എല്ലാക്കാലത്തും തന്റെ കവിതയിലൂടെ നിര്‍ഭയം തുറന്നെഴുത്തുകള്‍ നടത്തിപ്പോന്ന ഒരു കവിയാണ് റാഹത് ഇന്ദോറി. എഴുപതാമത്തെ വയസ്സില്‍ റാഹത് സാബ് നമ്മളെ വിട്ടുപോകുമ്പോള്‍ അണഞ്ഞു പോകുന്നത് സാഹിത്യ നഭസ്സില്‍ എന്നും എരിഞ്ഞു കത്തിക്കൊണ്ടിരുന്ന ഒരു വിപ്ലവ താരകം കൂടിയാണ്.
തന്റെ കവിതാ ആലാപനങ്ങള്‍ക്കിടെ റാഹത് സാബ് തന്നെ ഇടക്ക് പറയുന്ന ഒരു തമാശ ഇങ്ങനെയാണ്. അടിയന്തരാവസ്ഥക്കാലത്ത് രാഹത്ത് ഇന്‍ഡോറി സാബ് ഒരിക്കല്‍ ഏതോ മുഷായിറയില്‍ ചെന്ന് ' സര്‍ക്കാര്‍ കള്ളമ്മാരാണ്....' എന്ന് പറഞ്ഞുവത്രേ. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവര്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്, 'റാഹത് സാബ്, സര്‍ക്കാര്‍ കള്ളമ്മാരാണെന്ന് അങ്ങ് പറഞ്ഞുവോ ?'
'ഉവ്വ്... പറഞ്ഞു... പക്ഷേ, ഞാന്‍ അങ്ങനെ ഹിന്ദുസ്ഥാനിലെ സര്‍ക്കാര്‍ എന്നോ പാകിസ്താനിലെ സര്‍ക്കാര്‍ എന്നോ അമേരിക്കയിലെ സര്‍ക്കാര്‍ എന്നോ കൃത്യമായി പറഞ്ഞില്ല... ഉവ്വോ..? '
അപ്പൊള്‍ പോലീസ്: 'അങ്ങ് ഞങ്ങള്‍ മണ്ടന്മാരാണ് എന്നുകൂടി കരുതുന്നുണ്ടോ? എവിടത്തെ സര്‍ക്കാരാണ് കള്ളമ്മാരെന്ന് ഞങ്ങള്‍ക്കറിയില്ലേ...?' എന്ന് പറഞ്ഞുവത്രേ.
Photo: Imfarhad7/Wikipedia
ഉര്‍ദു കവിയും ബോളിവുഡ് ഗാനരചയിതാവുമായ റാഹത് ഇന്ദോറി ഇനിയില്ല. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായ അദ്ദേഹത്തിന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം കവി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. , ആരോഗ്യസംബന്ധിയായ എല്ലാ വിവരങ്ങളും വരുംദിനങ്ങളില്‍ ഈ ട്വിറ്റര്‍ ഹാന്‍ഡിളിലൂടെ തന്നെ ലഭ്യമാക്കപ്പെടും എന്നും, രോഗവിവരം അന്വേഷിച്ച് വീട്ടുകാരെ വിഷമിപ്പിക്കരുത് എന്നും സ്‌നേഹിതരോടെല്ലാം അപേക്ഷിച്ചുകൊണ്ടാണ് കവി ആശുപത്രിയിലേക്ക് പോയത്.
कोविड के शरुआती लक्षण दिखाई देने पर कल मेरा कोरोना टेस्ट किया गया, जिसकी रिपोर्ट पॉज़िटिव आयी है.ऑरबिंदो हॉस्पिटल में एडमिट हूँ
दुआ कीजिये जल्द से जल्द इस बीमारी को हरा दूँ
एक और इल्तेजा है, मुझे या घर के लोगों को फ़ोन ना करें, मेरी ख़ैरियत ट्विटर और फेसबुक पर आपको मिलती रहेगी.
ഈ ട്വീറ്റ് വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ നിര്യാണവാര്‍ത്തയും അതേ ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ പ്രസിദ്ധപ്പെടുത്തി.അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗവര്‍ത്തമാനം കവിയുടെ ആരാധകരെയും, ആസ്വാദകരെയും ഒരുപോലെ വിഷാദത്തിലാഴ്ത്തിയിട്ടുണ്ട്.
1950 ജനുവരി ഒന്നിന് ഉത്തര്‍ പ്രദേശിലെ ഇന്ദോര്‍ നഗരത്തിലെ തുണിമില്‍ തൊഴിലാളിയായ റഫാത്തുള്ള ഖുറേഷിയുടെയും മഖ്ബൂലുന്നിസ ബീഗത്തിന്റെയും നാലാമത്തെ മകനായാണ് റാഹത് ഖുറേഷി ജനിക്കുന്നത്. ഇന്ദോര്‍ നൂതന്‍ സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, ഇസ്ലാമിയ കരീമിയ കോളേജില്‍ നിന്ന് ബിരുദം. തുടര്‍ന്ന്, 1975 -ല്‍, ഭോപ്പാലിലെ ബര്‍ഖത്തുള്ള സര്‍വകലാശാലയില്‍ നിന്ന് ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1985 മധ്യപ്രദേശിലെ തന്നെ ഭോജ് സര്‍വകലാശാലയില്‍ നിന്ന്' ഉര്‍ദുവില്‍ മുഷായിരകള്‍' എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി.
ഉര്‍ദു കാവ്യ സംസ്‌കാരത്തില്‍ 'മുഷായിരകള്‍' എന്നറിയപ്പെടുന്ന കവിസമ്മേളനങ്ങള്‍ക്കുള്ള സ്ഥാനം ഏറെ വലുതാണ്. കവികളും, കവിതാപ്രേമികളും തമ്മില്‍ ആസ്വാദ്യതയുടേതായ ഒരു പാരസ്പര്യം വളരെയേറെ സംഭവിക്കുന്ന വേദികൂടിയാണ് ഈ മുഷായിരകള്‍. കഴിഞ്ഞ പത്തമ്പതു വര്‍ഷമായി ഇന്ത്യയിലും വിദേശത്തും സംഘടിപ്പിക്കപ്പെടുന്ന വിവിധ മുഷായിരകളിലെ നിറസാന്നിധ്യമാണ് റാഹത്.
റാഹത് ഇന്ദോറി വരികള്‍ എഴുതിയ ബോളിവുഡ് സിനിമാ ഗാനം
തന്റെ കവിതാ ആലാപനങ്ങള്‍ക്കിടെ റാഹത് സാബ് തന്നെ ഇടക്ക് പറയുന്ന ഒരു തമാശ ഇങ്ങനെയാണ്. അടിയന്തരാവസ്ഥക്കാലത്ത് രാഹത്ത് ഇന്‍ഡോറി സാബ് ഒരിക്കല്‍ ഏതോ മുഷായിറയില്‍ ചെന്ന് ' സര്‍ക്കാര്‍ കള്ളമ്മാരാണ്....' എന്ന് പറഞ്ഞുവത്രേ. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
അവര്‍ അദ്ദേഹത്തോട് ചോദിക്കുകയാണ്, 'റാഹത് സാബ്, സര്‍ക്കാര്‍ കള്ളമ്മാരാണെന്ന് അങ്ങ് പറഞ്ഞുവോ ?'
'ഉവ്വ്... പറഞ്ഞു... പക്ഷേ, ഞാന്‍ അങ്ങനെ ഹിന്ദുസ്ഥാനിലെ സര്‍ക്കാര്‍ എന്നോ പാകിസ്താനിലെ സര്‍ക്കാര്‍ എന്നോ അമേരിക്കയിലെ സര്‍ക്കാര്‍ എന്നോ കൃത്യമായി പറഞ്ഞില്ല... ഉവ്വോ..? '
അപ്പൊള്‍ പോലീസ്: 'അങ്ങ് ഞങ്ങള്‍ മണ്ടന്മാരാണ് എന്നുകൂടി കരുതുന്നുണ്ടോ? എവിടത്തെ സര്‍ക്കാരാണ് കള്ളമ്മാരെന്ന് ഞങ്ങള്‍ക്കറിയില്ലേ...?' എന്ന് പറഞ്ഞുവത്രേ.
ഇത്തരത്തില്‍ കവിതാ ആലാപനങ്ങള്‍ക്കിടയില്‍ അദ്ദേഹം പറയുന്ന രാഷ്ട്രീയവിമര്‍ശനത്തിന്റെ അമ്ലാംശമുളള നുറുങ്ങുതമാശകള്‍ ജനം നിറകയ്യടിയോടെയും പൊട്ടിച്ചിരികളോടെയുമാണ് എന്നും എതിരേറ്റിരുന്നത്.
തീപ്പൊരിക്കവിതകള്‍ക്ക് പുറമെ ജനപ്രിയ സിനിമാ ഗാനങ്ങള്‍ക്ക് വേണ്ടിയും റാഹത് സാബിന്റെ തൂലിക ചലിച്ചിട്ടുണ്ട്. മുന്നാഭായി എംബിബിഎസ്, മിഷന്‍ കശ്മീര്‍, കരീബ്, മര്‍ഡര്‍ തുടങ്ങിയ 14 സിനിമകളുടെ ഗാനരചയിതാവ് റാഹത് ഇന്ദോറിയായിരുന്നു.
റാഹത് ഇന്ദോറി എഴുതിയ സുപ്രസിദ്ധമായ ഒരു ഗസൽ, ജഗ്‌ജിത് സിംഗിന്റെ ആലാപനത്തിൽ
കവി, അധ്യാപകന്‍, ബോളിവുഡിലെ അറിയപ്പെടുന്ന ഗാനരചയിതാവ് എന്നിവയ്ക്ക് പുറമെ നല്ലൊരു ചിത്രകാരന്‍ കൂടി ആയിരുന്നു റാഹത് സാബ്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന അതേ വര്‍ഷം, അതേ മാസത്തിലാണ്, കവി ജനിച്ചത്. ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ അപഹരിക്കപ്പെടുന്നതിനെ കുറിച്ച് ഏറെ ആകുലതകള്‍ കവിതകളിലൂടെ ആവര്‍ത്തിച്ചു പറഞ്ഞാണ് അദ്ദേഹം വിടവാങ്ങിയത്.
ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി(CAA) വിരുദ്ധ സമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടു നടക്കുമ്പോള്‍ ആ പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍ മുഴങ്ങിക്കേട്ട ഒരു കവിതയാണ് 'അഗര്‍ ഖിലാഫ് ഹേ, ഹോനെ ദോ...' എന്നത്. അതിലെ 'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാം കി മിട്ടി മേം, കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ ഥോഡീ ഹേ..' എന്ന വരി അന്ന് ജനങ്ങള്‍ ഏറെ ആവേശത്തോടെയാണ് ഏറ്റുപാടിയത്. 'നമ്മുടെ ഓരോരുത്തരുടെയും ചോര അടങ്ങിയിട്ടുണ്ട് ഈ മണ്ണില്‍, ഹിന്ദുസ്ഥാന്‍ ആരുടേയും പൈതൃകസ്വത്തൊന്നും അല്ലല്ലോ..! ' എന്നായിരുന്നു ആ വരികളിലൂടെ കവി ഓര്‍മ്മിപ്പിക്കാന്‍ ശ്രമിച്ചത്.
എല്ലാക്കാലത്തും തന്റെ കവിതയിലൂടെ നിര്‍ഭയം തുറന്നെഴുത്തുകള്‍ നടത്തിപ്പോന്ന ഒരു കവിയാണ് റാഹത് ഇന്ദോറി. എഴുപതാമത്തെ വയസ്സില്‍ റാഹത് സാബ് നമ്മളെ വിട്ടുപോകുമ്പോള്‍ അണഞ്ഞു പോകുന്നത് സാഹിത്യ നഭസ്സില്‍ എന്നും എരിഞ്ഞു കത്തിക്കൊണ്ടിരുന്ന ഒരു വിപ്ലവ താരകം കൂടിയാണ്.