'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

By Vaakkulsavam Literary Fest  |  First Published Sep 10, 2019, 12:28 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് അജിത്ത് രുഗ്മിണിയുടെ അഞ്ച് കവിതകള്‍. 


അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍... ഓരോ കവിതയ്ക്കും ഓരോ ഭാഷയാണ്. ഓരോ പരിസരമാണ്. ഒരു മനുഷ്യന്‍റെ വിചാരങ്ങളും അതിലേയുള്ള നടപ്പുകളുമാണ് ആ കവിതകള്‍. ഒരിക്കലും നമ്മള്‍ ശ്രദ്ധിക്കാനിടയില്ലാത്ത എന്തെങ്കിലുമാകാം അജിത്ത് പറഞ്ഞുവെക്കുന്നത്. എന്നാല്‍, അതിലൊരു കാര്യമുണ്ട്, അല്ലെങ്കിലൊരു കൗതുകമുണ്ട്. അതാണ് ആ കവിതകളെ ഭംഗിയുള്ളതാക്കുന്നതും. ആ കവിത ക്ലാസില്‍ വരാതായ ഒരു കുട്ടിയെ കുറിച്ചുള്ള ടീച്ചറുടെ ആശങ്കയാവാം അതിലെ കാരണങ്ങളാകാം,  ന്യൂ ഇയറിലേക്കുള്ള ഒരാളുടെ തികച്ചും വ്യത്യസ്തമായ ഒരു റെസല്യൂഷനാകാം, അതിലെ വിഭ്രമങ്ങളാകാം. അജിത്തെഴുതുന്നത് എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ചിലതാണ്. ആ ചിലതുകളിലൂടെയാണ് കവിതയുടെ യാത്രയും.

 

Latest Videos

undefined

1.

നെയിം സ്ലിപ്പ്.

കിച്ചൻ എന്നുപേരുള്ള
മെലിഞ്ഞ് ഉയരം കുറഞ്ഞ
പതിനൊന്നാം ക്ലാസുകാരൻ
മൂന്നാഴ്ചയായി ലീവാണ്.
ഞാനവന്റെ ക്ലാസ് ടീച്ചറാണ്.
പേര് റഹ്മത്തുന്നീസ.
അവനെന്റെ ഫേവറേറ്റ് സ്റ്റുഡന്റാണ്.
നല്ല കുട്ടിയാണ്.
ആരുമായും തർക്കത്തിനു പോവില്ല,
ക്ലാസിൽ സംസാരിക്കില്ല.
വൈകിയെത്തിയ ദിവസം പോലുമില്ല.

മറ്റൊന്നുമറിയില്ല.
അവന്റെ വീടിനെക്കുറിച്ചോ,
അമ്മയെക്കുറിച്ചോ ഒന്നും.
അതൊന്നുമൊരു പ്രശ്നവുമല്ലല്ലോ.
കോണിക്കൂടിനടുത്തുള്ള
അലമാരയിലുണ്ട്, വേണമെങ്കിൽ
എടുക്കാവുന്നതേയുള്ളൂ.
ആവശ്യങ്ങളാണല്ലോ കാര്യങ്ങളുടെയമ്മ.

എല്ലാവരുമവനെ കളിയാക്കാറുണ്ട്,
‘എന്ത് പേരാടായിതെ’ന്ന് ചോദിക്കാറുണ്ട്.
കിച്ചനെന്ന് പറയുമ്പോൾ
കൃഷ്ണനല്ലേയെന്ന് തിരിച്ചു ചോദിക്കാറുണ്ട്.
അതവന്റെയച്ഛന്റെ പേരാണ്.
അഡ്മിഷന്റെ ദിവസം
ഓഫീസിലെ എൽ ഡി സുരേഷ്, കൃഷ്ണനെന്നെഴുതി.
കിച്ചനൊക്കെ വിളിപ്പേരല്ലേ,
ക്ലിപ്തമില്ലാത്ത പേരല്ലേ എന്നു ചോദിച്ചു.
കിച്ചനും അവന്റെയച്ഛനും മിണ്ടിയില്ല.

ആന്വൽ സ്പോർട്സിന് ലോങ്ങ് ജമ്പിലും
കലോത്സവത്തിൽ പ്രസംഗത്തിലും
ഫസ്റ്റ് വന്നവനായിരുന്നു.
"ടീച്ചറേ അനൗൺസ് ചെയ്യണ്ട,
എന്റെ പേര് പോരാ" എന്ന് പറഞ്ഞവൻ പോയി.
"ഓ! ഒരു പേരിലെന്തെടാ",
ഞാൻ അനൗൺസ് ചെയ്തു.
അന്ന് പോയതാണ്.
കൂട്ടുകാർക്കുമറിയില്ല.
പാളിപ്പോയ കൃഷ്ണായെന്നും
കിച്ചൺവാലാ ഭയ്യാ എന്നുമൊക്കെ
അവനെക്കളിയാക്കാറുണ്ടെല്ലാരും.
ഞാൻ ശാസിക്കാറുണ്ട്.
വേറെന്ത് ചെയ്യാനാണ്?

ഇന്നാണ് സോഷ്യോളജി ടീച്ചർ പറയുന്നത്,
'നെയിം സിക്നെസ്സ്' എന്നൊന്നുണ്ടത്രേ.
മാനസികം പോലെയാവുമത്രേ.
പേടിയാവുന്നുണ്ട്.

അവനെന്റെ ഫേവറേറ്റ് സ്റ്റുഡന്റായിരുന്നു.
നല്ല കുട്ടിയായിരുന്നു.
ആരുമായും തർക്കത്തിനു പോയിട്ടില്ല,
ക്ലാസിൽ സംസാരിക്കാറേയില്ല.
വൈകിയെത്തിയ ദിവസം പോലുമുണ്ടായിട്ടില്ല. 

2.

ദി റെസലൂഷന്‍

പുതുവർഷം പിറക്കുന്ന
അതേ സെക്കൻറിൽ,
ഇടവേള തുടങ്ങുന്ന,
ഒരു സിനിമ കാണലാണ്
ഈ വർഷത്തെയെന്റെ
അവസാന ആഗ്രഹം.

നായികയുടെ
‘ഇനി നമുക്കു പിരിയാ’മെന്ന
മുൾമുന ഡയലോഗ്
ഡോൾബി അറ്റ്മോസിൽ
മുഴങ്ങുമ്പോഴാവണം,
ഇടവേളയെന്ന് തെളിയുന്നതും
പുതിയ വർഷം പിറക്കുന്നതും.
അഥവാ,
ഒരു സിനിമയെ
രണ്ടു വർഷങ്ങളായി
കാണലാണ്
എന്റെ ന്യൂയർ റെസലൂഷന്‍.
നടുവിലൂടെ കത്തി പായിച്ച്
ചെറുചിരിയോടെ,
ഒരു ഹലുവയെ വിഭജിക്കുമ്പോലെ
സുഖകരമല്ലത്.
പതിനൊന്ന് കഴിഞ്ഞ്
അമ്പത്തിയൊമ്പത് മിനിറ്റും
അത്ര തന്നെ സെക്കന്റുകളുമാവുമ്പോൾ
ഇടവേളയെന്നെഴുതിക്കാണിക്കണം.
ആളുകൾ പുറത്തു പോവണം.
തിരിച്ചെത്തുമ്പോൾ,
പരസ്പരം
പിരിയാനിരുന്ന കമിതാക്കൾ
അയ്യോ
ഇത് പുതിയ വർഷമാണല്ലോയെ-
ന്നത്ഭുതപ്പെടണം.
പ്രീമിയം ടിക്കറ്റിൽ
ഈ വർഷത്തെ
സൂപ്പർഹിറ്റിനു കയറിയവർ
പാതിമാത്രമുള്ള
റൊമാൻസുമായി
അടുത്ത വർഷത്തിലിറങ്ങി വരണം.

ലളിതമായി പറഞ്ഞാൽ,
രണ്ടു വർഷങ്ങൾക്കിടയിൽ
നിന്നുകൊണ്ടെനിക്ക്  മൂത്രമൊഴിക്കണം
കോണിപ്പടിയിലിരുന്ന്
ചോളാപ്പൊരി തിന്നണം.
പറ്റുമെങ്കിലൊരു കട്ടനും.
( ഡിസംബര്‍ 31 -ന് എഴുതപ്പെടുന്ന കവിത).

3. 

എട്ടേമുക്കാലര

എത്ര ആലോചിച്ചാലും
അതിനേക്കാള്‍ മറിച്ചാലോചിച്ചാലും
ഭാഷയിലേക്കൊരു നരച്ച കവിക്കെന്നപോലെയോ,
കാന്‍വാസിലേക്ക് വാന്‍ഗോഗിനെന്നപോലെയോ
ഒരു സമയശാസ്ത്രജ്ഞന്,
പകര്‍ന്നാടാന്‍ കഴിയാത്ത ഒന്നുണ്ട്.
പന്തല്ലൂരിലേക്കുള്ള ഷംന ബസ്സിലെ
അരത്താടിയുള്ള ചെക്കറുടെ  
വൈകിയോടുന്ന രാവിലേകളിലെ  
ആന്‍റി ക്ലോക്ക് വെല്ലുവിളി.
ക്രോണസ് ദേവന്‍ കഴിഞ്ഞാല്‍
സമയപ്രഭു ഇയാളാണ്,
ഈ ബസ്സിലാണ്.

സമയതാരാവലിയിലെ  
വേര്‍ഡ് ഓഫ് ദ യര്‍,  
‘എട്ടേമുക്കാലര’*.
കണ്ണടച്ച് കേള്‍ക്കൂ.
മുറിച്ച് മുറിച്ച് വായിക്കൂ.
സമയശാസ്ത്രത്തിലെ
ഒരു നിയമംപോലും തെറ്റിക്കാതെ,
മുപ്പതാമത്തെ സൂചിത്തലപ്പിനെ
അരയെന്നു വിളിക്കുന്ന
കോമണ്‍ ലോജിക്കിനെയവന്‍  
സെക്കന്‍റിലേക്കിഴുക്കിച്ചേര്‍ത്തത് കണ്ടോ?

ഓടുന്ന സമയത്തിനെ പിടിക്കാന്‍
ജീവന്‍ കൊടുക്കേണ്ടതില്ലാത്ത,
വൈകിയ അരസെക്കന്റ്
കൂലിയില്‍ കുറവ് കാണാത്ത,
ആഗോള സമയശാസ്ത്രജ്ഞരേ,
ഇതായെന്‍റെ റീത്തുകളെന്നുപറഞ്ഞ്  
ബസ്സ്റ്റാന്‍ഡിലേക്ക്
വാക്കും വലിച്ചെറിഞ്ഞ്
ഡബിള്‍ ബെല്ലടിച്ചു പോവുന്നവനേ
നിങ്ങള്‍ക്കാണെന്‍റെ ലൈക്ക്.  

*എട്ടേ നാല്‍പ്പത്തഞ്ചു കഴിഞ്ഞ് മുപ്പത് സെക്കന്റ്റ്


4.

തോര്‍ത്തും ബാര്‍ത്തും* തമ്മില്‍

(എന്‍റെ അധ്യാപകര്‍ക്ക്)

ഒരുവൾ,
ഒരു
ബുക്ക്ഹോളിക്
പുറത്തേക്കൊരു കസേര വലിച്ചിട്ട്
അദൃശ്യ നഗരങ്ങൾ* വായിക്കേ,
ഒരിട
ഷോപ്പിംഗ് മാളിനെ
നോക്കുന്നു.
കെട്ടിടമൊരു
വിറ്റ്മാൻ* പുസ്തകമാവുന്നു.
മിന്നുന്ന വെളിച്ചത്തിൽ
അക്ഷരങ്ങളെ കാണുന്നു.
ബ്രോസ്റ്റെന്ന വാക്കിലവൾ
ഫ്രോസ്റ്റെ*ന്നു പാടുന്നു.
'കേറി നോക്കൂ' എന്ന
വെൽക്കം ഗേൾ പറച്ചിലവളെ
ഒറൂനോകോ*യെന്ന നോവലിലെത്തിക്കുന്നു,
ലിഫ്റ്റെന്ന കോളത്തിനെ
സ്വിഫ്റ്റെ*ന്നു മാത്രം വായിക്കുന്നു.
എന്തിനേറെ,
ഹവാക്കർ ചെരുപ്പുകളിലവൾ
ആലീസ് വാക്കറിനെയോർക്കുന്നു.

അരുത്.
ഒരു ബുക്ക്ഹോളിക്കിനെ
നിങ്ങളൊരിക്കലും
കടത്തിവിടരുത്.
ഒരു ബ്രാ മതി,
ബ്രാംസ്റ്റോക്കറിനെയോർത്ത്
നിങ്ങളെയങ്ങാവാഹിക്കാൻ.

പ്രിയപ്പെട്ട സെക്യൂരിറ്റിക്കാരാ,
അരുത്.

ബാര്‍ത്ത് -റൊളാന്ത്‌ ബാര്‍ത്ത് 
അദൃശ്യ നഗരങ്ങൾ -കാല്‍വിനോയുടെ  Invisible Cities  എന്ന നോവല്‍ 
വിറ്റ്മാൻ -വാള്‍ട്ട് വിറ്റ്മാന്‍ 
ഫ്രോസ്റ്റ് -റോബര്‍ട്ട്‌ ഫ്രോസ്റ്റ്  
ഒറൂനോകോ -അഫ്ര ബെന്‍ ന്‍റെ നോവല്‍.
സ്വിഫ്റ്റ് -ജോനാഥന്‍ സ്വിഫ്റ്റ്

5.

ലക്കം 11 -ലെ കവിത

ടി.കെ ഡേവിസ് എഡിറ്ററായി
ചുമതലയേറ്റ ദിവസം
വായനക്കാർ
മറക്കാനിടയില്ല.
'ഇന്നത്തെ പിറന്നാളുകാർ'
എന്നൊരു കോളം,
മൾട്ടികളറിൽ
ഒൻപതാം പേജിൽ
പ്രത്യക്ഷപ്പെട്ടു തുടങ്ങിയതന്നാണ്.

ടി.കെ ഡേവിസ് മാന്യനായിരുന്നു.
പ്രമുഖ പത്രത്തിന്റെ
എഡിറ്ററാവുന്നതിനു മുൻപ്
പിറന്നാളുകാരികൾക്ക്
ജീവിതമാശംസിക്കലായിരുന്നു
അയാളുടെ പണി.
അഞ്ചു മിനിറ്റ് നേരത്തേയോടുന്ന
റോളെക്സ് വാച്ചിൽ
അർദ്ധരാത്രി കൃത്യമാവുമ്പോൾ
അയാൾ തന്റെ ഡയറി തുറന്ന്
ആൽഫബറ്റിക് ഓർഡറിൽ
പിറന്നാളുകാരെ
ലാൻഡ് ഫോണിൽ കറക്കും.
ഇതാരാണെന്ന്
മറുതലയ്ക്കൽ ചോദ്യമുയരും മുന്നേ
“ജീവിതം പ്രണയസുരഭിലമാവട്ടെ,
ഹാപ്പി ബർത്ത്ഡേ''യെന്നുപറഞ്ഞ്
ഫോൺ വെക്കും.

എങ്ങനെയാണ് ജന്മദിനമുള്ളവരുടെ
ഫോൺ നമ്പരുകൾ
അയാൾക്ക് കിട്ടുന്നതെന്നല്ലേ?
ടി.കെ ഡേവിസിന്റ ജോലി
അർദ്ധരാത്രിയിൽ
ജീവിതമാശംസിക്കലായിരുന്നു.
പകൽ സമയങ്ങളിൽ
അയാളൊരു കള്ളനെപ്പോലെ
ഫോൺ ഡയറക്ടറികളും
പേഴ്സണൽ ഡയറികളും
മോഷ്ടിച്ചു കൊണ്ടിരുന്നു.
ജന്മദിനത്തിന്
ആൽഫബറ്റിക് ഓർഡറിൽ
അവ തിരിച്ചുവെച്ചുകൊണ്ടിരുന്നു.

ഡേവിസിന്റെ
ജന്മദിനാശംസകൾ ലഭിച്ചിരുന്നോയെന്നും
അയാൾ മറ്റെന്തെങ്കിലും
പറഞ്ഞിരുന്നോയെന്നും
കോക്ടെയിൽ പാർട്ടികളിൽ
പരസ്പരം ചോദിക്കുന്നവർ
ഉള്ളാലെ പിറന്നാളിനായി കാത്തിരുന്നു.
ഒരു കോൾ വരാനുണ്ടെന്ന് പറഞ്ഞ്
പിറന്നാൾ രാത്രിയിൽ
പെണ്ണുങ്ങൾ കാമുകന്റെ കോൾ കട്ടുചെയ്തു.
രതിമൂർഛയിൽ ചുംബിക്കാനായുന്ന കാമുകന്റെ മുഖം
ഇടതു കൈപ്പത്തികൊണ്ട് തടഞ്ഞ്,
വലതു കയ്യിലെ  ഫോണിലേക്ക്
തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

.......................................................
.......................................................

പ്രിയ വായനക്കാരീ,
ഈ കവിതയിത്രയേ എഴുതാനാവുന്നുള്ളൂ.
നാളെ
ടി.കെ ഡേവിസിന്റെ ഒന്നാം ചരമവാർഷികമാണ്.
പിറന്നാളുകാരുടെ
പേഴ്സണലൽ ഡയറി മോഷ്ടിക്കപ്പെടുന്ന
നഗരമേതെന്ന് ഇനിയെങ്കിലും നിങ്ങൾ
തെറ്റുകൂടാതെ എൽ.ഡി ക്ലർക്ക് പരീക്ഷക്ക്
എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
ടി.കെ.ഡേവിസ് മാന്യനായിരുന്നു.
ജോലിയാണല്ലോ പ്രധാനം.

വാക്കുത്സവത്തില്‍: 

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
 

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

 

click me!