ഈ ഓണ്‍ലൈനില് എന്തുമാവാം. എങ്ങനെയും ആക്കുകയും ചെയ്യാം. ആളുകള്‍ക്ക് പലതും തിരിക്കുകയും മറിക്കുകയും ചെയ്യാം. അതിന്‍റെ കാലമാണിത്. അതുകണ്ട് വിരളരുത്. പണ്ടൊക്കെ അച്ചടിച്ച് കണ്ടാല്‍ സത്യമാണെന്ന് വിചാരിക്കും. ഇപ്പോള്‍ ഓണ്‍ലൈനില്‍ കണ്ടാല്‍ സത്യമാണെന്ന് വിചാരിക്കും.
ജാതിവാല്‍ മുറിച്ചുമാറ്റിയാല്‍ ജാതിയില്ലാതാകുമോ എന്ന് കവി വി. മധസൂദനന്‍ നായര്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ജാതി ഒരു പ്രശ്നമല്ലെങ്കില്‍ ഒന്നും പ്രശ്നമല്ല. എന്‍റെ ജന്മം എനിക്ക് മാറ്റാനൊക്കുമോ? ഇല്ലല്ലോ? ജാതിയുടെ പേര് മുറിച്ച് മാറ്റിയാല്‍ ജാതിയില്ലാതാവുമോ? മതം മാറുമോ? ഇല്ലല്ലോ? ഇതെല്ലാം പൂര്‍ണമായും ഒളിച്ചുവയ്ക്കാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. രാജീവ് സോമശേഖരന്‍ നടത്തിയ അഭിമുഖം.
കാസറ്റ് കവിയെന്ന ആക്ഷേപം
എനിക്കാ വിളിയില്‍ അപമാനമൊന്നും തോന്നിയിട്ടില്ല. എനിക്കൊരു കുറവ് അതാണെന്ന് തോന്നിയാല്‍ അതെന്നിലുള്ളതാണ്. മറ്റൊരാള്‍ വിളിക്കുന്നതല്ലേ? ഒരു കാക്ക നമ്മുടെമേലെ കാഷ്ഠിക്കുന്നു. കാക്കയ്ക്ക് അതേ ചെയ്യാന്‍ പറ്റൂ. അതെന്‍റെ ശരീരത്തിലായിപ്പോയി. അതെനിക്ക് കഴുകിക്കളയാമെന്നേയുള്ളൂ. മറ്റൊന്നും ചെയ്യാനില്ല. നിങ്ങളെ മാനംഭംഗപ്പെടുത്താന്‍ ഒരുത്തന്‍ തുനിഞ്ഞാല്‍ അതെനിക്ക് മാനക്കേടാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ മാത്രമേ അത് മാനക്കേടാകുന്നുള്ളൂ. അല്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. അല്ലെങ്കില്‍ ഒരു പ്രശ്‍നവുമില്ല. നമ്മള്‍ ഇപ്പോ ഒരാളെ അധിക്ഷേപിച്ച് പെടുത്തിക്കളയാം എന്ന് തോന്നിയാല്‍ അത് ആ ആളിന്‍റെ അളവനുസരിച്ചാണ്. മാനം എന്നുപറഞ്ഞാല്‍ അളവാണ്. എനിക്കെത്ര വലിപ്പമുണ്ട് എന്ന് ഞാന്‍ കണക്കുകൂട്ടി വെച്ചിട്ടുണ്ട്. ഇത്ര വലിപ്പമുണ്ട് എന്ന് തോന്നുമ്പോള്‍ വേറൊരാളത് വലിച്ചുചോര്‍ത്തിയാല്‍ എനിക്ക് വിഷമം വരും. എനിക്കത്ര വലിപ്പമൊന്നുമില്ല.
കവിത വായിക്കപ്പെടേണ്ടതാണോ? കേള്‍ക്കപ്പെടേണ്ടതാണോ?
അതിന് സാമാന്യചിന്തയുടെ ആവശ്യമേയുള്ളൂ. ആദ്യമുണ്ടായത് ഉച്ചാരണമാണോ എഴുത്താണോ? ശബ്‍ദമാണ്. അതുതന്നെയാണ് ഈ ചോദ്യത്തിനുള്ള മറുപടിയും.
പുതിയകാലത്തിന്‍റെ കവിതകളെ കുറിച്ച്?
ഒരുപാട് പേര് ഒരുപാട് തരത്തിലെഴുതുന്നുണ്ട്. ചിലര്‍ നന്നായി എഴുതുന്നുണ്ട്. ഒട്ടും ചേരാത്തവരുമുണ്ട്. അതില്‍ നല്ല കവിതകളില്‍ നിന്ന് താളം നഷ്‍ടപ്പെടുന്നില്ല. നല്ല കവികള്‍ക്ക് ഒരാത്മതാളമുണ്ട്. അത് ഗദ്യമായാലും പദ്യമായാലും. ആത്മതാളത്തിനെയാണ് ഛന്ദസ് എന്ന് പറയുന്നത്. അത് നല്ല കൃതിക്കുണ്ടാവും. നല്ല കൃതി അല്ലാത്തതിന് കാണില്ല. നേരിട്ട് അനുഭവിച്ചറിയേണ്ടതാണ് വാക്കിന്‍റെ താളം. അത് എഴുതിവെച്ച് പഠിക്കാന്‍ പറ്റൂല്ല. അതിനെ കുറിച്ച് ലേഖനങ്ങളെഴുതീട്ടും കാര്യമില്ല.
ഇരുളിന്‍ മഹാനിദ്രയില്‍ എന്ന കവിത എഴുതിയത് ആര് എന്ന വിവാദവും ഒരു കാലത്ത് ഉണ്ടായിരുന്നു?
ആളുകള്‍ക്ക് എപ്പോഴും വിവാദങ്ങള്‍ വേണം. എന്തെങ്കിലും വേണം. അതിങ്ങനെ വന്നുപോയി. സിനിമയില്‍ എഴുതിക്കാണിച്ചത് കണ്ടിട്ട് ആളുകള്‍ തെറ്റിദ്ധരിച്ചു. ഇപ്പോഴും അത് വിശ്വസിക്കാത്ത ആളുകളുണ്ട്. രവി മേനോന്‍ മാതൃഭൂമിയില്‍ ഒരു ലേഖനത്തിലെഴുതി. എന്നിട്ടും ആളുകള്‍ക്ക് വിശ്വാസമായില്ല.
എനിക്ക് തോന്നുന്നത് ഈ കവിത ഓണ്‍ലൈനിലൊക്കെ സെര്‍ച്ച് ചെയ്യുമ്പോള്‍ അത് മാഷിന്‍റെ പേരിലല്ല കിടക്കുന്നത് എന്നതുകൊണ്ടാണെന്നാണ്
ഈ ഓണ്‍ലൈനില് എന്തുമാവാം. എങ്ങനെയും ആക്കുകയും ചെയ്യാം. ആളുകള്‍ക്ക് പലതും തിരിക്കുകയും മറിക്കുകയും ചെയ്യാം. അതിന്‍റെ കാലമാണിത്. അതുകണ്ട് വിരളരുത്. പണ്ടൊക്കെ അച്ചടിച്ച് കണ്ടാല്‍ സത്യമാണെന്ന് വിചാരിക്കും. ഇപ്പോള്‍ ഓണ്‍ലൈനില്‍ കണ്ടാല്‍ സത്യമാണെന്ന് വിചാരിക്കും. അമ്മയാണെ സത്യം എന്ന് പണ്ട് നമ്മള്‍ പറയുമായിരുന്നുവെങ്കില്‍ ഇന്ന് ഗൂഗിളാണെ സത്യം എന്നാണ്. അതാണ് കാലം. ഞാന്‍ അമ്മയെത്തന്നെ ഇപ്പോഴും ശരണം പ്രാപിക്കുന്നു.
പേരിലെ ജാതി
പേര് തന്നെയെന്തിനാണ്? നമ്പറ് പോരെ? ഇപ്പോ നമ്പറിന്‍റെ കാലമല്ലേ? ഇതെന്താണ്? അച്ഛനും അമ്മയും എനിക്കൊരു പേരിട്ടു. ഞാന്‍ അതീന്ന് കുറേ മുറിച്ചുമാറ്റാമെന്നുവെച്ചാലെന്താണ്? എഡ്വാര്‍ഡ് കാര്‍പെന്‍റര്‍ എന്നൊരാളുണ്ട്. അയാളുടെ പേരില്‍ നിന്ന് കാര്‍പെന്‍റര്‍ മുറിച്ചുമാറ്റാന്‍ നമ്മള് പറഞ്ഞാ പറ്റുവോ? ഷൂ മാക്കറുണ്ട്. ഇതുപോലെ ഓരോ ജോലി ചെയ്യുന്നവരുടെ പേരിലും ഇതുപോലെ പണ്ടുകാലത്ത് ഉണ്ട്. ജാതി എന്ന് പറയുന്നത് സഹിക്കാന്‍ വയ്യാത്തവര്‍ക്കാണ്. ജാതി ഒരു പ്രശ്നമല്ലെങ്കില്‍ ഒന്നും പ്രശ്നമല്ല. എന്‍റെ ജന്മം എനിക്ക് മാറ്റാനൊക്കുമോ? ഇല്ലല്ലോ? ജാതിയുടെ പേര് മുറിച്ച് മാറ്റിയാല്‍ ജാതിയില്ലാതാവുമോ? മതം മാറുമോ? ഇല്ലല്ലോ? ഇതെല്ലാം പൂര്‍ണമായും ഒളിച്ചുവയ്ക്കാന്‍ പറ്റില്ല.
ശ്രീനാരായണന്‍ എന്ന പേരുണ്ടായിരിക്കെ തന്നെ അദ്ദേഹം ഒരു ജാതിക്കും മതത്തിനും അനുകൂലനായിരുന്നില്ല. നമ്മളിപ്പോള്‍ ജാതിയേയും മതത്തേയും പ്രധാനമായും എടുക്കുന്നു. ഇതാണ് നമ്മുടെ അപകടം. ഇത് രണ്ടും ജീവിതത്തിന്‍റെ രണ്ട് വശങ്ങളാണ്.
അഭിമുഖത്തിന്‍റെ പൂര്‍ണരൂപം കാണാം: