മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Mar 27, 2021, 6:38 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് മജീദ് സെയ്ദ് എഴുതിയ കഥ 


ജീവിതം കൊണ്ട് മുറിവേറ്റൊരാള്‍, വാക്കിന്റെ കാല്‍ച്ചക്രങ്ങളിലേറി, 'എന്റെ ജീവിതമേ' എന്നുഴറിപ്പായുന്ന ഓട്ടങ്ങളാണ് മജീദ് സെയ്ദിന്റെ കഥകള്‍. മുങ്ങിമരണത്തില്‍നിന്നു കരകേറാന്‍ കരയിലേക്ക് കൈനീട്ടുംപോലെ, ജീവിതത്തിന്റെ വിണ്ട നിലങ്ങളില്‍നിന്നും അയാള്‍ കഥയിലേക്ക് കൈനീട്ടുന്നു. വാക്കിന്റെ ഇളകുന്ന നിലങ്ങളില്‍ ആജീവനാന്തം അഭയാര്‍ത്ഥിയാവുന്നു. ഒരഭിമുഖത്തില്‍ മജീദ് സ്വയം വിശേഷിപ്പിക്കുന്നത് 'ഏതു നരകത്തില്‍ കൊണ്ടിട്ടാലും അവിടിരുന്ന് എഴുതാന്‍ തയ്യാറാവുന്ന ഒരാളായാണ്. അത്തരമൊരാള്‍ക്കു മുന്നിലുള്ള സ്വാഭാവികമായ വഴി തന്നെയാണ് കഥപറച്ചില്‍. അനുഭവങ്ങളും ഓര്‍മ്മകളും അരിശങ്ങളും മുറിവുകളുമായി നിത്യജീവിതക്കുരുക്കുകളില്‍നിന്നും ഒളിച്ചോടുന്ന ഒരാള്‍ക്ക് ചെന്നുപാര്‍ക്കാനാവുന്ന ഇടം. അതിനാലാണ്, മജീദിന്റെ കഥകള്‍ തറഞ്ഞും മുറിഞ്ഞും നുറുങ്ങിയും കിടക്കുന്ന അനേകം മനുഷ്യരുടെ നിലവിളികളാവുന്നത്. 'അനീതി മാത്രമാണ് സത്യം' എന്ന തിരിച്ചറിവില്‍, സ്വന്തം വിധിക്കു മുന്നില്‍ നിന്നു പാഞ്ഞൊളിക്കാന്‍ ശ്രമിക്കുന്നവരുടെ സമാഹാരമായി അയാളുടെ കഥകള്‍ മാറുന്നത്. 

വാക്കിനെ വാക്ക് കൊെണ്ടടുക്കുന്ന കണിശതയുണ്ട് മജീദിന്റെ ഭാഷയ്ക്ക്. ഏതു വാക്കിനും അവിടെയെത്തുമ്പോള്‍ മുനകൂര്‍ക്കുന്നു. പറഞ്ഞുപിഞ്ഞിയ പ്രയോഗങ്ങള്‍ പോലും വിധ്വംസകമാനം കൈവരിക്കുന്നു. ആഖ്യാനം, ശ്വാസംകഴിക്കാന്‍ വിടാതെ വായനക്കാരനെ മുള്‍മുനയില്‍ നടത്തുന്നു. ഫിക്ഷനേക്കാള്‍ മൂര്‍ച്ചയുള്ള ജീവിതത്തിലേക്ക് നമ്മെ എന്നേക്കുമായി നാടുകടത്തുന്നു. ആകഥകളിലൂടെ കടന്നുപോവുമ്പോള്‍, വക്കില്‍ ചോരമണക്കുന്ന നേരുകളാണ് മുന്നിലെത്തുക. അകംപുറം നഗ്‌നമായ വെറുംജീവിതങ്ങള്‍. കാണാന്‍ ചേലുള്ള ഭാഷയുടെ പഞ്ഞിക്കെട്ടുവഴികള്‍ മുറിച്ചുകടന്ന്, ചോരയും വിയര്‍പ്പും മലമൂത്രവും നിറഞ്ഞ കെട്ട വഴികളിലേക്ക് കഥാപാത്രങ്ങള്‍ നടന്നുമറയുന്നു. കണ്ണില്‍ച്ചോരയില്ലാത്ത കഥകള്‍ മാത്രം ബാക്കിയാവുന്നു. നിര്‍ദ്ദയനായ കൊലയാളിയെപ്പോലെ ജീവിതം മനുഷ്യരുടെ രാപ്പകലുകളെ വീണ്ടും വീണ്ടും മാറ്റിയെഴുതിക്കൊണ്ടേയിരിക്കുന്നു. 

Latest Videos

 

 

ഇന്നത്തെ ശരികളെ, നാളെയൊരിക്കല്‍ തെറ്റെന്ന് വിളിക്കാത്തവര്‍ അത്യപൂര്‍വമല്ലേ ഭൂമിയില്‍. അത്തരമൊരാളായി അധഃപതിച്ചല്ലോ ദൈവമെ ഈ അവസാന സമയത്ത് ഞാനും... 

വല്ലാത്തൊരു കുണ്ഠിതം തോന്നി...

'വെട്ടിക്കൊല്ലെടാ കഴുവേറിയെ. വിടരുത്.'

ഇച്ചിരിയില്ലാത്ത എന്റെ പൂങ്കണ്ണി പോലത്തെ പെങ്കൊച്ചിനെ ചുറ്റിച്ച വസൂരി കാച്ചിലിന് ഹോമിയോ മരുന്ന് വാങ്ങി, ആവോലി പാടത്തേയ്ക്കുള്ള നടപ്പാതവക്കില്‍  ഓട്ടോയ്ക്കിറങ്ങണ നേരത്ത് ഇരുട്ട് രണ്ടായി വെട്ടിപിളര്‍ത്തി  ചായിബിജു അലറി. 

അതെന്തായാലും നന്നായി. പണി വീഴും മുന്നെ തെന്നിമാറാനൊത്തു.

അറിയാതെ അരയിലേക്ക്  കൈ നീണ്ടു. അവിടെ  ആയുധമില്ലായിരുന്നു. ഒക്കെ മറന്നിട്ട് നാള് കുറെ ആയില്ലെ. ഓര്‍ത്തില്ല..

രണ്ടര വയസ്സേ കുഞ്ഞിനുള്ളൂ.അതിനെ കണ്ടാലങ്ങ് സഹിക്കാന്‍ പറ്റുകില്ല. സ്വര്‍ണ്ണകുമിള കുത്തിയൊട്ടിച്ച കണക്കെ  പോളകുളിരാണ് ദേഹം മുഴുക്കെ. പാവം അവളുടെ പാടാണ്. 

മരണത്തിന്റെ  നേരിയ നിഴലനക്കം എന്നെ ചുറ്റിയ കാറ്റിന്റെ പുളപ്പിലുണ്ട്. അത് വെട്ടിച്ച് ഞാനോടി.

അണ്ണന്‍ പറഞ്ഞിട്ടാണ് ഇപ്പോള്‍ അവരെന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്. പുതുമഴ ചെറുങ്ങനെ ചാറി തോര്‍ന്നു. പതിമൂന്ന് കൊല്ലം മുന്‍പാണ് ഇതുപോലൊരു രാത്രി ഞങ്ങള്‍ കരാട്ടെ സതീശനെ അവന്റെ വീടിനടുത്തുള്ള  തോട്ടത്തിലിട്ട് അണ്ണന് വേണ്ടി തീര്‍ത്തത്.  അന്ന് അണ്ണനാണ് പണി കൊടുത്തത്. 

അതു പോലൊരു കറക്ട് സ്‌കെച്ചാണ് ഇപ്പോള്‍ എനിക്കും വീണേക്കുന്നത്. ആരാണോ എന്നെ ഇത്ര കൃത്യായിട്ട് ഇട്ടു കൊടുത്തത്. മരണകുടുക്കുകളില്‍ കാലുടക്കാതെ ഞാന്‍ ചീറി.

അവരഞ്ച് പേരുണ്ട്. ഇരുട്ടാണെങ്കിലും മൂന്ന് പേരെ എനിക്ക് പെട്ടെന്ന് മനസ്സിലായി.ചായി ബിജു, സീക്കോ, ഉടുമ്പ് ഈനാപ്പി. 

കുറച്ച് ദിവസം മുമ്പുവരെ, കൃത്യം പറഞ്ഞാല്‍ ഞങ്ങള്‍  കരാട്ടെ സതീശനെ ഭിത്തിയില്‍ പടമായി ഒട്ടിച്ചതില്‍ പിന്നത്തെ പതിമൂന്ന് കൊല്ലം  അണ്ണന്റെ വലം കൈ ഞാനായിരുന്നു. എന്റെ ഇടം കൈകളായിരുന്നു ഇവന്മാര് മൂന്നും.

മറ്റ് രണ്ട് പേരും പുറംപണിക്കാരാണ്. ആളെ പിടുത്തം കിട്ടിയില്ലെങ്കിലും തെറിപ്പ് വെച്ച് മുറ്റാണ്. ഒതുക്കം കണ്ടിട്ട് തിരുവനന്തപുരം സൈഡാണെന്ന് തോന്നുന്നു. മിക്കവാറും  അവന്മാര്  എണ്ണം പറഞ്ഞേക്കും.

എനിക്ക് മുമ്പ് കരാട്ടെ സതീശനായിരുന്നു അണ്ണന്റെ ചങ്ക്.

ശരിക്കും അണ്ണനെ താരമാക്കിയത് ആ ഗഡിയായിരുന്നു.

അന്നൊക്കെ ഞങ്ങള്‍ കൊച്ച് പൈക്കന്മാരാണ്.

നേരെ ചൊവ്വെ രണ്ട് പുകയെടുത്താല്‍ കുത്തി ചുമച്ച് പോകുന്ന പ്രായമേയുള്ളൂ.

ഒരിക്കല്‍ നാട്ടുകാരൊക്കെ കൂടി തല്ലിപതം വരുത്തി ചത്തെന്നും പറഞ്ഞ് ഇട്ടിട്ട് പോയതാണ് അണ്ണനെ. പോലീസ് വന്നാണ് എടുത്തത്. തിരിച്ചനങ്ങാന്‍ കൂടെയാരുമില്ലാതെ തിരുമ്മിച്ച് കിടക്കുമ്പോഴാണ് സതീശന്‍ തിരക്കി ചെന്നത്.പിന്നത്തെ കലാപരിപാടി അവന്‍ ഒറ്റയ്ക്കായിരുന്നു. അണ്ണനെ ചതയ്ക്കാന്‍ മുന്നില്‍ നിന്നവനെയൊക്കെ സതീശന്‍ വീഴിച്ചു.

അന്ന് തൊട്ട് ചരട് അയാളുടെ കൈയിലായിരുന്നു.

നാക്കിന് നല്ല വരശുള്ളത് കൊണ്ട്  പേര് അണ്ണനായി. 

ഒടുക്കം ആ സതീശനെ തന്നെ..

വീതികുറഞ്ഞ നടപ്പാത അളന്ന് കാത്ത കാങ്ങിണി പടര്‍പ്പ് വിടര്‍ത്തി ഞാന്‍ ഉണങ്ങിയ വയല്‍ പരപ്പിലേക്ക് ഉരുണ്ട് വീണു. പടയിഞ്ചയും, കൊങ്ങിണിമുള്ളും കൊണ്ട് മുഖവും, ദേഹവും വരഞ്ഞ് നീറി.

കൈയില്‍ നിന്ന് തെറിച്ച കുഞ്ഞിന്റെ മരുന്ന് കുപ്പി, കൊണ്ട് കൊടുക്കാനാകുമോ എന്നറിയില്ലെങ്കിലും തെരുപ്പിടിച്ചെടുത്ത് ഞാന്‍ വീണ്ടുമോടി.
പാവം, പോരുമ്പോള്‍ തുടങ്ങിയ കുഞ്ഞിന്റെ നിലവിളി ചങ്കില്‍ പെരുമ്പറ കൊട്ടി.

ആദ്യത്തെ ജയില്‍വാസക്കാലത്താണ്,  എനിക്ക് വസൂരി ചുട്ടി കുത്തിയത്.പാര്‍ട്ടി ഗുണ്ടയെ വെട്ടിയതിന് നാല്‍പ്പത് ദിവസത്തെ റിമാന്റ്. ഒറ്റ സെല്ലില്‍ കിടന്ന് നരകിച്ച, ഉറങ്ങാത്ത ഇരുപത്തിയെട്ട് രാത്രികള്‍. പോളക്കനം പൊട്ടി നീരിറ്റിയ ജമുക്കാള തടിപ്പില്‍ കുത്തിയിരുന്ന്, ചൊറിഞ്ഞ് വിങ്ങിയ പുറം  സിമന്റ് ഭിത്തിയില്‍ ഉരച്ച് ഉരച്ച് എന്റെ  തൊലി മുഴുക്കെ വരണ്ടടര്‍ന്നിരുന്നു.

ദൈവമെ എന്റെ കുഞ്ഞ്.. 

പുറത്തേക്ക് കടക്കാനാകാത്ത ഒരു കരച്ചില്‍ എന്റെ കരളില്‍ കലങ്ങി.എങ്ങനെയെങ്കിലും എനിക്ക് വീടെത്തിയെ പറ്റൂ...

നിലാവിനെ പുറംകാണിക്കാതെ കാര്‍മേഘം വാരിമൂടിയ ആകാശത്തുടിപ്പിന്റെ അംശപ്പലക വകഞ്ഞ് മാറ്റി കുറച്ച് നക്ഷത്രങ്ങള്‍ ഞങ്ങളുടെ പന്തയക്കളി കൗതുകത്തോടെ നോക്കി.

ചോര കുതിച്ചോടി വലിഞ്ഞ് മുറുക്കിയ ഞരമ്പുകള്‍ കെട്ടിപ്പിണച്ച് എന്റെ കാലുകളെ ഒറ്റ് കൊടുക്കുമെന്ന് തോന്നിയ നിമിഷം   ഞാനൊന്ന് തിരിഞ്ഞ് നോക്കി...

നക്ഷത്രങ്ങള്‍ പൊഴിച്ച വെള്ളിക്കൊഴുപ്പില്‍ ഒരു വലിയ മൈതാനം കണക്കെ വയല്‍ നിശ്ചലമായി കിടക്കുന്നു.ഒരോട്ടപ്പന്തയമാണവിടെ നടക്കുന്നത്. കിതപ്പും, ആക്രോശങ്ങളും ഗ്യാലറിയിലെ ആരവങ്ങളായി. ആഫ്രിക്കന്‍ അത്‌ലറ്റുകളെ പോലെ ബാധ പെരുത്തവരാണവരെന്ന് എനിക്കപ്പോള്‍ തോന്നി..

ഫിനിഷിംഗ് പോയന്റ് ഞാനാണ്. മെഡല്‍ എന്റെ ജീവനാണ്. 

വാള്‍തലപ്പ് കൊണ്ട് എന്നെയൊന്ന് തൊട്ട്, കുതികാല്‍ ഞരമ്പ് മുറിച്ചകറ്റി തട പൊട്ടിയൊഴുകി മണ്ണില്‍ പടരുന്ന ഫിനിഷിംഗ് ലൈനില്‍ വലംകാല്‍ കുത്തി ഇരുകരങ്ങള്‍ മുകളിലേക്കുയര്‍ത്തി കളി  ജയിക്കാന്‍ വെമ്പലേറി അവരടുത്തു കൊണ്ടിരുന്നു... 

ഏതൊരു കളിയേയും പോലെ തന്നെ ആവേശമുയര്‍ത്തുന്ന ഒന്നാണ് മരണക്കളിയും..

എന്റെ വിലയിരുത്തല്‍ തെറ്റിയില്ല, പുറം പണിക്കാര് ഉശിരര്‍ തന്നെ. ഒരു പക്ഷെ ഫോട്ടോ ഫിനിഷിംഗിലേക്കെത്തിയേക്കാവുന്ന തരത്തില്‍ അവന്മാര്‍ പറന്നാണ് വരുന്നത്. അണ്ണന്റെ തിരഞ്ഞെടുപ്പ് മോശമാകാറില്ല അല്ലേലുമെന്ന് ഞാനോര്‍ത്തു.

കരാട്ടെ സതീശനെ വീഴ്ത്തിയ പണി അത്ര ചെറുതല്ലായിരുന്നു.

മികച്ച ഓട്ടക്കാരനും തെളിഞ്ഞ അഭ്യാസിയും. അതുകൊണ്ട് വളഞ്ഞ് തന്നെ പിടിക്കണമെന്ന് അണ്ണന് നിര്‍ബന്ധമായിരുന്നു.

സൂചിപ്പഴുത് കൊടുത്താല്‍ നൂണ്ടോടുമെന്ന് നൂറാവര്‍ത്തി പറഞ്ഞ് പഠിപ്പിച്ചെടുത്തതാണ് എല്ലാവരേയും. പണി പാളിയാല്‍, ഒരവസരം കൊടുത്താല്‍ കരാട്ടെ സതീശനിങ്ങോട്ട് പണിയിടുമെന്ന് അണ്ണനറിയാമായിരുന്നു.

അതു കൊണ്ട് അത്ര കട്ട പ്ലാനായിരുന്നു അണ്ണനിട്ടത്. പക്ഷെ എന്നിട്ടും അരിപ്പേന്ന് മണല്‍ തരി ഊര്‍ന്നത് പോലെ ആദ്യഘട്ടത്തില്‍ കരാട്ടെ സതീശന്‍ ഊര്‍ന്നു. 

അവന്റെ ചങ്കൂറ്റം അപാരമായിരുന്നു. വാളുമായി വളഞ്ഞ ആറ് പേരെയും മാര്‍ക്ക് ചെയ്തിട്ടാണ് അവനോടിയത്. എന്നിട്ടും ഞങ്ങള്‍ പണി തീര്‍ത്തു.

വിശാലമായ ആ തരിശ് പാടത്ത്  എന്നെയൊന്നൊളിപ്പിക്കുവാന്‍ മരിച്ചവരുടെ നിഴലുപോലുമുണ്ടായില്ല.

ജീവിതത്തിന് ഇത്ര കൊതിക്കുന്ന ഒരു നിമിഷം വിധി ഇങ്ങനെ കാത്ത് വെയ്ക്കുമെന്ന് ആര് കണ്ടിരിക്കുന്നു.

ദൈവത്തെ കബളിപ്പിക്കാമെന്നത് ഒരു മോഹം മാത്രമാണ്.

എനിക്ക് പിന്നാലെ വരുന്നവരില്‍ ഏറ്റവും പിന്നിലായിരുന്നു ചായിബിജു. പത്ത് കൊല്ലം മുമ്പ്  ഇസ്രയുടെ പിള്ളേര് അവന്റെ രണ്ട് കൈപ്പത്തിയും  വെട്ടി തൂക്കി. ഓ, അന്ന് പെട്ട പാട് ഓര്‍ത്താല്‍ നെഞ്ച് നീറും.

ഇതൊക്കെ ഇപ്പോള്‍ എന്തിനാണ് ഓര്‍ക്കുന്നതെന്ന് എനിക്കൊരു പിടുത്തവും കിട്ടിയില്ല.

ഓര്‍മ്മകള്‍ എവിടെക്കെയാണോ പാഞ്ഞ് കേറുന്നത്.

ഞാനും, ഇസ്രയും, ചായീം  അണ്ണന്റെ ബെല്‍റ്റായിരുന്നു. 

ഒരു സുപ്രഭാതത്തില്‍ അണ്ണന്‍ പറഞ്ഞു, അവന്‍ ചതിയനാണെന്ന്. അണ്ണന്‍ പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് അന്നും അപ്പീലില്ല. ഇന്നും അപ്പീലില്ല. 

അറ്റകൈ തുന്നിചേര്‍ക്കണമെങ്കില്‍ കെട്ടിവെക്കാന്‍ മൂന്ന് ലക്ഷം ഒറ്റയടിക്ക് വേണം.

അണ്ണനാണെങ്കില്‍ ഒന്നും മിണ്ടണില്ല. പണി ചങ്കത്താണ് കൊണ്ടിരിക്കുന്നത്.

അന്ന് കൊട്ടേഷനൊന്നും അത്ര റെയ്റ്റില്ലാത്ത കാലമാണ്. പണമെവിടുന്ന് കിട്ടാനാണ്.

ഒടുവില്‍ ഒറ്റരാത്രിയ്ക്ക് മണര്‍കാട്കുന്ന് എസ്റ്റേറ്റില്‍ തകര്‍പ്പനൊരു ചീട്ട് കളി ഞങ്ങള്‍ വാരി. തോക്കുമായിട്ട് കാവല്‍ക്കാരുണ്ടായിരുന്ന ഹെവി കളിയായിരുന്നു അത്. ആ പണിക്ക് ഒട്ട് അണ്ണന്‍ വന്നില്ല. അണ്ണങ്ങനാ ഒക്കെത്തിനും കൂടെയുണ്ടെന്ന് തോന്നിപ്പിക്കും. ഒരുതരം മായക്കളി...

ഞാനായിരുന്നു മുന്നില്‍. 

കളി വാരാന്‍ പോയപ്പോഴും, കാശുമായി ആശുപത്രി മുറ്റത്ത് നിന്നപ്പോഴും ദൈവത്തെ വിളിച്ച് ഞാനൊത്തിരി കരഞ്ഞു. അവനെ ചാകാണ്ട് കിട്ടിയാ മതിയെന്ന് വെച്ച് അന്ന് നേര്‍ന്ന നേര്‍ച്ചകളോര്‍ത്തു എന്റെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി നൂര്‍ന്ന് കയറിയ  നേരത്താണ് വീണ്ടും ചായി ബിജുവിന്റെ ശബ്ദം ഉയര്‍ന്നത്..

'വെട്ടി പുതയ്‌ക്കെടാ.. സീക്കോ ആ..... മകനെ.'

ചെറിയൊരു തിണ്ട് ചാടി ഞാന്‍ കിഴക്കോട്ടോടി. കൈതപ്പുറ്റ് കടന്നാല്‍ പുത്തന്‍തോട് നീന്തി മറുകര പറ്റാം.

ചായി ബിജുവിനോട് ശരിക്കും എനിക്ക് വല്ലാത്തൊരടുപ്പൊണ്ട്. സീക്കോയോടും അതെ അടുപ്പമുണ്ട്.

ഇപ്പോള്‍ എന്റെ ചോരയ്ക്ക്,  ജീവന്, ഏതാണ്ട് വിരല്‍പ്പാടകലെ എത്തി നില്‍ക്കുന്ന ഈ നേരത്തും അവരോട് എന്തോ വെറുപ്പ് തോന്നണില്ല.
 
അവരോടെന്നല്ല, ആളെ വിട്ട അണ്ണനോടില്ല. ആരോടും എനിക്കൊട്ടും വെറുപ്പില്ല. ഞാനിപ്പോള്‍ എന്നെ തന്നെ വെറുത്ത് ശീലിച്ച് വരുകയായിരുന്നു. അതൊരു സമാധാനമാണ്. മനുഷ്യത്വം ഉണ്ടാകണത് സ്വയം വെറുക്കുമ്പോഴാണ് എന്ന് എനിക്ക് നന്നായി അറിയാം.

പലരും പലതും പറഞ്ഞ് കേട്ടിട്ടും അണ്ണന്‍ എനിക്കിട്ട് ഇങ്ങനൊരു പണി ഫിറ്റ് ചെയ്യുമെന്ന്  കരുതിയില്ല.

ആര് ആരോടാണോ ഇവിടെ തെറ്റ് ചെയ്യണത്. എനിക്കറിയില്ല.

അന്ന് കരാട്ടെ സതീശന്‍ എന്നോടെന്ത് തെറ്റ് ചെയ്‌തെന്ന് ഞാന്‍ ഇന്നേരമൊന്ന് ചിന്തിച്ചു പോയി. കൂടെ ഇവരോടും അണ്ണനോടും എന്ത് തെറ്റാണോ ഇപ്പോള്‍ ഞാന്‍ ചെയ്തതെന്നും ആലോചിച്ചു. അങ്ങനെ ചിന്തകള്‍ രണ്ടറ്റത്തേക്ക് കീറപ്പെടുമ്പോള്‍ മാത്രമാണ് ശരിതെറ്റുകള്‍ മനുഷ്യന് മേല്‍ വേര്‍തിരിയപ്പെടുന്നത്.

ശരിയാണ് ,ഇന്നത്തെ ശരികളെ നാളെ തെറ്റെന്ന് വിളിക്കാത്തവര്‍ അത്യപൂര്‍വമല്ലേ ഭൂമിയില്‍.
 
ഇതുപോലൊരു കയ്യാലക്കെട്ട് ചാടി കടന്നാണ് കരാട്ടെ സതീശന്‍ ആ രാത്രി തോട്ടം മുറിച്ചോടിയത്.

ഇപ്പോള്‍ എന്റെ മുന്നില്‍ പുത്തന്‍തോടിന് ഉള്ള ദൂരം പോലുമില്ലായിരുന്നു അന്ന് കരാട്ടെ സതീശന്റെ പുരയിലേക്ക്. എന്നിട്ടവന്‍ പുരയെത്തിയോ?

ഒരിടിത്തീ എന്റെയുള്ളില്‍ ഉയിര്‍ കൊണ്ടു. കുഞ്ഞിന്റെ മരുന്ന് കുപ്പി കൈയിലിരുന്ന് ജീവന്റെ വിലപോലെ പിടച്ചു.

എന്റെ കഴുത്തിന്റെ തൊട്ടു പിന്നില്‍ വായുവില്‍ ലോഹമണമുരസിയ നേരത്താണ് ഒരു ചെറിയ കുണ്ടില്‍ കാലുടക്കി ഞാന്‍ വീണത്.അത് കൊണ്ട് വെട്ട് കൊണ്ടില്ല..

'ഒറക്കെടാ അവനെ...'

ചായിബിജുവിന്റെ വായ്ത്താരിക്ക് വാള്‍ത്താരിയേക്കാള്‍ മൂര്‍ച്ചയേറി. ആ നേരം ഉളള് മുറിഞ്ഞു ചോരയൊലിച്ചു.

മലര്‍ന്ന് കിടന്ന എന്റെ തലയോടിന് നേരെ പുറംപണിക്കാരന്‍ നെടുകെ വെട്ടി.
 
എന്റെ കണ്ണുകള്‍ ആകാശത്താരോടോ അഭയം ചോദിച്ചു. ഇത്കണ്ട് വിളറിപൂണ്ട ഒരു മഞ്ഞനക്ഷത്രം ഉരുണ്ട് മാറികളഞ്ഞ കൂടെ ഞാനും ഉരുണ്ട് മാറി.

അവന്റെ കാലുകളില്‍ കുടുക്കിട്ട് ഞാന്‍ വീഴിച്ചു. എന്നിട്ട് വീണ്ടുമെഴുന്നേറ്റ്  ഓടി. കിടന്ന് കൊണ്ട് എന്റെ ഇടത്തെ പിന്‍കാലില്‍ അവന്‍ ചെറിയൊരു മുറിവേല്‍പ്പിച്ചു.
 
റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കനത്ത ഇരുട്ട് മൂടി കിടന്നെങ്കിലും ഞങ്ങളുടെ ഡ്രൈവര്‍ ഹെഡ് ലൈറ്റടിച്ച് തന്നത് കൊണ്ട് കരാട്ടെ സതീശനെ  നന്നായിട്ട് കാണാമായിരുന്നു.

ഒരു മുഴംകൈ അകലത്താണ് വേരില്‍ തട്ടി സതീശന്‍ വീണത്. കൂടെ ഞാനും. ആ കിടപ്പില്‍ കൈയെത്തിച്ച് മെഴുത്തുരണ്ട കാല്‍വെണ്ണയില്‍ ഞാനൊരു പണി കൊടുത്തു. വാള്‍ ചെറുതായൊന്ന് നനഞ്ഞു. താഴെ, മണ്‍റോഡിലൂടെ  അണ്ണന്‍ പാഞ്ഞ് വരുന്നത്  കണ്ടു.

മുറിവ് ചെറുതാണെങ്കിലും ഇളംചൂട് എന്റെ കണങ്കാല്‍ തൊടുന്നത് ഞാനറിഞ്ഞു. വേഗത ഒരല്‍പ്പം  കുറഞ്ഞു. വയല്‍തിണ്ടില്‍ നിന്നും കരിങ്കല്ല് പാകി ചിറ വേര്‍തിരിച്ച ചെറിയ ഒരു കുനിപ്പ് മുകളിലേക്കുണ്ട്.അവിടം താണ്ടിയാല്‍ ചിലപ്പോള്‍ ഈ മത്സരത്തില്‍ ഞാന്‍ ജയിച്ചേക്കാം. ഉറപ്പില്ല. അല്ലെങ്കിലും മത്സരങ്ങളില്‍ ജയം അപ്രതീക്ഷിതങ്ങളാണ് പലപ്പോഴും.

പുത്തന്‍ തോട്ടില്‍ നിന്ന് കരിവയലിലേക്ക് തുറന്നിട്ട പുല്ലാന്തിയൊഴുക്ക്ചാലിന്റെ കടിവാ തുമ്പത്ത് കോര് വല വെക്കാന്‍ വന്ന കൊല്ലിപുരുഷനെ ഓട്ടത്തിനിടയില്‍ ഞാന്‍ കണ്ടു. നല്ല തോട്ട് ബ്രാല്‍ കിട്ടിയാല്‍ കൊല്ലി പുരുഷനത് അണ്ണനെ കൊടുക്കാറുള്ളൂ. തോട്ട് ബ്രാല്‍ അണ്ണന് വല്യ ഇഷ്ടമാണ്. എവിടെ കണ്ടാലും പറഞ്ഞ വിലക്ക് വാങ്ങി  ഞാന്‍ കൊടുക്കുമായിരുന്നു.

ഈര്‍ക്കിലി കോര്‍മ്പലില്‍ അടുക്കി കോര്‍ത്തിട്ട മീന്‍ തൂക്കം തലയ്ക്ക് മുകളിലേക്ക് ആട്ടി പിടിച്ചൊരു ചിരിയുണ്ട് അണ്ണന്‍. വാലനക്കങ്ങള്‍ മേഘത്തുഞ്ചത്ത് അവസാന നിമിഷങ്ങള്‍ തല്ലി തീര്‍ക്കുന്ന പോലെയിളകുമപ്പോള്‍.

മറക്കാന്‍ തോന്നണില്ല ഒന്നും. അല്ലെങ്കിലും ഒന്നും മറക്കാനല്ലല്ലോ ദൈവം ഭൂമിയില്‍ കളിപ്പിക്കുന്നത്.

മരണവും ജീവനും തമ്മിലുള്ള ഓട്ടപ്പാച്ചില് കണ്ട് ഭയന്ന കൊല്ലി പുരുഷന്‍  നിലവിളിച്ചോടിയപ്പോള്‍ എനിക്ക് വാകത്താനം ജയനെ ഓര്‍മ്മ വന്നു.

പിന്‍കാലില്‍ ഞാനൊരു ഒടിയിട്ടെങ്കിലും കരാട്ടെ സതീശന്‍ കരിയലകള്‍ വാരിപ്പറത്തി പിന്നെയും കുതിച്ചു. 

താഴെ റോഡിലൂടെ ചീറി വന്ന അണ്ണന്‍ കരാട്ടെ സതീശന്റെ രണ്ട് കാല്‍മുട്ടിന് താഴെയും കനത്തില്‍ നാല് പൂളങ്ങ് പൂളി. ചോര കൈലാസപുഴ പൊട്ടിച്ചൊഴുകി. എന്ത് ചൂടാരുന്ന് അവന്റെ ചോരക്ക്. ഹോ!.. 

ഉണങ്ങിയ കരിയിലകള്‍ക്ക് വരെ ചിലപ്പോള്‍ തീപിടിച്ചേക്കുമെന്ന് എനിക്കന്നേരം തോന്നിപോയി.

സതീശന്‍ അണ്ണന്റെ കാലടക്കം കെട്ടിപ്പിടിച്ച നേരത്താണ് കൈതതോട്ടത്തിന്റെ കിഴക്കെ മുക്കിലെ ഇരുട്ട് കൂട്ടില്‍ നിന്ന് അയ്യോന്നൊര് നിലവിളി നീട്ടിപ്പിടിച്ച് വന്നത്.. 

ഞങ്ങളുടെ കൂടെ പണിക്ക് വന്ന വാകത്താനം ജയനാരുന്നത്.

റബ്ബര്‍ കുഴിക്കകത്ത് വീണ അവന്റെ കയ്യിലിരുന്ന വാള്‍ പാഞ്ഞ് കാല് കീറി. പുല്ലൂരിയെല്ല് വരെ വെളിയില്‍ ചാടിയ വലിയൊരു കൊത. പിറ്റേന്നത് വല്യ പൊല്ലാപ്പായി. അണ്ണനാണെ തെറിയോട് തെറി. തെറി വിളിച്ചാല്‍ പലതിനും അണ്ണനങ്ങ് സമാധാനമാകും.

കരാട്ടെ സതീശന്‍ ചത്തതറിയാതെ ഞങ്ങള്‍ അവനെ ആ രാത്രി തന്നെ ചുമന്ന് ബൈക്കില്‍നിന്ന് വീണെന്നും പറഞ്ഞ് മലഞ്ചെരുവിലെ അമ്മമാരുടെ ആശുപത്രിയില്‍ കേറ്റി. 

വെളുപ്പിനെ മധുവക്കീല് പറഞ്ഞാ കരാട്ടെ സതീശന്‍ ചത്തെന്ന് ഞങ്ങള്‍ അറിയണത്. മുങ്ങിയെപറ്റു.

ആശുപത്രിക്കാര് ഈ പരുവത്തില്‍ വിടത്തുമില്ല. ബലമായി എടുത്ത് വണ്ടിയിലിട്ട് ഞങ്ങള്‍ നാട് വിട്ടു.

ഒരു മാസം കഴിഞ്ഞ് പോലീസ് പിടിച്ചപ്പോള്‍ കാല് മുറിഞ്ഞത് കാരണം അവന് മാത്രം തല്ല്  കിട്ടിയില്ല. 

ജയിലില്‍ വെച്ച് തന്നെ വാകത്താനം ജയന്‍ സുവിശേഷക്കാരനായി.

അന്നുണ്ടായിരുന്ന ആരും തന്നെ  ഇപ്പോള്‍ അണ്ണന്റെ ഗ്യാങ്ങിലില്ല. അവശേഷിച്ചത് ഞാനായിരുന്നു. എന്റെയവസ്ഥ ഇങ്ങനെയുമായി.

മരുന്ന് കുപ്പി കടിച്ച് പിടിച്ച് കരിങ്കല്ല് കുനിപ്പില് ചവിട്ടൊപ്പിച്ച് ഞാന്‍ വലിഞ്ഞ് കയറി. വെട്ട് കൊള്ളാത്ത വലം കാലിന് കൂടുതല്‍ ബലം കൊടുത്ത് കുത്ത് കല്ലായുമ്പോള്‍ ജീവന്റെ മറുപുറത്ത് നിന്ന് ഓടിയണച്ച ഒരു നായ  ഉള്ളില്‍ തളര്‍ന്ന് തുടങ്ങി.

അവസാന നിമിഷം മാത്രമണയ്ക്കുന്ന നായയാണ് ശരിക്കും ജീവിതം. അതുവരെയോടും.

ചായിബിജുവിന് എന്താണേലും മുകളിലേക്ക് വയ്യാത്ത കൈ എത്തി പിടിച്ച് കയറാനാവില്ല. ഒന്നോര്‍ത്താല്‍ അത് നന്നായി. അവന്റെയും, സീക്കോടെയും വെട്ട് കൊണ്ട് മരിക്കാന്‍ എന്തോ മനസ്സൊരുക്കം തോന്നണില്ല. അങ്ങനെ വിചാരിക്കാനൊരു കാരണമുണ്ട്. ഓടിപ്പിടിക്കാന്‍ കൊതിച്ച് അടുക്കുന്തോറും കൈ തുമ്പില്‍ നിന്ന് വഴുതിമാറി ജീവിതം എന്നുമെന്നെ വഞ്ചിക്കാറുണ്ട്. 

ഇത്തവണ എന്നന്നേയ്ക്കുമായി ഞാന്‍ വഞ്ചിക്കപ്പെട്ടാല്‍, ഇന്നത്തെ ശരി നാളത്തെ തെറ്റാണെന്ന് തീര്‍ച്ചയായും ബോധ്യപ്പെടുന്ന ഒരു നിമിഷം അവരുടെ ജീവിതത്തിലും വരും. അന്ന് എന്നെ കുറിച്ച് പാവങ്ങള്‍ക്ക് കുറ്റബോധം തോന്നണ്ട.

സത്യത്തില്‍ അവന്മാര് സ്‌നേഹമുള്ളവരായിരുന്നു, അല്ലെങ്കില്‍ ആര്‍ക്കാണ് ഇവിടെ സ്‌നേഹമില്ലാത്തത്.

അറ്റ് പോയിട്ടും തുന്നിച്ചേര്‍ത്ത കൈയിലെ മരവിച്ച് ചലനം മറന്ന കൊള്ളിച്ചാല് പോലത്തെ വിരലുകള്‍ക്കിടയില് ഷട്ടില്‍ ബാറ്റ് കൊരുത്തിവെച്ച് ഒരു കളിയുണ്ട് ചായിബിജു. 

തലങ്ങും, വിലങ്ങും അടി കൊണ്ട് പറക്കുന്ന കോര്‍ക്കുകള്‍ അവനെ സംബന്ധിച്ചിടത്തോളം ഇസ്രയായിരുന്നു. ഓരോ അടിയും ഇസ്രക്കുള്ള ഊക്കന്‍ വെട്ടുകളായിരുന്നു. 

സ്വന്തം കൂട്ടം തെറ്റിച്ച് ഇരകളെ സൃഷ്ടിക്കലാണ് അണ്ണന്റെ ശൈലി. എക്കാലവും ജയവും, ദീര്‍ഘകാല നിലനില്‍പ്പിനുമുള്ള ഒരു രാസസൂത്രം.

ഇസ്രയുമായുള്ള  എട്ടു കൊല്ലത്തെ ഒളിച്ച് കളിക്കാലത്തിനിടയ്ക്കാണ് ചായിബിജു ശാലിനിയെ പ്രേമിച്ചത്. അവള്‍ സൗദിയില് നേഴ്‌സായിരുന്നു. എല്ലാമറിഞ്ഞ് ഒരു തോള്‍ അവള്‍ കൊടുത്തു.

ക്രമേണ ഇസ്രയെ അവന്‍ മറന്ന് തുടങ്ങി വരുകയായിരുന്നു.

പോയവന്‍ മറന്നാലും പോക്കിയവന്‍ മറക്കുമോന്നോരു പാഠം പോലെയായി പിന്നത്തെ കാര്യങ്ങള്‍.

അണ്ണന്‍ വരച്ച് വെച്ച കൃത്യതയാര്‍ന്ന കുടുക്ക് കാര്‍ക്കശ്യത്തില്‍ മടിച്ച് മടിച്ചവന്‍ ഇസ്രയെ തിരിച്ച് പണിതു. അതും പേരിനൊരു പണി.
പക്ഷെ ശാലിനി വേറെ കല്യാണം കഴിച്ചു പോയി. അവിടെയും അണ്ണന്‍ ജയിച്ചു. ജയിക്കാന്‍ മാത്രമെ അയാള്‍ക്ക് അറിയു. 

സത്യത്തില്‍ ചായി ബിജു ചതിക്കപ്പെടുകയായിരുന്നു. ചതി അന്തമില്ലാത്ത വേരുകളെപ്പോലെയാണ്. അടിയിലൂടെ വന്ന് വരിഞ്ഞ് മുറുക്കും. ഇപ്പോള്‍ എന്നെ കുരുക്കിയത് പോലെ.

കളിയില്‍ പകുതി ജയിച്ച പോലൊരാശ്വാസത്തില്‍ മണ്ണുറപ്പിച്ച റോഡ് വക്കിലേക്ക് എന്റെ മൂക്ക് വരെ ചെന്ന് മുട്ടിയതാണ്.അപ്പോള്‍ പുതുമണ്ണിന്റെ നല്ല ചെകിടന്‍ ചൂര് മണത്തു. അതെനിക്ക് വലിയ ഇഷ്ടമുള്ള ഗന്ധമാണ്. കുഞ്ഞുന്നാളത്തെ പോലെ അറിയാതെ ഒരു നിമിഷം കണ്ണടച്ച് ,കിതപ്പിടിച്ച നെഞ്ചിലേയ്‌ക്കൊന്ന്  അവസാന ശ്വാസമെന്നോണം ആഞ്ഞു വലിച്ചു.

ശ്രദ്ധ അല്‍പ്പം തെറ്റിയ ആ മുടിഞ്ഞ നേരത്ത് മുറിഞ്ഞൊഴുകിയ ഇടം കാലില്‍ അളളി പിടിച്ച് ഒരു വലിയായിരുന്നു. ചെറിയ പഴുതുകളിലാണ് ദൈവം വലിയ വീഴ്ചകള്‍ വിധിക്കുന്നത്.

പിടുത്തത്തിന്റെ കനം വെച്ച്  പുറംപണിക്കാരല്ല ഉടുമ്പ് ഈനാപ്പിയാണതെന്ന് എനിക്ക് മനസ്സിലായി. ഇനി വിടില്ല. 

മുട്ടും നെഞ്ചും കല്‍ചീളുകളിലുരസി ഞാന്‍ താഴേക്ക് വീണു. കടിച്ച് പിടിച്ച മരുന്ന് കുപ്പി ഉടയാതിരിക്കാന്‍ ഭിത്തിയില്‍ നിന്നും ഞാന്‍ മുഖം അകറ്റി പിടിച്ചു.

പാടത്തേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഒരു രസികന്‍ മുനമ്പുള്ള കരിങ്കല്‍ കഷണം എന്റെ കയ്യില്‍ തടഞ്ഞു. മലര്‍ന്നടിച്ച കിടപ്പില്‍ നിന്നും നടുവരെ ഉയര്‍ത്തി കല്ല് കൊണ്ട്  അവന്റെ മൂക്ക് പാലം അടിച്ച് പൊട്ടിച്ചു. ഉടുമ്പ് വിരലുകള്‍ അയഞ്ഞു.

കരാട്ടെ സതീശന്‍ അണ്ണന്റെ കാലടക്കംചുറ്റി ഇതുപോലന്ന് മറിച്ചിട്ടു. തുട കടിച്ച് മാംസം അടര്‍ത്തിയിട്ടും അവന്‍ കടി വിട്ടില്ല. രണ്ടാളും കെട്ടി മറിഞ്ഞു. വെട്ടാര്‍ക്ക് കൊള്ളുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. വളഞ്ഞ് നിന്ന ഞങ്ങള്‍ ഒരു വെട്ട്പഴുതിന് ചാഞ്ഞും മറിഞ്ഞും കിട്ടിയ വെട്ടത്തില്‍  പരതുമ്പോഴാണ് അണ്ണന്റെ കയ്യിലൊര് കല്ല് തടഞ്ഞത്.

ചെറിയൊരു മൂളക്കം. സതീശന്റെ മൂക്ക് പാലം ഒടിഞ്ഞ് മുഖം ചതഞ്ഞ് പോയി. പിന്നെ തലങ്ങും വിലങ്ങും പണി കേറി. അവന്‍ കൈ കൂപ്പി അണ്ണനോട് എന്തോ പുലമ്പി. ചോര ചുണ്ടുകള്‍ക്കിടയിലൂടെ ക്രമരഹിതമായി തുളുമ്പി.

കരാട്ടെ സതീശന്റെ കണ്ണുകള്‍, വെളിച്ചത്തിന്റെ ആളിക്കരച്ചിലുയര്‍ന്ന അവന്റെ വീടിന്റെ ഉമ്മറത്തേക്ക് മറിഞ്ഞു. മരിച്ച  കണ്ണുകളിലേക്ക് വേണ്ടപ്പെട്ടവരുടെ നിഴലുകള്‍ വട്ടം കൂടി നിന്ന് പതം പറഞ്ഞൊഴുകും മുന്നെ ഞങ്ങള്‍ വാനില്‍ കയറി സ്‌കൂട്ടായി.

ഒന്നുംവേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സ് പറഞ്ഞ് പരിഹസിക്കുന്നത് പോലെ തോന്നി.

പുറംപണിക്കാരന്റെ വക എന്റെ തോളിനൊരു പണി കൂടി കേറി. ഞാനൊന്നു കൂടി ഉരുണ്ടു. മത്സ്യചന്തയിലെ മാലിന്യമൊഴുക്കി പുഴയില്‍ ചാടിക്കുന്ന കൈതോടിന്റെ കരക്കെട്ടില്‍ നിസ്സഹായതയോടെ ചുരുണ്ടു.

'കൊരവള്ളിക്ക് പൂളെടാ. അണ്ണനെ ചതിച്ചൊരുത്തനേം ഞങ്ങള്‍ വിടൂല്ല'

ഞാനണ്ണനെ എങ്ങനെ ചതിച്ചുവെന്നാ ഇവന്‍ പറയണത്. എനിക്കതങ്ങ് മനസ്സിലായില്ല.
 
ഒരു പാട് ശരികളിലേക്ക് പലപ്പോഴും മടക്കി വിളിച്ച മാതാപിതാക്കളെയല്ലാതെ ഈ ഭൂമിയില്‍ മറ്റാരെയും ചതിച്ചതായി എനിക്കോര്‍മ്മയില്ല. പ്രാണന്‍ ദാണ്ടെ പുല്ലുപോലെ കണ്ണില്‍ നിന്നിറങ്ങി മണ്ണില്‍ ദ്രവിക്കാന്‍ തിക്ക് കൂട്ടിയ ആയുസ്സിന്റെ അവസാന കളിമുറ്റത്ത് എന്റെ തോല്‍വി സമ്മതിച്ച് കിടക്കുന്ന ഈ നേരത്തും  കൂട്ടിയും, കിഴിച്ചും  കഴിഞ്ഞ പതിമൂന്ന് കൊല്ലം ഇഴപിരിച്ചെടുത്തു. 

മരിച്ച് പോയ പിതാവിന്റെ പുല്ല് വളര്‍ന്ന കുഴിമാടത്തിനോടും, ഇറയത്തിരുന്ന് തമ്പുരാന്റെടുക്കലേക്ക് കണ്ണീര് കൊണ്ട് കടം പറഞ്ഞ മാതാവിന്റെ വിളറിയ മുഖത്തോടും ഒരുപാട് പറഞ്ഞ് തീര്‍ക്കാനുളളത് പോലെ കരള്‍ കടയുന്നു.

ദൈവം ഉടലില്‍ തടവിലിട്ട് തന്ന ജീവനെ പുറത്തെടുക്കാന്‍ എന്റെ ശരീരത്തെ കീറി മുറിക്കാന്‍ വിധിക്കപ്പെട്ട വിഡ്ഡികളായ  കൂട്ടുകാര്‍ വെമ്പി നില്‍ക്കുന്നത് നിസ്സംഗതയോടെ ഞാന്‍ കണ്ടു.

ചായിബിജു എന്റെ മുഖത്തേക്ക് കാറിതുപ്പി.
 
എന്റെ കുഞ്ഞ് കരച്ചില് നിര്‍ത്തി കാണുമോ ആവോ?

മണല് കൂട്ടിയിട്ട വലിയ മുറ്റത്ത് വെച്ച് ശാലിനിക്ക് വേണ്ടി ഇസ്രയെ വിട്ടേക്കട്ടെ എന്ന് മടിച്ച് മടിച്ച് അണ്ണനോട് ചോദിച്ചപ്പോള്‍ ചായിബിജൂന്റെ ചെവിട് കൂട്ടി ഒറ്റ അടിയാരുന്നു. അതാണെനിക്കിപ്പോള്‍ ഓര്‍മ്മയില്‍ തികട്ടിയത്. ഞാനവനെ ഒന്ന് ദയാപൂര്‍വ്വം നോക്കി.

പക്ഷെ അവന്‍ എന്റെ മുഖത്തേക്ക് നോക്കിയതേയില്ല.

പുറംപണിക്കാര് എന്റെ ഇടം കൈ നല്ല വെടിപ്പോടെ അരിഞ്ഞു. ഇവരെ അണ്ണന് നന്നായി പിടിക്കും എന്ന് മനസ്സിലോര്‍ത്തു.

കടും ചോരകൊണ്ട് മുഖം മറച്ച ഉടുമ്പ് ഈനാപ്പി നിരങ്ങി വന്ന് കല്‍ചീള് കൊണ്ടെന്റെ മൂക്ക് പൊത്തി. കടിച്ച് പിടിച്ച കൊച്ചിനുളള മരുന്ന് കുപ്പി കരിങ്കല്‍ക്കെട്ടില്‍ നിന്ന് ഊര്‍ന്ന് പോകാതിരിക്കാന്‍ ഞാന്‍ വലം കൈ നീട്ടി പിടിക്കാന്‍ ആഞ്ഞൊന്നു ചരിഞ്ഞു.മരുന്ന് കുപ്പി പിടിച്ചെങ്കിലും അഴുക്ക് ചാലിലേക്ക് ഞാന്‍ നില തെറ്റിവീണു.

അസഹ്യമായ ദുര്‍ഗന്ധ പരപ്പിനടിയിലേക്ക് താണ എന്റെ കാലുകളില്‍ കുപ്പി ചില്ലുകള്‍ കുത്തി കയറി. മുറിവുകള്‍ നീറ്റി. മുന്നറിയിക്കാതെ വിണ്ട വടുക്കളില്‍ നോക്കി ചിരിച്ച  പുഴുക്കളും, കൃമികളും മുറി വിടര്‍ന്ന എന്റെ ചുണ്ട് തുരന്ന് തൊണ്ടവിട്ട് താഴേക്കിറങ്ങി.

കാല് കൊണ്ട് അടിത്തട്ടില്‍ തെളളി തെളളി ഞാന്‍ വീതി കുറഞ്ഞ മറുകരയിലേക്ക്, പിടിച്ച് കയറുന്നതും നോക്കി മരണവ്യവഹാരികളെ പോലെ അവര്‍ നിന്നു 

സാവധാനം ഒരു കാല്‍ വിടര്‍ത്തിയാല്‍ അവര്‍ക്കെത്താവുന്ന മറുകരയില്‍ എനിക്ക് പ്രതീക്ഷകള്‍ ഏതുമില്ലായിരുന്നു.എത്തിപ്പിടിക്കാനാവാത്ത ദൂരത്തില്‍ ജീവിതം.

വാറ്റ് കുടിച്ച് കുടിച്ച് ചത്തുപോയ ജിംനേഷ്യം നടത്തിപ്പുകാരന്‍ ബോണിയുടെ പറമ്പായിരുന്നത്. ഒരു ശുദ്ധഗതിക്കാരന്‍. ചാരായ കേസിന് ഞങ്ങള്‍ രണ്ട് വട്ടം അവനെ ഒറ്റിക്കൊടുത്തതാണ്.

ആ വക പോലീസിന്റെ ഇടി കൊണ്ടു ആവോളം.

ഒച്ചയും ബഹളവും കേട്ട് അടുക്കള വാതില്‍ തുറന്ന ബോണിയുടെ അമ്മ ലക്ഷ്യമെത്തി പിടിക്കാനാവാത്ത കണ്ണുകള്‍ ഇരുട്ടിലുപേക്ഷിച്ച്  വാതിലടയ്ക്കുന്നത് നിരാശയോടെ ഞാന്‍ നോക്കി കിടന്നു. 

കരാട്ടെ സതീശനെ കൊന്ന കേസില്‍ ലോക്കപ്പില്‍ കിടന്ന നേരം അച്ഛന്റെ സഹപാഠിയായിരുന്ന പോലീസുകാരന്‍ വന്ന് ഇരുമ്പഴികളില്‍  പിടിച്ച് നിന്ന്  നോക്കിയപ്പോള്‍ കവിഞ്ഞ അയാളുടെ കണ്ണുകളെ പോലെ മുകളില്‍ നിലാവ് തൂവി.ഇപ്പോള്‍ അവരെനിക്ക് ചുറ്റും ആകാശം മറച്ചൊരു വൃത്തം തീര്‍ത്തു.

അണ്ണന്റെ ചിരി അവിടമാകെ മുഴങ്ങുന്നതായി എനിക്ക് തോന്നി. അഴുക്ക് ചാലിലേയ്ക്ക്  വിരല്‍പ്പിടിയില്‍ നിന്നും വഴുതിയിറങ്ങിയ എന്റെ പൂങ്കണ്ണി പെങ്കൊച്ചിന്റെ വസൂരി കാച്ചിലിനുള്ള മരുന്ന് കുപ്പിയോടൊപ്പം അവശേഷിച്ച നക്ഷത്രങ്ങളും മുനിഞ്ഞ അന്ധകാരത്തിലേക്ക് പൊടുന്നനെ കയറി പോയി.

click me!