ഞങ്ങൾ ഇന്നിവിടെ വന്നിരിക്കുന്നത് കോമ്രേഡ് സഫ്‌ദര്‍ ഹാഷ്‌മി മരിച്ചിട്ടില്ല എന്നതുകൊണ്ടാണ്. അദ്ദേഹം ഇവിടെത്തന്നെയുണ്ട്, നമുക്കിടയിൽ. ഇന്നാട്ടിലെ പരശ്ശതം യുവതീയുവാക്കളിൽ അദ്ദേഹം ഉയിരോടെയുണ്ടാകും.
'ജനം' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന 'ജന നാട്യ മഞ്ച്' എന്ന നാടകസംഘത്തിന്റെ അമരക്കാരനായിരുന്നു സഫ്ദർ ഹാഷ്‍മി എന്ന മുപ്പത്തിനാലുകാരൻ. 1989 -ലെ പുതുവത്സരനാളിൽ ദില്ലിയിലെ തെരുവുകളിലൊന്നിൽ അദ്ദേഹത്തിന്റെ 'ഹല്ലാ ബോൽ' എന്ന പ്രിയനാടകം അരങ്ങേറിക്കൊണ്ടിരിക്കെ, സംഘത്തിന് നേരെ ആക്രമണമുണ്ടായി. സാഹിബാബാദിലെ ഝണ്ടാപൂറിൽ ആയിരുന്നു ആ നാടകാവതരണം. അവിടെ വെച്ചാണ്, കോൺഗ്രസ് പിന്തുണയോടെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുകേഷ് ശർമ്മ എന്ന ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ട്രൂപ്പിനുനേരെ ആക്രമണമുണ്ടായത്. തദ്ദേശവാസിയായ റാം ബഹാദൂർ എന്ന തൊഴിലാളി അവിടെ വെച്ചുതന്നെ കൊല്ലപ്പെടുന്നു. ഗുരുതരമായ പരിക്കേറ്റ സഫ്ദർ, അടുത്ത ദിവസം, അതായത് ജനുവരി രണ്ടാം തീയതി രാത്രി, മരണത്തിനു കീഴടങ്ങുന്നു. അന്ന് ദില്ലിയിലെ മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെ, പതിനയ്യായിരത്തിലധികം പേർ അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാനെത്തി.
സഫ്‍ദർ ഹാഷ്‍മിയുടെ സഖാവും, സന്തത സഹചാരിയുമായിരുന്ന സുധൻവാ ദേശ്‍പാണ്ഡെ അദ്ദേഹത്തെക്കുറിച്ചെഴുതിയ 'ഹല്ലാ ബോൽ' എന്ന പുസ്‍തകം ഇന്നലെ പ്രസാധനം ചെയ്യപ്പെട്ടു. ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നാടകകൃത്തും സംവിധായകനും അഭിനേതാവുമൊക്കെയായ സുധൻവ, ലെഫ്റ്റ് വേർഡ് ബുക്ക്സ് എന്നൊരു പ്രസാധനശാല കൂടി നടത്തുന്നുണ്ട്. ഈ പുസ്തകത്തിൽ സഫ്‍ദർ എന്ന അതുല്യപ്രതിഭയുടെ അകാലവിയോഗത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ ഓർമച്ചിത്രങ്ങളുണ്ട്. സഫ്‍ദറിനെ അടക്കിയശേഷം അദ്ദേഹത്തിന്റെ ജീവിതസഖി മോളോയശ്രീ ഹാഷ്‍മിയുടെ നേതൃത്വത്തിൽ, അദ്ദേഹം അക്രമിക്കപ്പെട്ട് കളി മുടങ്ങിപ്പോയ അതേ തെരുവിൽ വച്ച്, ജനുവരി നാലിന് ജന നാട്യ മഞ്ച് ഹല്ലാ ബോൽ വീണ്ടും അരങ്ങേറിയതിന്റെ രോമാഞ്ചം പകരുന്ന സ്‍മരണകളുണ്ട്. സഫ്‍ദർ ഹാഷ്‍മിയുടെ ചരമവാർഷികദിനത്തിൽ 'ഹല്ലാ ബോൽ' എന്ന പുസ്‍തകത്തിൽ നിന്നുള്ള ഒരു ചെറിയ ഭാഗം. പരിഭാഷ: ബാബു രാമചന്ദ്രന്‍.
1989 ജനുവരി 2 : മാല
രണ്ടാം തീയതി പുലർച്ചെ മാല വീടുവരെ ഒന്നുപോയി. മണി ഒമ്പതായപ്പോഴേക്കും തിരികെ ആശുപത്രിയിലേക്കെത്തുകയും ചെയ്തു. ഇനിയും പിടിച്ചുനിൽക്കാൻ ചിലപ്പോൾ സഫ്‍ദറിന് കഴിഞ്ഞേക്കില്ലെന്ന് മാലയ്ക്കറിയാമായിരുന്നു. തലേന്ന് അവരോട് സംസാരിച്ച ആശുപത്രിയിലെ ന്യൂറോ വിഭാഗം തലവനായ ഡോക്ടർ ഈ വിവരം മാലയെ അറിയിച്ചു കഴിഞ്ഞിരുന്നു. ആ ഡോക്ടറുടെ മുഖത്ത് സദാ നിഴലിച്ചു നിന്നിരുന്ന ശാന്തതയും പരിപക്വതയും അവർ ഇന്നുമോർക്കുന്നുണ്ട്. ഡോക്ടർ പറഞ്ഞു, 'രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. എങ്കിലും ഞങ്ങളെക്കൊണ്ടാവും വിധം ശ്രമിക്കുന്നുണ്ട്. പരിക്കുകളുടെ സ്വഭാവവും മുറിവുകളുടെ ആഴവും വെച്ച് ഇനിയൊരു സർജറിക്കുള്ള സാധ്യത എന്തായാലുമില്ല. വേറെ എവിടേക്കെങ്കിലും കൊണ്ടുപോകണമെന്ന് നിങ്ങൾക്കുണ്ടെങ്കിൽ, അതാവാം'.
'ഇല്ല, വേറെ എവിടേക്കും കൊണ്ടുപോകുന്നില്ല' എന്ന് മാല ഡോക്ടറെ അറിയിച്ചു.
അന്ന് പകൽ പലരും സഫ്‍ദറിന്റെ വിവരമന്വേഷിക്കാൻ ആശുപത്രിയിലേക്കെത്തിയിരുന്നു. അവരിൽ ചിലരൊക്കെ മാലയെ കണ്ടു. ഭൂട്ടാ സിംഗിനെ അവിടെ ഉണ്ടായിരുന്നവർ തിരികെ പറഞ്ഞയച്ച കാര്യം മാല ഓർക്കുന്നു. ദൂരദർശനിലെ പല ജീവനക്കാരും അന്ന് സഫ്ദറിനെ കാണാനെത്തിയിരുന്നു. വർഷങ്ങൾക്കു മുമ്പ് സഫ്ദർ അവിടെ ചില ഹ്രസ്വചിത്രങ്ങൾ ചെയ്യാൻ ദൂരദർശൻ കേന്ദ്രത്തിൽ സ്ഥിരമായി ചെന്നിരുന്ന കാലത്തുള്ള പരിചയക്കാരായിരുന്നു അവർ. നാടകക്കാരും നിരന്തരം വന്നുകൊണ്ടേയിരുന്നു. ഭീഷ്‍മ സാഹ്നി, ഇബ്രാഹിം അൽകാസി തുടങ്ങിയ പലരും വന്നതായി മാല ഓർക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് സൊഹൈൽ വന്നപ്പോൾ വൈകുന്നേരമായിരുന്നു. ദില്ലി സിപിഎം സെക്രട്ടറി ജോഗേന്ദ്ര ശർമയും ഉണ്ടായിരുന്നു കൂടെ.
അന്നത്തെ പകൽ കാത്തിരിപ്പിന്റേതായിരുന്നു. സഫ്‍ദറിന്റെ സഹോദരിമാർ, ഷബ്‌നവും ഷെഹ്‌ലയും ഭക്ഷണം കൊണ്ടുവന്നു. ഇടക്കെപ്പോഴോ അമ്മാജിയെയും മാലയെയും ഒന്ന് ഐസിയുവിന്റെ ഉള്ളിലേക്ക് കയറാൻ അവർ അനുവദിച്ചു, വെന്റിലേറ്ററിൽ കിടന്നിരുന്ന സഫ്‍ദറിനെ ദൂരെ നിന്ന് ഒരു നോക്ക് കാണാനും.
തലേദിവസം പകൽ മൂന്ന് കളിയുണ്ടായിരുന്നു ജനത്തിന്റെ നാടകത്തിന്. അതുകൊണ്ട് മാല താൻ എഴുതിത്തയ്യാറാക്കിക്കൊണ്ടിരുന്ന ടെക്സ്റ്റ് ബുക്കിന്റെ കയ്യെഴുത്തു പ്രതി കൂടെക്കരുതി. അവതരണങ്ങൾക്കിടയിലെ ഇടവേളകളിൽ കുറച്ചെങ്കിലും പണി പൂർത്തിയാക്കാം എന്നവർ കരുതി. ഇനി അത് എന്നെങ്കിലും തിരിച്ചു കിട്ടുമോ എന്നുപോലും അവർക്കുറപ്പുണ്ടായിരുന്നില്ല. പക്ഷേ, കിട്ടി. അന്ന് വൈകുന്നേരം, പാർട്ടി ഓഫീസിലേക്ക് ചെന്നപ്പോൾ അതവിടെ ഇരിപ്പുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ സഫ്‍ദർ മരിച്ചു എന്ന് ഡോക്ടർ സ്ഥിരീകരിച്ചു. സഫ്ദറിന്റെ കണ്ണുകൾ ദാനം ചെയ്‍താൽ കൊള്ളാമെന്നുണ്ടായിരുന്നു മാലയ്ക്ക്, മൃതദേഹം പഠനങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്നും. എന്നാൽ, അതിന് നിയമപരമായ പല കടമ്പകളുമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, സഫ്‍ദറിനെ ആശുപത്രിയിലേക്ക് എടുത്തുകൊണ്ടു പോകുമ്പോൾ ഞങ്ങൾ കണ്ട പലതിന്റെയും വിവരണങ്ങളുണ്ടായിരുന്നു. അവന്റെ ചെവിയിൽ നിന്നും, മൂക്കിൽ നിന്നും, തൊണ്ടയിൽ നിന്നുമൊക്കെ രക്തസ്രാവമുണ്ടായിരുന്നു എന്ന് അതിൽ എഴുതിയിരുന്നു. തലക്ക് പിന്നിലും, നെറ്റിയിലും ഒക്കെ ഇരുമ്പുവടികൊണ്ടടിച്ചതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു എന്നും. ആകെ ഇരുപതിലധികം മുറിവുകൾ...
1989 ജനുവരി 3 : വിലാപയാത്ര
രാവിലെ വിപി ഹൗസിലുള്ള പാർട്ടി ഓഫീസിലേക്ക് സഫ്‍ദറിന്റെ മൃതദേഹം കൊണ്ടുവരും മുമ്പുതന്നെ അവിടെ വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. പാർട്ടി ഓഫീസിനു മുന്നിലെ പന്തലിൽ, ചുവന്ന തുണിയിൽ പൊതിഞ്ഞ അവന്റെ മൃതദേഹം പൊതുപ്രദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ വന്നെത്തിയത് പതിനായിരങ്ങളാണ്. ആ പ്രഭാതത്തിലെ രണ്ടേ രണ്ട് ഒച്ചകൾ മാത്രമാണ് എന്റെ തലച്ചോറിൽ ഇന്നും മുഴങ്ങുന്നത്. മുദ്രാവാക്യങ്ങളും, നിലവിളികളും. അവരണ്ടും അന്തരീക്ഷത്തിൽ മുഴങ്ങി, ദിക്കുകൾ പിളർന്നു കൊണ്ട് ആകാശത്തിലേക്ക് തുളച്ചു കയറി. ഞാനും അന്നൊരു റെഡ് വളണ്ടിയർ ആയിരുന്നു. അവന്റെ ദേഹത്തിനു തൊട്ടരികിൽ ജാഗരൂകനായി ഞാനുണ്ടായിരുന്നു. പാർട്ടി ഓഫീസിൽ നിന്ന് കിട്ടിയ പാകമാകാത്ത ഒരു ചുവന്ന ഷർട്ടും ധരിച്ചുകൊണ്ട് ഞാൻ ആയിരക്കണക്കിന് പേർ വന്നുപോകുന്നത് നിർന്നിമേഷനായി നോക്കിനിന്നു. പിന്നീട് പ്രധാനമന്ത്രിയായ വിപി സിങ് അടക്കം, പ്രതിപക്ഷത്തുള്ള പല നേതാക്കളും അവനെക്കാണാൻ എത്തിയിരുന്നു. വരാതിരുന്നത് രണ്ട് പാർട്ടിക്കാർ മാത്രമായിരുന്നു. കോൺഗ്രസും ബിജെപിയും. കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് തങ്ങൾ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്രനായിരുന്നെങ്കിലും പാർട്ടിക്ക് കൊലയാളികളുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.
അവന്റെ വിലാപയാത്രയ്ക്ക് മുന്നിലായി ചുവന്ന ഷർട്ടിട്ട യുവാക്കളും, ചുവന്ന ബോർഡറുള്ള വെള്ള സാരിധരിച്ച യുവതികളും അണിനിരന്നു. അതിന്റെ തൊട്ടുപിന്നിലായി സഫ്‍ദറിന്റെ മൃതദേഹം വഹിച്ച ടെമ്പോ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. സൊഹൈൽ, എം കെ റെയ്‍ന, ഭീഷ്‍മ സാഹ്നി, മാല, അച്ഛൻ, അമ്മാജി എന്നിവർ ടെംപോയ്ക്കുള്ളിൽ. അവരോടൊപ്പം പ്രകാശ് കാരാട്ട്, ജോഗേന്ദ്ര ശർമ്മ, പിഎംഎസ് ഗ്രെവാൾ എന്നിവരും. ഞാനടക്കമുള്ള 'ജനം' അഭിനേതാക്കൾ നാടകസംഘത്തിന്റെ ബാനറും പിടിച്ചു കൊണ്ട് ടെംപോയ്ക്ക് തൊട്ടുപിന്നാലെ. ഞങ്ങൾക്ക് പിന്നിലായി ആയിരക്കണക്കിന് ജനങ്ങളും.
ഏകദേശം പതിനയ്യായിരത്തോളം പേരെങ്കിലും അന്ന് വിലാപയാത്രയ്ക്ക് വന്നുകാണും. അവരിൽ പലരെയും എനിക്ക് അറിയുകപോലുമില്ലായിരുന്നു. പത്രത്തിലും മറ്റും വായിച്ച് വിവരമറിഞ്ഞ് പാഞ്ഞുവന്നവരാണ് പലരും. ദില്ലിയിൽ നിന്ന് പുറപ്പെട്ടിരുന്ന ഒരുവിധം എല്ലാ ഹിന്ദി ഇംഗ്ലീഷ് പത്രങ്ങളും ഒന്നാം പേജിൽ തന്നെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്ന്, സങ്കടവും ഞെട്ടലും അടങ്ങിയിരുന്നില്ല എങ്കിലും ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു. സഫ്‍ദറിനുനേരെ നടന്ന ഈ ആക്രമണം രാഷ്ട്രത്തെ ആകെ പിടിച്ചുലച്ചിട്ടുണ്ട് എന്ന സത്യം. അത് 'ജനം' പ്രതിനിധീകരിച്ചിരുന്നതിനേക്കാൾ വലിയ ഒന്നായി രൂപപ്പെട്ടുകഴിഞ്ഞിരുന്നു. സഫ്‍ദറിനേക്കാൾ വലുത്. ഒരുപക്ഷേ, ഇടതുപക്ഷത്തേക്കാളും വലുത്. ആ അസംതൃപ്തി, ജനരോഷം - അതാവും ഒരു പക്ഷേ, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തിരിച്ചടികൾ സമ്മാനിച്ചതും.
ജാഥ റഫി മാർഗിലുള്ള വിപി ഹൗസിൽ നിന്നു തുടങ്ങി സൻസദ് മാർഗ് വരെ നീണ്ട്, അവിടെ നിന്ന് കൊണാട്ട് പ്ളേസിലെത്തി, സർക്കിൾ കടന്ന് ബാരാഖമ്പാ റോഡും കടന്ന് മണ്ഡി ഹൗസിൽ ചെന്ന്, ഐടിഓയും ബഹദൂർഷാ സഫർ മാർഗിലെ പത്ര ഓഫീസുകൾ കടന്ന്, ഫിറോസ് ഷാ കോട്‌ലയിൽ നിന്ന് വലത്തുതിരിഞ്ഞ് രാജ് ഘട്ടിലെ ഗാന്ധി സമാധിയും താണ്ടി നിഗംബോധ് ഘട്ടിലെ ക്രിമറ്റോറിയത്തിൽ ചെന്നവസാനിച്ചു.
ബഹദൂർ ഷാ സഫർ മാർഗിലൂടെ നടന്നുകൊണ്ടിരിക്കെ എന്റെ ചുമലിൽ ആരോ കൈ വെച്ചു. ഞാൻ തിരിഞ്ഞു നോക്കി. ആളെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. ഏതെങ്കിലും ബാങ്കിലെ ഗുമസ്‍തൻ, അല്ലെങ്കിൽ പത്രമോഫീസിലെ ജീവനക്കാരൻ, കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്.
"ക്ഷമിക്കണം, ഒരു കാര്യം ചോദിച്ചോട്ടെ..?"
"ചോദിച്ചോളൂ..."
" ഒരു മാസം മുമ്പ് കൊണാട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ, പാട്ടും പാടിക്കൊണ്ട് നിങ്ങളുണ്ടായിരുന്നില്ലേ?"
"ഉവ്വ്"
"ഇദ്ദേഹവും അന്ന് പാടിയിരുന്നില്ലേ..?" ടെംപോയ്ക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു.
"ഉവ്വ്..."
"അന്ന് ഞാനും ആ പാർക്കിൽ ഉണ്ടായിരുന്നു. നിങ്ങൾ ആരാണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഹാഷ്‍മി സാബിന്റെ പേഴ്‍സണാലിറ്റി, അത് എന്നെ വല്ലാതെ ആകർഷിച്ചു അന്ന്. ഞാൻ അതേപ്പറ്റി പലരോടും പിന്നീട് പറയുകയുമുണ്ടായി. ഗാലിബിനെ അദ്ദേഹത്തെപ്പോലെ സുന്ദരമായി ആലപിക്കുന്ന അധികംപേരെ ഞാൻ കണ്ടിട്ടില്ല കേട്ടോ. നല്ലൊരു മനുഷ്യനായിരുന്നു സഫ്‍ദർ. നിങ്ങൾ ദയവു ചെയ്‍ത് ഈ ചെയ്‍തുകൊണ്ടിരിക്കുന്ന നല്ലകാര്യങ്ങൾ മുടക്കരുതേ. ഞങ്ങളൊക്കെ കൂടെയുണ്ടാകും. ഞാൻ അവസാനമായി ആളെ ഒന്ന് കണ്ടിട്ടുപോകാൻ വേണ്ടി വന്നതാണ്" ഇത്രയും പറഞ്ഞ് അയാൾ ആ ജനക്കൂട്ടത്തിൽ അലിഞ്ഞു ചേർന്ന് അപ്രത്യക്ഷനായി.
സഫ്‍ദറിന്റെ ശരീരം വൈദ്യുതചിത ഏറ്റുവാങ്ങിയ ശേഷം മാല പുറത്ത് ജനത്തിന്റെ നടീനടന്മാർ നിൽക്കുന്നിടത്തേക്ക് വന്നു.
"നാളെ ഝണ്ടാപൂരിൽ തന്നെ നാടകം കളിക്കണം എന്നൊരു നിർദേശമുണ്ട്. എന്തുപറയുന്നു..?"
അപ്പോൾ എല്ലാവരും സമ്മതം മൂളി എന്ന് തോന്നുന്നു.
"എന്നാൽ ശരി, നാളെ റിഹേഴ്‍സലിന് കാണാം..."
അന്ന് രാത്രി വീട്ടില്‍ ചെന്ന് ഉടുപ്പഴിച്ചുകൊണ്ടിരിക്കെ എന്റെ സ്വെറ്ററിൽ പതിഞ്ഞ സഫ്‍ദറിന്റെ ചോരപ്പാടുകൾ ഞാൻ ശ്രദ്ധിച്ചു. മൂന്നുദിവസത്തിന് ശേഷം അന്നാണ് ഒന്ന് കുളിക്കുന്നത്. കുളി കഴിഞ്ഞ് നേരെ കിടക്കയിൽ ചെന്ന് കിടന്നു. സഫ്‍ദറിന്റെ ഓർമ്മ വന്നപ്പോൾ എനിക്ക് കരച്ചിൽ പിടിച്ചുനിർത്താനാവുന്നുണ്ടായിരുന്നില്ല.
1989 ജനുവരി 4 : നാടകാവതരണം
സഫ്‍ദർ മറിച്ച് നാല്പത്തെട്ടു മണിക്കൂറിനുള്ളിൽ, അന്ന് ഝണ്ടാപൂരിൽ വെച്ച് കളി മുടങ്ങിപ്പോയ അതേ സ്ഥലത്തുവെച്ചു തന്നെ, ഞങ്ങൾ വീണ്ടും നാടകം കളിച്ചു. അത് ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തെരുവുനാടകാവതരണങ്ങളിൽ ഒന്നായിരുന്നു.
വൈകീട്ട് ആറിന് ഞങ്ങൾ താൽകടോരാ റോഡിലെ സിഐടിയു ഓഫീസിൽവെച്ച് തമ്മിൽ കണ്ടുമുട്ടി. ആ ഓഫീസിനു മുന്നിലെ പുൽത്തകിടിയിലായിരുന്നു ഞങ്ങൾ സ്ഥിരമായി നാടകത്തിന്റെ റിഹേഴ്‍സലുകൾ നടത്തിയിരുന്നത്. മുടങ്ങിപ്പോയ നാടകത്തിന്റെ അതേ കാസ്റ്റ് തന്നെയായിരുന്നു അന്നും. ഒരൊറ്റ മാറ്റം മാത്രം. വിനോദിന് അന്നേതോ ജോലിക്കുള്ള ഇന്റർവ്യൂ ഉണ്ടായിരുന്നതുകൊണ്ട് അവൻ വന്നില്ല. അവന്റെ ഡയലോഗൊക്കെ എനിക്ക് ഹൃദിസ്ഥമായിരുന്നതുകൊണ്ട് ആ റോളിൽ ഞാൻ കയറി. ഒന്നാം തീയതി തീർത്തും യാദൃച്ഛികമായിട്ടായിരുന്നെങ്കിലും, ഝണ്ടാപൂരിലെ കളി നടക്കുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നു. നാലാം തീയതി, മുടങ്ങിപ്പോയ കളി വീണ്ടും കളിക്കുമ്പോഴും ഞാൻ അതിന്റെ ഭാഗമായി, അതും യാദൃച്ഛികമായിത്തന്നെ.
ഞങ്ങൾ വളരെ പെട്ടെന്ന് ഡയലോഗുകളൊക്കെ പറഞ്ഞു പ്രാക്ടീസ് ചെയ്തു. എന്നത്തേയും പോലെതന്നെയായിരുന്നു അന്നും. നാടകം തുടങ്ങും മുമ്പ് രണ്ടുവാക്ക് സംസാരിക്കാനുള്ള ഉത്തരവാദിത്തം എന്നെയാണ് അവർ ഏൽപ്പിച്ചിരുന്നത്. ഞങ്ങൾ ബസ്സിലേക്ക് കയറി. മണ്ഡി ഹൗസിലെത്തിയപ്പോഴാണ് ബസ്സുകൾ നിറയെ ജനം ഝണ്ടാപൂരിലേക്ക് പ്രവഹിക്കുന്നുണ്ട് എന്നറിഞ്ഞത്. പതിനഞ്ചിലധികം ബസ്സുകൾ ഞാൻ എണ്ണി. നിൽക്കാൻ പോലും ഇടമില്ലാത്തത്ര ജനം ആ ബസ്സിലൊക്കെ ഉണ്ടായിരുന്നു. അയ്യായിരത്തിലധികം പേരാണ് അന്ന് ഝണ്ടാപൂരിലെ തെരുവുകളിലേക്കെത്തിയത്. പരിചയമുള്ള പല മുഖങ്ങളുമുണ്ടായിരുന്നു അന്നവിടെ തടിച്ചു കൂടിയ ജനക്കൂട്ടത്തിൽ.
ഒരാൾ മാത്രം വന്നിരുന്നില്ല. സൊഹൈൽ. അതിന്റെ കാരണം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. അവനോട്, പത്രക്കാരുടെ ഫോൺ വിളികൾ അറ്റൻഡ് ചെയ്യാൻ വേണ്ടി പാർട്ടി, അവനോട് ഓഫീസിൽ തന്നെ ഇരിക്കാൻ നിർദേശിക്കുകയായിരുന്നു. അന്ന് മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്. മുതിർന്ന ആരെങ്കിലും തന്നെ ആ കോളുകൾ സ്വീകരിക്കാൻ ലാൻഡ് ഫോണിന് അടുത്തായി വേണമെന്ന് തോന്നിയിരുന്നു അന്ന്. എന്നാൽ ആ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. ഒരൊറ്റ വിളി പോലും വന്നില്ല. എങ്ങനെ വരാൻ? ദില്ലിയിലെ സകല ജേർണലിസ്റ്റുകളും അന്ന് ഝണ്ടാപൂരിൽ 'ഹല്ലാ ബോലി'ന്റെ കളിനടക്കുന്നിടത്തായിരുന്നു.
നാടകം തുടങ്ങും മുമ്പ് ഞങ്ങൾ തെരുവിലൂടെ മൗനമായി ഒരു പ്രദക്ഷിണം നടത്തി. റാം ബഹാദൂർ എന്ന രക്തസാക്ഷിയുടെ വീടിനു മുന്നിൽ ഒരു നിമിഷം നിശബ്ദമായി നിന്നു. അവൻ വിവാഹിതനായിട്ട് ഒരു വർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. ഒരു കുഞ്ഞു ജനിച്ചിട്ട് രണ്ടു മാസമേ ആയിരുന്നുള്ളൂ. മാല പിന്നീട് അവിടെ ഇടയ്ക്കിടെ പോയിരുന്നു എന്നും, റാം ബഹാദൂറിന്റെ ഭാര്യ പവിത്രയെയും കുഞ്ഞിനേയും കണ്ട് ധൈര്യം പകർന്നിരുന്നു എന്നും ഞാൻ അറിഞ്ഞു.
'സഫ്ദർ ഹാഷ്മി, 1988 -ൽ രാജസ്ഥാനിലെ സദർഷഹറിൽ '
സഫ്‍ദറിന്റെ പഴയ സ്നേഹിതൻ കാജൽ ഘോഷ് നയിച്ച 'പർച്ചം' എന്ന ഗായകസംഘം അന്ന് രണ്ടു പാട്ടുകൾ പാടി.
'തൂ സിന്ദാ ഹേ, തൂ സിന്ദഗീ കി ജീത് മേം യകീൻ കർ
അഗർ കഹി ഹേ സ്വർഗ് തോ, ഉതാർ ലാ സമീൻ പർ'
'നീ ജീവനോടുണ്ട്, ഈ ജീവിതത്തിന്റെ വിജയത്തിൽ നീ വിശ്വാസിക്ക്
എവിടെയെങ്കിലും സ്വർഗമെന്നൊന്നുണ്ടെങ്കിൽ, അതിനെ ഈ മണ്ണിലേക്ക് നീ വലിച്ചിറക്ക്'
'ലാൽ ഝണ്ടാ ലേകർ കോമ്രേഡ് ആഗേ ബഡ്‍തെ ജായേംഗേ
തും നഹി രഹെ, ഇസ്കാ ഗം ഹേ പർ, ഫിർ ഭി ലഡ്തേ ജായേംഗേ...'
ചെങ്കൊടിയേന്തി, സഖാവെ, പോകണം നമ്മൾക്കതിദൂരം
നീയില്ലയെന്നുള്ള സങ്കടം പേറിയും, പോരാടണം നമ്മളിനിയുമെന്നും..'
'ലാൽ ഝണ്ടാ' എന്ന് തുടങ്ങുന്ന ഗാനം ബംഗാളിയിൽ നിന്ന് ഹിന്ദിയിലേക്ക് തർജ്ജമ ചെയ്‍തത് സഫ്‍ദർ തന്നെയാണ് എന്നെനിക്ക് അറിയില്ലായിരുന്നു. 'ഹസാരെ ഭേസ് ഭർ കെ ആയി മൗത്ത് തെരെ ദ്വാർ പർ, മഗർ തുഝേ ന ഛല്‍ സകീ, ചലീ ഗയീ വോ ഹാർ കർ ' എന്നവർ പാടിയപ്പോൾ എനിക്ക് തൊണ്ടയിടറുന്നുണ്ടായിരുന്നു. ' മരണം പലവേഷങ്ങൾ മാറിമറിയണിഞ്ഞ് നിന്റെ പടിവാതിൽക്കലെത്തി, നിന്നെ വഞ്ചിക്കാൻ അതിനായില്ല, അത് തോറ്റുപിന്മാറി' എന്നായിരുന്നു അവർ പാടിയതിന്റെ അർഥം.
അവിടമാകെ ജനപ്രളയമായിരുന്നു. ചുറ്റുമുള്ള കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ. കടവരാന്തകളിൽ, എന്തിന് ചവറ്റുകൂനകൾക്ക് മുകളിൽ വരെ ആളുകൾ കയറി നിൽപ്പുണ്ടായിരുന്നു. ഇത്രയും നിറഞ്ഞു കവിഞ്ഞ ഒരു സദസ്സ് മുമ്പൊരു കളിക്കും ഞാൻ കണ്ടിരുന്നില്ല. പലരുടെയും കയ്യിൽ, 'സഫ്‍ദർ മരിച്ചിട്ടില്ല', 'സഫ്‍ദർ മരിച്ചത് പാഴാവില്ല...' എന്നൊക്കെ എഴുതിയ പ്ലക്കാർഡുകൾ ഉണ്ടായിരുന്നു. അവിടെങ്ങും ചെങ്കൊടികൾ ഉയർന്നു പാറിക്കൊണ്ടിരുന്നു.
നാടകം തുടങ്ങും മുമ്പ് പ്രസംഗിക്കാൻ മൈക്ക് കയ്യിൽ എടുത്തപ്പോൾ മനസ്സ് ശുദ്ധശൂന്യമായിരുന്നു. എഴുന്നേറ്റു നിന്നപ്പോൾ എവിടെനിന്നാണ് എനിക്ക് വാക്കുകൾ കിട്ടിത്തുടങ്ങിയത് എന്നെനിക്കറിയില്ല. ഞാൻ പറഞ്ഞു, "മുടങ്ങിപ്പോയ ഒരു കളി പൂർത്തിയാക്കാനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. ഞങ്ങൾ കാണികൾക്ക് നൽകിയ വാക്കുപാലിക്കാൻ. ഞങ്ങൾ ഇന്നിവിടേക്കു തന്നെ മടങ്ങി വന്നത് ഒന്നുപറയാനാണ്, 'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാകില്ല'. ഞങ്ങൾ ഇന്നിവിടെ വന്നിരിക്കുന്നത് കോമ്രേഡ് റാം ബഹാദൂറിനെ ആദരിക്കാൻ വേണ്ടിയാണ്. ഞങ്ങൾ ഇന്നിവിടെ വന്നിരിക്കുന്നത് കോമ്രേഡ് സഫ്ദർ ഹാഷ്മി മരിച്ചിട്ടില്ല എന്നതുകൊണ്ടാണ്. അദ്ദേഹം ഇവിടെത്തന്നെയുണ്ട്, നമുക്കിടയിൽ. ഇന്നാട്ടിലെ പരശ്ശതം യുവതീയുവാക്കളിൽ അദ്ദേഹം ഉയിരോടെയുണ്ടാകും.
ശോകമൂകമായാണ് ഞങ്ങൾ നാടകം തുടങ്ങുന്നത്. തികച്ചും യാന്ത്രികമായിരുന്നു നടീനടന്മാരുടെ ചലനങ്ങൾ. നാടകത്തിന്റെ ആദ്യത്തെ സീനുകളൊക്കെ ശരിക്കുപറഞ്ഞാൽ, ഹാസ്യരസപ്രധാനമായിരുന്നു. ഞങ്ങൾ ചിരിക്കണം, ചിരിപ്പിക്കണം എന്നാണ് സങ്കൽപം. എന്നാൽ സങ്കടം കാരണം ആർക്കും അതിനാവുന്നുണ്ടായിരുന്നില്ല. എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു. ഒരു പൊലീസുകാരൻ വന്ന് നാടകം തടയാൻ ശ്രമിക്കുന്ന ഒരു രംഗമുണ്ട് സ്ക്രിപ്റ്റിൽ. ആ സീനിൽ ഞങ്ങൾ എല്ലാവരും കൂടി, ഇനിയെന്ത് ചെയ്യണം എന്നാലോചിക്കാൻ ഒന്നിച്ചു ചേരുന്നുണ്ട്. അങ്ങനെ ഒന്നിച്ച് നിൽക്കുമ്പോൾ ഞാൻ മാലയ്ക്ക് നേരെ എതിരേയായിരുന്നു നിന്നത്. അവൾ എല്ലാവരെയും തീക്ഷ്ണമായി നോക്കിക്കൊണ്ട് പറഞ്ഞു, "എന്താണ് നിങ്ങളുടെയൊക്കെ പ്രശ്നം..? ഒന്നു നേരാംവണ്ണം ചിരിക്ക്..! "
ഞങ്ങൾ ആ കൂടിയാലോചനയിൽ നിന്ന് പിരിഞ്ഞതും, മാല പൊട്ടിച്ചിരിച്ചു കൊണ്ട് അടുത്ത ഡയലോഗിലേക്ക് കടന്നു. ജ്വരബാധിതന് ഗ്ലൂക്കോസ് ഷോട്ട് കിട്ടിയപോലെ ആയിരുന്നു അത്. ഞങ്ങൾ എല്ലാവരും നിമിഷനേരം കൊണ്ട് ഊർജസ്വലരായി. നാടകത്തിന് ജീവൻ വീണു. താമസിയാതെ കാണികളുടെ പൊട്ടിച്ചിരികളും ആ തെരുവിൽ മുഴങ്ങാൻ തുടങ്ങി.
ആ നാടകാവതരണത്തിന്റെ, അതിൽ മാല അഭിനയിക്കുന്നതിന്റെ ഒക്കെ ഫോട്ടോകൾ അടുത്ത പ്രഭാതത്തിൽ പുറത്തിറങ്ങിയ എല്ലാ പത്രങ്ങളിലും അച്ചടിച്ചു വന്നിരുന്നു. രാജ്യത്തിലെ മുക്കിലും മൂലയിലുമുള്ള പ്രാദേശിക പത്രങ്ങൾ വരെ അതേപ്പറ്റി ഒന്നാം പേജിൽ തന്നെ വാർത്ത നൽകി. തന്റെ ജീവിതപങ്കാളിയുടെ, ഉറ്റസ്നേഹിതന്റെ ചോരവീണ അതേ തെരുവിൽ, തോൽവി സമ്മതിച്ചുകൊടുക്കാതെ തൊട്ടടുത്ത ദിവസം തന്നെ അതേനാടകം കളിച്ചു മുഴുമിപ്പിച്ചു മാല എന്ന ആ യുവതി.
അതെ, മാല തന്നെയായിരുന്നു ആ ദിവസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. അവളുടെ കണ്ണുകളിലെ തീക്ഷ്‍ണത ഇന്നും ഞാനോർക്കുന്നു. അതിൽ അവളുടെ ആത്മാവിനെ തച്ചുതകർത്ത പ്രാണസങ്കടത്തിന്റെ ലാഞ്ഛനപോലും ഇല്ലായിരുന്നു. അവളുടെ കൊലുന്നനെയുള്ള ശരീരത്തിനുള്ളിലുള്ളത് ഉരുക്കിന്റെ നട്ടെല്ലാണെന്ന് തോന്നിയിരുന്നു. അത്രമേൽ ആത്മവിശ്വാസത്തോടെ, ഒട്ടും പതറാതെയാണ് അന്നവൾ അവിടെ നിന്നത്. അന്ന് ആ കുറിയ ദേഹത്തിന് പതിവിൽക്കവിഞ്ഞ എടുപ്പുണ്ടായിരുന്നു. പിന്നെ, അവളുടെ ശബ്ദവും... സുവ്യക്തമായ, മുഴങ്ങുന്ന, ആ ഉറച്ച ശബ്ദം അനായാസം ഒഴുകിച്ചെന്ന് കാണികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു.