യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ഓളങ്ങള്‍ പോലെ പിന്തുടരുന്ന ഒരു നഗരം!

By Natalia Shine Arackal  |  First Published Sep 4, 2019, 5:33 PM IST

നൊമാദിക് റിപ്പബ്ലിക്. നതാലിയ ഷൈന്‍ അറയ്ക്കല്‍ എഴുതുന്ന കോളം. രണ്ടാം ഭാഗം 


'നിങ്ങളുടെ രാജ്യത്തു നീ ജനിച്ച പട്ടണത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍ ഗ്രഹിക്കാനാവാത്ത ചിലതുണ്ട്. ഞങ്ങള്‍ക്ക് യുദ്ധമവസാനിച്ചു അധികം കാലമായിട്ടില്ല. അതിന്റെ അനന്തരഫലങ്ങള്‍ ഓളങ്ങള്‍ പോലെ ഒരു ബട്ടര്‍ഫ്ളൈ എഫക്ട് ആയി ഇന്നും ഞങ്ങളുടെ ജനതയെ പിന്തുടരുന്നു. അല്‍ഷിമേഴ്സിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ പോലും എന്റെ മുത്തച്ഛന്‍ യുദ്ധം മറന്നിട്ടില്ല. ഈ ഗോപുരം ഒരു പ്രതീക്ഷയാണ്. എന്തില്‍ നിന്നും ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുള്ള പ്രതീക്ഷ. എന്നും രാവിലെ ഗോപുരത്തിന്റെ പ്രൗഢമായ സ്ഥിരത നോക്കി ഞങ്ങളെല്ലാവരും അന്നന്നത്തേയ്ക്കു വേണ്ടുന്ന ഊര്‍ജ്ജം ശേഖരിക്കുന്നു'.

Latest Videos

 

''yuuhi no naka furikaereba 
anata wa watashi o sagasu kashira''

''ഈ സായാഹ്നത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഒരിക്കല്‍ ഞാന്‍ നിന്റെ അരികു പറ്റി നിന്നിടത്തേയ്ക്കു നീയും തിരിഞ്ഞു നോക്കുന്നുവോ എന്ന് ഞാന്‍ അതിശയിക്കുന്നു'.

നനുത്ത സ്വരത്തില്‍ ആവോയ് ടെഷിമ പാടുകയാണ്. മിത്സുകോ ഒരു നിമിഷം ആ വരികളില്‍ മനസ്സുടക്കിയത് പോലെ ആലോചനയിലാണ്ടു. എന്നിട്ട് പാട്ടിനേക്കാള്‍ പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.

'ആദ്യമുണ്ടായത് സൂട്ടന്‍കാക്കുവാണ്, പട്ടണമുണ്ടായത് അതിനു ശേഷവും', എന്നെ അതിശയിപ്പിക്കുന്ന ഇംഗ്ലീഷില്‍ അവള്‍ പറയുകയാണ്. ഒസാക്കയിലെ ഷിന്‍സെകായ് പട്ടണത്തിലെ ഒരു ചെറിയ ഭക്ഷണശാലയിലിരുന്നു സംസാരിക്കുകയായിരുന്നു ഞങ്ങള്‍. കുഷികാട്ട്‌സു കഴിക്കാനുള്ള കൊതിയോടെ അതിനു പേരുകേട്ട ഒരു റെസ്‌റ്റോറന്റില്‍ തിരക്കിന് മുന്‍പേ എത്തിയപ്പോളാണ് മിത്സുകോയെ ആദ്യം കാണുന്നത്. ഒരു റെസ്‌റ്റോറന്റില്‍ ചെന്ന് മറ്റൊരിടത്തേക്ക് പ്രഭാത ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ ശേഖരിക്കുന്ന വിളറി വെളുത്ത വിഷാദ ഭാവമുള്ള പെണ്‍കുട്ടി. ഞാനും മറ്റൊരാളും മാത്രമേ കുഷികാട്ട്‌സു റെസ്‌റ്റോറന്റിലുള്ളു. അത് കൊണ്ടു ഈ വൈചിത്ര്യത്തിന്റെ കാരണം എനിക്കു അന്വേഷിക്കാനായി. 

'ഇവിടെ പ്രഭാത ഭക്ഷണം പാകം ചെയ്യുന്നില്ല. അത് കൊണ്ടു ഇവിടെയുള്ള ജോലിക്കാര്‍ ഞങ്ങളുടെ റെസേ്റ്റാറെന്റില്‍ നിന്നും പ്രാതല്‍ കഴിച്ചു ജോലി തുടങ്ങുന്നു'. യാന്ത്രികമായൊരു നേര്‍ത്ത ശബ്ദത്തില്‍ എന്നെ അറിയിച്ചു ഓര്‍ഡറും വാങ്ങി മിത്സുകോ പോയി. പിന്നെ അവളെ കാണുമെന്നു കരുതിയതല്ല. പക്ഷെ ഭക്ഷണത്തിനായി കാത്തിരുന്ന രണ്ടു മിനിറ്റിനുള്ളില്‍ പാചകക്കാര്‍ക്കുള്ള പ്രാതലുമായി വീണ്ടും അവളെത്തി. ഫ്രോസ്റ്റി എന്ന ഓമനപ്പേരില്‍ വിളിക്കുന്ന പ്രാതല്‍. മൊരിച്ച റൊട്ടിയില്‍ പൊടിഞ്ഞ പഞ്ചസാര തൂമഞ്ഞു പോലെ തൂവിയിട്ട വിഭവമാണ് ഫ്രോസ്റ്റി. അല്പം മധുര പ്രിയം ഉള്ളത് കൊണ്ട് കുഷികാട്ട്‌സു കഴിച്ചതിന് ശേഷം ഫ്രോസ്റ്റി കഴിക്കാനായി ഞാന്‍ എതിരെയുള്ള മിത്സുകോയുടെ കടയില്‍ കയറി. 

............................................................................................

പെട്ടെന്ന് സൂട്ടന്‍കാക്കു ഗോപുരത്തോടു ഒരു പഴയ സുഹൃത്തിനോടെന്ന പോലെ എനിക്ക് സ്‌നേഹം തോന്നി

സൂട്ടന്‍കാക്കു ഗോപുരം  Photo: Toshiaki Kanayama/Pixabay

 

വീതി കുറഞ്ഞ റോഡുകള്‍, തലയ്ക്കു മുകളിലൂടെ തലങ്ങനെയും വിലങ്ങനെയും പോകുന്ന അസംഖ്യം കേബിളുകള്‍, പഴയതും പുതിയതുമായ ഭക്ഷണശാലകള്‍, കണ്‍വീനിയന്‍സ് സ്‌റ്റോറുകള്‍, പാതയോരത്തെ അനേകം വെന്‍ഡിങ് മെഷീനുകള്‍, മത്സ്യവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, ബഹളങ്ങള്‍ക്കിടയില്‍ തുറന്ന വായുള്ള രാക്ഷസന്റെ മുഖപ്പുമായി നമ്പയാസാക്ക ക്ഷേത്രം. കെട്ടിടസമുച്ചയങ്ങള്‍ക്കിടയില്‍ അവിശ്വസനീയമാം വണ്ണം സുന്ദരമായ കാഴ്ച്ചയായി ഒസാക കൊട്ടാരം. തിരക്കൊഴിഞ്ഞ മലയടിവാരത്തു കൊയ് മത്സ്യങ്ങള്‍ നിറഞ്ഞ കുളങ്ങള്‍ക്കും, മൂടല്‍ മഞ്ഞില്‍ പൊതിഞ്ഞ പാലത്തിനും അപ്പുറം ആയിരം ധറുമ പാവകള്‍ നിറഞ്ഞ കാട്ട്‌സുവോജി ക്ഷേത്രം. സംശയമന്യേ മനോഹരമായൊരു നഗരമാണ് ഒസാക.

താരതമ്യേന തിരക്കു കുറവുള്ള മിത്സുകോയുടെ ഭക്ഷ്യശാലയില്‍ ഫ്രോസ്റ്റിയും കഴിച്ചിരിക്കുമ്പോഴാണ് അവള്‍ക്കു നന്നായി ഇംഗ്ലീഷ് വശമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നതു. ആംഗലേയം തീരെ ഉപയോഗിക്കാത്ത രാജ്യങ്ങളില്‍ ചെന്ന് പെടുന്ന ദക്ഷിണേന്ത്യക്കാര്‍ക്ക് മാതൃഭാഷ അറിയാവുന്ന ഒരാളെ കാണുന്നതിനോട് അടുത്ത് തന്നെ സന്തോഷം ഇംഗ്ലീഷില്‍ സംസാരിക്കുന്ന ആ ദേശവാസിയായ ഒരാളെ കാണുമ്പോള്‍ ഉണ്ടാവും എന്ന് ഒരു സുഹൃത്ത് പറഞ്ഞത് സത്യമാണല്ലോ എന്ന് ഞാന്‍ ഓര്‍മ്മിച്ചു. 

കുടുംബാംഗങ്ങള്‍ മാത്രമായി നടത്തിപ്പോരുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ ധാരാളമുള്ള ഇടമാണ് ജപ്പാന്‍. ഭക്ഷണശാലകളും ഇതില്‍ പെടും. ചുവരില്‍ നിറയെ കുടുംബചിത്രങ്ങള്‍, പലതും നിറം മങ്ങിയവ, ചിലതൊക്കെ ഗ്രേ സ്‌കെയിലില്‍. ഒന്നില്‍ ഒരു ചെറിയ പെണ്‍കുട്ടി അവളുടെ അച്ഛന്റെ കൈപിടിച്ച് നില്‍ക്കുന്നു. പുറകില്‍ സൂട്ടന്‍കാക്കു ഗോപുരം കാണാം. 

'നീയാണോ ഇത്?' 

'അല്ല അതെന്റെ അമ്മയാണ്. മുത്തച്ഛനാണ് ഈ റെസ്‌റ്റോറന്റ് ആരംഭിച്ചത്. ഇവിടെ യുദ്ധത്തിന് മുന്‍പ് ഉണ്ടായിരുന്നവയില്‍  അവശേഷിക്കുന്ന ചുരുക്കം റെസ്‌റ്റോറന്റ്കളില്‍ ഒന്നാണ് ഞങ്ങളുടേത്'.

'ഏതു യുദ്ധത്തിന്റെ കാര്യമാണ്?' 

അവരുടെ സ്‌പെഷ്യല്‍ വിയന്ന കാപ്പിയും കുടിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു. 

'രണ്ടാം ലോക മഹായുദ്ധം. ആട്ടെ നിങ്ങള്‍ പത്രക്കാരിയാണോ?' അവള്‍ക്കു സംശയം. 

ഞാനൊരു ജൈവശാസ്ത്ര ഗവേഷകയാണെന്ന് ബോധ്യപ്പെടുത്താന്‍ ഐഡി കാര്‍ഡെടുത്തു അവളെ കാണിച്ചു. 'ആഹാ നമ്മള്‍ അടുത്ത ബന്ധമുള്ളവര്‍, സത്യത്തില്‍ ഞാനൊരു ഡോക്ടര്‍ ആണ്'. ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി. എന്റെ ഞെട്ടിയ മുഖഭാവം കണ്ടവള്‍ മെല്ലെ ചിരിച്ചു.

ഒരു ഡോക്ടര്‍ പാചകക്കാരിയായി മാറിയതിന്റെ കഥ അറിയാന്‍ മുന്നില്‍ വന്നു പെട്ട നല്ലൊരു ഉദാഹരണത്തിനു പിന്നാലെ പോകുന്ന വിചിത്രമായൊരു ശാസ്ത്രകൗതുകത്തോടെ ഞാന്‍ മിത്സുകോയുടെ കൂടെ കൂടി. അന്യദേശക്കാരെ അല്‍പമൊരു അകല്‍ച്ചയോടെ നോക്കി കാണുന്ന അവളുടെ ജാപ്പനീസ് ബോധത്തിന് അയവു വരാന്‍ വേണ്ടി പല തവണ പ്രാതല്‍ അവിടെ നിന്നാക്കി, സംസാരിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ എനിക്കുള്ള അറിവ് പ്രകടമാക്കാന്‍ പാകത്തിന് ഇടവേളകളില്‍ കത്തിക്കയറാന്‍ ശ്രമിച്ചു നോക്കി. ഒടുവില്‍ ഒരിക്കല്‍ കഥ പറയാമെന്ന് അവള്‍ സമ്മതിച്ചു. 'എന്റെ കഥ എന്‍േറത് മാത്രമല്ല, സൂട്ടന്‍കാക്കു ഗോപുരത്തിന്റെയും ഷിന്‍സിക്കായ് പട്ടണത്തിന്റെയും കൂടി കഥയാണ്'. 

............................................................................................

നിനക്കറിയുമോ സൂട്ടന്‍കാക്കുവിന്റെ ഒരു ഓഹരി എന്റെ കയ്യിലുണ്ടെന്ന്? അതാണെന്നെ ഷിന്‍സക്കായിയില്‍ ഇങ്ങനെ കെട്ടി ഇട്ടിരിക്കുന്നത്

ഒസാക കൊട്ടാരം  Photo: Sangyeon Yu/Pixabay

 

വാടകയ്ക്ക് കിട്ടുന്ന സൈക്കിളിലാണ് അന്നെന്റെ ഹൃസ്വയാത്രകള്‍. തെരുവോരത്തു കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പോലെ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. സൈക്കിള്‍ ചവിട്ടി മിത്സുക്കോയുടെ കടയില്‍ എത്തിയപ്പോള്‍ കടയ്ക്ക് അവധി എന്നെഴുതി വെച്ച് അവള്‍ എവിടേക്കോ പോയിരിക്കുന്നു. കുഷികാട്ട്‌സു റെസ്‌റ്റോറന്റിലെ ഷെഫ് ആയ ടെറ്റ്ചാനോട് അന്വേഷിച്ചപ്പോള്‍ അറിയുന്നു, അവള്‍ അടുത്തൊരിടത്തു ഷോഗി കളിക്കാന്‍ പോയിരിക്കുന്നു എന്ന്. ജാപ്പനീസുകാരുടെ ഒരുതരം ചതുരംഗമാണ് ഷോഗി. സൈക്കിളും ഉന്തി അവിടെ എത്തി, അകത്തു നടക്കുന്നത് എന്താണെന്നു അറിയാനുള്ള കൗതുകത്തോടെ ഞാന്‍ മങ്ങിയ ചില്ലു ജനാലയിലൂടെ നോക്കി നിന്നു. 

നിര നിരയായി ഇരുന്നു ഷോഗി കളിക്കുന്ന വയോവൃദ്ധര്‍ക്കിടയില്‍ മിത്സുകോ. അവള്‍ ജയിച്ചു മുന്നേറുകയാണെന്നു ചുറ്റും കൂടി നിന്നവരുടെ സംഭാഷണത്തില്‍ നിന്നെനിക്കു ഊഹിക്കാനായി. വിജയശ്രീലാളിതയായി ചിരിച്ചു തുള്ളി പുറത്തേയ്ക്കു വന്ന അവളെ അടുത്ത് കണ്ട വെന്‍ഡിങ് മെഷീനില്‍ നിന്നും വാങ്ങിയ ഓരോ ഐസ്ഡ് കോഫിയുമായി വാതില്‍ക്കല്‍ വെച്ച് ഞാന്‍ പിടികൂടി. ജയിച്ചതിന്റെ സന്തോഷത്തിലാവും, അല്ലെങ്കില്‍ ഐസ് കോഫി കൊടുത്തതിന്റെ സന്തോഷത്തിലാവും, അവള്‍ക്കിഷ്ടമുള്ള റെസ്‌റ്റോറന്റില്‍ നിന്നും അത്താഴവും കഴിച്ചു കൊണ്ട് കഥ പറയാമെന്നു അവള്‍ ഏറ്റു. എന്റെ മുഖഭാവം കണ്ടപ്പോള്‍ 'ഒരു സ്ത്രീയുടെ കൂടെ ഡിന്നര്‍ ഡേറ്റിനു വരില്ല എന്നുണ്ടോ?' എന്ന് അവള്‍ ആരാഞ്ഞു. 'അയ്യോ അങ്ങനെ ഒരു പിടിവാശിയും എനിക്കില്ല' എന്ന് പറഞ്ഞു ഞാന്‍ അത് സമ്മതിച്ചു. 

നേരമിരുട്ടിയാല്‍ പിന്നെ പ്രകാശത്തിന്റെ ഒരു സ്വര്‍ഗ്ഗമാണ് ഒസാക. നഗരത്തിന്റെ ചാര നിറത്തിലുള്ള തെരുവുകള്‍ മുഴുവന്‍ നാടകീയമായ നിയോണ്‍ പ്രളയത്തില്‍ മുങ്ങി പോവും. ധൊറ്റണ്‍ബോറി കനാലിനു ഇരുവശത്തുമായി പ്രകാശിതമായ അനേകം കെട്ടിടങ്ങള്‍, ഇലക്‌ട്രോണിക് പരസ്യ ഫലകങ്ങള്‍, ഒക്കണോമിയാക്കിയും ടാക്കോയാക്കിയും പാകം ചെയ്യുന്ന തെരുവോര ഭക്ഷണശാലകള്‍, ഭക്ഷണം കഴിക്കാനും അസാഹി എന്ന് പേരുള്ള ബിയര്‍ കുടിക്കാനും ഷിന്‍സെക്കായ് പട്ടണത്തിലേക്കു ഒഴുകിയെത്തുന്ന ജനക്കൂട്ടം. അതിനൊക്കെ ഒത്ത നടുവില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന സൂട്ടന്‍കാക്കു ഗോപുരം. 

'നിനക്കറിയുമോ സൂട്ടന്‍കാക്കുവിന്റെ ഒരു ഓഹരി എന്റെ കയ്യിലുണ്ടെന്ന്? അതാണെന്നെ ഷിന്‍സക്കായിയില്‍ ഇങ്ങനെ കെട്ടി ഇട്ടിരിക്കുന്നത്', ഓരോ കഷണം മഗുറോ സഷിമി കഴിച്ചു കൊണ്ട് മിത്സുകോ പറഞ്ഞു തുടങ്ങി. 

'ഗോപുരത്തിന് ഓഹരിയോ, അതെങ്ങനെ?', ഞാന്‍ അത്ഭുതപ്പെട്ടു. 

'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒസാക്കയില്‍ ഉണ്ടായിരുന്ന ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിനു നടുവിലാണ് പാരിസിലെ ഐഫില്‍ ഗോപുരത്തിന്റെ മാതൃകയില്‍ സൂട്ടന്‍കാക്കു ആദ്യം നിര്‍മ്മിക്കപ്പെട്ടത്. ഗോപുരം വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യാപാരികള്‍ അവിടെ വന്നു താവളമടിച്ചു. അങ്ങനെ സൂട്ടന്‍കാക്കുവിന് ചുറ്റുമായി ഒരു പുതിയ നഗരം രൂപം കൊണ്ടു -ഷിന്‍സക്കായ്. പുതിയ ലോകം എന്നാണ് ആ പേരിന്റെ അര്‍ത്ഥം. അന്നിവിടെ എത്തിച്ചേര്‍ന്ന ആളുകളില്‍ ഒരാളായിരുന്നു എന്റെ മുത്തച്ഛന്‍'. 

'രണ്ടാം ലോകമഹായുദ്ധകാലത്തു ഗോപുരം തീ വെച്ച് നശിപ്പിക്കപ്പെട്ടു, പട്ടണം വിജനമായി, മുത്തച്ഛന്റെ ഭക്ഷണശാല ഉള്‍പ്പടെ വളരെ കുറച്ചു കടകള്‍ മാത്രം അവശേഷിച്ചു. കടയുടമകള്‍ ഗോപുരം പുതുക്കി പണിയാന്‍ തീരുമാനിച്ചു. ഓരോ ഓഹരികളായി പണം നിക്ഷേപിച്ചു അവര്‍ ഇപ്പോള്‍ കാണുന്ന മാതൃകയില്‍ സൂട്ടന്‍കാക്കു പുനര്‍നിര്‍മ്മിച്ചു. അതിലൊരോഹരിയാണ് മുത്തച്ഛന്‍ വഴി എന്റെ കയ്യില്‍ വന്നു ചേര്‍ന്നത്'- ഞാന്‍ ഭക്ഷണം കഴിക്കുമ്പോളേയ്ക്കും അവള്‍ പറഞ്ഞു നിര്‍ത്തി. 

'പക്ഷെ നീ എങ്ങനെ റെസ്റ്റോറന്റ് നടത്തിപ്പുകാരിയായി?'. 

'കഥയുടെ ബാക്കി അടുത്ത തവണ കാണുമ്പോള്‍, എനിക്ക് നാളത്തെ പ്രാതലിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയമായി', എന്ന് പറഞ്ഞു അവള്‍ സ്ഥലം വിട്ടു. 

വാലെന്റൈന്‍സ് ഡേയ്ക്ക് എന്റെ അദ്ദേഹത്തിന് സമ്മാനിക്കാന്‍ സോളാര്‍ സിസ്റ്റം ട്രഫിള്‍ വാങ്ങാനായി നാക്കനോഷിമയിലേക്കുള്ള മെട്രോയില്‍ തിക്കി തിരക്കി നില്‍ക്കുന്നതിനിടയില്‍ അവളെ കാണാനായി. തിരക്കിനിടയിലൂടെ അവള്‍ എന്റെ നേര്‍ക്കു വരാന്‍ ശ്രമിക്കുകയാണ്. അധികം താമസിയാതെ പരാജയം സമ്മതിക്കുകയും ചെയ്തു. ഒരേ മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയതിനു ശേഷമാണ് അവളുടെയും ലക്ഷ്യം ആ ചോക്ലേറ്റ് കടയാണെന്നു അറിയുന്നത്. അന്നാദ്യമായി യോഷിദയുടെ ഫോട്ടോഗ്രാഫ് അവളെന്നെ കാണിച്ചു. 

'ബിലിക്കനെ കാണാന്‍ വരുന്നോ?', ചോക്ലേറ്റും വാങ്ങി മടങ്ങുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചു. അതാരാണെന്ന് യാതൊരു ഊഹവും ഇല്ലാതെ തന്നെ ഞാന്‍ ഉവ്വെന്നു പറഞ്ഞു അവളുടെ കൂടെ പോയി. 

അവളെന്നെ കൊണ്ട് പോയത് സൂട്ടന്‍കാക്കുവിന്റെ മുകളിലേക്കാണ്. മുകള്‍ നിലയിലെ ഒബ്‌സര്‍വേറ്ററിയില്‍ കുസൃതിച്ചിരിയും കുട്ടിചാത്തന്‍േറത് പോലെ നീണ്ടു കൂര്‍ത്ത ചെവികളുമായി കാലും നീട്ടി ഇരിക്കുന്ന ഒരു പാവം പ്രതിഷ്ഠ. അതാണ് ബിലിക്കന്‍. ബിലിക്കന്റെ പാദം ഉഴിഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യം ഉണ്ടാവുമത്രെ. മിത്സുകോ പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ വെറുതെ അവിടെ നിന്നു. ജീവിതത്തില്‍ ചോദിച്ചതിലധികം ലഭിച്ച എനിക്ക് ഒന്നും പ്രാര്‍ത്ഥിക്കാനില്ല. 

'പുസ്തക കൂമ്പാരത്തില്‍ തലവെച്ചു മാത്രം ഉറങ്ങാറുള്ള എന്റെ യോഷിദ. ബാള്‍ട്ടിമോറില്‍ തുടര്‍പഠനത്തിന് സ്‌കോളര്‍ഷിപ്പ് നേടിയതാണ് ഞങ്ങള്‍ രണ്ടു പേരും. പോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മുത്തച്ഛനു മറവി രോഗം അതിക്രമിക്കുന്നത്. ഇതൊരു വെറും ഭക്ഷണശാല ആയിരുന്നില്ല മുത്തച്ഛന്. അതിജീവനത്തിന്റെ ഒരു വലിയ ഓര്‍മ്മപ്പെടുത്തലായിരുന്നു. റെസ്‌റ്റോറന്റ് ഏറ്റെടുത്തു നടത്താന്‍ ഞാന്‍ തീരുമാനിച്ചു'.

'നിനക്കതിലിപ്പോള്‍ വ്യസനം തോന്നുന്നുണ്ടോ?'.

'ഞാനതിനൊരു വലിയ ത്യാഗം ഒന്നുമല്ല ചെയ്തത്. മുത്തച്ഛനേയും റെസ്‌റ്റോറന്റും സൂട്ടന്‍കാക്കുവിനെയും എന്തിന് ഈ ഷിന്‍സക്കായ് പട്ടണത്തെ തന്നെയും ഞാനാണ് സംരക്ഷിക്കുന്നത് എന്ന നാട്യത്തിലാണ് ഞാന്‍ ഓരോ ദിവസവും ജീവിക്കുന്നത്'.  അവള്‍ പൊട്ടിച്ചിരിക്കുന്നത് ഞാനാദ്യമായി കാണുന്നത് അപ്പോളാണ്. 

പിന്നെയും അവള്‍ യോഷിദയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു, എത്ര ഒതുക്കിയിട്ടാലും മുഖത്തേയ്ക്കു വീണു കിടക്കുന്ന അവന്റെ മുടിയെ കുറിച്ച്, ചോക്ലേറ്റിനോടും മധുര പലഹാരങ്ങളോടും അവനുള്ള ആര്‍ത്തിയെ കുറിച്ച്, കുഞ്ഞുങ്ങളോടുള്ള കരുതല്‍ കാരണം പീഡിയാട്രിക്‌സില്‍ പഠനം നടത്തുന്ന അവന്റെ മനസ്സിന്റെ ആര്‍ദ്രതയെ കുറിച്ച്, ഇടറിയ ശബ്ദത്തോടെ പറഞ്ഞു കൊണ്ടിരുന്നു. 

ഒബ്‌സര്‍വേറ്ററിയില്‍ നിന്ന് താഴേയ്ക്ക് നോക്കിയാല്‍ ടെന്നോജി മൃഗശാലയില്‍ സൂവില്‍ മൃഗങ്ങളുടെ വിഹാരം കാണാം, ഷിന്‍സെക്കായ് പട്ടണത്തിലെ ജനങ്ങളുടെ ജീവിതവും. മുകളില്‍ ഇരുന്നു ദൈവം കാണുന്നത് പോലെ എന്നാണ് മിത്സുകോ പറയുന്നത്. അവിടെ നില്‍ക്കുമ്പോള്‍ ബിലിക്കനെ പോലെ നമ്മളും കുട്ടി ദൈവങ്ങള്‍ ആവുന്നു. യുദ്ധത്തില്‍ ഗോപുരം നശിച്ചപ്പോള്‍ ബാക്കി വന്ന ലോഹ കമ്പികള്‍ ഓരോന്നും ആയുധങ്ങള്‍ നിര്‍മ്മിക്കാനായി എടുക്കപ്പെട്ടത്രെ. ബിലിക്കനേയും അന്ന് കാണാതായതാണ്. ഇപ്പോഴുള്ള പ്രതിമ സ്ഥാപിച്ചത് എണ്‍പതുകളില്‍ ആണെന്ന് അവള്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു. 

ഷോഗി കളിക്കുന്ന വൃദ്ധന്മാരുടെ ഒരു കൂട്ടം മിത്സുകോയുടെ കടയില്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി ഒത്തു കൂടുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. സുഹൃത്തുക്കള്‍ എന്നത് പോലെയാണ് അവള്‍ ആ വയോവൃദ്ധരോടു പെരുമാറുന്നത്. വളരെ സ്വാതന്ത്ര്യത്തോടെ അവരെ പല കാര്യങ്ങളിലും അവള്‍ ശാസിക്കുക കൂടി ചെയ്തിരുന്നു. തിരക്കിയപ്പോള്‍ അവരെല്ലാം അവളുടെ മുത്തച്ഛന്റെ സുഹൃത്തുക്കളാണെന്ന് അറിയാന്‍ സാധിച്ചു. 

............................................................................................

'നാഗസാക്കിയില്‍ നിന്നാണ് യോഷിദ. ഇന്നും ജനനവൈകല്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനിച്ചു കൊണ്ട് ഓര്‍മ്മകളെ വിറ കൊള്ളിക്കുന്ന യുദ്ധം'.

നാഗസാക്കിയിലെ ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടം  Photo: Jordy Meow / Pixabay

 

'എല്ലാവരും യുദ്ധത്തിന്റെ ഓര്‍മ്മകള്‍ ചുമലില്‍ പേറുന്നവരാണ്. ഒന്നുമില്ലായ്മയില്‍ നിന്നൊരു പട്ടണം കെട്ടി പടുത്തവരാണ്. അത് തകര്‍ന്നു തരിപ്പണം ആവുന്നതും കണ്ടു നില്‍ക്കേണ്ടി വന്നവരാണ്. ദീര്‍ഘായുസ്സ് ചിലപ്പോളൊക്കെ ഒരു ശാപമാണ്' അവള്‍ പറഞ്ഞു. 

'യുദ്ധമവസാനിച്ചു വളരെ കാലം ആയില്ലേ' എന്ന് ചോദിച്ചു ഞാന്‍. 

'നിനക്ക് ഏതെങ്കിലും യുദ്ധത്തില്‍ പങ്കെടുത്ത എത്ര പേരെ നേരിട്ടറിയാം?'എന്നവള്‍. കുടുംബത്തില്‍ നിന്ന് തലമുറകള്‍ക്കപ്പുറത്തു ആരൊക്കെയോ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നൊരു നാട്ടു വര്‍ത്തമാനത്തിനപ്പുറം ഒന്നും പറയാനില്ലാത്ത ഞാന്‍ നിശബ്ദയായി. 

'നാഗസാക്കിയില്‍ നിന്നാണ് യോഷിദ. ഇന്നും ജനനവൈകല്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനിച്ചു കൊണ്ട് ഓര്‍മ്മകളെ വിറ കൊള്ളിക്കുന്ന യുദ്ധം'. 

വളരെ ജനിതക മാറ്റങ്ങള്‍ ഉള്ളതായി ഗവേഷണത്തില്‍ തെളിഞ്ഞിട്ടില്ല എന്നൊരു പഠനം  വായിച്ചതായി ഞാന്‍ അവളോട് പറഞ്ഞു. എന്റെ വിഷയത്തില്‍ ഉള്ള ജ്ഞാനം പ്രകടിപ്പിക്കാന്‍ ശ്രമിച്ചതാണ് അല്പയായ ഞാന്‍. 

'ആ ഗവേഷണം നടത്തിയതും, പ്രസിദ്ധീകരിച്ചതും എല്ലാം എന്തൊക്കെയോ മറയ്ക്കാനുള്ളവരാണെന്ന് ഊഹിച്ചൂടെ. അല്ലെങ്കില്‍ പാപകര്‍മ്മത്തില്‍ നിന്ന് മനസ്സൊഴിക്കാന്‍ ശ്രമിക്കുന്നവര്‍. നിനക്ക് തെളിവ് വേണമെങ്കില്‍ എനിക്കുറ്റവരില്‍ നിന്ന് തന്നെ അത് തരാന്‍ സാധിക്കും'. 

അതിജീവനത്തിന്റെ പുസ്തകത്തില്‍ നിന്ന് വായിക്കുന്നവരോട് എന്റെ പാഠപുസ്തക ജ്ഞാനം വെച്ചു മാത്രം തര്‍ക്കിക്കാന്‍ ഞാന്‍ ആരാണ്. 

'നിങ്ങളുടെ രാജ്യത്തു നീ ജനിച്ച പട്ടണത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കുമ്പോള്‍ ഗ്രഹിക്കാനാവാത്ത ചിലതുണ്ട്. ഞങ്ങള്‍ക്ക് യുദ്ധമവസാനിച്ചു അധികം കാലമായിട്ടില്ല. അതിന്റെ അനന്തരഫലങ്ങള്‍ ഓളങ്ങള്‍ പോലെ ഒരു ബട്ടര്‍ഫ്ളൈ എഫക്ട്് ആയി ഇന്നും ഞങ്ങളുടെ ജനതയെ പിന്തുടരുന്നു. അല്‍ഷിമേഴ്സിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയില്‍ പോലും എന്റെ മുത്തച്ഛന്‍ യുദ്ധം മറന്നിട്ടില്ല. ഈ ഗോപുരം ഒരു പ്രതീക്ഷയാണ്. എന്തില്‍ നിന്നും ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നുള്ള പ്രതീക്ഷ. എന്നും രാവിലെ ഗോപുരത്തിന്റെ പ്രൗഢമായ സ്ഥിരത നോക്കി ഞങ്ങളെല്ലാവരും അന്നന്നത്തേയ്ക്കു വേണ്ടുന്ന ഊര്‍ജ്ജം ശേഖരിക്കുന്നു'.

ഗതകാലത്തില്‍ എന്റെ ഏകാന്തതയില്‍ കൂട്ടായിരുന്ന നാട്ടിലെ കടല്‍ തീരത്തെ ദീപസ്തംഭത്തെ ഞാന്‍ ഓര്‍ത്തു പോയി. നാട് വിട്ട ആ ദിവസം അവനവിടെ ഏകാകിയായി നിന്ന് വേനല്‍ മഴ കൊള്ളുകയാണ്. പെട്ടെന്ന് സൂട്ടന്‍കാക്കു ഗോപുരത്തോടു ഒരു പഴയ സുഹൃത്തിനോടെന്ന പോലെ എനിക്ക് സ്‌നേഹം തോന്നി.

............................................................................................

ഇരുള്‍ മൂടവേ ഇണക്കിളികള്‍ പറന്നു പോകാന്‍ തുടങ്ങുന്നു. ഒബ്‌സര്‍വേറ്ററിയില്‍ ബിലിക്കനും ഞാനും മാത്രമാവുന്നു

സൂട്ടന്‍കാക്കു ഗോപുരത്തില്‍നിന്നുള്ള കാഴ്ച  Photo: Akira Hashimoto / Pixabay

 

ഗോപുരത്തിന്റെ മുകള്‍ തട്ടില്‍ നിന്ന് ലോകത്തെ കുറിച്ചുള്ള എന്റെ വീക്ഷണം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. രാജ്യം, ഭാഷ, സംസ്‌കാരം തുടങ്ങിയ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഒരു വലിയ കാന്‍വാസില്‍ എന്നെ തന്നെ കാണാന്‍ മിത്സുകോ കാരണമായോ എന്ന് ഞാന്‍ സ്വയം ചോദിക്കുന്നു. എന്നെങ്കിലും, സ്വാര്‍ത്ഥമതിയായ ഞാന്‍ അവളോളം വളരുമോ എന്നും. സാന്ധ്യാകാശം നോക്കി കാണാനും ബിലിക്കനോട് പ്രണയസാഫല്യത്തിനായി പ്രാര്‍ത്ഥിക്കാനും അനേകം ജോടികള്‍ അവിടെ എത്തിചേര്‍ന്നിരിക്കുന്നു. ഓരോരോ കൂടുകളിലേയ്ക്ക് ചെന്നണയാനായ് തിടുക്കം കൂട്ടുന്നവര്‍. എനിക്കൊരു തിടുക്കവും ഇല്ല.

ഇരുള്‍ മൂടവേ ഇണക്കിളികള്‍ പറന്നു പോകാന്‍ തുടങ്ങുന്നു. ഒബ്‌സര്‍വേറ്ററിയില്‍ ബിലിക്കനും ഞാനും മാത്രമാവുന്നു. താഴെ തെരുവുകള്‍ സജീവമാകാന്‍ തുടങ്ങുന്നതേ ഉള്ളുവെന്ന് തോന്നി. ലോകത്തിന്റെ വിഷാദങ്ങള്‍ ഒന്നും അലട്ടാത്ത യുവത്വം പൊട്ടിച്ചിരികളാല്‍ പട്ടണത്തെ കൂടുതല്‍ പ്രകാശിതമാക്കുന്നുവെന്നും. യുദ്ധത്തിന്റെ ഓര്‍മ്മകള്‍ എന്നിലേല്‍പ്പിച്ച ഉത്കണ്ഠകള്‍ മാഞ്ഞു തുടങ്ങി. മിത്സുകോ അടുത്ത പ്രഭാതത്തിലെ പ്രാതലിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തുടങ്ങിയിരിക്കും. മാവ് കുഴയ്ക്കുന്നതിന്റെയും, വെണ്ണ തയ്യാറാക്കുന്നതിന്റെയും, കാപ്പിക്കുരു പൊടിക്കുന്നതിന്റെയും തിരക്കുകളില്‍ മുങ്ങി സ്വയം മറന്നിരിക്കും. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു നിന്ന് അവളെ തേടി അവളുടെ യോഷിദ ഉടനെ എത്തട്ടെ എന്ന് ബിലിക്കനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ഞാന്‍ അവിടെ നിന്നു.

''yuuhi no naka meguriaeba 
anata wa watashi o daku kashira''

''ഇനിയൊരിക്കലൊരു സായാഹ്നത്തില്‍, അസ്തമയ സൂര്യനെ സാക്ഷി നിര്‍ത്തി നാം കണ്ടു മുട്ടിയാല്‍, നീ എന്നെ ഓര്‍മ്മിക്കുമെന്നു ഞാന്‍ കൊതിച്ചു പോകുന്നു. നിന്റെ അരികില്‍ എന്നെ ചേര്‍ത്തു നിര്‍ത്തുമെന്നും'

 

ഉദ്ധരണി: Sayonara no natsu (വിടവാങ്ങലുകളുടെ ഗ്രീഷ്മം) എന്ന ഗാനം - Aoi Teshima

കുഷികാട്ട്‌സു- കമ്പില്‍ കുത്തി എണ്ണയില്‍ വറുത്തെടുക്കുന്ന പച്ചക്കറികള്‍ മാംസം മുതലായവ. 

ഒകോണോമിയാക്കി -ക്യാബേജും മറ്റു ചേരുവകളും മുകളില്‍ ഇട്ടു തയ്യാറാക്കുന്ന ഒരു തരം അപ്പം/ദോശ. 

ടാക്കോയാക്കി -കണവ ചേര്‍ത്ത ഗോതമ്പു മാവ് കൊണ്ടുള്ള ഉണ്ണിയപ്പം പോലെ ഒരു വിഭവം. 

മഗുരോ സഷിമി - ചൂര മീന്‍ കൊണ്ടുള്ള ഒരു തരം സുഷി വിഭവം. 

 

 

നൊമാദിക് റിപ്പബ്ലിക്: 

ഏതു മുയല്‍ക്കുഴിയിലൂടെയാവും അവള്‍ അപ്രത്യക്ഷമായിരിക്കുക?
 

click me!