കാഫ്ക, കരുണാകരന്‍ എഴുതിയ കഥ

By Vaakkulsavam Literary Fest  |  First Published Mar 2, 2021, 7:00 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് കരുണാകരന്‍ എഴുതിയ കഥ


അധികാരവും മനുഷ്യരും തമ്മിലുള്ള വിചിത്രമായ കൊടുക്കല്‍ വാങ്ങലുകളുകളുടെ സിംഫണിയാണ് കരുണാകരന്റെ കഥകള്‍. ഭരണകൂട യുക്തികളുടെ അസംബന്ധതകള്‍ക്കകത്ത് സ്വന്തം ഇടം തിരയുന്ന മനുഷ്യരുടെ നിസ്സഹായതകള്‍. അധികാരത്തിന്റെ കുപ്പായമിടുമ്പോള്‍ മറ്റൊന്നാവുന്ന മനുഷ്യരുടെ നിസ്സംഗലോകങ്ങള്‍.  സ്വയം ആയുധമാവുന്ന മാനുഷികാവസ്ഥകള്‍, ആരുടെയോ നിരീക്ഷണ ക്യാമറയുടെ കണ്ണായി മാറുന്ന ജീവിതങ്ങള്‍. സാമൂഹികമായ ചട്ടങ്ങള്‍, അദൃശ്യമായ ആയുധങ്ങള്‍ കൊണ്ട് മനുഷ്യരെ പീഡിപ്പിക്കുന്നതിന്റെ വിറങ്ങലിച്ച അവസ്ഥകള്‍ കരുണാകരന്റെ കഥകളില്‍ കാണാനാവും. രാഷ്ട്രീയം ഓരോ കഥയുടെയും ജീവശ്വാസവും വാസ്തുഘടനയുമായി അവിടെ നിലനില്‍ക്കുന്നു. 

യുക്തിയുടെ നേര്‍വരകളിലൂടെ ചരിക്കുന്നവരല്ല കരുണാകരന്റെ കഥാപാത്രങ്ങള്‍. ഒട്ടും പ്രതീക്ഷിക്കാത്തത് അവിടെ സംഭാവ്യമാവുന്നു. കഥ പറച്ചില്‍ കാലങ്ങളായി ഒപ്പം കൊണ്ടുനടക്കുന്ന ആകസ്മികതകള്‍, അപ്രതീക്ഷിതത്വങ്ങളുടെ ടോര്‍പ്പിഡോകളാല്‍ അട്ടിമറിക്കപ്പെടുന്നു. കരുണാകരന്റെ കഥകകളില്‍ കവിതകളും ഓര്‍മകളും സ്വപ്നങ്ങളും സദാ ജീവിക്കുന്നു. സ്വപ്നങ്ങള്‍ അവിടെ ഓര്‍മകളാണ്; കണ്ണുതുറന്നുകൊണ്ട് ചുറ്റുപാടും വീക്ഷിക്കുമ്പോഴും സ്വപ്നങ്ങള്‍  കാണാനുള്ള സര്ഗാത്മകമനസ്സിന്റെ ആഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ കഥകള്‍.  സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ പ്രായോഗിക ജീവിതത്തിന് എത്രമേല്‍ പ്രസക്തിയുണ്ട് എന്നറിയില്ല, എങ്കിലും സ്വപ്നങ്ങളുടെ സത്തയില്‍ ആറ്റിക്കുറുക്കിയെടുത്ത വാക്കുകളുടെ അസ്തിത്വമാണ് കരുണാകരന്റെ കഥകള്‍. ആ സ്വപ്നങ്ങള്‍ കേവലം ഉപരിപ്ലവങ്ങളോ കാല്പനികമോ ആയി അവശേഷിക്കാതെ രാഷ്ട്രീയനിലപാടുകളിലേക്ക് അലിഞ്ഞുചേര്‍ന്നു നില്‍ക്കുകയാണ്. അങ്ങനെ അവിടെ ഒരു കഥ പിറക്കുന്നു.

Latest Videos

undefined

 

 

റോഡില്‍ നനഞ്ഞു നില്‍ക്കുന്ന  നായയെ കണ്ടതിനു തൊട്ടു പിറകെ, ഞാന്‍നിന്നിടത്തേക്ക്, എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍, ഒരു പോലീസ് ജീപ്പ് വന്നു നിന്നു. ഞാന്‍ പേടിച്ചു പിറകോട്ട് മാറി. 

വാസ്തവത്തില്‍, ഓടിയ ദൂരമത്രയും ജീപ്പ് പിറകോട്ടു വരുകയായിരുന്നു. തൊട്ടുമുമ്പ് അതേ ജീപ്പ് എന്നെ കടന്നുപോയിരുന്നു. 

''നീ എന്താ ഇവിടെ നില്‍ക്കുന്നത്?''

ഡ്രൈവ് ചെയ്യുന്ന പോലീസിനെ കൂടാതെ ജീപ്പില്‍ ഉണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ എന്നോട്  ചോദിച്ചു. 

ഞാന്‍ ആദ്യം നായയെ തിരഞ്ഞു. എന്തെങ്കിലും  പറയുന്നതിനും മുമ്പേ ഇന്‍സ്‌പെക്ടര്‍ എന്റെ പേര് ചോദിച്ചു. 

''എന്താണ് നിന്റെ പേര്?'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. 

ഞാന്‍ പേര് പറഞ്ഞു. 

അപ്പോഴും ഞാന്‍ നായയെ തിരഞ്ഞെങ്കിലും അതിനെ എവിടെയും കണ്ടില്ല.  പേര് ഒരു പ്രാവശ്യം കൂടി  പറയാന്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഞാന്‍ വീണ്ടും എന്റെ പേര് പറഞ്ഞു. ''ഞാനിവിടെ വെറുതെ നില്‍ക്കുകയായിരുന്നു, സര്‍'', ഞാന്‍ പറഞ്ഞു. ''വെറുതെ''..

പിന്നെയാണ് ഇന്‍സ്‌പെക്ടര്‍ ഞാനിട്ടിരുന്ന  ടീഷര്‍ട്ടിലെ ചിത്രം ആരുടെതാണെന്നു ചോദിച്ചത്. 

''ഇത് ആരുടെ പടമാടാ നീ നിന്റെ നെഞ്ചത്ത് ഒട്ടിച്ചിരിക്കുന്നത്?'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. 

ഞാനെന്റെ നെഞ്ചിലേക്ക് നോക്കി. 

പട്ടണത്തിലെ തെരുവുകള്‍  അന്തിത്തിരക്കിലേക്ക് പോകുകയായിരുന്നു, ഞങ്ങളെ കടന്ന് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു, ഞങ്ങളെ കടന്ന് കാല്‍നടയാത്രക്കാര്‍ പോകുന്നുണ്ടായിരുന്നു, ഞങ്ങളുടെ മീതെ, മാനത്ത്,  മഴക്കാലത്തെ മേഘങ്ങള്‍ നില്‍പ്പുണ്ടായിരുന്നു, റോഡിനെ ചുറ്റി നിന്ന ചെറുതും വലുതുമായ കെട്ടിടങ്ങളിലൊന്നില്‍, ഞങ്ങള്‍ക്കുള്ള നേരെ എതിരില്‍ നിന്നിരുന്ന കെട്ടിടത്തിലെ, രണ്ടാമത്തെ നിലയിലെ തുറന്നുവെച്ച  ജനാലയിലൂടെ ഒരാള്‍ ഞങ്ങളെ കാണുന്നുമുണ്ടായിരുന്നു. അയാളെ ആദ്യം ഞാന്‍ കണ്ടു. പിറകെ, ഇന്‍സ്‌പെക്ടറും അവിടേക്ക് നോക്കി. അടുത്ത നിമിഷം തന്നെ അയാള്‍ ജനാല അടയ്ക്കുകയും ചെയ്തു. 

ഇന്‍സ്‌പെക്ടര്‍ വീണ്ടും എന്റെ നെഞ്ചിലേക്ക് നോക്കി. 

പക്ഷെ, ഞാനിട്ടിരുന്ന ടീ ഷര്‍ട്ടിലെ  ചിത്രം ആരുടെതെന്ന് എനിക്ക് അറിയില്ലായിരുന്നു.

തലേന്നു രാത്രി പട്ടണത്തിലെത്തിയ ഒരു ടെമ്പോയില്‍ കുത്തിനിറച്ചു കൊണ്ടുവന്ന ടീ ഷര്‍ട്ടുകള്‍, ടീ ഷര്‍ട്ടുകളുടെ പല നിറങ്ങള്‍, അത് വില്‍ക്കാ ന്‍ എത്തിയ ചെറുപ്പക്കാരായ ഒരാണും പെണ്ണും, അവരുടെ രണ്ടുപേരുടെയും മാറി മാറി കേട്ട ഒരേപോലെയുള്ള ശബ്ദം, ഇതെല്ലാം വീണ്ടും എനിക്ക് ഓര്‍മ വന്നു എന്നല്ലാതെ,  ടീ ഷര്‍ട്ടിലെ ചിത്രം ആരുടേതാണെന്ന് പറയാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ഇന്‍സ്‌പെക്ടറുടെ മുഖത്ത് നോക്കാന്‍ ഭയപ്പെട്ടു. 

''എനിക്കറിയില്ല, സര്‍'', ഞാന്‍പറഞ്ഞു. ''സത്യമായും''...

ഞാന്‍ അപ്പോഴും നേരെ എതിരിലെ കെട്ടിടത്തിലേക്ക് നോക്കി. 

ഇന്‍സ്‌പെക്ടര്‍ എന്റെ വയറും ഷര്‍ട്ടും  ഒരുമിച്ച് നുള്ളിപ്പിടിച്ചു, എന്നെ  അയാളുടെ അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി , ''എങ്കില്‍ നിന്റെ ഈ ഷര്‍ട്ടി ല്‍ എഴുതിയത് വായിക്ക്'' എന്ന് പറഞ്ഞു. എനിക്ക് വേദനയേക്കാള്‍ അപമാനം തോന്നി. എന്റെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു. 

ഞാന്‍ ഇന്‍സ്‌പെക്ടറെ നോക്കി കൈകള്‍ കൂപ്പി. ''കേട്ടില്ലേ, നിന്റെ ഈ ഷര്‍ട്ടി ല്‍ എഴുതിയത് വായിക്ക്'' ഇന്‍സ്‌പെക്ടര്‍  വീണ്ടും  ആവശ്യപ്പെട്ടു. ''എന്നിട്ട് അതിന്റെ അര്‍ത്ഥം  എന്നോട് പറയ്''. 

ഇപ്പോള്‍ ഇന്‍സ്‌പെക്ടര്‍ എതിരിലെ കെട്ടിടത്തിലേക്ക് നോക്കി. പിന്നെ എന്നെ നോക്കി. 

ഞാന്‍ വീണ്ടും എന്റെ നെഞ്ചിലേക്ക് നോക്കി. കിഴുക്കാംതൂക്കായി നില്‍ക്കുന്ന  ഇംഗ്ലീഷ് അക്ഷരങ്ങള്‍ വെള്ളത്തിലെന്നപോലെ ഇളകുന്നതു കണ്ടു. എനിക്ക് ഇംഗ്ലീഷ് വായിക്കാനറിയാം, പക്ഷെ പല വാക്കുകളുടെയും അര്‍ത്ഥമറിയില്ല. ഞാന്‍ പറഞ്ഞു, ''സര്‍, എനിക്ക് ഇംഗ്ലിഷ് വായിക്കാനേ അറിയൂ, പക്ഷെ പല വാക്കുകളുടെയും അര്‍ത്ഥമറിയില്ല''.  അപ്പോഴും ഞാന്‍ അയാളുടെ മുമ്പില്‍ കൈകള്‍ കൂപ്പിത്തന്നെ നിന്നു. 
ഇന്‍സ്‌പെക്ടര്‍ എന്നെ  പിറകോട്ട് തള്ളി. എന്നോട് ജീപ്പില്‍ കയറാന്‍ പറഞ്ഞു.

അപ്പോഴും എതിരിലെ കെട്ടിടത്തിലേക്ക് നോക്കാന്‍ എനിക്ക് തോന്നി. അവിടെ തൊട്ടുമുമ്പേ അടഞ്ഞ ജനാല ഇപ്പോള്‍ തുറന്നിരിക്കുമെന്നും അവിടെ ഒരാള്‍ നില്‍പ്പുണ്ടാവുമെന്നും ഞാന്‍ വിചാരിച്ചു.  പക്ഷെ അവിടേക്ക്  ഇനിയും നോക്കാന്‍ ഞാന്‍ ഭയപ്പെട്ടു. 

അന്ന്, വളരെ വൈകി,  പോലീസ് സ്‌റ്റേഷനില്‍നിന്നും മടങ്ങുമ്പോള്‍ വീട്ടില്‍  തിരിച്ചെത്തിയാലുടന്‍  ഇട്ടിരിക്കുന്ന  ടീഷര്‍ട്ട്് ഊരി കത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചതായിരുന്നു, ഇരുട്ടില്‍ ഷര്‍ട്ട് ചെറിയ ഒച്ചയോടെ കത്തുന്നതും,   ഷര്‍ട്ടിലെ ചിത്രം പല ഭാഗങ്ങളില്‍ നിന്നും തീ പിടിച്ച് കാണാതാവുന്നതും, തുണി കരിയുന്ന മണം ചുറ്റും പരക്കുന്നതും ഞാന്‍സങ്കല്‍പ്പിച്ചതായിരുന്നു,  റോഡില്‍ വഴിനീളെ അതേ മണംതന്നെ ഞാന്‍ ശ്വസിച്ചതുമായിരുന്നു. എന്നാല്‍ ദിവ്യ, എന്റെ ഭാര്യ, അങ്ങനെ ഒരിക്കലും ചെയ്യില്ല എന്ന്  എന്നോട് കണിശമായിത്തന്നെ പറഞ്ഞു. അതേ തീര്‍ച്ചയോടെ അവള്‍ എന്റെ  ദേഹത്തില്‍ നിന്ന്  ഷര്‍ട്ട് ഊരിയെടുത്തു. 

''എന്തായാലും ഇത് കത്തിക്കില്ല'', ദിവ്യ പറഞ്ഞു. ''ഏത് പോലീസ് വന്നു പറഞ്ഞാലും ശരി,  ഞാന്‍ സമ്മതിക്കില്ല''.  

ഷര്‍ട്ട്്,  ദിവ്യ അവളുടെ മൂക്കിനോട് ചേര്ത്തു പിടിച്ചപ്പോഴും എനിക്ക് തുണി കരിയുന്ന മണം കിട്ടി. ഒപ്പം ആ ഷര്‍ട്ട്് ഇനി ഒരിക്കലും ഞാന്‍ ധരിക്കില്ല  എന്നും തീര്‍ച്ചയായി. ഞാന്‍ പറഞ്ഞു :  

''നാശം പിടിച്ച ദിവസം''
''നാശം പിടിച്ച ചിത്രം''
''നാശം പിടിച്ച വരികള്‍''

ദിവ്യ എന്റെ അരികില്‍ വന്നിരുന്നു. ഞങ്ങള്‍  പാര്‍ത്തിരുന്ന വാടകവീട്ടില്‍, വീടിന്റെ പിന്‍ഭാഗത്തായി, ഞങ്ങള്‍ക്കു തന്നിരുന്ന മുറിയില്‍, പുറത്തേക്കുള്ള വാതില്‍പ്പടിയിലിരുന്ന്,  ആ വൈകുന്നേരം നടന്നതെല്ലാം  വീണ്ടും  ഓര്‍ക്കുകയായിരുന്നു, ഞാന്‍.  തൊടിയിലെ നിഴലുകള്‍ മൃഗമോ മനുഷ്യനോ വാഹനങ്ങളോ ആവുന്നത് നോക്കിക്കൊണ്ട്. 

''സാരമില്ല'', ദിവ്യ പറഞ്ഞു. ''നിന്നെ അവര്‍ വേറെ ഒന്നും ചെയ്തില്ലല്ലോ''... 

അവള്‍ എന്റെ കൈ എടുത്ത് അവളുടെ ചുമലില്‍ വെച്ചു. എന്റെ  തലയില്‍ എന്തോ മായ്ച്ചു കളയുന്ന പോലെ കൈകൊണ്ട് ഇളക്കി. എന്റെ ചെവിയില്‍ നുള്ളി. 

ആ രാതി, പുഴ നീന്തികടക്കുന്ന ഒരു നായയെ ഞാന്‍ സ്വപ്നം കണ്ടു. 

പുഴ നീന്തുമ്പോള്‍ എല്ലാ ദിക്കിലേക്ക് തല വെട്ടിച്ച് നോക്കിയിരുന്ന ആ ചെറിയ മൃഗത്തിന്റെ നെറുകില്‍ നിന്നും തെറിയ്ക്കുന്ന വെള്ളം എന്റെ മുഖത്തേക്കും തെറിച്ചു എന്ന് തോന്നി.  അങ്ങനെ ഞാന്‍ ഉണരുകയും ചെയ്തു. ഏതോ നിര്‍ഭാഗ്യം അല്ലെങ്കില്‍ ഏതോ കുറ്റം എന്നെ തേടി വരുകയാണ്, ഞാന്‍ വിചാരിച്ചു.  ഞാന്‍  കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും ദിവ്യ എന്റെ കൈ പിടിച്ചു. എന്നെ  ഇറുകെ പുണര്‍ന്നു. ഒരുപക്ഷെ അതേ സ്വപ്നം അവളും കാണുകയായിരുന്നു എന്നപോലെ.   അന്ന് വൈകുന്നേരം  തെരുവില്‍ നനഞ്ഞു നില്ക്കുേന്ന  നായയെ  കണ്ടത് എനിക്ക് ഓര്‍മ്മ വന്നു. 

പിറ്റേന്ന്, സലൂണില്‍ എന്നെ കാത്ത് ഒരാള്‍ ഇരിക്കുന്നുവെന്നു കേട്ടപ്പോള്‍ ഏതോ നിര്‍ഭാഗ്യം അല്ലെങ്കില്‍ ഏതോ കുറ്റം എന്നെ  തേടി വരുകയാണ് എന്ന് എനിക്ക് ഉറപ്പായി. അല്ലെങ്കില്‍ തലേദിവസത്തെ വൈകുന്നേരം ഇപ്പോഴും തുടരുകയാണ്, കഴിഞ്ഞിട്ടില്ല...

സലൂണിലേയ്ക്കുള്ള  റോഡ് മുറിച്ച് കടക്കാന്‍ ഞാന്‍ കാത്തുനില്‍ക്കുകയായിരുന്നു, അപ്പോഴാണ് ജോസഫ്, സലൂണിലെ മറ്റൊരു ജോലിക്കാരന്‍, എന്റെ അരികിലേക്ക് ധൃതിയില്‍ വരുന്നത് കണ്ടത്. 

''എന്തെങ്കിലും പ്രശ്‌നമുണ്ടോ നിനക്ക്?''ജോസഫ് എന്റെ അരികിലേക്ക് എത്തുന്നതിനും മുമ്പേ ചോദിച്ചു. 

''നിന്നെ കാണാന്‍ വന്നിരിക്കുന്നത് ഒരു പോലീസാണ്''. 

ഞാന്‍ അവിടെത്തന്നെ നിന്ന് സലൂണിലേക്ക് നോക്കി. ആ സമയം സലൂണില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ഒരാള്‍ ഞങ്ങള്‍ നില്‍ക്കു ന്നിടത്തേയ്ക്ക് നോക്കി  കൈ വീശി കാണിച്ചു. തലേന്നു കണ്ട ഇന്‍സ്‌പെക്ടര്‍ തന്നെ. പക്ഷെ ഇപ്പോള്‍ അയാള്‍ യൂണിഫോമിലല്ല. അയാള്‍ ഞങ്ങള്‍  നില്‍ക്കുന്നിടത്തേക്ക് വരാന്‍ റോഡിലേക്കിറങ്ങി. 

''എനിക്കറിയില്ല''. ഞാന്‍ ജോസഫിനോട് പറഞ്ഞു. അല്ലെങ്കില്‍  എന്നോടുതന്നെ  പറഞ്ഞു. 

അയാളെയും എന്നെയും മറയ്ക്കാന്‍, ആ സമയം, ഒരു വലിയ തിരശ്ശീലയുമായി, രണ്ട് ആളുകള്‍, റോഡിലേക്ക് അതിനുംമുമ്പേ ഓടി വരണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. റോഡില്‍ പെട്ടെന്ന് ഉണ്ടായ ഒരു കുഴിയിലേക്ക് അയാളോ ഞാനോ  വീണുപോകുന്നതും  മനസ്സില്‍ കണ്ടു. പകരം,  ഒന്നോ രണ്ടോ കാറുകള്‍  ഞങ്ങളെ കടന്നുപോയി. എന്നെത്തന്നെ  തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു സൈക്കിള്‍ യാത്രക്കാരനും കടന്നുപോയി.  തലേന്ന് വൈകുന്നേരം റോഡില്‍ പോലീസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ എതിരിലെ കെട്ടിടത്തിലെ ജനാലയില്‍ കണ്ട ആളെ ഞാന്‍ ഓര്‍ത്തു. ഒരുപക്ഷെ സൈക്കിള്‍ യാത്രക്കാരന്‍ അയാള്‍ തന്നെയാകും എന്ന് വിചാരിച്ചു. ഞാന്‍ അയാള്‍ പോകുന്നിടത്തേക്ക് നോക്കി.  ഈ സമയംകൊണ്ട്, ഇന്‍സ്‌പെക്ടര്‍ ഞങ്ങളുടെ അടുത്തെത്തുകയും ചെയ്തു.

 

.................................

Read more: മേയറെ പേടിപ്പിച്ചാല്‍ മതി, കരുണാകരന്‍ എഴുതിയ കഥ

കാഫ്ക.Painting: Liu Ling

 

ഇന്‍സ്‌പെക്ടര്‍ എന്റെ  മുമ്പില്‍ എന്നെ നോക്കി നിന്നു. എന്നെ നോക്കി ചിരിച്ചു. എന്റെ ചുമലില്‍ കൈ വെച്ചു. നടക്കാന്‍ ഇഷ്ടമാണല്ലോ എന്ന് ചോദിച്ചു. 

അതിനുമുമ്പ് അയാള്‍ നടക്കാന്‍ തുടങ്ങിയിരുന്നു.

അതിനും മുമ്പേ ഞാന്‍ അയാളുടെ കൂടെ നടക്കാന്‍ തുടങ്ങിയിരുന്നു. 

അതിനുംമുമ്പേ, ജോസഫ് സലൂണിലേക്കുതന്നെ മടങ്ങിപ്പോയിരുന്നു. 

''എന്താ നിന്റെ പേര് പറഞ്ഞത്?'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ഞാന്‍ എന്റെ പേര് പറഞ്ഞു. 

തലേന്ന് വൈകുന്നേരം പോലീസ് സ്‌റ്റേഷനിലേക്ക് ഇതേ ഇന്‍സ്‌പെക്ടറുടെ കൂടെ ചെല്ലുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു തുടങ്ങിയതും  ഇങ്ങനെയായിരുന്നു.

''എന്താ നിന്റെ പേര് പറഞ്ഞത്'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു.

ഞാന്‍ എന്റെ പേര് പറഞ്ഞു. 

''ഇത് ആരാ എന്ന് നിനക്കറിയില്ല, അല്ലെ?''

ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനിലെ  അയാളുടെ മുറിയിലേക്ക് എന്നെയും കൂട്ടി കയറുമ്പോള്‍ ചോദിച്ചു. ''നീ ഇട്ടിരിയ്ക്കുന്ന ഈ ടീ ഷര്‍ട്ടിലെ ചിത്രം?''. 

''എനിക്കറിയില്ല സര്‍'', ഞാന്‍ പറഞ്ഞു.''സത്യമായിട്ടും എനിക്കറിയില്ല'. 

''നീ സത്യമല്ല പറയുന്നത്'', ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

''സത്യമാണ് സാര്‍ പറയുന്നത്'', ഞാന്‍ പറഞ്ഞു. 

''നിന്റെ പേര് എന്താണ് പറഞ്ഞത്?'', ഇന്‍സ്‌പെക്ടര്‍ വീണ്ടും ചോദിച്ചു. 

ഞാന്‍ വീണ്ടും എന്റെ പേര് പറഞ്ഞു.  

ഇന്‍സ്‌പെക്ടര്‍ അയാളുടെ കസേരയില്‍ ചെന്നിരുന്നു. തൊപ്പി ഊരി മേശപ്പുറത്ത് വെച്ചു. വീണ്ടും എന്റെ പേര് ചോദിച്ചു. വീണ്ടും ഞാന്‍ എന്റെ പേര് പറഞ്ഞു. ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന്  ചോദിച്ചു. ഞാന്‍ എന്റെ ജോലി പറഞ്ഞു. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറയാന്‍ പറഞ്ഞു. ഞാന്‍ പേരു പറഞ്ഞു. സ്ഥാപനം എവിടെയാണ് എന്ന് ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞു. വീണ്ടും ഇന്‍സ്‌പെക്ടര്‍ എന്റെ പേര് ചോദിച്ചു. വീണ്ടും ഞാന്‍ എന്റെ പേര് പറഞ്ഞു. 

പിന്നെ അയാള്‍  ടീ ഷര്‍ട്ടില്‍ എഴുതിയത്  എന്നോട് വായിക്കാന്‍ പറഞ്ഞു.

ഞാന്‍ എന്റെ നെഞ്ചിലേക്ക് നോക്കി. ആദ്യം ആ ചിത്രത്തിലേക്ക്, പിന്നെ ആ ഇംഗ്ലീഷ് വരികളിലേക്ക്. പിന്നെ ചിത്രത്തിലേക്കുതന്നെ നോക്കി നിന്നു. 

''ഇപ്പോള്‍ വായിച്ചതിന്റെ അര്‍ത്ഥമറിയുമോ?'' ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. 

''ഇല്ല സര്‍'', ഞാന്‍ പറഞ്ഞു. ''എനിക്ക്  ഇംഗ്ലീഷ് വായിക്കാനറിയാം,  പക്ഷെ പല വാക്കുകളുടെയും അര്‍ത്ഥമറിയില്ല''.

''എന്താ നിന്റെ ജോലി പറഞ്ഞത്'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ഞാന്‍ എന്റെ ജോലി പറഞ്ഞു. ''നിന്റെ ജാതി എന്താ?'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ഞാന്‍ എന്റെ ജാതി പറഞ്ഞു. ''എന്താ നീ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞത്?, ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ഞാന്‍ വീണ്ടും ആ  പേര് പറഞ്ഞു. 

ഇന്‍സ്‌പെക്ടര്‍ മേശപ്പുറത്തിരുന്നിരുന്ന ഒരു പുസ്തകം എടുത്തു. അതിന്റെ പേജുകള്‍ മറിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ മുമ്പോട്ട് മറിച്ചു. ചിലപ്പോള്‍ പിറകിലേക്ക് മറിച്ചു.പിന്നെ പുസ്തകം  മലര്‍ത്തി പ്പിടിച്ച് എന്റെ നേരെ  നീട്ടി. എന്നോട് വായിക്കാന്‍ പറഞ്ഞു. 

ഇപ്പോള്‍ എനിക്ക് എല്ലാം തെറ്റി. പല വാക്കുകളും കൂട്ടി വായിക്കാന്‍ പറ്റാതായി. എന്റെ കൈകള്‍ക്കൊപ്പം ചുണ്ടും വിറച്ചു. ഞാന്‍ ഇന്‍സ്‌പെക്ടറെ കുറ്റബോധത്തോടെ നോക്കി. ഇന്‍സ്‌പെക്ടര്‍ എന്നെ നോക്കി ചിരിച്ചു. എന്തോ പറഞ്ഞ് എന്നെ കളിയാക്കി.  എന്റെ  നെഞ്ചില്‍ നോക്കി  ടീ ഷര്‍ട്ടില്‍ എഴുതിയത് ഉറക്കെ വായിച്ചു. പിന്നെ, സ്വകാര്യം പറയുന്നതുപോലെ, അതിന്റെ  അര്‍ത്ഥം മലയാളത്തില്‍ പറഞ്ഞു. ആദ്യം എനിക്ക് മനസ്സിലായില്ല.  മനസ്സിലായപ്പോള്‍ പക്ഷെ എനിക്ക് ഭയം തോന്നി.  വീണ്ടും എന്റെ നെഞ്ചിലേക്ക് നോക്കാന്‍ ഞാന്‍  ഭയപ്പെട്ടു. 
അപ്പോഴും ഇന്‍സ്‌പെക്ടര്‍ എന്നെ  നോക്കി ചിരിച്ചു. 

''ഇന്നലെ ഞാന്‍ കാണുമ്പോള്‍ നീ എവിടേക്ക് പോവുകയായിരുന്നു എന്നാണു പറഞ്ഞത്?'', ഇന്‍സ്‌പെക്ടര്‍ എന്നോട് ചോദിച്ചു. 

അങ്ങനെ അയാള്‍ മുമ്പ് ചോദിച്ചിട്ടുണ്ടായിരുന്നില്ല. ''ജിമ്മിലേക്ക് പോവുകയായിരുന്നു, സര്‍'', ഞാന്‍ പറഞ്ഞു.വീട്ടിലേക്ക് പോവുകയായിരുന്നു എന്ന് പറഞ്ഞാല്‍ മതിയായിരുന്നു, ഞാന്‍  വിചാരിച്ചു. 

ജിമ്മിലേക്ക്, അല്ലെ, എന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ കസേരയില്‍ നിന്നും എഴുന്നേറ്റു. എന്നോട് ഷര്‍ട്ട്് ഊരാന്‍ പറഞ്ഞു.  എന്റെ അരികിലേക്ക് വന്നു. ഞാന്‍ ഷര്‍ട്ട് ഊരി കൈയ്യില്‍ പിടിച്ചു. ഒരു വേള, ഷര്‍ട്ട്് അവിടെ എവിടെക്കെങ്കിലും എറിയണമെന്നു തോന്നി.  ഒരുവേള, പുറത്തെയ്ക്ക് തന്നെ. ഒപ്പം, ഒച്ചയോടെ തെളിഞ്ഞ ഒരു ഓടയിലൂടെ ഷര്‍ട്ട്  ഒലിച്ചുപോകുന്നതും  സങ്കല്‍പ്പിച്ചു.. 

ഇന്‍സ്‌പെക്ടര്‍ എന്റെ നെഞ്ചിലേക്ക് നോക്കി. എന്റെ ചുമലുകളിലേക്ക് നോക്കി. എന്റെ വയറിലേക്ക് നോക്കി. എന്റെ കാലുകള്‍ക്കിടയിലേക്കു നോക്കി. എന്നോട് തിരിഞ്ഞുനില്‍ക്കാന്‍ പറഞ്ഞു. ഞാന്‍ അയാള്‍ക്കതിരെ തിരിഞ്ഞുനിന്നു. 

അങ്ങനെ നിന്ന്, നേരെ എതിരെയുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി. അവിടെ, വെട്ടിനിര്‍ത്തി്വെച്ച പുല്‍ത്തകിടിയില്‍ അസാധാരണമായ വിധത്തില്‍ മെലിഞ്ഞും നീണ്ടും ഒരു നായ നില്‍ക്കുന്നത് കണ്ടു. അതേ ജനാലയിലൂടെ നായ എന്നെ കാണുകയായിരുന്നിരിക്കണം, ഞാന്‍ കണ്ണുകള്‍ അടച്ചു. അടുത്ത നിമിഷം, ഇന്‍സ്‌പെക്ടര്‍ കാല്‍ ഉയര്‍ത്തി  എന്നെ  പിറകില്‍ നിന്നും ചവിട്ടുന്നത് ഞാന്‍ കാത്തുനിന്നു. മുമ്പിലേക്ക്  ഞാന്‍ വീഴുന്ന നിലം, ചെറിയ ഭൂചലനത്തിലെന്നപോലെ,  ഇളകുന്നതു  കണ്ടു... 

''നിന്റെ ഷര്‍ട്ടിലെ രണ്ടു വാക്കുകള്‍, അത് നിനക്ക് എന്തായാലും അറിയാം''. 

ഇന്‍സ്‌പെക്ടര്‍ വീണ്ടും കസേരയില്‍ ചെന്നിരുന്നു. എന്നോട് എത്രവരെ പഠിച്ചിട്ടുണ്ട് എന്ന് ചോദിച്ചു. പ്ലസ് വണ്‍ എന്ന് ഞാന്‍ പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എന്നോട്  ഷര്‍ട്ട് ധരിച്ചോളാന്‍ പറഞ്ഞു. എന്റെ  വയസ്സ് ചോദിച്ചു. ഞാന്‍ എന്റെ വയസ്സ് പറഞ്ഞു. പിന്നെ എന്റെ  മൊബൈല്‍ ഫോണ്‍ വാങ്ങി. ഫോണ്‍ ലോക്കാക്കി വെച്ച  കാരണം, എന്നോട് പാസ് വേഡ് അടിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ എന്റെ  പാസ്വേഡ് അടിച്ചു. രണ്ടു തവണ അടിച്ചു. രണ്ടു തവണയും എനിക്ക് തെറ്റി. മൂന്നാമത്തെ പ്രാവശ്യം  ശരിയായി. ഫോണ്‍ ഞാന്‍ ഇന്‍സ്‌പെക്ടര്‍ക്ക്  കൊടുത്തു. 

ഇപ്പോള്‍, അതേ ഇന്‍സ്‌പെക്ടര്‍ക്ക്  ഒപ്പം, തെരുവിലൂടെ,  തലേന്നത്തെ അതേ വൈകുന്നേരത്തിന്റെ തുടര്‍ച്ചയിലോ ഇതുവരെയും തനിക്കറിയാത്ത ഏതോ കുറ്റത്തിനൊപ്പമോ നടക്കുന്നു എന്നതിനേക്കാള്‍, ഞാന്‍ ആ വഴിയിലൂടെ ചില ദിവസങ്ങളില്‍ ദിവ്യയ്‌ക്കൊപ്പം നടക്കാറുള്ളത് ഓര്‍ത്തു . മിക്കവാറും ഞായറാഴ്ചകളില്‍. അധികവും ഞങ്ങളുടെ ഏതെങ്കിലും ഒരോര്‍മ്മ  പങ്കുവെച്ച്. അല്ലെങ്കില്‍, വരാന്‍ പോകുന്ന ഏതെങ്കിലും ഒരു ദിവസത്തെപ്പറ്റി പറഞ്ഞുകൊണ്ട്. അങ്ങനെ പുറത്തേയ്ക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍, മുറി പൂട്ടി അവള്‍ വരുന്നതും കാത്ത് പുറത്തെ റോഡില്‍ നില്‍ക്കുമ്പോള്‍, അവള്‍ വൈകുന്നത് കാണുമ്പോള്‍,  ദേഷ്യംവരാറുള്ളതും ഇപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നു.
എനിക്ക് ദിവ്യയെ ഫോണില്‍ വിളിക്കാന്‍ തോന്നി. എന്നെ പോലീസ് വീണ്ടും പിടിച്ചിരിക്കുന്നുവെന്നും എന്നെയും കൊണ്ട് അയാള്‍ എവിടേക്കോ പോവുകയാണ് എന്നും പറയണമെന്നും വിചാരിച്ചു. ഞാന്‍ ഇന്‍സ്‌പെക്ടറെ നോക്കി. ഇത്രനേരവും അയാള്‍ എന്നെത്തന്നെ നോക്കി നടക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി. 

''സര്‍'', ഞാന്‍  പറഞ്ഞു. ''എനിക്ക്  എന്റെ ഭാര്യയെ വിളിച്ച് പറയണമെന്നുണ്ട്''.

പതിവിലും താഴ്ന്നു പോയ ശബ്ദം അയാള്‍ കേട്ടിരിക്കുമോ എന്ന് ഞാന്‍ സംശയിച്ചു.

''തീര്‍ച്ചയായും'', ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ''പക്ഷെ ഞാനാണ് നിന്റെ കൂടെയുള്ളത് എന്ന് പറയരുത്''. 

ഞാന്‍ പക്ഷെ ദിവ്യയെ വിളിച്ചില്ല. 

അല്ലെങ്കില്‍ ഇതിനൊക്കെ മുമ്പ് പട്ടണത്തിന്റെ അതിരിലെ പാലത്തിന്റെ മുകളില്‍ ഞങ്ങള്‍ എത്തിയിരുന്നു. പാലത്തിന്റെ മറ്റെ അറ്റത്ത് മറ്റൊരു പട്ടണം അവസാനിക്കുകയോ തുടങ്ങുകയോ ചെയ്യുന്നുണ്ടായിരുന്നു.  അവിടെ നിന്ന് ഒരു ജീപ്പ് പതുക്കെ വരുന്നുണ്ടായിരുന്നു. 
ഇന്‍സ്‌പെക്ടര്‍ എന്നോട് പാലത്തിന്റെ താഴേക്ക് നോക്കാന്‍ പറഞ്ഞു.

ഞാന്‍ താഴേക്ക് നോക്കി. 

വെയിലില്‍ മുറിയുന്ന കണ്ണാടി പോലെ പുഴ തിളങ്ങുന്നുണ്ടായിരുന്നു. അതേ വെളിച്ചത്തില്‍ തുമ്പികള്‍ പറക്കുന്നുണ്ടായിരുന്നു. 

''ഇവിടെ ഇതിനും മുമ്പ് ഇങ്ങനെ നിന്നിട്ടുണ്ടോ?'' ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ''ഇല്ല, സര്‍'' ഞാന്‍ പറഞ്ഞു. 

അതേസമയം, അങ്ങനെ ചിലപ്പോള്‍ ഒറ്റയ്ക്കും ചിലപ്പോള്‍ ദിവ്യക്ക് ഒപ്പവും വന്നു നിന്നിരിക്കുമെന്നും ഞാന്‍ ഓര്‍ത്തു. ഒരു പക്ഷെ ഈ പട്ടണത്തിലേക്ക് എത്തുമ്പോള്‍ ആദ്യം കണ്ടിരിക്കുക ഈ പുഴയായിരിക്കുമെന്നും വിചാരിച്ചു. ''ഇല്ല, സര്‍'', ഞാന്‍ വീണ്ടും പറഞ്ഞു. 

''മിനിഞ്ഞാന്ന്, അതാ അവിടെ ഒരു ഒരാണും ഒരു പെണ്ണും മരിച്ചു കിടന്നിരുന്നു'', ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

ഇപ്പോഴും അയാള്‍ പാലത്തിനടിയിലേയ്ക്കു തന്നെ നോക്കി നില്‍ക്കുകയായിരുന്നു. എനിക്ക് എന്റെ ശരീരത്തില്‍, എന്റെ തൊലിക്കടിയില്‍,  പെട്ടെന്നൊരു വിറയല്‍ തോന്നി. എന്റെ രണ്ടു കൈകളും ഞാന്‍  നെഞ്ചോട് ചേര്ത്തു  പിണച്ച് വെച്ചു. 

''ഇപ്പോള്‍ അവരവിടെ ഇല്ല'', ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ബാക്കി പറയാന്‍ അയാള്‍  കാത്തുനില്‍ക്കുന്ന പോലെ എനിക്ക് തോന്നി. ഒരുപക്ഷെ, അയാള്‍ കാത്തുനില്‍ക്കുന്നത് ആ ജീപ്പ് കടന്നുപോകാനായിരിക്കും എന്നും.  ഞാന്‍ ആദ്യം പാലത്തിന്റെ അടിയിലേക്കും പിന്നെ ജീപ്പ് വരുന്നിടത്തേക്കും നോക്കി. 

ഇന്‍സ്‌പെക്ടര്‍ എന്നെ  അയാളുടെ അടുത്തേക്ക് ചേര്‍ത്തു  നിര്‍ത്തി . പിന്നെ ജീപ്പ് വരുന്നിടത്തേക്ക്  നോക്കി. ഇപ്പോള്‍  ഞാനും ജീപ്പ് വരുന്നിടത്തേക്ക്  നോക്കി. ജീപ്പ്, ദൂരെ, അവിടെത്തന്നെ നില്‍ക്കുന്നതായും കണ്ടു. 

''നീ ഇന്നലെ ഇട്ടിരുന്ന ടീ ഷര്‍ട്ട് അവരുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങിയിരുന്നത്'', ഇന്‍സ്‌പെക്ടര്‍ എന്നെ  നോക്കി പറഞ്ഞു. ''നിനക്കവരെ  അറിയാം''..

''ഇല്ല സര്‍, എനിക്കവരെ ആരെയും അറിയില്ല. ഞാന്‍ മുമ്പ് കണ്ടിട്ടില്ല''

ഒരു ഇളംകാറ്റ് പാലത്തിലേയ്ക്ക്,  ഇരുമ്പിന്റെയോ പെട്രോളിന്റെയോ മണം പരത്തി  പുഴയില്‍ നിന്നും പറന്നു വന്നു. പാലത്തിനു മീതെ കഠിനമാകാന്‍ തുടങ്ങിയ വെയിലില്‍ അതേ  മണം കുറച്ചു നേരം കൂടി നിന്നു. 

അവരില്‍ നിന്ന് അന്ന്  ടീ ഷര്‍ട്ട് വാങ്ങിയത് ഞാന്‍  ഇന്‍സ്‌പെക്ടര്‍ക്ക്  വേണ്ടി ഒന്നുകൂടി പറഞ്ഞു.  ആദ്യം നേരം.  പിന്നെ സ്ഥലം.  പിന്നെ അവര്‍. ആണും പെണ്ണും. പിന്നെ തുറന്നു വെച്ചിരുന്ന അവരുടെ ടെമ്പോ. പിന്നെ അതില്‍ അട്ടിയായി ഇട്ടിരുന്ന വസ്ത്രങ്ങള്‍. പിന്നെ അതിലെല്ലാം ഒരേപോലെ പ്രിന്റ ചെയ്തിരുന്ന ചിത്രങ്ങള്‍.  പിന്നെ അതിലെല്ലാം ഒരേപോലെ പ്രിന്റ് ചെയ്തിരുന്ന ഇംഗ്ലീഷ് വരികള്‍. പിന്നെ അവിടെ അപ്പോള്‍ ഉണ്ടായിരുന്ന ഓരോരുത്തരും അവരുടെ സൈസില്‍  ഷര്‍ട്ടുകള്‍ തിരഞ്ഞിരുന്നത്.  പിന്നെ എനിക്ക് എന്റെ  സൈസില്‍ ഉള്ള ഒരു ടീ ഷര്‍ട്ട് കിട്ടുന്നത്. പിന്നെ ഞാനത് ഇട്ടുനോക്കുന്നത്.  വില്‍പ്പനക്കാരിയായ യുവതി എന്റെ നെഞ്ചിലേക്ക് ചൂണ്ടി  ആ വരികള്‍ വായിക്കുന്നത്. പിന്നെ ഞാന്‍ ഷര്‍ട്ട് ഊരി അതിന്റെ വില കൊടുത്ത് വാങ്ങിക്കുന്നത്. പിന്നെ അവിടെ നിന്നും  ഞാന്‍ മടങ്ങുന്നത്...

''രാത്രിയായിരുന്നു സര്‍'', ഞാന്‍ പറഞ്ഞു. 

''ഒമ്പതര മണി കഴിഞ്ഞിരുന്നു'', ഇന്‍സ്‌പെക്ടര്‍ എന്നെ നോക്കി ചിരിച്ചു. 

''ഇപ്പോള്‍ ആ ടീ ഷര്‍ട്ട്  എവിടെ?'', ഇന്‍സ്‌പെക്ടര്‍ ചോദിച്ചു. ''നീ അത് കത്തിച്ചു കളഞ്ഞില്ലല്ലോ?''. 

''ഇല്ല സര്‍'', ഞാന്‍ പറഞ്ഞു. ''അത് വീട്ടിലുണ്ട്''. 

അയാള്‍ ജീപ്പ് നിന്നിടത്തേക്ക് നോക്കി. 

''അതിലെ രണ്ടു വാക്കുകള്‍ ഇന്നലെ നീ എന്നോട് പറഞ്ഞിരുന്നു''

ഇന്‍സ്‌പെക്ടര്‍  ജീപ്പ് നിന്നിടത്തേക്ക് നോക്കിത്തന്നെ എന്നോട് ആ വാക്കുകള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു. 

''ഉണ്ട് സര്‍'', ഞാന്‍ പറഞ്ഞു. ''ഒരു വാക്ക് Guilt, അടുത്ത വാക്ക് doubted'

'ഗുഡ്'', ഇന്‍സ്‌പെക്ടര്‍ എന്റെ ചുമലില്‍ അഭിനന്ദിക്കുന്നപോലെ തട്ടി.  ആ രണ്ടു വാക്കുകളുടെയും അര്‍ത്ഥം പറഞ്ഞു. 

''എങ്കില്‍ നിനക്ക് ഇപ്പോള്‍ ആ വാചകം മുഴുവനും കാണാതെ പറയാന്‍ പറ്റും, ഇല്ലേ?''

പാലത്തിന്റെ അങ്ങേയറ്റത്തില്‍ നിന്നും ജീപ്പ് ഇപ്പോള്‍ വീണ്ടും പുറപ്പെട്ടിരുന്നു. ഞാന്‍ അരികിലേക്ക് നീങ്ങി നിന്നു. 

''ഓര്‍മ്മയുണ്ട് സര്‍'', ഞാന്‍ പറഞ്ഞു. 

''എങ്കില്‍ അതൊന്നുകൂടി പറയ്'', ഇന്‍സ്‌പെക്ടര്‍ എന്നെ നോക്കി പറഞ്ഞു.  എന്റെ വായിലേക്ക് മാത്രം നോക്കി. 

''Guilt is  never to be doubted', ഞാന്‍ പറഞ്ഞു. 

''മിടുക്കന്‍, അതുതന്നെ'', അപ്പോഴും ഇന്‍സ്‌പെക്ടര്‍ എന്റെ ചുമലില്‍ അഭിനന്ദിക്കുന്നപോലെ തട്ടി. ''പക്ഷെ, ടീ ഷര്‍ട്ടില്‍ ഉള്ള ചിത്രം ആരുടെ എന്ന് നിനക്കറിയില്ല''. ഞാന്‍ ഇല്ല എന്ന് തലയാട്ടി. 

''വാസ്തവത്തില്‍ നീ ഇന്നലെ ഇട്ടിരുന്ന ടീ ഷര്‍ട്ട് ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ'', ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ''ഈ പട്ടണത്തില്‍ത്തന്നെ  അങ്ങനെ ഒന്നേയുള്ളൂ. ഒരു പക്ഷെ ഈ ലോകത്തില്‍ത്തന്നെ. നീ പക്ഷെ നുണ പറഞ്ഞു.  അത് സാരമില്ല. ഒരുപക്ഷെ നീ പറഞ്ഞത് സത്യവുമാകാം. അതും ഞാന്‍  സാരമാക്കുന്നില്ല. ചിലപ്പോള്‍ നുണയും സത്യവും ഒന്നുതന്നെയാണ്. ഒരു കുറ്റമാകുമ്പോള്‍ അത് അങ്ങനെത്തന്നെയാണ്. ഈ പട്ടണത്തിലും ഈ ലോകത്തിലും അത് അങ്ങനെയാണ്.  എന്തായാലും രാത്രിയായിരുന്നു. കാരണം, രാത്രിയില്‍ നമ്മള്‍ പാവം മനുഷ്യര്‍, പോലീസും കുറ്റവാളിയും, ആരും, ഒന്നും വ്യക്തമായി കാണാറില്ല''... 

അപ്പോഴും ഇന്‍സ്‌പെക്ടര്‍ എന്റെ ചുമലില്‍ അഭിനന്ദിക്കുന്നപോലെ തട്ടി. പിന്നെ റോഡിലേക്ക് കുറച്ചുകൂടി നീങ്ങി നിന്നു. ജീപ്പ് ഞങ്ങളുടെ അരികില്‍ വന്നു നിന്നു. ഇന്‍സ്‌പെക്ടര്‍ എന്നോട് ജീപ്പിന്റെ പിറകില്‍ കയറാന്‍ പറഞ്ഞ് മുന്നിലെ സീറ്റിലേക്ക് നടന്നു. 

''അവിടെ ഇന്ന് നിനക്ക് ഒരു പ്രിയപ്പെട്ട കൂട്ടുമുണ്ട്''. 

ദിവ്യയെപ്പറ്റിയായിരുന്നു ഇന്‌സ്‌പെപക്ടര്‍  പറഞ്ഞത്. 

ജീപ്പില്‍ എനിയ്ക്കുകൂടി  ഇരിക്കാന്‍  സ്ഥലം ഉണ്ടാക്കി ദിവ്യ എന്നെ  നോക്കി. സങ്കടത്തോടും രോഷത്തോടും  അതിനേക്കാള്‍, ബാക്കിയുള്ള ആയുസ്സിലേക്ക് ആ നിമിഷം മുതല്‍ ഓടിപോവുന്ന ഒരാളെപ്പോലെയും ഞാന്‍ അവളുടെ അരികില്‍ ഇരുന്നു. ദിവ്യ എന്റെ കൈയ്യില്‍ അവളുടെ കൈ വെച്ചു. അവളുടെ മടിയില്‍, ഒരുപക്ഷെ ഇങ്ങനെ എന്റെയും അവളുടെയും കൈകള്‍ക്ക്  വിശ്രമിക്കാന്‍ എന്നോണം, അതേ ടീ ഷര്‍ട്ട് ദിവ്യ നിവര്‍ത്തിയിട്ടിരുന്നു. അല്ലെങ്കില്‍, വളഞ്ഞുപുളഞ്ഞു പോയ അതിലെ വരികള്‍ക്ക് അടിയില്‍പ്പെട്ട പോലെയായിരുന്നു ഇപ്പോള്‍ ആ ചിത്രം. ഞാന്‍ ദിവ്യയെ നോക്കി. 

''കാഫ്ക''ദിവ്യ സ്വകാര്യം പോലെ എന്റെ ചെവിയില്‍ പറഞ്ഞു.''നിന്നെ കാണുന്നതുവരെ ഈ പേര് മറക്കരുതേ  എന്ന് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുകയായിരുന്നു''. 

ഞാന്‍ അവളെ നോക്കി. ദിവ്യ  പക്ഷെ മടിയിലെ ചിത്രത്തില്‍ത്തന്നെ നോക്കിയിരിക്കുകയും. എനിക്ക് തോന്നി അങ്ങനെ ഇരുന്ന് അവള്‍ ചിരിക്കാന്‍ പോവുകയാണ് എന്ന്.  അവളുടെ മുഖത്തു മാത്രമായി തെരുവില്‍ ജീപ്പിനോപ്പം ഓടുന്ന നിഴലുകള്‍ കളിയ്ക്കാന്‍ തുടങ്ങിയിരുന്നു.

''എന്താ നീ ആലോചിക്കുന്നത്?'' ഞാന്‍, പതുക്കെ, വളരെ പതുക്കെ, സ്വകാര്യം പോലെ  അവളോട് ചോദിച്ചു. 

''ഈ മനുഷ്യന്റെ ചെവികള്‍ നോക്ക്''..

 ദിവ്യ വായ പൊത്തി. അവള്‍ ചിരിക്കുകതന്നെയായിരുന്നു. 

''ശരിക്കും ഞാന്‍ ഇത് ഇപ്പോഴാ ശ്രദ്ധിക്കുന്നത്'' ദിവ്യ പറഞ്ഞു. വീണ്ടും സ്വകാര്യം പറയുന്ന പോലെ. ''ഈ ചെവികള്‍ കുറുക്കന്റെയോ ചെകുത്താന്റെയോ''. 

ദിവ്യ എന്നെ  നോക്കി. അവളുടെ കണ്ണുകളില്‍ ക്രൂരമായ ഒരു കുസൃതിയോ പരിഹാസമോ നിറയുന്നപോലെ എനിക്ക് തോന്നി. അല്ലെങ്കില്‍ ഇനിയുള്ള സമയമത്രയും അവള്‍ ചിരിക്കാന്‍ പോവുകയാണ്. 

''നിനക്കറിയണോ'', അവള്‍ എന്റെ ചെവിയില്‍ അവളുടെ ചുണ്ടുകള്‍ തൊട്ടു. ''നിനക്കറിയണോ, ഇയാള്‍ക്ക്  തന്തയുടെയോ തള്ളയുടെയോ മുഖച്ഛായ അല്ലാത്രെ!''. 

ഇപ്പോള്‍ എനിക്കും ചിരി പൊട്ടി. രണ്ടോ മൂന്നോ നിമിഷം ഞങ്ങള്‍ ആ ചിത്രത്തിലോ ചെവികളിലോ നോക്കി അങ്ങനെ ഇരുന്നു.  ''ഞാന്‍ നിന്നെ ഫോണില്‍ വിളിക്കാനിരിക്കുകയായിരുന്നു'', ഞാന്‍ ദിവ്യയോട് പറഞ്ഞു.  ദിവ്യ എന്നെ  നോക്കി ഒരു കണ്ണ്  ഇറുക്കി. എന്റെ കൈ അമര്‍ത്തി. 
പിന്നെ, ദിവ്യ,   മടിയിലെ ടീഷര്‍ട്ട്  എടുത്ത് ഒരു തവണ ചെറുതായി ഒന്ന് കുടഞ്ഞു.  അങ്ങനെ ഇരുന്ന് മുമ്പോട്ട്  അവളുടെ ഉടല്‍   ചെറുതായി വളച്ചു, അവളുടെ തലയിലൂടെ ഷര്‍ട്ട് വലിച്ചിട്ടു. അപ്പോഴും അവള്‍ എന്നെ  നോക്കി കണ്ണിറുക്കി കാണിച്ചു.  ഞാന്‍ അവളുടെ മാറിടത്തിലേക്ക് നോക്കി. തൊട്ടുമുമ്പ് ഇന്‍സ്‌പെക്ടര്‍ക്ക് വേണ്ടി ഓര്‍ത്ത വാചകം ഞാന്‍ ഒരിക്കല്‍ കൂടി ഒച്ച  ഇല്ലാതെ  വായിച്ചു. 

''എന്താ  നീ ഇയാളുടെ പേര് പറഞ്ഞത്', ഞാന്‍ ദിവ്യയോട് ഒച്ച താഴ്ത്തി,  സ്വകാര്യം പോലെ  ചോദിച്ചു.

അവള്‍ പറഞ്ഞത് ഞാന്‍ മറന്നുപോയിരുന്നു.അവള്‍ക്കും പക്ഷെ പേര് ഓര്‍മ്മ വന്നില്ല. രണ്ടു തവണ അവള്‍ അവളുടെ തലയില്‍ തട്ടി, ഓര്‍ക്ക, ഓര്‍ക്ക് എന്ന്  പതുക്കെ പറഞ്ഞു.  പിന്നെ, ഓര്‍മ്മ വന്നപോലെ,  പെട്ടെന്ന് മുടി മാറ്റി, അവളുടെ  രണ്ടു ചെവികളും  രണ്ടു കൈകൊണ്ടും വലിച്ചു നീട്ടി എനിക്ക് കാണിച്ചു തന്നു. വീണ്ടും  എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. നാവ്  പുറത്തേക്കിട്ട്, ഇളക്കി കാണിച്ചു. 

എനിക്ക്  ചിരിയടക്കാന്‍ പറ്റിയില്ല. 

അതേ വേഗതയില്‍ അവള്‍ എന്റെ വായും പൊത്തി.

 

click me!