ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്വാതി എസ് എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
യാത്രമധ്യേ
യാത്രാമധ്യേ ഞാന്‍ തിരഞ്ഞ
നമ്മുടെ തിരക്കഥയുടെ
പകുതിയിലെവിടെയോ
കയ്‌പേറും കായകള്‍
തിങ്ങി നിറയും
വല്ലരികള്‍ പതിയെ മൊട്ടിട്ടു തുടങ്ങി.
നിലാവു തേടിയൊരാകാശം
ഇരുട്ടില്‍ തപ്പി
മണ്ണിലേക്കൂര്‍ന്നിറങ്ങുന്നു.
വേനല്‍ മഴയ്ക്കിന്ന്
പൊള്ളും തൂമഞ്ഞിന്‍ നോവാണ്.
പാതിയെഴുതി നിര്‍ത്തിയൊരാ കഥയില്‍
ഇന്നു ഞാന്‍ മാത്രം
ജീവനോടെ.
അടിക്കുറിപ്പ്
ഒരടിക്കുറിപ്പോടെ സ്‌നേഹം തൂവി
പാതി ചത്ത മെയ്യുമായി
നീ യാത്ര പോകുമ്പോള്‍
നമ്മള്‍ രാപ്പാര്‍ക്കാറുള്ള
കുറ്റിക്കാട്ടിലെവിടെയൊക്കെയോ
ഉറുമ്പിന്‍ പറ്റങ്ങള്‍ ചേര്‍ന്നൊട്ടിയിരിക്കുന്നു.
മടുപ്പ്
'മടുത്തു കാണും'
നമ്മുടെ ചുറ്റിലെ കണ്ണും കാതും പറഞ്ഞുതുടങ്ങി.
വര്‍ഷങ്ങള്‍
യുഗങ്ങള്‍
പോലെ
നീണ്ട യാത്രകള്‍
ഇന്നവസാനിച്ചു.
എവിടെയൊക്കെയോ
രണ്ടു പേര്‍,
ഒന്നായവര്‍
ഇരു വള്ളങ്ങളിലേറി
ഇരുതീരം ലക്ഷ്യമാക്കുന്നു.
ഓളങ്ങള്‍ ഓടിയകലുന്നു,
തീരമണയാതെ പാതിവഴിയില്‍.
മുറവിളി കൂട്ടി ഓടിയൊളിച്ച്
ഇടവപ്പാതി ചേക്കേറുമ്പോള്‍
മിഴിവാര്‍ത്തിരിപ്പു
നിനവിലെ രാതിങ്കള്‍.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...