ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോഴും പ്രിയം കോഴിക്കോടിനോടും മിഠായിത്തെരുവിനോടും...

By Web Team  |  First Published Aug 6, 2020, 12:34 PM IST

ഇന്ന് മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എസ്. കെ പൊറ്റക്കാടിന്‍റെ ചരമദിനം. 


എപ്പോഴും സഞ്ചരിക്കാനിഷ്‍ടപ്പെട്ടിരുന്ന മനുഷ്യന്‍. ലോകസഞ്ചാരവും മനുഷ്യരിലേക്കുള്ള സഞ്ചാരവും അതിലുണ്ട്. ആ മനുഷ്യന്‍ എഴുതിവെച്ചിരിക്കുന്നത് വായിച്ചാല്‍ ആ സ്ഥലത്തെത്തിപ്പെട്ടപോലെ... ആ മനുഷ്യരെയെല്ലാം നേരില്‍ക്കണ്ടു മിണ്ടിയ പോലെ... എസ്. കെ പൊറ്റക്കാട് എന്ന മലയാളത്തിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 38 വര്‍ഷം. അദ്ദേഹത്തെ ഓര്‍മ്മിക്കുകയാണ് മകള്‍ സുമിത്ര. കോഴിക്കോട് നിന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്. 

Latest Videos

undefined

 

ഏറ്റവും പ്രിയം കോഴിക്കോടിനോട്

അച്ഛന്‍ പറയും പച്ചയായ മനുഷ്യരെ കാണണമെങ്കില്‍ ആഫ്രിക്കയില്‍ തന്നെ പോകണം എന്ന്. പക്ഷേ, പ്രകൃതിഭംഗി കൊണ്ട് ഏറ്റവും മനോഹരമായ സ്ഥലം സ്വിറ്റ്സര്‍ലന്‍ഡാണ് എന്നും. ഇതൊക്കെയാണെങ്കിലും അച്ഛന്‍ പറയും എനിക്കെന്‍റെ കോഴിക്കോടും മിഠായിത്തെരുവുമാണ് എല്ലാത്തിനേക്കാളും പ്രിയം എന്ന്. 

എപ്പോഴും ആള്‍ത്തിരക്കുള്ള ഇടമാണ് കോഴിക്കോട്. സന്ധ്യയില്‍ ആളുകള്‍ ചിരിച്ചും കളിച്ചും കഥ പറഞ്ഞും തിരക്കിട്ടുനടന്നും നീങ്ങുന്ന വീഥിയില്‍ ഏറ്റവും പരിചിതനായൊരാളായി, പ്രിയപ്പെട്ടയാളായി എസ്. കെ പൊറ്റക്കാട് നില്‍പ്പുണ്ട്. എന്നാല്‍, ഈ കൊവിഡ് കാലത്ത് മിഠായിത്തെരുവില്‍ ആളൊഴിഞ്ഞപ്പോള്‍ അച്ഛനവിടെ തനിച്ചാണല്ലോ എന്ന വേദനയുണ്ട് സുമിത്രയ്ക്ക്. 

കൊവിഡുള്ളപ്പോ എനിക്കതിങ്ങനെ വല്ലാത്തൊരു സങ്കടമാണ്. അച്ഛനവിടെ ഒറ്റക്ക് നില്‍ക്കുന്നതുപോലെ വല്ലാത്തൊരു വിഷമം ഫീല്‍ ചെയ്യും അതിങ്ങനെ കാണുമ്പോള്‍. എത്ര തിരക്കുണ്ടെങ്കിലും എപ്പോഴും അവിടെയെത്തുമ്പോള്‍ ഞാനൊന്ന് നില്‍ക്കും. പക്ഷേ, ഇപ്പോ എനിക്ക് അവിടെയിങ്ങനെ എത്തുമ്പോള്‍, അതിങ്ങനെ കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നും. അച്ഛന്‍ ഒറ്റക്ക് നില്‍ക്കുന്ന മാതിരിതോന്നും ഈയവസ്ഥയിലിങ്ങനെ...

 

ഡയറി എഴുത്ത് ശീലം

എനിക്കിഷ്‍ടമുള്ള അച്ഛന്‍റെ കഥ 'തെരുവിന്‍റെ കഥ'യാണ്. അന്ന് നമ്മുടെ മുട്ടായിത്തെരുവില്‍ ജീവിച്ചുമരിച്ച മനുഷ്യരുടെ കഥകളാണ് അത് മുഴുവന്‍ വരുന്നത്. അതെത്ര വായിച്ചാലും പിന്നെയും പിന്നെയും വായിക്കാന്‍ തോന്നും. 

അതേപോലെ തന്നെയാണ് അച്ഛന്‍റെ ഡയറി എഴുതുന്ന ശീലവും. അഞ്ചാറുവിധം ഡയറി ഒരു ദിവസം തന്നെ എഴുതും. യാത്രകള്‍ ചെയ്യും, സ്വീകരണങ്ങളുണ്ടാകും. അതിനൊക്കെ പുറമെയാണ് ഈ ഡയറി എഴുതുന്നത്. അന്ന് ചിന്തിച്ചിരുന്നു ഇത്രയും തിരക്കുള്ള സമയത്ത് അച്ഛനെങ്ങനെയാണ് ഇതിന് സമയം കണ്ടെത്തുന്നത് എന്ന്. ഇപ്പോ വിചാരിക്കും അച്ഛനുണ്ടായിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു എന്നും. അന്ന് അതൊന്നും ചോദിക്കാനൊന്നും പറ്റിയിരുന്നില്ല. അന്നെനിക്കതിനൊന്നും പറ്റിയില്ലല്ലോ എന്നാലോചിക്കുമ്പോള്‍ ഒരു സങ്കടം വരും.

 

അതിലൊരു ഡയറി അച്ഛന്‍റെ പേഴ്‍സണല്‍ ഡയറിയായിരുന്നു. അതില്‍ പ്രൈവറ്റ് കാര്യങ്ങള്‍ മാത്രമേ എഴുതാറുള്ളൂ. പലരും അത് പ്രസിദ്ധീകരിച്ചുകൂടേ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ, അതില്‍ പല ആള്‍ക്കാരെ പറ്റിയും അച്ഛനെഴുതിയിട്ടുണ്ട്. അപ്പോ അത് പ്രസിദ്ധീകരിച്ചാല്‍ പലര്‍ക്കും വേദനിക്കും. പിന്നെ ഒരു ഡയറി 'അയല്‍വക്കത്തെ സംഭവം' എന്നതാണ്. അതില്‍ അയല്‍വക്കത്തെ സംഭവങ്ങളെല്ലാം എഴുതിവെക്കും. പിന്നെ, 'മരണക്കൊയ്ത്ത്' എന്നൊരു ഡയറിയുണ്ട്. അതില്‍ മരിച്ചവരെ കുറിച്ച് എഴുതുന്നതാണ്. പേപ്പര്‍ കട്ടിംഗുകളുമെല്ലാം വെച്ചിട്ടാണ് അത്. ഒരു ആല്‍ബം പോലെ. 

എഴുത്തിന് പുറമെ അച്ഛനൊരു പ്രത്യേകസ്വഭാവമുണ്ടായിരുന്നു. എല്ലാം കളക്ട് ചെയ്‍തുവെക്കുന്ന രീതി. ലോട്ടറി ടിക്കറ്റ് അച്ഛനെടുക്കും. അതിന്‍റെ കാലാവധി കഴിഞ്ഞാലും അത് സൂക്ഷിച്ചുവെക്കും. അതുപോലെ, ഷോപ്പിംഗിന് പോയിട്ടുണ്ടെങ്കില്‍ അതിന്‍റെ ബില്‍. പിന്നെ, ആദ്യ വിദേശയാത്ര, ഷിപ്പ് യാത്രപോയപ്പോള്‍ മറിഞ്ഞ് പല്ലുപോയി. ആ പല്ല് എടുത്തുവെച്ചിട്ടുണ്ടായിരുന്നു. ആ പല്ല് പിന്നെയൊരു ബോക്സില്‍ നിന്നും കിട്ടി. അപ്പോ ഞാന്‍ വിചാരിക്കും അച്ഛനെന്താ അതിനെക്കൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോ ഉണ്ടെങ്കില്‍ ഞാന്‍ ചോദിക്കുമായിരുന്നു 'അച്ഛാ ഇതൊക്കെ എന്തിനായിരുന്നു അന്നിങ്ങനെ എടുത്തുവച്ചേ' എന്ന്. 

കുടുംബത്തിന് എപ്പോഴും പ്രാധാന്യം നല്‍കി

എല്ലാവരും പറയും സാഹിത്യകാരന്മാര്‍ അങ്ങനെ കുടുംബത്തെ നോക്കില്ലാ എന്നൊക്കെ. പക്ഷേ, അച്ഛന്‍ അങ്ങനെയൊന്നുമായിരുന്നില്ല. ഭാര്യയും മക്കളും കഴിഞ്ഞിട്ടേ അച്ഛന് വേറെ എന്തും ഉണ്ടായിരുന്നുള്ളൂ. 

വീഡിയോ കാണാം: 

click me!