ശൈലന്‌റെ 'രാഷ്ട്രമീ-മാംസ'യ്ക്ക് ആർ മനോജ് സ്മാരക കവിത പുരസ്‌കാരം

By Web TeamFirst Published Nov 30, 2023, 3:23 PM IST
Highlights

കവിതയിൽ സജീവമായിതുടങ്ങിയ കാലം മുതൽ പരിചയമുള്ള  ആർ മനോജിന്‍റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നേടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ശൈലൻ പറഞ്ഞു.

തിരുവനന്തപുരം: ഈ വർഷത്തെ ആർ മനോജ് സ്മാരക കവിത പുരസ്‌കാരം  പ്രമുഖ കവിയും ചലച്ചിത്ര നിരൂപകനും ആയ ശൈലന്. 10001 രൂപയും ശിൽപവും പ്രശസ്തിപത്രവും ആണ് പുരസ്‌കാരം. എസ് ജോസഫ്  ജൂറി ചെയർമാനും അനിത തമ്പി, പിഎൻ ഗോപീകൃഷ്ണൻ, എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഏഴാമത് മനോജ് സ്മാരക കവിത പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ അഭിധ രംഗസാഹിത്യ വീഥിയും പാപ്പാത്തി പുസ്തകങ്ങളും സംയുക്തമായിട്ടാണ് ആർ മനോജ്‌ സ്മാരക പുരസ്‌കാരം നൽകി വരുന്നത്. അവാർഡ് ദാനം ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കവിയും നിലമേൽ എൻഎസ്എസ് കോളേജിലെ അധ്യാപകനും ആയിരുന്ന ആർ മനോജിന്റെ സ്മരണയിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.  'സ്വന്തമായ രചനാരീതിയിലൂടെ കവിതയുടെ ഉൾബലം  കണ്ടെത്തിയ ശൈലന്റെ കവിതയും വ്യക്തിത്വവും ബഹുമുഖമാണ്.  ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയത്തോട് ശക്തമായി പ്രതികരിക്കുന്ന  സൂക്ഷ്മായ പരിഹാസം ധ്വനിസാന്ദ്രമായി അവതരിപ്പിക്കുന്ന   കവിതകളാണ് രാഷ്ട്രമീ-മാംസയിലുളളത്. ബഹുമുഖൻ എന്ന ആദ്യകവിതയിൽ പറഞ്ഞതുപോലെ ഒരു കവി പലരായി മാറുന്ന വ്യത്യസ്തത ഈ കവിതകളിൽ അനുഭവിക്കാം.'- ശൈലന്റെ പുസ്തകത്തെ കുറിച്ച് പുരസ്‌കാര നിർണായക സമിതിയുടെ വിലയിരുത്തിയത് ഇങ്ങനെയാണ്.

Latest Videos

കവിതയിൽ സജീവമായിതുടങ്ങിയ കാലം മുതൽ പരിചയമുള്ള  ആർ മനോജിന്‍റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം നേടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ശൈലൻ പറഞ്ഞു. മനോജുമായി ഒരു പ്രത്യേക അടുപ്പമുണ്ടായിരുന്നു. കവിതയിലെയും ജീവിതത്തിലെയും രണ്ട് പാർശ്വവൽകൃതർ തമ്മിലുള്ള അകളങ്കിതസ്നേഹമായിരുന്നു അത്. കാലം മനോജിനെ വളരെ വളരെ നേരത്തെ കൊണ്ടുപോയി, മനോജിന്‍റെ പേരിലുള്ള പുരസ്കാരത്തിന് തെരഞ്ഞെടുത്തതിന് അവാർഡ് ജൂറിയ്ക്കും അഭിധ രംഗസാഹിത്യ വീഥിയ്ക്കും പാപ്പാത്തി പുസ്തകങ്ങൾക്കും സ്നേഹം-ശൈലൻ പറഞ്ഞു.

മലപ്പുറം, മഞ്ചേരി സ്വദേശിയാണ് ശൈലൻ. 2000 ന്റെ തുടക്കം മുതൽ എഴുത്തിൽ സജീവമായ ശൈലൻ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനുമാണ്. സൈലന്‍റെ ആദ്യ പുസ്തകമായ 'നിഷ്‌കാസിതന്റെ ഈസ്റ്റർ' 2003 ൽ ആണ് പുറത്തിറങ്ങുന്നത്. ഒട്ടകപ്പക്ഷി, താമ്രപർണി, ലൗ എക്‌സ്പീരിയൻസ് ഓഫ് എ സ്‌കൗണ്ടറൽ പോയറ്റ്, ദേജാ വൂ,  വേട്ടൈക്കാരൻ, ശൈലന്റെ കവിതകൾ,  ആർട്ട് ഓഫ് ലവിങ്, (ഇൻ)ഡീസന്റ് ലൈഫ് ഓഫ് മഹാശൈലൻ,  രാഷ്ട്രമീ-മാംസ, നൂറുനൂറു യാത്രകൾ (യാത്രാവിവരണം) എന്നിവയാണ്  മറ്റ് രചനകൾ.

Read More : 'കോന്‍ ബനേഗ ക്രോർപതി'യിൽ ഒരു കോടി രൂപ സ്വന്തമാക്കി 14-കാരൻ !

tags
click me!