പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിത
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. പ്രണയചിന്തകളുടെ ആഴവും പരപ്പും. പ്രവാസികള്‍ കൊണ്ടുനടക്കുന്ന പ്രണയതീവ്രമായ കടല്‍. വേര്‍പിരിയലിന്റെ കാലങ്ങള്‍ക്കുശേഷമുള്ള സമാഗമങ്ങള്‍. പിടിച്ചുവെക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്ന പുതുകാലത്തിന്റെ അതിജീവനമന്ത്രം. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. പ്രണയദിനാശംസകള്‍...
undefined
പ്രണയ ത്രിത്വം പ്രണയദിന കാവ്യശില്പം
എന്നോട് സ്‌ത്രൈണതയെ പറ്റി പറയൂ.
പെട്ടെന്നവള്‍ പൂത്തു;
അവള്‍ക്കു ശാഖകള്‍ മുളച്ചു.
അയാളുടെ നെറ്റിയിലേക്കൊരു തുള്ളി രക്തമിറ്റു വീണു.
തലച്ചോറു പൊട്ടിത്തെറിച്ചു.
മനസ്സിന്‍ സ്വയംഭോഗമാം സ്വപ്‌നം!
ആത്മാവിന്‍ സ്വയംഭോഗമാം ധ്യാനം!
ആ സംഗമാവസ്ഥയില്‍ അവര്‍ സംസാരിച്ചു തുടങ്ങി.
അവള്‍:
പീറ്റര്‍,
നിന്നെ ഓര്‍ക്കുന്നു;
തീയെ ഓര്‍ക്കുന്നു.
നിന്റെ അസ്ഥികള്‍ ഉടയുന്ന ശബ്ദം
നിന്നെയാരും ഇത്ര ഗാഢം
പുണര്‍ന്നിട്ടുണ്ടാവില്ല.
അവന്‍:
നിന്റെ ശരീരം എന്ന ബസ്സിലെ
ഒറ്റയാത്രക്കാരനാണു ഞാന്‍.
സ്റ്റോപ്പില്ലായാത്രകള്‍!
'ജനലുകള്‍ അടയ്ക്കൂ; ഉള്ളിലേക്കു നോക്കൂ' എന്നു നീ പറഞ്ഞ നിമിഷം
ഞാന്‍ ബുദ്ധനായി.
അവള്‍:
'സ്ത്രീയേ നിന്റെ പേരെന്ത്?' എന്നു നീ ചോദിച്ച നിമിഷം
'പാതി' എന്നു ഞാന്‍ അറിയാതെ പറഞ്ഞുപോയി!
അവന്‍:
എന്റെയുമ്മകള്‍ തുടര്‍ച്ചയായ് വഴുതിപ്പോയ നിന്റെ കവിളുകള്‍;
നീര്‍ച്ചാലായ് ഒഴുകിപ്പോയ നിന്റെ ഉപ്പുരസമുള്ള കവിതകള്‍ !
കല്ലിച്ച ഉടമ്പുള്ള
എന്റെ മെല്ലിച്ച സ്ത്രീയേ!
ദൈവം:
കിണറ്റിന്‍ കരയില്‍ വെച്ച് നിന്റെ സ്ത്രീയോടു സംസാരിക്കാതിരിക്കുക.
ആഴങ്ങള്‍ക്കു കുറുകെ നീന്തുന്ന
ആ പാവം മീന്‍ അവളുടെ പ്രതിബിംബത്തെ വികൃതമാക്കി
എന്ന് നിങ്ങള്‍ താഴോട്ട് കുതിച്ചേക്കാം!
അവന്‍:
ഞാന്‍ നിന്റെ ഉദരം മുത്തുന്നു.
ഇക്കിളിയൊന്നു കുത്തിവയ്ക്കപ്പെട്ട നിന്റെ ഗര്‍ഭപാത്രം തുള്ളിപ്പോകുന്നു.
ജൈവച്ചുവരില്‍ തലയിടിച്ചു പോയ
നമ്മുടെ കുഞ്ഞ് പിറുപിറുത്തുകൊണ്ടെന്നെ ശപിക്കുന്നു.
അവള്‍:
ഉടുപ്പൂരുകയും അടുപ്പൂതുകയും മാത്രം ചെയ്തിരുന്ന ഒരു പിരിയന്‍ ഗോവണിയില്‍ നിന്നൊരുനാള്‍ തെറിച്ചുവീണൂ ഞാന്‍.
'നീ അവനുടെ പാതി' എന്നൊരു തുള്ളി എന്റെ മുഖത്തേക്കു തെറിച്ചു.പ്രണയത്തിന്റെ ഗര്‍ഭപാത്രം പോലെ അതെന്നെ വിഴുങ്ങി.
ഞാന്‍ നനഞ്ഞു,
ഞാന്‍ കൈകാലിട്ടടിച്ചു,
ഞാനുറക്കെ കരഞ്ഞു ;
മനുഷ്യനായ് പുറത്തുവന്നു.
അവന്‍:
അനാഥത്വത്തെ അഗാധമാക്കിയോളേ,
ഈ കഥ കേള്‍ക്കുമ്പോള്‍
എന്റെ ഹൃദയത്തില്‍ കടുകു പൊട്ടിത്തെറിക്കുന്നു
അവള്‍:
നഗ്‌നയായി ഞാന്‍ കുളിക്കവേ
പെട്ടെന്ന് കടല്‍ ഉള്ളിലേക്ക് വലിഞ്ഞു;
തീരം പൊട്ടിത്തെറിച്ചു.
കൂസലില്ലായ്മയാല്‍ ചുറ്റപ്പെട്ട ഞാന്‍ വിളിച്ചു പറഞ്ഞു:
'തീരമേ, ലോകമേ!
നിന്റെ അജ്ഞതയാണ് എന്റെ നഗ്‌നത!'
അവന്‍:
നിന്റെ വീഞ്ഞുകോപ്പയില്‍ നിന്ന്
പാനം ചെയ്യുവാന്‍ എന്നെ അനുവദിക്കുക.
മറ്റൊന്നും വേണ്ടെനിക്ക്!
അവള്‍:
കാല്‍പാദങ്ങളേ,
എന്റെയധരങ്ങളെ അവനിലേക്കു വലിച്ചടുപ്പിക്കുക.
തുറമുഖമാകട്ടെ പ്രിയനേ
നിന്റെ ചുണ്ടുകള്‍!
ദൈവം:
വാക്കുകള്‍,
വിളക്കുകള്‍.
ഓരോ വിളക്ക് കൊളുത്തുന്തോറും നിങ്ങള്‍ ദേവാലയത്തിന്റെ
ഓരോ പടികള്‍ കയറുകയാണ്.
അവന്‍:
ഊരാന്‍ പറ്റാതെ ഉറച്ചുപോയ
പ്രണയ വിരല്‍ മോതിരം.
അത് അണിഞ്ഞ ഞാനോ
വേദന -വിഹ്വലതകളുടെ ജലാശയങ്ങളിലേക്ക്
തുടര്‍ച്ചയായി ആകര്‍ഷിക്കപ്പെടുന്നു;
വലിച്ചു താഴ്ത്തപ്പെടുന്നു.
അവര്‍:
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു.
കുറെ നേരമായിട്ടും പോണില്ല.
'ന്തേ, തേന്‍ കുടിച്ചു മത്തായോ?'
ഞാന്‍ ചോദിച്ചു.
'ഒന്നു പോയേ! ചിറകൊട്ടിപ്പിടിച്ചതാ!'
കഷ്ടപ്പെട്ട് അതു പറഞ്ഞൊപ്പിച്ചു.
ദൈവം:
നിങ്ങള്‍ ചുംബിക്കുവിന്‍;
ഭ്രാന്ത് പിടിച്ചോടുന്ന നഗരത്തെ
ആ ദിവ്യമൂളക്കങ്ങളാല്‍ നിശ്ചലമാക്കുവിന്‍!
(എനിക്കു പറ്റാത്തത് അങ്ങനെ എന്നിലൂടെ നേടുക!)
ഇതും കൂടി കേട്ടപ്പോള്‍,
ഒട്ടിപ്പിടിച്ചു പോയ തങ്ങളുടെ ചുണ്ടുകളെ
കഷ്ടപ്പെട്ട് സ്വതന്ത്രമാക്കിക്കൊണ്ട്
അവര്‍ ഇപ്രകാരം പറഞ്ഞു:
പ്രിയപ്പെട്ടവരേ,
പ്രണയമാം
സുവിശേഷ സ്തന്യം,
സവിശേഷ സ്തന്യം നുകര്‍ന്നുകൊണ്ടേയിരിക്കുക!
മുകര്‍ന്നുകൊണ്ടേയിരിക്കുക
പ്രണയമെഴുത്തുകള്‍ വായിക്കാം:
പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ
പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു