Malayalam Poems: സ്വാഭിനയ സിനിമകള്‍, ലാല്‍മോഹന്‍ എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Mar 2, 2024, 4:24 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ലാല്‍മോഹന്‍ എഴുതിയ രണ്ട് കവിതകള്‍


യാത്ര
പോയവരെക്കുറിച്ചൊന്നും
ഒരു വിവരവുമില്ല,
അവരും ആ വളവു വരെ
പോയതേ കണ്ടുള്ളൂ -
ദൂരേക്ക് കാണാത്ത
കണക്കിന്
വഴി തെറ്റിയെന്ന പഴി- 
ലാല്‍മോഹന്‍ എഴുതിയ രണ്ട് കവിതകള്‍

 

Latest Videos

undefined


സ്വാഭിനയ സിനിമകള്‍

അഭിനയിക്കുമ്പോള്‍
കഥ എങ്ങോട്ടു
പോകുമെന്ന്
നമുക്കറിയാം.
അനിശ്ചിതത്വം
അഭിനയിക്കുമ്പോഴില്ല.
ആശങ്കയോ 
ആധിയോ ഇല്ല.

പറയാനുള്ളതേ 
പറയൂ
കേള്‍ക്കാനുള്ളതേ
കേള്‍ക്കൂ.
എത്രയകലത്തില്‍ 
ഏതു ദിശയില്‍
എപ്രകാരമെന്ന്
അറിയാം.

അപ്പുറത്ത്
വരാനിരിക്കുന്ന
മനുഷ്യര്‍, മരങ്ങള്‍ ,
മൃഗങ്ങള്‍ എല്ലാം
കാലേക്കൂട്ടി. 
കഥ തെറ്റും വിധം
പെരുമാറുന്നത്
അഭിനയത്തില്‍
നിഷിദ്ധമാണ്.

എന്നാല്‍,
കാണുന്നവര്‍ക്കും
നോക്കുന്നവര്‍ക്കും
അനിശ്ചിതത്വമുണ്ട് .
അവര്‍ നൊടിയില്‍
ഞെട്ടും പൊട്ടും
വീര്‍പ്പില്‍ മുട്ടും
ചിതറും, ചിലര്‍
പരക്കാതെ പതറും.

'നല്ല' അഭിനയത്തില്‍
നാം കാണുന്നത്
നോക്കുന്നത് തന്നെ
ആകണമെന്നെന്തിന്? 
നോട്ടക്കാരുടെ
അഭിനയമല്ലാതെ
നാമിപ്പുറം
മറ്റെന്താണ്
കാണുന്നത് ?

നോട്ടത്തിനും
കാഴ്ചയ്ക്കുമിടെ
ഇടയ്ക്കിടെ നമ്മളും
അഭിനയിച്ചു
പോകുന്നുണ്ട്,
സ്വയം കഥ
മെനഞ്ഞു കൂട്ടുന്നുമുണ്ട് .

തെറ്റിക്കാതെ 
പ്രതീക്ഷാനിര്‍ഭരമായ
ഈ അഭിനയം കണ്ട്,
കഥാപാത്രങ്ങള്‍
ഇങ്ങോട്ടു
നോക്കുന്നുണ്ടാകണം.
നമ്മെക്കണ്ട്,
അവര്‍ക്കുണ്ടായ
ആധിയും
അനിശ്ചിതത്വവും
അവരുടെ കഥകളെ
അട്ടിമറിക്കുന്നുണ്ടാകണം.

ഇപ്പോള്‍ ഇടയിലും
ഇടവേളയിലും
ഒടുക്കത്തിലും
മറ്റെന്തോ
പ്രതീക്ഷിച്ച്
നമുക്കൊപ്പം
അവരും പുറത്തിറങ്ങുന്നു.

ഈ കഥ
എങ്ങോട്ടാണു
പോകുന്നതെന്ന്
അവരും
നോക്കുന്നുണ്ടാകും,
ചിലതെല്ലാം
കാണുന്നുമുണ്ടാകും .

 

ബ്ലേഡ്

എല്ലാ വഴികളില്‍ നിന്നും
പുറത്താക്കപ്പെട്ട
ഒരു നേര്‍വര ഇപ്പോള്‍
സഞ്ചാരമെല്ലാം നിര്‍ത്തി.

അനന്തമല്ല, അജ്ഞാതമല്ല,
ഒന്നും തീരാതിരിക്കുന്നുമില്ല-
രാത്രി, പകല്‍ ,
ജീവിതം, മരണം ,
ഓര്‍മ, സ്‌നേഹം 
ഒന്നും ഒരു വളവിനപ്പുറം
കാണുന്നില്ല.

വഴികളുടെയെല്ലാം
പരമാവധി ദൂരം
ആ വളവു വരെ മാത്രം.
കേള്‍വി വളഞ്ഞു
സഞ്ചരിക്കുന്നെന്ന്
പറഞ്ഞതു
വെറുതെയല്ല.
അയാള്‍ കേട്ടതല്ല
അവര്‍ പറഞ്ഞത്,
അവര്‍ കേട്ടതല്ല
അയാള്‍ പറഞ്ഞതും.

എത്ര ദൂരത്തേക്കും
പരക്കാമായിരുന്ന
ഒരു നിറം 
വെളിച്ചത്തില്‍ വെള്ളയായും
ഇരുട്ടില്‍ കറുപ്പായും
ആകാശത്ത് നീലമായും
രക്തത്തില്‍ ചുവപ്പായും
തിരിച്ചറിവിന്റെ
വഴിയടയ്ക്കുന്നു.

അനേകമായ വരകളുടെ
ഭ്രാന്തന്‍പാച്ചിലില്‍
ചിലത് പേടിച്ച്
ഏകമാകുന്നു .
ഇനിയൊരു വഴിയുമില്ലെന്ന്,
വേറെ വഴി നോക്കാന്‍,
എനിക്കെന്റെ വഴിയെന്ന് ,
നിന്റെ വഴി ശരിയല്ലെന്ന് ,
...അങ്ങനെ.

യാത്ര
പോയവരെക്കുറിച്ചൊന്നും
ഒരു വിവരവുമില്ല,
അവരും ആ വളവു വരെ
പോയതേ കണ്ടുള്ളൂ -
ദൂരേക്ക് കാണാത്ത
കണക്കിന്
വഴി തെറ്റിയെന്ന പഴി.

നിവര്‍ന്നു നില്‍ക്കാന്‍
കെല്‍പ്പില്ലാത്ത
ഒരു വര മാത്രം
വളഞ്ഞുപുളഞ്ഞു
നീയെത്ര ദൂരം
വന്നെന്നു ചോദിക്കുന്നു.

വഴിമുട്ടിയ ചോദ്യത്തെ
ഒരൊറ്റ വര കൊണ്ട്
വെട്ടി മുറിച്ച് 
ചുവപ്പു മഷി തീര്‍ന്നു 
അല്ലെങ്കിലും-
വളഞ്ഞു പോകാനറിയാത്ത
ഈ വര
മുഴുവനാകില്ല തന്നെ.


 

click me!