വാക്കുല്‍സവത്തില്‍ ഇന്ന് മഞ്ജു ഉണ്ണികൃഷ്ണന്‍ എഴുതിയ കവിതകള്‍
നിത്യജീവിതം വിതയ്ക്കുന്ന ദണ്ണങ്ങള്‍ ശമിപ്പിക്കാന്‍ പലര്‍ക്ക് പല ഔഷധങ്ങളാണ്. ചിലര്‍ക്ക് മാത്രം അത് കവിതയാണ്. വാക്കുകളാണ്. ഭാഷയാണ്. മഞ്ജു ഉണ്ണികൃഷ്ണന്‍ എന്ന കവി ആ ഗണത്തില്‍ പെടുന്നു. കവിതകൊണ്ടാണ് മഞ്ജു സ്വയം മുറിച്ചുകടക്കുന്നത്. സ്വയം കണ്ടെത്തുന്നത്. ആവിഷ്‌കരിക്കുന്നത്. മഞ്ജുവിന്റെ ഭഷയില്‍ കവിത, 'മരണത്തിന്റെ കുന്നിറങ്ങിപ്പോയ ഈയല്‍ അനക്കങ്ങളെ ഗരുഡന്‍പറക്കലുകളാക്കുന്ന വാക്കിന്റെ കളിയാണ്'. അതൊരു അതിജീവന ഉപാധി കൂടെയാണ്. ജീവിതത്തിന് പുറത്ത് കവിതയുടെ ഒരിടത്താവളം. അവിടെ വിചിത്ര കല്‍പ്പനകള്‍ക്ക് ഒരു മുറിയുണ്ട്. അസാദ്ധ്യതകളുടെ മതിലിളക്കാനാവുന്ന ഭാവനയുടെ ആയുധമൂര്‍ച്ചയുണ്ട്. നിത്യജീവിതത്തില്‍ തളര്‍ന്നുപോവുന്ന മുഹൂര്‍ത്തങ്ങളെപ്പോലും പുല്ലുപോലെ കൈകാര്യംചെയ്യാനാവുന്ന നിര്‍ഭയത്വമുണ്ട്. കവിതയ്ക്കു മാത്രം വിശദീകരിക്കാനാവുന്ന സന്ദിഗ്ധതകളുടെ സമസ്യകളുണ്ട്. കൊച്ചുകുഞ്ഞ് നടത്തം പഠിക്കുന്നതുപോലെ സ്വാഭാവികമാണ് ഇവിടെ എഴുത്ത് എന്ന പ്രകിയ. സഹജമായ എല്ലാ വേദനകളോടെയും സംഘര്‍ഷങ്ങളോടെയും ജീവിതത്തെ 'നേര്‍രേഖയില്‍' ആവിഷ്‌കരിക്കാന്‍ മഞ്ജുവിന്റെ കവിതയ്ക്ക് കഴിയുന്നു. കവിത തിന്നു ജീവിക്കുന്നൊരു ജീവിയ്ക്ക് വിധിച്ചിട്ടുള്ളതാണ് വാക്കിന്റെ ഈ ഉഭയജീവിതം.
മടങ്ങിവരവ്
വഴി വക്കില്‍ നിന്ന്
പത്ത് കിളികളെ വാങ്ങി
വീടിനകത്തേക്കുതുറന്ന് വിട്ടു;
നിങ്ങള്‍
അനന്തരം പലായനം ചെയ്യുന്നു.
ജന്നലോ, വാതിലോ, മേല്‍ക്കൂരയോ ഇല്ലാത്ത വീട്ടില്‍
കിളികള്‍ പറന്ന് തുടങ്ങുന്നു.
കിളികള്‍ കൊത്തി കൊണ്ടുവന്ന കാട്
വീട്ടില്‍ താമസമാക്കുന്നു.
ബോണ്‍സായിയുടെ സൂത്രവിദ്യ
സന്നിവേശിപ്പിച്ച
ചെറിയ വരയന്‍ കുതിര
ആടിനോളം പോന്ന സിംഹം.
ഞാഞ്ഞൂള്‍ പരുവത്തിലൊരു രാജവമ്പാല.
നിലാവിന്റെ ഒരു കഷ്ണം
ഇരുട്ടിന്റെ ഒരു തുള്ളി.
അങ്ങനെ
വീടൊരു കാടാകുന്നു.
നിങ്ങള്‍
അനന്തരം
കൊടുങ്കാട്ടിലേക്കു മടങ്ങിവരുന്നു.
.............................
Read more: മത്സ്യഗന്ധിയുടെ വസ്ത്രം, മഞ്ജു ഉണ്ണികൃഷ്ണന്‍ എഴുതിയ കവിതകള്‍
.............................
സഞ്ചാരം
മറവിയുടെ ഭൂഖണ്ഡത്തിലൂടെ
ദീര്‍ഘസഞ്ചാരം നടത്തി
മടങ്ങിയ ഒരാള്‍
സ്‌നേഹിതയ്ക്ക്
ഒരു കത്തയക്കുന്നു .
ഏതു കാലത്താണ് ആ കത്ത്
വായിക്കപ്പെടുക?
മറുപടിക്കു കാത്ത് കാത്ത്
അയാള്‍ പ്രതീക്ഷയുടെ
ഭൂഖണ്ഡത്തിലൂടെ
സഞ്ചരിക്കുന്നു
ദീര്‍ഘമായിത്തന്നെ
സഞ്ചരിക്കുന്നു
..............................
Read more: മീന്‍, കടല്‍; ആശാലത എഴുതിയ കവിതകള്‍
..............................
അലക്ക്
ഒരുവള്‍ വെള്ള തുണിയെ
കൊട്ടിയലക്കി
വെള്ളയിലും വെളുത്ത
വെളുവെളുപ്പാക്കുന്നു
വിളറി വെളുത്ത രണ്ടു കണ്ണുകള്‍,
തിരിച്ചും മറിച്ചും വെളുപ്പ് പരിശോധിക്കുന്നു.
നീലയുമായി ആകാശം തുണിയില്‍ പറന്നിറങ്ങുന്നു...
വേനല്‍ മഴക്ക് തൊട്ടുമുന്‍പ്
വന്ന ആ തണുത്ത കാറ്റ്.
അഴയിലെ തുണിയെ
ഉണക്കുക മാത്രമല്ല .
കണിക്കൊന്നയെ പൊഴിച്ച് .
വെളളം തൊട്ട് തുണിയിലൊട്ടിച്ചു.
പിറ്റേന്നവള്‍
വിഷുക്കണിപോലെ കാണപ്പെട്ടു.
...................................
Read more: വൈകുന്നേരം പോലുള്ള രാവിലെ, കളത്തറ ഗോപന്‍ എഴുതിയ കവിതകള്‍
...................................
ചിത്രം
കുട്ടി പടം വരയ്ക്കുകയായിരുന്നു .
വീട് എന്നു മാത്രമാണ്
ടീച്ചര്‍ പറഞ്ഞത്.
ആഗോള രചനാ സിദ്ധാന്തപ്രകാരം
വീട് എപ്പോഴും,
മലയുടെ ചെരുവിലായിരിക്കണം,
സൂര്യന്‍ എത്തി നോക്കുന്നുണ്ടാവണം,
കിളികള്‍ പറക്കുന്നുമുണ്ടാവണം.
വീടിന് മുന്നില്‍ വരയ്ക്കുന്ന കുട്ടി
അന്തമില്ലാതെ
ചിരിച്ച് നില്‍ക്കുകയും വേണം!
കുട്ടിക്ക് വിടര്‍ന്ന കണ്ണുകള്‍
പുള്ളി കുപ്പായം.
മുറ്റത്ത് പൂന്തോട്ടം
വിരിഞ്ഞ പൂക്കള്‍
മഞ്ഞ, ചുവപ്പ്.
പച്ച നിറത്തിന് മരം.
എവിടെയോ ഒരിടത്ത് എത്തി നോക്കുന്ന പൂച്ച.
(പൂച്ചയില്ലാതെ വീടുകള്‍
ഇല്ല എന്ന് ശാസ്ത്രം).
കുട്ടി ഒരു കിളിക്കൂടാണ്
വരച്ചത്.
ആകാശത്തേക്ക് തുറക്കുന്ന
അത്ര ഒന്നും പച്ചയല്ലാത്ത
മരത്തിന്റെ
അത്ര ഉണക്കില്ലാത്ത കൊമ്പില്‍.
'എന്തേ ?'
അടുത്ത ജന്മത്തിലെ വീടാണ്
എന്റെ ചിറക്
വിടര്‍ത്തും മുന്‍പേ അരിഞ്ഞിരുന്നു .
'ചിത്രത്തിലെ പുഴ
ശബ്ദത്തോടെ ഒഴുകി'