മഴത്താളം, ഷിബി നിലാമുറ്റം എഴുതിയ കവിത

By Vaakkulsavam Literary Fest  |  First Published Mar 19, 2024, 3:10 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ഷിബി നിലാമുറ്റം എഴുതിയ കവിത  


ഇടവത്തിന്‍ ഇടയ്ക്കകള്‍ പുലമ്പുന്നു-
മഴക്കാടായ് പെരുകുന്നു പെരുമ്പറ മുഴക്കുന്നുണ്ടേ.
കിനാവിന്റെ തകില്‍ച്ചെപ്പില്‍ ഇരമ്പലിന്‍ മുരളിച്ച-
ഇരുള്‍ക്കനം വിറപ്പിച്ചങ്ങുഴുതേറുന്നേ!-ഷിബി നിലാമുറ്റം എഴുതിയ കവിത  

 

Latest Videos

undefined

Also Read: സ്വാഭിനയ സിനിമകള്‍, ലാല്‍മോഹന്‍ എഴുതിയ കവിതകള്‍

.................

 

മഴപ്പെയ്ത്തിന്‍ ഇലത്താളം തുടികൊട്ടുന്നേ,
മരംപെയ്ത് മനംപെയ്ത് നിറഞ്ഞാടുന്നേ, 
മഴമേഘം വളരുന്നേ മഴനൂല് പെരുകുന്നേ,
മഴ കാതില്‍ പലതാളം പറഞ്ഞാടുന്നേ!

തുള്ളിക്കൊരുകുടം പൊട്ടി,
തൊടിത്തട്ടില്‍ ചിരി പൊട്ടി,
നുര പൊന്തി പത പൊന്തി പുളഞ്ഞാടുന്നേ.
ഇലത്താളം ചിലമ്പുമ്പോള്‍ ഇലച്ചാര്‍ത്ത് തുളുമ്പുന്നു, 
ഇടവഴി നിറച്ചവള്‍ കുതിച്ചോടുന്നേ.

കിഴക്കിന്റെ മഴക്കീറില്‍ കൊരുത്തോരു കൊടുങ്കാറ്റ്,
നടുമുറ്റം നനപ്പിച്ച് കിനാക്കളെ തഴപ്പിച്ച്,
മഴപ്പൊക്കം കടല്‍ ചിത്രം വരച്ചെന്റെ മണിമുറ്റം -
മരത്താളം മുറുക്കി കൊണ്ടുടലാടുന്നേ!

കൊടുംവേനല്‍, ചൊടികളില്‍ മഴച്ചുണ്ട് ജതി തുള്ളി-
ച്ചിണുങ്ങുന്നു വെയില്‍- പ്പെയ്ത്തില്‍ ത്തിളങ്ങികൊണ്ടുതിരുന്നു. 
ഒരുതുള്ളി പലതുള്ളി കടുംതുള്ളി കിനാത്തുള്ളി- 
തളിര്‍പ്പിന്റെ പെരുംതുള്ളി പൊഴിക്കുന്നുണ്ടേ!

ഇടവത്തിന്‍ ഇടയ്ക്കകള്‍ പുലമ്പുന്നു-
മഴക്കാടായ് പെരുകുന്നു പെരുമ്പറ മുഴക്കുന്നുണ്ടേ.
കിനാവിന്റെ തകില്‍ച്ചെപ്പില്‍ ഇരമ്പലിന്‍ മുരളിച്ച-
ഇരുള്‍ക്കനം വിറപ്പിച്ചങ്ങുഴുതേറുന്നേ!

 

...................

Also Read: ഹാജ്യാരുടെ ലോകകപ്പ്, രശ്മി കിട്ടപ്പ എഴുതിയ രണ്ട് കവിതകള്‍

Also Read: കുന്നേപ്പള്ളിയും കുത്തിത്തിരിപ്പുകാരും, സജിന്‍ പി. ജെ എഴുതിയ കവിത

...................

 

തുലാത്തിലെ പെരുംതാളം തുവരാതെ തുടിക്കുന്നേ,
ഉന്മാദം നിറച്ചു കൊണ്ടുറഞ്ഞാടിക്കുതറുന്നേ;
കടുംമേഘ കരിങ്കൂന്തല്‍ കുടഞ്ഞിട്ടു -
നിലമാടി പിടഞ്ഞുര്‍ന്ന് ചുഴികുത്തി തിറയാടുന്നേ!

മഴപ്പാടം വിരിച്ചിട്ട തമസിന്റെ നിറമാറില്‍, 
തണുപ്പിന്റെ തുളച്ചാര്‍ന്ന രതിതാളം കിതയ്ക്കുന്നു!
നിശാന്തിനീ പ്രിയംവദേ ഉദിച്ചാര്‍ന്ന നിലാവിനെ-
കടുംപെയ്ത്തില്‍ ഉടച്ചിട്ടു രാവ് പെയ്യുന്നേ.

മഴത്താളം മുഴങ്ങുന്നു മണ്ണുടലു തണുക്കുന്നു
മുലക്കണ്ണ് ചുരക്കുന്നു ജലച്ചായം വരയ്ക്കുന്നു!
കിളിര്‍പ്പുകള്‍ മുളപ്പുകള്‍ പരക്കനെ പുതയ്ക്കുന്നു,
കിലുങ്ങുന്നു കൊലുസിട്ട മഴപ്പെണ്ണാള്!

 


മലയാളത്തിലെ മികച്ച കവിതകള്‍, കവിതകള്‍, വിവര്‍ത്തനങ്ങള്‍ വായിക്കാം
 

click me!