ക്രൗഡ്‍ഫണ്ടിലൂടെ പുനർജനിച്ച ​ഗാസയിലെ ആ പുസ്തകശാല വീണ്ടും തകർത്ത് ഇസ്രയേൽ

By Web Team  |  First Published Oct 13, 2023, 6:49 PM IST

കഴിഞ്ഞ വർഷമാണ് ആ പുസ്തകശാല പുനർനിർമ്മിക്കപ്പെട്ടത്. ഇന്ന് വീണ്ടും അത് തകർന്നടിഞ്ഞപ്പോൾ അതിന്റെ മുന്നിൽ അതിനേക്കാൾ തകർന്ന മനസുമായി സാമിർ മൻസൂർ നിൽക്കുന്നുണ്ട്.


ഗാസയിലെ മനുഷ്യരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ പുസ്തകശാലയായിരുന്നു അത്. 20 -ലധികം വർഷങ്ങളായി ഗാസയില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ലഭ്യമായിരുന്ന സാമിര്‍ മന്‍സൂര്‍ ലൈബ്രറി. ചെറുത്തുനിൽപ്പിന്റെയും തകർന്നുപോകലിന്റെയും പുനർജീവിതത്തിന്റെയും ഒക്കെ കഥ പറയാനുണ്ട് ഈ പുസ്തകശാലയ്ക്ക്. അപൂർവപുസ്തകങ്ങളടക്കം അനേകം പുസ്തകങ്ങൾ, വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയും വായനയെ പ്രണയിക്കുന്നവരുടെയും ബുദ്ധിജീവികളുടെയും ഒക്കെ പ്രിയപ്പെട്ട ഇടം. എന്നാൽ, ഇന്ന് വീണ്ടും ഇസ്രയേലിന്റെ അക്രമണത്തിൽ അത് തകർന്ന് തരിപ്പണമായിരിക്കുകയാണ്. 

ബുക് സ്‌റ്റോര്‍ സ്ട്രീറ്റ് എന്നറിയപ്പെടുന്ന അല്‍ തലാതിനി തെരുവിലാണ് സാമിര്‍ മന്‍സൂര്‍ ലൈബ്രറി. വെറുമൊരു പുസ്തകശാലയോ ലൈബ്രറിയോ ആയിരുന്നില്ല ഗാസ നിവാസികള്‍ക്ക് ഇത്. എഴുത്തും വായനയും കൊണ്ട് ഗാസയുടെ ദുരിതങ്ങള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരുടെ ഏകസങ്കേതമായിരുന്നു. പുസ്തക വായനകളുടെയും പുസ്തക ചര്‍ച്ചകളുടെയും കേന്ദ്രം. നിരവധി പുസ്തകങ്ങളും ഈ സ്ഥാപനം പുറത്തിറക്കിയിരുന്നു. പുതിയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടിയെത്തുന്നവരും എഴുത്തുകാരും ഒക്കെ സദാ ഇടപഴകിയിരുന്ന സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു ഇത്. പതിനാലു വര്‍ഷം നീണ്ട ഉപരോധത്തില്‍നിന്ന് മുന്നോട്ടുപോകാന്‍ ഗാസ നിവാസികളെ മാനസികമായി സഹായിച്ച ഒരിടം കൂടിയായിരുന്നു ഇത്. 

Latest Videos

undefined

2021 -ലെ അക്രമത്തില്‍ പുസ്‍തകശാല തകര്‍ന്നപ്പോള്‍

2021 -ൽ ഇസ്രയേൽ നടത്തിയ അക്രമത്തിൽ ഈ ലൈബ്രറി തകർക്കപ്പെട്ടപ്പോൾ എഴുത്തുകാരിയും വിവര്‍ത്തകയുമായ ഹനിയ അലിജമാല്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ''ജീവിക്കാനുള്ള വലിയ കാരണമായിരുന്നു അത്. ഒന്നര പതിറ്റാണ്ടായി ഉപരോധത്തിലായ ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലം. അതു തന്നെയാണ്, പുസ്തകങ്ങളെയും പുസ്തകശാലകളെയും ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കാനുള്ള കാരണവും. ജീവിതത്തിന്റെ അര്‍ത്ഥമാരായുന്ന, സാഹിത്യത്തെ ആയുധമായി ഉപയോഗിക്കുന്ന, സര്‍വ്വദുരിതങ്ങളും വായനയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന കുറേയേറെ മനുഷ്യരെ ഇരുട്ടിലാക്കാനുള്ള ശ്രമമാണത്. എലിമാളത്തില്‍ തീയിടുന്നതുപോലെ പലസ്തീന്‍ ജനതയെ ദുരിതങ്ങളില്‍ മാത്രമായി ഒതുക്കിയിടാനുള്ള നീക്കം.''

ഹിദായയുടെ ആദ്യ പുസ്തകം ഈജിപ്തിലാണ് പ്രസിദ്ധീകരിച്ചത്. ഉപരോധം കാരണം അതിന്റെ ഒരു കോപ്പി പോലും ഗാസയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം പുസ്തകം കാണാന്‍ പോലും കഴിയാത്ത ആ സമയത്ത്, പുസ്തകശാലയുടമയായ സാമിര്‍ മന്‍സൂര്‍ ആണ് സഹായവുമായി എത്തിയത്. ആ പുസ്തകം അവർ അവിടെ പ്രസിദ്ധീകരിച്ചു. ആവശ്യത്തിന് കോപ്പികള്‍ ഹിദായയ്ക്ക് നല്‍കി. ''പുസ്തകങ്ങളില്‍ ഒപ്പിടുന്ന പാര്‍ട്ടി നടത്തുക എന്നത് എന്റെ വലിയ ഒരാഗ്രഹമായിരുന്നു. എന്റെ അവസ്ഥ കണ്ടറിഞ്ഞ് ആ സ്വപ്‌നം സാദ്ധ്യമാക്കിയത് ഈ പുസ്തകശാലയായിരുന്നു'' എന്ന് 2021 -ൽ ടര്‍ക്കി വെബ് പോര്‍ട്ടലായ ടി ആര്‍ ടി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഹിദായ പറഞ്ഞിരുന്നു.  

പുസ്തകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന, നല്ല വായനക്കാരന്‍ കൂടിയായ കടയുടമ സാമിര്‍ മന്‍സൂറും വായനാസമൂഹത്തിന് ഏറെ പ്രിയപ്പെട്ടയാളായിരുന്നു. ''ഡാഡിയുടെ വലിയ സ്വപ്‌നമായിരുന്നു ഇതുപോലൊരു പുസ്തകശാല. 2014 -ല്‍ ഇതിനെതിരെ ഇസ്രായേല്‍ ആക്രമണം നടന്നിരുന്നു. അന്നിത് രക്ഷപ്പെട്ടു. ഇത്തവണ, ഗാസയിലെ നാശനഷ്ടങ്ങള്‍ കണക്കറ്റതാണ്. അതിനിടയില്‍ ഇതും...'' - എന്നാണ് 2021 -ലെ അക്രമണത്തിന് ശേഷം സാമിര്‍ മന്‍സൂറിന്റെ മകന്‍ മുഹമ്മദ് പറഞ്ഞത്.

2021 -ലെ അക്രമത്തില്‍ തകര്‍ന്ന പുസ്‍തകശാലയ്ക്ക് മുന്നില്‍ ഉടമ സാമിര്‍ മന്‍സൂര്‍

എന്നാൽ, 2021 -ൽ ആ വായിക്കുന്ന ജനത തോറ്റില്ല. ക്രൗ‍ഡ് ഫണ്ടിലൂടെ സമാഹരിച്ച തുക ഉപയോ​ഗിച്ച് കൊണ്ട് അവരാ പുസ്തകശാലയ്ക്ക് വീണ്ടും ജീവൻ പകർന്നു. അക്ഷരങ്ങളുടെയും ചർച്ചകളുടെയും അറിവുകളുടെയും ലോകത്ത് വീണ്ടും അത് തന്റെ പങ്ക് നൽകി. എന്നാൽ, ഇപ്പോൾ വീണ്ടും അത് തകർക്കപ്പെട്ടിരിക്കുന്നു. ഒരുപാട് മനുഷ്യരുടെ (വായിക്കുന്ന/ചിന്തിക്കുന്ന മനുഷ്യരുടെ) പ്രിയപ്പെട്ട ഇടം, ഹനിയ അലിജമാല്‍ നേരത്തെ പറഞ്ഞത് പോലെ, 'ജീവിക്കാനുള്ള വലിയ കാരണം. ഒന്നര പതിറ്റാണ്ടായി ഉപരോധത്തിലായ ഗാസയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന പാലം' വീണ്ടും ഇല്ലാതായിരിക്കുന്നു. 

കഴിഞ്ഞ വര്‍ഷം പുനര്‍നിര്‍മ്മിക്കപ്പെട്ട പുസ്തകശാല

കഴിഞ്ഞ വർഷമാണ് ആ പുസ്തകശാല പുനർനിർമ്മിക്കപ്പെട്ടത്. ഇന്ന് വീണ്ടും അത് തകർന്നടിഞ്ഞപ്പോൾ അതിന്റെ മുന്നിൽ അതിനേക്കാൾ തകർന്ന മനസുമായി സാമിർ മൻസൂർ നിൽക്കുന്നുണ്ട്. പുസ്തകശാലയുടെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം തകർന്നുപോയ പുസ്തകശാലയിലൂടെ നടക്കുന്നത് കാണാം.

ഒരിക്കൽ വീണ്ടും തന്റെ പുസ്തകശാലയ്ക്ക് ജീവൻ നൽകാനാവും എന്ന് സാമിറിന് പ്രതീക്ഷയുണ്ട്. എന്നാൽ, ആ നാൾ വരെ തങ്ങൾക്ക് ജീവനുണ്ടാകുമോ എന്നതാണ് അദ്ദേഹത്തിന്റെ ഭീതി. ആറ് മക്കളടങ്ങുന്ന തന്റെ കുടുംബത്തെ സംരക്ഷിക്കാനാകണേ എന്നതാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം. ഒപ്പം തങ്ങളുടെ സ്ഥിതി വളരെ മോശവും അപകടകരവുമാണ് നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം എന്നുകൂടി സാമിർ അറബ്ന്യൂസിന് വാട്ട്സാപ്പ് വഴി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

click me!