വാക്കുല്‍സവത്തില്‍ ഇന്ന് രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
'ഒട്ടും സിമ്പിളല്ലാത്ത ഈ ജീവിതം' എന്നാണ് രാജേഷ് ചിത്തിരയുടെ ഒരു കവിതയുടെ ശീര്‍ഷകം. വേണമെങ്കില്‍, ആ വാചകം കൊണ്ട് തുറക്കാം, രാജേഷിന്റെ എഴുത്തുകളുടെ പൂട്ടുകള്‍. അകത്തുകടന്നാല്‍ കാണാം, ജീവിതത്തിന്റെ പലമാതിരി കളിയാട്ടങ്ങള്‍. കളിയും ചിരിയും ആധിയും വ്യാധിയും നിറയുന്ന ഇടങ്ങള്‍. വൈയക്തികതയില്‍നിന്ന് സൂക്ഷ്മ രാഷ്ട്രീയത്തിലേക്കുള്ള നടത്തങ്ങള്‍. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ വാക്കു കൊണ്ട് അഴിച്ചെടുക്കാനുള്ള ശ്രമങ്ങള്‍. കവിതയുടെ മുനമ്പിലാണ് ആ ശ്രമങ്ങള്‍ ക്രാഷ് ലാന്റ് ചെയ്യുന്നത്. അവസാനം ബാക്കിയാവുന്നത്, അഴിക്കുന്തോറും കുരുക്കുമുറുകുന്ന ആ പസിലാണ്-ജീവിതം.
സൃഷ്ടിസാരം
മുപ്പത്തിമൂന്നു കോടി ദൈവങ്ങള്‍ക്കിടയില്‍
വിഭജിക്കപ്പെട്ടു പ്രപഞ്ചസൃഷ്ടി
ഒന്നിനോടൊന്നു സാദൃശമില്ലാത്തതാവണം
ഓരോ സൃഷ്ടിയുമെന്നായിരുന്നു നിബന്ധന.
പരസ്പര ധാരണയോടെ ദൈവങ്ങള്‍
ആറു രാവും പകലും പ്രയത്‌നിച്ചു
ഏഴാം നാള്‍ ക്ഷീണിതരായുറങ്ങി.
എന്നും വൈകിയുണരുകയും
ആറു ദിവസം ഉഴപ്പനായി നടക്കുകയും ചെയ്ത
ഒരു ദൈവത്തിനായിരുന്നു കടുകിന്റെ ചുമതല.
ആറു ദിവസമയാള്‍ വൈകിയുണരുകയും
മറ്റു ദൈവങ്ങളുടെ പണിശാലകളില്‍
ചുറ്റിത്തിരിയുകയും ചെയ്തു.
ഇടയ്ക്കിടെ സ്വര്‍ഗ്ഗത്തിന്റെ ജനാല തുറന്നു
താഴേക്കു നോക്കുകയും
ആരോ സൃഷ്ടിച്ച ഭൂമിയെ നോക്കി
നെടുവീര്‍പ്പിടുകയും ചെയ്തു.
ഏഴാം നാള്‍ മറ്റെല്ലാ ദൈവങ്ങളും
ക്ഷീണിതരായി നിദ്രാദേവിക്കടിമകളായി
ഉഴപ്പന്‍ ദൈവമാകട്ടെ ആ നേരം
കടുകിനെ സൃഷ്ടിച്ച്
ഒളിച്ചു നടന്നു കണ്ടെത്തിയ
മറ്റെല്ലാ സൃഷ്ടികളുടെയും രഹസ്യത്തെ
അതിനുള്ളില്‍ ഒളിപ്പിച്ചു വച്ചു.
കടുകിപ്പോള്‍ ഒരു രഹസ്യമാണ്.
രഹസ്യത്തിനാവട്ടെ നിയതമായ സ്ഥാനമില്ല
അതിന്റെ സൃഷ്ടാവായ ദൈവം കണ്ട
ഭൂമിയെപ്പോലെ അത് നിരന്തരം ചലിക്കുന്നു
രഹസ്യങ്ങളുടെ തുടക്കം ഏതെന്നോ
അതിന്റെ ഒടുക്കം എവിടെയെന്നോ
അതിന്റെ സ്രഷ്ടാവിന് പോലും അജ്ഞാതമാവുന്നു.
ക്രോണോസിനെ കടുക് തീറ്റിച്ചാണ് സീയൂസ്
തന്റെ സഹോദരന്‍മാരെ സ്വതന്ത്രരാക്കിയത്.
രഹസ്യം എന്ന പിശാചിനെ
തളച്ചു നിര്‍ത്തുന്നതാവട്ടെ
അതിനു ചുറ്റും വിതറിയ കടുകുകളാണ്
നിഷ്‌കാസിതയാക്കപ്പെട്ട കദളിഗര്‍ഭയ്ക്ക്
പിതാവിലേക്ക് വഴികാട്ടിയായ
കടുകാവട്ടെ രഹസ്യത്തിന്റെ ഒരു പാതയാണ്.
കടുക് സ്വയമൊരു തത്വചിന്തയാണ്.
രഹസ്യങ്ങള്‍ക്കൊപ്പം പൊട്ടിത്തെറിച്ച്
ഇല്ലാതാകലാണ് അതിന്റെ വിധി
അത് ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെയും
ക്ഷണികതകളെയും പരിചയപ്പെടുത്തുന്നു
നോക്കൂ,
ദൈവം ഒരു രഹസ്യവും ഒളിപ്പിച്ചു വെയ്ക്കാത്തത്
മരണവും ജനനവും നടക്കാത്ത
വീടുകളിലെ കടുകുകളില്‍ മാത്രമാണ്
.............................
Read more:
.............................
ചരമ ഗീതം
കടുത്ത പ്രണയനൈരാശ്യം
ബാധിച്ച നാളുകളില്‍ ഒന്നില്‍
ഒരു പക്ഷിയെ വാങ്ങാന്‍ തീരുമാനിച്ചു.
'ഒരു പാപം കൂടി തലയില്‍ വെയ്ക്കാതെ'
ഭാര്യ തടസപ്പെടുത്താന്‍ നോക്കി.
പക്ഷിവില്‍പ്പനകേന്ദ്രത്തില്‍
ഒരു പക്ഷി പാടിക്കൊണ്ടിരുന്നു.
ഇവന് ഞാന്‍ രവി എന്ന് പേരിടും
ഇവന്റെ കൂട്ടുകാരിക്ക് സീതയെന്നും
പാടിക്കൊണ്ടിരുന്ന പക്ഷിയെ വാങ്ങവേ
വില്‍പ്പനക്കാരന്‍ പറഞ്ഞു.
പെണ്‍പക്ഷിയെ വാങ്ങേണ്ട
അത് പാട്ടു പാടില്ല
രണ്ടായാല്‍ തങ്ങളില്‍ കൊത്തി നോവിക്കും
ആണ്‍പക്ഷി പാടാതെയാകും.
ഞാന്‍ ഭാര്യയെ നോക്കി
അവള്‍ ആണ്‍പക്ഷിയെ വാങ്ങി.
രവി മുത്തശ്ശന്റെ പേരായിരുന്നു.
സീതയെന്നത് മുത്തശ്ശിയുടേതും
നീണ്ടകാലം മൗനലോകത്ത്
ജീവിച്ചതിനു ശേഷം ഒരുനാള്‍
മുത്തശ്ശി മണ്ണോടു ചേര്‍ന്ന് കിടന്നു.
മുത്തശ്ശന്‍ അതേ മണ്ണോടു ചേരും വരെ
ആറേഴു കൊല്ലം മൗനിയായി ജീവിച്ചു.
ആണ്‍പക്ഷി എല്ലാ ദിവസവും
ഒരേ പാട്ടു പാടിക്കൊണ്ടിരുന്നു.
ആരുമില്ലാത്തപ്പോള്‍
ഞാനവനെ രവി എന്ന് വിളിച്ചു.
മടുക്കുണ്ടാവില്ലേ അവന്
ഈ പാട്ട് വിരഹത്തിന്റേതോ
സന്തോഷത്തിന്റെയോ എന്ന്
ഞങ്ങള്‍ക്കിടയില്‍ തിടം വച്ചു തര്‍ക്കം.
ഒടുവില്‍ പക്ഷിയോട് തന്നെ
ചോദിക്കാമെന്നായി ഞങ്ങള്‍
പകര്‍ത്തി വച്ച പാട്ട്
പക്ഷിയെ തന്നെ കേള്‍പ്പിച്ചു.
അത് ഒച്ചയിലേക്ക് കാതു കൂര്‍പ്പിച്ച്
ചിറകുകള്‍ ഉടലോടു ചേര്‍ത്ത്
മൗനിയായി പാട്ടു കേട്ടുകൊണ്ടിരുന്നു.
പക്ഷി പിന്നീട് പാട്ടു പാടാതായി.
അതിന്റെ കണ്ണുകള്‍ അടഞ്ഞു തൂങ്ങി
ഒരാഴ്ചയ്ക്കുള്ളില്‍ അത് മരിച്ചു പോയി.
അടുത്ത കാമുകിയോട് പക്ഷിയുടെ
കഥ പറഞ്ഞു കൊടുത്തു.
എത്ര നന്നായി
നിനക്ക് പാടാനറിയാത്തത്
പ്രണയിക്കാനറിയാത്തതും
അവള്‍ ഉറക്കെ ചിരിച്ചു തുടങ്ങി
അവളുടെ ചിരി കേള്‍ക്കാതായതിന്റെ
പിറ്റേന്ന്
ഞാന്‍ ഒരു പെണ്‍പക്ഷിയെ വാങ്ങി
അതിന് സീത എന്ന് പേരിട്ടു.
ഞങ്ങള്‍ ഒരുമിച്ച് രവി പാടിയ പാട്ടുകള്‍
ആവര്‍ത്തിച്ച് കേള്‍ക്കാന്‍ തുടങ്ങി
..............................
Read more: മരിച്ചവര്‍ തിരിച്ചുവന്ന ഒരു വെളുപ്പാങ്കാലം, കളത്തറ ഗോപന്‍ എഴുതിയ കവിതകള്‍
..............................
അപരിചിതനായ ഒരാള്‍ മരിച്ച വൈകുന്നേരം
ഞാന്‍ മരിച്ച വൈകുന്നേരത്തെ പറ്റി പറയാം
ആ വൈകുന്നേരം ഓര്‍ക്കുന്നത് വലിയ രസമാണ്.
പ്രത്യേകിച്ച് അസുഖ ലക്ഷണങ്ങളോ
അടുത്ത ദിവസങ്ങളില്‍ നിങ്ങളെയെല്ലാം
കബളിപ്പിച്ച് മാഞ്ഞുപോകുന്ന ഒരാളാണെന്ന
അടയാളങ്ങള്‍ ഒന്നും കാണിക്കാതെ
രസകരമായ ഒരു മാജിക്ക് പോലെയായിരുന്നു
എന്റെ മരണം.
ഒരു ദിവസം ഞാന്‍ മരിച്ചു പോയി.
ആ ദിവസം വൈകുന്നേരം
ഞാന്‍ മരിച്ചവരെ കുറിച്ചോര്‍ത്തു
മരിച്ചു പോയവരെ കുറിച്ച്
ഓര്‍ക്കാനുള്ള കാര്യങ്ങളെ പറ്റി ഓര്‍ത്തൂ
മരിച്ചു പോയ ചിലരുടെ ഗന്ധത്തെ,
മരിച്ചു പോയ ചിലരുടെ രുചിയെ,
മരിച്ചു പോയ ചിലര്‍ക്ക് നമ്മുടെ കണ്ണില്‍ മാത്രമുള്ള രൂപത്തെ
മരിച്ചു പോയ ചിലര്‍ ഒരിക്കലും സ്പര്‍ശിക്കാതിരുന്നിട്ടും
അവര്‍ കടന്നു പോവുമ്പോള്‍
ഓരോ തവണയും ഉടലില്‍ ഉണ്ടായ കമ്പനത്തെ,
ഇതൊന്നും ആരോടും പറഞ്ഞിട്ടില്ലല്ലോ എന്നോര്‍ത്തു.
അവര്‍ ഇപ്പോള്‍ ജീവിക്കുന്ന ഇടങ്ങളില്‍ പോയി
പഴയ ഗന്ധം,
പഴയ രുചി,
പഴയ രൂപം
ഒക്കെ ഒത്തു നോക്കണം എന്നോര്‍ത്തു
മരിച്ചവരില്‍ നിന്ന്
ആത്മഹത്യ ചെയ്തവരെ ഒഴിവാക്കി.
അവര്‍ കബളിപ്പിച്ച് പോയവരാണല്ലോ എന്നോര്‍ത്തു
വീട്ടില്‍ അവശേഷിച്ചവര്‍ തമ്മിലപ്പോള്‍
പതിവില്ലാതെ
മരണത്തെ പറ്റി സംസാരിക്കുണ്ടായിരുന്നു.
അവര്‍ അന്ന് വൈകുന്നേരം ഒഴിഞ്ഞ
എന്റെ സ്വകാര്യതകളുടെ കൂടായിരുന്ന
മുറിയിലേക്ക് കയറി
'നീ മരിച്ച ദിവസം ഞാന്‍ ശ്വാസമെടുക്കാതെ
ജീവിക്കാന്‍ പഠിക്കുകയായിരുന്നു'
മരിച്ച ശേഷം തന്നെക്കുറിച്ച് എഴുതണം
എന്നാവശ്യപ്പെട്ട
ഒരാള്‍ക്ക് വേണ്ടി എഴുതി വച്ചത്
മൂത്തമകള്‍ ഉച്ചത്തില്‍ വായിച്ചു.
ഓരോ വരിയും കേട്ടുകൊണ്ടിരിക്കെ
അവളിരുന്ന മുറി ഒരു ആഴമുള്ള ജനപാതമായി
കേട്ടിരുന്ന കൂട്ടുകാരിക്ക് ശ്വാസതടസമുണ്ടായി
വളരെക്കാലം മുമ്പ്
ഞാന്‍ ഒളിച്ചോടിപ്പോയിരുന്നു
മറ്റേതോ ദേശത്ത്
മറ്റേതോ കൂട്ടുകാരിയുമൊത്ത്
ഒരുപാട് കാലം ജീവിച്ചതിനെപ്പറ്റി
'അച്ഛന്‍ നമുക്കൊപ്പം ജീവിച്ചതിനെക്കാള്‍
ആനന്ദകരമായ ഏതോ സ്വപ്നമെഴുതിയത്'
വായിച്ചു കൊണ്ടിരിക്കെ ഇളയമകള്‍ പറഞ്ഞു
അടുത്ത നിമിഷം
ആ കടലാസ് പല കഷണങ്ങളായി കീറിപ്പോയി
നൂറ്റാണ്ടുകള്‍ക്ക് മുന്നേ
മരിച്ചു പോയ
ഒരു എഴുത്തുകാരിയുടെ കണ്ണുകളുടെ ചിത്രം
ഓരോ മരണവാര്‍ഷികത്തിലും
അനുശോചനം എഴുതി വയ്ക്കപ്പെട്ട
ഒരു സിനിമാ താരത്തിന്റെ ഫോട്ടോ,
ഡയറിയില്‍ കുറിച്ചിട്ട ചില മുറിവുകള്‍,
ഒരിക്കലും നടത്തിയിട്ടില്ലാത്ത യാത്രകള്‍,
പിന്നെയും എന്തെല്ലാമോ അവര്‍ കണ്ടെടുക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് കൂട്ടുകാരി വിതുമ്പുന്നത് കേള്‍ക്കാമായിരുന്നു
അവള്‍ മക്കളെ ചേര്‍ത്ത് പിടിക്കുന്നുണ്ടായിരുന്നു.
ഇനി ഇതൊന്നും ചെയ്യാന്‍ നിങ്ങളില്ലല്ലോ എന്ന്
എന്നേക്കുറിച്ചാവണം സമാധാനിക്കുന്നുണ്ടായിരുന്നു
ഈ മുറിക്കുള്ളില്‍
ഇന്നുവരെ താമസിച്ച
ഈ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന ആള്‍
തങ്ങള്‍ക്ക് ഏറെ അപരിചിതനായ
ഒരാളായിരുന്നെന്ന് ദുഃഖിച്ച അവര്‍
അയാളുടേതായി അവശേഷിച്ചതെല്ലാം
കെട്ടുകഥകളാണെന്ന്
പരസ്പരം സമാധാനിപ്പിക്കാന്‍ ശ്രമിച്ച്
പരാജയപ്പെട്ട മുഖഭാവത്തോടെ
അവരവരുടെ മുറികളിലേക്ക് പോയി.
ആ നേരത്ത് മരിച്ചുപോയ ആള്‍
ഞാനായിരുന്നില്ലേ എന്ന്
എനിക്കും സംശയമായി
മരിച്ചു പോയ പരിചയക്കാരുടെ
ഇപ്പോഴത്തെ മുറികളില്‍ ചെന്ന്
മരിച്ചു പോയ ആള്‍ ഞാന്‍ തന്നെയല്ലേ
എന്നെ നിങ്ങള്‍ക്ക് പരിചയമില്ലേയെന്ന് ചോദിക്കാന്‍ തോന്നി.
ആദ്യമായി കണ്ടു മുട്ടുന്നവര്‍
ഉപചാരവാക്കുകളില്‍ വഴുതി വീഴാതിരിക്കാന്‍
ശ്രദ്ധിക്കുന്നത് പോലെ
ഞങ്ങളുടെ അപരിചിതത്വത്തിന്റെ
അതീവ ശ്രദ്ധ കണ്ടിട്ടാവണം എനിക്ക് ചിരി വന്നു
ഏറെ രസകരമായിരുന്നു
ഞാന്‍ മരിച്ചു പോയ ആ വൈകുന്നേരം
....................................
Read more: വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
....................................
ചാവ് കടല്‍
ഏതാഴത്തിലും മുങ്ങി തിരികെയെത്തുമായിരുന്നു.
ഒരിടത്ത് ശ്വാസം നിലച്ചത് മാതിരി
ആഴത്തില്‍ തന്നെ തിരശ്ചീനമായി
മുകളിലെത്താതെ കിടന്നതൊഴികെ
ശ്വാസകോശം ഭാരമേറുന്നതും
പൊട്ടാന്‍ വെമ്പുന്നതും അറിഞ്ഞു.
എന്നിട്ടും കണ്ണ് തുറന്ന് തന്നെയിരുന്നു.
മൂക്കില്‍ നിന്ന് ജലത്തിലേക്ക്
ചുവപ്പുരാശി പടര്‍ന്നു കൊണ്ടിരുന്നു.
എനിക്ക് മരിക്കെണ്ടായിരുന്നു.
എനിക്ക് ജീവിക്കണമായിരുന്നു.
മുകളിലേക്കെത്താന്‍ എനിക്ക്
ഒരു നോക്കിന്റെ സഹായം മതിയായിരുന്നു
എനിക്ക് ശ്വസിക്കാന്‍
ഒരു വാക്കിന്റെ ചൂട് മതിയിരുന്നു.
എനിക്ക് നീ വേണമായിരുന്നു.
ഞാന്‍ അവിടെ തന്നെ മരിക്കാതെ കിടന്നു.
ജീവനപ്പോഴും ബാക്കി ഉണ്ടോ എന്നറിയാതെ.
അവിടത്തന്നെ കിടന്നു.
നീയെന്നില്‍ ആഴപ്പെട്ടിടത്തോളം,
അടയാളപ്പെട്ടിടത്തോളം
എന്ന കണക്ക്
മറ്റൊരിടത്ത്
ഞാന്‍ ആഴപ്പെട്ട്,
എന്നാല്‍ അടയാളപ്പെടാതെ കിടന്നു
അവിടത്തന്നെ കിടന്നു.
.......................
Read more: പൂവേലില്‍, സിദ്ദിഹ എഴുതിയ എട്ട് കവിതകള്‍
.......................
സ്ലോട്ടര്‍
ഒരു മനുഷ്യന്‍ സ്വപ്‌നങ്ങളില്‍ വരും
ഒരിക്കലും ചലിച്ചിട്ടില്ലാത്ത അയാള്‍
ഒരു മരം കണക്ക്
നിശ്ചലനായി നില്‍ക്കും.
അപ്പോള്‍ എവിടെ നിന്നോ ഒരു ഒച്ച കേള്‍ക്കും
ആ ഒച്ചയില്‍ അകപ്പെട്ട വാക്കുകളാല്‍
ഉന്മാദപ്പെട്ടു കയ്യിലെ വിരലുകളില്‍
മാറി മാറി മൂക്കോട് ചേര്‍ക്കും
എന്റെ വിരലുകളിലപ്പോള്‍ ചോര മണത്തു തുടങ്ങും
ഓരോ വിരലുകളായി വീണ്ടും മണത്തു നോക്കും
പിന്നെ ഓരോന്നായി വിരലുകളെ
മുല കുടിക്കുന്ന ഒരു ശിശുവിനെ കണക്ക്
ചുണ്ടില്‍ ചേര്‍ത്ത് വച്ച് ഈമ്പി രക്തം രുചിക്കും
ആ രുചിയുണ്ടല്ലോ എന്റെ സാറേ,..
കേള്‍ക്കാന്‍ ആരുമില്ലെങ്കിലും ഞാന്‍ വെറുതെ പറയും
നേരം വെളുക്കും മുന്നേ ഉണരും
റബ്ബര്‍ തോട്ടത്തിലേക്ക് നടക്കുന്ന വഴിക്ക്
തോടിന്റെ ഇരു വശത്തുമുള്ള
ഓരോ ചെടിയുടെ കഴുത്തിലും
കത്തി വീഴ്ത്തി ശിരസു വേര്‍പെടുത്തും.
പാഞ്ചി, പുല്ലാഞ്ഞി, റോസെല്ല, കമ്യൂണിസ്റ്റ് പച്ച
വരവറിഞ്ഞു തല കുനിച്ചു നില്‍ക്കും
തോട്ടത്തിലെത്തിയാല്‍ റബ്ബര്‍ മരങ്ങളുടെ തൊലിയില്‍
മെല്ലെ കത്തിയോടിക്കും
ഒരു മനുഷ്യന്റെ ഉടല്‍ മുറിവുകളിലൂടെ ഒഴുകുന്ന
രക്തത്തില്‍ എന്നോണം മൃദുവായി വിരല്‍ തൊടും
ചൂണ്ടു വിരല്‍ ആദ്യം മണത്തു നോക്കും
പിന്നെ ആ വിരല്‍ ചുണ്ടില്‍ ചേര്‍ത്ത് രുചിക്കും
മുന്നില്‍ ഒരു മനുഷ്യന്‍
രക്തമൊഴുക്കി നില്ക്കുന്നതായി തോന്നും
സ്വപ്നങ്ങളില്‍ വരുന്ന ആ മനുഷ്യനെ
ചേര്‍ത്ത് പിടിച്ചാണ് ഉറങ്ങുക
ചുവടു മുറിച്ചു താഴ്ത്തപ്പെട്ട ഒരു മരത്തിന്റെ
ശാഖകള്‍ വെട്ടിയടര്‍ത്തി തുടങ്ങും
അപ്പോള്‍ ആ മരം ഒരു സ്ത്രീയായി മാറും
ഉടലാകെ രക്തം പുരണ്ട അവള്‍
കുതറുന്നതായി ഭാവിക്കും
ഇടയ്ക്ക് ഞെട്ടി ഉണരുമ്പോള്‍
ഉടല്‍ നനഞ്ഞിട്ടുണ്ടാകും
മുറിയിലപ്പോഴും രക്തം മണക്കുന്നുണ്ടാകും
ഇന്നലെ വൈകിട്ട് ആ മനുഷ്യനെ
ഞാന്‍ ആദ്യമായി കണ്ടു
സ്വപ്നങ്ങളില്‍ വരുന്ന അതേ രൂപം
വഴി വിജനമായിരുന്നു
അയാള്‍ എന്നെ കടന്നു പോയിരുന്നു.
അയാള്‍ക്കപ്പോള്‍ പച്ചച്ചോരയുടെ ഗന്ധം
ആ ഗന്ധത്തിന്റെ ഉന്മാദത്തില്‍ ഞാനയാളെ പിന്തുടര്‍ന്നു
ഇടയ്ക്ക് വഴി വക്കിലെ കയ്യാലയില്‍ നിന്നും
ഒരു കല്ല് ഞാന്‍ വലിച്ചെടുത്തു
ഇടയ്ക്ക് കല്ല് മണപ്പിച്ചു നോക്കി
അതിന് അയാളുടെ ഗന്ധമുണ്ടായിരുന്നു.
മറുകൈ കൊണ്ട് അരയില്‍ ചേര്‍ത്ത് വച്ച
ടാപ്പിംഗ് കത്തിയുടെ വായ്ത്തല തൊട്ടു നോക്കി.
അയാള്‍ എന്തോ ഓര്‍മ്മിച്ച്
നടത്തത്തിന്റെ വേഗം കൂട്ടി.
ഞാനും നടത്തത്തിന്റെ വേഗം കൂട്ടി
പിന്നാലെ എത്താന്‍ എനിക്ക് ഓടേണ്ടി വന്നു.
ഒരു വളവില്‍ വച്ച് ഞങ്ങള്‍ക്കിടയിലെ ദൂരം ഇല്ലാതായി.
കാറ്റില്‍ ഒരു റബ്ബര്‍ മരം
വീണു കിടക്കുന്നത് കണ്ടിട്ടുണ്ടോ ?
എല്ലാ ചില്ലയിലും, ഉടലാകെയും
തന്റെ വെളുത്ത രക്തം പുരണ്ട
ആ മരത്തിന്റെ കിടപ്പ്
അത് ഒരു മനുഷ്യനെ ഓര്‍മ്മിപ്പിക്കും.
ചില്ലകള്‍ കൊത്തി തീരുമ്പോള്‍
അത് ഒരു പെണ്ണുടലിനെ ഓര്‍മ്മിപ്പിക്കുമെന്ന് പറയേണ്ടല്ലോ
കാറ്റില്‍ കടപുഴകിയ റബ്ബര്‍ മരങ്ങള്‍ക്ക്
അടുത്തിരിക്കുമ്പോള്‍ എന്നിലേക്ക്
ഉന്മാദത്തിന്റെ ഒരു വേലിയേറ്റമുണ്ടാകും
ഓരോ മുറിവിലും ഞാന്‍ മെല്ലെ വിരലോടിക്കും.
രക്തത്തിന്റെ പശിമ വിരലുകളെ
വിടാതെ ചേര്‍ത്ത് നിര്‍ത്തും.
കാറ്റില്‍ രക്തം മണത്ത് തിരിച്ചു നടക്കുമ്പോള്‍
ഹാ, എന്റെ സാറേ,
ഓര്‍ത്തോര്‍ത്ത് എനിക്ക് ചിരി പൊട്ടി.
ഇപ്പോള്‍ കാറ്റിന് എന്റെ ചിരിയുടെ ഒച്ചയായി
തറയില്‍ വീണു കിടക്കുന്ന ഉടലിലേക്ക്
ഒരു കാറ്റെന്നോണം ഞാന്‍ പ്രവേശിച്ചു തുടങ്ങി.
മലയാളത്തിലെ മികച്ച കവിതകള്‍
ഒരുമിച്ച് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം