malayalam Short Story : ആറാമന്‍, ലിനി ജോസ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 24, 2023, 4:43 PM IST

 ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ലിനി ജോസ് എഴുതിയ ചെറുകഥ


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 


ടക്കേപ്പള്ളിയുടെ നടുത്തളത്തില്‍ ജനക്കൂട്ടത്തിന്‍റെ മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു വികാരിയച്ചന്‍റെ പ്രസംഗത്തിലെ ചില വരികള്‍ തോമസുകുട്ടിയുടെ ചെവിയിലൂടെ ഹൃദയത്തിലെത്തി സ്‌ഫോടനം സൃഷ്ടിച്ചത്.

ഇന്നലെ ദിവംഗതനായ വര്‍ക്കിചേട്ടന്‍, അതായത് തോമസുകുട്ടിയുടെ അപ്പന്‍ ആളൊരു ശുദ്ധഗതിക്കാരനും ദു:സ്വഭാവങ്ങള്‍ ഒന്നും തന്നെയില്ലാതെ തന്‍കാര്യം മാത്രം നോക്കി നടക്കുന്നവനും ആയിരുന്നു. ഏതാണ്ട് 25 കൊല്ലം മുന്നേ ഹൃദയസംബന്ധമായ അസുഖം മൂലം വിടചൊല്ലിയ, അതിനുമേറെക്കാലം മുന്നേ സൂക്കേടുകാരി ആയിരുന്ന നല്ലപാതി കത്രീന ചേടത്തിയെ പുള്ളിക്കാരന്‍ കണ്ണിലെ കൃഷ്ണമണി പോലാണ് സംരക്ഷിച്ചിരുന്നതെന്ന കാര്യത്തില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും യാതൊരു തര്‍ക്കവുമില്ല.

ആ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ പെണ്‍പൂക്കള്‍ എല്ലാം സുന്ദരിക്കോതകള്‍ ആയിരുന്നു. ചീത്തപ്പേരൊന്നും ഉണ്ടാക്കാതെ എല്ലാറ്റിനെയും തന്നെക്കൊണ്ടാവുന്ന പോലെ കെട്ടിച്ചുവിട്ടു, വര്‍ക്കിചേട്ടന്‍. അഞ്ചാമനായിരുന്നു തോമസൂട്ടി. ഒരു ദുക്‌റാന പെരുന്നാളിന്‍റെ അന്ന് കത്രീനചേടത്തി മലയാറ്റൂര്‍ മല കേറി, തോമാശ്ലീഹയുടെ പള്ളിയില്‍ പോയി കരഞ്ഞു പ്രാര്‍ത്ഥിച്ചുണ്ടായ മോനായതു കൊണ്ടാണ് അവന് തോമസൂട്ടീന്ന് പേരിട്ടതെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം.

'താഴത്തു വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും' എന്നു പറഞ്ഞപോലെ താഴത്തും തലയിലും വെക്കാതെ തോമസൂട്ടിയെ ഒക്കത്തുവച്ചു നടന്നതുകൊണ്ടാണ് കത്രീന ചേടത്തിയുടെ ഹൃദയത്തിന് പണികിട്ടിയതെന്ന് തെക്കേലെ സരോജിനിതള്ള എപ്പോഴും പറയും.

ഏതായാലും വര്‍ക്കിചേട്ടനെ പോലെതന്നെ ആയിരുന്നു തോമസുകുട്ടിയും. സുന്ദരന്‍, സുമുഖന്‍! പക്ഷേ, അപ്പന്‍റെ വിജ്ഞാനദാഹം ഒന്നും അവനില്ലായിരുന്നു. പത്താം ക്ലാസും ഗുസ്തിയും പഠിച്ച അവന്‍ ബിസിനസ് തുടങ്ങി വന്‍മരമായി വളര്‍ന്ന് പന്തലിച്ചു തുടങ്ങിയപ്പോഴാണ് ഇടിമിന്നലേറ്റ പോലെ അവനെ കൂട്ടാളികള്‍ ചതിയില്‍ തകര്‍ത്തു കളഞ്ഞത്.

നാട്ടില്‍ നില്‍ക്കപ്പൊറുതി ഇല്ലാതെ നട്ടം തിരിഞ്ഞ തോമസൂട്ടി ഏറെ വൈകാതെ ദൈവകൃപയാല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രവാസിയായി. ആ അതൊക്കെ ഒരു വലിയ കഥയാ.

എന്തായാലും വര്‍ക്കിചേട്ടനും അതിന്‍റെ പീഡകള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പെണ്‍മക്കളുടെ വീടുകളിലെ മാറിമാറിയുള്ള പൊറുതി അദ്ദേഹത്തിന്‍റെ മന:പ്രയാസം കൂട്ടി.

പോകപ്പോകെ ഓര്‍മ്മയുടെ സ്പന്ദനങ്ങള്‍ വര്‍ക്കി ചേട്ടനില്‍ നിന്നും അകന്നുപോയി.

കടങ്ങളെല്ലാം വീട്ടി, നഷ്ടപ്പെട്ടു പോയ വീടും പറമ്പും ഒക്കെ തിരിച്ചെടുത്ത് അപ്പനെയും കൂട്ടി സമാധാനമായി നാട്ടില്‍ കൂടാം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, എട് പിടീന്ന് വര്‍ക്കിചേട്ടനെ കര്‍ത്താവ് മുകളിലോട്ട് വിളിച്ചത്.

വികാരിയച്ചന്‍റെ അനുശോചന പ്രസംഗം വളരെ വികാരഭരിതമായിരുന്നു. 'പത്ത് നാല്പതു കൊല്ലം പള്ളിയുടെ കപ്യാരു സ്ഥാനം അലങ്കരിച്ച വ്യക്തിയാണ്. ദൈവത്തിന്‍റെ ഇഷ്ടപ്പെട്ട കുഞ്ഞാട്, സഭയുടെ കണ്ണിലുണ്ണി...' എന്ന് തുടങ്ങി ഒരു പരേതന് ചാര്‍ത്തി കൊടുക്കാവുന്ന സര്‍വ്വ അലങ്കാരങ്ങളും അച്ചന്‍, അപ്പന് ചാര്‍ത്തി കൊടുക്കുന്നത് തോമസ്‌കുട്ടി കേട്ടുവെങ്കിലും അവന്‍റെ ചങ്ക് അല്‍പ്പനേരം മുമ്പ് അച്ചന്‍ തൊടുത്തുവിട്ട അസ്ത്രം തറച്ചതിന്‍റെ പിടച്ചിലില്‍ ആയിരുന്നു. അത് ഇപ്രകാരമായിരുന്നു

'ആറുമക്കളെയും നല്ല നിലയില്‍ വളര്‍ത്തി ഉത്തരവാദിത്തങ്ങള്‍ തീര്‍ത്തു നമ്മളില്‍ നിന്നുമിന്നു വിട ചൊല്ലിയ വര്‍ക്കി ചേട്ടന്‍...'

ഏറ്റവും ഇളയവനായ ഞാന്‍ അഞ്ചാമന്‍ ആണെന്നിരിക്കെ, ആരാണ് ഈ ആറാമന്‍? ആ അവതാരം എനിക്ക് മുന്‍പോ പിന്‍പോ?

വികാരിയച്ചന്‍റെയീ പറച്ചില്‍ കേട്ട് അന്തംവിട്ട നാട്ടുകാരും ബന്ധുക്കളും അത് അച്ചന്‍റെ നാക്കുളുക്കിയതാവും എന്ന് കരുതി ക്ഷമിച്ചെങ്കിലും തോമസുകുട്ടിയെ ആറാമന്‍ ബാധ വെറുതെ വിട്ടതേയില്ല!

അവന്‍റെ കണ്ണുകള്‍ ചുറ്റിനും കൂടി നിന്നവരുടെ ഇടയില്‍ ആറാമനെ പരതി നടന്നു. ബന്ധുക്കളോ നാട്ടുകാരോ അല്ലാതെ അപരിചിതമായ മുഖം ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നുണ്ടോ? പുറത്ത് പറയാനാവാതെ, പിതാവ് നഷ്ടപ്പെട്ട വ്യഥയാല്‍ നിറയുന്ന കണ്ണുകള്‍ കൂട്ടത്തില്‍ ഉണ്ടോ എന്നൊക്കെയൊരു മാനസിക രോഗിയെ പോലെ തോമസുകുട്ടി നിരീക്ഷിച്ചു കൊണ്ടേയിരുന്നു.

'ബാലേട്ടന്‍' സിനിമയിലെ അച്ഛന്‍ മാസത്തിലൊരിക്കല്‍ ദൂരെ അമ്പലത്തില്‍ പോകുന്ന പോലെ അപ്പന്‍ ഏതെങ്കിലും പള്ളിയില്‍ നേര്‍ച്ച കഴിക്കാന്‍ സ്ഥിരമായി പോകുമായിരുന്നോ! അവിടെ അപ്പന് വേറെ ഭാര്യയും മക്കളും ഉണ്ടായിരുന്നിരിക്കുമോ?

അതോ ചെറുപ്പത്തില്‍ അമ്മച്ചിയെ കെട്ടുന്നതിനും മുന്‍പ് എസ്റ്റേറ്റില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തിരുന്ന കാലത്തെ വല്ല പ്രണയമോ മറ്റോ... ചിന്തിക്കുന്തോറും തോമസൂട്ടിക്ക് ഭ്രാന്ത് പിടിച്ചു.

അവന്‍റെ സ്വത്വത്തിനേറ്റ പ്രഹരമായിരുന്നു അത്. ജീവിച്ചിരുന്നപ്പോഴൊരു ചീത്തപ്പേരുപോലും കേള്‍പ്പിക്കാത്ത അപ്പന്‍ മരണക്കിടക്കയില്‍ വച്ച് അച്ചനോട് ഏറ്റുപറഞ്ഞതാവുമോ ഈ രഹസ്യം! കുമ്പസാര രഹസ്യം ആണെങ്കില്‍ പള്ളീലച്ചനോട് ചോദിച്ചിട്ട് കാര്യമില്ല. ഒരബദ്ധമല്ലേ തോമസൂട്ടീയതെന്ന് പറഞ്ഞു അച്ചന്‍ രക്ഷപ്പെടും.

അപ്പന്‍റെ മൃതദേഹം പള്ളിയില്‍ നിന്ന് എടുത്തപ്പോള്‍ തന്നെ വീഡിയോ പിടുത്തക്കാരന്‍ ബിജുക്കുട്ടനോട് സംസ്‌കാര ചടങ്ങിന് വരുന്ന ഒരാളെ പോലും വിട്ടു പോകരുതെന്നും എല്ലാവരെയും വീഡിയോയില്‍ കിട്ടിയിരിക്കണമെന്നുമവന്‍ പറഞ്ഞേല്‍പ്പിച്ചു.

കുറ്റം പറയരുതല്ലോ, ബിജുക്കുട്ടന്‍ ആത്മാര്‍ത്ഥമായി തന്നെ പണിയെടുത്തു. വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു. വീഡിയോ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും കണ്ടിട്ടും തോമസ് കുട്ടിക്ക് ഒരു അപരിചിതനെ പോലും അതില്‍ കണ്ടുപിടിക്കാന്‍ ആയില്ല.

'ആറാമന്‍' കഴിഞ്ഞ നാല്പത് ദിവസമായി തോമസൂട്ടീടെ ഉറക്കം കളഞ്ഞു കൊണ്ടേയിരിക്കുകയാണ്. എന്നും മുഖരോമങ്ങള്‍ ഷേവ് ചെയ്തു കുട്ടപ്പനായി നടന്നിരുന്ന തോമസുകുട്ടി ഈ നാല്പത് ദിവസങ്ങളില്‍ ഷേവ് ചെയ്യാന്‍ പോലും മറന്നുപോയി എന്നതാണ് നേര്. വളര്‍ന്ന താടിയും മുടിയും കണ്ട് നാട്ടുകാര്‍ ഒന്നടക്കം പറഞ്ഞു, 'അപ്പന്‍ പോയത് അവന് സഹിക്കാന്‍ മേല. അപ്പന്‍ ആയിരുന്നു അവന്‍റെയെല്ലാം!'

'നാളെ അപ്പന്‍റെ നാല്പത്തിയൊന്നിന് പള്ളിയില്‍ പോകുമ്പോള്‍ ആ താടിയും മുടിയും വെട്ടി മനുഷ്യക്കോലത്തില്‍ പോണോട്ടാടാ.' അവന്‍റെ പെങ്ങള്‍ റോസിലി പറഞ്ഞപ്പോഴാണ് അവന്‍ അതിനെക്കുറിച്ച് ബോധവാനായത് തന്നെ.

'തോമസുകുട്ടീ, എടാ പരമനാറി..'

ആ വിളി കേട്ട് അവന്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ മുന്നില്‍ കലിതുള്ളി അവന്‍റെ അപ്പന്‍ നില്‍ക്കുന്നു! പുള്ളിക്കാരനിങ്ങനെ വിളിക്കുന്നത് അവന്‍ കേട്ടിട്ടേയില്ല. കണ്ണും മിഴിച്ച് അവന്‍ അപ്പനെ തന്നെ നോക്കിയിരുന്നു

'എടാ പുന്നാര മോനെ, നിനക്ക് നിന്‍റെ തന്തേടെ ആറാമത്തെ മോനെ തപ്പി മതിയായില്ലേടാ! നിനക്ക് അറിയണോടാ പുല്ലേ എന്‍റെ ആറാമത്തെ മോനെ? അപ്പന്‍റെ അവിഹിതം അന്വേഷിച്ചിറങ്ങിയിരിക്കുന്നു നാണമില്ലാത്തവന്‍!'

എന്നാ കേട്ടോടാ നീയും നിന്‍റെ പെങ്ങമ്മാരും കൂടി തകര്‍ത്തു കളഞ്ഞ ഒരു കൊച്ചുണ്ടല്ലോടാ, നിന്‍റെ കെട്ടിയോള്! എന്തൊക്കെ പറഞ്ഞാടാ അതിനെ നിങ്ങള്‍ വിഷമിപ്പിച്ചിട്ടുള്ളത്, ആ പാവം എനിക്ക് ഒരു മരുമോള്‍ അല്ലായിരുന്നെടാ. അവള്‍ എന്‍റെ സ്വന്തം മോളെ പോലെ, അല്ല മോള് തന്നെയായിരുന്നു. നിന്‍റെ കയ്യിലിരിപ്പോണ്ട്, ആ പെണ്‍കൊച്ചിന്‍റെ സ്ത്രീധനവും അവള്‍ അധ്വാനിച്ച് ഉണ്ടാക്കിയതും നീ നശിപ്പിച്ചിട്ടും നിന്നെ വിട്ടു പോകാതെ നിന്‍റെ കൂടെ നിന്നത് നിന്‍റെ കൊണവതികാരം കൊണ്ടാണെന്ന് കരുതിയോടാ നാറീ? അപ്പനില്ലാതെ വളര്‍ന്ന അവളെ സ്വന്തം മോളായി കരുതി ഞാന്‍ സ്‌നേഹിച്ചതോണ്ട്, എന്നോടുള്ള സ്‌നേഹം കൊണ്ടാടാ ആ കൊച്ചിവിടെ എല്ലാം സഹിച്ചു നിന്നത്. അവളുടെ അധ്വാനത്തിന്‍റെ ഫലം പറ്റി അല്ലേടാ നീ നിലനില്‍ക്കുന്നത്? മാസാമാസം അവള് അയച്ചുകൊടുത്ത ഡോളറിന്‍റെ കനം നോക്കി അല്ലേടാ ഇവളുമാര് എന്നെ നോക്കിക്കൊണ്ടിരുന്നത്? അവളെന്‍റെ രക്തത്തില്‍ പിറന്നില്ലന്നേയുള്ളു. മരണകിടക്കയില്‍ വച്ച് അച്ചനോട് ആറു മക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറഞ്ഞത് അവളെയും ചേര്‍ത്താടാ,
അപ്പന്‍റെ പരസ്ത്രീബന്ധം തേടി നടക്കുന്ന വിവരദോഷീ...'

അത്രയും പറഞ്ഞുനിര്‍ത്തി അപ്പനൊരു ദീര്‍ഘനിശ്വാസം എടുത്തു പിന്നെ തുടര്‍ന്നു,

'ആ പിന്നെ നാളെ പള്ളീലെകൂടി കഴിഞ്ഞാല്‍ ഞാന്‍ അങ്ങോട്ട് പോകും. മക്കളേം മരുമക്കളേം കൊച്ചുമക്കളേം ഒക്കെ കണ്ടും കേട്ടും തൃപ്തിയായി നിന്‍റെ പറമ്പും വീടും അവകാശമുന്നയിച്ച് ആറാമന്‍ വരുന്നതും നോക്കി നിന്‍റെ കാലം കളയേണ്ട. പോയി താടിയും മുടിയും വെട്ടെടാ, അപ്പന്‍റെ അവിഹിതം തേടി നടക്കുന്ന ശവീ..'

ഷേവ് ചെയ്തു കുട്ടപ്പനായിട്ടാണവന്‍ വടക്കേപ്പള്ളീലേക്കെത്തിയത്. ആള്‍ത്താരയ്ക്കു മുന്നില്‍ ചടങ്ങുകള്‍ക്ക് തോമസൂട്ടീ ചെവികൂര്‍പ്പിച്ചിരുന്നു, ഇന്നും അച്ചനു നാക്കുളുക്കുമോയെന്ന്.


രണ്ട്

ഇതെല്ലാം ഇവിടെ പറയാന്‍ ഞാനാരാണെന്നാവും നിങ്ങളിപ്പോള്‍ വിചാരിക്കണത്, ഞാനേ വര്‍ക്കിച്ചേട്ടനു വഴിതെളിക്കാന്‍ ദൈവം പറഞ്ഞുവിട്ട കുഞ്ഞുമാലാഖയാ! കഴിഞ്ഞ നാല്പത് ദിവസായിട്ട് ഞങ്ങളു വല്ല്യ ലോഹ്യത്തിലാ. സിമിത്തേരിയിലെ ഒപ്പീസും കൂടി കഴിയണവരെ ഞങ്ങളിവിടെ തന്നെ കാണും.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!