എന്റെ സഹോദരന്‍ ഹെന്റി, ജെ. എം ബേറി എഴുതിയ കഥ

By Web Team  |  First Published Apr 25, 2021, 4:41 PM IST

മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍,  സ്‌കോട്ടിഷ്  എഴുത്തുകാരനായ ജെ. എം ബേറിയുടെ  കഥ


വിവര്‍ത്തകയുടെ കുറിപ്പ്: 

പീറ്റര്‍ പാന്‍ എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ സ്രഷ്ടാവായ ജെ.എം.ബേറി (ജെയിംസ് മാത്യു ബേറി) 1860-ല്‍ സ്‌കോട്ലന്റിലാണ് ജനിച്ചത്. ബേറിയുടെ കുട്ടിക്കാലം ദു:ഖമയമാക്കിയത് സഹോദരന്റെ മരണമാണ്. കളഞ്ഞുപോയ കുട്ടിക്കാലത്തെ സന്തോഷം തന്റെ കൃതികളിലൂടെ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട്, ബേറിയുടെ ജീവിതം. ഒരിക്കലും വളരാത്ത 'പീറ്റര്‍ പാന്‍' എന്ന ആണ്‍കുട്ടിയുടെ കഥ അങ്ങനെയാണ് പിറവിയെടുക്കുന്നത്. തന്റെ സുഹൃത്തായ സില്‍വിയ ലിവെലിന്‍ ഡേവിസിന്റെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തുകൊണ്ടായിരുന്നു ആ കഥയുടെ തുടക്കം. 1904ല്‍ അതൊരു നാടകമായി അവതരിപ്പിക്കുകയും ഏഴുവര്‍ഷം കഴിഞ്ഞ് നോവലായി പ്രസിദ്ധീകരിക്കുകയും ചെയ്തു. 1921ല്‍ ലണ്ടന്‍ സന്ദര്‍ശിച്ച ചാര്‍ളി ചാപ്ലിനോട് ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നോവലുകളിലൂടെയും നാടകങ്ങളിലൂടെയും അക്കാലത്ത് പ്രശസ്തനായിരുന്ന ജെ.എം.ബേറിയുടെ പേരാണ് അദ്ദേഹം പറഞ്ഞത്.

Latest Videos

undefined

മറുകരയില്‍ ഇന്ന് ജെ.എം.ബേറിയുടെ ആദ്യകാല കൃതികളിലൊന്നായ ''എന്റെ നിക്കോട്ടിന്‍ വനിത: പുകവലിയില്‍ ഒരു പഠനം'' എന്ന പുസ്തകത്തിലെ ഒരു ചെറിയ അദ്ധ്യായമായ ''എന്റെ സഹോദരന്‍ ഹെന്റി'' എന്ന കഥയാണ്. തന്റെ പുകവലിദിനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് എഴുതിയ ഈ നോവലില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെയും, അവരുടെ സ്വഭാവത്തെയും വളരെ സരസമായി ചിത്രീകരിക്കുന്നതിനോടൊപ്പം പുകവലി നിര്‍ത്തിയതിനെക്കുറിച്ചും  പ്രതിപാദിക്കുന്നുണ്ട്. കൊച്ചുകള്ളങ്ങള്‍ നമ്മുടെ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തേക്ക് പോകുന്നതിനെക്കുറിച്ച് ബേറി എഴുതിയ ഈ കഥ മനുഷ്യസ്വഭാവത്തിന്റെ ചില പ്രത്യേകതകള്‍ എടുത്തുകാണിക്കുന്നു.

 

 

ഒടുവില്‍ എന്റെ സഹോദരന്‍ ഹെന്റിയെ കൊല്ലാനുള്ള ധൈര്യം എനിക്കുണ്ടായി എന്ന കാരണംകൊണ്ട്, ഒറ്റനോട്ടത്തില്‍ ഞാന്‍ ആഹ്ലാദവാനായിരിക്കും എന്ന് കരുതുന്നത് ഒരുപക്ഷെ ശരിയല്ല. എന്നിരുന്നാലും, കുറേക്കാലമായി ഹെന്റി എന്നെ ശല്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഹെന്റി എന്ന് പേരുള്ള ഒരു സഹോദരന്‍ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല,
എങ്കിലും ഹെന്റി ഒരു ആള്‍മാറാട്ടക്കാരനായിരുന്നു എന്നെനിക്ക് പറയാന്‍ കഴിയില്ല. 

വിചിത്രമായൊരു രീതിയിലാണ് അവന്‍ ജീവിതത്തിലേക്ക് വന്നത്, വെറുമൊരു സങ്കല്പമായിരുന്നു അവനെന്ന് ഒട്ടും വെറുപ്പില്ലാതെ എനിക്കിപ്പോള്‍ അവനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയും. 

ഞാനാദ്യമായി ഹെന്റിയെക്കുറിച്ച് കേട്ടത് ലണ്ടന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന പെറ്റിഗ്രൂവിന്റെ വീട്ടില്‍വെച്ചാണ്, ഒരു ദിവസംകൊണ്ട് എനിക്ക് പോയി തിരിച്ചുവരാന്‍ കഴിയുന്നത്ര സൗകര്യപ്രദമായ ഒരു സ്ഥലത്തായിരുന്നു അത്. ഞാനോര്‍ക്കുന്നു, ചില പുതിയ കൂടാരങ്ങള്‍ പരിശോധിക്കുകയായിരുന്നു ഞാന്‍, അപ്പോഴാണ് പെറ്റിഗ്രൂ പറഞ്ഞത് എന്റെ സഹോദരന്‍ ഹെന്റിയെ പരിചയമുള്ള ഒരാളുടെ കൂടെ അയാള്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നുവെന്ന്. അലക്‌സാണ്ടര്‍ എന്നൊരു സഹോദരനല്ലാതെ മറ്റാരാള്‍ ഇല്ലാത്തതുകൊണ്ട്, പെറ്റിഗ്രൂവിന് പേര് തെറ്റിപ്പോയതായിരിക്കുമെന്ന് ഞാന്‍ കരുതി. ''ഓഹ്, അല്ല,'' പെറ്റിഗ്രൂ പറഞ്ഞു; ''അയാള്‍ അലക്‌സാണ്ടറെക്കുറിച്ചും സംസാരിച്ചു.'' 

 

ജെ.എം.ബേറി

അതും എനിക്ക് വിശ്വാസമാവാത്തതുകൊണ്ട്, ഞാനെന്റെ ആതിഥേയനോട് അയാളുടെ സുഹൃത്തിന്റെ പേര് ചോദിച്ചു. സ്‌ക്യുഡമോര്‍ എന്നായിരുന്നു ആ മനുഷ്യന്റെ പേര്, അയാള്‍ എന്റെ കൂടപ്പിറപ്പുകളായ അലക്‌സാണ്ടറെയും ഹെന്റിയെയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാരീസില്‍ വെച്ച് കണ്ടിട്ടുണ്ടായിരുന്നു. അപ്പോളെനിക്ക് സ്‌ക്യുഡമോറിനെ ഓര്‍മ്മവന്നു, ഉറപ്പായും എന്റെ നെറ്റി ചുളിഞ്ഞു, കാരണം ഞാന്‍ തന്നെയായിരുന്നു എന്റെ സ്വന്തം സഹോദരന്‍ ഹെന്റി. പാരീസില്‍ വെച്ച് സ്‌ക്യുഡമോര്‍ എന്നെയും അലക്‌സാണ്ടറെയും കണ്ടതും, എന്റെ പേര് ജെ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെങ്കിലും അയാളെന്നെ ഹെന്റി എന്ന് വിളിച്ചതും ഞാന്‍ വ്യക്തമായി ഓര്‍ത്തു. ആ തെറ്റിദ്ധാരണയെക്കുറിച്ച് ഞാന്‍ പെറ്റിഗ്രൂവിന് വിവരിച്ചുകൊടുത്തു, അങ്ങനെ തല്‍ക്കാലത്തേക്ക് ആ പ്രശ്‌നത്തിന് പരിഹാരമായി. എന്നിരുന്നാലും, ഒരുവിധത്തിലും ഹെന്റിയെക്കുറിച്ച് ഞാന്‍ അവസാനമായി കേട്ടത് അന്നായിരുന്നില്ല.

അതിനുശേഷം പലതവണ, എന്റെ സഹോദരന്‍ ഹെന്റിയെ അറിയാവുന്നതുകൊണ്ട് സ്‌ക്യുഡമോര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പലരില്‍ നിന്നുമായി ഞാനറിഞ്ഞു. ഒടുവില്‍ ഞങ്ങള്‍ കണ്ടുമുട്ടുക തന്നെ ചെയ്തു, ജിമ്മിയുടെ മുറിയില്‍ വെച്ച്; എന്നെ കണ്ട ഉടന്‍തന്നെ എന്റെ സഹോദരന്‍ ഹെന്റി ആ സമയത്ത് എവിടെയാണെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഭയന്നത് അതുതന്നെയായിരുന്നു. കണ്ടാല്‍ ഒരു കൊച്ചുപയ്യനെപ്പോലെ തോന്നിക്കുന്ന ഒരാളായിരുന്നു ഞാന്‍. എന്നെപ്പോലെ തന്നെ ആണ്‍കുട്ടികളുടേതുപോലുള്ള രൂപം കാത്തുസൂക്ഷിക്കുന്ന എന്റെ പ്രായത്തിലുള്ള കുറച്ചാളുകള്‍ ലണ്ടനിലുണ്ട്. തീര്‍ച്ചയായും അതായിരുന്നു എന്റെ ജീവിതത്തിന്റെ ശാപം. എനിക്ക് മുപ്പത് വയസ്സാവാന്‍ പോവുകയാണെങ്കിലും, ഇരുപതാണെന്നേ തോന്നുകയുള്ളു. വയസ്സായ മാന്യന്മാര്‍ ഞാനൊരു നല്ലകാര്യം പറയുകയോ, രണ്ടാമതൊരു ഗ്ലാസ്സ് വൈന്‍ ഒഴിക്കുകയോ ചെയ്താല്‍ കാലമെത്തുന്നതിനുമുന്‍പേ എനിക്ക് പക്വത വന്നെന്നുകരുതി എന്നെ നോക്കി നെറ്റിചുളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട്, സ്‌ക്യുഡമോറിന്റെ പ്രസ്താവനയില്‍ അത്ഭുതപ്പെടുത്തുന്നതായി ഒന്നുമുണ്ടായിരുന്നില്ല, ഹെന്റിയെ സ്‌ക്യുഡമോര്‍ പരിചയപ്പെട്ടപ്പോള്‍ ഞാനിപ്പോള്‍ എത്തിയ അതേ പ്രായത്തിലായിരിക്കണം ഹെന്റി. യഥാര്‍ത്ഥ വസ്തുതകള്‍ ഈ ശല്യക്കാരനായ മനുഷ്യനോട് ഞാന്‍ വിവരിച്ചിരുന്നെങ്കില്‍ എല്ലാം നേരെയാകുമായിരുന്നു, പക്ഷെ ഭാഗ്യദോഷത്തിന് എനിക്കാരോടായാലും എന്തിനെക്കുറിച്ചെങ്കിലും വിശദമായി പറയുന്നത് വെറുപ്പായിരുന്നു. അത് തന്നെ പുകവലിക്കാനുള്ള കാരണമാകും, സമയവിവരപ്പട്ടികക്ക് പകരം കരിക്കട്ടയാണ് വില്യം ജോണ്‍ എന്ന സഹായി അപ്പോള്‍ കൊണ്ടുവരുന്നതെങ്കില്‍, ഞാനത് സ്വീകരിക്കുന്ന അവസ്ഥയിലെത്തും.

സ്‌ക്യുഡമോറുമായുള്ള ഒരു വാദപ്രതിവാദം, ഞാനാണ് ഹെന്റി എന്ന് കേള്‍ക്കുമ്പോഴുണ്ടാകുന്ന അയാളുടെ അത്ഭുതം, ചെറുപ്പക്കാരനെപ്പോലുള്ള എന്റെ രൂപത്തെപ്പറ്റി അയാള്‍ക്കുള്ള അഭിപ്രായങ്ങള്‍, ഇതെല്ലാം ഞാന്‍ ഭയന്നു. അതിനുപുറമെ ഞാന്‍ എല്ലാ നല്ല മിശ്രിതങ്ങളുടെയും പുക വലിക്കുന്നുമുണ്ടായിരുന്നു. സ്‌ക്യുഡമോറിനെ വീണ്ടും കണ്ടുമുട്ടാനുള്ള ഒരു സാധ്യതയും ഇല്ലാത്തതിനാല്‍ അയാളെ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പത്തിലുള്ള വഴി ഒരു തമാശ പറയുന്നതാണെന്ന് എനിക്ക് തോന്നി. അതിനാല്‍ ഞാനയാളോട് ഹെന്റി ഇന്ത്യയിലാണെന്നും കല്യാണം കഴിച്ചുവെന്നും, സുഖമായിരിക്കുന്നുവെന്നും പറഞ്ഞു. ''നിങ്ങളയാള്‍ക്ക് എഴുത്തെഴുതുമ്പോള്‍ എന്നെക്കുറിച്ച് പറയണം,'' എന്നതായിരുന്നു ആ വൈകുന്നേരത്തെ സ്‌ക്യുഡമോറിന്റെ അവസാനത്തെ പ്രസ്താവന.   

ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് തെരുവില്‍ വെച്ച് ആരോ എന്റെ ചുമലില്‍ തട്ടി. അത് സ്‌ക്യുഡമോറായിരുന്നു. ''ഹെന്റിയുടെ എന്തെങ്കിലും വിവരമുണ്ടോ?'' അയാള്‍ ചോദിച്ചു. കഴിഞ്ഞ കത്തിലാണ് വിവരങ്ങള്‍ അറിഞ്ഞതെന്ന് ഞാന്‍ പറഞ്ഞു. ''കത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലുമുണ്ടോ?'' ദൂരെ, ഇന്ത്യയില്‍ നിന്നും വന്ന ഒരു കത്തില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയാവില്ലെന്ന് എനിക്ക് തോന്നി, അതിനാല്‍ ഹെന്റിക്ക് ഭാര്യയെച്ചൊല്ലി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് ഞാന്‍ സൂചിപ്പിച്ചു. അവളുടെ ആരോഗ്യം മോശമായിരുന്നു എന്നാണ് ഞാന്‍ അതുകൊണ്ട് അര്‍ത്ഥമാക്കിയത്. പക്ഷെ അയാളത് മറ്റൊരു രീതിയിലെടുത്തു, ഞാനയാളെ തിരുത്താനും പോയില്ല. ''ആഹ്, ആ!'' എല്ലാം അറിയുന്നപോലെ തലയിളക്കിക്കൊണ്ട് അയാള്‍ പറഞ്ഞു, ''അത് കേട്ടതില്‍ ഞാന്‍ വിഷമിക്കുന്നു, പാവം ഹെന്റി!'' എനിക്കപ്പോള്‍ ''പാവം മനുഷ്യന്‍'' എന്നുള്ള മറുപടി മാത്രമേ ചിന്തിക്കാന്‍ കഴിഞ്ഞുള്ളു. 

''കുട്ടികള്‍ എങ്ങിനെയിരിക്കുന്നു?'' സ്‌ക്യുഡമോര്‍ ചോദിച്ചു. ''ഓ കുട്ടികള്‍,'' സമചിത്തത വരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു, ''അവര്‍ ഇംഗ്ലണ്ടിലേക്ക് വരികയാണ്.'' ''അലക്‌സാണ്ടറുടെ കൂടെ താമസിക്കാനാണോ?'' അയാള്‍ ചോദിച്ചു. അടുത്തമാസം പകുതിയോടെ അവരെത്തുമെന്ന് അലക്‌സാണ്ടര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു, അവസാനം ''പാവം ഹെന്റി!'' എന്നുരുവിട്ടുകൊണ്ട് സ്‌ക്യുഡമോര്‍ നടന്നകന്നു. 

ഒരു മാസമോ മറ്റോ ആയപ്പോള്‍ ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ''ഹെന്റിക്ക് ലീവ് കിട്ടുന്നതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലേ? സ്‌ക്യുഡമോര്‍ ചോദിച്ചു. ഹെന്റി ബോംബയില്‍ താമസിക്കാന്‍ പോയിരിക്കുകയാണെന്നും അതിനാല്‍ വര്‍ഷങ്ങളോളം തിരിച്ചുവരവുണ്ടാവില്ലെന്നും ഞാന്‍ ഉടന്‍തന്നെ മറുപടി കൊടുത്തു. ഞാന്‍ മര്യാദയില്ലാതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ അയാളെന്നെ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തി ശാന്തമായി പറയാന്‍ തുടങ്ങി. ''നിങ്ങള്‍ക്ക് വിഷമമായത് ഞാന്‍ പെറ്റിഗ്ര്യൂവിനോട് ഹെന്റിയുടെ ഭാര്യ അയാളുടെ അടുത്തുനിന്നും ഓടിപ്പോയി എന്ന് പറഞ്ഞതുകൊണ്ടാണെന്ന് ഞാന്‍ വിചാരിക്കുന്നു. നിങ്ങളുടെ നല്ലതിനുവേണ്ടിയാണ് ഞാനത് ചെയ്തത് എന്നതാണ് സത്യം. നോക്കൂ, ഞാന്‍ നിങ്ങളുടെ സഹോദരന്‍ ഹെന്റിയെക്കുറിച്ച് പെറ്റിഗ്ര്യൂവിനോട് പറയാനിടവന്നപ്പോള്‍, അയാള്‍ പറഞ്ഞത് അങ്ങനെയൊരു ആളില്ലെന്നാണ്. തീര്‍ച്ചയായും ഞാനത് കേട്ട് ചിരിച്ചു, ഹെന്റിയെ പരിചയപ്പെടാനുള്ള ഭാഗ്യമുണ്ടായി എന്ന് മാത്രമല്ല നമ്മള്‍ തമ്മില്‍ കാണുമ്പോഴൊക്കെ മുതിര്‍ന്ന ആ മനുഷ്യനെക്കുറിച്ച് നമ്മള്‍ സംസാരിച്ചിരുന്നുവെന്നും ഞാന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ പെറ്റിഗ്രൂ നിന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, 'അത് ശരി, ഇത് വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്, ഇതേമുറിയില്‍ ആ കസേരയില്‍ ഇരുന്നാണ് അലക്‌സാണ്ടര്‍ മാത്രമാണ് തന്റെ ഒരേയൊരു സഹോദരന്‍ എന്നയാള്‍ പറഞ്ഞത്.' നിനക്ക് ഹെന്റിയെന്ന ഒരു സഹോദരനുണ്ടെന്ന കാര്യം  മറച്ചുവെച്ചതില്‍ അയാള്‍ക്ക് അമര്‍ഷമുണ്ടെന്ന് എനിക്ക് മനസ്സിലായി, അതിനാല്‍, നീ മിണ്ടാതിരുന്നത് പാവം ഹെന്റിയുടെ സ്വകാര്യജീവിതത്തിലെ ദു:ഖകരമായ അവസ്ഥ കാരണമാണെന്ന്, അയാളോട് പറയുകയാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്ന് ഞാന്‍ കരുതി. സ്വാഭാവികമായും ആ സാഹചര്യത്തില്‍ നീ ഹെന്റിയെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുകയില്ല. ഞാന്‍ സ്‌ക്യുഡമോറിന്റെ കൈപിടിച്ചു കുലുക്കിയിട്ട് അയാള്‍ വിവേകത്തോടെയാണ് പെരുമാറിയതെന്ന് പറഞ്ഞു. പക്ഷെ ആ നിമിഷത്തില്‍ അയാളുടെ പുറത്ത് കത്തികൊണ്ട് കുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാനങ്ങനെ ചെയ്യുമായിരുന്നുവെന്ന് ധൈര്യത്തോടെ ഞാന്‍ പറയുന്നു.

സ്‌ക്യുഡമോറിന്റെ മുന്നില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചുനടന്നതുകൊണ്ട് വീണ്ടും കുറേക്കാലത്തേക്ക് ഞാനയാളെ കണ്ടില്ല, എന്നാല്‍ ആദ്യം അയാളില്‍ നിന്നും പിന്നീട് അയാളെക്കുറിച്ചും എനിക്കറിവ് ലഭിച്ചു.  അയാളുടെ അനന്തരവന്‍ ബോംബെയിലേക്ക് പോവുകയാണെന്നും, എന്റെ സഹോദരന്‍ ഹെന്റിയെ ആ ചെറുപ്പക്കാരന് പരിചയപ്പെടുത്താനുള്ള സൗമനസ്യം ഞാന്‍ കാണിക്കുമോ എന്നും ചോദിച്ചുകൊണ്ട് അയാളെനിക്ക് ഒരുദിവസം കത്തെഴുതി. അയാളുടെയും അനന്തരവന്റെയും കൂടെ എന്നോട് ഭക്ഷണം കഴിക്കാമോയെന്നും അയാളെന്നോട് ചോദിച്ചു. അത്താഴത്തിനുള്ള ക്ഷണം ഞാന്‍ നിരസിച്ചെങ്കിലും ഹെന്റിയെ പരിചയപ്പെടുത്താനുള്ള കുറിപ്പ് ഞാന്‍ അനന്തരവന് അയച്ചു. അടുത്ത തവണ ഞാന്‍ സ്‌ക്യുഡമോറിനെക്കുറിച്ച് കേള്‍ക്കുന്നത് പെറ്റിഗ്രൂവില്‍ നിന്നാണ്. 

''സ്‌ക്യുഡമോര്‍ ഇപ്പോള്‍ എഡിന്‍ബെര്‍ഗിലുണ്ട്'' അയാള്‍ പറഞ്ഞു. ഞാന്‍ വിറച്ചുപോയി കാരണം അലക്‌സാണ്ടര്‍ അവിടെയാണ് താമസിക്കുന്നത്. ''അയാളെന്തിനാണ് അങ്ങോട്ട് പോയത്?''  അശ്രദ്ധ നടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. കച്ചവടത്തിന്റെ ആവശ്യത്തിനാണെന്നാണ് പെറ്റിഗ്രൂ വിശ്വസിച്ചത്, ''പക്ഷെ ഹെന്റിയുടെ കുട്ടികളെ കാണാന്‍ ആഗ്രഹമുള്ളതുകൊണ്ട് അയാള്‍ അലക്‌സാണ്ടറെ വിളിക്കാന്‍ വിചാരിക്കുന്നുണ്ടെന്ന് നിങ്ങളോട് പറയാന്‍ സ്‌ക്യുഡമോര്‍ എന്നോട് പറഞ്ഞു.'' അതുകഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അലക്‌സാണ്ടറില്‍ നിന്നും എനിക്കൊരു ടെലഗ്രാം ലഭിച്ചു, സാധാരണ എന്നോട് ആശയവിനിമയം നടത്താന്‍ അവന്‍ ഇത്തരം മാര്‍ഗ്ഗങ്ങളാണ് ഉപയോഗിക്കാറുള്ളത്.

''നിനക്ക് സ്‌ക്യുഡമോര്‍ എന്ന് പേരുള്ള ഒരാളെ അറിയാമോ? മറുപടി തരിക,'' ഇതായിരുന്നു അലക്‌സാണ്ടര്‍ പറഞ്ഞത്.  

പാരീസിലായിരുന്നപ്പോള്‍ നമ്മള്‍ ആ പേരുള്ള ഒരാളെ കണ്ടുമുട്ടിയിരുന്നു എന്ന് മറുപടി കൊടുക്കണമെന്ന് ഞാനാലോചിച്ചു, പക്ഷെ പിന്നീട് ഒന്നുകൂടി ചിന്തിച്ചതിനുശേഷം, ഞാന്‍ ധൈര്യത്തോടെ മറുപടിയെഴുതി: ''സ്‌ക്യുഡമോര്‍ എന്ന് പേരുള്ള ആരെയും എനിക്കറിയില്ല.''

 

 

ഏകദേശം രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് റീജന്റ് തെരുവില്‍ വെച്ച് ഞാന്‍ സ്‌ക്യുഡമോറിനെ കടന്നുപോയി, അയാള്‍ നീരസത്തോടെ എന്നെ നോക്കി. ഹെന്റിയെക്കുറിച്ച് പിന്നീട് വാര്‍ത്തയൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ ഞാനത് സഹിക്കുമായിരുന്നു, പക്ഷെ സ്‌ക്യുഡമോര്‍ ഹെന്റിയുടെ ഭാര്യയെക്കുറിച്ച് എല്ലാവരോടും പറയുന്നുണ്ടെന്ന് ഞാനറിഞ്ഞു.

ഒടുവില്‍ അലക്‌സാണ്ടര്‍ ബോംബെയിലേക്ക് പോവുകയാണെന്ന  വാര്‍ത്തയില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കത്ത് അലക്‌സാണ്ടറുടെ ഒരു പഴയ സുഹൃത്തില്‍ നിന്നും എനിക്ക് ലഭിച്ചു. അതുകഴിഞ്ഞ ഉടന്‍തന്നെ ഞാന്‍ ബോംബെയിലേക്ക് പോവുകയാണെന്ന് പല ആളുകളും അലക്‌സാണ്ടറോട് പറഞ്ഞു എന്ന് കാണിച്ച്  അവന്‍ എനിക്കെഴുതി. ചുരുക്കിപ്പറഞ്ഞാല്‍ ഹെന്റിയെ കൊല്ലാനുള്ള സമയമായെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ട്, ഞാന്‍ പെറ്റിഗ്ര്യൂവിനോട് അത്യധികം വിഷമത്തോടെ ഹെന്റി പനി കാരണം മരിച്ചുവെന്നും, അയാളുടെ ക്ഷേമത്തില്‍ എപ്പോഴും തല്പരനായിരുന്ന  സ്‌ക്യുഡമോറിനെ അക്കാര്യം അറിയിക്കണമെന്ന് പറയുകയും ചെയ്തു. 

സ്‌ക്യുഡമോറിനെ ആ ദു:ഖവാര്‍ത്ത അറിയിച്ചിട്ടുണ്ടായിരുന്നുവെന്ന് പെറ്റിഗ്ര്യൂ പിന്നീടെന്നോട് പറഞ്ഞു. ''അയാളെങ്ങനെ പ്രതികരിച്ചു?'' ഞാന്‍ ചോദിച്ചു. ''അത്,'' പെറ്റിഗ്ര്യൂ അലപം മടിയോടെ പറഞ്ഞു, ''അയാളെന്നോട് പറഞ്ഞത് അയാള്‍ എഡിന്‍ബെര്‍ഗില്‍ ആയിരുന്നപ്പോള്‍ അലക്‌സാണ്ടറുമായി അയാള്‍ക്ക് ഒത്തുപോകാന്‍ കഴിഞ്ഞില്ല എന്നാണ്. പക്ഷെ അയാള്‍ക്ക് ഹെന്റിയുടെ കുട്ടികളെക്കുറിച്ച് വല്ലാത്ത ജിജ്ഞാസയുണ്ടായിരുന്നു.'' ''ആഹ്,'' ഞാന്‍ പറഞ്ഞു, ''കുട്ടികള്‍ രണ്ടുപേരും അതിനുശേഷം മുങ്ങിമരിച്ചു, വല്ലാത്ത സങ്കടമുണ്ടാക്കുന്ന കാര്യം, നമുക്കതിനെക്കുറിച്ച് സംസാരിക്കുന്നതുപോലും സഹിക്കാന്‍ കഴിയില്ല.'' 

സ്‌ക്യുഡമോറിനെ ഇനി ഞാന്‍ അധികമൊന്നും കാണാന്‍ വഴിയില്ല, അലക്‌സാണ്ടറും അങ്ങനെ തന്നെ. ഇപ്പോള്‍ സ്‌ക്യുഡമോര്‍ പറഞ്ഞുനടക്കുന്നത് ഞങ്ങളില്‍ ഹെന്റിയെ മാത്രമാണ് സത്യത്തില്‍ അയാള്‍ക്കിഷ്ടമായിരുന്നത് എന്നാണ്.

 

മറുകരയിലെ കഥകള്‍

ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ

ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ

ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍ എഴുതിയ കഥ

 

click me!