നഷ്ടപ്പെട്ട നെരൂദ കവിതകള്‍:  ഒരു ഗംഭീര തിരിച്ചുവരവ്!

By Web Team  |  First Published Jul 12, 2021, 7:19 PM IST

വിശ്വമഹാകവി പാബ്ലോ നെരൂദയ്ക്ക് ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഇന്ന് 117 വയസ്സാവുമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട കവി കൂടിയായ നെരൂദയുടെ പിറന്നാള്‍ ദിനത്തില്‍, അസാധാരണമായ രണ്ട് പുസ്തകങ്ങളുടെ കഥ പറയുന്നു, വിവര്‍ത്തകയും എഴുത്തുകാരിയുമായ രശ്മി കിട്ടപ്പ
 


Then come back, The Lost Neruda Poems എന്ന പേരില്‍ നെരൂദയുടെ നഷ്ടപ്പെട്ട കവിതകളുടെ ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് ഫോറെസ്റ്റ് ഗാന്‍ഡറാണ്. ആ അനുഭവം അദ്ദേഹമിങ്ങനെ എഴുതുന്നു. ''അല്പം സന്ദേഹത്തോടെയാണ് പരിഭാഷകള്‍ ചെയ്യാനിരുന്നതെങ്കിലും, തിളങ്ങുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍, നഷ്ടപ്പെട്ട കവിതകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ മിനുട്ടുകള്‍ മണിക്കൂറുകളായി രൂപാന്തരപ്പെട്ടു. അത്താഴം കഴിക്കാന്‍ പോലും ഞാന്‍ മറന്നുപോയി. ജനാലകളില്‍ ഇരുട്ടുപരന്നു. എന്നില്‍ നിന്ന് ഞാന്‍ അപ്രത്യക്ഷനായി.'' നെരൂദയുടെ നഷ്ടപ്പെട്ട കവിതകളെക്കുറിച്ച് വായിക്കുമ്പോള്‍ നഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ കഥയാണ് മനസ്സിലെത്തുന്നത്.

 

Latest Videos

undefined

നെരൂദയുടെ 'നഷ്ടപ്പെട്ട കവിതകളുടെ പുസ്തകം'

 

മൂന്നുവര്‍ഷം മുന്‍പൊരു ജന്മദിനത്തിലാണ് പാബ്ലൊ നെരൂദയുടെ 'നഷ്ടപ്പെട്ട കവിതകളുടെ പുസ്തകം' കൈയിലെത്തുന്നത്. ഈയടുത്ത കാലത്തായി കണ്ടുപിടിക്കപ്പെട്ട, ഇതുവരെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത കവിതകളുടെ ഒരു ശേഖരം. അതായിരുന്നു, നീലയും ചാരനിറവും കലര്‍ന്ന ചട്ടയുള്ള ആ പുസ്തകത്തിനുള്ളില്‍. നിങ്ങളെന്റെ നഷ്ടപ്പെട്ട കവിതകള്‍ കൂടി കണ്ടെടുത്തുകളഞ്ഞല്ലോ എന്ന ഭാവത്തോടെ, എങ്ങോട്ടോ നോക്കിനില്‍ക്കുന്ന നെരൂദയുമുണ്ട് പുറംചട്ടയില്‍.

1986ല്‍ പാബ്ലൊ നെരൂദ ഫൗണ്ടേഷന്‍, നെരൂദയുടെ ടൈപ്പ് ചെയ്തതും കൈകൊണ്ടെഴുതിയതുമായ കവിതകളുടെ ഒരു വലിയ ശേഖരം സംരക്ഷിക്കാനുള്ള തീരുമാനമെടുക്കുകയും പേപ്പര്‍ കേടുകൂടാതെയിരിക്കുന്ന പെട്ടികളില്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ നിന്നും അവയെ പരിരക്ഷിച്ചുകൊണ്ട് നിലവറയില്‍ സൂക്ഷിക്കുകയും ചെയ്തു. അന്നതിനെയെല്ലാം സംഘടിപ്പിക്കുകയും പ്രസിദ്ധീകരിക്കാത്ത കവിതകള്‍ തിരയുകയുമൊക്കെ ചെയ്ത അദ്ദേഹത്തിന്റെ വിധവ മെറ്റില്‍ഡയുടെ കണ്ണില്‍പ്പെടാതെ പോയി, നാപ്കിനുകളിലും, രസീതികളിലും, നോട്ട് പുസ്തകങ്ങളിലുമായി സ്പാനിഷ് ഭാഷയില്‍ എഴുതപ്പെട്ട ഈ കവിതകള്‍. 

മെറ്റില്‍ഡ, അതെ, 'ശരത്കാല സത്യവാങ്മൂലം' എന്ന കവിതയില്‍ നെരൂദ എഴുതിയ അതേ മെറ്റില്‍ഡ ഉറൂഷ്യ, കവി സച്ചിദാനന്ദന്റെ പരിഭാഷയിലൂടെ അന്ന് നമ്മള്‍ കണ്ട അതേ മെറ്റില്‍ഡ.

''മെറ്റില്‍ഡ ഉറൂഷ്യാ,
എനിക്കുണ്ടായിരുന്നതും ഇല്ലാതിരുന്നതും
ഞാന്‍ ആയിരിക്കുന്നതും അല്ലാതിരിക്കുന്നതും
നിനക്കായി ഇതാ ഇവിടെ വിട്ടുപോകുന്നു

എന്റെ സ്‌നേഹം
നിന്റെ കൈവിട്ടുപൊകാന്‍ പേടിക്കുന്ന ഒരു
കുട്ടിയാണ്.

അവനെ ഞാന്‍ എന്നെന്നേയ്ക്കുമായി
നിന്നെ ഏല്‍പ്പിക്കുന്നു-
സ്ത്രീകളില്‍വെച്ച് മനോഹരിയായ നിന്നെ.''

(വിവ: സച്ചിദാനന്ദന്‍)


Then come back, The Lost Neruda Poems എന്ന പേരില്‍ നെരൂദയുടെ നഷ്ടപ്പെട്ട കവിതകളുടെ ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് ഫോറെസ്റ്റ് ഗാന്‍ഡറാണ്. ആ അനുഭവം അദ്ദേഹമിങ്ങനെ എഴുതുന്നു. ''അല്പം സന്ദേഹത്തോടെയാണ് പരിഭാഷകള്‍ ചെയ്യാനിരുന്നതെങ്കിലും, തിളങ്ങുന്ന കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍, നഷ്ടപ്പെട്ട കവിതകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ മിനുട്ടുകള്‍ മണിക്കൂറുകളായി രൂപാന്തരപ്പെട്ടു. അത്താഴം കഴിക്കാന്‍ പോലും ഞാന്‍ മറന്നുപോയി. ജനാലകളില്‍ ഇരുട്ടുപരന്നു. എന്നില്‍ നിന്ന് ഞാന്‍ അപ്രത്യക്ഷനായി.''

നെരൂദയുടെ നഷ്ടപ്പെട്ട കവിതകളെക്കുറിച്ച് വായിക്കുമ്പോള്‍ നഷ്ടപ്പെട്ട ഒരു പുസ്തകത്തിന്റെ കഥയാണ് മനസ്സിലെത്തുന്നത്.

 


മള്‍ബറി ബുക്‌സ് പുറത്തിറക്കിയ ''നെരൂദയുടെ തിരഞ്ഞെടുത്ത കവിതകള്‍''. പിന്നീട് കവി സച്ചിദാനന്ദന്‍ നല്‍കിയത്. ആദ്യ പേജില്‍, അദ്ദേഹത്തിന്റെ കൈയൊപ്പ് കാണാം. 

 

അന്നുമുതലാണ് നെരൂദ 
ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങിയത്

എണ്‍പതുകളുടെ അവസാനത്തിലെ ഒരു സന്ധ്യയിലാണ് മള്‍ബറി ബുക്‌സ് പുറത്തിറക്കിയ ''നെരൂദയുടെ തിരഞ്ഞെടുത്ത കവിതകള്‍'' എന്ന പുസ്തകവുമായി അച്ഛന്‍ കയറിവരുന്നത്. എന്നത്തേയും പോലെ അന്നും പുസ്തകം കിട്ടിയത് എന്റെ കൈയിലാണ്. ഇത്തിരി കുശുമ്പോടെ അനിയത്തി നോക്കിനില്‍ക്കുമ്പോള്‍ അവളെ സങ്കടപ്പെടുത്തണ്ട എന്നുകരുതി നമുക്കൊരുമിച്ചു വായിക്കാം എന്നുപറഞ്ഞ് ഉമ്മറവാതില്‍ കടന്നെത്തുന്ന ആ കൊച്ചുമുറിയിലെ ഒറ്റ സോഫയില്‍ ആദ്യമിരുന്നത് ഞാനാണ്. ഒരു നിഴലുപോലെ എന്നും കൂടെയുണ്ടായിരുന്ന അവള്‍ എന്നെ തൊട്ടുരുമ്മിയിരുന്നു. പതിവുപോലെ എന്തോ ഓര്‍ത്ത് അച്ഛന്‍ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് ഉമ്മറത്തെ വക്കുപൊട്ടിയ പ്ലാസ്റ്റിക് കസേരയിലിരുന്നു. അന്നുമുതലാണ് നെരൂദ ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങിയത്.

കവി സച്ചിദാനന്ദനിലൂടെയാണ് നെരൂദ ഞങ്ങളുടെ മനസ്സിലേക്ക് കടന്നത്. അന്നുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകള്‍, കേട്ടിട്ടില്ലാത്ത പേരുകള്‍, എങ്ങിനെയാണ് കവിത വായിക്കേണ്ടതെന്ന് നിശ്ചയം പോലുമില്ലാതിരുന്ന ആ കാലത്ത് ആ പുസ്തകം തൊടാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. കരിഞ്ഞ പച്ചയില്‍ വെള്ള എഴുത്തുകളോട് കൂടിയ ചട്ടയില്‍ കവിയുടെയും പരിഭാഷകന്റെയും മുഖങ്ങള്‍. തൊപ്പിയിട്ട നെരൂദയും ചെറുപ്പം വിടാത്ത മുഖമുള്ള സച്ചിദാനന്ദനും. കവിതകള്‍ ഞങ്ങള്‍ മാറിമാറി ഉറക്കെ  വായിച്ചു. 

എങ്കിലും എന്നും ഒരു കവിത മാത്രം ഞങ്ങളെ നേരിയ പിണക്കത്തിലെത്തിച്ചു. ആ കവിത എന്റെ സ്വന്തമാണെന്ന് ഞാന്‍ കരുതി. ''ചില കാര്യങ്ങളുടെ വിശദീകരണം'' എന്ന ആ കവിതയിലെ റാഫേലും, ഫെദറികോയും എന്റേതുമാത്രമാണെന്നും അതിലെ ലൈലാക്കുകളും ജെറേനിയം പുഷ്പങ്ങളും ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത എന്റെ തോട്ടത്തില്‍ വിരിഞ്ഞതാണെന്നും ഞാന്‍ കരുതി.

''ഇല്ലേ റാഫേല്‍?
ഭൂമിക്കടിയില്‍ കിടന്നുകൊണ്ട് നീയോര്‍ക്കുന്നില്ലേ ഫെദെറികോ,
ജൂണ്‍വെയില്‍ നിന്റെ വായില്‍ പൂക്കളിട്ടു തന്നിരുന്ന
എന്റെ വെണ്‍മാടങ്ങള്‍?
ഹൊ, സഹോദരാ, എന്റെ സ്വന്തം സഹോദരാ!''

എന്ന് വായിക്കുമ്പോള്‍ എന്റെ തൊണ്ടയിടറുകയും പുറത്തുവരാത്ത കണ്ണീര്‍കൊണ്ട് അക്ഷരങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. മാറൂ മോറിയും, മാച്ചൂപീക്ച്ചൂവും ഞങ്ങളെ ചിരിപ്പിച്ചു. 

കസേരയിലിരിക്കുന്ന അച്ഛന്‍ ഞങ്ങളെ സംശയത്തോടെ നോക്കി. കഥകളും കവിതകളും നിറഞ്ഞ ലോകത്തുനിന്നും എന്നെയും അനിയത്തിയെയും കാലം, കുറച്ചിട്ടും കുറച്ചിട്ടും കൂടിവരുന്ന ജീവിതത്തിരക്കുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറേക്കാലത്തേക്ക് ഞങ്ങള്‍ നെരൂദയെ മറന്നു, സച്ചിദാനന്ദനെ മറന്നു. ആ പഴയ വീട്ടിലെ അലമാരയില്‍ നിന്നും പുസ്തകങ്ങള്‍ പരിചയമില്ലാത്ത പുതിയ വീട്ടിലേക്ക് മാറി. അച്ഛന്റെ ഓര്‍മ്മകളില്‍ നിന്നും എല്ലാമെല്ലാം മാഞ്ഞുതുടങ്ങി.

രണ്ടായിരത്തില്‍ ഗുജറാത്തില്‍ നിന്നും ഉത്തര്‍പ്രദേശിലെ നോയ്ഡയിലേക്ക് താമസം മാറുമ്പോള്‍ എന്നെങ്കിലും എഴുത്തിലേക്ക് തിരിച്ചുവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. 2002-ല്‍ ഇന്ദിരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറുമ്പോള്‍ നഷ്ടപ്പെട്ടതെല്ലാം എന്നെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന വിശ്വാസവും ഉണ്ടായിരുന്നില്ല. 

 

നെരൂദ


കാണാതായ നെരൂദ പുസ്തകം
ആ നെരൂദയുടെ പുസ്തകം അപ്പോഴേക്കും നാട്ടിലെ അലമാരയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഓരോ തവണ പോകുമ്പോഴും അത് തിരഞ്ഞ് തിരഞ്ഞ് സങ്കടപ്പെട്ടുകൊണ്ടിരുന്നു മനസ്സ്. ആരാണത് കൊണ്ടുപോയതെന്ന് അച്ഛനും ഓര്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പലയിടത്തും അതിന്റെയൊരു കോപ്പി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആയിടക്കാണ് ഇന്ദിരാപുരം മലയാളി അസോസിയേഷന്റെ പരിപാടിക്ക് കവി സച്ചിദാനന്ദന്‍ മുഖ്യാതിഥിയായി എത്തുന്നത്. ആദ്യമായി കാണുകയാണ് കവിയെ. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴെല്ലാം മനസ്സിലൂടെ ആ പുസ്തകവും നെരൂദയും കടന്നുപോയ്‌ക്കൊണ്ടിരുന്നു. അന്ന് സ്റ്റേജില്‍ വെച്ച് അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഒരു സമ്മാനവും സ്വീകരിച്ചതായി ഓര്‍ക്കുന്നു.

പിന്നീട് 2011-ല്‍ വാരാണസിക്കടുത്ത് മുഗള്‍സരായ് എന്ന സ്ഥലത്തേക്ക്  താമസം മാറേണ്ടതായി വന്നു. ''കാവ്യകേളി'' എന്ന കവിതാഗ്രൂപ്പില്‍ അംഗമാകുന്നത് അവിടെവെച്ചാണ്. പ്രിയകവി തിരുനല്ലൂര്‍ കരുണാകരന്റെ മക്കളായ ടി.കെ.വിനോദനും, ടി.കെ.മനോജനും കവി സുഹൃത്തുക്കളായ, സരിതാവര്‍മ്മ, ടി.ടി ശ്രീകുമാര്‍ തുടങ്ങിയവരും കവിതക്ക് വേണ്ടി ഫേസ്ബുക്ക് വഴി ഉണ്ടാക്കിയ ഒരു കൂട്ടായ്മയാണ് കാവ്യകേളി. 2011-ല്‍ പാബ്ലൊ നെരൂദയുടെ ജന്മദിവസമായ ജൂലൈ 12-നാണ് കാവ്യകേളി ഉടലെടുക്കുന്നത്. കാവ്യകേളിയുടെ കൊല്ലത്തും കോഴിക്കോട്ടും നടക്കാറുള്ള കൂട്ടായ്മകള്‍ പലപ്പോഴും ഒരു കുടുംബാന്തരീക്ഷമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. കൂട്ടുകാരി മീരയാണ് എന്നെ കാവ്യകേളി എന്ന ഗ്രൂപ്പില്‍ ചേര്‍ക്കുന്നത്. കവി സച്ചിദാനന്ദനെയും കാവ്യകേളിയിലൂടെയാണ് പരിചയപ്പെടുന്നത്. 

അങ്ങനെ ഒരു തവണ ഡല്‍ഹിയില്‍ പോയപ്പോള്‍ മീരയുടെ കൂടെ സച്ചിമാഷെ കാണാന്‍ പോയി.

''ബോധി'' എന്ന് പേരുള്ള ആ വീട്ടിലെവിടെയോ ഒരു ബുദ്ധന്‍ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. ആ ചിന്ത മനസ്സില്‍ വെച്ചുകൊണ്ടുതന്നെയാണ് വളരെ ശാന്തമായി സംസാരിക്കുന്ന സച്ചിമാഷെ കേട്ടുകൊണ്ടിരുന്നത്. കാവ്യകേളിയെക്കുറിച്ചും കവിതയെക്കുറിച്ചും മാഷ് സംസാരിച്ചു. 

മീര അന്ന് സ്വന്തം കവിത ചൊല്ലി മാഷെ കേള്‍പ്പിച്ചതായി ഓര്‍ക്കുന്നു. കവിതകള്‍ എഴുതിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ഞാനന്ന്. സംസാരത്തിനിടയില്‍ മരുമകന്‍ വീട്ടിലേക്ക് കടന്നുവന്നപ്പോള്‍ ഇവര്‍ കവികളാണെന്നുപറഞ്ഞ് മാഷ് പരിചയപ്പെടുത്തിയതോര്‍ത്ത് അതിശയിക്കാറുണ്ട് ഇന്നും. 

 

.................................

Read More: നെരൂദയെ മലയാളിയാക്കിയ സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍

 

തിരിച്ചു വന്ന സച്ചിമാഷുടെ കൈയില്‍ 
എന്റെ നഷ്ടപ്പെട്ട പുസ്തകമുണ്ടായിരുന്നു

സംസാരത്തിനിടയില്‍ വിഷയം പഴയ നെരൂദക്കവിതകളിലേക്ക് കടന്നു. ആ പുസ്തകം വീട്ടില്‍ വന്ന കാലവും ഞങ്ങളത് വായിച്ചതും പറഞ്ഞപ്പോള്‍ മാഷ് ആ സച്ചിദാനന്ദന്‍ ചിരി ചിരിച്ചു. ആ പുസ്തകം കാണാതായതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ മാഷ് ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി.

ഒരിടത്ത് നഷ്ടപ്പെടുന്നത് മറ്റൊരിടത്ത് കണ്ടെത്തുന്നതിന്റെ ആക്‌സ്മികതയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത് അന്ന് ബോധിയില്‍ വെച്ചാണ്. തിരിച്ചു വന്ന സച്ചിമാഷുടെ കൈയില്‍ എന്റെ നഷ്ടപ്പെട്ട പുസ്തകമുണ്ടായിരുന്നു. അതേ കരിഞ്ഞ പച്ചയില്‍, വെള്ള എഴുത്തുകളോട് കൂടിയ ആ പുസ്തകം. തൊപ്പിയിട്ട നെരൂദയും ചെറുപ്പം വിടാത്ത സച്ചിദാനന്ദനും, ചട്ടയില്‍ അതേ ചുളിവുകള്‍, എവിടെയോ മറഞ്ഞിരുന്ന് അച്ഛന്‍ ചിരിക്കുന്നു.

''ഈ എഡിഷന്‍ പിന്നെ ഇറങ്ങിയിട്ടില്ല. എന്റെ കൈയില്‍ ഇത് അവസാനത്തേതാണ്. ഇത് രശ്മി വെച്ചോളു.''

എന്ത് പറയണമെന്നറിയാതെ തരിച്ച് നില്‍ക്കുമ്പോള്‍, മാഷുടെ കൂട്ടുകാരി ബിന്ദുച്ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു. ''ആ പുസ്തകം ഇത്രയും കാലം രശ്മിയെ കാത്തിരിക്കുകയായിരുന്നു.''

ഓര്‍ക്കുമ്പോള്‍ ഇന്നും ഉള്ള് നിറഞ്ഞുവരുന്നുണ്ട്.

ദില്ലിയിലെ ആ മഹാബോധിയെ ഓര്‍ക്കാതെ എന്റെ മനസ്സിലിപ്പോള്‍ നെരൂദ വരാറില്ല.

Then come back, The Lost Neruda Book എന്ന് ഇപ്പോള്‍ മനസ്സില്‍ പറയാന്‍ തോന്നുന്നു.

 

click me!