പ്രണയമെഴുത്തുകള്‍. പ്രണയദിനത്തിലാരംഭിച്ച പ്രണയാക്ഷരങ്ങള്‍ തുടരുന്നു. ഇന്ന് ചിരവിരഹത്തിന്റെ തീയില്‍ ചുട്ടെടുത്ത ഒരു പ്രണയലേഖനം. സഫീറ താഹ എഴുതുന്നു
പ്രണയമെഴുത്തുകള്‍. പ്രണയദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ പ്രണയാക്ഷരങ്ങള്‍. പ്രണയചിന്തകളുടെ ആഴവും പരപ്പും. പ്രവാസികള്‍ കൊണ്ടുനടക്കുന്ന പ്രണയതീവ്രമായ കടല്‍. വേര്‍പിരിയലിന്റെ കാലങ്ങള്‍ക്കുശേഷമുള്ള സമാഗമങ്ങള്‍. പിടിച്ചുവെക്കലല്ല, വിട്ടുകൊടുക്കലാണ് പ്രണയമെന്ന പുതുകാലത്തിന്റെ അതിജീവനമന്ത്രം. ഈ പ്രണയമെഴുത്തുകളോട് എഴുത്തിലൂടെ വായനക്കാര്‍ക്കും സംവദിക്കാം. നിങ്ങളുടെ പ്രണയാക്ഷരങ്ങള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. പ്രണയമെഴുത്തുകള്‍ എന്ന് സബ്ജക്ട് ലൈനില്‍ എഴുതണം. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും വെക്കണം. പ്രണയദിനാശംസകള്‍...
undefined
പ്രിയപ്പെട്ടവനേ
പെയ്തുതോരാത്ത മഴ പോലെയാണ് എനിക്ക് പ്രണയം. വസന്തമൊഴിയാത്ത പച്ചപ്പുകള്‍ അന്യമാകാത്ത നിന്റെ ചില്ലകളാണ് എന്റെ വേനല്‍ വീഥികളില്‍ ഇന്ന് തണല്‍വിരിക്കുന്നത്.
എന്നാണ് നീയെന്നിലേക്കെത്തിയതെന്നതിന് പ്രസക്തിയില്ല. കാലമോ സമയമോ പ്രണയത്തിന്നാഴം കൂട്ടുന്നില്ല എന്നത് സത്യമാണ്. എന്റെ സങ്കടങ്ങളുടെ ചുവരെഴുത്തിനപ്പുറത്ത് നീയുണ്ടായിരുന്നു. മായ്ച്ചും ഒരുവേള തിരുത്തിയും.
തളര്‍ച്ചയോടെ നില്‍ക്കുമ്പോള്‍ നിന്റെ കൈകളുടെ കവചമെന്നെ പൊതിഞ്ഞു. വാക്കുകള്‍ ഇടര്‍ച്ചയോടെ പിണങ്ങി പിരിയുമ്പോള്‍ പൂരിപ്പിച്ചു. എന്റെ വേവുകള്‍ തൊട്ടെടുക്കുന്ന നനവുള്ള തൂലികയായും നീയെന്നുമെന്നരികിലുണ്ട്. എത്രയോ കാലമായി.....
എന്റെ സ്വപ്നങ്ങള്‍ ഊതികത്തിച്ചത്, എനിക്ക് ചുറ്റും പ്രകാശമുണ്ടാക്കിയത് നീയാണ്. അന്ധകാരത്തെ ആട്ടിപ്പായിച്ചത് നിന്റെ പ്രണയമാണ്.നമുക്കിടയിലുള്ള പ്രണയത്തെ നിലനിര്‍ത്തുന്നത്
നിരുപാധികമായ പാരസ്പര്യമാണ്, അവിടെ വേറൊന്നിനും പ്രവേശനമനുവദിക്കരുത് എന്ന തീരുമാനമാണ്. ആ നിസ്വാര്‍ത്ഥ സ്നേഹം തന്നെയാണ് നമ്മുടെ ബന്ധത്തെ ഉദാത്തമാക്കുന്നതും.
പിണക്കത്തിന്റെ കനലുകള്‍ എന്നിലേക്കെറിഞ്ഞ്, കുറ്റപ്പെടുത്തലുകള്‍ കൊണ്ട് തീയാളിപ്പിച്ച് എന്നെ ദഹിപ്പിക്കാന്‍ ശ്രമിക്കുമ്പോളൊക്കെയും നീയാ തീയില്‍ വെന്തെരിയുന്നത് ഞാനറിഞ്ഞിട്ടുണ്ട്. നീയെന്നെ ഒറ്റയ്ക്കാക്കി പലപ്പോഴും മാറിയിരുന്നിട്ടുണ്ട്, എന്റെ കണ്ണുകള്‍ പെയ്യുമ്പോഴും ഞാനറിഞ്ഞിട്ടുണ്ട് നിനക്ക് ചുറ്റാകെ പുഴ രൂപപ്പെടുന്നത്.
അക്ഷരങ്ങളുടെ മാന്ത്രികതയെ പരിചയിച്ചവരായത് കൊണ്ട് തന്നെ മനം നിറച്ചത് മാത്രമേ വരികളില്‍ തുളമ്പൂ എന്ന് നമുക്കറിയാം. നിന്റെ ഓരോ വാക്കുകളും എന്റെ ഹൃദയത്തെയാണ് സ്പര്‍ശിച്ചത്, അതുകൊണ്ടാകും നിന്റെ പിണക്കങ്ങളില്‍, അകലങ്ങളില്‍ സ്പന്ദനങ്ങള്‍ പോലും എന്നോടൊച്ച വെയ്ക്കുന്നത്. !
നിനക്കറിയുമോ നീയില്ലാത്തൊരു നിമിഷം എനിക്കെത്ര യുഗങ്ങളാണെന്ന്, കൂര്‍ത്ത കല്ലുകളും വഴുവഴുത്ത വീഥികളും അഗാധമായ കൊക്കകളും ആ നിമിഷങ്ങളില്‍ എനിക്ക് മുന്നില്‍ രൂപപ്പെടും. എന്റെ ചിന്തകളും കാലുകളും പലപ്പോഴും തെന്നിവീഴും, എന്റെ ഹൃദയം മുറിഞ്ഞു രക്തമൊഴുകും..... നിന്റെ പുഞ്ചിരിയുടെ നനുത്ത വാക്കുകളുടെ തൊടുമരുന്നിനു മാത്രം ഉണക്കാന്‍ കഴിയുന്ന മുറിവാണത്.....
ഹൃദയത്തിന്റെ ഭാഷയിലാണ് നാം മിണ്ടിയിട്ടുള്ളത്, അതുകൊണ്ടാകും വക്കുടഞ്ഞ വാക്കുകളിലേക്കത് മൊഴിമാറുമ്പോള്‍ വല്ലാതെ നോവുന്നത്, കൊളുത്തി വലിക്കുന്നത് !
ഒടുങ്ങാത്ത തിരകള്‍പോലെ നിന്റെ പ്രണയം എന്നില്‍ അലതല്ലുമ്പോള്‍ മൗനമെന്ന ഒരോളത്തിന് എങ്ങനെയെന്നെ തോല്‍പ്പിക്കാനാവും.? വാക്കുകള്‍ പലപ്പോഴും നമ്മില്‍നിന്നും പടിയിറങ്ങിയിട്ടുണ്ട്, അപ്പോഴൊക്കെയും ചുംബനത്തിന്റെ ചിറകില്‍ നാമത് വീണ്ടെടുത്തിട്ടുണ്ട്.
'ഞാനില്ലാതെ പറ്റില്ലെന്ന്' പറയുന്ന വാക്കുകളെ ഞാന്‍ വിശ്വസിച്ചത് പറഞ്ഞത് നീയായത് കൊണ്ടാണ്. നീയെത്ര അകലെയായാലും
നിന്റെ പ്രണയത്തെ ഞാനീ നിമിഷവും ചേര്‍ത്തുനിര്‍ത്തുന്നു.അതുകൊണ്ട് തന്നെ നിന്റെ മൗനത്തില്‍ എനിക്കൊരു സങ്കടവുമില്ല. എങ്കിലും വിരഹത്തിന്റെ കൊടുംകാട്ടില്‍ ഞാനൊറ്റപ്പെടുമെന്ന് മാത്രം ഓര്‍ക്കുക, എന്നെ കൊതിയോടെ നോക്കി ഭ്രാന്ത് വട്ടം ചുറ്റുന്നുണ്ട്..... എന്നിലെ എന്നെ തിരിച്ചറിഞ്ഞത് നിന്റേതായപ്പോഴാണ്.....നീയില്ലെങ്കില്‍ ഞാനെങ്ങനെ എന്നെ തിരിച്ചെടുക്കും?
പ്രാണനെടുക്കുന്ന പ്രണയങ്ങളില്‍ എനിക്കെപ്പോഴും രോഷമാണ് തോന്നുന്നത്.നീയെവിടെയായാലും സുഖമായിരിക്കൂ, സന്തോഷമായി ജീവിക്കൂ അത് മാത്രമാണ് എന്റെ പ്രണയം. അതേയുള്ളു പ്രാര്‍ത്ഥനയും. കാരണം നിനക്കെന്നേ ഞാനെന്റെ ഹൃദയം തന്നതാ, എനിക്കുവേണ്ടിയും മിടിക്കുന്നത് ഇപ്പോള്‍ നീയാണല്ലോ !
നിന്റെ...
പ്രണയമെഴുത്തുകള്‍ വായിക്കാം:
പ്രവാസികള്‍, അവര്‍ക്കെന്നും പ്രണയദിനമാണ്!
ഇന്നലെ ഒരു ശലഭം എന്റെ പിന്‍കഴുത്തില്‍ ചുംബിച്ചു
പിടിച്ചുവെക്കരുത് ആരെയും, വിട്ടുകൊടുക്കലാണ് പ്രണയം!
പ്രണയവെയില്‍ത്തീരം, രാജി സ്നേഹലാല്‍ എഴുതിയ കഥ