Malayalam Poems : എന്റെയുള്ളിലൊരാള്‍ മരിച്ചുകിടക്കുമ്പോള്‍, നജീബ് റസ്സല്‍ എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Feb 23, 2022, 5:01 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് നജീബ് റസ്സലിന്റെ അഞ്ച് കവിതകള്‍.


കൈപ്പുണ്യമുള്ള ഒരു പാചകക്കാരന്റെ അടുക്കളയാണ് നജീബ് റസ്സലിന്റെ കവിതകള്‍.  ജീവിതത്തിന്റെ ഏതു രുചിയ്ക്കും അവിടെ പറ്റിയ ചേരുവകളുണ്ട്. ഏതു വിഭവത്തിനും അവിടെ ഭാവനയുടെ തൊങ്ങല്‍. അസാധാരണമായ ചേരുവകള്‍ അനിതരസാധാരണമായ കൈയൊതുക്കത്തോടെ നജീബിന്റെ കവിതകളില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ചരിത്രവും മിത്തുകളും ഭാവനയും യാഥാര്‍ത്ഥ്യവും യുക്തിയും അയുക്തിയും ആ വാക്കുകള്‍ക്കു പിന്നാലെ നടക്കുന്നു. 

ഹാംലിനിലെ കുഴലൂത്തുകാരനെപ്പോലെ കവി മുന്നില്‍ നടക്കുമ്പോള്‍ വരികള്‍ സ്വപ്‌നാഭമായ ഒരിടം തൊടും. ഉടലിളക്കങ്ങളുടെ കടലുകള്‍ അയാള്‍ക്കു വഴിമാറും. വന്യവും ഭ്രാന്തവുമായ രതിയിലൂടെ കവിത പിണയും. മടുക്കാത്ത പ്രമേയങ്ങളും വാക്കുകളും അയാള്‍ ചുട്ടെടുക്കും. ഒന്നു തൊടുമ്പോള്‍ രസമുകുളങ്ങള്‍ ഉണരുന്ന കാമനയുടെയും വിഭ്രാന്തിയുടെയും ഉന്‍മാദങ്ങളുടെയും രുചികള്‍ വായനയില്‍ പതയും. ആധുനികതയുടെ തറയില്‍ പണിത് പില്‍ക്കാലത്ത് മുകളിലേക്ക് ഉയര്‍ത്തിയ പച്ചപ്പുള്ള ഇടങ്ങളായി നജീബ് റസ്സലിന്റെ കവിതകള്‍ തുളുമ്പും.
 

Latest Videos

undefined

 

എന്റെയുള്ളിലൊരാള്‍ മരിച്ചുകിടക്കുമ്പോള്‍

ബോധത്തിന്റെ താഴ്‌വരയിലൂടെ
നടക്കാനിറങ്ങുന്ന പെണ്‍കുട്ടി 
പൂപറിക്കുന്നത് ആര്‍ക്കുവേണ്ടിയാകാം

ഞാനെന്റെ ചെന്നായ്കൂട്ടങ്ങളെ
കെട്ടഴിച്ചു വിടാനൊന്നും പോകുന്നില്ല.

എങ്കിലും ഞാന്‍ മൂടിവെച്ച
അബോധത്തിന്റെ വീഞ്ഞുഭരണികളിലേക്ക്
കുഴിവെട്ടുകാരന്റെ മണ്‍വെട്ടിപോലെ
അവളെന്തിനാണ് ഇങ്ങനെ എത്തിനോക്കുന്നത്?

മരിച്ചാല്‍ നിവര്‍ന്നു കിടക്കുന്ന
മഞ്ഞുകാലത്തിലേക്കാണ്
ലോകത്തിലെ മുഴുവന്‍ പെണ്‍കുട്ടികളും
പൂവ് ശേഖരിക്കുന്നതെന്ന്
ആര്‍ക്കാണറിയാത്തത്

അതാ അതാ ഒരാകാശം നിറയെ
പക്ഷികളുടെ വിലാപം നിറച്ചുകൊണ്ട്
ഒരമ്മ മാത്രം കരയുന്നു

മഞ്ഞിന്‍ ശവക്കല്ലറക്കരികില്‍
കറുത്ത മൂടുപടമിട്ട്
ഒരുത്തി മുഖം താഴ്ത്തിയിരിപ്പുണ്ട്
അതയാളുടെ അമ്മയാകാതെ തരമില്ല.

എങ്കിലും 'ഏയ് സ്ത്രീയെ നിന്നെ ഞാന്‍ അറിയുന്നില്ല'.

ഞാനെന്റെ ചെന്നായ്കൂട്ടങ്ങളെ
ഇതാ അഴിച്ചുവിടുന്നു

പെണ്‍കുട്ടികള്‍ അങ്ങനെ
അലഞ്ഞുതിരിയേണ്ടതില്ലെന്ന
ഗുഹാലിഖിതങ്ങള്‍ക്കുള്ളിലൂടെ
എണ്ണിയാലൊടുങ്ങാത്ത ചെന്നായ്ക്കള്‍
പാഞ്ഞുകൊണ്ടേയിരിക്കട്ടെ.

മഞ്ഞുകാലത്തിന്‍ ശവക്കല്ലറയില്‍
മരിച്ചവന്‍ മരിച്ചുതന്നെ കിടക്കട്ടെ,
വെയില്‍ നിറമുള്ള തുമ്പിയെപ്പോലെ.

 

........................................................
Read More എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍

 

കുതിരയുടെ മുഖം 

ചിറകുകള്‍ അരിഞ്ഞു
മാറ്റപ്പെട്ട നിലയില്‍
നാല് പക്ഷികളെ
സ്വപ്നം കാണുന്നത്
നല്ലതിനല്ല എന്ന് 
അമ്മ പറഞ്ഞിട്ടില്ലേ?

ഏണിപ്പടികള്‍
കയറിയിറങ്ങുന്ന
പൂച്ചയെ കാണാതായിട്ട്
ദിവസങ്ങള്‍ കുറെ ആയി.

വളര്‍ത്തുനായക്ക്
വിഷം കൊടുത്തനാള്‍
വെറുതെ ഓര്‍ത്തു.

പക്ഷെ,
അച്ഛന്‍
കഴുതപ്പുറത്തേറി
വരുന്നത് അകലെ
നിന്ന് കാണാം.

എത്ര ആട്ടിയകറ്റിയാലും
പറന്നു പോകാത്ത
ഒരു കാക്ക
വടക്കിനി കോലായില്‍ ഉണ്ട്.

വിദൂരത്തില്‍ കുയിലുകള്‍
 പാടുന്ന ഒരു താഴ്വര
ഉണ്ടെന്നു പറഞ്ഞു കേക്കുന്നു.

ആടുകള്‍
അനിയത്തിയുടെതാണ്.
അവ മേച്ചില്‍പുറങ്ങള്‍
തേടി അലയും.

എനിക്കുള്ളത്
കുതിരയുടെ
മുഖമാണ്.

അതുവെച്ചു ഞാന്‍
നീണ്ടുനിവര്‍ന്നു കിടക്കുന്ന വയല്‍വരമ്പിലൂടെ
പടിഞ്ഞാറോട്ടു ഓടും.

ഒട്ടകപക്ഷിയുടെ
ഇറച്ചിയുമായി
അങ്ങ് വിദൂരത്ത് നീ
കാത്തിരിക്കൂ.

അതാ നമുക്കിടയില്‍
ഒരരുവി
പിറവിയെടുക്കുന്നു.

അരൂപികളരുവികള്‍!

 

 

രാത്രികളെ ഉറക്കി കിടത്തൂ

നൃത്തത്തിനുശേഷം
നീ കിടപ്പറവരെ വന്നു 
തിരിച്ചു പോകുന്നു

രണ്ടു കോമാളികളെ
ദഹിപ്പിച്ച ചിതാഭസ്മകുംഭം 
ആരൊളിപ്പിച്ചു വച്ചു?

ഞാനാണെങ്കില്‍ 
ഏണിപ്പടി 
തല്ലിപ്പൊളിക്കുന്നതില്‍
വ്യാപൃതനും ആയിപ്പോയി

നിന്റെ മുലകള്‍
അസാധ്യമായ 
അകലം പാലിക്കുന്നു

ഈ സര്‍ക്കസുകൂടാരത്തിലെ
മൃഗങ്ങള്‍ ഉറങ്ങാറില്ല

മുടിഞ്ഞ പാട്ടിനൊത്ത് 
ഒരു നൃത്തം ചെയ്യൂ നീ
ആളുകളതില്‍
അലിഞ്ഞുപോകട്ടെ....

ഇപ്പോള്‍ നമ്മുടെ
ചുണ്ടുകള്‍ക്കിടയില്‍
അകലമേ ഇല്ല

മരണക്കിണറിലേക്ക് 
എന്നെ തള്ളിവിടുന്ന
ആ പുഞ്ചിരിയുണ്ടല്ലോ

അസാധ്യമായ വേഗത്തില്‍ 
ഞാന്‍ കറങ്ങിത്തിരിയുന്നത്
നിനക്കുവേണ്ടി മാത്രമാണ്

ഓ, എന്റെ നര്‍ത്തകീ
നിന്റെ മടിത്തട്ടില്‍
രാത്രികളെ 
ഉറക്കി കിടത്തൂ...

 

 

കടല്‍കാക്കകള്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ട്

കവിതയുടെ ആഴത്തില്‍ പോയി ഭാഷയെ തൊട്ട് എനിക്കുടനെ തിരിച്ചുവരണം

കടല്‍കാക്കകള്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ട്

അകലെയല്ലാതെ ഒരു കടല്‍പാലത്തിനുമുകളില്‍
ഒരു കാമുകി തന്റെ കാമുകനെ മടിയില്‍ കിടത്തി ഉറക്കുന്നുണ്ടാവാം

തെങ്ങിന്റെ മണ്ടയില്‍ ഇരുന്ന് ഉദിച്ചുയരുന്ന സൂര്യനെ കണ്ടിട്ടുണ്ടോ?
അതിന്റെ കടക്കല്‍
തിരയടിച്ചുപോകുന്ന
കടല്‍പരപ്പിനെ, നിങ്ങള്‍ ഒരു കവിയാണോ?

വഞ്ചിതുഴയുന്നവന്‍ ആണ് താനെന്ന് എനിക്കായാളുടെ ചെവിയില്‍ പറയണം എന്നുണ്ടായിരുന്നു.

 

 

ഇയ്യോബിന്റെ പുസ്തകങ്ങള്‍

ജീവിതം ഇയ്യോബിനെ അസ്ഥിയിലും
മാംസത്തിലും യാതനകളുടെ 
മുറിവുകള്‍ കൊണ്ട് നിറച്ചു

അയാള്‍ രോഗശയ്യയില്‍
കിടന്നുരുളാന്‍ തുടങ്ങിയിട്ട് നാളേറെയായില്ലേ.

ഓട്ടുകഷ്ണംകൊണ്ടയാള്‍ വൃണങ്ങളെചുരണ്ടി
കിടപ്പുമുറിയാകെ ദുര്‍ഗന്ധം നിറച്ചു

'എന്നിട്ടുമവന്‍ നാവുകൊണ്ട് പാപംചെയ്തില്ല'

അവന്റെ മുറിയിലെക്കാരെങ്കിലും
വന്നുപോയിട്ടെത്ര നാളായി.

ഇന്ന് അവന്റെ പെങ്ങള്‍ സലോമിയൊരു പാത്രം
തിളപ്പിച്ചാറിയ വെള്ളം കൊണ്ടുവന്നവന്റെ
മേശമേല്‍ വെച്ചിട്ടുണ്ട്

അത്രയ്ക്ക് വരണ്ടതായിരുന്നു
സന്ധ്യക്കവന്റെ നിലവിളികള്‍.

വിപുലമായ പുസ്തകശേഖരം
അവനുണ്ടായിരുന്നു.

തടിച്ചും മെലിഞ്ഞുമവ
ഷെല്‍ഫില്‍ നിരന്നിരിക്കേണ്ടതിനുപകരം
ഒന്നു മറ്റൊന്നിനെ തിന്നാന്‍ തുടങ്ങുന്നത്
ഇയ്യോബ് കണ്ടുകൊണ്ടിരിക്കയാണ്.

ഇറാക്കിന്റെ ചരിത്രം എന്ന
ആയിരത്തൊന്നു താളുകളുള്ള
പുസ്തകത്തെ 
ജിഹാദ് എന്ന് പേരുള്ള
നീണ്ടുമെലിഞ്ഞൊരു പുസ്തകം
തിന്നുതീര്‍ക്കുമ്പോള്‍ ഞാന്നുകിടക്കുന്നൊരു
പൂന്തോട്ടം ഇടിഞ്ഞുവീഴുന്നതയാള്‍ കേട്ടു

റോമീല ഥാപ്പറുടെ ഇന്ത്യാചരിത്രത്തെ
കുങ്കുമം തൊട്ടുവന്ന 'വിചാരധാര' വിഴുങ്ങുമ്പോള്‍
അച്ചടക്കമില്ലാത്ത ചില ചുവപ്പന്‍ അധ്യായങ്ങള്‍
അതിനെക്കുതറി മാറുന്നതും
ഇയ്യോബ് കാണാതെയിരുന്നില്ല.

യൂറോപ്പിനെ ഒരു ഭൂതം വിഴുങ്ങുന്നു
എന്ന് തുടങ്ങുന്ന പുസ്തകം തന്നെ
യൂറോപ്പിന്റെ ഭൂപടപുസ്തകത്തെയൊരു
പാമ്പിനെപ്പോലെ വരിഞ്ഞുമുറുക്കുമ്പോള്‍
ഉടയുന്ന മനുഷ്യാസ്ഥികൂടങ്ങളേറ്റ്
ഇയ്യോബിന്റെ വൃണങ്ങള്‍ ഏറെനൊന്തു.

ദൈവംതന്നെയെഴുതിയ ദൈവം എന്ന
ചിരപുരാതന പുസ്തകത്തെ
ആരോ എഴുതിയ ചെകുത്താന്‍
എന്നൊരു പുസ്തകം തിന്നുതിന്നു
രസിക്കുമ്പോള്‍ ഒരു വാഹനം
ഇയ്യോബിന്റെ വീട്ടുമുറ്റത്ത് വന്നുനിന്നു.

അയാളുടെ അന്ത്യകൂദാശക്കുള്ള
പുരോഹിതനും എത്തിക്കഴിഞ്ഞിരിക്കുന്നു
ഇനിയിപ്പോ ഇത്രയുംകാലം നിലക്കണ്ണാടിയില്‍
ഒളിച്ചിരുന്ന മരണം എന്ന പുസ്തകത്തിന്
അയാളുടെ ജീവന്റെ പുസ്തകവും
തിന്നുതീര്‍ത്തേ മതിയാകൂ

അവന്റെ വീട്ടുകാരെപ്പോഴോ
മറവിയുടെ കുന്തിരിക്കം പുകച്ചുകഴിഞ്ഞു!
 

click me!