വാക്കുല്‍സവത്തില്‍ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയനായ കവി കാര്‍ത്തിക് കെ എഴുതിയ അഞ്ച് കവിതകള്‍.
അതിസാധാരണമായ ജീവിത മുഹൂര്‍ത്തങ്ങളിലും കവിതയുടെ വിത്തുകള്‍ കണ്ടെടുക്കുന്ന ഒരു യാത്രികന്‍ ചെന്നുപെടുന്ന സ്വാഭാവിക ഇടങ്ങളാണ് കാര്‍ത്തിക്കിന്റെ കവിതകള്‍. പ്രാതലിലെ ചായയും ചേച്ചിയുടെ പല്ലിലിട്ട കമ്പിയും വിറകാക്കാന്‍ കിട്ടിയ ഓലമടല്‍ ക്രിക്കറ്റ് ബാറ്റായി മാറുന്ന പരിണാമവും വഴിചോദിക്കാതെ വീട്ടിലെത്തിയ ഓറഞ്ചുമെല്ലാം ഒളിപ്പിച്ചുവെയ്ക്കുന്ന നിത്യജീവിതപ്പഴക്കങ്ങളില്‍നിന്ന് കവിത മെനയുന്ന ശില്‍പ്പചാതുരിയാണത്. ശ്വാസം കഴിക്കുന്നതുപോലെ സ്വാഭാവികമാണ് ആ പിറവി. നിത്യജീവിതത്തെ കവിത കൊണ്ട് പൂരിപ്പിക്കാനുള്ള ഈ നടത്തങ്ങളാണ്്, വിദ്യാര്‍ത്ഥിയായ കാര്‍ത്തിക്കിനെ മലയാള കവിതയുടെ ഏറ്റവും പുതിയതും വ്യത്യസ്തവുമായ സ്വരങ്ങളിലൊന്നായി മാറ്റുന്നത്. കാവ്യ ചരിത്രത്തിലും എഴുത്തു പാരമ്പര്യത്തിലും വേരാഴ്ത്തി വളരുന്ന നാട്ടുചെടിത്തഴപ്പാണ് ആ കവിതകളുടെ മേലാപ്പ്. സൂക്ഷ്മമായ ജീവിത നിരീക്ഷണവും അസാധാരണമായ താളബോധവും പ്രായത്തെ വെല്ലുന്ന കാവ്യാവബോധവും കൊണ്ടാണ്, സമകാലീനതയെ കാര്‍ത്തിക് നേരിടുന്നത്.
ലാന്‍ഡ് മാര്‍ക്ക്
പണ്ട് യാത്ര പോയപ്പോള്‍
വഴിയരികില്‍ വണ്ടി നിര്‍ത്തി
കണ്ടുനിന്നു പോയ ആ പ്രകൃതിദൃശ്യം
ഇപ്പോഴും കണ്ണിലുണ്ട്.
സഹയാത്രികര്‍ വേറെയാണെങ്കിലും
അതേ കാഴ്ചക്കുതന്നെ
ഇന്നും വണ്ടി നിര്‍ത്തി,
ആ വഴി പോയപ്പോള്‍.
അടിമുടി മാറിപ്പോയിരിക്കുന്നു ആ കാഴ്ച.
അവിടത്തിനു ഞാനെന്ന പോലെ
ഇനിയും മാറിയിട്ടില്ലാത്ത
ആ ഒരേയൊരു ലാന്‍ഡ്മാര്‍ക്കാകട്ടെ
ഓര്‍മ്മ കിട്ടുന്നുമില്ല.
................................
Read more: പി രാമന്‍ എഴുതിയ കവിത, കുത്തബുദ്ധീന്‍ മാഷിന് ഒരാശംസാഗാനം
................................
ഓറഞ്ചിന്റെ വീട്
ടൗണിലെ കടയില്‍ നിന്നും
ഒരു കവറ് ഓറഞ്ച് വീട്ടിലെത്തി.
എല്ലാവരും ഓരോന്നെടുത്ത്
ഓരോ മൂലക്കലിരുന്ന്
പൊളിച്ചു തിന്നാനും തുടങ്ങി.
വീടാകെ ഓറഞ്ചിന്റെ കടുത്ത മണം തിങ്ങി,
കവറില്‍ അവസാനമിരിക്കുന്ന ഒരെണ്ണം
സമാധാനത്തിലൊന്ന് ശ്വാസമെടുത്ത്
പറയുകയാണ്
ഹാവൂ.. വീണ്ടും തന്റെ
ഓറഞ്ചുതോട്ടത്തില്‍ത്തന്നെ
തിരിച്ചെത്താനായല്ലോയെന്ന്.
...........................
Read more: ചീങ്കണ്ണി വേട്ട, ഷീബ ദില്‍ഷാദ് എഴുതിയ കവിതകള്‍
...........................
ബൗ
ഞാന്‍ ചെന്നപാടെ
പപ്പി കുര തുടങ്ങി
'എല്ലാരെ കണ്ടാലും പപ്പി ഇങ്ങനെ കുരക്കുമോ'
നാലുവയസ്സുകാരന്‍ അപ്പു പറഞ്ഞു
'ഇല്ല
അതിന്റെ അമ്മയെ കണ്ടാല്‍ കുരക്കില്ല'
'അപ്പു കണ്ടിട്ടുണ്ടോ ഇതിന്റെ അമ്മയെ'
'ഏയ്.
ആരും കണ്ടിട്ടില്ല'
.......................
Read more:
.......................
ഗോളം
ഉടഞ്ഞു ചിതറി
പലയാകൃതിയില്‍
നിലത്തു പാറിയ
കണ്ണാടിപ്പൊളി-
യവയുടെ കുനിപ്പ്
കൊണ്ടു മുറിഞ്ഞൂ
ധൃതിയില്‍ പാഞ്ഞൊരു
കുഞ്ഞിന്‍ കാലടി.
നോവും പാദം
കുടഞ്ഞതില്ലാ-
ക്കണ്ണില്‍ വേദന-
പേടിയുമില്ലാ
അവന്നു വേണ്ടത്
കിട്ടിയ നടയില്‍
ഉണരും പുരികം
മുഖത്തു് കുതുകം.
അവന്നു വേണ്ടത്
രക്തം.. രക്തം.
അവന്നു വേണ്ടത്
ബിംബം.. ബിംബം.
അവന്നു വേണ്ടത്
ചിത്രം.. ചിത്രം.
അവന്നു വേണ്ടത്
തിരിയും ഗോളം.
..............................
Read more: തേരോട്ടം കാറോട്ടം, ആദില്‍ മഠത്തില്‍ എഴുതിയ അഞ്ച് കവിതകള്‍
................................
ക്രിക്കറ്റ്ഫാന്‍ മകന്‍
അടുപ്പില്‍ വക്കാന്‍
വിറകുണ്ടാക്കുന്ന തിരക്കിലാണ് അമ്മ.
ഓലചീന്തിയിട്ട മടക്കന
വെട്ടിവിറകാക്കാന്‍
അവര്‍ മകനോട് പറഞ്ഞു.
അദ്ദേഹം വന്ന്
സ്‌നേഹത്തോടെ
മുനച്ച ഈര്‍ക്കിലുകള്‍ ചെത്തിക്കളഞ്ഞ്, ഒരരിക് കൂര്‍പ്പിച്ച്, മറ്റേയരിക് പരത്തി
കഷ്ണങ്ങളുണ്ടാക്കിത്തുടങ്ങി.
'നിന്നോട് ഞാന്‍ ക്രിക്കറ്റ് ബാറ്റുണ്ടാക്കാനല്ല പറഞ്ഞത്'
ചെക്കനത്ര സുഖിച്ചില്ല.
'പക്ഷെ
എനിക്കിത് വച്ച് ഫുട്‌ബോളുണ്ടാക്കാനറിയില്ല'
അമ്മ അപമാനിച്ചത് കൊണ്ട് മാത്രം
അവന്‍ തെറ്റിപ്പോയി മുറിക്കകത്ത് കേറി.