ഷൂസില്‍ തറയ്ക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കല്‍, വല്ലാത്തൊരു ഹോബി തന്നെ ഇത്!

By Web TeamFirst Published Jul 7, 2022, 3:45 PM IST
Highlights

ഷൂസില്‍ തറക്കുന്ന കല്ലുകള്‍ നമ്മള്‍ വിചാരിക്കുന്ന വേഗത്തില്‍ എടുക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ടൂത്ത് പിക്കുകള്‍ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ വേണം കല്ലുകള്‍ കുത്തിയെടുക്കാന്‍.

മനുഷ്യര്‍ക്ക് എന്തെങ്കിലുമൊക്കെ ഹോബികള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. സ്റ്റാമ്പ് ശേഖരണവും, നാണയ ശേഖരണവും ഒക്കെയായിരുന്നു പണ്ട് കാലത്തുണ്ടായിരുന്നതെങ്കില്‍, ഇന്ന് വ്യത്യസ്തമായ ഹോബികളുടെ പിന്നാലെയാണ് മനുഷ്യര്‍. കേട്ടാല്‍ അന്തിച്ചു പോകുന്നതാണ് അതില്‍ പലതും. അടിച്ചുകൊന്ന കൊതുകകളെ ശേഖരിച്ച് വയ്ക്കുന്നത് മുതല്‍ അപകടകാരികളായ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് വരെ അത് നീളുന്നു. അതുപോലെ ഇപ്പോള്‍ ജപ്പാന്‍കാരനായ നെരുനോ ഡെയ്സുക്കിയും വ്യത്യസ്തമായ ഒരു ഹോബിയുടെ പേരില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഷൂസില്‍ തറക്കുന്ന വസ്തുക്കള്‍ സൂക്ഷിച്ച് വയ്ക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഹോബി.  

ചിത്രകാരനും, മാംഗ കലാകാരനുമാണ് നെരുനോ. കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹത്തിന്റെ പ്രധാന ഹോബി ഷൂസിന്റെ അടിയില്‍ നിന്ന് കല്ലുകളും മറ്റും കണ്ടെത്തലാണ്. ഇങ്ങനെ കണ്ടെടുത്ത ഉരുളന്‍ കല്ലുകളുടെയും ഗ്ലാസ് ശകലങ്ങളുടെയും ശേഖരം അദ്ദേഹം അടുത്തിടെ ട്വിറ്ററില്‍ പങ്കു വച്ചിരുന്നു. അങ്ങനെയാണ് ഈ വിചിത്രമായ ഹോബിയെ കുറിച്ച് ആളുകള്‍ അറിയാന്‍ തുടങ്ങിയത്. 

Latest Videos

നമ്മുടെയും ചെരുപ്പുകളില്‍ കല്ലുകള്‍ തറക്കാറുണ്ട്.  എന്നാല്‍ നമ്മള്‍ അതൊരു സൈ്വര്യക്കേടായി കാണുമ്പോള്‍, അദ്ദേഹം അതൊരു അവസരമായി കണ്ടു. അതില്‍ ഒരു രസം കണ്ട അദ്ദേഹം അത് എറിഞ്ഞു കളയാതെ സൂക്ഷിച്ച് വച്ചു. ഒരു വര്‍ഷക്കാലം അദ്ദേഹം അത് തുടര്‍ന്നു. ഒടുവില്‍ വര്‍ഷാവസാനം അദ്ദേഹത്തിന് കിട്ടിയത് 179 ഉരുളന്‍ കല്ലുകളും, 32 ഗ്ലാസ് ശകലങ്ങളും, ഒരു നട്ടുമാണ്.  

 

すごい

スニーカーの裏に挟まった小石を“1年間”も集め続けた人が話題 「発想が天才」「すてきすぎる」とTwitter民絶賛https://t.co/hf52DQiomf pic.twitter.com/yeSs1ogWup

— ねとらぼ (@itm_nlab)

 

വീടിന് സമീപമുള്ള റോഡില്‍ നിറയെ ചരലുകളാണ് എന്നദ്ദേഹം പറയുന്നു. ആ വഴിയിലൂടെ നടക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കല്ലുകള്‍ ഷൂസില്‍ തറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഷൂസില്‍ തറക്കുന്ന കല്ലുകള്‍ നമ്മള്‍ വിചാരിക്കുന്ന വേഗത്തില്‍ എടുക്കാന്‍ സാധിക്കില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂത്ത് പിക്കുകള്‍ ഉപയോഗിച്ച് വളരെ ശ്രദ്ധയോടെ വേണം കല്ലുകള്‍ കുത്തിയെടുക്കാന്‍. സൂക്ഷിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കല്ലുകള്‍ പൊടിഞ്ഞു പോകാന്‍ ഇടയുണ്ട്. 

കഴിഞ്ഞ ജൂണിലാണ് അദ്ദേഹം ഈ ഹോബി ആരംഭിക്കുന്നത്. അന്ന് രാജ്യം ലോക്ക് ഡൗണിലായിരുന്നു. സമയം കൊല്ലാനുള്ള ഒരു മാര്‍ഗ്ഗമായിട്ടായിരുന്നു തുടക്കം. എന്നാല്‍ അദ്ദേഹത്തിന് പിന്നീട് അതിനോടുള്ള താല്പര്യം വര്‍ധിച്ചു വന്നു. പിന്നീടുള്ള ഒരു വര്‍ഷക്കാലം വിരസത കൂടാതെ അദ്ദേഹം ആ ഹോബിയുമായി മുന്നോട്ട് പോയി.  

അദ്ദേഹം ട്വിറ്ററില്‍ പങ്കു വച്ച കല്ലുകളുടെ ഫോട്ടോയും വീഡിയോയും കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു. പലരും വളരെ പോസിറ്റീവായി
ട്ടാണ് ഇതിനോട് പ്രതികരിച്ചത്. മിക്ക ആളുകളും അദ്ദേഹത്തിന്റെ ക്ഷമയെയും ആത്മാര്‍ത്ഥതയെയും അഭിനന്ദിച്ചു. ഇനി എത്ര പേര്‍ ഇതൊരു ഹോബിയായി ആരംഭിക്കുമെന്നും അറിയില്ല. എന്ത് തന്നെയായാലും, അദ്ദേഹത്തിന് ഇതിനോടുള്ള താല്പര്യം നാള്‍ക്കുനാള്‍ കൂടുകയാണ്. ഇനിയും തന്റെ ശേഖരം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ആളുകളാകട്ടെ, അദ്ദേഹത്തിന്റെ പുതിയ വീഡിയോക്കായുള്ള കാത്തിരിപ്പിലും.  
 

click me!