Literature 2021: മലയാളത്തിന്റെ മഹാനഷ്ടങ്ങള്‍, അക്ഷരവെട്ടം നട്ട് വിടപറഞ്ഞവര്‍

By Web TeamFirst Published Dec 20, 2021, 6:25 PM IST
Highlights

കലണ്ടറില്‍ ഒരു വര്‍ഷം മറിഞ്ഞുവീഴുമ്പോള്‍ മാഞ്ഞുപോവുന്നത് ദിനങ്ങള്‍ മാത്രമല്ല, അനേകം മനുഷ്യര്‍ കൂടിയാണ്്. നമ്മുടെ പ്രിയപ്പെട്ട അനേകം മനുഷ്യരുമായാണ് വര്‍ഷങ്ങളോരോന്നും ഓര്‍മ്മയിലേക്ക് മറഞ്ഞുപോവുന്നത്. അത്തരം ഒരു വര്‍ഷം തന്നെയായിരുന്നു 2021-ഉം

കലണ്ടറില്‍ ഒരു വര്‍ഷം മറിഞ്ഞുവീഴുമ്പോള്‍ മാഞ്ഞുപോവുന്നത് ദിനങ്ങള്‍ മാത്രമല്ല, അനേകം മനുഷ്യര്‍ കൂടിയാണ്്. നമ്മുടെ പ്രിയപ്പെട്ട അനേകം മനുഷ്യരുമായാണ് വര്‍ഷങ്ങളോരോന്നും ഓര്‍മ്മയിലേക്ക് മറഞ്ഞുപോവുന്നത്. അത്തരം ഒരു വര്‍ഷം തന്നെയായിരുന്നു 2021-ഉം. മലയാളഭാഷയ്ക്കും സാഹിത്യത്തിനും ആഴത്തിലുള്ള നഷ്ടങ്ങള്‍ വിതച്ചാണ് ഇക്കഴിഞ്ഞ വര്‍ഷവും വിടപറഞ്ഞത്. മലയാളത്തിന്റെ ഓര്‍മ്മകളില്‍ അക്ഷര വെളിച്ചം നട്ട് കടന്നുപോയവരില്‍ പ്രമുഖര്‍ മുതല്‍ അത്ര പ്രശസ്തരെങ്കിലും അസാമാന്യപ്രതിഭ കാഴ്ചവെച്ച എഴുത്തുകാരുമുണ്ട്. പലരുടെയും ജീവിതത്തിന് അന്ത്യവിരാമമിട്ടത് കൊവിഡ് രോഗമായിരുന്നു. 

മിത്തുകളുടെയും പ്രദേശികഭാഷാഭേദങ്ങളുടെയും അപാരമായ സാദ്ധ്യതകളെ വിളക്കിച്ചേര്‍ത്ത് മലയാള കഥയില്‍ സ്വന്തം ഇടം കണ്ടെത്തിയ യു എ ഖാദര്‍, സാഹിത്യത്തിന് പുറത്ത് പാരിസ്ഥിതിക ആക്ടിവിസത്തിന്റെയും സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെയും മുന്നണിയില്‍നിന്ന മലയാള കവിതയിലെ ഏറ്റവും ആഴമുള്ള സ്വരങ്ങളിലൊന്നായ സുഗതകുമാരി എന്നിവരുടെ ആക്‌സമിക വിയോഗത്തിന്റെ അന്ധാളിപ്പിലാണ് 2020 തിരശ്ശീലയ്ക്കു പുറത്തേക്ക് മറഞ്ഞിരുന്നത്. ഡിസംബര്‍ 12-നായിരുന്നു മലയാളയിലെ തൃക്കോട്ടൂര്‍പെരുമയ്ക്ക് ദീര്‍ഘവിരാമമിട്ട് യു എ ഖാദര്‍ വിടപറഞ്ഞത്.  ഡിസംബര്‍ 23-നായിരുന്നു മലയാള കവിതയിലെ ഭാവുകത്വ പരിണാമ വഴികളില്‍ വേറിട്ട കൈയൊപ്പ് ചാര്‍ത്തിയ സുഗതകുമാരി മറഞ്ഞുപോയത്. ആ വിയോഗങ്ങളുടെ ഞെട്ടലിലേക്കാണ് പുതിയ വര്‍ഷം പിറന്നുവീണത്. 

Latest Videos

 


നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍

ജനുവരി പിറന്ന് രണ്ടാം ദിവസം കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ വിടപറഞ്ഞു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്. 

1936 മാര്‍ച്ച് 25-ന് കുട്ടനാട്ടിലെ നീലമ്പേരൂര്‍ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം സംസ്ഥാന വ്യവസായ-വാണിജ്യ വകപ്പില്‍ ജോയിന്റ് ഡയറക്ടര്‍ ആയാണ് ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്. മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്ക്കിണര്‍, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കള്‍, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉള്‍പ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമാഗാനരചനയും വിവര്‍ത്തനവും  നിര്‍വഹിച്ചിരുന്നു. മൗസലപര്‍വ്വം എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), പാഴ്ക്കിണര്‍ എന്ന കാവ്യഗ്രന്ഥത്തിനു മൂലൂര്‍ സ്മാരക പുരസ്‌കാരം (1998), കിളിയും മൊഴിയും എന്ന്. ബാലകവിതാഗ്രന്ഥത്തിനു സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998). ചമത എന്ന കാവ്യഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്‌കാരം (2000) എന്നിവ ലഭിച്ചിരുന്നു. 

 

 

അനില്‍ പനച്ചൂരാന്‍ 

പിറ്റേദിവസം, ജനുവരി മൂന്നിന് കവിതയുടെ വഴിയിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ അനില്‍ പനച്ചൂരാന്‍ തിരുവനന്തപുരത്തെ തലകറക്കത്തെ തുടര്‍ന്ന് ആശുപരതിയിലെത്തുകയും തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനുള്ളില്‍ ഹൃദയാഘാതം മൂലം മരിക്കുകയുമായിരുന്നു. 

ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ മണ്ണില്‍ നിന്ന്', എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ' എന്നീ ഗാനങ്ങളിലൂടെയാണ് അനില്‍ പ്രശസ്തിയിലേക്കുയര്‍ന്നത്.  വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ എന്നിവയാണ് പ്രശസ്ത കവിതകള്‍. അമ്പതോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചിരുന്നു. അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം എന്നിവ അവയില്‍ ചിലതാണ്. ഇന്ദ്രന്‍സ് നായകയ 'വിത്തിന്‍ സെക്കന്‍ഡ്‌സ് ' എന്ന ചിത്രത്തിനു വേണ്ടിയാണ് അനില്‍ പനച്ചുരാന്‍ അവസാനമായി വരികള്‍ എഴുതിയത്. കണ്ണൂര്‍ കവിമണ്ഡലത്തിന്റെ പി. ഭാസ്‌കരന്‍ സ്മാരക സുവര്‍ണമുദ്രാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 


 

വിഷ്ണുനാരായണന്‍ നമ്പൂതിരി 

അടുത്ത മാസം, ഫെബ്രുവരി 25-ന് കവിതാ പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ച്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്‌കരിച്ച  പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി മലയാളത്തെ വിട്ടുപോയി. സ്വവസതിയായ തിരുവനന്തപുരം തൈക്കാട് ശ്രീവല്ലി ഇല്ലത്തുവെച്ചായിരുന്നു അന്ത്യം.  

മനുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയില്‍ ചുവടുറപ്പിച്ചുകൊണ്ട്, അപാരമായ മനുഷ്യാനുഭവങ്ങള്‍ ആവിഷ്‌കരിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ കാലികമായ ജീവിതബോധം നിറയുമ്പോള്‍ത്തന്നെ ആത്മീയമായ ചൈതന്യവും പ്രകടമായിരുന്നു.വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ സമാഗമമായിരുന്നു അദ്ദേഹത്തിന്റെ കാവ്യലോകം. 

1939 ജൂണ്‍ 2-ന് തിരുവല്ലയില്‍ ഇരിങ്ങോലില്‍ ജനിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. വിരമിച്ചശേഷം കുടുംബക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു.  'ഇന്ത്യയെന്ന വികാരം', 'ആരണ്യകം', 'അതിര്‍ത്തിയിലേക്ക് ഒരു യാത്ര', 'ഉജ്ജയിനിയിലെ രാപ്പകലുകള്‍,' 'മുഖമെവിടെ', 'ഭൂമിഗീതങ്ങള്‍', 'പ്രണയഗീതങ്ങള്‍',  'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം', 'ചാരുലത' എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. 'അസാഹിതീയം', 'കവിതകളുടെ ഡി.എന്‍.എ.' എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം - (2010), വള്ളത്തോള്‍ പുരസ്‌കാരം - (2010), ഓടക്കുഴല്‍ അവാര്‍ഡ് - (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2010), പി സ്മാരക കവിതാ പുരസ്‌കാരം - (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ ലഭിച്ചു.

 

 

പി ബാലചന്ദ്രന്‍ 

രണ്ടു മാസത്തിനു ശേഷം, ഏപ്രില്‍ അഞ്ചിന് മലയാള നാടകത്തെ നവീനഭാവുകത്വത്തിലേക്ക് നടത്തിയവരില്‍ പ്രമുഖനായ പി ബാലചന്ദ്രന്‍ അരങ്ങൊഴിഞ്ഞു.  നടന്‍, എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നാടക പ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു വിടപറഞ്ഞത്. 

കൊല്ലം ശാസ്താം കോട്ടയില്‍ ജനിച്ച അദ്ദേഹം എഴുതിയ 'മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍ , മായാസീതാങ്കം, നാടകോത്സവം തുടങ്ങിയ നാടകങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഏകാകി, ലഗോ,തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. 'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയിലൂടെയാണ്  ചലച്ചിത്രസംവിധായകനായത്.   ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. 'വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

1989-ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999-ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009-ലെ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.

 


 

സുമംഗല 

22 ദിവസങ്ങള്‍ക്കു ശേഷം, ഏപ്രില്‍ 27-ന് മലയാളത്തിന്റെ പ്രിയപ്പെട്ട ബാലസാഹിത്യകാരി സുമംഗല വിടപറഞ്ഞു. തൃശൂര്‍ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. നന്‍മയും സ്‌നേഹവും കൊണ്ട് സമൃദ്ധയ കഥകളിലൂടെ ഒരു തലമുറയുടെ വായനയെ നിര്‍ണയിച്ച സുമംഗലയുടെ യഥാര്‍ത്ഥ പേര് ലീലാ നമ്പൂതിരിപ്പാട് എന്നായിരുന്നു. 1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ജനിച്ച സുമംഗല  കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു. അതിനുപുറമേ, ചെറുകഥകളും നോവലുകളുമെഴുതി. 

പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകള്‍ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നിവയാണ് പ്രധാന ബാലസാഹിത്യ കൃതികള്‍. കടമകള്‍, ചതുരംഗം, ത്രയ്യംബകം, അക്ഷഹൃദയം എന്നീ നോവലുകളും 'നുണക്കുഴികള്‍' എന്ന ചെറു കഥാസമാഹാരവും രചിച്ചു. 'കേരളകലാമണ്ഡലം ചരിത്രം' എന്ന ചരിത്ര ഗ്രന്ഥവും സുമംഗല രചിച്ചു. ഒപ്പം 'പച്ച മലയാളം നിഘണ്ടു' തയ്യാറാക്കുന്നതിലും പങ്ക് വഹിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം, ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. 

 

 

മാടമ്പ് കുഞ്ഞുക്കുട്ടന്‍ 

രണ്ടാഴ്ചയ്ക്കു ശേഷം മെയ് 11-ന് എഴുത്തുകാരനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ വിടപറഞ്ഞു. കോവിഡ് ആയിരുന്നു മരണകാരണം.  പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളില്‍ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം (കരുണം- 2000)), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം മഹാപ്രസ്ഥാനം -1982) എന്നിവ ലഭിച്ചു. 

1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ജനിച്ച മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയാണ് മാടമ്പു കുഞ്ഞുക്കുട്ടന്‍ എന്നപേരിലെഴുതിത്തുടങ്ങിയത്. ദീര്‍ഘകാലം ശാന്തിക്കാരനായിരുന്നു. റേഡിയോ റിപ്പയറിങ്, സ്‌പ്രേ പെയിന്റിങ് തുടങ്ങിയ ജോലികള്‍ ചെയ്തു. ടെപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയല്‍ കോളജും നടത്തിയിരുന്നു. പൂമുള്ളി ആറാം തമ്പുരാനില്‍നിന്ന് ആനവൈദ്യം പഠിച്ചു. തൃശൂര്‍ ആകാശവാണിയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു.

1970 -ല്‍ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവല്‍. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവല്‍ വിവാദമുണ്ടാക്കി. അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകള്‍. ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകള്‍. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോള്‍ തിരക്കഥയെഴുതി. നായകനായി അഭിനയിച്ചു. പൈതൃകം, ആനച്ചന്തം, വടക്കുംനാഥന്‍, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയായിരുന്നു. 

 


 

എസ് രമേശന്‍ നായര്‍

അടുത്ത മാസം, ജൂണ്‍ 19-ന് കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ വിടപറഞ്ഞു. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ഗാനങ്ങള്‍ രചിച്ചു. തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചു. 

1985-ല്‍ പുറത്തിറങ്ങിയ 'രംഗം' എന്ന ചലച്ചിത്രത്തിനു ഗാനരചന നിര്‍വഹിച്ചാണ് മലയാളചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുന്നത്. ഹൃദയവീണ, പാമ്പാട്ടി, ഉര്‍വശീപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങള്‍, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികള്‍. സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചു.

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ച അദ്ദേഹത്തിന് 'ഗുരുപൗര്‍ണമി' എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരവും ആശാന്‍ പുരസ്‌കാരവും ലഭിച്ചു.

 


 

പൂവച്ചല്‍ ഖാദര്‍

മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ 22-ന് മലയാളത്തിലെ എണ്ണംപറഞ്ഞ ചലച്ചിത്രഗാന രചയിതാവും പ്രശസ്ത കവിയുമായിരുന്ന പൂവച്ചല്‍ ഖാദര്‍ യാത്രയായി. കോവിഡ് ആയിരുന്നു മരണകാരണം. 1948 ഡിസംബര്‍ 25-ന് കാട്ടാക്കടയ്ക്കടുത്ത് പൂവച്ചലില്‍ ജനിച്ച മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ പൊതുമരാമത്തു വകുപ്പില്‍ ദീര്‍ഘകാലം എന്‍ജിനീയറായിരുന്നു.

അരനൂറ്റാണ്ടോളമായി സിനിമാ ഗാനമേഖലയില്‍ പ്രവര്‍ത്തിച്ച പൂവച്ചല്‍ ഖാദര്‍  മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിരുന്നു.  സ്‌കൂളിലെ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. പിന്നീട് കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നകാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 -ല്‍ ചലച്ചിത്രഗാനരചയിതാവായി. 

മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളില്‍ പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ഒരു കുടക്കീഴില്‍, കാറ്റു വിതച്ചവന്‍, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍,  അടക്കമുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍),  'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍, ശരറാന്തല്‍ തിരിതാഴും (കായലും കയറും) മൗനമേ നിറയും മൗനമേ (തകര), സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള), രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍റ്റ് മത്തായി), 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു, നീയെന്റെ പ്രാര്‍ഥനകേട്ടു' (കാറ്റുവിതച്ചവന്‍), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളില്‍ (തമ്മില്‍ തമ്മില്‍), കിളിയേ കിളിയേ (ആ രാത്രി), പൂമാനമേ ഒരു രാഗമേഘം താ (നിറക്കൂട്ട്), കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ (താളവട്ടം), മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ (ദശരഥം) തുടങ്ങിയവയാണ് പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലത്. നാടകങ്ങള്‍ക്കു വേണ്ടി പൂവച്ചലൊരുക്കിയ പാട്ടുകള്‍ക്ക്  ബാബുരാജ്, കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഈണമിട്ടു.

ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ, രാമായണക്കിളി ശാരികപ്പൈങ്കിളി, നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു,  തുടങ്ങിയ പാട്ടുകള്‍ ലളിതഗാനങ്ങള്‍ ആകാശവാണിയിലൂടെയാണ് ജനപ്രിയമായത്. തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 


 

തോമസ് ജോസഫ് 

അടുത്ത മാസം, ജുലൈ 29-ന് ദീര്‍ഘകാലത്തെ രോഗപീഡകള്‍ക്കു ശേഷം പ്രമുഖ കഥാകൃത്ത് തോമസ് ജോസഫ് ജീവിതപുസ്തകം അടച്ചുവെച്ചു.  1954 ജൂണ്‍ 8-ന് ജനിച്ച അദ്ദേഹത്തിന്റെ കഥകള്‍ മലയാള കഥയിലെ മാജിക്കല്‍ റിയലിസത്തിന്റെ ആവിഷ്‌കാരങ്ങളാണ്. നോവല്‍ വായനക്കാരന്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, പരലോക വാസസ്ഥലങ്ങള്‍, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ എന്നിവ പ്രധാന കൃതികളാണ്. 

ഫാക്ട് ഹൈസ്‌കൂള്‍ വാര്‍ഷിപ്പതിപ്പിലാണ് ആദ്യകഥ പ്രസിദ്ധീകരിച്ചത്. 1980 -കളുടെ തുടക്കത്തില്‍ നരേന്ദ്രപ്രസാദിന്റെയും വി. പി. ശിവകുമാറിന്റെയും പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയ സാങ്കേതം' മാസികയില്‍ അത്ഭുത സമസ്യ പ്രസിദ്ധീകരിച്ചതോടെ മലയാള കഥാസാഹിത്യത്തില്‍ ശ്രദ്ധേയനായി. എ. ജെ. തോമസ് അത്ഭുത സമസ്യ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഹരിതം ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. 

1984 മുതല്‍ മാതൃഭൂമി ഞായറാഴ്ച പതിപ്പിലും, കലാകൗമുദിയിലും നിരന്തരമായി കഥകള്‍ എഴുതിയിരുന്നു. ചിത്രശലഭങ്ങളുടെ കപ്പല്‍, പശുവുമായി നടക്കുന്ന ഒരാള്‍, ഒരു തീവണ്ടിയുടെ ഏകാന്തത അളക്കാന്‍ ആര്‍ക്ക് കഴിയും തുടങ്ങിയ കഥകള്‍ ഇന്ത്യന്‍ ലിറ്ററേച്ചറില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് . സക്കറിയയും എ.ജെ.തോമസുമാണ് കഥകള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. സാത്താന്‍ ബ്രഷ് ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. 

'മരിച്ചവര്‍ സിനിമ കാണുകയാണ് ' എന്ന ചെറുകഥ 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. മൃഗയ അവാര്‍ഡ് (1984), എസ്ബിടി സാഹിത്യ പുരസ്‌കാരം(1996), കെ എ കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്‌കാരം, വി പി ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് (2003), 2009ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. 

 

 

ബിച്ചു തിരുമല

ഇക്കഴിഞ്ഞ മാസം, നവംബര്‍ 26-നായിരുന്നു മലയാള ചലച്ചിത്രഗാനശഖയ്ക്ക് ആഴത്തിലുള്ള നഷ്ടംവിതച്ച് 
പ്രശസ്തന ഗാനരചയിതാവവും കവിയുമായ ബിച്ചു തിരുമല വിടവാങ്ങിയത്. 

സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണട്. നാനൂറിലേറെ സിനിമകളിലായി പുറത്തുവന്ന ആയിരത്തിലേറെ ഗാനങ്ങളുടെ രചന നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി  ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.

1942 ഫെബ്രുവരി 13-ന് ശാസ്തമംഗലത്താണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. 

1970-ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ശബരിമല ശ്രീ ധര്‍മ്മശാസ്താ' എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി 'ബ്രാഹ്മമുഹൂര്‍ത്തം' എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച 'അക്കല്‍ദാമ' യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981- ലും (തൃഷ്ണ, തേനും വയമ്പും) 1991-ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ 'സത്യം' എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.

'ശക്തി' എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, 'ഇഷ്ടപ്രാണേശ്വരി' എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.

click me!