വാക്കുല്‍സവത്തില്‍ ഇന്ന് രഗില സജി എഴുതിയ കവിത
കാഴ്ചയുടെ ഒരു ഡിസക്ഷന്‍ ടേബിളുണ്ട് രഗില സജിയുടെ കവിതകളില്‍. അവിടെത്തുമ്പോള്‍ ജീവിതം അതിന്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളിലേക്ക് ചിതറുന്നു. അനുഭവങ്ങള്‍ അതിന്റെ ഉറവിടങ്ങളിലേക്ക് ചുരുങ്ങുന്നു. വൈകാരികതകളുടെ ആഴങ്ങള്‍ വെളിവാകുന്നു. ഓര്‍മ്മകള്‍ അത് പിറന്ന വഴികളെ തൊടുന്നു. പ്രകൃതിയും ലോകവും പ്രപഞ്ചവുമെല്ലാം അതിന്റെ ഏറ്റവും സൂക്ഷ്മ വിതാനങ്ങളിലേക്ക് പിന്‍മടങ്ങുന്നു. നോക്കിനോക്കി ഓരോന്നിന്റെയും അടരുകള്‍ ചികയുന്ന ഒരു മജീഷ്യന്‍ ആണിവിടെ കവി. ആ അടരുകളില്‍ കണ്ടെത്തപ്പെടുന്നത്, അതേ സൂക്ഷ്മതയില്‍, അതേ ഗാഢതയില്‍ കവിതകളില്‍ പകര്‍ത്തപ്പെടുന്നു. ആ കവിത നമ്മുടെ സാധാരണ നോട്ടങ്ങള്‍ക്കു മേല്‍ മറ്റൊരു കാഴ്ചാസാദ്ധ്യത കൊണ്ടുവെയ്ക്കുന്നു. ജീവിതത്തെയും ലോകത്തെയും മറ്റൊരു കണ്ണിലൂടെ സമീപിക്കാനുള്ള സാദ്ധ്യതകള്‍ തുറക്കപ്പെടുന്നു. മലയാള കവിത ആഴത്തിലാഴത്തിലേക്ക് പോവുന്ന വഴിയില്‍, വേറിട്ടു നില്‍ക്കാന്‍ രഗില സജിക്ക് കഴിയുന്നത് ഇങ്ങനെയാണ്.
undefined
നടപ്പ്
നടക്കുമ്പോള്‍
നില്‍പിലായിരിക്കുമ്പോഴുണ്ടായിരുന്ന
നിശ്ചലത കൂടി ചുമക്കുന്നു.
ഇരിക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെയുണ്ടായിരുന്നത്രയും
അനക്കങ്ങള്‍ നടക്കുമ്പോഴൊപ്പം നടക്കുന്നു.
ചില നടത്തങ്ങള്‍ പുല്‍ത്തലപ്പു തട്ടി
ചിതറും.
ചിലത് അറ്റമില്ലാതെ
സഞ്ചാരത്തിന്റെ ആകാശം പോലെ.
നടക്കുമ്പോളിടയ്ക്ക്
ഒരു വണ്ടിയാണെന്ന് തോന്നും
കൈമുട്ടു വളച്ച് ഹാന്‍ഡിലുണ്ടാക്കി
അനിയത്തിയെ വണ്ടിയാക്കിക്കളിച്ച കാലമോര്‍ക്കും .
മുന്നിലെ വണ്ടിയെ എപ്പോള്‍ വേണമെങ്കിലും
ചെന്ന് മുട്ടി തെറിച്ച് വീണ്
മുറിവുപറ്റുമെന്ന് പേടിച്ച്,
വഴിയുടെ വശം ചേര്‍ന്ന് പോകും.
നടക്കുമ്പോള്‍
നിന്നുപോവാറുണ്ടിടയ്ക്ക്.
നടപ്പിന്റെ വേഗത്തില്‍
ശ്വാസം, നില്‍പ്പിലും.
നടപ്പില്‍ ഭൂമി ചലിക്കുന്നതായ്
മരങ്ങള്‍ ഒപ്പം പോരുന്നതായ്
തുമ്പികള്‍ നൃത്തം ചെയ്യുന്നതായ്
കാലിനു ചോട്ടില്‍ കുഴിയാനകള്‍
എതിര്‍പ്പോക്കുണ്ടാക്കുന്നതായ് തോന്നും.
നടപ്പിന്റെയീണത്തില്‍
തുന്നിയ മേഘങ്ങളില്‍
പലയാകൃതിയില്‍ ഒരു നഗരത്തിന്റെ ആള്‍ക്കൂട്ടം സദാ
പലായനം ചെയ്തുകൊണ്ടേയിരിക്കുന്നു.
ചോര്‍ന്നുപോയ നാടിന്
നമ്മുടെ നടത്തത്തിന്റെയത്രയും പഴക്കം.
പക്ഷികള്‍ പറക്കുന്നതിന്റത്രയും ഒച്ചയില്‍
ചരിത്രത്തിന്റെ എല്ലാ മേടുകളിലും
നമ്മള്‍ നടന്നതിന്റെ അടയാളങ്ങളുണ്ട്.
മാഞ്ഞു പോവില്ല
എത് ഋതുവിലും അതിന്റെ താളം.