കല്യാണിയും ദാക്ഷായണിയും മാറ്റിവരയ്ക്കുന്ന ദേശഭൂപടങ്ങള്‍

By Vaakkulsavam Literary Fest  |  First Published May 2, 2020, 4:42 PM IST

വാക്കുല്‍സവത്തില്‍ ഇന്ന് ആര്‍. രാജശ്രീ എഴുതിയ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിന്റെ വായന. ഡോ. ലിജി നിരഞ്ജന എഴുതുന്നു


പെണ്ണിന്റെ കാമനകളെ പൂര്‍ത്തികരിക്കുന്ന ആണിനെ മനസുകൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം എടുക്കുന്നവരാണ് ഈ നോവലിലെ പെണ്ണുങ്ങള്‍. കല്യാണി ലക്ഷ്മണനെയും ദാക്ഷായണി രാമചന്ദ്രനെയും കുഞ്ഞിപ്പെണ്ണ് ചിത്രസേനനേയും ചേയിക്കുട്ടി മച്ചുനിയനെയും ശരീരം കൊണ്ടും മനസുകൊണ്ടും സ്വീകരിക്കുന്നു എന്നത്  പെണ്ണിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ ചരിത്രങ്ങളുടെ കത കൂടിയാണ്. കുടുംബം എന്ന വ്യവസ്ഥയുടെ  മതില്‍ക്കെട്ടിനകത്തു നില്‍ക്കേണ്ടിവരുന്ന വ്യക്തികളും കുടുംബവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷം നോവലിലുടനീളം വ്യാപിക്കുന്നു.

 

Latest Videos

 

ഫേസ്ബുക്കിലൂടെ കടന്നുവന്നപ്പോള്‍തന്നെ മലയാളി വായന സമൂഹം ഏറ്റെടുത്ത അസാധാരണമായ ഒരു നോവലാണ് ആര്‍. രാജശ്രീ എഴുതിയ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ  കത'. ഫേസ്ബുക്കില്‍ ദിവസവും ഓരോ അധ്യായമായി പുറത്തുവന്നുകൊണ്ടിരുന്ന ഈ നോവല്‍ ചില മാറ്റങ്ങളോടെ പുസ്തകരൂപം പ്രാപിച്ചപ്പോള്‍ രണ്ടു മാസത്തിനുള്ളില്‍  അഞ്ച് പതിപ്പുകള്‍ പുറത്തുവന്നു. പെണ്ണെഴുത്തായും പെണ്ണിനെക്കുറിച്ചുള്ള എഴുത്തായും ഈ നോവല്‍ അതിന്റെ ഫേസ്ബുക്ക് ജീവിതകാലത്തു തന്നെ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരം വര്‍ഗീകരണങ്ങളെ അനായാസം മറികടക്കുന്ന ബഹുസ്വരമായ ഒരു സങ്കീര്‍ണതയുണ്ട് ഈ നോവലിന്.  അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ ജീവിച്ചിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരാരായ സ്ത്രീകളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ പെണ്ണിന്റെയും ദേശത്തിന്റെയും ചരിത്രത്തിന്റയും രാഷ്ട്രീയത്തിന്റെയും സന്ദിഗ്ദ്ധതകളെ അവതരിപ്പിക്കുകയാണ് കത.  

ദേശങ്ങള്‍, ദേശ സംസ്‌കൃതികള്‍, ചരിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന പെണ്ണിന്റെ ചരിത്രമാണ് കത. ദേശത്തിന്റെ ഭാഷയില്‍ 'തുള്ളിച്ചി'കളായി നടക്കുന്ന രണ്ട് പെണ്‍കുട്ടികള്‍-കല്യാണിയും ദാക്ഷായണിയും. മറ്റു സ്ത്രീകളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തിലെ വഴികളെ സ്വയം നിര്‍ണയിച്ചു കൊണ്ടിരിക്കുന്നവര്‍. മൂന്നാം ക്ലാസില്‍ പാവാട പൊക്കി തുടയില്‍ നുള്ളിയ മാഷെ ''പുയ്ത്ത് പോവ്വട നായിന്റ മോനേ'' എന്ന് ശാപവാക്കുകള്‍ ഉതിര്‍ത്തു കൊണ്ട് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോരുന്ന ദാക്ഷായണിയും, ദാക്ഷായണിക്ക് തുണയായി കൂടെയിറങ്ങുന്ന കല്യാണിയും, തങ്ങളുടെ വഴികളിലൂടെ ജീവിതത്തെ നയിക്കുന്നു. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്ക് പോയും നാട്ടിലെ പെണ്ണുങ്ങളുടെ പേറെടുത്തും സ്വയം വരുമാനം ഉണ്ടാക്കിയും സമ്പാദ്യമുണ്ടാക്കിയും കഴിയുന്ന ദാക്ഷായണിയും, കല്ലും മണ്ണും ചുമന്നും കെട്ടെടുത്തും പുറം പണിയുമായി കഴിയുന്ന കല്യാണിയും നാട്ടകങ്ങളിലെ ഉശിരുള്ള പെണ്ണുങ്ങളുടെ പ്രതിനിധികളാണ്. എന്നാല്‍ കോപ്പുകാരനും ആണിക്കാരനും അവരുടെ 'പുരുഷന്മാര്‍' ആയി വരുന്നതോടെ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന വിപര്യയങ്ങള്‍ ,അവയെ മറികടക്കാനും, അതിജീവിക്കാനും  അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പെണ്ണിന്റെ ചരിത്രമായി, ദേശ ചരിത്രങ്ങളായി, ആഖ്യാനങ്ങളായി മാറുന്നതാണ് ഈ കത. ചവുട്ടി നില്‍ക്കുന്ന മണ്ണില്‍ നിന്നും അടര്‍ന്നു പോവുന്നവരും പുതഞ്ഞു പോവുന്ന മണ്ണില്‍ സ്വയം അടയാളങ്ങളായി ചെറുത്തു നില്‍ക്കുന്നവരുമാണ് ഈ കതയിലെ സ്ത്രീകള്‍. ഒരിക്കലും ഒരു ചരിത്രത്തിലും  അടയാളപ്പെടുത്താത്ത നാടന്‍ പെണ്ണുങ്ങളുടെ കരുത്തിനെ, നാട്ടറിവിന്റെ ആകാരങ്ങളെ, തന്‍മയോടെ രേഖപ്പെടുത്തുന്നു കല്യാണിയും ദാക്ഷായണിയും.

 

.................................................................

Read more: 'ഒരു പുരുഷനെന്തിന് സ്ത്രീയെ ബഹുമാനിക്കണമെന്ന് ആലോചിച്ച് ഞാന്‍ ഉറക്കമിളച്ചു' 
.................................................................


ദേശം- അന്യത്വവും യാഥാര്‍ഥ്യവും
'ഓരോ വ്യക്തിയും ഓരോ സ്വതന്ത്ര ദേശമാണ്' എന്ന തിരിച്ചറിവ് മുന്നോട്ടു വയ്ക്കുന്നു ഈ നോവല്‍. ദേശങ്ങളെ ആത്മബോധത്തിന്റെയും ശരീരത്തിന്റെയും ഭാഗമായി കാണുന്ന പെണ്ണ് ദേശത്തിന്റെ ചരിത്രം നിര്‍മ്മിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ദേശം അവള്‍ക്കു സ്വന്തമല്ല എന്ന വൈരുധ്യത്തെ ഈ നോവല്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. 'കല്യാണിക്ക് ഉളളം കൈക്കൊപ്പം നിവരുന്നതാണ് ദേശത്തിന്റെ ഭൂപടം.' (കല്യാണിക്ക് മാത്രമല്ല 'കല്യാണിയുടെയും ദാക്ഷായണിയുടെയും കത' കാരിക്കും ബാധകമായ ആഖ്യാനമാണിത്.) എന്നാല്‍ നാടിനെ ജീവനും ജീവവായുവുമായി സ്വയം അറിയാതെ വഹിച്ചു കൊണ്ട് നടക്കുന്ന പെണ്‍ജന്മങ്ങള്‍ക്ക് ഒരു നാടും സ്വന്തമല്ലെന്ന തിരിച്ചറിവാണ് ദേശം നല്‍കുന്നത്. ''സ്ത്രീകള്‍ക്കെന്തോ നാട്? എന്തോ വീടാ'' എന്ന  ആണിക്കാരന്റെ ചോദ്യത്തിന്റെ പൊരുള്‍ കാലങ്ങള്‍ക്കു ശേഷം ദാക്ഷായണി തിരിച്ചറിയുന്നുണ്ട്. നാട്ടുനടപ്പുകള്‍ക്കും വ്യവസ്ഥകള്‍ക്കും അതീതമാകുന്ന പെണ്ണിന്റെ രീതികളെ ഉള്‍ക്കൊള്ളാന്‍ നാടിനോ നാട്ടാര്‍ക്കോ കഴിയില്ലെന്നും സ്വയം അനാഥയാക്കപ്പെടുമെന്നും ദാക്ഷായണി മനസിലാക്കുന്നുണ്ട്. ആണിക്കാരനെ ഉപേക്ഷിച്ചു വന്ന ദാക്ഷായണിയോട് നാടും വീടും പറമ്പും  കലഹിക്കുന്നതായും വെറുക്കുന്നതായി തോന്നുന്നുണ്ട്. തങ്ങളുടെ പുരുഷന്മാരെ ഉപേക്ഷിച്ച് സ്വന്തം ഇടങ്ങളില്‍ പൊരുതി ജീവിച്ചവരാണ് ദാക്ഷായണിയും കല്യാണിയും. ആണിക്കാരന്റെ ദേശത്തെത്തിയ ദാക്ഷായണിക്ക് സ്വന്തം ദേശത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആ ഇടത്തിന് തന്നെ ഉള്‍ക്കൊള്ളാനോ, തനിക്ക് ആ ഇടത്തില്‍ വേരുറപ്പിക്കാനോ കഴിയില്ല എന്ന ബോധം ഉണ്ട്. തെക്ക് /വടക്ക് ദേശങ്ങളുടെ അന്തരം, മണ്ണ്, മനുഷ്യര്‍, ലിംഗം, ജാതി, രാഷ്ട്രീയം,  ആചാരം, വിശ്വാസം ,ഭാഷ തുടങ്ങിയവയെല്ലാം വ്യതിരിക്തമായി നില്‍ക്കുന്നത് പ്രത്യക്ഷവും പരോക്ഷവുമായി ഈ നോവലില്‍ നിന്നു വായിച്ചെടുക്കാം. 

സ്വന്തം ആഗ്രഹങ്ങള്‍, കാമനകള്‍, വിശ്വാസങ്ങള്‍, നിലപാടുകള്‍, ജീവിത ചുറ്റുപാടുകള്‍ ,അതിജീവനത്തിന്റെ പൊരുതലുകള്‍ തുടങ്ങി നാനാതരം ജീവിത സമസ്യകള്‍ക്കുള്ളില്‍ പെണ്ണ് അവളുടെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഭാഷകൊണ്ടും വരയ്ക്കുന്ന ദേശത്തിന്റെ ഭൂപടങ്ങളാണ് 'കത' യില്‍ പടര്‍ന്നു നില്‍ക്കുന്നത്. ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്ക് പറിച്ച നടേണ്ടവളും   വേരുകളാഴ്ത്താന്‍ സ്വയം പൊരുതേണ്ടവളുമാണ് സ്ത്രീ. കോപ്പുകാരന്റെ ദേശവും കല്യാണിയുടെ ദേശവും രണ്ടു സ്വതന്ത്ര റിപ്പബ്ലിക്കുകളാണെന്ന് കല്യാണിക്ക് തോന്നിയിരുന്നു. രണ്ടു ദേശങ്ങളിലേക്കും വീടുകളിലേക്കും ചരിച്ചു കൊണ്ടിരിക്കുന്ന അവള്‍ക്കും സ്വന്തം ഇടം എന്നത്  പൊരുതി യുണ്ടാക്കേണ്ടതാണ്. വേരുകള്‍ മണ്ണിലേക്കാഴുന്നതിന് മുമ്പ് പിഴുതെടുക്കപ്പെട്ട വളാണ് താന്‍ എന്നും, പെണ്ണിന് ഒരിക്കലും സ്വന്തമാകാത്ത ദേശമാണ് അതെന്നും കല്യാണിക്കും അനുഭവപ്പെടുന്നു.'ഒരിട'വും തനിക്ക് ഉറച്ചു നില്‍ക്കാന്‍ കഴിയുന്നതെല്ലന്ന സത്യം കല്യാണി തിരിച്ചറിയുന്നു.. ദേശം എന്ന അവകാശം പെണ്‍ ജീവിതത്തിന്  ബലപ്പെടാത്തതാണെന്ന സത്യവും തിരിച്ചറിയുന്നു.   നിര്‍ണയിക്കപ്പെട്ട ദേശ ബോധങ്ങളില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന പെണ്ണിന് സ്വന്തം ഇടം'' നിര്‍ണയിക്കുക എന്നത് പെണ്‍ ചരിത്രത്തിന്റെ വെല്ലുവിളി കൂടിയാണ്. ആ വെല്ലുവിളിയെ ഒരു പരിധി വരെ മറികടക്കാന്‍ സ്വയം പൊരുതുന്നവര്‍ എന്നതാണ്  കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവചരിത്രം. ദേശചരിത്രത്തില്‍ സംഭവിക്കുന്ന പരിണാമത്തെ ആഖ്യാനം ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.  'വീടുകള്‍ പോലെത്തന്നെ വിട്ടുപോവാനു ളള ഇടമായി ദേശം രൂപപ്പെട്ടു. അതുണ്ടാക്കിയ ശൂന്യത ഭയങ്കരമായിരുന്നു. ദേശത്തിന്റെ വിരലില്‍ നിന്ന് പിടിവിട്ട് പെരുവഴികളിലേക്ക് ഓടിയിറങ്ങിയ കുഞ്ഞുങ്ങളായിരുന്നു ഞങ്ങള്‍. കാലൂന്നിയ ഇടങ്ങളെല്ലാം ഞങ്ങള്‍ക്ക് അന്യദേശങ്ങളായി തുടര്‍ന്നു. 'ദേശത്തിന്റെ അന്യത്വം, കാലചരിത്രത്തില്‍ സംഭവിച്ച ദേശരൂപാന്തരം, ദേശം എന്ന യാഥാര്‍ത്ഥ്യം എന്നിവയാണ് ഈ ആഖ്യാനങ്ങളിലൂടെ രൂപപ്പെടുന്നത്.

 

......................................................................

ലൈംഗികാധികാരത്തിന്റെ ഉത്തുംഗമായ  കോട്ടകളാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നിലം പരിശാവുന്നത്. സ്വയം പ്രതിരോധത്തിന്റെ ഈ ഭാഷയാണ് സ്ത്രീക്ക് ശക്തി പകരുന്നത്.


 

കുടുംബം എന്ന വാക്ക്    
കെട്ടിമുറുക്കിയ കുടുംബബന്ധങ്ങള്‍ക്കിടയില്‍ തകര്‍ന്നു പോവുന്ന സ്ത്രീ ജീവിതങ്ങളില്‍ നിന്നും ഭിന്നമാണ് ഇതിലെ സ്ത്രീകളുടെ ജീവിതം. പെണ്ണിന്റെ കാമനകളെ പൂര്‍ത്തികരിക്കുന്ന ആണിനെ മനസുകൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം എടുക്കുന്നവരാണ് ഈ നോവലിലെ പെണ്ണുങ്ങള്‍. കല്യാണി ലക്ഷ്മണനെയും ദാക്ഷായണി രാമചന്ദ്രനെയും കുഞ്ഞിപ്പെണ്ണ് ചിത്രസേനനേയും ചേയിക്കുട്ടി മച്ചുനിയനെയും ശരീരം കൊണ്ടും മനസുകൊണ്ടും സ്വീകരിക്കുന്നു എന്നത്  പെണ്ണിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ ചരിത്രങ്ങളുടെ കത കൂടിയാണ്. കുടുംബം എന്ന വ്യവസ്ഥയുടെ  മതില്‍ക്കെട്ടിനകത്തു നില്‍ക്കേണ്ടിവരുന്ന വ്യക്തികളും കുടുംബവ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷം നോവലിലുടനീളം വ്യാപിക്കുന്നു.  'ആത്തെറയത്ത് കിടന്ന് കുടംബം എന്ന വാക്ക് കൈകാലിട്ടടിച്ചു ' എന്ന പ്രയോഗം തന്നെ കുടുംബത്തിന്റെ ശൈഥില്യത്തെയും, സംഘര്‍ഷങ്ങളെയും രേഖപ്പെടുത്തുന്നുണ്ട്. വിക്‌ടോറിയന്‍ സദാചാര ബോധങ്ങളും ആധുനിക കുടുംബ രൂപീകരണവും പുരുഷകേന്ദ്രിതമായ വ്യവസ്ഥയ്ക്കുള്ളില്‍ കുടുംബം എന്ന മതില്‍ക്കെട്ടിനെ കൂടുതല്‍ ഭദ്രമാക്കി തീര്‍ത്തു. അത്തരം മതില്‍ക്കെട്ടുകള്‍ ഭേദിക്കല്‍ എളുപ്പമല്ലെന്ന് സൈക്യാട്രിസ്റ്റിന്റെ മുന്നിലിരിക്കുന്ന ആഖ്യാതാവായ വര്‍ത്തമാന സ്ത്രീയുടെ ഭാഷ്യത്തില്‍ നിന്നും വ്യക്തമാവുന്നു.ശരീരത്തെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് ചിന്തിക്കാവുന്നതല്ല സ്ത്രീ ജീവിതത്തിന്റെ അടരുകള്‍ എന്ന്  കതയിലെ പെണ്‍കുട്ടങ്ങളിലൂടെ ബോധ്യപ്പെടുന്നുണ്ട്. 

സ്വന്തം ശരീരത്തെ ശരീര കാമനകളെ ഏറ്റവും പ്രധാനമായി കാണുന്ന പെണ്ണുങ്ങളാണ് കല്യാണിയും. ദാക്ഷായണിയും ചേയിക്കുട്ടിയുമെല്ലാം. ശരീര കാമനകള്‍ ജൈവികമായ സത്തയാണെന്ന തിരിച്ചറിവുള്ളവരാണ് അവര്‍. സ്വതന്ത്രമായി തന്റെ ശരീരത്തിന്റെ ആഗ്രഹങ്ങളെ  പൂര്‍ത്തികരിക്കാനും ലൈംഗികമായി തന്നെ തൃപ്തിപ്പെടുത്താനും കഴിയുന്ന ആണിനെ  ഇഷ്ടപ്പെടുന്നവരാണ് ഇതിലെ പെണ്ണുങ്ങള്‍. ഭര്‍ത്താവിന്റെ അനുജനായ ലക്ഷ്മണനുമായുള്ള കല്യാണിയുടെ ബന്ധം ഊഷ്മളമാണ്. അയാളുമായുള്ള  ശാരീരിക  ബന്ധം കല്യാണിയില്‍ കുറ്റബോധമോ പാപചിന്തയോ ഉണ്ടാക്കുന്നില്ല. പട്ടാളക്കാരന്റെയും ചിത്രസേനന്റയും ജീവിത പങ്കാളിയാകുന്ന കുഞ്ഞിപ്പെണ്ണും താന്‍ ഇഷ്ടപ്പെടുന്ന പുരുഷനുമായുള്ള ശരീരബന്ധത്തെ ഏറ്റവും   അസ്വാദ്യകരമായാണ് അനുഭവിക്കുന്നത്. ചിത്രസേനനനും കുഞ്ഞിപ്പെണ്ണും തമ്മില്‍ ഇണചേരുന്ന  രംഗം മരതങ്കോടി പൊന്നമ്മേടെ നാടന്‍ പാട്ടു കൊണ്ട് ഏറ്റവും ഭാവാത്മക സൗന്ദര്യത്തിലൂടെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. ലൈംഗിക ബന്ധങ്ങളോ, ലൈംഗിക ജീവിതമോ ഏറ്റവും പ്രധാനമായി കാണുന്ന പെണ്‍ ജീവിതങ്ങളാണ് കതയില്‍. കിടപ്പറകളിലെ ബലാല്‍ക്കാരങ്ങളാകുന്ന ലൈംഗിക ജീവിതത്തെ തിരസ്‌ക്കരിക്കുകയും സ്വതന്ത്രവും ഊര്‍ജ്ജസ്വലവും  ആസ്വാദ്യവുമായ  ലൈംഗികതയെ സ്വീകരിക്കുകയും ചെയ്യുന്നെ പെണ്ണുങ്ങളാണ് കതയില്‍ കാണുന്നത്.  

നോവല്‍ ഉയര്‍ത്തുന്ന മറ്റൊരു പ്രമേയം കുടുംബം എന്ന സങ്കല്‍്പത്തിനു തന്നെ ആധുനികകാലത്തുണ്ടാകുന്ന മാറ്റമാണ്. ''ഞാനും എന്റെ ഫാര്യയും മോനും മാത്രം'' എന്ന് മറ്റാര്‍ക്കും ഇടമില്ലാത്ത നാടിന്റെയോ മറ്റ് ബന്ധുത്വത്തിന്റെയോ യാതൊരു അവശേഷിപ്പുകളുമില്ലാത്ത മൂടിക്കെട്ടിയ കുടുംബത്തെ സങ്കല്പിക്കുന്ന ആണിക്കാരനില്‍ നിന്നുമാണ് ദാക്ഷായണി മോചിതയാകുന്നത്. അവള്‍ കാംക്ഷിക്കുന്ന കുടുംബം നാടിന്റേതു കൂടിയാണ്. അയഞ്ഞതും പരസ്ത്രീയെയും പരപുരുഷനെയും സ്വീകരിക്കുന്ന തുറസ്സുള്ള കുടുംബമായതുകൊണ്ടാണ് പോരടിച്ചും വഴക്കടിച്ചും സ്‌നേഹ ബന്ധങ്ങള്‍ ഉറപ്പിക്കാന്‍ പെണ്ണുങ്ങള്‍ക്ക് കഴിയുന്നത്. ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റി ജീവിക്കുമ്പോഴും പതറിപ്പോകാത്തവളായി വാര്‍ദ്ധക്യത്തിലും ഉശിരുള്ളവളായി ചേയിക്കുട്ടി നില്‍ക്കുന്നത്. ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല മരിച്ചവരോടും നിത്യേന പോരടിച്ചു കൊണ്ട് മാത്രമാണ് ചേയിക്കുട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നത്. നാരായണന്‍ വീട് വിട്ട് പോയെങ്കിലും കല്യാണി അവിടെ വേണമെന്ന് അവള്‍ ആഗ്രഹിക്കുന്നത് പെണ്ണിനോടുള്ള നന്മയുടെയും കരുതലിന്റയും  കൂടിയാണ്. ഇതിന്റെ എതിര്‍ധ്രുവത്തില്‍ നില്ക്കുന്നതാണ് ആണിക്കാരന്റെ കുടുംബ സങ്കല്പം. ആണിക്കാരനും ദാക്ഷായണിയ്ക്കും ഇടയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഈ കുടുംബസങ്കല്‍പങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുമാണ്.

ദേശത്തെ സ്വത്വത്തിന്റെ ഭാഗമായി കാണുന്ന പെണ്ണ് നിര്‍മ്മിക്കുന്ന ചരിത്രത്തില്‍ 'ദേശവും പെണ്ണും' എന്ന സമവാക്യം രൂപപ്പെടുന്നു.  വ്യത്യസ്തമായ അഭിരുചികളും സംസ്‌കൃതികളും രാഷ്ട്രീയങ്ങളും ചരിത്രങ്ങളുമുള്ള ഒരു 'പൊതു 'വിനെയാണ് ഓരോ ദേശവും അടയാളപ്പെടുത്തുക. വ്യക്തമായ അതിരുകളും അകം/പുറങ്ങളും ഓരോ ദേശത്തിനുമുണ്ട്. സാംസ്‌കാരികവും സാമ്പത്തികവും ദേശീയവുമായ അധിനിവേശങ്ങള്‍ ദേശത്തിന്റെ ചരിത്രത്തെയും സംസ്‌കൃതികളെയും രൂപാന്തരപ്പെടുത്തുന്നു. ആധിപത്യങ്ങളുടെ ശക്തി തദ്ദേശത്തെ  പുതുദേശമാക്കി മാറ്റുന്നു. ആ പുതുമയിലും സംഘര്‍ഷത്തിന്റെയും അന്യമാക്കലിന്റെയും അരികുവല്‍ക്കരണത്തിന്റയും കഥകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒളിഞ്ഞിരിക്കുന്ന അത്തരം ചരിത്രങ്ങള്‍ പ്രതിരോധത്തിന്റെ പ്രാദേശിക ഇടങ്ങള്‍ സൃഷ്ടിക്കും. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ദേശത്തിന് മാത്രം ബാധകമായത് അല്ല.  ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് ചരിക്കേണ്ടി വരുന്ന സ്ത്രീക്കും ബാധകമാണ്. സ്വന്തം ഇടം ഏതാണെന്ന് സന്ദിഗ്ദ്ധമാവുന്ന പെണ്ണിനു മേല്‍ അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ആധിപത്യങ്ങള്‍ പതിഞ്ഞുകൊണ്ടേയിരിക്കും. സ്വന്തം ചിന്തയ്ക്കും ശരീരത്തിനും, അറിവിനും തന്റേതായ എല്ലാത്തിനും  മേല്‍ നടത്തുന്ന അധികാരത്തെ നിഷ്പ്രഭമാക്കാന്‍ പെണ്ണ് നടത്തുന്ന സമരങ്ങള്‍ അടുക്കളയും കിടപ്പറയും കടന്ന് ദേശത്തിലേക്ക് വ്യാപിക്കുന്നു. നാട്ടുജീവിതത്തിലെ ഇത്തരം സ്ത്രീ ചരിതങ്ങളുടെ വീണ്ടെടുപ്പാണ് ഈ കതയില്‍ കാണുന്നത്. അന്യം നിന്നു പോയ അത്തരം നാട്ടു പെണ്ണുങ്ങളില്‍ നിന്നും കുടുംബങ്ങള്‍ക്കകത്ത് ഒതുക്കപ്പെട്ട് ജീവിതത്തിന്റെ സമവായങ്ങളില്‍ തളഞ്ഞു കിടക്കുന്ന സ്ത്രീജീവിത പരിണാമത്തില്‍ കുതറലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു കഥ.


സദാചാര രാഷ്ട്രീയവും ജാതിരാഷ്ട്രീയവും

ദേശത്തിന്റെ ഭാഗമായി വ്യക്തി ജീവിതത്തെ കാണുന്നതുകൊണ്ടാണ് കതയില്‍ പരസ്ത്രീകളുടെ ബന്ധം കുടുംബ ബന്ധങ്ങളേക്കാള്‍ ആഴമുണ്ടാവുന്നത്.     കുടുംബത്തിനകത്തുള്ള സ്ത്രീ ബന്ധങ്ങള്‍ ഒട്ടുമേ മഹത്വവല്‍ക്കരിക്കപ്പെടാത്തതും ശ്രദ്ധേയമാണ്.  നിരന്തരം കലഹിക്കുന്ന അമ്മ- മക്കള്‍ ബന്ധത്തെയാണ് കത ആഖ്യാനം ചെയ്യുന്നത്.  കല്യാണിയും അമ്മയും ചേയിക്കുട്ടിയും കമലയും വനജയും, ചേയിക്കുട്ടിയും ബല്യേച്ചിയും, ദാക്ഷായണിയും അവളുടെ വീട്ടുകാരും എല്ലാം ബന്ധങ്ങളിലെ മഹത്വത്തെയല്ല   പ്രകടമാക്കുന്നത്. രക്തബന്ധങ്ങള്‍ കുടുംബം എന്ന ഘടനയെ മുറുകെ പിടിക്കുന്ന ചരിത്രത്തിന് മുന്നേ ദേശം ഉള്‍ച്ചേരുന്ന വ്യക്തി ചരിത്രങ്ങള്‍ - പെണ്‍ ജീവിത ചരിത്രങ്ങള്‍ അരനൂറ്റാണ്ടിന് മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ കത. കല്യാണിയും ദാക്ഷായണിയും കല്യാണിയും ചേയിക്കുട്ടിയും, ദാക്ഷായണിയും കുഞ്ഞിപ്പെണ്ണും, ദാക്ഷായണിയും യക്ഷിയും ദേശത്തിന്റെ പൊതുബോധ്യങ്ങളില്‍ നിന്ന്, നടപ്പുകളില്‍ നിന്ന് പ്രമാണങ്ങളില്‍ നിന്ന് തെറിച്ചു നില്‍ക്കുന്ന പെണ്ണിനെ സ്വീകരിക്കാന്‍ ദേശവും സന്നദ്ധമല്ല എന്നു തിരിച്ചറിയുന്നു.  സ്വന്തം ഇടമെന്ന് കരുതിയ ദേശത്തിന്റെ ഇത്തരം ബോധ്യങ്ങളെ  കല്യാണിയും ദാക്ഷായണിയും മറികടക്കുന്നത്  എങ്ങനെ എന്നുള്ളിടത്താണ് അസാധാരണരായ നാടന്‍ പെണ്ണുങ്ങളുടെ കരുത്ത് തെളിയുന്നത്. നാട്ടിലേക്ക് ഇറങ്ങുന്ന രണ്ട് പേരും നേരിടുന്ന ചോദ്യങ്ങളെ 'വിഷനാവ്' തീണ്ടുന്ന ഉത്തരങ്ങളുമായി നിലംപരിശാക്കുന്നു. നാടും നാട്ടാരും രാഷ്ട്രീയവും എല്ലാം തങ്ങളുടെ ജീവിതത്തില്‍ ഇടപെടുന്നു എന്നു തോന്നുന്ന സന്ദര്‍ഭങ്ങളിലെല്ലാം അതിനെയൊക്കെ മറികടക്കാനുള്ള കരുത്തു പ്രകടമാക്കുന്നു, കല്യാണിയും ദാക്ഷായണിയും അടങ്ങുന്ന പെണ്‍കൂട്ടങ്ങള്‍.

ദേശത്തിന്റെ രാഷ്ട്രീയത്തിലും പെണ്‍ജീവിതങ്ങളുടെ നോട്ടങ്ങള്‍ എങ്ങനെ പ്രധാനമാകുന്നു വെന്ന് 'കത' വ്യക്തമാക്കുന്നുണ്ട്. വടക്കന്‍ ദേശത്തിലെ സദാചാര രാഷ്ട്രീയത്തിന്റെ ചിത്രം ഇതിലുണ്ട്. പാര്‍ട്ടി എങ്ങനെ ദേശത്തിലെ ജീവിതത്തില്‍ ഇടപെടുന്നു, പാര്‍ട്ടിക്കകത്തുള്ള തട്ടുകള്‍, ധ്രുവീകരണങ്ങള്‍, അഭിമതരും അനഭിമതരുമായ പ്രവര്‍ത്തകര്‍, പ്രാദേശിക പ്രശനങ്ങളില്‍ പാര്‍ട്ടിയുടെ നിലപടുകള്‍, കുടുംബ കാര്യങ്ങളിലടക്കം പാര്‍ട്ടിയുടെ ഇടപെടലുകള്‍ എന്നിയെപ്പറ്റിയൊക്കെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ ഈ പെണ്‍ കതകള്‍ പങ്കുവെക്കുന്നുണ്ട്. വടക്ക് സദാചാര രാഷ്ട്രീയത്തിന്റെയും തെക്ക് ജാതി രാഷട്രീയത്തിന്റെയും നിലപാടുകളെ നിത്യ ജീവിതത്തിന്റെ ഭാഗമായിത്തന്നെ നോവല്‍ രേഖപ്പെടുത്തുന്നുണ്ട്.

 

..................................................................

ദേശത്തെ സ്വത്വത്തിന്റെ ഭാഗമായി കാണുന്ന പെണ്ണ് നിര്‍മ്മിക്കുന്ന ചരിത്രത്തില്‍ 'ദേശവും പെണ്ണും' എന്ന സമവാക്യം രൂപപ്പെടുന്നു.

ആര്‍. രാജശ്രീ

 

അതിജീവനത്തിന്റെ ഭാഷ
നാടിന്റെ ചരിത്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പെണ്‍കൂട്ടങ്ങളെ വര്‍ത്തമാന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഈ നോവല്‍. ഈ ചരിത്രനിര്‍മിതിയില്‍ ഭാഷ വഹിക്കുന്ന ധര്‍മം നോവലിസ്റ്റ് തിരിച്ചറിയുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതിരോധത്തിന്റെ കരുത്തുറ്റ നാടന്‍ മൊഴികളും തെറികളുമാണ് കതയുടെ ആഖ്യാനത്തെ സമ്പന്നമാക്കുന്നത്. ജിവിതസമരങ്ങളില്‍ വാക്കുകള്‍, പ്രയോഗങ്ങള്‍ എത്രമാത്രം ഉപയുക്തമാകുന്നു എന്നാണ് ഈ ആഖ്യാനം വെളിപ്പെടുത്തുന്നത്. വ്യക്തി ജീവിതത്തില്‍, സാമൂഹ്യ ജീവിതത്തില്‍ അതിജീവനത്തിന്റെ വഴിയില്‍ നാട്ട് മൊഴികള്‍ക്കും ചീത്ത വിളികള്‍ക്കും ശകാരവാക്കുകള്‍ക്കും എത്രമാത്രം കരുത്തും ലാവണ്യവുമുണ്ടെന്ന് കതയിലൂടെ തിരിച്ചറിയാന്‍ കഴിയും. ദേശത്തിന്റെ സ്വത്വത്തെ അടയാളപ്പെടുത്തുക മാത്രമല്ല അത് ചെയ്യുന്നത്; ഭാഷയിലൂടെയാണ് ജീവിതം ആവിഷ്‌കരിക്കപ്പെടുന്നത് എന്നത് രാജശ്രീ കാണിച്ചുതരുന്നു. 

''പുല്ലാഞ്ഞി കടിച്ച് പറിച്ച് പോട്ട് കാട്ടുകാലന'', ''നാണോം കൊണോം കെട്ട പൊല്യാടിച്ചി: ബെറും കൈസാട് തുക്കിച്ചി'' തുടങ്ങിയ തെറികളും ശകാരവാക്കുകളും കതയിലെ പെണ്‍കൂട്ടങ്ങളുടെ ഭാഷയാണ്. തരതമ ഭേദമില്ലാതെ ഈ മൊഴികള്‍ എവിടെയും പ്രയോഗിക്കാന്‍  ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന ആര്‍ജ്ജവം നാടന്‍ ജീവിതത്തിന്റെ കരുത്തിനെ പ്രകടമാക്കുന്നു. വടക്കന്‍ ദേശത്തെ നാട്ടിന്‍പുറത്തെ അതിസാധാരണമായ ജീവിതവൃത്തികള്‍ക്കിടയില്‍ നാടന്‍ പെണ്ണുങ്ങള്‍ ഉപയോഗിച്ചു വന്ന ഇത്തരം നാടന്‍ പ്രയോഗങ്ങള്‍, വിലക്കുപദങ്ങള്‍ ജീവിത സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളാണ്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമുള്ള നാട്ടു മൊഴികളുടെ തന്‍മ കതയിലെ ദേശത്തിലെ മറ്റെല്ലാ വ്യവഹാരങ്ങള്‍ക്കും ആക്കം കൂട്ടുന്നു. നാട്ടുമൊഴികളുടെ ഈണവും താളവും പിടിച്ചെടുത്ത സന്ദര്‍ഭങ്ങളാണ് കതയിലേറെയും ഉള്ളത്.

'ന്നാ ഞാന്നിങ്ങക്ക് ഒരു ബാച്ചം തരട്ടെ? മേണിക്കാമ്പറ്റുവാ? '

'അന്റെ തുന്തയാ ങ്ങക്ക് ള്ളേലും വച്ച് ഇഷ്ടായിന്?'

'കളഞ്ഞ് ഓള് '

'ഓട്ത്തു?' 

'കയ്യ്ന്നില്ലെന്ന് പിന്നന്തിനാ ഈനെല്ലാം കീയ്ന്ന്?'

തുടങ്ങി വടക്കിന്റെ നാടന്‍ മൊഴികളുടെ ഈണം കതയുടെ സന്ദര്‍ഭത്തിനുണ്ടാക്കുന്ന  ബലവും ഫലവും മറ്റൊന്നാണ്. പ്രാകൃതമെന്നോ അപരിഷ്‌കൃതമെന്നോ മുദ്രകുത്തപ്പെടുന്ന നാട്ടുഭാഷ ജീവിതത്തിന്റെ വഴിയില്‍ എത്രമാത്രം കരുത്തുകാട്ടുന്നു എന്നിടത്താണ് അതിജീവനത്തിന്റെ ഭാഷയായി മാറുന്നത്. ജീവിത സംഘര്‍ഷങ്ങളെ മറികടക്കാനും അവര്‍ ഉപയോഗിച്ച തെറികളും ശകാരങ്ങളും സജ്ജമായിരുന്നു. അധികാരത്തിന്റെ എല്ലാ രൂപങ്ങളെയും പലപ്പോഴും അവര്‍ നിഷ്പ്രഭമാക്കിയത് വാക്കുകളിലൂടെയാണ്, പ്രയോഗങ്ങളിലൂടെയാണ്. കോപ്പുകാരന്റെയും ആണിക്കാരന്റെയും ആണത്തത്തെ കല്യാണിയും ദാക്ഷായണിയും ചോദ്യം ചെയ്യുകയും തുറന്നിടുകയും ചെയ്യുന്നുണ്ട്. ''കൊണ്ടുപോയിച്ചാടിയാട്ടെ നനഞ്ഞ ബെളക്ക്ത്തിരി പോലത്തെ സാതനം കുരിപ്പ്.'' ''എന്ത് പട്ടിണിക്കഞ്ഞിക്കാ, അവല്ക്കുത്തിയ പയം പോലത്തെ സാതനം'' എന്നിങ്ങനെ .ആണിന്റെ ലൈംഗിക പരിമിതിയെയും ഗര്‍വിനെയും രൂക്ഷമായ ഹാസ്യത്തിലൂടെ പൊളിച്ചിടുന്നു കത. ലൈംഗികാധികാരത്തിന്റെ ഉത്തുംഗമായ  കോട്ടകളാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നിലം പരിശാവുന്നത്. സ്വയം പ്രതിരോധത്തിന്റെ ഈ ഭാഷയാണ് സ്ത്രീക്ക് ശക്തി പകരുന്നത്.

വടക്കന്‍ ഭാഷ മാത്രമല്ല, തെക്കന്‍ ദേശങ്ങളിലെ ഭാഷയും പ്രയോഗങ്ങളും നാട്ടുനടപ്പുകളിലെ അലങ്കാര സാത്മീകരണങ്ങളും കതയില്‍ കടന്നു വരുന്നുണ്ട്. ആണിക്കാരന്റെ ദേശത്തെ അടയാളപ്പെടുത്തുന്നതില്‍ ആ ഭാഷയും പ്രധാനമാണ്. നിത്യജീവിതത്തിന്റെ ഇടങ്ങളെ ആഖ്യാന ഭാഷയിലേക്ക് പകര്‍ത്താനും മാനകവും മാനകേതരവുമായ ഭാഷയിലൂടെയും ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളെ അവതരിപ്പിക്കാനും നോവലിസ്റ്റിനു കഴിയുന്നുണ്ട്. ദ്വന്ദ്വാര്‍ത്ഥങ്ങളിലൂടെ, മൂര്‍ച്ചയുള്ള പരിഹാസത്തിലൂടെ, നര്‍മ്മത്തിലൂടെ, താത്വിക പ്രമാണങ്ങളിലൂടെ, ധനതത്വ ശാസ്ത്രത്തിന്റെയും മനശാസ്ത്രത്തിന്റെയും ക്രിക്കറ്റിന്റെയും ഇംഗ്ലിഷിന്റെയും സംസ്‌കൃതത്തിന്റെയും ഭാഷാ വൈവിധ്യങ്ങളുടെ വലിയൊരു സഞ്ചയത്തിലൂടെ ഒക്കെയാണ് കതയിലെ ദേശചരിത്ര ലിംഗരാഷ്ട്രീയങ്ങള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. ശക്തമായ പ്രതിരോധത്തിന്റെ ഉപകരണങ്ങളും ആയുധങ്ങളുമായി ഈ ഭാഷാ വൈവിധ്യങ്ങളെ പെണ്‍കൂട്ടങ്ങള്‍ ഉപയോഗിക്കുന്നത് ഈ നോവലില്‍ നാം കാണുന്നു.

 

...................................................

Read more : ചന്ദ്രമതി എഴുതിയ കഥ, ചവുണ്ട മുണ്ട് 
...................................................

 

കല്യാണി എന്ന ചോന്നമ്മ   
തന്റെ ഇച്ഛകളെ, സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാത്തിനെയും സ്വന്തം ശക്തികൊണ്ട് നിഷ്പ്രഭമാക്കുന്ന ചോന്നമ്മ എന്ന അമാനുഷ സ്ത്രീസ്വത്വം ഈ നോവലിലെ സ്ത്രീ സങ്കല്‍പത്തിന്റെ പ്രതീകമാണ്. ദേശത്തില്‍ കുടിയിരിക്കുന്ന ചോന്നമ്മ കല്യാണിയുടെയും കല്യാണിയെ പ്പോലുള്ള മറ്റ് പെണ്ണുങ്ങളുടെയും ശരീരത്തിന്റെ കൂടി ഭാഗമാണ്. ഭൂമിക്കും ആകാശത്തിനും കാവലാളായിനിന്ന അവളുടെ ശക്തിയിലാണ് ദേശത്തിന്റെ  മണ്ണ് നില്‍ക്കുന്നത്. അനുവാദമില്ലാതെ തന്റെ മണ്ണില്‍ ചവിട്ടുന്നവര്‍ക്ക് ശിക്ഷ വിധിക്കുന്ന ചോന്നമ്മ, മണ്ണിന്റെയും പെണ്ണിന്റെയും കരുത്താണ്. അത്തരം കരുത്തുകളുടെ തുടര്‍ചരിത്രങ്ങളാണ് ചേയിക്കുട്ടിയും കല്യാണിയുമൊക്കെ. 

വീട്ടകങ്ങളില്‍ നിന്നു പുറത്തേക്ക് കുതറുന്നവളാണ് കല്യാണി. അടുക്കളയിലെ മെയ്യ് ഒതുങ്ങിയ വേലകളെ ഇഷ്ടപ്പെടാത്തവള്‍. നിവര്‍ന്ന ശരീരവുമായി മണ്ണിനോടും മരങ്ങളോടും പടവെട്ടാന്‍ ഇഷ്ടപ്പെടുന്നവള്‍. ഉശിരുള്ള ശരീരവും കരുത്തുള്ള മനസുമായി പുറംലോകത്തെ സ്വന്തം ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നവളാണ്. കൂലിയുള്ള വരുമാനമുള്ള പുറം പണിയെ ഇഷ്ടപ്പെടുന്നവള്‍. സ്വന്തം ശരീരം, അധ്വാനം, സമ്പത്ത് എന്നിവ പ്രധാനമായി കാണുന്ന പെണ്ണാണ് കല്യാണി. 'തുള്ളിച്ചി' എന്ന് ദേശം മുദ്രകുത്തുമ്പേഴും സ്വന്തം ജീവിതത്തിലൂടെ സ്വയം ചരിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവള്‍ കൂടിയാണ് കല്യാണി. എറ്റവും അപരിഷ്‌കൃതമായ ഒരു പ്രദേശത്തിന്റെ സ്വത്വമായി ചേര്‍ന്നു നില്‍ക്കുന്ന പെണ്ണായിട്ടാണ്  കല്യാണി ഈ നോവലില്‍ ആവിഷ്‌കൃതമാകുന്നത്. തന്റെ കാമനകളെ പൂര്‍ത്തികരിക്കാന്‍ കഴിയാത്ത ആണിനെ വളരെ പുച്ഛത്തോടെ ഉപേക്ഷിച്ചു കൊണ്ട് സ്വന്തം ഇടത്തിലേക്ക് തിരികെ വരുന്നത് അവള്‍ ചോന്നമ്മ തന്നെയായതുകൊണ്ടാണ്. 

ദേശത്തിന്റെ കഥകള്‍, വിശ്വാസങ്ങള്‍, പലതരം ജീവിതങ്ങള്‍, നിലനില്പുകള്‍, ഇവയുടെ ആധാര ചരിത്രങ്ങള്‍ ഈ നോവലിലെ പ്രധാന ഇഴകളാണ്. ചേയിക്കുട്ടി പറയുന്ന ചോന്നമ്മക്കഥ, ഇലിപ്പീരമ്മേടെ കഥ, നാട്ടില്‍ രൂഢമായിരിക്കുന്ന പെണ്‍ജീവിതങ്ങളെ ചുറ്റിപറ്റി നില്‍ക്കുന്ന വിശ്വാസങ്ങള്‍ ഇവയുടെയല്ലാം  കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ദേശ ബോധ്യങ്ങള്‍ക്കപ്പുറം കല്യാണിയും ദാക്ഷായണിയും ജീവിതത്തില്‍ തങ്ങളുടെ ഇടം ഉറപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ആ അറിവുകളാണ്. ഒരു ജനസമൂഹത്തെ നിര്‍ണയിച്ചിരുന്ന അറിവിന്റെ അധികാരികളായ പെണ്‍കൂട്ടങ്ങളുടെ ചരിത്രങ്ങള്‍ ഒരു ദേശത്തിന്റെ ചരിത്രം കൂടിയാണ്. എന്നാല്‍ അത്തരം ചരിത്രങ്ങളുടെ തമസ്‌കരണം ആണ് സ്വാഭാവികമായും യഥാര്‍ത്ഥ ചരിത്രപരിണാമത്തില്‍ സംഭവിച്ചത്. തമസ്‌കരിക്കപ്പെട്ട അത്തരം ചരിത്രത്തിന്റെ വീണ്ടെടുപ്പുകളാണ് കല്യാണിയുടെയും ദാക്ഷായണിയുടെയും കത.

 

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം

click me!