വാക്കുല്‍സവത്തില്‍ ഇന്ന് പി. ടി ബിനു എഴുതിയ കവിതകള്‍
കവിതയില്‍ പാര്‍ക്കുന്നൊരാള്‍ ജീവിതത്തോട് നടത്തുന്ന പല മാതിരി ഇടപെടലുകളാണ് പി ടി ബിനുവിന്റെ കവിതകള്‍. അതാവണം ആദ്യ സമാഹാരത്തിന് 'കവിതയില്‍ താമസിക്കുന്നവര്‍' എന്ന് ബിനു പേരിട്ടതും. ആള്‍പ്പാര്‍പ്പുള്ള കവിതകളാണത്. അതില്‍, മനുഷ്യര്‍ മാത്രമല്ല, മറ്റ് ജീവജാലങ്ങളും മരങ്ങളും പ്രകൃതിയിലെ സൂക്ഷ്മാംശങ്ങളുമുണ്ട്. എന്നാല്‍, പ്രകൃതിയല്ല ബിനുവിന്റെ കവിതകളുടെ ഇടം. അത് ജീവിതമാണ്. ജീവിതത്തോട് പല വഴികളില്‍ പൊരുതുന്ന ഒരാളുടെ അന്നന്നേരങ്ങളുടെ പകര്‍പ്പെഴുത്തുകളാണത്. കവിതയുടെ കവചകുണ്ഡലങ്ങളാണ് ബിനുവിനെ അതിനു സജ്ജമാക്കുന്നത്. ക്ലാസില്‍നിന്നു പുറത്തായ കുട്ടികളെയും ജീവിതത്തില്‍നിന്ന് പുറത്തായ മനുഷ്യരെയും യാഥാര്‍ത്ഥ്യങ്ങളിലേക്ക് പറിച്ചെറിയപ്പെട്ട സ്വപ്‌നങ്ങളെയും ആ കവിത കാണുന്നു, ചേര്‍ത്തുനിര്‍ത്തുന്നു.
ചേര്‍ത്തുകെട്ടിയിരിക്കുന്ന വാക്കുകളുടെ ഇടയിലെ നിശ്ശബ്ദതയാണ് ആ കവിതകളുടെ ആത്മാവ്. ഒറ്റനൊടികൊണ്ടുതന്നെ കവി വേനലില്‍ നിന്ന് മഴയിലേക്കും മഴയില്‍ നിന്ന് വേനലിലേക്കും വായനക്കാരനെ ചുവടുമാറ്റുന്നു. കവിതയാണ് ബിനുവിന്റെ ഓര്‍മ്മയും അനുഭവവും. അവിടെ വേര്‍പിരിയലുകളുണ്ട്, വേര്‍പിരിഞ്ഞിട്ടും പിരിഞ്ഞുപോകാത്ത ഒട്ടിനില്‍ക്കലുകളുണ്ട്. വേദനകലര്‍ന്ന അത്തരം സ്പര്‍ശങ്ങള്‍ കൂടിയാണ് ബിനുവിന്റെ കവിതകള്‍.
ആത്മഹത്യയ്ക്കു മുമ്പ്
ആത്മഹത്യയ്ക്കു മുമ്പ്
അവനെ കാണാന്‍ പോയി.
അവന്റെയുള്ളില്‍ ഒരു തടാകമുണ്ട്,
മീനുകള്‍ നീന്തി നീന്തി
ശില്‍പ്പങ്ങളായ ജലം നിറഞ്ഞ ശംഖ്.
വെള്ളത്തിച്ചെടികള്‍
പൂത്തു നില്‍ക്കുന്നു.
അതിന്റെ മണം കിട്ടും
അവനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍.
അവനൊന്നും പറഞ്ഞില്ല,
തിരിച്ചു പോരുമ്പോള്‍
ഓരിവെള്ളം കയറിയ പാടത്ത്
വീണു പരന്ന നിലാവു പോലെ
അവന്‍ മുറ്റത്തു നില്‍ക്കുന്നുണ്ട്.
പാടവരമ്പിലൂടെ പോരുമ്പോള്‍
അവന്റെയുള്ളില്‍ നിന്നൊരു കാട്
പിന്നാലെ വരുന്നു.
തിങ്ങിനില്‍ക്കുന്ന മരങ്ങളും
ഇലകളില്‍ പെയ്ത വെയിലും
രാത്രിയും പകലുമൊരുപോലെയുള്ള
ഇടങ്ങളും കാണുന്നു.
ആനയും കരടിയും കടുവയും
കിളികളും പാമ്പുകളും
മാന്‍ക്കൂട്ടങ്ങളും ചുറ്റം നടക്കുന്നു.
മലയണ്ണാന്‍ ചാടിത്തുടിച്ചു പോയപ്പോള്‍
ചില്ലകള്‍ക്കിടയില്‍
നിറമുള്ള ആകാശം തെളിഞ്ഞുവന്നു.
പാടുന്ന ചോലകള്‍ കാതോടു ചേര്‍ന്നു
വെളിച്ചമുള്ള പൂവുകള്‍ കൈയില്‍ തന്നു.
മഴ പെയ്യാന്‍ തുടങ്ങി.
മൃഗങ്ങള്‍ പോലെ ഞങ്ങളും നനഞ്ഞു.
കാറ്റത്ത് ഇലകള്‍ പോലെ പറന്നു.
മരങ്ങളുടെ ശിഖരങ്ങളില്‍
പൂക്കളുടെ ദളങ്ങളില്‍
പുഴ പൊടിയുന്ന ഇടങ്ങളില്‍
അരയാലിന്റെ വേരുകളിലൊല്ലാം ചെന്നു തൊട്ടു.
നനഞ്ഞു നനഞ്ഞ്
ഞങ്ങള്‍
നഗ്‌നരായി.
ഒരു മിന്നല്‍ പിളര്‍ന്നുനിന്നു.
അവന്റെ ഉള്ളില്‍ നിന്ന്
പുഴയുടെ
അസ്ഥികള്‍
ഒഴുകിവരുന്നു,
തണുത്ത ഒരു മത്സ്യവും.
................................
Read more: തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍
................................
ഒരു ദിവസം അങ്ങനെ സംഭവിക്കും
പൂക്കളുടെ പേരുകള്‍
എഴുതി ചുവരുകളില്‍.
നിറങ്ങളെക്കുറിച്ച്
എഴുതിയപ്പോള്‍
മനുഷ്യരുടെ
നിറങ്ങളെക്കുറിച്ച് എഴുതി.
നിറയെ പൂന്തോട്ടങ്ങളുള്ള
ജയിലില്‍
ഏകാന്ത തടവിലാണ് ഞാനിപ്പോള്‍.
മതിലുകള്‍ക്കു മുകളില്‍ വളരുന്ന
പൂമരങ്ങളെ മുറിച്ചുനിര്‍ത്തിയിരിക്കുന്നു.
ഒരു ദിവസം
ആകാശം
പൂമരങ്ങളുടെ ചില്ലയിലിരുന്നു പാടും.
അന്ന്
ജയില്‍ വിട്ട്
ഞാന്‍
പുറത്തേക്കു നടക്കും.
നദികളുടെ പേരുകള്‍
എഴുതി കിളികളുടെ ചിറകുകളില്‍.
ശബ്ദങ്ങളിലൂടെ
ലിപികളിലൂടെ
സംസ്‌കാരങ്ങളിലൂടെ
മനുഷ്യരിലൂടെ
നദികള്‍
ഒഴുകിക്കൊണ്ടേയിരിക്കുന്നു.
നദിയുടെ തീരത്ത്
മണ്ണും കമ്പുകളും ഈറ്റയും കൊണ്ടു പണിത
വീടുകള്‍ക്കെല്ലാം തീയിട്ടു.
നദിക്കപ്പുറമുള്ള
കാടുകളിലേക്ക്
ഞങ്ങള്‍ നീന്തിക്കയറി ഒളിച്ചിരുന്നു.
ഒരു ദിവസം
മൃഗങ്ങള്‍ക്കൊപ്പം
നഗരങ്ങളിലേക്ക്
ഞങ്ങളിറങ്ങി വരും.
രാജ്യങ്ങളുടെ പേരുകള്‍
നാടോടിഗാനങ്ങളില്‍ ചേര്‍ത്തുപാടി.
ജയിച്ചവനും
തോറ്റവനും
കൊന്നവനും
ചത്തവനും
ഒറ്റുകാരുമെല്ലാം
വരികളില്‍ ചിതറിനിന്നു.
പാട്ടില്‍
ഞങ്ങളുണ്ടോ... ഞങ്ങളുണ്ടോയെന്ന്
ആള്‍ക്കൂട്ടം ചോദിക്കുന്നു.
അവരെ ചേര്‍ത്തും
പാട്ടിന്റെ വരി മെടഞ്ഞു.
സമുദ്രങ്ങളും
പര്‍വതങ്ങളും
മഹാവനങ്ങളും
ഞങ്ങള്‍ക്കു മുന്നില്‍ നിന്നു.
ഒരു ദിവസം
അതിരുകളില്ലാതെ
സഞ്ചരിക്കുന്ന
മേഘങ്ങള്‍ക്കുള്ളില്‍
ഞാന്‍
പുതിയ
താമസക്കാരനാകും.