എനിക്കും ചിലത് പറയാനുണ്ട്.: നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്ന എത്ര കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ, സ്‌കൂളുകളില്‍ നിന്നോ ശരിയായ സെക്‌സ് എഡ്യൂക്കേഷന്‍ ലഭിക്കുന്നുണ്ട് എന്ന കാര്യം കൂടി ആലോചിക്കണം. ഇതേപ്പറ്റി സംശയം ചോദിക്കുന്ന കുഞ്ഞുങ്ങളെ കൊടുംപാപികളെപ്പോലെയാണ് ചിലര്‍ ചിത്രീകരിക്കുന്നത്.
സ്വന്തം ലൈംഗിക സംതൃപ്തിയില്‍ ഒരുപാട് ശ്രദ്ധിച്ചിരുന്ന അയാള്‍ക്ക് ഭാര്യയുടെ ആവശ്യങ്ങള്‍, തൃപ്തി, സമ്മതം, ആത്മാഭിമാനം ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. കിടപ്പറയിലെ വൈകൃതങ്ങള്‍ അയാള്‍ മറ്റുകാര്യങ്ങളില്‍ കാണിച്ചിരുന്നില്ല എന്നും ചേച്ചി പറഞ്ഞു. പക്ഷെ തീര്‍ച്ചയായും കിടപ്പറയിലെ ഈ പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുക ആയിരുന്നു
undefined
'പിന്നെ, ഭയങ്കര അടിച്ചുപൊളിയാ, നീയൊന്ന് മിണ്ടാതിരിക്കെടീ. സത്യത്തില്‍ ഇപ്പോഴത്തെ എന്റെ അവസ്ഥ പറഞ്ഞാല്‍ നീ വിശ്വസിക്കുമോ അല്ലെങ്കില്‍ നിനക്കത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ എന്നുപോലും എനിക്കറിയില്ല. ആ അതുവിട്... എന്തൊക്കെയാ നിന്റെ വിശേഷങ്ങള്‍, നിന്റെ കെട്ട്യോനും മോനും എന്തുപറയുന്നു?''
അഞ്ജു ചേച്ചി (ശരിയ്ക്കുള്ള പേരല്ല), കോളേജില്‍ എന്റെ സീനിയര്‍ ആയിരുന്നു. പഠിയ്ക്കുന്ന സമയത്ത് സത്യം പറഞ്ഞാല്‍ ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന എന്റെ ചില കഥകളൊക്കെ വായിച്ച് അതിലൂടെ ഫേസ്ബുക്കിലും പിന്നീട് മെസഞ്ചറിലും പതിയെ ഫോണ്‍ കോളുകളിലും ആയി ഞങ്ങളുടെ സൗഹൃദം വളര്‍ന്നു. ഇടയ്ക്കിടെ വിളിയ്ക്കും, വിശേഷങ്ങള്‍ പങ്കുവെയ്ക്കും അങ്ങനെ ഞങ്ങള്‍ നല്ല ക്ലോസ് ആയി. ഒരു കോളേജില്‍ അസി. പ്രൊഫസര്‍ ആണ് ചേച്ചി. വിവാഹിത അല്ലെന്നും, പ്ലസ്ടുവിന് ഒപ്പം പഠിച്ച ഒരു വ്യക്തിയുമായുള്ള ദീര്‍ഘകാലപ്രണയം, അദ്ദേഹം മറ്റൊരു മതത്തില്‍ ഉള്ള വ്യക്തിയായതിനാല്‍ വീട്ടുകാര്‍ക്ക് തീരെ അംഗീകരി്ക്കാന്‍ പറ്റാത്തത് കൊണ്ട്, രണ്ടുപേരും വീട്ടുകാരുടെ സമ്മതത്തിനായി വെയിറ്റ് ചെയ്യുക ആണെന്നുമെല്ലാം ഓണ്‍ലൈനില്‍ പരിചയം പുതുക്കിയ സമയത്ത് ചേച്ചി പറഞ്ഞിട്ടുണ്ട്. ആ ചേട്ടന്‍ ബാങ്കില്‍ വര്‍ക്ക് ചെയ്യുകയാണ്.
ശേഷം പിന്നെയും രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞു. രണ്ടുപേരും വേറെ വിവാഹത്തിന് സമ്മതിക്കില്ല എന്ന് മനസ്സിലായപ്പോള്‍ രണ്ടുവീട്ടുകാരും മറ്റൊരുതീരുമാനമെടുത്തു. മതപരമായ പല പ്രശ്‌നങ്ങളും ഉള്ളതുകൊണ്ട് വിവാഹം നടത്തികൊടുക്കില്ല, പക്ഷെ രജിസ്റ്റര്‍ മാര്യേജ് ചെയ്തു ഒരുമിച്ചു ജീവിക്കാം.
അങ്ങനെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ രണ്ടുപേരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആയതുകൊണ്ട് ഫ്‌ളാറ്റ് എടുത്ത് അവിടേയ്ക്ക് താമസം മാറി. അതിനുശേഷം ഞങ്ങള്‍ രണ്ടുപേരും പലപല തിരക്കുകളില്‍ ആയിരുന്നത് കൊണ്ട് ഫോണ്‍ വിളികള്‍ തീരെക്കുറഞ്ഞു, അല്ലെങ്കില്‍ ഇല്ലാതായി എന്നുതന്നെ പറയാം. അപ്പോഴും വല്ലപ്പോഴുമുള്ള ഹായ് ബൈ വാട്‌സ്ആപ്പ് മെസേജുകള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതും ഇല്ലാതായപ്പോഴാണ് ഈ വര്‍ഷം ഫെബ്രുവരി ഒരു ലാസ്റ്റ് വീക്ക് ആയപ്പോള്‍ ഞാന്‍ അഞ്ജു ചേച്ചിയെ ഫോണ്‍ വിളിക്കുന്നത്.
'കല്യാണം കഴിഞ്ഞു രണ്ടാളുംകൂടെ അടിച്ചുപൊളിക്കുന്നതിനിടയില്‍ നമ്മളെയൊക്കെ മറന്നല്ലേ,?'- എന്ന എന്റെ ചോദ്യത്തിന് ചേച്ചി തന്ന ഉത്തരമാണ് മുകളില്‍ കുറിച്ചിരിക്കുന്നത്.
ചേച്ചിയുടെ ആ ഉത്തരത്തില്‍ നിന്നും തന്നെ എന്തോ ഒരു നെഗറ്റീവ് ഫീലിംഗ് എനിക്ക് തോന്നി.
'എന്തുപറ്റി ചേച്ചി ഒരു സുഖമില്ലാത്ത മറുപടി?' എന്ന് ചോദിച്ചപ്പോള്‍, 'ഞാന്‍ നിന്നെ പിന്നെ വിളിയ്ക്കാം. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം. ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിച്ചില്ലെങ്കില്‍ എനിക്ക് ഭ്രാന്ത് പിടിയ്ക്കും. അങ്ങനെ ഒരു അവസ്ഥയിലാണ് ഞാനിപ്പോള്‍' എന്ന ഉത്തരമാണ് കിട്ടിയത്.
'ചേട്ടനെവിടെ? ' എന്ന എന്റെ ചോദ്യത്തെ മറ്റെന്തോ ഒരു മറുചോദ്യം കൊണ്ട് ഒഴിവാക്കി, പിന്നെ വിളിക്കാം എന്ന് ആവര്‍ത്തിച്ചുപറഞ്ഞ ശേഷം ചേച്ചി കോള്‍ കട്ട് ചെയ്തു.
എന്നാല്‍ ആ നിമിഷം മുതല്‍ എന്തായിരിക്കും ചേച്ചിക്ക് എന്നോട് പറയാന്‍ ഉണ്ടാകുക എന്നോര്‍ത്ത് എന്റെ മന:സമാധാനം നഷ്ടപ്പെട്ടു. ഇത്രയും വര്‍ഷം പ്രണയിച്ചു വിവാഹം ചെയ്തവര്‍ക്ക് ഇടയില്‍ വെറും സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. അപ്പോള്‍ പിന്നെ എന്താകും പ്രശ്‌നം. ഇനി വീട്ടുകാര്‍ എന്തെങ്കിലും പ്രശ്‌നം അവര്‍ക്കിടയില്‍ ഉണ്ടാക്കിക്കാണുമോ എന്നൊക്കെ ചിന്തിച്ചുകൂട്ടി എന്റെ മനസമാധാനം നഷ്ടപ്പെട്ടു എന്ന് പറയാം.
പിന്നെയും രണ്ടുദിവസങ്ങള്‍ കഴിഞ്ഞാണ് ചേച്ചി എന്നെ വിളിയ്ക്കുന്നത്.
'നിനക്കറിയാമല്ലോ എനിക്ക് വേണ്ടപ്പെട്ടവരെയൊക്കെ വെറുപ്പിച്ചിട്ടാണ് ഞാന്‍ നവീനൊപ്പം ജീവിയ്ക്കാന്‍ തീരുമാനിച്ചത്, അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം വന്നാല്‍പോലും ഷെയര്‍ ചെയ്യാന്‍ എനിക്ക് ആരുമില്ല. മാത്രമല്ല ഇതങ്ങനെ എല്ലാവരോടും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന വിഷയവും അല്ല. പക്ഷെ എനിക്കിപ്പോള്‍ ഇത് നിന്നോട് പറഞ്ഞേ പറ്റൂ, അത്രയ്ക്ക് ഞാന്‍ സഹികെട്ടു. ഇനിയും ഞാനിതില്‍ ഒരു തീരുമാനം എടുത്തില്ലെങ്കില്‍' എന്ന മുഖവുരയോടെ ചേച്ചി സംസാരിച്ചു തുടങ്ങി. ഞാനൊരിക്കലും കരുതിയില്ല, പത്തുവര്‍ഷത്തില്‍ അധികം പ്രണയിച്ചു വിവാഹം ചെയ്ത തന്റെ പുരുഷന്റെ ലൈംഗികവൈകൃതങ്ങളെപ്പറ്റി ആണ് ചേച്ചി എന്നോട് പറയാന്‍ പോകുന്നത് എന്ന്.
രണ്ടരമണിക്കൂറില്‍ അധികം നീണ്ട ആ ഫോണ്‍കോളിന്റെ ചുരുക്കം വിവരിച്ചാല്‍....
ഒരുമിച്ചു ജീവിയ്ക്കാന്‍ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ ചേച്ചിയ്ക്ക് മനസ്സിലായിരുന്നു നവീന് നല്ല രീതിയില്‍ പോണ്‍ അഡിക്ഷന്‍ ഉണ്ടെന്ന്. ഒരു വ്യക്തി പോണ്‍ സിനിമകള്‍ കാണുന്നു എന്നത് ഒരു തെറ്റായി പറയാന്‍ ആകില്ല പക്ഷെ അതിനോട് കാണിയ്ക്കുന്ന അഡിക്ഷന്‍ ആയിരുന്നു പ്രശ്‌നം. ഒപ്പം ഇതിലൊന്നും താല്‍പര്യം ഇല്ലാത്ത അഞ്ചു ചേച്ചിയെ അയാള്‍ വഴക്കിട്ടും, പിണങ്ങി നടന്നും, പട്ടിണി കിടന്നുമൊക്കെ വാശിപിടിച്ച് ഇതുപോലുള്ള സിനിമകള്‍ കാണാന്‍ നിര്‍ബന്ധിച്ചു. താല്‍്പര്യം ഇല്ലാത്ത കാര്യത്തിന് നിര്‍ബന്ധിക്കുമ്പോള്‍ പ്രത്യേകിച്ചത് ലൈംഗികതയില്‍ ആകുമ്പോള്‍ അത് തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്യുമല്ലോ. പക്ഷെ ഭാര്യയുടെ അതൃപ്തി ഒന്നും അയാള്‍ക്ക് പ്രശ്‌നമേ അല്ലായിരുന്നു. ആദ്യമൊക്കെ ഇതുപോലുള്ള സിനിമകള്‍ ഒരുമിച്ചിരുന്നു കാണുക എന്നതായിരുന്നു അയാളുടെ ആവശ്യം പിന്നീട് സിനിമകളിലെ രംഗങ്ങള്‍ കിടപ്പറയില്‍ ആവര്‍ത്തിക്കുക എന്നതായി ആവശ്യം.
നിവൃത്തികെട്ടു ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ചേച്ചി തയ്യാറായി. പക്ഷെ പോണ്‍ സിനിമകളില്‍ കാണുന്നതും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള അന്തരം ഒരുപാട് വലുതായത് കൊണ്ട് അതൊന്നും അതുപോലെ ആവര്‍ത്തിക്കാനും അതുവഴി അയാളെ സംപ്തൃപ്തിപ്പെടുത്താനും ചേച്ചിക്ക് സാധിച്ചില്ല. അയാള്‍ക്ക് സിനിമയും, യഥാര്‍ത്ഥജീവിതവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇല്ലാത്തത് കൊണ്ടാകാം ഇതേചൊല്ലി അവര്‍ തമ്മില്‍ പ്രശ്‌നങ്ങളായി. ഭാര്യയെ ഒരു കഴിവുകെട്ടവള്‍ ആയി പറഞ്ഞയാള്‍ ആക്ഷേപിക്കാന്‍ തുടങ്ങി. അതായത് പോണ്‍ സിനിമകളിലെ നായികമാരുമായി തന്റെ ഭാര്യയെ താരതമ്യപ്പെടുത്തി സംസാരിക്കുകയും, അവരുടെ അഴകളവുകള്‍, ലൈംഗിക അവയവത്തിന്റെ ഭംഗി, ഷേപ്പ്, പുരുഷനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് എല്ലാം പുകഴ്ത്തിപ്പാടിയ അയാള്‍ക്ക് അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാര്യ ഒരു കഴിവ് കെട്ടവളായി.
തുടക്കം മുതല്‍ ഓറല്‍ സെക്‌സിലും, ആനല്‍ സെക്‌സിലും എല്ലാമായിരുന്നു അയാളുടെ താല്പര്യം. ഭാര്യയുടെ എതിര്‍പ്പ് പരിഗണിക്കാതെ നിര്‍ബന്ധിച്ച് ഇതൊക്കെ ചെയ്യിക്കുന്ന അയാളുടെ വൈകൃതങ്ങള്‍ അവര്‍ക്ക് സഹിക്കേണ്ടി വന്നു. എതിര്‍ത്താല്‍ ഉപദ്രവിക്കും. ഇതിനേക്കാളൊക്കെ വേദനിപ്പിക്കുന്നത്, പോണ്‍ വീഡിയോസ് ഓണ്‍ ചെയ്തുവെച്ചു തന്റെ മുന്നില്‍ കിടന്നു സ്വയംഭോഗം ചെയ്യുന്ന, പത്തുവര്‍ഷത്തില്‍ അധികം താന്‍ സ്‌നേഹിച്ചു സ്വന്തമാക്കിയ പുരുഷന്റെ പെരുമാറ്റമായിരുന്നു. ഇതൊക്കെ പറയുമ്പോള്‍, ചേച്ചി കരയുകയായിരുന്നു.
സ്വന്തം ലൈംഗിക സംതൃപ്തിയില്‍ ഒരുപാട് ശ്രദ്ധിച്ചിരുന്ന അയാള്‍ക്ക് ഭാര്യയുടെ ആവശ്യങ്ങള്‍, തൃപ്തി, സമ്മതം, ആത്മാഭിമാനം ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. കിടപ്പറയിലെ വൈകൃതങ്ങള്‍ അയാള്‍ മറ്റുകാര്യങ്ങളില്‍ കാണിച്ചിരുന്നില്ല എന്നും ചേച്ചി പറഞ്ഞു. പക്ഷെ തീര്‍ച്ചയായും കിടപ്പറയിലെ ഈ പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുക ആയിരുന്നു. ദാമ്പത്യത്തില്‍ മനസ്സുകൊണ്ടുള്ള സ്‌നേഹംപോലെ തന്നെ പ്രധാനം ആണല്ലോ ശരീരം കൊണ്ടുള്ള സ്‌നേഹവും പരസ്പരം മനസ്സിലാക്കലും, ലൈംഗികതയുമൊക്കെ. അതുകൊണ്ട് കിടപ്പറയിലെ അതൃപ്തി വലിയ പ്രശ്‌നം തന്നെ ആണ് തീര്‍ച്ചയായും. തനിക്ക് ഇതൊന്നും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് അയാളോട് തുറന്ന് സംസാരിക്കാന്‍ ചേച്ചി പലവട്ടം ശ്രമിച്ചു. പക്ഷെ അതൊന്നും കേള്‍ക്കാനോ, ഭാര്യയുടെ ആവശ്യങ്ങളെ പരിഗണിക്കാനോ അയാള്‍ തയ്യാറായിരുന്നില്ല.
ആരോടും ഒന്നും തുറന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ. കയറി ചെല്ലാന്‍ വീട് ഇല്ല, ജോലി ഉള്ളതുകൊണ്ട് ഹോസ്റ്റലിലേയ്ക്ക് മാറി ജീവിയ്ക്കാം, പക്ഷെ പലരെയും വെറുപ്പിച്ചൊരു ജീവിതം തുടങ്ങിയിട്ട് രണ്ടുവഴിക്ക് ആയി എന്നുകേട്ടാല്‍ ആളുകള്‍ പരിഹസിക്കും. നിങ്ങള്‍ക്കിടയില്‍ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരോട് ഇതൊന്നും പറയാന്‍ സാധിക്കാത്തത് കൊണ്ട് എന്തുത്തരം പറയും.
ഇതുപോലുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരുന്നത് കൊണ്ട് ഒറ്റയടിയ്ക്ക് വേര്‍പിരിയുക എന്നൊരു തീരുമാനം എടുക്കാന്‍ ചേച്ചിയ്ക്ക് ആകുമായിരുന്നില്ല. ഇതൊക്കെ പറയുമ്പോഴും വര്‍ഷങ്ങളോളം താന്‍ സ്‌നേഹിച്ച ആളാണ്, അയാളെ ഇട്ടെറിഞ്ഞു പോകുക എന്നത് എളുപ്പമല്ല എന്നും ചേച്ചി പറയുന്നുണ്ടായിരുന്നു.
'ഇത്രയധികം വര്‍ഷങ്ങളുടെ ബന്ധം നിങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടും നവീന്റെ സ്വഭാവവൈകൃതങ്ങളെപ്പറ്റി ഒരു സൂചനയും ലഭിച്ചിരുന്നില്ലേ' എന്ന എന്റെ ചോദ്യത്തിന് 'ഇല്ല' എന്നുത്തരമാണ് ലഭിച്ചത്. ശാരീരികമായ കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ താന്‍ അത് നിരുത്സാഹപ്പെടുത്തുമായിരുന്നുവെന്ന് ചേച്ചി പറഞ്ഞു. കാരണം വിവാഹത്തിനു മുന്‍പ് അതൊക്കെ പറയുന്നത് തെറ്റാണ് എന്ന ചിന്ത പഠിച്ചാണ് അവര്‍ വളര്‍ന്നുവന്നത്. ''എത്ര അടുപ്പമുണ്ട് എന്ന് പറഞ്ഞാലും ഒരാളുടെ മനസ്സും ശരീരവുമൊന്നും ചൂഴ്ന്നു നോക്കാന്‍ പറ്റില്ലല്ലോ, അവര്‍ കാണിക്കുന്നതല്ലേ നമുക്ക് കാണാന്‍ സാധിക്കൂ'' എന്നും ചേച്ചി കൂട്ടിച്ചേര്‍ത്തു.
ആലോചിക്കുമ്പോള്‍ ശരിയാണ്. പ്രണയിക്കുമ്പോള്‍ മാക്‌സിമം നമ്മള്‍ നമ്മുടെ നല്ല വശമല്ലേ കാണിക്കൂ.
അഞ്ജു ചേച്ചി എന്നോടിതൊന്നും തുറന്നു പറഞ്ഞത് പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഒന്നുമായിരുന്നില്ല. അടുപ്പമുള്ളവരില്‍ ഇതുപോലൊരു ടോപ്പിക്ക് പറയാന്‍ ധൈര്യം ഉണ്ടായിരുന്നത് എന്നോട് ആയിരുന്നു എന്നതുകൊണ്ടാണ്. 'സെക്‌സ്' എന്ന വാക്ക് പോലും ഒളിച്ചും പാത്തും പറയുന്ന ഭൂരിഭാഗം പേരുള്ള സമൂഹത്തില്‍ ഇതുപോലുള്ള കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കുക എളുപ്പം അല്ലല്ലോ.
നല്ലൊരു ഡോക്ടറെ കാണുക, കൗണ്‍സിലിംഗ് അങ്ങനൊക്കെ പറയാം എന്നല്ലാതെ ഞാന്‍ ഇതില്‍ വേറെന്ത് പരിഹാരം പറയും. പക്ഷെ ഞാന്‍ പറഞ്ഞു, ചേച്ചി അയാള്‍ ഒരുവിധത്തിലും ചേച്ചിയെ മനസ്സിലാക്കുന്നില്ല എങ്കില്‍, മറ്റുള്ളവര്‍ എന്തുപറയും എന്ന് കരുതി ജീവിതം നരകിച്ചു തീര്‍ക്കാതെ സ്വന്തം കാര്യം നോക്കി അയാളില്‍ നിന്നും രക്ഷപെടാന്‍.
പിന്നീട് ചേച്ചി അയാളെ ഉപേക്ഷിച്ച് പോകും എന്നായപ്പോള്‍ അയാള്‍ ഡോക്ടറെ കാണാന്‍ സമ്മതിച്ചു എങ്കിലും ട്രീറ്റ്‌മെന്റ് എടുക്കാന്‍ ഒന്നും തയ്യാറായില്ല. ഏത് അഡിക്ഷന്‍ ആണെങ്കിലും ബാധിക്കപ്പെട്ട ആള്‍ക്ക് അതില്‍ നിന്നും രക്ഷപ്പെടണം എന്ന ചിന്ത ഉണ്ടായാല്‍ അല്ലേ കാര്യമുള്ളൂ. ഇന്നവര്‍ വേര്‍പിരിഞ്ഞതുപോലെ ആണ് ജീവിക്കുന്നത്.
ഇനി മറ്റൊരു കാര്യം കൂടി കേള്‍ക്കണം. കാരണങ്ങള്‍ ഇല്ലാതെ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ അഞ്ജു ചേച്ചി സ്വന്തം വീട്ടുകാര്‍ക്ക് പോലും വേണ്ടാത്ത തന്നിഷ്ടക്കാരി ആയപ്പോള്‍, അന്യജാതിക്കാരി പെണ്ണിന്റെ വശീകരണത്തില്‍ നിന്നും രക്ഷപ്പെട്ടു വന്ന നവീന്‍ സ്വന്തം വീട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. അവിടെ അയാള്‍ സുഖമായി ജീവിക്കുന്നു. ഈ കാര്യം മറ്റാരോടും തുറന്നു പറയാന്‍ ചേച്ചിയ്ക്ക് ആകുന്നുമില്ല. അവരുടെ വര്‍ഷങ്ങളുടെ പ്രണയം പൂര്‍ണ്ണമായും വേര്‍പിരിഞ്ഞ നിലയില്‍ തന്നെ ആണിപ്പോള്‍.
ഇതൊക്കെ എഴുതുമ്പോഴും എനിക്കിതൊന്നും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പോലെ ആണ്. ഇത്രയധികം വര്‍ഷങ്ങള്‍ പ്രണയിച്ചിട്ടും ജീവിതത്തില്‍ ഒന്നിച്ച് ഒരുവര്‍ഷം പോലും തികയുന്നതിന് മുന്‍പ് വേര്‍പിരിയുക എന്ന അവസ്ഥ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നതാണ്. പക്ഷെ ആലോചിക്കുമ്പോള്‍ ഇത് പലരുടെയും അവസ്ഥ തന്നെ അല്ലെ. മാരിറ്റല്‍ റേപ്പ് എന്ന ഒറ്റവാക്കില്‍ ഒതുങ്ങുന്ന, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എന്തൊക്കെ കഥകള്‍ ഓരോരുത്തര്‍ക്കും ലോകത്തോട് പറയാനുണ്ടാകും. ലൈംഗികത പാപമാണെന്ന് പോലും പഠിപ്പിക്കുന്ന നാട്ടില്‍ ഒരിക്കലും ഇതിനൊന്നും പൂര്‍ണ്ണമായ പരിഹാരവും ഉണ്ടാകില്ല.
നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്ന എത്ര കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ, സ്‌കൂളുകളില്‍ നിന്നോ ശരിയായ സെക്‌സ് എഡ്യൂക്കേഷന്‍ ലഭിക്കുന്നുണ്ട് എന്ന കാര്യം കൂടി ആലോചിക്കണം. ഇതേപ്പറ്റി സംശയം ചോദിക്കുന്ന കുഞ്ഞുങ്ങളെ കൊടുംപാപികളെപ്പോലെയാണ് ചിലര്‍ ചിത്രീകരിക്കുന്നത്. സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം വേണമെന്ന് ഒരു മുന്‍ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞപ്പോള്‍ പ്രാക്ടിക്കല്‍ ചെയ്യാന്‍ അവസരം ചോദിച്ചവരാണ് ചുറ്റിലും. സ്‌കൂളുകളില്‍ റീപ്രൊഡക്ഷന്‍ പാഠഭാഗങ്ങള്‍ തനിയെ പഠിക്കാന്‍ പറയുന്ന അധ്യാപകര്‍ ഇപ്പോഴും ധാരാളം. എവിടെനിന്നും ശരിയായ അറിവ് കിട്ടാതാകുമ്പോള്‍ കുട്ടികള്‍ തെറ്റായ സോഴ്‌സ്‌കളിലൂടെ തെറ്റായ അറിവുകളില്‍ എത്തും. അത് പലപ്പോഴും ഇതുപോലെ ലൈംഗിക വൈകൃതങ്ങളിലേയ്ക്കും എത്തും. ഇതുപോലുള്ള വൈകൃതങ്ങളില്‍പ്പെട്ട് രക്ഷപെടാന്‍ പോലും സാധിക്കാതെ നരകിച്ചു ജീവിയ്ക്കുന്ന എത്രയോ പേരുണ്ട് ഇന്നും ഒരുപാട് വീടുകളുടെ അകത്തളങ്ങളില്‍.
സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതുകൊണ്ടും അത്യാവശ്യം ധൈര്യം ഉള്ളതുകൊണ്ടും അഞ്ജു ചേച്ചി അങ്ങനെയൊരു ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ടു പക്ഷെ അതുപോലെ രക്ഷപെടാനോ, ആരോടും ഒന്നും തുറന്നു പറയാനോ ധൈര്യമില്ലാതെ എത്രയോ പേര്‍ നരകിച്ചു ജീവിയ്ക്കുന്നു. ശാരീരികവും, മാനസികവും ആയ ആരോഗ്യത്തെപ്പറ്റി പറയുന്നതുപോലെ ആരോഗ്യകരമായ ലൈംഗികതയെപ്പറ്റിയും പറഞ്ഞു പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു. എന്നിട്ടും നമ്മുടെ നാട്ടില്‍ പലരും പറയുന്നത് പാപത്തിന്റെയും പുണ്യത്തിന്റെയും കഥകളാണ്. അതുപോലെ ഒരു കുഞ്ഞിനെ ജനിപ്പിക്കാന്‍ ഉള്ള പ്രോസസ് ആയി മാത്രം സെക്‌സിനെ ചിത്രീകരിക്കുന്നവരും ഉണ്ട്. ഒരുപകാരവും ഇല്ലാത്ത അന്ധവിശ്വാസങ്ങളും, കപട സദാചാരവും കുഞ്ഞുങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം, ഓരോ കുഞ്ഞിനേയും അവരുടെ മനസ്സിനെയും ശരീരത്തെയും കുറിച്ച് കൃത്യമായ ധാരണയും, അറിവും കൊടുത്ത് വളര്‍ത്താന്‍ ശ്രമിച്ചിരുന്നു എങ്കില്‍, ഇന്ന് ഭാര്യയുടെ സമ്മതം ഇല്ലാത്ത ലൈംഗികബന്ധം കുറ്റകരമാണ് എന്ന കോടതിവിധിയെ പുച്ഛിക്കുന്നവരുടെ എണ്ണമെങ്കിലും കുറഞ്ഞേനെ...
ലൈംഗികത എന്ന വാക്ക് ഒരു ലേഖനത്തില്‍ കുറിച്ചാല്‍ അതെഴുതിയ ആളുടെ സ്വഭാവശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന മനുഷ്യരുള്ള നാട്ടില്‍ മാറ്റം വിദൂരമാണ് എന്ന തിരിച്ചറിവോടെ തന്നെ എഴുതി നിര്‍ത്തുന്നു.