പ്രതീതിലോകത്തിന്റെ ഭൂപടങ്ങള്‍

By Vaakkulsavam Literary Fest  |  First Published Feb 11, 2020, 7:06 PM IST

ഭാവിയിലെ ലോകം ഭാവനാതീതമാകുമോ ഭാവനയും യാഥാര്‍ഥ്യവും ഇടചേര്‍ന്ന സ്ഥലമാകുമോ എന്നത്  വിശകലനം ചെയ്യുന്നത് എളുപ്പമല്ല. എന്നിരുന്നാലും വിവരശൃംഖലയും അതിന്റെ സംസ്‌കാരവും ആയി താദാത്മ്യം പ്രാപിച്ചു  കൊണ്ടാവും ജീവിതം. ഇത്തരമൊരു സംയുക്താവസ്ഥയ്ക്ക് വേണ്ടിയുള്ള 'ഇടം' സൃഷ്ടിക്കുക എന്നത് ഗൗരവമായി പരിഗണിക്കപ്പെടുന്ന വേളയാണിത്.


ഓരോ നിമിഷവും ഒപ്പിയെടുക്കാവുന്ന വിധത്തില്‍, കുഴഞ്ഞു മറിഞ്ഞ അവസ്ഥകള്‍ വരെ ക്രമബദ്ധമായി നിരീക്ഷിക്കാന്‍ ഇന്ന് സംവിധാനങ്ങളുണ്ട്. ഗൂഗിള്‍ മാപ്പുകളും ജി പി എസ്സും ഇല്ലാതെ ജീവിക്കാന്‍ പ്രയാസമായി വരികയാണ്. അങ്ങനെ വലക്കണ്ണികള്‍ ഇണക്കുന്ന ലോകത്തിലെ ഇഴയായി തീരുകയാണ് ഓരോ മനുഷ്യനും. രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു 

 

Latest Videos

 


1

ഭാവിയിലെ ലോകം ഭാവനാതീതമാകുമോ ഭാവനയും യാഥാര്‍ഥ്യവും ഇടചേര്‍ന്ന സ്ഥലമാകുമോ എന്നത്  വിശകലനം ചെയ്യുന്നത് എളുപ്പമല്ല. എന്നിരുന്നാലും വിവരശൃംഖലയും അതിന്റെ സംസ്‌കാരവും ആയി താദാത്മ്യം പ്രാപിച്ചു  കൊണ്ടാവും ജീവിതം. ഇത്തരമൊരു സംയുക്താവസ്ഥയ്ക്ക് വേണ്ടിയുള്ള 'ഇടം' സൃഷ്ടിക്കുക എന്നത് ഗൗരവമായി പരിഗണിക്കപ്പെടുന്ന വേളയാണിത്. വിവരം വിജ്ഞാനമായി കണക്കാക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ മനുഷ്യചരിത്രത്തിന്റെ പരമ്പരാഗത രീതികളെ വിച്ഛേദിക്കുമോ എന്നത് കുഴയ്ക്കുന്ന ചോദ്യമാണ്. വിവര സാങ്കേതികതയുടെ ഉപോല്പന്നങ്ങള്‍ ആന്ത്രോപോസീന്‍ യുഗത്തെ ('മനുഷ്യയുഗം' എന്ന പേരില്‍ അറിയപ്പെടുന്ന ആന്ത്രോപോസീന്‍ യുഗം കഴിഞ്ഞ നൂറ്റാണ്ടില്‍ ആരംഭിച്ചു എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ) കൂടുതല്‍ നാശത്തിലേക്ക് തള്ളി വിടുമോ? 

വ്യവസായ വിപ്ലവത്തിലൂടെ സാധ്യമായ ആധുനികതയുടെ ചിഹ്നങ്ങള്‍ മറികടന്നു കൊണ്ട് ലോകം ബഹുദൂരം മുന്നോട്ടു നീങ്ങി കഴിഞ്ഞു. പ്രതീതിലോകത്തിന്റെ ഭൂപടങ്ങള്‍ വ്യക്തതയോടുകൂടെ വരയ്ക്കാനും ഓര്‍മയില്‍ കാണാനും സാധിക്കുന്ന ലോകത്താണ് നാം ഇപ്പോള്‍. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ആവി എന്‍ജിനും കാറും വിസ്മയകാഴ്ചകളായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോറ്റിക്സിന്റെയും ഇക്കാലം അന്ന് സ്വപ്നം പോലും കാണാന്‍ പറ്റുമായിരുന്നില്ല. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ വിഭാവനം ചെയ്ത വിധത്തിലുള്ള സാങ്കേതികലോകം വരെ യാഥാര്‍ഥ്യമായി തുടങ്ങി. പറഞ്ഞു വരുന്നത്, നവസാങ്കേതികത പുത്തന്‍ ഉല്‍പ്പന്നങ്ങളും പരീക്ഷണങ്ങളും വിജയകരമായി വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ സംഭവ്യതയെ കുറിച്ചാണ്. ദിനംപ്രതിയെന്നോണം പ്രാബല്യത്തില്‍ വരുന്ന സോഫ്റ്റ്വെയര്‍ ആപ്‌ളിക്കേഷന്‍സ് സ്വീകരിക്കുന്നതിനായി നമ്മള്‍ സമരസപ്പെട്ടു കഴിഞ്ഞു. സാമ്പ്രദായികമായ തരത്തില്‍ നിന്നും മാറി ചിന്തിച്ചു കൊണ്ട്, സമകാലത്തെ മനുഷ്യരുടെ സ്വഭാവവ്യതിയാനം അനുസരിച്ച് സാങ്കേതികവിദ്യകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിപണി സമൂഹത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്ന വിശ്വാസപ്രമാണത്തിന്റെ ബദലായി വികസിക്കുന്ന ആശയമാണിത്.

ഇത്തരത്തിലുള്ള ആലോചന തികച്ചും സ്വകീയവും ഓരോരുത്തരുടെയും മനോവികാരത്തിനനുസൃതമായി രൂപപ്പെടുന്നതുമാകാം. ഓരോരുത്തരെയും സംബന്ധിച്ച് ആപേക്ഷികമായ ഈ പ്രവണതയുടെ അടിസ്ഥാനം തങ്ങളുടേതായ ഇടം സൃഷ്ടിക്കാനുള്ള വ്യഗ്രതയാണ്. ആ ഇടം ശാശ്വതം ആവുന്നുമില്ല. ഒന്നില്‍ നിന്നും പലതിലേക്കുള്ള ഈ ശൃംഖലയെ (network) 'connected chain' പോലെയുള്ള സംവിധാനമായി കാണാവുന്നതാണ്.   പ്രതീതിലോകത്തെ  യാഥാര്‍ഥ്യത്തിലേക്ക് ഘടിപ്പിക്കുന്നതില്‍ യുക്തിയേക്കാള്‍  സഹജാവബോധത്തിനാണ് സ്ഥാനം. ഒരേ സമയം പ്രതീതിലോകത്തിരുന്നു കൊണ്ട് സാമ്പത്തിക/ദൈനംദിന വ്യവഹാരത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ യാഥാര്‍ത്ഥജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റാനും സാധിക്കുന്നു. ഒരാളുടെ 'തുറന്ന' ജീവിതവും 'ഗുപ്ത' ജീവിതവും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ അയാളുടെ മാത്രം സ്വകാര്യവിനിമയങ്ങള്‍ ആയി സൂക്ഷിക്കാന്‍ പറ്റുമോ എന്നതിന്റെ ഉദാഹരണമായി എന്‍ എസ് മാധവന്റെ 'ശേഷം' എന്ന കഥയിലെ നായകനായ മുകുന്ദന്റെ ജീവിതം പരിശോധിച്ചാല്‍ മതി. 

മുകുന്ദനെ ഇത്തരത്തിലുള്ള ഒരു ചതുരത്തിലേക്ക് കൊണ്ട് വരുന്നതില്‍ യുക്തിയുണ്ട്. കഥയിലെ വിവരമനുസരിച്ച് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയേഴിലായിരുന്നു മുകുന്ദന്‍ മരിച്ചത്. ദല്‍ഹി പോലെയുള്ള മഹാനഗരത്തില്‍ ആയിരുന്നു മുകുന്ദനും ഭാര്യയും രണ്ടു മക്കളും താമസിച്ചിരുന്നത്.   മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണെങ്കിലും  ഒറ്റയായ്മ ഓരോ പാര്‍പ്പിടങ്ങളെയും വേട്ടയാടിയിരുന്നു. ഉദാരവത്കരണനയങ്ങള്‍ ശക്തി പ്രാപിച്ചിരുന്ന കാലമായിരുന്നു ഇതെന്നത് ഓര്‍ക്കേണ്ടതാണ്. സാംസ്‌കാരികമായ പലമ മുകുന്ദന്‍ പ്രകടമാക്കിയിരുന്നു എന്നത് കഥയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പല തരം വേഷങ്ങള്‍ കയ്യാളുന്ന  നടനവൈദഗ്ദ്യത്തിന്റെ  ഉടമയായ മുകുന്ദന്‍ ചില നേരങ്ങളില്‍ ഭര്‍ത്താവായും, മറ്റു ചില സമയത്ത് അച്ഛനായും, പ്രേമന്റെ സുഹൃത്തായും മറ്റും വേഷപ്പകര്‍ച്ച  നടത്തിയിരുന്നു. മുകുന്ദന്‍ പ്രശസ്തമായ ഡൂണ്‍ സ്‌കൂളില്‍ പഠിക്കുകയും ഓക്‌സ്‌ഫോര്‍ഡില്‍  കലാലയവിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു.  മധ്യവര്‍ഗപ്രതിനിധിയായ അയാള്‍ ബഹുസ്വരമായ സംസ്‌കാരത്തിനുടമയായതില്‍ അത്ഭുതമൊന്നുമില്ല. നാടകനടനായ മുകുന്ദന് നളിനിയുമായുള്ള ബന്ധത്തെ അയാളുടെ മരണശേഷമായിരുന്നു ഭാര്യ അറിഞ്ഞത്. ഒറ്റപ്പെട്ട  തുരുത്തുപോലെയായി മാറിയ അയാളുടെ കുടുംബത്തിന് മറ്റൊരു പ്രഹരമായിരുന്നു നളിനി. അണുകുടുംബങ്ങളുടെ സ്വത്വബോധം തിരക്ക് പിടിച്ച ലോകത്തിന്റെ വേഗത്തോടൊപ്പം തന്നെ ഏറ്റക്കുറച്ചില്‍ ഉണ്ടാവുന്ന വികാരമാണ്; ദല്‍ഹി പോലെയുള്ള മഹാനഗരത്തിലെ അണുകുടുംബത്തിനു വിശേഷിച്ചും. കോസ്‌മോപോളിറ്റന്‍ പശ്ചാത്തലത്തില്‍ താമസിച്ചിരുന്ന കുടുംബത്തിനു സങ്കര ഇനത്തിലുള്ള സാംസ്‌കാരിക അധിനിവേശത്തെ ഉള്‍ക്കൊള്ളേണ്ടി വന്നു. താരതമ്യേന ചെറിയ പരിവട്ടത്തിലെ ജീവിതം ആയിരുന്നിട്ടു കൂടി സൂക്ഷ്മതയോടെ രണ്ടു കുടുംബങ്ങളിലെ 'നാഥന്‍'ആവാന്‍ അയാള്‍ക്ക് കഴിഞ്ഞു. ലോകം  അത്രമേല്‍ 'connected' അല്ലാത്ത  കാലത്തായിരുന്നു മുകുന്ദന്റെ ഈ സാഹസമെന്നത് കണക്കിലെടുക്കണം .   

വേഷങ്ങളും ഭാവങ്ങളും നിരന്തരമായി മാറ്റിക്കൊണ്ടുള്ള പകര്‍ന്നാട്ടങ്ങള്‍ നാട്യങ്ങളായി പരിണമിക്കുന്ന ജീവിതചര്യയില്‍ സ്വന്തം ഇടം കെട്ടിയുയര്‍ത്താന്‍ പ്രയാസമാണ്. Henri Lefebvreന്റെ  'The Production of Space' എന്ന ഗ്രന്ഥത്തില്‍ സ്ഥാപിക്കുന്നത്  പോലെ മനനത്തിന്റെയും സംവാദത്തിന്റെയും ആശയസംവേദനത്തിന്റെയും  മണ്ഡലമാണ് 'സ്ഥലം' അഥവാ 'ഇടം'. എന്നാല്‍ ടെക്‌നോളജി സര്‍വ്വവ്യാപമായ ചുറ്റുപാടില്‍ പ്രസ്തുത 'ഇടത്തി'ന്റെ അധികാര/രാഷ്ട്രീയ/സാമ്പത്തിക ഘടനയുടെ വിവിധ  പാളികളിലെ സങ്കീര്‍ണതകള്‍   പ്രത്യക്ഷത്തില്‍ ലളിതമാകുന്നുണ്ട്. (ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളമെങ്കിലും.) പഴുതുകള്‍ അടച്ചു കൊണ്ടുള്ള നവലോകത്തെ രൂപപ്പെടുത്തുവാനാണ് അദൃശ്യമായ കണ്ണികളുള്ള സാങ്കേതിക ശൃംഖലകള്‍ സഹായിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ള സ്ഥല-കാല ബിംബങ്ങള്‍ അപ്രസക്തമാവുകയും സ്ഥലം/കാലം എന്നത് ചുരുങ്ങാനും  (compression) തുടങ്ങി. വിശാലമായ ഇടങ്ങളെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ പ്രതീതിലോകത്ത് നാം അധീനതയിലാക്കുന്നുണ്ട്. സമയം 'ലഗ്‌നലക്ഷണങ്ങള്‍' ഒരുക്കിയ പ്രശ്‌നമണ്ഡലത്തില്‍ ആണ് സമകാലത്തെ മനുഷ്യന്‍ ശ്രദ്ധയോടെ ജീവിച്ചുപോകുന്നത്. പഞ്ച് കാര്‍ഡുകളില്‍ രേഖപ്പെടുത്തിയ മണിക്കൂറുകളാണ് അവന്റെ ജീവസന്ധാരണത്തിന്റെ പാഥേയമായി ഭവിക്കുന്നത്.

നെറ്റ്വര്‍ക്കുകളുടെ ടോപ്പോളജി (ഒരു കമ്പ്യൂട്ടര്‍  ശൃംഖലയില്‍ എല്ലാ അനുബന്ധ കമ്പ്യൂട്ടറുകളുടെയും സ്ഥാനനിര്‍ണയം നടത്തുന്ന സംവിധാനം) ആണ് ജീവിതദിശകളെ സ്വാധീനിക്കാന്‍ സാധ്യതയുള്ള ഘടകമായി മാറിക്കൊണ്ടിരിക്കുന്നത്. വിവരങ്ങളുടെ 'സ്വപ്‌നസ്ഥല'മാണോ 'ഡിസ്റ്റോപ്പിയ' ആണോ അത് എന്ന് കാത്തിരുന്നു കാണണം. ഈ ഘട്ടത്തിലാണ് Joshua Cooper Ramo വിഭാവനം ചെയ്ത 'സെവന്‍ത് സെന്‍സ് എന്ന ചിന്താപദ്ധതിയുടെ പ്രാധാന്യം. കോര്‍പറേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന റാമോ എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. 'The Seventh Sense' എന്ന പുസ്തകത്തിലാണ് ഈ ആശയം അദ്ദേഹം പരിചയപ്പെടുത്തുന്നത്. ഒരു വസ്തുവിനെ/ മനുഷ്യനെ ശ്രദ്ധാപൂര്‍വം പരിശോധിക്കുകയും  അതിനെ /അയാളെ പല വിധത്തിലുള്ള ഘടകങ്ങളുമായി  കൂട്ടിയിണക്കുമ്പോള്‍ സംഭവിക്കാവുന്ന മാറ്റങ്ങളെയുമാണ് Seventh Sense കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവിതത്തിന്റെ സമഗ്രമേഖലയിലും ഇതിന്റെ സ്വാധീനം കണ്ടറിയാന്‍ സാധിക്കുമെന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്. നമ്മുടെ ശരീരത്തെയും നഗരങ്ങളെയും പദ്ധതികളെയും മറ്റുള്ള വസ്തുക്കളെയും ശരീരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിശാലമായ ശൃംഖലയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രായോഗികമായ വ്യാപിപ്പിക്കലാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നിയതമായ ദിശയില്‍, എന്നാല്‍ അത്ര സ്പഷ്ടമല്ലാത്ത തലത്തില്‍ നിയന്ത്രണശക്തിയുടെ സമവാക്യം  രചിക്കാനുള്ള ശ്രമമാണ് ഇപ്പറഞ്ഞത്. അമിതസാന്ദ്രമായ അധികാരവ്യവഹാരത്തിന്റെ തുറസ്സുകള്‍ വികസിപ്പിക്കാനുള്ള പ്രസ്തുതയത്‌നം അധികാരത്തിന്റേതായ ചില ആശങ്കകള്‍   ഉയര്‍ത്തുന്നുണ്ട്. 'നിങ്ങള്‍ കപ്പല്‍ നിര്‍മ്മിക്കുമ്പോള്‍ കപ്പല്‍ച്ചേതവും ആസൂത്രണം ചെയ്യുന്നു. വിമാനമാണ് രൂപപ്പെടുത്തുന്നതെങ്കില്‍ വിമാനം   തകര്‍ന്നു വീഴുന്നതും നിങ്ങളുടെ മനസ്സിലുണ്ട്. അത് പോലെ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കുമ്പോള്‍ നെറ്റ്വര്‍ക്കിന്റെ പാളിച്ചയും ഒപ്പം തന്നെയുണ്ടായേക്കാം'. ഫ്രഞ്ച് തത്വചിന്തകനായ പോള്‍ വിറിലിയോ മുന്നോട്ടു വെച്ച ഈ വാദം തികച്ചും ശരിയാണെന്നു കരുതാം. അടിമവേലയില്‍ നിന്നും മോചനം നേടിയ ആള്‍ പൗരനായി പരിണമിക്കുന്നതോടെ അയാളുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക രാഷ്ട്രീയ ചിന്താധാരകള്‍ തന്നെ മാറുന്നു. അതു പോലെ 'പരസ്പരം കൂട്ടിയിണക്കി' കൊണ്ടുള്ള ഒരു പരിണാമദശയെയാണ് Seventh Senseലൂടെ റാമോ സങ്കല്‍പ്പിക്കുന്നത്. പലതുമായി  കൂടിച്ചേര്‍ന്നതും  അല്ലാത്തതുമായ സമകാലത്തെ വ്യവഹാരങ്ങളെ കോര്‍ത്തിണക്കാന്‍ സാങ്കേതികതയ്ക്ക് സാധിക്കുന്നു. എന്നാല്‍ അതിനുപിന്നിലെ യുക്തിക്കും തത്വത്തിനു ആശയപരമായ അടിസ്ഥാനം നല്‍കാന്‍ 'Seventh Sense' സഹായകമായേക്കും.   

 

 

2

1920-ല്‍ നടന്ന പ്രശസ്തമായ ആശയസംവാദം ആയിരുന്നു സൂപ്പര്‍ സിറ്റിയും സൂപ്പര്‍ കണ്‍ട്രിയും. ഇറ്റലിയിലെ ചിന്തകനായിരുന്ന ജിയോവാന്നി പാപ്പിനിയുടെ കാഴ്ച്ചയില്‍ ഉപഭോഗവുമായി ബന്ധപ്പെട്ട സ്ഥലമായിരുന്നു സിറ്റി.  നാട്ടിന്‍പുറങ്ങളില്‍ നിന്നും കൊണ്ടു വരുന്ന സാധനസാമഗ്രികള്‍  നഗരങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. നെരിപ്പോട് പോലെ കത്തിക്കൊണ്ടിരുന്ന നഗരങ്ങളിലേക്ക് നിഷ്‌കളങ്കരായ  ഗ്രാമീണരും അവരുടെ ആശയങ്ങളും ഒഴുകിക്കൊണ്ടിരുന്നു. അന്നത്തെ  ഇറ്റാലിയന്‍ സമൂഹത്തെ ആധാരമാക്കി ആയിരുന്നു ഈ നിരീക്ഷണമെങ്കിലും ഇന്നും അതിനു അര്‍ത്ഥതലങ്ങള്‍ ഉണ്ട്. ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള കുടിയേറ്റവും പറിച്ചുനടലും ആഗോളീകരണത്തിന്റെ ഭാഗമായി ഉരുവം ചെയ്ത പ്രവണതയാണ്. അതെ പോലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വേലിക്കെട്ടുകളും പൊളിഞ്ഞു തുടങ്ങി. Glocal എന്ന സംജ്ഞ സര്‍വ്വസാധാരണമാവുകയും ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ ആധുനികസൗകര്യങ്ങള്‍ വിരല്‍ത്തുമ്പില്‍ പ്രാപ്യവുമായ ഒരു കാലത്ത് സ്ത്രീ-പുരുഷ  ബന്ധങ്ങളുടെ ക്രിയാപരിസരം വിശാലമാണ്. തൊണ്ണൂറുകളില്‍ വികസിച്ച   ഇത്തരം ഒരു പരിസരത്തിലേക്ക് സങ്കീര്‍ണമായ നെറ്റ്വര്‍ക്കിങ് സിസ്റ്റങ്ങള്‍ കൂടെ ഐക്യപ്പെടല്‍ നടത്തുന്ന കാലമാണ്  ഇന്നത്തേത്.

ഇത്തരം ഒരിടത്തില്‍ കുടിലതയും ചതിയും മറ്റേതു കാലത്തെയും പോലെ (അതില്‍ കൂടുതലായും) നടക്കുന്നുണ്ട്. ഒരു വശത്ത് സാങ്കേതികസാധ്യതകള്‍ പെരുകുന്നതോടൊപ്പം മറ്റൊരു വശത്ത് ഭോഗപരതയും ഉപഭോഗപരതയും  ശരീരത്തിലും മനസ്സിലും അണ പൊട്ടുന്ന അവസ്ഥകളാണ് നിത്യജീവിതത്തില്‍ എപ്പോഴുമുള്ളത്. ജീവിതത്തിന്റെ നേര്‍വഴിയില്‍ മാത്രം സഞ്ചരിക്കുന്ന യാത്രയായി കരുതാനാവില്ല. പലരും പല വഴിക്കു നീങ്ങുന്ന ചുഴല്‍വഴിച്ചുറ്റ് പോലെയാണത്. ഇടങ്ങള്‍ മാറിയാലും ഭൂഖണ്ഡങ്ങള്‍ വേറെയായാലും മനുഷ്യബന്ധങ്ങള്‍ പുറമെ നിന്ന് നോക്കുന്നത് പോലെ ലളിതമായി കൊള്ളണമെന്നില്ല. അത്തരമൊരു ഘടനയിലേക്ക് അചേതനവും തൊട്ടറിയാന്‍  കഴിയാത്തതുമായ സാങ്കേതികത സാന്നിധ്യം സ്ഥാപിക്കുകയാണ്.മുഖാമുഖം ചെയ്യേണ്ട വിനിമയങ്ങള്‍ വരെ സൈബര്‍ലോകത്തിലൂടെ ചെയ്യാന്‍ നാം പരിശീലിച്ചു കഴിഞ്ഞു. മാതാപിതാക്കളുടെ തിരക്കുകളില്‍ ഒറ്റപ്പെട്ടു പോകുന്ന അണുകുടുംബങ്ങളിലെ മക്കള്‍ 'അന്യഗ്രഹജീവികളുമായി' (alien) കൂട്ടാവുന്നതില്‍ അത്ഭുതമൊന്നുമില്ല. 

ഓര്‍മകളെ ശേഖരിച്ചു വെയ്ക്കാന്‍ പുരാവസ്തുശാസ്ത്രത്തിന്റെ ഭാഗമായി ലഭിക്കുന്ന രൂപങ്ങള്‍ക്ക് സാധിക്കാറുണ്ട്. അതു പോലെ  സാങ്കേതികമായി പരസ്പരം ബന്ധപ്പെടുത്തി കൊണ്ടുള്ള വിശാലമായ ഘടന ആവിഷ്‌കരിക്കാന്‍ കഴിയും. വലക്കണ്ണികള്‍ അടുപ്പിച്ച് നിര്‍മ്മിച്ച ഘടനയിലായത് കൊണ്ടു തന്നെ അതില്‍ നിന്നുമുള്ള കുതറല്‍ പ്രയാസമാണ്. എന്നാലിതിനൊരു മറുവശം കൂടെയുണ്ട്.  'connected' ലോകത്ത്  വിള്ളലുകള്‍ സൃഷ്ടിക്കുക എന്നത് അസാധ്യമല്ല. സൈബര്‍ വിദഗ്ധന് നുഴഞ്ഞു കയറാനുള്ള എല്ലാ പഴുതുമുള്ള നെറ്റ് വര്‍ക്കിങ് തുറസ്സില്‍ രാഷ്ട്രങ്ങളുടെ രഹസ്യവിവരങ്ങള്‍ വരെ സുരക്ഷിതമല്ല. വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും ജനനിബിഡമായ അങ്ങാടികളും ഒരേ പോലെ അപകടകരമായ പരിതഃസ്ഥിതിയിലാണുള്ളത്. നേരത്തെ  സൂചിപ്പിച്ചത് പോലെ സ്ഥല-കാല സങ്കല്പം സ്ഥല-കാല ചുരുങ്ങല്‍ എന്ന പുതിയ പരികല്‍പനയിലേക്ക് വേഷപ്പകര്‍ച്ച നടത്തുന്ന ചുറ്റുപാടില്‍ നിമിഷങ്ങള്‍ കൊണ്ടോ ദൂരങ്ങള്‍ താണ്ടാതെയോ വിവരങ്ങള്‍ നമുക്ക് പ്രാപ്യമായി തുടങ്ങി. വിവിധ മേഖലകളില്‍ നിന്നുള്ള വസ്തുതകള്‍ തത്സമയമെന്നവണ്ണം ലഭ്യമാണ്. ടെക്നോളജിയുടെ അതിപ്രസരം ലോകത്തെയും ലോകജനതയെയും ഗുണാത്മകവും പ്രതികൂലമായും ഇടപെടലുകള്‍ നടത്തുന്നതിനെ പറ്റി Joshua Cooper Ramo വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്ന പ്രക്രിയയിലും, ഗതാഗതം, വ്യോമയാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  തുടങ്ങിയവയിലൊക്കെയും റോബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞു. ഒറ്റപ്പെട്ടു പോകുന്ന മനുഷ്യന്റെ ചിന്താവീചികള്‍ പല തറികളില്‍ നെയ്യുന്നത് എങ്ങനെയെന്ന് 'പാണ്ഡവപുരം', 'ബഹുവചനം' എന്നീ നോവലുകളിലൂടെ വിശദമാക്കാമെന്നു തോന്നുന്നു.

സേതുവിന്റെ നോവലായ പാണ്ഡവപുരത്തില്‍ മുഖ്യകഥാപാത്രമായ ദേവിയുടെ ഭാവനാലോകത്ത് അവള്‍ നിയന്ത്രിക്കുന്ന ജാരനെയാണ് അവള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പാണ്ഡവപുരമെന്ന സാങ്കല്‍പ്പിക സാമ്രാജ്യത്തിന്റെ അധിപയായിരുന്നു  അവള്‍. സങ്കല്പലോകത്തിലെ ഉടമസ്ഥാവകാശം മാത്രമുള്ള ദേവിയില്‍ നിന്നും ലോകം എത്രയോ നീളമുള്ള നെടുംപാതകള്‍ സഞ്ചരിച്ചു കഴിഞ്ഞു. നിയന്ത്രണത്തിലാക്കാന്‍ ഉടമസ്ഥത പോലും ആവശ്യമില്ലാത്ത വിധത്തിലുള്ള സാങ്കേതികവിദ്യയുടെ നാളുകളില്‍ ആണ് കാലികസമൂഹം. ഒരാളുടെ കൈപ്പിടിയിലുള്ള സ്മാര്‍ട്ട് ഫോണിലെ വിവരങ്ങളെയും ആപ്ലിക്കേഷന്‍സിനെയും വേറൊരു സ്ഥലത്തിരുന്നു പ്രാപ്യമാകുമെന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആലോചിക്കാനാവില്ലായിരുന്നു. പാണ്ഡവപുരത്തിന്റെ ദിശയും ചലനവും ദേവിയുടെ വിരല്‍ത്തുമ്പിലെന്നപോലെ സാങ്കേതികോപകരണങ്ങളുടെ പരിധിക്കുള്ളിലുള്ള ഒരു കാലത്തെയാണ് നാം അഭിസംബോധന ചെയ്യുന്നത്

 

 

എന്‍ പ്രഭാകരനറെ ബഹുവചനം എന്ന നോവലിലെ നായകകഥാപാത്രമായ ജയന്റെ (മനോജ്) ദുരവസ്ഥ ഇവിടെ സൂചിപ്പിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. ജീവിതത്തിന്റെ ഒരു പ്രത്യേക സന്ധിയില്‍ തീര്‍ത്തും അവിചാരിതമായി ഓര്‍മ നഷ്ടപ്പെടുന്ന കഥാപാത്രമാണ് ജയന്‍.  അയാള്‍ പിന്നീട് കണ്ടുമുട്ടുന്ന ഒരു കൂട്ടുകാരന്‍ അഭിസംബോധന ചെയ്യുന്നതിലൂടെയാണ് 'ജയന്‍' എന്ന പേര് പോലും അയാള്‍ മനസിലാക്കുന്നത്. സാന്‍സ് എന്ന കമ്പനി നിര്‍മ്മിക്കുന്ന ARW( Astrological Ropeway) എന്ന കമ്പ്യൂട്ടറിനെ കുറിച്ചുള്ള പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വ്യക്തമായ കാരണമില്ലാതെ ഓര്‍മ നഷ്ടപ്പെട്ടു പോയ ഒരാള്‍ എങ്ങനെയാണ് അതിജീവിക്കുക എന്ന ആലോചനയാണ് ഇവിടെയുള്ളത്. ഓര്‍മ ശേഖരിച്ചു വെക്കാനും സന്ദര്‍ഭത്തിനു യോജിച്ച് ഉപയോഗിക്കാനും മെഷീനുകളെ ആശ്രയിക്കാം. എങ്കിലും അവ എത്ര മാത്രം യുക്തിഭദ്രമായി പ്രവര്‍ത്തിക്കും എന്ന ഉല്‍ക്കണ്ഠയും ARW എന്ന ഉല്‍പ്പന്നത്തിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഉപദേശം നല്‍കാനും അതിനു കഴിയുമത്രേ. വിവേകബുദ്ധിയോടെ പെരുമാറാന്‍ മനുഷ്യന്   യന്ത്രം കൂട്ടാവുന്നതിന്റെ  യുക്തി / അയുക്തിയെയാണ്  ഇവിടെ  പ്രശ്നവിധേയമാക്കുന്നത് .എന്നാല്‍  വരുംകാലങ്ങളില്‍ ഇത്തരം ആശങ്കകള്‍ക്ക് പ്രസക്തി ഇല്ലെന്നു ആമസോണിന്റെ അലക്‌സയും ഗൂഗിളിന്റെ മിനിയും സ്ഥാപിച്ചു  കൊണ്ടിരിക്കുകയാണ്.  ഓര്‍മകളെ ശകലങ്ങളായി സൂക്ഷിക്കാന്‍ കഴിവുള്ള പ്രസ്തുത ഉപകരണം കൊണ്ട് മനുഷ്യന് ഒരു യൂട്ടോപ്യന്‍ ജീവിതം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇവിടെയുള്ളത്. തന്റെ സ്വത്വം എന്താണെന്നോ വ്യക്തിത്വത്തിന്റെ സത്ത എന്താണെന്നോ അറിയാത്ത ഒരാള്‍ക്ക് ഓര്‍മകളെ സമാഹരിച്ചു വെക്കേണ്ടതിന്റെ അനിവാര്യത നന്നായി അറിയാം. തന്നിടം തേടി അലയുന്ന ജയന് സാങ്കേതികത ഒരിക്കലും തണലാവുന്നില്ല. മറവിയില്‍ മാഞ്ഞു പോയതിനെ തെളിച്ചത്തോടെ മടക്കി കൊണ്ട് വരാന്‍ ടെക്‌നോളജിക്കോ നെറ്റ് വര്‍കിങ്നോ സാധിക്കില്ലല്ലോ.

സ്മൃതിനാശം സംഭവിക്കുക/ ഓര്‍മയെ തിരിച്ചു പിടിക്കുക തുടങ്ങിയ ജൈവിക പ്രവൃത്തികളുടെ ഫലശ്രുതി, ഇടങ്ങള്‍ നഷ്ടപ്പെട്ട വ്യക്തി ഇടങ്ങള്‍ കണ്ടു പിടിക്കാന്‍ നടത്തുന്ന യത്‌നങ്ങളുടെ വ്യാഖ്യാനമാണ് 'ബഹുവചനം'. ചുറ്റുപാടുകള്‍ ഒറ്റപ്പെടുത്തുമ്പോള്‍ സ്വന്തം മേഖല സൃഷ്ടിക്കുന്ന ദേവിയില്‍ നിന്നും ജയന്‍ വ്യത്യസ്തനാവുന്നത് ഭാവനയില്‍ അയാള്‍ക്ക് വിശ്വാസമില്ലാത്തത്  കൊണ്ടാണ്. ലോകവ്യവസ്ഥയില്‍ യുട്ടോപ്യയും ഡിസ്ടോപ്യയും പരസ്പരം മാറ്റത്തക്ക ഇനങ്ങളാവുന്നത് ഭാവനയുടെ വൈവിധ്യം കൊണ്ടാണെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല. തന്നിടം നിര്‍മ്മിക്കുന്ന ദേവി അത് യുട്ടോപ്യയായി കരുതുന്നു. എന്നാല്‍ ജയന് പുതുതായി രൂപപ്പെട്ടു വരുന്ന ഇടങ്ങള്‍ വരെ ഡിസ്ടോപ്യയാണ് പ്രദാനം ചെയ്യുന്നത്. സാഹചര്യങ്ങളുടെ ഘടനകള്‍ ഇവിടെ സാമ്യപ്പെടുന്നില്ല എങ്കിലും സ്വാസ്ഥ്യമുള്ള സ്ഥലങ്ങള്‍ അന്വേഷിച്ചാണ് രണ്ടു പേരും ജീവിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. ദേവിയുടെയും ജയന്റെയും കാലത്ത് നിന്ന് വളരെയധികം മുന്നോട്ടുപോയ  ലോകത്ത് ഇന്ന്   വിവിധ തരം വിനിമയങ്ങളുമായി ഒരാള്‍ക്ക് സംവദിക്കേണ്ടിവരുന്നു. നേരത്തെ സൂചിപ്പിച്ച റാമോയുടെ ആശയം കൂടുതല്‍ പ്രസക്തമാവുകയും ചെയ്യുന്നു.  

 

 

3

ഘടനകളുടെ സാമ്യതയെ കുറിച്ച് പഠിച്ച ലെവി സ്ട്രോസ് അവയുടെ ചേര്‍ച്ചയും സമതുലനാവസ്ഥയും നിത്യജീവിതത്തില്‍   ഉണ്ടെന്നു നിരീക്ഷിച്ചു. ഈ അര്‍ത്ഥത്തില്‍ ഘടനകള്‍ സാര്‍വലൗകികമാണ്. കമ്പ്യൂട്ടര്‍ ശൃംഖലകള്‍ അതിന്റെ ഏറ്റവും ആധുനികമായ രൂപം മാത്രമാണ്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രത്യേക ശ്രേണിയിലുള്ള വീടുകള്‍, സാമൂഹികബന്ധത്തിന്റെയും ജാതിവ്യവസ്ഥയുടെയും ചേര്‍ച്ചയും അസമത്വവും ഇന്റര്‍നെറ്റിന്റെ വാസ്തുവിദ്യയുടെ പൊരുത്തങ്ങള്‍ എന്നിവയെല്ലാം ഇപ്പറഞ്ഞതിന്റെ പല തരത്തിലുള്ള ദൃഷ്ടാന്തങ്ങളാണ്.  ഇതില്‍ നിന്നും വിരുദ്ധമായി ചിന്തയ്ക്ക് വഴങ്ങാത്ത ചിന്തകള്‍ മോണിറ്ററിലൂടെ കടന്നു പോകുന്നതിനെ സംബന്ധിച്ച് 'വാര്‍ത്താളി സൈബര്‍ സ്‌പേസില്‍ ഒരു പ്രണയനാടകം' എന്ന കഥയില്‍ എം നന്ദകുമാര്‍ പരാമര്‍ശിക്കുന്നുണ്ട്. വെര്‍ച്വല്‍ കുറ്റകൃത്യങ്ങള്‍ കഥാപാത്രമായ ഹരിക്കുള്ളില്‍ നിഴല്‍ക്കൂത്ത് നടത്തുകയും അയാളുടെ പ്രതീതിയിടത്തിലെ കൂട്ടുകാരി രമണി സൈബര്‍ സ്വത്വം മാത്രമാണോ എന്ന വിചാരം അയാളില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വ്യക്തിത്വം എന്ന 'പഴഞ്ചന്‍' പ്രമാണത്തെ തള്ളിക്കളഞ്ഞു കൊണ്ട് ചാറ്റിങ്ങിലൂടെ അടുക്കുന്ന രണ്ടു പ്രതീതിബിംബങ്ങള്‍ ആവുന്ന ഹരിയേയും രമണിയെയുമാണ് 'വാര്‍ത്താളി'യില്‍ അനുഭവവേദ്യമാവുന്നത്. 

'ആരാണ് ഒരു വ്യക്തി? ഏതാനും വര്‍ഷങ്ങളുടെ കാല്‍പനികത; അഹങ്കാരം; നിസ്സാരവിജയങ്ങള്‍; ക്രൂരത; കരയിപ്പിച്ച നിരാശകളും; അസത്യത്തേക്കാള്‍ ഭയാനകമായ ഉറപ്പുകള്‍; അധോവായുവിന്റെ ബൃഹദ്സംഖ്യ ശ്രേണി. നിന്നെ അറിയാന്‍ ഇലക്ള്‍ട്രോണിക്ക് വൈറ്റ് ബോര്‍ഡില്‍ ഞാന്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രധാനം. അടിസ്ഥാനപരമായ ഒരു മനുഷ്യസത്തയില്‍ എനിക്ക് വിശ്വാസം പോരാ. ഓരോ മനുഷ്യനും എനിക്ക് ഓരോ പ്രതീകം മാത്രമാണ്' എന്ന ഹരിയുടെ വാക്കുകള്‍ ഈ തത്വത്തെ അടിവരയിടുന്നതാണ്. മനുഷ്യന്‍ പ്രതീതിയിടത്തിലെ വസ്തു ആവുന്നത് ലോകത്തിന്റെ നൈതികതയ്ക്ക് വിഘാതമാവുമോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ അത് പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ താറുമാറാക്കും.  പ്രതിരോധത്തിന്റെ ഫയര്‍വാളുകള്‍ ഭേദിച്ച് കൊണ്ടും ആന്റി വൈറസുകള്‍ നിര്‍മിച്ചു കൊണ്ടും സുരക്ഷയുടെ ഭിത്തികളെ തകര്‍ക്കുന്നത് ശ്രദ്ധയോടെ വേണം നേരിടേണ്ടത്.

അധികാരം ഒരു കേന്ദ്രത്തില്‍ നിക്ഷിപ്തമായിരിക്കുമ്പോള്‍ ഉടലെടുക്കുന്ന മേധാവിത്വത്തിന്റെ ദോഷഫലങ്ങള്‍ അനവധിയാണ്. ഏകാധിപത്യഭരണ സമ്പ്രദായത്തിലെ പ്രതിലോമവശങ്ങള്‍ നമുക്ക് അപരിചിതമല്ല. അതു പോലെ ഒരു നെറ്റ് വര്‍ക്കിങ് സിസ്റ്റം മുഴുവന്‍ സംവിധാനങ്ങളെയും നിയന്ത്രണത്തിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ആഴമുള്ളതാണ്.പാര്‍ശ്വഫലങ്ങള്‍ മറന്നു കൊണ്ട് പരസ്പരബന്ധിതമായ സിസ്റ്റത്തെ നാം പൂര്‍ണമായും ആശ്രയിക്കുന്നത് ഒട്ടും   ശുഭകരമല്ല. പ്രകൃതിയിലെ വിഭവങ്ങള്‍ക്ക് ശരികളും തെറ്റുകളും സംഭവിക്കുന്നത് പോലെ കമ്പ്യൂട്ടര്‍ സംവിധാനത്തിനും തെറ്റുകുറ്റങ്ങള്‍ വരാനിടയുണ്ട്. തന്മൂലം ചില പാഴ്‌ചെലവുകളും വന്നേക്കാം. 'Any activity or product which is not required is a waste' എന്നു 'വേസ്റ്റ്' എന്ന കഥയിലൂടെ ഓര്‍മിപ്പിച്ച മനോജ് ജാതവേദറിന്റെ നായകന്റെ നിര്‍ദ്ദേശങ്ങളെ അവലോകനം ചെയ്യുന്നത് കൗതുകകരമാണ്. ഭൂമിയുടെ നിലനില്‍പ്പ് തന്നെ ഉറപ്പില്ലാത്ത പ്രതിഭാസമായിക്കൊണ്ടിരുക്കുന്ന വേളയില്‍ മനോജ് ജാതവേദരുടെ 'വേസ്റ്റ്' ('രാത്രിയില്‍ യാത്രയില്ല' എന്ന സമാഹാരം) ഇന്നത്തെ ലോകക്രമത്തിന്റെ പരിച്ഛേദമാണ്. സമയമില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ആഗോളീകരണലോകത്തെ മനുഷ്യന്റെ വ്യഥകളും വേപഥുക്കളും 'waste' എന്ന ഉപയോഗശൂന്യമായ വസ്തു ആവുന്നതിന്റെ രസതന്ത്രമാണ് ഈ കഥയില്‍ ആവിഷ്‌കരിക്കുന്നത്. അധികം സംസാരിക്കുന്നത് വരെ ദുര്‍വ്യയമായി കരുതുന്ന കാലികസമൂഹത്തിനു സംസാരത്തെക്കാള്‍ SMS പഥ്യമാവുന്നതിനെ പറ്റിയുള്ള പരാമര്‍ശം ഈ കഥയിലുണ്ട്. അതിവേഗം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ഒപ്പം പിടിച്ചു നില്‍ക്കാനാവാതെ സാധാരണക്കാരന്റെ വിഫലമായ അതിജീവനശ്രമങ്ങളെ കുറിച്ചാണ് മനോജ് ജാതവേദര്‍ ബോധ്യപ്പെടുത്തുന്നത്

അമേരിക്കയിലെ ബീറ്റ് ജനറേഷനിലെ എഴുത്തുകാരനായ വില്യം ബറോസിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. 'To speak is to lie; to live is to collaborate'. സമകാലത്തെ ജീവിതത്തെയാണ് ഇത് കൂടുതല്‍ അടയാളപ്പെടുത്തുന്നത്. ദൃശ്യവും അദൃശ്യവുമായ ശൃംഖലകളില്‍ നിന്നുള്ള വിടുതല്‍ സാധ്യമാവാത്ത പരിതസ്ഥിയിലാണ് ഈ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത്. ഇലക്‌ട്രോണിക് ഇഴകള്‍ എല്ലായിടത്തും നില നില്‍ക്കുന്ന ലോകത്ത് അവയെ ഒഴിവാക്കാതെ, ജീവിതത്തിന്റെ ഭാഗമായി കണ്ടു കൊണ്ട് അവ നല്‍കുന്ന ഗുണാത്മകമായ ലാഭങ്ങള്‍ക്ക് ഒപ്പം നില്‍ക്കുക എന്നതാണ് പ്രയോഗത്തില്‍ വരുത്താവുന്ന തത്വം. ഓരോ നിമിഷവും ഒപ്പിയെടുക്കാവുന്ന വിധത്തില്‍, കുഴഞ്ഞു മറിഞ്ഞ അവസ്ഥകള്‍ വരെ ക്രമബദ്ധമായി നിരീക്ഷിക്കാന്‍ ഇന്ന് സംവിധാനങ്ങളുണ്ട്. ഗൂഗിള്‍ മാപ്പുകളും ജി പി എസ്സും ഇല്ലാതെ ജീവിക്കാന്‍ പ്രയാസമായി വരികയാണ്. അങ്ങനെ വലക്കണ്ണികള്‍ ഇണക്കുന്ന ലോകത്തിലെ ഇഴയായി തീരുകയാണ് ഓരോ മനുഷ്യനും. 

References

1.  പാണ്ഡവപുരം-സേതു- ഡി സി ബുക്‌സ്

2.  ബഹുവചനം- എന്‍ പ്രഭാകരന്‍-കൈരളി ബുക്‌സ്
  
3.  ശേഷം -എന്‍ എസ് മാധവന്‍- മാധവന്റെ കഥകള്‍ സമ്പൂര്‍ണം- ഡി സി ബുക്‌സ്

4.  വാര്‍ത്താളി സൈബര്‍ സ്‌പേസില്‍ ഒരു പ്രണയനാടകം- കഥകള്‍ -എം നന്ദകുമാര്‍ -ഡി സി ബുക്‌സ്

5.  വേസ്റ്റ്- മനോജ് ജാതവേദര്‍- രാത്രിയില്‍ യാത്രയില്ല -ഡി സി ബുക്‌സ്

6.  The Seventh Sense-Joshua Cooper Ramo-Hachette India

click me!