നൂറ്റിയൊന്നാമത്തെ വയസ്സില്‍ ആദ്യ കവിതാസമാഹാരം, വെറുതെയിരിക്കാനിഷ്‍ടപ്പെടാത്തൊരു മുത്തശ്ശി

By Web Team  |  First Published Nov 8, 2019, 4:16 PM IST

അതിനിടെയാണ് അവര്‍ താമസിക്കുന്നിടത്ത് അയല്‍ക്കാരിയായ സ്ത്രീ ഒരു കവിതാ രചനാ ക്ലാസ് സംഘടിപ്പിച്ചത്. സാറ അതില്‍ പങ്കെടുത്തു തുടങ്ങി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ തന്‍റെ ആദ്യത്തെ കവിതാസമാഹാരം പുറത്തിറക്കി.


നാല്‍പ്പതുകളിലും അമ്പതുകളിലുമൊക്കെ എത്തുമ്പോള്‍ തന്നെ ഇനിയെന്ത്, ഇനിയെന്താണ് എനിക്ക് ചെയ്യാനുള്ളത് എന്നൊക്കെ ചിന്തിച്ച് തുടങ്ങിയാലെന്ത് ചെയ്യും? ഇവിടെയൊരു മുത്തശ്ശി നൂറ്റിയൊന്നാമത്തെ വയസ്സില്‍ തന്‍റെ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുകയാണ്.  

'ജീവിതത്തില്‍ പുതുതായി എന്തെങ്കിലും ചെയ്‍തുകൂടേ'യെന്ന് ഒരു കൂട്ടുകാരി ചോദിക്കുമ്പോള്‍ സാറ യെര്‍ക്സിന്‍റെ പ്രായം അവരുടെ 90 -കളിലായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗ്രാജ്വേറ്റ് സ്‍കൂള്‍ ഓഫ് ഡിസൈനില്‍ നിന്നായിരുന്നു സാറ ബിരുദം നേടിയത്. പലതരം ജോലികളും അവര്‍ ചെയ്‍തിട്ടുണ്ട്. വിവിധ ഭൂപ്രദേശങ്ങള്‍ക്കനുസരിച്ച് വീടുകള്‍ തയ്യാറാക്കുന്ന ഒരു ആര്‍ക്കിടെക്ട്, മരവും സ്റ്റീലുമുപയോഗിച്ച് ശില്‍പങ്ങള്‍ തയ്യാറാക്കുക, പേപ്പിയര്‍ മാഷെ എന്നിങ്ങനെ അത് നീളുന്നു. എന്നാല്‍, പ്രായമേറിയപ്പോള്‍ ഈ ജോലികള്‍ ബുദ്ധിമുട്ടായിത്തുടങ്ങി. 

Latest Videos

അതിനിടെയാണ് അവര്‍ താമസിക്കുന്നിടത്ത് അയല്‍ക്കാരിയായ സ്ത്രീ ഒരു കവിതാ രചനാ ക്ലാസ് സംഘടിപ്പിച്ചത്. സാറ അതില്‍ പങ്കെടുത്തു തുടങ്ങി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ തന്‍റെ ആദ്യത്തെ കവിതാസമാഹാരം പുറത്തിറക്കി. ഡേയ്‍സ് ഓഫ് ബ്ലൂ ആന്‍ഡ് ഫ്ലെയിം (Days of Blue and Flame) എന്നായിരുന്നു പുസ്‍തകത്തിന്‍റെ പേര്. 'എപ്പോഴും തന്‍റെ മനസിന്‍റെ തൊട്ടിലില്‍ കവിതയുണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു'വെന്നാണ് സാറ തന്‍റെ കവിതാ സാമാഹാരത്തെ കുറിച്ച് പറയുന്നത്. 

സാറ, ക്ലീവ്‌ലാൻഡിലാണ് വളർന്നത്. പിന്നീട്, വാസ്തുശില്പിയായി വിദ്യാഭ്യാസം നേടി. അവളും ഒരു സുഹൃത്തും കൂടി അന്നൊരു മത്സരത്തിൽ ഒരുമിച്ച് പങ്കെടുത്ത് വിജയം നേടിയിരുന്നു. അങ്ങനെ, ആകസ്മികമായി അവൾ ലാൻഡ്സ്കേപ്പ് ഡിസൈനിൽ എത്തിച്ചേര്‍ന്നു. പിന്നീട്, ഒരുമിച്ച് ഒരു ബിസിനസ്സ് ആരംഭിക്കുകയും ചെയ്‍തു. പതിറ്റാണ്ടിനു ശേഷമാണ് ശില്‍പങ്ങളുടെ ലോകത്തേക്ക് അവളെത്തുന്നത്. അമ്പതുകള്‍ക്കും ശേഷം. അതിനിടെയാണ് അവര്‍ തന്‍റെ രണ്ടാമത്തെ ഭര്‍ത്താവുമായി വിവാഹിതയാകുന്നത്. ആര്‍ക്കിടെക്ടായ ഡേവിഡ് യെര്‍ക്സായിരുന്നു അത്. അന്നവര്‍ക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. എന്താണ് തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അവര്‍ക്ക് തന്നെ തോന്നിത്തുടങ്ങിയിരുന്നു. അതിനിടെയാണ് അടുത്തൊരു ശില്‍പനിര്‍മ്മാണ ക്ലാസ് തുടങ്ങുന്നുണ്ടെന്ന് കേട്ടത്. അങ്ങനെ ക്ലാസിന് പോയിത്തുടങ്ങി. പോവുക മാത്രമല്ല, ക്ലാസുകള്‍ അവര്‍ക്ക് അത്രയേറെ ഇഷ്‍ടമാവുകയും ചെയ്‍തു. എണ്‍പതാമത്തെ വയസ്സിലൊക്കെയും അവര്‍ ശില്‍പനിര്‍മ്മാതാവായി ജോലി തുടങ്ങി. പക്ഷേ, അന്ന് താമസിക്കുന്നയിടത്തെ സ്ഥലപരിമിതിയും സാധനങ്ങളെടുക്കാനും മറ്റുമുള്ള ബുദ്ധിമുട്ടുകളും തുടര്‍ന്നുണ്ടായി. 

അവിടെവെച്ചാണ് ഹെന്‍‍റി മോര്‍ഗന്‍തോ എന്നൊരാളുമായി അവര്‍ സൗഹൃദത്തിലാകുന്നത്. അദ്ദേഹമൊരു റിട്ടയേഡ് ടെലിവിഷന്‍ പ്രൊഡ്യൂസറായിരുന്നു. അവരുടെ പിതാവ് ഫ്രാങ്ക്ലിൻ ഡെലാനോ റൂസ്‌വെൽറ്റിന്റെ കീഴിൽ ട്രഷറി സെക്രട്ടറിയായിരുന്നു. ആദ്യം അവരിരുവരും സുഹൃത്തുക്കളായിരുന്നില്ലായെങ്കിലും ഒരേ സൗഹൃദവലയവും മറ്റും അവരെ സുഹൃത്തുക്കളാക്കി മാറ്റി. മാത്രവുമല്ല, ഒരേ ദിശയിലാണ് ഇരുവരും സഞ്ചരിക്കുന്നത് എന്ന തോന്നലുമുണ്ടായി. മാസത്തിലുണ്ടാകുന്ന കവിതാരചനാ പരിശീലനക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു മോര്‍ഗന്‍തോ. മോര്‍ഗന്‍തോ തന്നെയാണ് അതില്‍ പങ്കെടുക്കാന്‍ സാറയേയും പ്രോത്സാഹിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നൂറാമത്തെ വയസ്സില്‍ അദ്ദേഹം തന്‍റെ കവിതാ പുസ്‍തകം പ്രസിദ്ധീകരിച്ചു. യു‌എസ് ചരിത്രത്തിലെ പ്രധാന നിമിഷങ്ങളായ റൂസ്‍വെൽറ്റിന്റെ മരണം, ജൂതനായിരിക്കുന്നതിന്‍റെ അന്നത്തെ പ്രശ്‍നം. ലൈംഗികതയെ കുറിച്ചുള്ള കാര്യങ്ങളിലനുഭവിക്കേണ്ടി വരുന്ന പ്രശ്‍നങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്ന കവിതകളായിരുന്നു അത്. 

എന്നാല്‍, എങ്ങനെയാണ് കവിതകളെഴുതുക എന്നതിനെ കുറിച്ച് സാറയുടെ ചിന്തകളാകെ കുഴഞ്ഞുമറിഞ്ഞിരിപ്പായിരുന്നു. എന്നാല്‍, അധ്യാപികയായ ബോണി അത് ദുരീകരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി. മാത്രവുമല്ല, സാറയുടെ കവിത വായിച്ചപ്പോള്‍ ഒരിക്കലും കവിത എഴുതിയിരുന്നില്ല അവരെന്ന് വിശ്വസിക്കാനായില്ല എന്നായിരുന്നു അവരുടെ പ്രതികരണം. മാത്രവുമല്ല, അവര്‍ ഒരു ശില്‍പി ആയിരുന്നുവെന്നത് തന്നെ സന്തോഷിപ്പിച്ചു. അവരുടെയുള്ളില്‍ കലയുണ്ടായിരുന്നുവെന്നും ബോണി പറയുന്നു. 

മോര്‍ഗന്‍തോയുടെ പുസ്‍തകം പ്രസിദ്ധീകരിച്ച പാസേജര്‍ ബുക്സ് പ്രായമായവരുടെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നൊരു കമ്പനിയായിരുന്നു. പ്രായമാകുന്തോറും നമ്മുടെ അനുഭവത്തിന്‍റെയും കണ്ട കാഴ്ചയുടേയും തീവ്രതയേറുന്നു. അത് വ്യത്യസ്തവും രസകരവുമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നുവെന്നാണ് പ്രസിന്‍റെ എഡിറ്റര്‍ പറയുന്നത്. ലോകത്തിലേക്കും തന്നിലേക്കും തന്നെ തുറന്നുവച്ചവയായിരുന്നു സാറ യെര്‍ക്സ് തന്‍റെ നൂറ്റിയൊന്നാമത്തെ വയസ്സില്‍ പ്രസിദ്ധീകരിച്ച കവിതകള്‍. ഏതായാലും ഈ പ്രായത്തില്‍ പുസ്തകമെഴുതി എന്നതിനുമപ്പുറം അവരുടെയുള്ളില്‍ എന്നും കവിതയുണ്ടായിരുന്നുവെന്നതിന്‍റെ തെളിവുകൂടിയായിരുന്നു സാറയുടെ പുസ്‍തകം. 

click me!