ഇറങ്ങിപ്പോകുന്ന രാത്രികള്‍, മഞ്ജു പി എന്‍ എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Apr 21, 2021, 6:54 PM IST

വാക്കുല്‍സവത്തില്‍ മഞ്ജു പി എന്‍ എഴുതിയ കവിതകള്‍


ചുറ്റുപാടുകളില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ട സമകാലിക മനുഷ്യജീവിതത്തെ, ഭൂമിയും ആകാശവും സര്‍വ്വചരാചരങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് മഞ്ജു പി എന്നിന്റെ കവിതകള്‍.  അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്തിന്റെ ജീവിതത്തെ, ചുറ്റുമുള്ള ജീവജാലങ്ങളുടെ വിശാലഭൂമികയിലേക്ക് പറിച്ചുനടുന്നു ഈ കവിതകള്‍. പ്രകൃതിയും മനുഷ്യനും ചേര്‍ന്നൊരു നദി. അവിടെ, ഋതുഭേദങ്ങള്‍ക്കൊപ്പം പൂത്തുലയുകയും കൊഴിയുകയും ചെയ്യുന്ന കാട്ടുപൂക്കളുടെ ജീവതാളമുണ്ട്. വീടെന്ന ജലാശയത്തിലേക്ക് മുങ്ങാം കുഴിയിടുന്ന 'ഞാനെന്ന' പക്ഷിയുണ്ട്. ഇളം പുല്ലു തിന്ന് ആനന്ദങ്ങള്‍ പകുത്തെടുക്കുന്ന സ്വപ്‌നങ്ങളുടെ കാട്ടുമണങ്ങളുണ്ട്. തികച്ചും വൈയക്തികമായ ആവിഷ്‌കാരങ്ങള്‍ക്ക് പോലും അവിടെത്തുമ്പോള്‍ പ്രകൃതിയുടെ നിറച്ചാര്‍ത്തുണ്ട്. ഭാഷയെയും ആഖ്യാനങ്ങളെയും കുറിച്ചുള്ള ആലോചനകള്‍ക്കു പോലും ഇതര ജീവജാലങ്ങളുടെ കൈത്താങ്ങുകളുണ്ട്. മഞ്ജുവിന്റെ കവിതകള്‍ മനുഷ്യനും ഭൂമിയും തമ്മിലുള്ള അകലങ്ങളെ സ്വപ്‌നഭരിതമായ ഭാഷയാല്‍ മായ്ച്ചുകളയുകയാണ്.

 

Latest Videos

 

രസികനും രസികത്തിയും

രാവിലെ പോകുമ്പോഴുള്ളപോലൊന്നുമാവില്ല
തിരിച്ചുവരുമ്പോള്‍ വീട്.

പോകുമ്പോള്‍ 
കിഴക്കായിരുന്നു
പടിയെങ്കില്‍
വരുമ്പോഴത് 
തെക്കോ, വടക്കോ
ആയിരിക്കും.
പാതയോരത്തു നിന്ന 
അത്
പാടത്തേയ്‌ക്കോ,
ഇടവഴിയിലേയ്‌ക്കോ
നോക്കിനില്‍പ്പാവും.

രാവിലത്തെ വീട്
എങ്കോണിച്ചു നിന്നെങ്കില്‍,
വൈകുന്നേരമത്
നിവര്‍ന്നിട്ടുണ്ടാവും.
മുറ്റത്തെ തെങ്ങു നിന്നിടത്ത്
തൊടിയിലെ മാവ് വന്നു
നില്‍പ്പുണ്ടാവും.

രാവിലത്തെ വീടേയാവില്ല
വൈകുന്നേരമെത്തുമ്പോള്‍.
മണ്ണില്‍ നിന്ന വീട്, 
ചിലപ്പോള്‍
മാനംമുട്ടി നില്‍ക്കുന്നുണ്ടാവും.
കേറിച്ചെല്ലാനുള്ള കോണി
മുറ്റത്തേയ്ക്കിറക്കി വെച്ചിട്ടുണ്ടാവും.
ചിക്കിച്ചിനക്കി നിന്ന 
കോഴികള്‍, ചിലപ്പോള്‍
ഓടിക്കളിക്കുന്ന 
കുട്ടികളായിട്ടുണ്ടാവും.
പാടത്തിനക്കരെയുള്ള പുഴയെ
മുറ്റത്തൂടൊഴുക്കിയിട്ടുണ്ടാവും
തുഴഞ്ഞു ചെല്ലാന്‍,
കരയിലൊരു 
തോണിയുമുണ്ടാവും ചിലപ്പോള്‍.

എന്തൊക്കെ മാറ്റിമറിച്ചിട്ടാലും
കണ്ടുപിടിച്ച്
ചിരിച്ചുകൊണ്ടു തിരിച്ചെത്തുന്ന
ഇവനൊരു രസികന്‍ തന്നെ.
വീടുളളില്‍ക്കരുതി.
എന്നും രാവിലെ
തന്നെപ്പോലൊരാളെ
ഇറക്കിവിട്ട്
അകത്തളങ്ങളില്‍ പതിയിരുന്ന്
വീടിന്റെ വിക്രിയകള്‍ 
കണ്ടു രസിക്കുന്നവനും
കരുതി
വീടൊരു രസികത്തി തന്നെ

 

.........................

Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
.........................


നാവികന്റെ പൂച്ച 

നരച്ചുനരച്ചൊരു നാവികനുണ്ട്.
അയാള്‍ക്കൊരു 
പഞ്ഞിക്കെട്ടു പോലത്തെ
പൂച്ചയും.
കടലാണമ്മയാണെന്നയാള്‍ പറയും
കാറ്റാണച്ഛനെന്നും.
കപ്പലാണയാളുടെ വീട്.
കടല്‍ക്കാക്കകള്‍ കൂട്ടുകാരും.

ചക്രവാളത്തില്‍ വെട്ടംവീശും മുമ്പേ
അയാളുണരും
അതിനും മുമ്പേ പൂച്ചയും.
അയാള്‍ ചായ തിളപ്പിക്കും
പൂച്ച ചൂടുകാഞ്ഞിരിക്കും
ഒരു കോപ്പയില്‍നിന്നയാളും
പിഞ്ഞാണത്തില്‍ നിന്നു പൂച്ചയും
പുതിയ പ്രഭാതത്തെക്കണ്ടെടുക്കും.

നങ്കൂരമുയര്‍ത്തി
കപ്പല്‍ പുറപ്പെടും.
എതു കരയിലേയ്‌ക്കെന്നു 
ചോദിച്ച സ്രാവിനെ
വാലില്‍ച്ചുഴറ്റിയെറിഞ്ഞതാണൊരിക്കല്‍ 
കരയെന്നു കേള്‍ക്കുന്നതേ
അയാള്‍ക്കിഷ്ടമല്ല.

സൂര്യന്‍ ഉച്ചിയിലെത്തുമ്പോള്‍
കൊക്കില്‍ നിറയെ മീനുകളുമായി
കടല്‍ക്കാക്കകളെത്തും.
ഉപ്പുവെള്ളത്തില്‍ത്തിളയ്ക്കുന്ന അരിയിലേയ്ക്ക്
നാവികന്‍
കൊത്തിനുറുക്കിയ മീനുകളിടും .
കറിക്കൂട്ടുകള്‍ചേര്‍ന്ന
മണം പൊങ്ങുന്നതോടെ
കടല്‍ക്കാക്കകള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതാവും
പൂച്ച, അയാളുടെ കാലില്‍ല്‍ മുട്ടിയുരുമ്മി
നടപ്പു തുടങ്ങും.
വലിയൊരു തളികയില്‍ നിന്ന്
അവരൊരുമിച്ച്
വയറു നിറയ്ക്കും.
കഥകള്‍ പറയും.
കടല്‍ക്കാക്കകള്‍ പറന്നു പോവും.

സായാഹ്നത്തില്‍
സൂര്യനും നാവികനും തമ്മില്‍
ചില ആലോചനകളുണ്ട്.
രണ്ടു നാവികരുടെ കൂടിക്കാഴ്ച.
പൂച്ചയപ്പോള്‍
മുഖം നക്കിത്തോര്‍ത്തി
വെറുതെ കിടക്കും.

രാത്രി, 
കടല്‍ക്കാറ്റിനു തണുപ്പേറുമ്പോള്‍
അയാള്‍ കീറിത്തുന്നലുകളുള്ള കോട്ടെടുത്തിടും.
പൂച്ചയ്ക്കറിയാം.
അയാള്‍ നങ്കൂരമിടാന്‍ പോവുകയാണ്.
അതെണീറ്റ് ദേഹമൊന്നു കുടയും.
കടിച്ചുകീറുന്ന തണുപ്പിലും
കപ്പലിന്റെ മുകള്‍ത്തട്ടിലേ കിടന്നുറങ്ങാറുള്ളൂ
അയാളും പൂച്ചയും.

ഉറങ്ങും മുമ്പ്,
കോട്ടിന്റെ പോക്കറ്റിലെ
പലതായ് മടക്കിയ കീറക്കടലാസെടുത്ത്
അയാള്‍ പൂച്ചയ്ക്കു നീട്ടും.
അയാള്‍ കണ്ണടച്ചു കിടക്കും.
വായിച്ചു വായിച്ചു മന:പാഠമായ
ആ പ്രാചീന പ്രേമലേഖനം
കടലാസ് നിവര്‍ത്താതെ തന്നെ
മ്യാവൂ ...മ്യാവൂ ... എന്ന്
പൂച്ച ,നീട്ടി നീട്ടി വായിക്കും,
ഓര്‍മ്മകളുടെ 
വീഞ്ഞു കുടിച്ചുകുടിച്ച്
അയാളുടെ ലെക്കുകെടുന്നതു വരെ.
അയാള്‍
കൂര്‍ക്കംവലി തുടങ്ങുമ്പോള്‍
പൂച്ച, ആ കീറക്കടലാസ്
നാവികന്റെ പോക്കറ്റില്‍ത്തിരുകും.
എന്നിട്ട്, പതുക്കെ
പതുപതുപ്പുള്ള ആ പോക്കറ്റിനുള്ളിലേയ്ക്ക്
കടലാസ് മടക്കുകള്‍ക്കിടയിലേയ്ക്ക്
അയാളറിയാതെ
തന്റെ ഉറക്കത്തെ 
ഒളിച്ചു കടത്തും.

 

...................................

Read more: ബോട്ടുപള്ളി,  ചിത്ര കെ. പി എഴുതിയ കവിതകള്‍
...................................

 


നനുനനുത്ത ഉറുമ്പുകള്‍ 


ആദ്യമാദ്യമെന്റെ കാഴ്ചയിലേ -
യ്ക്കരിച്ചരിച്ചെത്തി
ഒരു പറ്റം
നനുനനുത്ത ഉറുമ്പുകള്‍
പാവങ്ങള്‍.
ഒരു ശര്‍ക്കരത്തുണ്ടിനെ
നൂറുനൂറായ്പ്പകുത്തെടു-
ത്തൊരു തിടുക്കവുമില്ലാതെ
വരി തെറ്റാതെ നീങ്ങുന്നു
ജീവിതാനന്ദവാഹകര്‍ .

നിരനിരയായുള്ള നടപ്പ്
തെല്ലുകൗതുകത്തോടെ നോക്കി ഞാന്‍ .
എന്റെ നേര്‍ക്കു തന്നെ
വരവ്.
പെട്ടെന്ന് പൊങ്ങീ
നീണ്ടു നേര്‍ത്തൊരു വാല്‍
ഒരെലിവാല്‍
ഒരുപറ്റം എലിവാലുകള്‍
എലികള്‍ ...
എനിക്കു  ഞെട്ടല്‍!

നേര്‍ത്ത വാലുകളില്‍
ചിലതു കനത്തു
ചിലതു നീണ്ടു ...
അവരെന്റെ നേര്‍ക്കു തന്നെ.

ചിലതിനു കൊമ്പുകള്‍
ചിലതിനു ദംഷ്ട്രകള്‍
ചെന്നായായ്, പുലിയായ്
സിംഹമായ്
കാണ്ടാമൃഗമായ്, കാട്ടുപോത്തായ്
പല പല മുരള്‍ച്ചകള്‍
അലര്‍ച്ചകള്‍...

എങ്ങോട്ടോടുമെന്നെന്റെ പേടി
വിറച്ചു,
മൂത്രമൊഴിച്ചു പോവുമ്പോള്‍
കാഴ്ചകള്‍ വളര്‍ന്നു വളര്‍ന്ന്
ചുറ്റിലും കൊടുങ്കാടായ്
കാട്ടില്‍ കൂരിരുട്ടായ്...

മിടിപ്പിന്റെ ശക്തിയില്‍, ഹൃദയം
തെറിച്ചു വീഴുമോയെ-
ന്നിടംകൈ നെഞ്ചില്‍ച്ചേര്‍ക്കേ

എന്റെ ഹൃദയത്തില്‍ നിന്നും
കൈവിരലുകള്‍ക്കിടയിലൂടെ
നിരനിരയായിറങ്ങുന്നു
നനുനനുത്ത ഉറുമ്പുകള്‍

 

..........................

Read more: വീടെന്ന വിചിത്ര ജീവി, സരൂപ എഴുതിയ കവിതകള്‍
..........................


പെണ്ണ് വരയ്ക്കുമ്പോള്‍

മുറ്റത്തു വെറും മണ്ണിലിരിക്കുന്നു
ഒരു പെണ്ണ്
വിരല്‍ കൊണ്ടവള്‍ 
മണ്ണില്‍ ചിത്രങ്ങളെഴുതുന്നു.
മല വരയ്ക്കുമ്പോളതിന്‍ നെറുകില്‍
സൂര്യന്‍ ചിരിക്കുന്നു
സൂര്യനെക്കൈകളില്‍ക്കോരി
അവളും ചിരിക്കുന്നു.
പുഴ വരയ്ക്കുമ്പോളതില്‍
അരയന്നങ്ങള്‍ നീന്തുന്നു
അതിന്‍ തൂവലില്‍ത്തൊടാന്‍
അവള്‍ തോണിയിറക്കുന്നു.
മരം വരയ്ക്കുമ്പോള്‍
ചില്ലയില്‍
മൈനകളിരിക്കുന്നു.
അവയ്ക്കു കേട്ടുപഠിക്കാനായ്
താളമിട്ടവള്‍ പാടുന്നു.
മുല്ലവള്ളി വരയ്ക്കുമ്പോളതു
പൂത്തു മറിയുന്നു.
പൂക്കള്‍കൊണ്ടവള്‍ ശലഭത്തിനു
കൊട്ടാരം പണിയുന്നു.
കൊമ്പനെ വരയ്ക്കുമ്പോള്‍
തുമ്പിക്കൈയാലവളെച്ചുഴറ്റിയെറിയുന്നു.
എണീറ്റു ചെന്നവളാ -
ക്കൊമ്പു പിടിച്ചു കുലുക്കുന്നു.
പിന്നെയും വരയ്ക്കുന്നു.
മാന്‍കിടാവിനെ വരയ്ക്കുമ്പോളത്
കാട്ടിലേയ്‌ക്കോടിക്കേറുന്നു
സിംഹം, പുലി, ചെന്നായൊക്കെയും
പാഞ്ഞടുക്കുന്നു.
അവള്‍ പേടിച്ചു
മണ്ണിന്റെ മടിയില്‍ മുഖം പൂഴ്ത്തുന്നു.
മാനം വരയ്ക്കുമ്പോളതില്‍
മേഘങ്ങള്‍ നിരക്കുന്നു
മിന്നല്‍ പായുന്നു
ഇടി വെട്ടി 
മഴയിരമ്പാന്‍ തുടങ്ങുന്നു.
വരച്ചതൊക്കെയും ചേര്‍ത്തുവെച്ചതിന്‍
മുകളിലവള്‍ കമിഴ്ന്നു കിടക്കുന്നു.
മഴയവളെക്കൈകളില്‍ക്കോരി
മാനത്തേയ്ക്കു മറയുന്നു.

 

...............................

Read more: പൂട്ടഴിഞ്ഞനേരത്തെ കടല്‍-ക്കാടു-പുഴകള്‍, സുജിത സി.പി എഴുതിയ കവിതകള്‍
...............................


ഇറങ്ങിപ്പോകുന്ന രാത്രികള്‍..

ഒരു സന്ദേശം കിട്ടി.
ഒരു രാത്രി
ഉറക്കത്തില്‍നിന്നിറങ്ങിപ്പോവുന്നെന്ന്.
എണീറ്റിരുന്ന്
കണ്ണു തിരുമ്മി നോക്കി.
രാത്രിയതാ
ഇടനാഴിയിലെ ഇരുട്ടിലൂടെ
ഒച്ചയുണ്ടാക്കാതെ നടന്നു മറയുന്നു.

സന്ദേശം വന്നു 
പിന്നെയും.
ഉറക്കത്തില്‍നിന്നിറങ്ങിപ്പോവുന്ന 
രാത്രിയെ
വീണ്ടും കണ്ടു.
നിഴലുകള്‍ക്കിടയിലെ നിഴല്‍പോലെ
അത്
നീങ്ങിനീങ്ങിപ്പോയി.

അടുത്ത രാത്രിയും പോയി,
അടുക്കളവാതിലിലൂടെ..
വാഴകള്‍ക്കിടയിലൂടെ...

നോക്കിനോക്കിയിരിക്കെ
ഒന്നിനു പിറകെ ഒന്നായ്
ഇറങ്ങിപ്പോകുന്നു രാത്രികള്‍...

ഓരോന്നിനും പിറകെ ചെന്നു.

ഒരു രാത്രി
ഓടിച്ചെന്നൊരു നൃത്തവേദിയിലിരിക്കുന്നു.
അതിനെക്കാത്തുനിന്ന നര്‍ത്തകി
ചുവടുവെച്ചു തുടങ്ങുന്നു.

ഒരു രാത്രി
 ഭ്രാന്താശുപത്രിയില്‍ച്ചെന്നുകേറുന്നു.
മുഴുഭ്രാന്തിന്റെ തലമുടി
വേര്‍പെടുത്തു കൊടുക്കുന്നു.

ഉറക്കത്തിന്റെ നിലവറ
കുത്തിത്തുറന്നൊരു രാത്രി
കടത്തിക്കൊണ്ടു പോവുന്നു
വിലപ്പെട്ടവയൊക്കെയും.

മരണത്തിന്‍കരയില്‍ പിടയും
മത്സ്യങ്ങളോരോന്നിനെ
വെള്ളത്തിന്‍ കുമ്പിളില്‍ക്കോരിയിടുകയാണൊരു രാത്രി.

ഉത്സവപ്പറമ്പിന്റെ 
ഒഴിഞ്ഞകോണില്‍ നിന്നു
കാമുകന്റെ കണ്ണില്‍ക്കേറി നില്‍ക്കുന്നൂ, രാത്രി.

ഒരു രാത്രിയതാ ചെന്നു
മദ്യശാലയിലിരിക്കുന്നു.
നീലവെളിച്ചത്തില്‍ തുമ്പികള്‍
ഉന്മത്തരായ്പ്പറക്കുന്നു.

വിയര്‍പ്പില്‍ കുതിര്‍ത്തുകൊ -
ണ്ടുറക്കമുഴുതിട്ട
പാടത്തു നക്ഷത്രങ്ങള്‍
വിതയ്ക്കുന്നുണ്ടൊരു രാത്രി.

തുരങ്കം പണിയുന്നുണ്ട്
സ്വര്‍ഗ്ഗത്തിലേക്കൊരു രാത്രി.
ദൈവമതും നോക്കി
ചിരിച്ചു നില്‍ക്കുന്നുണ്ട്.

എത്രയെത്ര നടന്നിട്ടും
തീരുന്നില്ല യാത്രകള്‍.
പിറകെയെത്ര നടന്നിട്ടും
തീരുന്നില്ല രാത്രികള്‍.

 

മലയാളത്തിലെ മികച്ച കവിതകള്‍ ഇവിടെ വായിക്കാം
 

click me!