വാക്കുല്‍സവത്തില്‍ ഇന്ന് ബൈജു മണിയങ്കാല എഴുതിയ കവിതകള്‍
കവിതയുടെ സൂക്ഷ്മദര്‍ശിനിയില്‍ നിസ്സഹായമായി ചെന്നുപെടുന്ന വാക്കുകളുടെ നൃത്തമാണ് ബൈജു മണിയങ്കാലയുടെ കവിതകള്‍. വാക്കുകളുടെ, ബിംബകല്‍പ്പനയുടെ, അനുഭവങ്ങളുടെ നൂല്‍പ്പാലത്തിലൂടെയുള്ള കവിതയുെട നടത്തം. വാക്കുകള്‍ അവിടെയെത്തുമ്പോള്‍ ഉടയാടകളഴിഞ്ഞ് നഗ്‌നമാവുന്നു. ബിംബകല്‍പ്പനകള്‍ പുറന്തോട് പൊട്ടിച്ച് സ്വാതന്ത്ര്യം തേടുന്നു. അനുഭവങ്ങള്‍ യുക്തികളുടെ അടിനൂലുകള്‍ അഴിച്ചുകളയുന്നു. ഒടുവില്‍ ബാക്കിയാവുന്നത്, വൈകാരികതയുടെ പട്ടുനൂലുകള്‍ കടഞ്ഞുണ്ടാവുന്ന ആത്മീയവും ധ്വനിസാന്ദ്രവുമായ അനുഭവം. കവിതയ്ക്ക് മാത്രം അനുഭവിപ്പിക്കാന്‍ കഴിയുന്ന കണ്‍കെട്ട് വിദ്യ. അതിനു മുന്നില്‍ വായനക്കാര്‍ അന്തം വിട്ടു നില്‍ക്കും. ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദിയെപ്പോലെ നില്‍ക്കുന്ന കവിയുടെ കൈയടക്കങ്ങള്‍ സംശയത്തോടെ നോക്കും. മായാജാലം തോറ്റു പോവുന്ന ഭാവനയുടെ അടരുകള്‍ക്കുള്ളില്‍ സന്ദേഹം തീരാത്ത ഉന്‍മാദികളെപ്പോലെ അലയും.
എട്ടാമ്പലുകള്‍ ഒരു കുളം നിര്‍മ്മിയ്ക്കുവാന്‍
പോകും വിധം
എട്ട് ആമ്പലുകള്‍ ഒരു കുളം നിര്‍മ്മിയ്ക്കുവാന്‍
പോകും വിധം
നിരന്നും
വരിവരിയായും
വരമ്പത്ത് എത്തുമ്പോള്‍
ഒന്നിന് പിറകെ ഒന്നായും
വിരിഞ്ഞും കൂമ്പിയും
വേര് ഒരു നദി
കടവത്ത് നില്‍ക്കും മരം
അവിടെ കുളിയ്ക്കാനിറങ്ങും
എന്ന് വിചാരിച്ചും
വിചാരം നനച്ചും
വിചാരം ചരിച്ചും
ഒരിത്തിരി വെള്ളം കുടിച്ചും
ഇടക്ക് ചാലുകള്‍ ചാടിക്കടന്നും
അപ്പോള്‍ വിചാരങ്ങള്‍,
പാവാട പോലെ പൊക്കിയും
ഇടയ്ക്ക് വിരിയുന്നതിലേയ്ക്ക്
മൊട്ടുകളിലേയ്ക്കും
ഇതളുകളിലേയ്ക്കും
പൂവ് പോലെ കുത്തിയിരുന്നും
വിരിയുവാന്‍ രാത്രി നിര്‍മ്മിച്ചും
നിര്‍മ്മാണത്തിലിരിയ്ക്കുന്ന രാത്രിയെ
ഇരുട്ടിന്റെ പ്ലാസ്റ്റര്‍ തേയ്ച്ചിട്ടും
ഉണങ്ങിത്തുടങ്ങിയ നിലാവിന്
ചാഞ്ഞനിറങ്ങളില്‍ വെള്ളമൊഴിച്ചും
താഴേയ്ക്ക് ഒരു തണ്ടിട്ട്
ഒരു കൂമ്പല്‍ മുന്നിലേയ്ക്കിട്ട്
വിരിയുന്നത് മുകളിലൊളിപ്പിച്ച്
ആമ്പലിനരികില്‍
സുതാര്യത അരികിലേയ്ക്ക് നീക്കിയിട്ട ജലം
വശങ്ങള്‍ പുറത്തേയ്ക്ക് പിന്നിയിട്ട
ഇരിപ്പിടമാക്കിയും
ജലത്തില്‍ ഇരുന്ന് സഞ്ചരിച്ചും
വള്ളത്തില്‍ പുഴകടക്കും വിധം ഓളങ്ങളില്‍ മുട്ടിയും.
നേരം
നിലാവിന്റെ ലിപികളില്‍
നിശ്ശബ്ദതയുടെ സമാഹാരം
നോട്ടം മാനത്തേയ്ക്ക്
വട്ടത്തിലരിഞ്ഞിടുമ്പോ
എല്ലാം അവിടെ നില്‍ക്കുമോ?
മുകളില്‍
ആമ്പലുകള്‍ക്ക് മുമ്പില്‍
പൗര്‍ണ്ണമിയ്ക്ക് പിന്നില്‍
കാണുവാനാകുമോ
വെട്ടത്തിന്റെ കല വന്ന
ഇരുട്ടിന്റെ ചോട്ടിലേയ്ക്ക്
ഒറ്റക്കുട്ടമാനം ചുമന്നുകൊണ്ടിടും
അമ്പിളി!
.................................
Read more: സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍
.................................
റാഞ്ചപ്പെടുമ്പോള്‍
കവിതയുടെ കോക്ക്പിറ്റിലാണ്
പറഞ്ഞു,
മനസ്സിലാക്കികൊടുക്കുകയാണ് ഞാന്‍
ഇനിയും എഴുതാത്ത
ഇനിയും ആരോടും പറയാത്ത
ഒരു വാക്കിനാല്‍,
ഒരു കാതിലേയ്ക്കും
ആരും ശീലഴിച്ച്
നീട്ടിച്ചൊല്ലാത്ത വരികളാല്‍
കവിതേ,
നീ റാഞ്ചപ്പെട്ടിരിയ്ക്കുന്നു
ശ്വസിക്കുന്ന ഉയരത്തില്‍
വായുവില്‍
ശ്വാസത്തില്‍
പരിതസ്ഥിതികളില്‍
സൗഹൃദപ്രകൃതിയില്‍
ജീവിച്ചിരിയ്ക്കുന്ന ഇടങ്ങളില്‍ നിന്നും
സ്വകാര്യമായി റാഞ്ചപ്പെട്ടിരിയ്ക്കുന്ന
വിമാനമാകുന്നു കവിത
ഓരോ വായനക്കാരും
ഇരിപ്പിടത്തില്‍
അവരില്‍ നിന്നും
എന്നോ പുറപ്പെടും
സഞ്ചാരികള്‍
കടും നിറങ്ങളില്‍
പിറകിലേയ്ക്ക് സഞ്ചരിയ്ക്കും
ഭിക്ഷുക്കളേപ്പോലെ
ദൃശ്യങ്ങള്‍ക്കിടയില്‍
മുന്നിലുണ്ടാവാം
ധ്യാനലോകത്തിലേയ്ക്ക്
വൈമാനികനാക്കപ്പെട്ട
ബുദ്ധന്‍
വരികള്‍ക്കിടയില്‍
വാക്കുകള്‍ക്കിടയില്‍
ശൂന്യതയുടെ കാഞ്ചികള്‍
ശ്വാസത്തിന്റെ റാഞ്ചികള്‍
നെഞ്ചിനും വായനയ്ക്കും
ഇടയില്‍
അത് മിടിപ്പുകളിലേയ്ക്ക് ചൂണ്ടപ്പെട്ടിരിയ്ക്കുന്നു
ചൂണ്ടിത്തോറ്റ തോക്കുകളാണ് വാക്കുകള്‍
ഉപയോഗിച്ചേക്കാം
ഉപമകള്‍,
രൂപകങ്ങള്‍ മറ്റലങ്കാരങ്ങള്‍
നോക്കൂ
വിരിയുന്നതിന്റെ തോക്കുപയോഗിച്ച്
ഒരു ജമന്തിയെ റാഞ്ചുന്നു
പൂക്കാതിരിക്കുവതെങ്ങിനേ?
ഓരോ പൂക്കളേയും റാഞ്ചുന്നു
വെടിയുണ്ടകള്‍ മൊട്ടുകള്‍
ഒറ്റനിറത്തില്‍ റാഞ്ചപ്പെട്ട മഴവില്ല്‌പോല്‍
നിറമില്ലായ്മകളിലേയ്ക്ക് റാഞ്ചപ്പെട്ട വസന്തം
ഇരിയ്ക്കുവാന്‍ അനുവാദമില്ലാത്ത വിധം
നെഞ്ചിന് നേരെ
തലയ്ക്ക് മീതേ
വിശ്വാസത്തിന്റെ
സാവകാശത്തിന്റെ
വളഞ്ഞ വിരലുകള്‍ തൊട്ട്‌തൊട്ട്
ഹിംസകള്‍ മുട്ടിനില്‍ക്കും കാഞ്ചികള്‍
പൊടുന്നനേ ആവണമെന്നില്ല
എവിടുന്നോ കേള്‍ക്കാവുന്ന വിധം
പൂവെന്ന,
പൂവിടുന്ന
അഭിസംബോധന
കേള്‍ക്കാം
അനുഭവിച്ചറിയാം
അന്നന്ന്
അപ്പഴപ്പോള്‍
അന്തരീക്ഷത്തിലേയ്ക്ക്
ഉതിര്‍ന്നുവന്നേക്കാവുന്ന
ചുടുനെടുവീര്‍പ്പുകള്‍
മനുഷ്യന്‍,
നെടുവീര്‍പ്പുകള്‍ ഇട്ടുവെയ്ക്കും
ഏതുനിമിഷവും വീണുടഞ്ഞുപോയേക്കാവുന്ന പൂപ്പാത്രങ്ങള്‍
താഴേയ്ക്കും
മുകളിലേയ്ക്കും കൊഴിയുന്നത്
ഒഴിച്ച്,
വീശിയെടുക്കുന്ന ചായ പോലെ
മുന്നിലേയ്ക്ക് നീട്ടപ്പെട്ടേക്കാം
കടുപ്പത്തിലൊരു പൂവ്
ചേര്‍ത്തിട്ടുണ്ടാവും വിരിയുന്നത്
ഒരിത്തിരി
നിര്‍ബന്ധമില്ലാത്തതെല്ലാം ഇതളുകള്‍
വെച്ചുനീട്ടുന്നുണ്ടാവും
വായനയ്ക്ക്
ചുണ്ടുകള്‍ പിന്നില്‍ വെച്ച്
കവിതയും
റാഞ്ചപ്പെട്ടുവോ,
എന്ന് പരിശോധിച്ച്
ഉറപ്പാക്കും വിധം
വാക്കുകളില്‍ നിന്നും
പുറത്തേയ്ക്കിറങ്ങി
മേഘങ്ങളില്‍ പരതിതുടങ്ങും
എഴുതി തുടങ്ങാത്ത കവിത
ഇനിയും റാഞ്ചിയിട്ടില്ലാത്ത വിധം
നിര്‍ത്തിയിട്ട എഴുത്തുകള്‍ക്കിടയില്‍
കവിത,
നിശ്ചലതയുടെ
നിശ്ശബ്ദതയുടെ
വിമാനമാവുന്നതങ്ങിനാവാം
തിരിച്ചുവിടേണ്ടിവന്നേക്കാം
ശൂന്യതയുടെ എഴുതിത്തുടങ്ങാത്ത
ഇടത്തിലേയ്ക്ക് കവിത
കൂടെ കണ്ടേക്കാം അഴിച്ചുകൊടുക്കുവാനാവാത്ത മിടിപ്പുകള്‍
കവിത
ഉയിരിന്റെ മോചനദ്രവ്യം എന്ന വണ്ണം
എഴുതുന്നതിനും
എഴുതാത്തതിനും ഇടയില്‍
ആവശ്യപ്പെടുന്നതെന്തും
തുളച്ചുകയറും
അഴുകുന്ന സമയത്തിന്റെ ഗന്ധം
അരക്കെട്ടുകളുടെ മൊട്ടുകളിലേയ്ക്ക്
ബന്ധിയാക്കപ്പെടുന്ന പൂവ്
അരുതെന്ന് പറയുന്ന വിധം
ഇരിപ്പിടങ്ങളിലേയ്ക്കുള്ള
വിരിയലുകള്‍
ഇടയനില്ലാതെ ഇടങ്ങളില്‍
ആടുകള്‍ പോലെ ജാലകങ്ങള്‍
മേഘങ്ങള്‍ക്കിടയില്‍ ഇറങ്ങി മേയുന്നിടം
റാഞ്ചപ്പെടുന്നതിനിടയിലും
ചുറ്റും ജാലകങ്ങള്‍ വിരിച്ച്
പറക്കുന്നതിന്റെ നടുവിലേയ്ക്ക് ഇറങ്ങിക്കിടന്നേക്കും
വിമാനം
തല്‍ക്കാലം വായനയിലേയ്ക്ക്
റാഞ്ചപ്പെടും വിധം എഴുതിനിര്‍ത്തുന്നുണ്ടാവും
എവിടെയോ
ഏതോ കവിതയും.
...................................
Read more: ചത്തകവികളുടെ കാട്, വിഷ്ണു പ്രസാദ് എഴുതിയ ആറ് കവിതകള്‍
...................................
അസ്തമയമാപിനികള്‍
സൂര്യനെ കല്ലുവെച്ച്
പൊട്ടിച്ചുതിന്നും വെയില്‍
ആ രംഗത്ത്
കല്ലുകളായി
അഭിനയം പുരട്ടിക്കിടക്കും
രണ്ട് തുമ്പികള്‍
വഞ്ചികള്‍
പഴയചിത്രങ്ങളിലെ
അസ്തമയമാപിനികളാവുന്ന
ഇടത്താണ്
പറക്കുവാനുണ്ടാവും
അടുത്ത്
രണ്ടോമൂന്നോ കിളികള്‍
കറുത്തനിറത്തില്‍
പൂര്‍ണ്ണമായും
പറക്കല്‍ കുറച്ച്
കറുപ്പ് കൂട്ടി
കറുത്ത് കറുത്ത്
അകലം തെറുത്ത് കൂട്ടി
രണ്ട് തുമ്പിച്ചിറകുകള്‍ കൂട്ടിവെച്ച്
കത്തിയ്ക്കുന്നു കെടും വെയില്‍
അരികില്‍ മഞ്ഞയോളം മാഞ്ഞ
വെയിലിന്‍ കടുംവാക്കെരിയുന്നു
പതിയേ
വെള്ളക്കരം പിരിയ്ക്കുവാന്‍
വാതുക്കല്‍ വന്ന് മുട്ടും,
മീനാവും ഇരുട്ട്
അസ്തമയം കഴിഞ്ഞും
അസ്തമയത്തിന് പരിശീലിയ്ക്കും
സൂര്യന്‍
അത്രയും നേര്‍ത്ത്
കെട്ടും രാത്രിയുടെ വേഷം
ഇരുട്ടിന്റെ തെയ്യവും
മീന്‍ കാണാതെ
വെള്ളം കയറി വാതിലടയ്ക്കും
ഇവിടെ ആരുമില്ല എന്ന്
വെള്ളം വിളിച്ചുപറയുന്ന ഒച്ച
പിന്നെയും ഇരുളും
അരണ്ടവെളിച്ചമാവും
ഓര്‍മ്മ കുമ്പിള്‍ കുത്തിയിടുമ്പോള്‍
അതില്‍ കുത്താന്‍
ഒരു നെഞ്ചിടിപ്പിന്റെ ഈര്‍ക്കില്‍
മുറിച്ചെടുക്കുമ്പോലെ
അത്രയും സൂക്ഷ്മത
പരിസരസൃഷ്ടിയില്‍
കഥാപാത്രങ്ങളില്‍,
പുലര്‍ത്തേണ്ടത് ഇനി ഒരുപക്ഷേ
നിങ്ങളാവും
ചലനങ്ങള്‍ എവിടെയോ
ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത
തിരശ്ശീലയോളം നേര്‍ത്ത നാളം
കറക്കിയിട്ട എട്ടണ എന്ന വാക്ക്
കറങ്ങിക്കറങ്ങിക്കറങ്ങി
നാണയമായി അടങ്ങുവാന്‍
എടുത്തേക്കാവുന്ന സമയം
പതിഞ്ഞ ശബ്ദത്തില്‍
വാതിലില്‍ ചെന്ന് മുട്ടും
ശൂന്യത വാരിക്കെട്ടിവെച്ച
വിരലിന്റെ പിറകുവശം
അതിലും പതിഞ്ഞ് പേര്
വിരലോളം കനത്തില്‍
കൈയ്യില്‍ കൂട്ടിവെച്ചതെല്ലാം
ഉരുവിടും പോലെ പതിയേ
തുറക്കുവാനെടുക്കുന്ന
സാവകാശങ്ങളുടെ ശേഖരങ്ങള്‍ വാരികെട്ടി മുറി
ഒരു ഒത്തുതീര്‍പ്പിലെന്നോണ്ണം
ചാഞ്ഞ്,
ചരിഞ്ഞുകിടപ്പിലേയ്ക്ക്
വഴങ്ങും ഉള്ളില്‍ ഒരുവള്‍
ഇപ്പോള്‍ ഉടല്‍
നഗ്‌നതയുടെ ഏറ്റവും ലളിതമായ
ഒരു സന്ദര്‍ശനത്തുണ്ട്
പാട്ടിന്റെ ഹൂക്കഴിച്ച് അത്,
താഴേയ്ക്ക് കേട്ടുകിടക്കും നഗ്‌നമായ കാത്
കാതിനും പാട്ടിനും വഴങ്ങി
അതിനരികില്‍
അരുമയായി ശരീരം
വിരലുകള്‍ നീലമീന്‍കൊത്തികള്‍
മറുകിന്റെ മൂന്നാമത്തെ ഐസ്‌ക്യൂബ്
വന്നുവീണ പോലെ
ഒന്നുലഞ്ഞുകഴിഞ്ഞ ഉടല്‍
അടച്ചുറപ്പില്ലാത്ത മുറികള്‍
മാനത്തിനെ
കൂടുതല്‍ സംരക്ഷിയ്ക്കുന്നത് പോലെ
ചടങ്ങുകള്‍ക്കിടയില്‍
കട്ടള വെയ്ക്കുവാന്‍ മറന്നുപോയ വീട്
പുറമേയ്ക്ക് ചാരിവെയ്ക്കും
നെടുവീര്‍പ്പോളം ശ്വാസം
കവിള്‍ നിറയെ കൊണ്ടവെള്ളം
ഇറക്കുമ്പോള്‍ കേള്‍പ്പിയ്ക്കുന്ന
ശബ്ദം
അത് തന്നെ പ്രതിധ്വനിയ്ക്കും
അതിന്റെ നിശ്ശബ്ദതയും
പുറത്ത്
ഒരുപമയ്ക്ക് വില പറയും മീന്‍
ഗസല്‍മറുക്
കാതുകളുടെ സ്ഥാനമാപിനി
മീന്‍കണ്ണരഞ്ഞാണം
ഇളകുന്ന
ഉടലിന്റെ പെഗ്
അടിയിലേയ്ക്ക്
കവര്‍പ്പിന്റെ കറുപ്പ് ചേര്‍ത്ത
നേര്‍ത്ത സ്വര്‍ണ്ണലായിനി
കടിച്ചുപൊട്ടിയ്ക്കും
ലഹരിയുടെ പേരയ്ക്കാതരികള്‍
ഉടല്‍
ആലിംഗനങ്ങളുടെ അരപ്പ്,
മുന്നില്‍ അരച്ചുവെച്ച
അരകല്ലിന്റെ കടല്‍
അരികില്‍
ബാക്കിവരുന്നതെല്ലാം
ചേര്‍ത്തുവെയ്ക്കും വിയര്‍പ്പലിഞ്ഞകല്ലുപ്പ്
അപ്പോഴും
പുറംവിരലുകളില്‍
പറ്റിപ്പിടിച്ചിരിയ്ക്കും അഴിച്ചിട്ട
ഓരോ ഹൂക്കിന്റെയും
മുടിമെഴുക്ക് പുരണ്ട
അരണ്ട പിന്‍കഴുത്തരപ്പ്
ഞാന്‍ നിന്നിലേയ്ക്ക്
നീ എന്നിലേയ്ക്ക്
എന്ന താളത്തില്‍
ചെമ്മീന്‍ പോലെ ചുരുളുകളിലേയ്ക്ക്
ചെതുമ്പലുകളഴിഞ്ഞ്
നമ്മള്‍
നമ്മളില്‍ പുരണ്ടുകൊണ്ടിരിയ്ക്കുന്നതെന്തും
സമയം
അതും ജലം പോലെ
അത്രയും സുതാര്യം
പുറത്ത്
ജനല്‍ച്ചതുരം കൊത്തി
അതില്‍ മുട്ടി
ഇവിടെയാരുമില്ലേ എന്ന ചോദ്യം
കൊളുത്തി
തിരിച്ചുപോകും മീന്‍
ഒപ്പം അതിന്റെ പകരക്കാരനും
വെള്ളം വെറും പക്കമേളക്കാരന്‍
നമ്മള്‍ അതൊന്നും
അറിഞ്ഞിട്ടേയില്ലാത്ത വണ്ണം
ഉള്ളില്‍
തങ്ങളില്‍
നീന്തിനീന്തിപ്പോകും
അതേ മീനുകളുടെ
രണ്ടുപിറകുവശങ്ങള്‍.
................................
Read more: മാരക സ്മാരകങ്ങള്‍, ഷാജു വിവിയുടെ കവിത
................................
ഭ്രമണത്തിന്റെ അല്ലികളില്‍ ഭൂമി
നിശ്ശബ്ദതയെ ഓടക്കുഴലാക്കുവാന്‍
തടസ്സം നില്‍ക്കും
ആ ഏഴാമത്തെ സുഷിരത്തിന്റെ
പണിപ്പുര
ചുണ്ടുകളെ ചുമന്ന് കൊണ്ട്
പോകും,
ചുംബനക്കാലുള്ള എറുമ്പുകള്‍
നേരത്തെ എണീറ്റ്
കണ്ണുകളുടെ വെള്ളകള്‍
ഇമകളില്‍ തൂത്ത് കൂട്ടും
കൃഷ്ണമണിക്കരിയിലകള്‍
മുറ്റം,
എത്തിനോട്ടത്തിന്റെ കാറ്റ്
ആഴം കൊണ്ട് പാറും കിണറിന്റെ പതാകകള്‍
മണ്ണിര മഷി
ഇഴയുവാന്‍ മണ്ണിരയൊഴിയ്ക്കും മഷി
മഴ
പുതുചേര്‍ക്കും ഗന്ധം
നേരം,
ഭാരക്കുറവുമായി
ഭ്രമണത്തിന്റെ കുമിളകള്‍ നടത്തും
വിനിമയങ്ങള്‍
ഒരു പൂവ്,
വസന്തത്തിനെ
മുലയൂട്ടുമെങ്കില്‍ മാത്രം
മുലകള്‍,
മാതൃകകളുടെ അല്ലികള്‍
ഭാരത്തിനെ ഒക്കത്തെടുത്ത്
ഭൂമി ഒരമ്മയാവുന്നു
മെല്ലെ എന്ന വാക്കിന്റെ മൊട്ട്
മാതൃത്വത്തിന്റെ അല്ലികള്‍
ഭ്രമണത്തിന്റെ അല്ലികളുള്ള
ഒരോറഞ്ചാവും ഭൂമി.
........................
Read more: മീന്‍, കടല്‍; ആശാലത എഴുതിയ കവിതകള്‍
........................
കഥക് പരിശീലിയ്ക്കും ബുദ്ധന്‍
കാണുകയായിരുന്നു
ബുദ്ധനെ നിര്‍മ്മിക്കുവാന്‍
പരിശീലനത്തിന് പോകുന്ന
ചെമ്പരത്തിപ്പൂക്കളെ
നോട്ടത്തില്‍ അവ അയലത്തെ
എന്ന് തോന്നിച്ചു
തോന്നലിന്റെ തുള്ളിയിറ്റി
കൃഷ്ണമണികളില്‍ അവയെ
വിരിയുന്നത് വരെ
അനുഗമിച്ചു
വഴിയരികില്‍
കഥക് നര്‍ത്തകന്റെ കണ്ണുകള്‍ക്ക്
വിലപേശുവാന്‍ മാത്രം
ഒന്നുനിന്നു.
നിഷേധിക്കപ്പെട്ട ദ്രുതചലനങ്ങളില്‍
തിരിഞ്ഞുമാത്രം നോക്കി
വീണ്ടും നടന്നു
തിരിച്ചുവരുമ്പോള്‍
ധ്യാനത്തിന്റെ ചോട്ടില്‍ ഇതളുകള്‍
പ്രതിമയില്‍
ഭ്രാന്തിന്റെ കേസരം പുറത്തേയ്ക്കിട്ട
ബുദ്ധന്‍
ചുവന്ന ചലനങ്ങളില്‍ ചെമ്പരത്തി,
കഥക് പരിശീലിയ്ക്കും ബുദ്ധന്‍!