  ആഹാരം കഴിച്ചിട്ട്. ഇവിടെയുള്ള എല്ലാ വീടുകളിലും ഞാന്‍ പോയി. ചില വീടുകളിലെ ഗേറ്റ് പൂട്ടിയിരുന്നു. ചിലയിടത്തു  ഗേറ്റ് കടക്കുമ്പോള്‍ പട്ടി കുരക്കും. ആളുകള്‍ ജനലിലൂടെ നോക്കി ഇറങ്ങി പോകാന്‍ പറയും. ഒരാള്‍ പോലും എന്നോട് എന്തിനു വന്നു എന്ന് ചോദിച്ചില്ല. ഇന്നും പട്ടിണി എന്ന് കരുതിയിരുന്നപ്പോള്‍ ആണ് കുട്ടി എനിക്ക് ആഹാരം തന്നത്. വിശക്കുന്നവന് ആഹാരം, ദാഹിക്കുന്നവനും വെള്ളം. ഇതിനേക്കാള്‍ വലിയ പുണ്യം ലോകത്തു ചെയ്യാനില്ല. തിരിച്ചു തരാന്‍  എന്റെ കയ്യില്‍ ഒന്നുമില്ല, എങ്കിലും ഞാന്‍ ഒരു മന്ത്രം പറഞ്ഞു തരാം.''

മന്ത്രം, തന്ത്രം എന്നൊക്കെ പറഞ്ഞു  എല്ലാം അടിച്ചു മാറ്റി പോകാനുള്ള ഐഡിയ വല്ലതും ആകുമോ എന്ന സംശയം അവളുടെ ഉള്ളില്‍ നുരപൊന്തി.

''നാട് തെണ്ടിയായ ഞാന്‍ ഇതൊക്കെ അടിച്ചുപോയി എന്ത് ചെയ്യാനാണ് കുട്ടീ?''

അയാളുടെ ചോദ്യം അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ആയിരുന്നു. അവള്‍ ഒന്ന് ഞെട്ടി.

'ഒരു പെന്നും കടലാസും തരൂ ഞാന്‍ എഴുതി തരാം'-അയാള്‍ വീണ്ടും പറഞ്ഞു. 

കയ്യില്‍ കിട്ടിയത് സൂപ്പര്‍ മാര്‍ക്കറ്റിലെ ബില്‍. അതും പെന്നുമായി അവള്‍ അയാളുടെ അടുത്തേക്ക് ചെന്നു. അയാള്‍ എന്തൊക്കെയോ  എഴുതി മടക്കി അവളുടെ കയ്യില്‍ കൊടുത്തു. 

'ഈ മന്ത്രം ഏകാഗ്രതയോടു കൂടെ വായിച്ചാല്‍ രൂപം മാറാന്‍ കഴിയും. രൂപം മാത്രമേ മാറാന്‍ കഴിയുള്ളൂ. ബുദ്ധിയും ചിന്തയും നിങ്ങളുടെ തന്നെ ആയിരിക്കും. ഒരു പ്രാവശ്യം മാത്രമേ ഇതുകൊണ്ടു രൂപമാറ്റം ഉണ്ടാകുള്ളൂ. അതുകൊണ്ടു തന്നെ  എപ്പോളാണോ ആവശ്യമെന്നു തോന്നുന്നത് അപ്പോള്‍ മാത്രം ഇത് തുറന്നു വായിക്കുക, അത് വരെ ഇത് തുറക്കുകയോ നോക്കുകയോ ചെയ്യരുത്. ഈശ്വരന്‍ നിങ്ങള്‍ക്ക് നല്ലത് വരുത്തട്ടെ'-അയാള്‍ ചെറു ചിരിയോടെ ഗേറ്റിനു പുറത്തേക്കു നടന്നു.

കടലാസ് തുറന്നു നോക്കണമെന്ന ചിന്തയെ ഒരു വിധത്തില്‍ അടക്കി വെച്ച് അവള്‍ ആ കടലാസ് ബുക്ക് ഷെല്‍ഫിലെ ബുക്കില്‍വെച്ച് വീണ്ടും സിനിമ കാണാന്‍ തുടങ്ങി. 

വാതില്‍ തുറന്നപ്പോള്‍  അകത്തേക്ക് കയറിയ കൊതുകുകള്‍ അപ്പോള്‍ അവള്‍ക്കു ചുറ്റും നാദസ്വര കച്ചേരി ആരംഭിച്ചിരുന്നു. പ്ലഗില്‍ കൊതുകു തിരി വെച്ച് വീണ്ടും സിനിമയുടെ പിരിമുറുക്കത്തിലേക്ക് അവള്‍ മടങ്ങി.  സിനിമ കഴിഞ്ഞപ്പോള്‍ ആണ് കാലിലും കയ്യിലും കൊതുകു കടിച്ചതിന്റെ തിണര്‍ത്ത പാടുകള്‍ അവള്‍ കണ്ടത്. കൊതുകുതിരി വെച്ചതാണല്ലോ  കൊതുകുകള്‍ പിന്നെങ്ങനെ വന്നു, അതിലെ മരുന്ന് കഴിഞ്ഞോ എന്നൊക്കെ അവള്‍ ആലോചിച്ച് പ്ലഗില്‍ വെച്ച കൊതുകുതിരിയിലേക്ക് അവള്‍ നോക്കി. മരുന്ന് തീരാത്ത കൊതുകുമെഷീനിന്റെ മുകളില്‍ ഒരു കൊതുകു ഇരിക്കുന്നത് കണ്ട് അവള്‍ അത്ഭുതപ്പെട്ടു. അടച്ചിട്ട മുറിയില്‍ കൊതുകുതിരി വെക്കുമ്പോള്‍ തനിക്കുണ്ടാകാറുള്ള ശ്വാസം മുട്ടും തലവേദനയും അവളോര്‍ത്തു. 

ഈ കൊതുകള്‍ക്കിതൊന്നും ഏശുന്നില്ലല്ലോ? എന്തായിരിക്കും കാരണം? 

അവളാലോചിച്ചു തുടങ്ങി. കണ്ടു തീര്‍ത്ത  ത്രില്ലറിലെ പോലെ  അവള്‍ ഓരോന്നും തിരിച്ചും മറിച്ചും ആലോചിച്ചു. കണക്റ്റിംഗ് ഡോട്‌സ് എന്ന തത്വം വെച്ച് കൊതുകുകള്‍ മനുഷ്യര്‍ വെക്കുന്ന കൊതുകു നിവാരിണിയെ നേരിടുന്നതിനുള്ള പ്രതിരോധശക്തി സംഭരിക്കുന്നുണ്ട് എന്ന നിഗമനത്തില്‍  എത്തിയതും അതെങ്ങനെ എന്നറിയണം എന്നൊരു തോന്നല്‍ അവളില്‍ ഉണര്‍ന്നു. പതുക്കെ അവള്‍ എഴുന്നേറ്റു ബുക്ക് ഷെല്‍ഫിലെ ആദ്യത്തെ ബുക്കില്‍ നിന്നും മടക്കി വെച്ച  കടലാസെടുത്തു സോഫയില്‍  ധ്യാനരൂപത്തിലിരുന്നു. കൊതുകായി മാറട്ടെ എന്നാഗ്രഹത്തോടെ പതുക്കെ മന്ത്രം ഉരുവിട്ടു. 

മൂന്നാമത്തെ  തവണ  മന്ത്രം  കഴിഞ്ഞതും താന്‍ കൊതുകായി  മാറിയത് കണ്ടവള്‍ ഞെട്ടി. മാറിയത് ഡിറ്റക്റ്റീവ് പണിക്കാണല്ലോ എന്നോര്‍ത്ത് മുറിയില്‍ നിന്നും വട്ടം കറങ്ങുന്ന കൊതുകിന്റെ പിറകെ അവളും പറന്നു. കുറെ  അവിടെയും ഇവിടെയും പറന്നു ജനാലയുടെ വിടവിലൂടെ പുറത്തേക്ക്  അവളും. 

പറന്നു പോയി ചെന്ന് നിന്നത് നഗരത്തിലെ മാലിന്യമൊഴുകുന്ന അഴുക്കു ചാലിന് മുകളില്‍. താഴെ അഴുക്കു ചാലില്‍ കുഞ്ഞി ചിറകുകള്‍ അനക്കികൊണ്ട് അനേകായിരം കൊതുകുകള്‍. പ്യൂപ്പയില്‍ നിന്നും കൊതുകായശേഷം ചിറകുകള്‍ക്ക് ബലം  കിട്ടാനായി അവയിങ്ങനെ വെള്ളത്തിന് മുകളില്‍ ഇരിക്കുമെന്ന് പണ്ട് സയന്‍സ് ക്ലാസ്സില്‍ പഠിച്ചത് അവളോര്‍ത്തു. പെട്ടെന്ന്  കൊതുകുകള്‍  എല്ലാം ഒരു ചുഴലിയുടെ രൂപത്തില്‍  ആകുകയും വെള്ളത്തിനടിയിലേക്കു പോകുകയും ചെയ്യുന്നത് കണ്ട് അവള്‍ അവര്‍ക്കിടയിലേക്ക്  ചെന്നു നിന്നു. അവളുടെ അടുത്ത് നില്‍ക്കുന്നവര്‍ അവളെ പരിചയമില്ലാത്തത് പോലെ നോക്കുന്നുണ്ട് എന്ന്   തോന്നി എങ്കിലും പ്രസന്നവദനയായി അവരുടെ കൂടെ അവളും പറന്നു കൊണ്ടിരുന്നു, ചെന്നെത്തിയത് ഒരു വലിയ തുരങ്കത്തിന് മുന്നിലാണ്. ഓരോരുത്തരെ ആയി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അകത്തേക്ക് വിടുന്നു. 

'അമ്പട ഇവരുടെ നാട്ടിലും സെക്യൂരിറ്റി ചെക്കിങ്ങോ'- അവള്‍ അമ്പരന്നു. അകത്തേക്കു കടന്നതും അമ്പരപ്പ്  കൂടി. ഒരു വലിയ സ്റ്റേഡിയം പോലെ ഒരിടം, അവിടെ തിങ്ങി നിറഞ്ഞ് കൊതുകുകള്‍. ഹുങ്കാരശബ്ദമായി അവയുടെ മൂളല്‍. പെട്ടെന്നു ഘനഗംഭീരമായ ഒരു ശബ്ദം കേട്ടു. 'എല്ലാവരും മൗനം പാലിക്കുക.' 

സ്വിച്ചിട്ടത് പോലെ അവിടെങ്ങും നിശ്ശബ്ദത പടര്‍ന്നു. മുന്നിലെ സ്റ്റേജിനു മുകളിലെ മേശയില്‍  ഒരു വെള്ളകുപ്പായക്കാരന്‍ കൊതുകു പറന്നു വന്നിരുന്നു. കയ്യില്‍ മൈക്ക് എടുത്തു: 

'എന്റെ പ്രിയസഹോദരി സഹോദരരെ'

ഒരു ആരവം കൂട്ടത്തില്‍ നിന്നും ഉയര്‍ന്നു.

'ഇത് നമ്മുടെ വീക്കിലി പ്രോഗ്രാം ആണ്. നിങ്ങള്‍ മനുഷ്യലോകത്തില്‍ കണ്ട കാര്യങ്ങള്‍-എന്ന് വെച്ചാല്‍ നമ്മുടെ വംശ നാശത്തിനായി അവന്‍ അവന്‍ കണ്ടെത്തുന്ന പുത്തന്‍വിദ്യകള്‍ -പങ്കു വെക്കുകയും അതിന്റെ പ്രതിരോധത്തിനായി നമ്മളെടുക്കുന്ന നടപടികള്‍ വിവരിക്കുകയും ചെയ്യുന്ന പരിപാടി.  ഓരോരുത്തര്‍ക്കും ഇതിലേക്ക് സ്വാഗതം'

അന്നേരം സ്‌റ്റേജിലേക്ക് ഒരു കൊതുകിനെ എടുത്തു കൊണ്ട് നാല് പേര്‍ കടന്നു വരുന്നു. അവര്‍ വെള്ളകുപ്പായക്കാരനോട് എന്തൊക്കെയോ പറഞ്ഞു. ഏറ്റിക്കൊണ്ടു വന്ന കൊതുകിനെ അതിനപ്പുറത്തുള്ള മുറിയിലേക്ക് മാറ്റുവാന്‍ അയാള്‍ നിര്‍ദേശിക്കുന്നു. ആ മുറിയില്‍ എന്താണ് എന്നറിയാന്‍ അവള്‍ക്ക്  ആകാംക്ഷയേറി. പതുക്കെ തിക്കിയും തിരക്കിയും സ്റ്റേജിനു അടുത്തെത്തി അവള്‍  മുറിയുടെ  അടുത്തേക്ക് ചെന്നു. മുറിക്കു മുന്നില്‍ രണ്ടു പേര് കാവല്‍ നില്‍ക്കുന്നു. അകത്തേക്ക് പോകുന്നവരുടെ ഐഡി കാര്‍ഡ് പരിശോധിക്കുന്നു. എങ്ങനെ ആണ് അകത്തേക്ക് കടക്കുക എന്നോര്‍ത്തിരിക്കെ വേറൊരു കൊതുകിനെയും താങ്ങി കുറച്ചു പേര് വരുന്നത് അവള്‍ കണ്ടു. അതിനിടയിലേക്ക് നുഴഞ്ഞു കയറി അവള്‍ ആ മുറിയിലേക്ക് കടന്നു.

അവള്‍ക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതിനൂതനമായി സജ്ജീകരിച്ച ഒരു പരീക്ഷണശാല.  എടുത്തു കൊണ്ട് വന്ന കൊതുകിനെ പരിശോധിച്ച് അതിന്റെ  ശരീരത്തില്‍ നിന്നും എന്തൊക്കെയോ കുത്തി എടുക്കുന്നു. ചെറിയ ഗ്ലാസ് കഷണത്തില്‍ അത് തേച്ച് മൈക്രോസ്‌കോപ്പില്‍ വെച്ച് പരിശോധിക്കുന്നു. അതിനു ശേഷം കുത്തിയെടുത്ത ദ്രാവകം  ചെറിയ കുപ്പിലാക്കി ഒരു മെഷീനിനു ഉള്ളിലേക്ക് വെക്കുന്നു. മെഷീനിന്റെ സ്‌ക്രീനില്‍ തെളിയുന്ന കുറെ അക്ഷരങ്ങള്‍. അത് വായിച്ച ഉള്ളിലുള്ള ഒരു വലിയ ശാസ്ത്രജ്ഞന്‍ എന്ന് കരുതുന്നയാള്‍ പൊട്ടിച്ചിരിക്കുന്നു.
 
'ഇരട്ടി ഫലം തരുമെന്ന് പറഞ്ഞു വില്‍ക്കുന്ന കൊതുകു നിവാരിണി ആണ് പോലും. പാക്കറ്റില്‍ മാത്രമേ ഉള്ളൂ ഇരട്ടിഫലം. ഉള്ളിലെ മരുന്ന് ആദ്യത്തേത് തന്നെ. നല്ല പരസ്യം കൊടുത്താല്‍ ഈ മനുഷ്യരെ മൊത്തം പറ്റിക്കാം'

'ഏറ്റവും ബുദ്ധിമാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന വിഡ്ഢി ആണ് മനുഷ്യന്‍'- മറ്റൊരാള്‍ പറഞ്ഞു.

'എന്തായാലും എല്ലാവരും ഓരോ ഡോസ് പ്രതിരോധ മരുന്ന് എടുക്കുന്നത് നല്ലതാണ്. ഇന്ന് വീക്കിലി മീറ്റിംഗ് ആയത് കൊണ്ട് എല്ലാവര്‍ക്കും ഒരുമിച്ചു കൊടുക്കുകയും ആകാം. വേഗം കുത്തിവെയ്പ്പിനുള്ള സാമഗ്രികള്‍ എല്ലാം സെറ്റ് ആക്കി വെക്കൂ' -അയാളെല്ലാവരോടുമായി പറഞ്ഞു.

 വാതില്‍തുറന്നു ആരോ അകത്തേക്ക് വന്നപ്പോള്‍  അവള്‍ മെല്ലെ പുറത്തേക്കിറങ്ങി സ്റ്റേഡിയത്തില്‍ ഒരു മൂലയ്ക്ക് വന്നു നിന്നു. 

സ്റ്റേജില്‍ പ്രസംഗം തുടരുകയാണ്.

'ഈ മനുഷ്യന്റെ കാര്യം നല്ല രസമാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നു മരിക്കുകയും അത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയും ചെയ്താല്‍ ഒരു രണ്ടാഴ്ച ഉന്മൂലന പരിപാടികള്‍ ആണ്. അസുഖം നിയന്ത്രണ വിധേയമായാല്‍ പിന്നെ ഒന്നുമില്ല. വീണ്ടും പഴയപടി. മനുഷ്യരുടെ ഈ ശ്രദ്ധയില്ലായ്മയാണ് നമ്മുടെ വംശവൃദ്ധി. അത് കൊണ്ട് നമ്മുടെ അഭ്യുദയകാംക്ഷികള്‍ ആയി വേണമെങ്കില്‍ നമുക്ക് അവരെ ഗണിക്കാം.'

സദസ്സില്‍ ചിരി ഉയര്‍ന്നു. എത്ര തുച്ഛമായാണ് മനുഷ്യനെ ഈ കൊതുകുകള്‍ കാണുന്നത്! വെറുതെ അല്ല ഒരു മരുന്നും ഏശാത്തത്! അവളോര്‍ത്തു.

'മനുഷ്യരുടെ ഇപ്പോഴത്തെ ഒരു ഹോബിയാണ് വീടിനുള്ളില്‍ നിറയെ ചെടി വെക്കല്‍. രണ്ടു ഔണ്‍സ് വെള്ളമുണ്ടെങ്കില്‍ നമ്മുടെ പെണ്‍പട അവിടെ പോയി മുട്ടയിടുമെന്നും അവനറിയാം. എന്നാലും ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പ്ലേറ്റിലെ വെള്ളം ഒഴിച്ച് കളയാന്‍ ഓട്ടത്തിനിടയില്‍ അവന്‍ പലപ്പോഴും മറക്കും. അവന്റെ മറവിയാണ്  നമ്മുടെ ജനസംഖ്യാപെരുപ്പത്തിന് കാരണം. അത് കൊണ്ട് ചന്ദ്രനെയും സൂര്യനെയും കാല്‍ചുവട്ടിലാക്കാന്‍ ഓടുന്ന മനുഷ്യന്റെ മറവിയെ  നമുക്ക് സ്തുതിക്കാം'

വീണ്ടും ആരവമുയര്‍ന്നു. 

'താന്‍ മറന്നു പോയതാണല്ലോ ഇവര്‍ പറയുന്നത്'-അവള്‍ക്ക് ആകെ കൂടെ ഒരു ഈര്‍ഷ്യ തോന്നി. 

ചെടികള്‍ വെക്കുമ്പോള്‍ തന്നെ വിവേക് പറഞ്ഞിരുന്നു, വെള്ളം ഒന്നും കെട്ടികിടക്കാതെ നോക്കണമെന്ന്. സിനിമ കണ്ടിരിക്കുമ്പോള്‍ പിന്നെ അതൊന്നും ചെയ്യാന്‍ ഓര്‍മ്മ ഉണ്ടാകില്ലല്ലോ. അവള്‍ അവളെ തന്നെ ചീത്ത  വിളിച്ചു.

'മനുഷ്യര്‍ അവരെ  ജാതീയമായും രാഷ്ട്രീയമായും ഒക്കെ വേര്‍തിരിച്ചിട്ടുണ്ട്. അത് പോലെ തന്നെ നമ്മളെയും  വര്‍ഗീകരിച്ചിട്ടുണ്ട്. അവന്റെ വര്‍ഗീകരണം നിലനില്‍പിന് വേണ്ടിയുള്ളതാണ്. എന്നാല്‍ നമുക്കിടയില്‍  വര്‍ഗ്ഗീകരണവും ധ്രുവീകരണവുമില്ല. നമ്മള്‍  ഒറ്റക്കെട്ടാണ്. ബുദ്ധിമാനായ വിഡ്ഢിയുടെ നാശം കൊതിക്കുന്ന കൊതുകുവംശം.'

'കൊതുകുവംശം ജയിക്കട്ടെ, മനുഷ്യന്‍ തോല്‍ക്കട്ടെ'-ഉയരുന്ന മുദ്രാവാക്യങ്ങള്‍. എങ്ങും ആവേശത്തിന്റെ അലയടികള്‍.

'ഒന്നുമില്ലാതിരുന്ന ഒരു കാലത്തു റോമാസാമ്രജ്യത്തെ വിറപ്പിക്കാന്‍ നമ്മുടെ പൂര്‍വികര്‍ക്ക്  കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനേക്കാളേറെ സാങ്കേതികമായും ശാസ്ത്രീയമായും മുന്നേറിയ നമുക്ക് ഇന്ന് അവന്റെ സര്‍വ്വനാശത്തിനു കാരണമാകാന്‍  കഴിയും. അതിനു നമുക്ക് വളമാകുന്നത് അവന്റെ അലസതയാണ്. എല്ലാം അറിയുമെന്നു നടിക്കുകയും എന്നാല്‍ വേണ്ട കാര്യങ്ങള്‍ വേണ്ടവിധം ചെയ്യുകയും  ചെയ്യാത്ത മനുഷ്യരുടെ രക്തമാണ് നമ്മുടെ വംശവര്‍ധനവിന്റെ പ്രോട്ടീന്‍. അവന്‍ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് നമ്മുടെ കൊട്ടാരങ്ങള്‍. അവന്റെ വിയര്‍പ്പിന്റെ ഗന്ധമാണ് നമ്മുടെ ആകര്‍ഷണം. അവന്‍ പുരട്ടുന്ന വാസനതൈലങ്ങള്‍ നമുക്ക് വിരുന്നൊരുക്കിയ സിഗ്‌നലുകള്‍ ആണ്. പക്ഷെ ശ്രദ്ധിക്കണം, മനുഷ്യന്‍ പ്രെഡിക്റ്റബിലി അണ്‍പ്രെഡിക്റ്റബിള്‍ ആയത് കൊണ്ട് എങ്ങനെ ആണ് അവന്‍ പ്രതികരിക്കുക എന്നറിയില്ല. അത് കൊണ്ട് ഓരോരുത്തരും അവരവരുടെ  ഇന്ദ്രിയങ്ങളെ ഷാര്‍പ് ആക്കി വെക്കുക. അവന്റെ ചൂടും  വിയര്‍പ്പും തിരിച്ചറിയുക. അവന്റെ കൈക്കുള്ളില്‍ കിടന്നു പിടഞ്ഞു മരിക്കാതിരിക്കുക'
 
പ്രസംഗം കേട്ട്  ശ്രീരഞ്ജിനി ചൂളിപ്പോയി. മനുഷ്യന്റെ കുറവുകളെ എണ്ണി എണ്ണി  പറയുന്ന കൊതുകിനെ കണ്ടപ്പോള്‍, ഭരണപക്ഷത്തെ കുറ്റങ്ങള്‍ പറയാന്‍ പ്രതിപക്ഷം നടത്തുന്ന പത്രസമ്മേളനങ്ങള്‍ ഓര്‍മ്മയിലേക്ക് കയറി വന്നു.

വെള്ളക്കോട്ടുകാരന്‍ പ്രസംഗം തുടരുകയാണ്.

'സ്ത്രീ ശാക്തീകരണത്തിനാണ് നമ്മള്‍ മുന്‍ഗണന നല്‍കേണ്ടത്. കുലമറ്റ്  പോകാതിരിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ചാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നത്. മനുഷ്യനുമായി അടുത്തിടപഴകുന്നതും അവര്‍ തന്നെ. അത് കൊണ്ട് തന്നെ മനുഷ്യന്റെ കൊതുകുനിവാരിണികള്‍ക്ക് എതിരെയുള്ള കുത്തിവെപ്പ് എല്ലാ സ്ത്രീകളും എടുക്കണം. കുത്തി വെയ്പിലൂടെ പ്രതിരോധശക്തി വര്‍ധിക്കട്ടെ. വര്‍ധിക്കുന്ന പ്രതിരോധശക്തിക്കൊപ്പം തന്നെ പ്രജനന ശേഷിയും കൂട്ടണം. നൂറു ദിവസത്തിനുള്ളില്‍ ഒരായിരം കൊതുകുകള്‍ക്ക് ജന്മം കൊടുക്കാന്‍ കഴിഞ്ഞാല്‍ സ്ത്രീകളെ നിങ്ങള്‍ ഈ വംശം കുറ്റിയറ്റു പോകാതെ കാക്കും. നമുക്ക് നമ്മുടെ ശാക്തീകരണ ഗാനം പാടി കൊണ്ട് ഈ പ്രോഗ്രാം അവസാനിപ്പിക്കാം.'

'ഒരു കാര്യം പറയാന്‍ ഉണ്ടേ'-നേരത്തെ ഉള്ളിലെ മുറിയില്‍ കണ്ടയാള്‍ സ്റ്റേജിലേക്ക് കയറി വന്നു. അയാള്‍ വെള്ളക്കോട്ടുകാരനോട് എന്തോ പറഞ്ഞു. അതിനു ശേഷം അയാള്‍ തുടര്‍ന്നു.

'നമ്മുടെ വംശനാശത്തിന് വേണ്ടി കണ്ടു പിടിച്ച ഒരു മരുന്നിനുള്ള  പ്രതിരോധമരുന്ന് നമ്മള്‍ മുന്‍പ് കണ്ടു പിടിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ ഇരട്ടിഫലമുള്ള പ്രതിരോധമരുന്നു കണ്ടെത്തിയ സന്തോഷം നിങ്ങളെ എല്ലാരേയും അറിയിക്കുന്നു. ഈ സദസ്സിലുള്ള എല്ലാവരും ആ പ്രതിരോധകുത്തിവെപ്പു എടുത്തതിനു ശേഷം മാത്രമേ ഇവിടെ നിന്നും പോകാന്‍ പാടുള്ളൂ. വരൂ നമ്മുടെ ശാക്തീകരണ ഗാനം  പാടി നമുക്ക് സന്തോഷം രേഖപ്പെടുത്താം.
 
ഈണത്തോടെയുള്ള ആ ഗാനം  അവളും അറിയാതെ മൂളിപ്പോയി. പാടിക്കഴിഞ്ഞതും എല്ലാവരും പ്രതിരോധകുത്തിവെപ്പു എടുക്കാനായി ഒരു ക്യുവില്‍ നില്ക്കാന്‍ തുടങ്ങി. പ്രതിരോധകുത്തിവെപ്പു എടുക്കാതെ  അവിടെ നിന്നും പുറത്തു കടക്കുന്നതിനായി അവള്‍ ചുറ്റും നോക്കി. എവിടെയും വിടവ് കാണുന്നില്ല. പത്മവ്യൂഹത്തില്‍പ്പെട്ടു നിസ്സഹായയായ യോദ്ധാവിനെപ്പോലെ അവള്‍ അവള്‍ പറന്നു കൊണ്ടേയിരുന്നു.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!