ഈ ഓഡിയോബുക്കുകൾ 2020 -ന്‍റെ തുടക്കത്തിൽ പുറത്തിറങ്ങും. ഇത് എല്ലാ പ്രമുഖ ഓഡിയോബുക്ക് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.
കുട്ടികൾക്ക് കഥ വായിക്കുന്നതിനേക്കാളും ഇഷ്‍ടം കഥ കേൾക്കുന്നതായിരിക്കും. ഇംഗ്ലീഷ് സാഹിത്യത്തിൽ 50 വർഷമായി കഥകൾ എഴുതുന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ റസ്‍കിന്‍ ബോണ്ട് ഒരു നവീന ആശയവുമായി മുന്നോട്ടു വരികയാണ്. കുട്ടികൾക്കായി കഥകൾ എഴുതുക മാത്രമല്ല അത് വായിച്ചു കേൾപ്പിക്കാനും പദ്ധതിയിടുകയാണ് റസ്‍കിന്‍ ബോണ്ട്. വായിച്ചുമാത്രം പരിചയമുള്ള അദ്ദേഹത്തിന്‍റെ കഥകൾക്ക് സ്വന്തം ശബ്ദത്തിലൂടെതന്നെ പുതുജീവൻ നല്‍കാൻ നിശ്ചയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം എഴുത്തുകാരൻ.
തുടക്കത്തിൽ സാഹസികത, ത്രില്ലർ, മൃഗങ്ങൾ, പ്രകൃതി, യാത്ര തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി 85 -കാരനായ ബോണ്ട് എട്ട് പുസ്‌തകങ്ങളാണ് റെക്കോർഡുചെയ്യുന്നത്. ചെറി ട്രീ, ഗേറ്റിങ് ഗ്രാന്നിസ് ഗ്ലാസ്സ്, വൈറ്റ് മൈസ് തുടങ്ങിയ കഥകൾ അതിൽ ഉൾകൊള്ളിക്കുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസാധകർ അറിയിച്ചു. ചാപ്റ്റർ ബുക്കുകൾ എന്ന പുതിയ രീതി വഴി കുട്ടികൾക്ക് എളുപ്പത്തിൽ വായിക്കാൻ മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥകൾ ഹ്രസ്വ അധ്യായങ്ങളായി വിഭജിച്ചിരിക്കുകയാണിവിടെ.
"പഫിനും, പെൻഗ്വിൻ ഓഡിയോബുക്കുകൾക്കും ഞാൻ നന്ദി അറിയിക്കുന്നു. സ്വന്തം കഥകൾ ഉറക്കെ വായിക്കാനുള്ള എന്‍റെ ആഗ്രഹം സാധിച്ചിരിക്കുന്നു. അതും കഥകളെ സ്നേഹിക്കുന്ന ആയിരകണക്കിന് കുഞ്ഞുങ്ങളുടെ മുന്നിൽ വച്ച്. എന്‍റെ പ്രിയപ്പെട്ട ചില കഥകൾ ഇതാണ് - ചെറി ട്രീ, ഗേറ്റിങ് ഗ്രാന്നിസ് ഗ്ലാസ്സ്, വൈറ്റ് മൈസ്, ഈഗ്ൾസ് ഐസ്, എർത് ക്വക്ക്. ആദ്യം പഫിൻ ഇവയെ ഹ്രസ്വ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു, ഇപ്പോൾ നിങ്ങൾക്കായത് ഓഡിയോ രൂപത്തിലും അവതരിപ്പിക്കുന്നു. എഴുത്തുകാർക്ക് സാധാരണയായി സ്വന്തം വായനക്കാർക്കുവേണ്ടി കഥകൾ ഉച്ചത്തിൽ വായിക്കാനുള്ള അവസരം ലഭിക്കാറില്ല. ഞാൻ വളരെ ആസ്വാദിച്ചാണ് ഈ കഥകൾ വായിച്ചത്. നിങ്ങൾക്കും അവ ഇഷ്‍ടമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ബോണ്ട് പറയുന്നു.
ഈ ഓഡിയോബുക്കുകൾ 2020 -ന്‍റെ തുടക്കത്തിൽ പുറത്തിറങ്ങും. ഇത് എല്ലാ പ്രമുഖ ഓഡിയോബുക്ക് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. "അദ്ദേഹത്തിന്‍റെ കൃതികൾ അനശ്വരമാക്കുകയെന്നത് ഞങ്ങളുടെ സ്വപ്നമായിരുന്നു. അദ്ദേഹം അതിന് സമ്മതിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് അദ്ദേഹത്തിനുള്ള ഞങ്ങളുടെ സമർപ്പണമാണ്. അദ്ദേഹത്തിന്‍റെ അസാധാരണമായ രചനാശൈലി നമ്മിൽ പലരെയും വായനയിലേക്ക് ആകർഷിക്കുകയും പുസ്തകങ്ങളിറക്കുന്നതിന് ഒരു പ്രധാന കാരണമാവുകയും ചെയ്തിട്ടുണ്ട്. റസ്‌കിൻ ബോണ്ടിന്‍റെ എണ്ണമറ്റ പുസ്തകങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ എഴുത്തുകളെ പല മാർഗ്ഗങ്ങളിലൂടെയും അനശ്വരമാകുക എന്നത് അഭിമാനമായി ഞങ്ങൾ കണക്കാക്കുന്നു” പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ അസോസിയേറ്റ് പ്രസാധകനായ സോഹിനി മിത്ര പറഞ്ഞു.
രചയിതാവും വായനക്കാരും തമ്മിൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ ഓഡിയോബുക്കുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസാധകർ പറഞ്ഞു. "പ്രസാധകരെന്ന നിലയിൽ, വായനയെയും പുസ്തകങ്ങളോടുള്ള സ്നേഹത്തെയും പ്രോത്സാഹിപ്പിക്കുന്നത്തിന് നൂതന രീതികൾ സ്വീകരിക്കുന്നതിൽ ഞങ്ങൾ ഏറെ മുന്നിലാണ്. കുറെ കഴിയുമ്പോൾ, ഓഡിയോബുക്ക് നിങ്ങളുടെ വായനാശീലത്തിനുള്ള ഒരു എളുപ്പ മാർഗമായി മാറും. കൂടാതെ ഒരു രചയിതാവ് അയാൾ എഴുതിയ പുസ്‍തകം വിവരിക്കുമ്പോൾ അതിനൊരു പുതുമയുണ്ട്.''
“ഒരു രക്ഷകർത്താവ് എന്ന നിലയിൽ, എന്‍റെ കുട്ടിക്ക് വായന ഒരു ശീലമാക്കാനുള്ള പുതിയ വഴികൾ ഞാൻ എപ്പോഴും തേടാറുണ്ട്. ഇത്തരം വഴികളിലൂടെ ജീവിത പാഠങ്ങളുൾക്കൊള്ളുന്ന രസകരമായ കഥകളുമായി അവർ വേഗത്തിൽ ഇണങ്ങും.” പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയിലെ ഉദ്യോഗസ്ഥ നിതി കുമാർ പറഞ്ഞു. ഏതായാലും റസ്‍കിന്‍ ബോണ്ടിന്‍റെ തന്നെ ശബ്‌ദത്തിൽ അദ്ദേഹം എഴുതിയ കഥകൾ കേൾക്കാൻ കാത്തിരിക്കുകയാണ് വായനാലോകം.