വായന, രഗില സജി എഴുതിയ കവിതകള്‍

By Vaakkulsavam Literary Fest  |  First Published Mar 29, 2021, 6:02 PM IST

വാക്കുല്‍സവത്തില്‍ രഗില സജി എഴുതിയ കവിതകള്‍


കാഴ്ചയുടെ ഒരു ഡിസക്ഷന്‍ ടേബിളുണ്ട് രഗില സജിയുടെ കവിതകളില്‍. അവിടെത്തുമ്പോള്‍ ജീവിതം അതിന്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളിലേക്ക് ചിതറുന്നു. അനുഭവങ്ങള്‍ അതിന്റെ ഉറവിടങ്ങളിലേക്ക് ചുരുങ്ങുന്നു. വൈകാരികതകളുടെ ആഴങ്ങള്‍ വെളിവാകുന്നു. ഓര്‍മ്മകള്‍ അത് പിറന്ന വഴികളെ തൊടുന്നു. പ്രകൃതിയും ലോകവും പ്രപഞ്ചവുമെല്ലാം അതിന്റെ ഏറ്റവും സൂക്ഷ്മ വിതാനങ്ങളിലേക്ക് പിന്‍മടങ്ങുന്നു. നോക്കിനോക്കി ഓരോന്നിന്റെയും അടരുകള്‍ ചികയുന്ന ഒരു മജീഷ്യന്‍ ആണിവിടെ കവി. ആ അടരുകളില്‍ കണ്ടെത്തപ്പെടുന്നത്, അതേ സൂക്ഷ്മതയില്‍, അതേ ഗാഢതയില്‍ കവിതകളില്‍ പകര്‍ത്തപ്പെടുന്നു. ആ കവിത നമ്മുടെ സാധാരണ നോട്ടങ്ങള്‍ക്കു മേല്‍ മറ്റൊരു കാഴ്ചാസാദ്ധ്യത കൊണ്ടുവെയ്ക്കുന്നു. ജീവിതത്തെയും ലോകത്തെയും മറ്റൊരു കണ്ണിലൂടെ സമീപിക്കാനുള്ള സാദ്ധ്യതകള്‍ തുറക്കപ്പെടുന്നു. മലയാള കവിത ആഴത്തിലാഴത്തിലേക്ക് പോവുന്ന വഴിയില്‍, വേറിട്ടു നില്‍ക്കാന്‍ രഗില സജിക്ക് കഴിയുന്നത് ഇങ്ങനെയാണ്. 

 

Latest Videos

undefined

 

വായന


വായിക്കാനെടുത്ത
ഒരു പുസ്തകം
എന്നെ വായിക്കുന്നു.

ഉറക്കെ ഉറക്കെ 
വാക്കുകളില്‍ നിന്ന് വാക്കുകളിലേക്ക് 
കടക്കുന്നു.

എന്നെ ചുറ്റി ഒരു പുഴയുണ്ടായി.
പൂന്തോട്ടമുണ്ടായി.
വഴിയുണ്ടായി
വഴി ചെന്ന് മുട്ടുന്ന വീടുണ്ടായി.
കാടുണ്ടായി കുന്നുണ്ടായി
കുന്നില്‍ നിന്നും കാട്ടുതെച്ചിക്കാറ്റുണ്ടായി.
അക്ഷരങ്ങളുടെ ഒടിവുതിരിവുകളില്‍
ഓടിക്കളിക്കുന്ന കുട്ടികളുണ്ടായി.
വാക്കിന്‍ മുനകളില്‍ 
വെയില്‍ പറ്റിക്കിടക്കുന്ന
ഇരുട്ടുണ്ടായി.

വായിക്കാതെ മടക്കിയ പുസ്തകം ഷെല്‍ഫിലേക്ക് വച്ചു.
അടുക്കിയ പുസ്തകങ്ങളെ നോക്കി
അവ ഉറക്കെയുറക്കെ ഭൂമിയെ വായിക്കുന്നുണ്ട്.
നമുക്ക് പരിചിതമല്ലാത്തൊരു ഭാഷയില്‍...


കാടിറങ്ങി വന്ന മുലകള്‍

നീ കാണുന്ന സ്വപ്നത്തിലേക്ക്
രണ്ട് മുലകള്‍ കാട് കടന്ന്
വരുന്നു.

ഏതോ വന്യമൃഗത്തിന്റെ
പൂച്ചക്കണ്ണുകളെന്ന് നീ പേടിക്കുന്നു.

പേടിയുടെ ഹൃദയത്തിനിരുവശത്തായി
മുലകളിരുന്ന് ചുരത്തുന്നു.

തൊണ്ട വറ്റിയ നീ
കൈക്കുമ്പിളിലെടുത്ത് വേണ്ടുവോളം കുടിക്കുന്നു.

കുടിച്ചു മതിയാകാതെ ദാഹത്തിന്റെ
വിരലുകള്‍
അരക്കെട്ടിനു താഴേക്കിഴഞ്ഞ്
നീളുന്നു.

നമ്മള്‍ ഒന്നായ സ്വപ്നവും
ഇരുട്ടും
മാഞ്ഞ് പോകെ
വെളിച്ചമുണ്ടാകുന്നു.

വെളിച്ചം മുല മുകളില്‍ കത്തി നില്‍ക്കുന്നു.
അവസാനമായി നമ്മള്‍ ഉച്ചരിച്ച വാക്ക്
വെളിച്ചത്തില്‍ വന്ന് മുട്ടുന്നു.

മുലകള്‍ തമ്മില്‍ പുരികക്കൊടികളുയര്‍ത്തി
ഇതേത് ഭാഷ എന്ന് ചോദിക്കുന്നു.
മുലകള്‍ രണ്ടും കാത് കൂര്‍പ്പിക്കുന്നു.

അടിവാരത്ത് മേയുന്ന ആടുകള്‍ അവസാനത്തെ വാക്കിനെപ്പറ്റി കേട്ട് ഞെട്ടുന്നു.
അപകടം മനസ്സിലായ മുലകള്‍ കാടിറങ്ങുന്നു.
വെളിച്ചം കെട്ടുപോകുന്നതോടെ
നീ സ്വപ്നത്തില്‍ നിന്നുണരുന്നു.

തൊട്ടടുത്ത് കിടക്കുന്ന ഞാന്‍
നമ്മുടെ കുഞ്ഞിന് മുലകൊടുക്കുന്നു

 

ഒരു കവിത കുറിച്ച് പോകുന്നു

തൊട്ടു നോക്കാന്‍ തോന്നുന്നു നിന്റെ സങ്കടം.
കൈ നീട്ടുമ്പോഴത്
മാളത്തിലേക്ക് ശരീരം
വലിച്ചെടുക്കുന്നല്ലോ.

തൊട്ടു നോക്കാന്‍ തോന്നുന്നു
നിന്റെ മണം.
അടുത്ത് ചെല്ലുമ്പോഴത്
വായുവില്‍ കലര്‍ന്ന് പോകുന്നല്ലോ.

തൊട്ടു നോക്കാന്‍ തോന്നുന്നു
നിന്റെ കൊതി
ഒറ്റയനക്കം കൊണ്ട്
 ഒതുങ്ങാത്ത വണ്ണം
അത് വലുതാവുന്നല്ലോ.

തൊട്ടു നോക്കാന്‍ തോന്നുന്നു
നിന്റെ തോന്നല്‍
ഒറ്റ നോട്ടം കൊണ്ടത്
ചിതറിയോടുന്നല്ലോ

തൊട്ടു നോക്കാന്‍ തോന്നുന്നു
നിന്റെ ഉറക്കം.
കണ്‍പീലികളില്‍
അടയിരിക്കുന്നല്ലോ
ഏറ്റവുമൊടുക്കത്തെ സ്വപ്നം.

തൊട്ടു നോക്കാന്‍ തോന്നുന്നു
നിന്റെ സുതാര്യത .
വന്ന് നോക്കുമ്പോഴേക്കത്
തെന്നി നീങ്ങുന്നല്ലോ.

നിന്നെ തൊടാതെ മരിച്ചു പോകുമെന്ന്
തോന്നുന്നതിനാല്‍
ഒരു കവിത കുറിച്ച് പോകുന്നു.

click me!