Translation : ഇറാനിയന്‍ കവി ഫറോ ഫറോഖ്സാദ്, സിംഗപ്പൂര്‍ കവി താനിയ ഡി റെസാരിയോ എന്നിവരുടെ കവിതകള്‍

By Chilla Lit SpaceFirst Published Jan 31, 2022, 4:50 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതിയ കവിത. ഇറാനിയന്‍ കവി ഫറോ ഫറോഖ്സാദ്, സിംഗപ്പൂര്‍ കവി താനിയ ഡി റെസാരിയോ എന്നിവരുടെ കവിതകള്‍ വിവര്‍ത്തനം: രാമന്‍ മുണ്ടനാട്
 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

രാത്രിയുടെ തണുത്ത തെരുവുകളില്‍/ ഫറോ ഫറോഖ് സാദ്

ആണധികാരം കൊടികുത്തിവാണിരുന്ന ഇറാനിയന്‍ സമൂഹത്തില്‍ തന്റെ സ്ത്രീപക്ഷരചനകളിലൂടെ തീപ്പാരികള്‍ പടര്‍ത്തിയ ഇറാനിയന്‍ എഴുത്തുകാരിയും സിനിമാ സംവിധായകയുമാണ് ഫറോ ഫറോക്സാദ് (1934-1967). തന്റെ കവിതകളിലൂടെയും സിനിമകളിലൂടെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി, ലിംഗസമത്വത്തിനുവേണ്ടി, നീതിയ്ക്കുവേണ്ടി അവര്‍ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു


 

പശ്ചാത്തപിയ്ക്കുന്നില്ല ഞാന്‍, 
വേദനാജനകമായ കീഴടങ്ങലില്‍,
ഈ പിന്‍വാങ്ങലോര്‍ക്കുമ്പോള്‍.

മരണദണ്ഡനയുടെ കുന്നുകളില്‍ വച്ചേ
ഞാനെന്റെ ജന്മത്തിന്റെ കുരിശു ചുംബിച്ചിരിക്കുന്നു.

രാത്രിയുടെ ഉദാസീനമായ തെരുവുകളിലെന്നും
പ്രണയികള്‍ മടിയോടെ പിരിയുന്നു.
രാത്രിയുടെ ശീതളമായ തെരുവുകളില്‍
ശബ്ദങ്ങളേയില്ല, 
വിട, വിട എന്ന മര്‍മ്മരം മാത്രം.

എനിയ്ക്ക് മനസ്താപമില്ല.
കാലത്തിന്റെ മറുകരയിലൂടെ 
എന്റെ ഹൃദയം
ഒഴുകുന്നതറിയുന്നു ഞാന്‍.

ജീവിതമെന്റെ ഹൃത്തിനെ പ്രതിധ്വനിപ്പിയ്ക്കും.
കാറ്റിന്റെ തടാകത്തിലൂടോടുന്ന 
ജമന്തി വിത്തുകള്‍ എന്നെ പുന:സൃഷ്ടിയ്ക്കും.

എന്റെ തൊലിയിലെ വിണ്ടുകീറലുകള്‍
വലുതാവുന്നതെങ്ങനെയെന്ന് നീ കാണുന്നുണ്ടോ.
നെഞ്ചിലെ തണുത്ത നീലഞരമ്പുകളില്‍
പാലൂറുന്നതെങ്ങനെയെന്ന് നീയറിയുന്നുവോ.
ശാന്തമായ എന്റെ അരക്കെട്ടിലെ രുധിരവേഗം
ദ്രുതമാകുന്നതെങ്ങിനെയെന്നറിയുന്നോ നീ.

ഞാന്‍ നീയാണ്, നീ തന്നെ. 
പ്രണയിപ്പവള്‍.
അജ്ഞാത വൈചിത്ര്യങ്ങള്‍ക്കിടെ
സ്വയം കണ്ടെടുക്കവേ പൊടുന്നനെ 
മൂകതയോട് ഒട്ടിച്ചേര്‍ക്കപ്പെട്ടവള്‍.

വയലുകളെ ഫലഭൂയിഷ്ടമാക്കാന്‍
സര്‍വ്വജലത്തെയും വലിച്ചെടുക്കുന്ന
ഭൂമിയുടെ ഉഗ്രകാമമാണ് ഞാന്‍.

എന്റെ ശബ്ദം ശ്രവിയ്ക്കുക.
പ്രഭാതസങ്കീര്‍ത്തനങ്ങളുടെ
കനത്ത മൂടല്‍മഞ്ഞിനിടയിലും,
എന്റെ കൈകളിലെന്ത്, എങ്ങനെ
അവശേഷിയ്ക്കുന്നുണ്ടെന്നത്
കാണിച്ചുതരുന്ന മൂകദര്‍പ്പണത്തിലും.

എല്ലാ സ്വപ്നങ്ങളുടേയും
അന്തരാളത്തിലെ അന്ധകാരത്തില്‍
ഒരിയ്ക്കല്‍കൂടി 
ഞാന്‍ സ്പര്‍ശിയ്ക്കുന്നു.

ജീവിതത്തിന്റെ നിഷ്‌കളങ്കസമ്പത്തിന്റെ
മേലെയുള്ള രക്തക്കറപോലെ അതില്‍
ഞാനെന്റെ ഹൃദയമുദ്ര പതിയ്ക്കുന്നു.

 അനുതപിയ്ക്കുന്നേയില്ല ഞാന്‍, 
പ്രിയനേ, മറ്റൊരെന്നെക്കുറിച്ച
പ്രണയാതുര മിഴികളാല്‍ 
നീയിപ്പോള്‍ എന്നോടു മൊഴിയുക.

രാത്രിയുടെ തണുത്ത തെരുവില്‍
നീ കണ്ടുമുട്ടുന്നോരെന്നെക്കുറിച്ച്,

നിന്റെ നയനങ്ങള്‍ക്കു താഴെയുള്ള
മാധുര്യമെഴുന്ന വരകളിലൊട്ടിയ
വിഷാദതപ്ത ചുംബനങ്ങളില്‍
നിനക്കെന്നെ ഓര്‍മ്മിച്ചെടുക്കാനാകട്ടെ. 

 


നിന്റെ പേരുച്ചരിയ്ക്കാനുള്ള നൂറു വഴികള്‍/ താനിയ ഡി റൊസാരിയോ

സിംഗപ്പൂരില്‍ ജനിച്ചു വളര്‍ന്ന കവിയും വിഷ്വല്‍ ആര്‍ട്ടിസ്റ്റുമാണ് താനിയ ഡി റൊസാരിയോ. സ്ത്രീ ജീവിതത്തിന്റെ ആഴക്കലക്കങ്ങളും അതിജീവനവുമാണ് താനിയയുടെ രചനാലോകത്തിന്റെ കേന്ദ്രബിന്ദു. സ്ത്രീവാദ രാഷ്ട്രീയം അടിസ്ഥാനമാക്കിയ നിരവധി ആര്‍ട്ട് ഷോകള്‍ ക്യൂറേറ്റ് ചെയ്ത താനിയ ഫെമിനിസം അടിസ്ഥാനമാക്കി സിംഗപ്പൂരിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആര്‍ട്ട് ഷോയുടെ സഹസ്ഥാപകയും ക്യൂറേറ്ററുമാണ്. 

 

 

സംഭാഷണത്തിനിടയ്ക്ക് നിന്റെ പേര് പറയുന്നത്
ഞാന്‍ കഴിവതും ഒഴിവാക്കാറുണ്ട്.

തികച്ചും അപ്രസക്തമായ അഭ്യൂഹമെന്ന മട്ടില്‍
ഞാനത് ശൂന്യതയിലേയ്ക്കൊഴുക്കിവിടും.

എന്റെ അവസാനത്തെ പ്രതിരോധമുറയാണത്.

പൊതുജനമദ്ധ്യത്തില്‍ പരിപൂര്‍ണ്ണനഗ്‌നയാണെന്ന്
തിരിച്ചറിയുന്നതിന്‍ മുന്‍പെ, ഏറ്റവുമൊടുവിലായി,
ഞാനുപേക്ഷിയ്ക്കുന്ന വസ്ത്രത്തുണ്ട്.


കാരണം അവര്‍ക്കത് എന്റെ ശബ്ദത്തില്‍ തന്നെ
കേള്‍ക്കാനാകുമെന്ന് എനിയ്ക്കറിയാം.

ആ ഒരേയൊരു ചെറിയ അക്ഷരത്തില്‍ പോലും
വെളിവാകുന്നത് എല്ലാമാണ്, ഒന്നുമില്ലായ്മയാണ്.

നീ അപൂര്‍വ്വമായിരിയ്ക്കുന്നതുപോലെത്തന്നെ
നിന്റെ നാമം സര്‍വ്വസാധാരണവുമാണ്.

നീ സങ്കീര്‍ണ്ണമായത്രയും അനായാസമാണത്.
പ്രണയമെത്രമേല്‍ ആയിരിയ്ക്കേണമോ
എന്നാലല്ലാതിരിയ്ക്കുന്നപോല്‍
അത്രയും ലളിതം.

എന്നാല്‍ ഏകനായിരിയ്ക്കുന്ന വേളയില്‍,
പരിചിതശബ്ദത്തിനു ചുറ്റും 
മൃദുവായി
ഞാനെന്റെ നാവ് കൊരുക്കുന്ന നേരത്ത്
ആത്മവിശ്വാസത്തോടെ 
അഭിവാഞ്ചയുടെ
സ്വരസൂചകങ്ങളുരുക്കഴിയ്ക്കുന്നപോലെയുള്ള
നിശ്ചലമാത്രകള്‍ മാത്രം മതിയാകും 
ഈ ഭൂമിയ്ക്ക്
എന്റെ നഷ്ടത്തെക്കുറിച്ച്
പറയുന്നതു കേള്‍ക്കുവാന്‍.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!