ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആശ എസ് എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മണികര്‍ണികാ ഘട്ടില്‍ ഊഴം കാത്തു കിടന്ന നൂറ്റിയെട്ടാമത്തെ ശവശരീരവും കനലുകള്‍ മൂടിയിരിക്കുന്നു.
അഘോരികള്‍ മരക്കഷണങ്ങള്‍ കൊണ്ട് മൂടും മുന്നേ ഞാന്‍ അയാളെ ശരിക്കും കണ്ടു. എനിക്ക് ശരീരമാകെ ചുട്ടു പൊള്ളും പോലെ തോന്നി.
'പേരറിയാത്ത മനുഷ്യന്‍...'
മിര്‍സപൂരില്‍ നിന്നും വാരണസിയിലേക്ക് ഉള്ള ബസ് യാത്രയിലാണ് ഞാന്‍ അയാളെ ആദ്യം കാണുന്നത്. നിറം മങ്ങി തുടങ്ങിയ തഞ്ചാവൂര്‍ വീണയും നെഞ്ചോടടക്കി പിടിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അയാള്‍. ഇടയ്‌ക്കെപ്പോഴോ അയാള്‍ അസിഘട്ടിലെ ഗംഗ ആരതിയെ കുറിച്ചും മണികര്‍ണികാ ഘട്ടിലെ ചുടല ഭസ്മം പൂശിയ അഘോരികളെ കുറിച്ചും പറഞ്ഞു തുടങ്ങി. ഞാന്‍ അത് ശ്രദ്ധയോടെ കേട്ടിരുന്നു. മണികര്‍ണികയില്‍ വച്ചാണ് നമുക്ക് ബോധോദയം ഉണ്ടാകുന്നതെന്നും മനുഷ്യന്‍ അഴുകിപ്പൊടിഞ്ഞു തീരുന്നൊരു മാംസക്കഷ്ണം മാത്രമാണെന്നും അയാള്‍ എന്നെ പഠിപ്പിച്ചു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍, വീണ്ടും കാണാമെന്നോ പറയാന്‍ ഇനിയും കഥകള്‍ ബാക്കിയുണ്ടെന്നോ അയാള്‍ പറഞ്ഞില്ല. മണികര്‍ണികയിലോ ഹരിശ്ചന്ദ്രഘട്ടിലോ കനലുകള്‍ക്കിടയില്‍ ആ മുഖം കണ്ടാല്‍ പുഞ്ചിരിക്കാന്‍ മാത്രം പറഞ്ഞു. ജീവിതം അത്രയേറേ അസങ്കീര്‍ണമാണെന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.
അയാളുടെ പേര് പോലും എനിക്ക് അറിയില്ല. പക്ഷെ മണിക്കൂറുകളോളം മനുഷ്യ മനസ്സിനെ കുറിച്ചും മരണത്തെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. പിന്നെ പകുതിക്ക് എവിടെയോ അയാള്‍ യാത്ര പറഞ്ഞിറങ്ങിപ്പോയി. മരണം ആദ്യം ഭയം ജനിപ്പിക്കുമെന്നും പിന്നീട് ആ ഭയം ജിജ്ഞാസയാകുമെന്നും അയാള്‍ പറഞ്ഞു.
അസിഘട്ടില്‍ മണിയൊച്ചയോടെ ഗംഗാ ആരതി വട്ടം ചുറ്റിക്കൊണ്ടിരുന്നു. അപ്പോഴും പാതിവെന്ത ശരീരം നോക്കി അഘോരികള്‍ ചുടല ഭസ്മത്തിനായി കാത്തിരുന്നു.
കാരണങ്ങളൊന്നുമില്ലാതെ ഒരു ഭയം എന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു. എപ്പോഴോ കണ്മുന്നിലേക്ക് വന്നുപെട്ടൊരാള്‍. മണിക്കൂറുകള്‍ മാത്രം പരിചയമുള്ളൊരു മനുഷ്യന്റെ മരണം എന്നെ ഇത്രത്തോളം അസ്വസ്ഥയാക്കുന്നതിന്റെ കാരണം കണ്ട് പിടിക്കാനാകാതെ ഞാന്‍ തളര്‍ന്നിരിക്കുന്നു. അല്ല, മരണഭയം എന്നെ വല്ലാതെ വരിഞ്ഞു മുറുകുന്നു.
ഒരിക്കല്‍ മരിക്കുമെന്നറിഞ്ഞിട്ടും എന്താകും ഞാന്‍ ഇതുവരെ മരണത്തെ ഭയപ്പെടാഞ്ഞത്? ഒരുപക്ഷെ എന്റെ മരണ തീയതിയെ കുറിച്ച് എനിക്ക് അറിവില്ലാത്തത്തിനാലാകാം. ഇന്ന് പെട്ടെന്നൊരു ഉള്‍വിളി എനിക്കുണ്ടായാല്‍...? ഇനി മണിക്കൂറുകള്‍ മാത്രമാണ് ആയുസ്സ്. ഇന്ന് ഇരുട്ട് വീഴും മുന്നേ മരണം. എങ്കില്‍ ഞാന്‍ ഉറപ്പായും ഭയപ്പെടും. ആ മരണക്കയറില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ഭൂമിയില്‍ ഒളിച്ചിരിക്കാന്‍ പറ്റുന്നിടത്തേക്കെല്ലാം ഞാന്‍ ഭ്രാന്തിയെ പോലെ ഓടും.
അതേ ഭയമാണ് ഇപ്പോള്‍ എന്നെ കടന്നു പിടിച്ചിരിക്കുന്നത്. തൊട്ടടുത്ത് നിന്നും ആരോ ഒരാള്‍, ഞാന്‍ മരണപ്പെട്ടു പോകുമെന്ന് ഇടയ്ക്കിടെ ചെവിയില്‍ മന്ത്രിക്കുന്നത് പോലെ. തുടക്കത്തില്‍ അതൊരു തമാശ ആയിരുന്നു. ഇപ്പോള്‍ അങ്ങനല്ല. ഉറങ്ങാനാകുന്നില്ല. വായിക്കാന്‍ ആകുന്നില്ല. ഒറ്റയ്ക്ക് ആകുമ്പോഴൊക്കെ മരണ മുന്നറിയിപ്പുകള്‍ കാതില്‍ ഉറക്കെയുറക്കെ മുഴങ്ങുന്നു.
നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയിലുടനീളം, സഹയാത്രികരില്‍ ആരെങ്കിലും എന്നെ ശ്വാസം മുട്ടിച്ചു കൊല്ലുമെന്ന് ഞാന്‍ ഭയപ്പെട്ടു. കൊല്ലാനടുക്കുന്നവന്റെ പിടിയില്‍ നിന്നോടി അകലുമ്പോള്‍ കാലു തെന്നി പാളങ്ങളിലേക്ക് തലയിടിച്ചു വീണു രക്തം ചിന്തി ഞാന്‍ മരണപ്പെട്ടു പോകുമോയെന്നും ഞാന്‍ ഭയപ്പെട്ടു. ആ രാത്രികളിലൊന്നും ഉറക്കംഅതിഥിയായി എത്തിയില്ല. വരാന്‍ മടിച്ചു നിന്ന ഉറക്കം കണ്‍പോളകളില്‍ തടിച്ചുവീര്‍ത്തു .
പെറുക്കിക്കളയാന്‍ ആകാത്ത വിധം ആ മനുഷ്യന്‍ എന്നില്‍ ഉപേക്ഷിച്ചു പോയ ഭയത്തിന്റെ തുണ്ടുകളായിരുന്നു എന്റെ ഉള്ളു മുഴുവന്‍. വീടിന്റെ ഓരോ മൂലയിലും മരണം ഒരു പുകച്ചുരുള്‍ പോലെ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി. ഏറെ നേരം മുറിയടച്ച് മിണ്ടാതെ, ചലിക്കാതെ, വായു മാത്രം ഭക്ഷിച്ച് മണിക്കൂറുകളോളം ഞാന്‍ ഇരുന്നിരിക്കണം.
മരിക്കാന്‍ പോകുന്നവവന്റെ ഏറ്റവും ഒടുവിലത്തെ നിമിഷങ്ങളെ കുറിച്ച് ഗരുഡപുരാണത്തില്‍ എന്താണ് എഴുതിയിട്ടുള്ളതെന്ന് അയാള്‍ പറഞ്ഞിരുന്നു. കണ്ണുകളില്‍ ഇരുട്ട് പടര്‍ന്ന്, കാതുകളില്‍ ശബ്ദകമ്പനങ്ങള്‍ ഒഴിഞ്ഞ്, ത്വക്ക് മരവിച്ച്, നാവ് ചലനമറ്റ്, നാസികയില്‍ തണുപ്പ് പടര്‍ന്ന്.. അങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ ഓരോന്നായി അടഞ്ഞ് ഒരാള്‍ മരണപ്പെടുന്നു..
രൂപമില്ലാത്ത യമദൂതന്മാര്‍ അപ്പോള്‍ മുന്നില്‍ വരും. ശരീരം ഉപേക്ഷിച്ച ആത്മാവിനെ യമലോകത്ത് എത്തിക്കുകയാണ് അവരുടെ കര്‍ത്തവ്യം. എത്രയുറക്കെ ഉച്ചത്തില്‍ അലറിക്കരഞ്ഞാലും യമദൂതന്മാര്‍ അലിവ് കാട്ടില്ല. അവരുടെ മര്‍ദ്ദനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അപ്പോഴെല്ലാം ഭൂമിയില്‍ അയാള്‍ ചെയ്ത നന്മയും തിന്മയും വ്യക്തതയോടെ ഓര്‍മ വരും.
എനിക്ക് വല്ലാതെ ഭയം തോന്നുന്നു. ഇതിനു മുമ്പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ലാത്ത ഭയം.
കണ്ണുകളില്‍ പടര്‍ന്ന ഇരുട്ടിനൊപ്പം എപ്പോഴോ കണ്‍പോളകള്‍ അടച്ച് ഞാന്‍ ഒരു മണ്ണിരയെ പോലെ നീണ്ടു കിടന്നു. തലച്ചോറില്‍ ഇരമ്പം കൂട്ടിയിരുന്ന തേനീച്ച കൂട്ടങ്ങള്‍ കൂടുവിട്ടിറങ്ങി പോയിരുന്നു. ചുറ്റും ശാന്തം.
ഇരുട്ടിന്റെ കരിമ്പടത്തില്‍ നിലവിളക്കുകള്‍ തെളിഞ്ഞു. തെച്ചിപ്പൂ മാല അണിഞ്ഞു ഞാന്‍ പലകക്കിടക്കയില്‍ കണ്ണടച്ച് കിടന്നു. പച്ച മാംസത്തിന്റെ ഗന്ധം മുറിയാകെ പടര്‍ന്നു. എന്റെ ദേഹമാകെ, കൂട്ടിത്തുന്നാന്‍ കഴിയാത്ത വിധം മുറിവുകള്‍ പടര്‍ന്നു കയറി. എനിക്ക് വേദനിക്കുന്നുണ്ടായിരുന്നില്ല. മണി കിലുങ്ങുന്ന അരിവാള്‍ നാല് തവണ എന്റെ കഴുത്തില്‍ നിന്നും വായുവിലേക്ക് ഉയര്‍ന്നു പൊങ്ങി.
ജനലഴികളില്‍ക്കൂടി തുളച്ചിറങ്ങിയ പോക്കുവെയില്‍ കണ്‍പോളകളെ ചൂട് പിടിപ്പിച്ചു. മരണം തൊട്ടടുത്ത് വന്നെത്തി നില്‍ക്കുന്ന ഒരു മനുഷ്യന്റെ ബാക്കിയുള്ള വളരെ കുറഞ്ഞൊരു നിമിഷം, പഞ്ചേന്ദ്രിയങ്ങളോരോന്നും പതിയെ പതിയെ മരവിച്ചു വീഴുന്ന ആ അനുഭൂതി. അതിപ്പോ എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്ന പോലെ. അയാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു, 'മരണം നിന്നെ ആദ്യം ഭയപ്പെടുത്തും പിന്നെ നിനക്ക് അതൊരു ജിജ്ഞാസയായിരിക്കും.'
ഇരുട്ട് മൂടിയ കാഞ്ഞിരക്കാട്ടില്‍ നിലവിളക്ക് തെളിയിച്ച്, തെച്ചിപ്പൂമാലയണിഞ്ഞ് പലകക്കിടക്കയില്‍ ഞാന്‍ ആകാശം നോക്കി കിടന്നു. പേരറിയാത്ത ആ മനുഷ്യന്‍ ഒരു പക്ഷെ ആ ആകാശത്തിലെവിടെയോ ഒരു നക്ഷത്രമായുണ്ടാകാം.
എനിക്ക് അയാളോട് വെറുപ്പ് തോന്നി. മരണത്തെ ഭയത്തോടെയും ജിജ്ഞാസയോടെയും നോക്കി കാണാന്‍ എന്റെ മനസ്സിനെ ഒരു തീച്ചൂളയിലെന്ന പോലെ പാകപ്പെടുത്തിയതിന്. മണി കിലുക്കിക്കൊണ്ട് മൂര്‍ച്ചയുള്ള അരിവാള്‍ എന്റെ കഴുത്തിനു നേരെ എത്രയോ തവണ പാഞ്ഞടുത്തു. തെച്ചിപ്പൂമാലകളില്‍ പിന്നെയും പിന്നെയും ചുവപ്പ് പടര്‍ന്നു. പഞ്ചേന്ദ്രിയങ്ങളിലെ ആ മരവിപ്പ് ഞാന്‍ അനുഭവിച്ചറിഞ്ഞു.
ശ്വസിക്കാനാകുന്നില്ല. കൈകാലുകളിലെ മുറിവുകളില്‍ വേദനയില്ല.
അതെ. അയാള്‍ പറഞ്ഞപോലെ ഞാനും മരിച്ചിരിക്കണം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...