എന്താവാം അവർക്കെന്നോട് പറയാനുള്ളത്?

By Vaakkulsavam Literary Fest  |  First Published Aug 20, 2019, 7:32 PM IST

"നിങ്ങളെന്തിനാണെന്നെയിങ്ങനെ പിൻതുടരുന്നത്? ഞാനെന്തു പാതകമാണ് ചെയ്തത് നിങ്ങളോട്?'' -എന്റെ ചോദ്യം തികച്ചും ദയനീയമായിരുന്നു. അവരൊന്നും മിണ്ടാതെ എന്നെ നോക്കിയിരിപ്പാണ്. 


ഒരു ഉച്ചയുറക്കത്തിന്റെ അറുതിയിലാണവരെ കണ്ടത്. നിർന്നിമേഷയായി, എന്നെത്തന്നെ നോക്കി നിൽപ്പാണ്. കൈ കെട്ടി, അവർ അവരെ തന്നെ കെട്ടിയിട്ട പോലെ, അവർക്കു പുറമേയുള്ള ലോകത്തെ ആ കൈകളാൽ തടുത്തു നിർത്തിയതുപോലെ. കണ്ണിൽ ശോകഭാവം. കണ്ണീരില്ല. വളരെ ശാന്തമായ എന്തോ ഒന്ന്. മിണ്ടാനൊ ചിരിയ്ക്കാനോ ഒരു താൽപ്പര്യവുമുള്ളതായി തോന്നിയില്ല.

Latest Videos

undefined

പ്രണയത്തിന്റെ നരകാക്ഷരങ്ങൾ

ശിൽപ്പി, മരത്തിലോ കല്ലിലോ മറഞ്ഞിരിയ്ക്കുന്ന ശിൽപ്പത്തെ, അതിൽ പറ്റിയിരിക്കുന്ന പൊടിയോ, മരമോ, കല്ലോ മാറ്റി പുറത്തെടുക്കും പോലൊരു ശ്രമമാണ് എഴുതുന്നൊരാൾ, തന്റെ ജനൽപ്പുറമേ നിന്ന് കരയുകയോ, ചിരിക്കുകയോ, വിതുമ്പുകയോ, ചെയ്യുന്നൊരാത്മാവിനെ അനുനയിപ്പിച്ച്‌ തന്റെ മുന്നിലേയ്ക്കാവാഹിച്ചിരുത്തി, സമാധാനിപ്പിച്ച് സംസാരിപ്പിച്ച്, സ്വയം മനസ്സിലാക്കി, തന്റെ ആവേഗങ്ങൾ അതിലാവേശിയ്ക്കാതെ അനുവാചകനു മനസിലാകുന്ന വിധത്തിൽ പകരുന്നത്.

ചിലർ, നേർത്ത മഞ്ഞിൻപാളിയായി ജനൽചില്ലിൽ പതിഞ്ഞു കിടക്കും. മെല്ലെ, വളരെ മൃദുവായി ചൂടുപിടിപ്പിച്ച് അവരെ മുന്നിലേയ്ക്ക് വരുത്തുന്നത് ഒരു വിഷമം പിടിച്ച പണിതന്നെയാണ്. അപകടകാരികളാണവർ. വിട്ടുകളയാൻ കഴിയാത്തവരും. ചില എഴുത്തുകാർ മാന്ത്രികരാണ്. അവരുടെ മാജിക് വാൻഡുലയ്ക്കുമ്പോൾ വാക്കുകൾ മന്ത്രബന്ധനത്താലെന്നവണ്ണം നൃത്തം വയ്ക്കാൻ തുടങ്ങും. വാക്കുകൾ അവരുടെ അടിമകളാണ്. എനിയ്ക്ക് മുഴുത്ത അസൂയയാണവരോട്.

പക്ഷേ, കഥ പറഞ്ഞെഴുതിച്ച കഥാപാത്രങ്ങളുമുണ്ട്, എഴുതുന്നവർക്ക്, ഒരു പകർപ്പെഴുത്തുകാരനിൽ കൂടിയ സ്ഥാനമാനങ്ങളൊന്നുമേകാത്തവർ...

ഉവ്വ്! അങ്ങനെയുമുണ്ട്, ദാ! ഇതുപോലെ,

ഒരു ഉച്ചയുറക്കത്തിന്റെ അറുതിയിലാണവരെ കണ്ടത്. നിർന്നിമേഷയായി, എന്നെത്തന്നെ നോക്കി നിൽപ്പാണ്. കൈ കെട്ടി, അവർ അവരെ തന്നെ കെട്ടിയിട്ട പോലെ, അവർക്കു പുറമേയുള്ള ലോകത്തെ ആ കൈകളാൽ തടുത്തു നിർത്തിയതുപോലെ. കണ്ണിൽ ശോകഭാവം. കണ്ണീരില്ല. വളരെ ശാന്തമായ എന്തോ ഒന്ന്. മിണ്ടാനൊ ചിരിയ്ക്കാനോ ഒരു താൽപ്പര്യവുമുള്ളതായി തോന്നിയില്ല.

വട്ട്!
തിരിഞ്ഞു കിടന്നു, അവരുടെ നോട്ടം പിൻകഴുത്തിൽ കുത്തി. ഞാൻ സ്ഥലം മാറിക്കിടന്നു നോക്കി, എവിടെ നിന്നു നോക്കിയാലും കണ്ണിൽ തറയ്ക്കുന്ന ആ കുതിരനോട്ടം.
"ങൂം?" നോട്ടം പതറാതെ... എന്താവാം അവർക്കെന്നോട് പറയാനുള്ളത്? എന്തോ ഉണ്ട്. പറയാതെ ഞാനെങ്ങനെ?
"നീ കാണാതിരിയ്ക്കുമ്പോൾ ആൾക്കൂട്ടത്തിലെ പേരറ്റൊരുടൽ ഞാൻ!
നീ വായിക്കാതിരിയ്ക്കുമ്പോൾ, വാക്കുകളല്ലാത്ത വാചകങ്ങളല്ലാത്ത, അർത്ഥം സ്ഫുരിയ്ക്കാത്ത വെറുമൊരക്ഷരക്കൂട്ടം ഞാൻ!"
ആ മൂളൽ, സ്വപ്നമോ സത്യമോ എന്നുറപ്പിയ്ക്കാനാവാതെ നിഴൽ മാഞ്ഞു പോയിരുന്നു!

ഇന്നലെ ഉച്ചയുറക്കത്തിന്നറുതിയിൽ, എന്നെക്കാത്തു നിന്നവളെ ഞാൻ മറന്നു പോയിരുന്നു. ബസ്സിൽ, ഓഫീസിലേയ്ക്കു പോകുമ്പോൾ എനിക്കെന്റെ സ്വന്തം സീറ്റുണ്ട്. അറുബോറത്തിയാണെന്ന സൽപ്പേരുള്ളതിനാൽ ആരും എന്‍റെയടുത്തിരിയ്ക്കാൻ മെനക്കെടാറില്ല. ഞാനും എന്റെ ബാഗുമാണ് സഹയാത്രികർ. അവിടെ തനിയെ ഇരുന്ന് പുറത്തേയ്ക്കു നോക്കിയെനിയ്ക്ക് ഉറങ്ങാം, കരയാം, ചിരിയ്ക്കാം, സംസാരിയ്ക്കാം. ചെറുതായി നൊസ്സാണെന്നറിയാവുന്ന നല്ലവരായ സഹയാത്രികരാരും ചോദിക്കാനൊന്നും വരില്ല.

ഒരുനാളങ്ങിനെ ഇരിയ്ക്കവെ, വലതുവശത്തൊരു തീക്കുത്ത്. തട്ടിക്കളഞ്ഞപ്പോൾ പൊള്ളി.
തിരിഞ്ഞു നോക്കവെ, അവൾ,
നിരാഭരണ സുന്ദരി,
പരിത്യാഗിനി, 
ശുഭ്രവസ്ത്ര ധാരിണി. 
വിടർന്ന കണ്ണുകളിൽ ശാന്ത സമുദ്രം തിരതല്ലിക്കിടന്നു, ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ.

"നിങ്ങളെന്തിനാണെന്നെയിങ്ങനെ പിൻതുടരുന്നത്? ഞാനെന്തു പാതകമാണ് ചെയ്തത് നിങ്ങളോട്?'' -എന്റെ ചോദ്യം തികച്ചും ദയനീയമായിരുന്നു. അവരൊന്നും മിണ്ടാതെ എന്നെ നോക്കിയിരിപ്പാണ്. തന്നെത്തന്നെ കെട്ടിയിരുന്ന കൈവിരലുകളിലനക്കം, താളമിടുകയാണ്, ആദി. നേർത്തൊരു മുല്ലപ്പൂമണമെന്നെ പൊതിഞ്ഞു. ഹൃദയഹാരിയായ ഹിന്ദോളവും.

"ചോദിയ്ക്കണമെന്ന് തോന്നുന്നത് മടിയ്ക്കാതെ ചോദിയ്ക്കട്ടേ''
''ഉം''
.
.
.

''ഇന്ന് സ്വപ്നത്തിൽ നീ വരുമോ''
"ജാൻതേ ഹോ... ഇസ് കീ നീചെ തുമ്ഹാരേ ലിയെ ഇക് തടപ് ഹൈ"
"എനിയ്ക്കിവിടെവരെയേ അറിയൂ, അറിയാനാഗ്രഹവുമുള്ളൂ!"
"വ്യക്തി, വെറും ശരീരം മാത്രമായൊതുങ്ങവേ, ശൈത്യം പടർന്ന് ശിലയായ് പോയൊരുവളെ പണിയാൻ പിന്നീട് ശില്പിയ്ക്ക് ഭാരമേതുമില്ലാതായി."

അതു പറയുമ്പോൾ, അവരുടെ വലിയ കണ്ണുകൾ വലകെട്ടിയ ഒന്നുപോലെ ഭാവരഹിതമായിരുന്നു.

"മനസ്സിൽ മാത്രം വാക്കോതുവവരും ശിലാതുല്യരാണ്..."
അദൃശ്യനായി ചിരിതൂകി കടന്നു വന്ന കാറ്റ്, ഒരു മുല്ലപ്പൂവടർത്തി മുടിയിഴകളിൽ തിരുകിപ്പോകവെ മൊഴിഞ്ഞു.
"നീയാ വാക്കുതിർക്കൂ, ഞാനെത്തിയ്ക്കാമല്ലോ...
കാറ്റു മൂളിപ്പാട്ടുമായ് കാത്തുനിന്നു, വ്യർത്ഥമായ്!"

"വരാതിരിയ്ക്കരുതെ"ന്ന മൊഴിയ്ക്കു മീതെ പറന്നെത്തിയതായിരുന്നു!
കാണാൻ, പറയാൻ, കണ്ടു കൊണ്ടേയിരിയ്ക്കാൻ... പറഞ്ഞു കൊണ്ടേയിരിയ്ക്കാൻ...
വാക്കുകൾ സ്വരുക്കൂട്ടി, പൊടിഞ്ഞുവന്ന ചിരിയമർത്തി മുഖമുയർത്തവേ,
"പ്രായമേറെയായില്ലേ"
ആ ഇരുപത്തഞ്ചുകാരിയുടെ നാണം പടർന്നു തുടുത്ത മുഖം ആസിഡ് വീണാലെന്നവണ്ണം കരിവാളിച്ചു!
മുഖത്തടിയേറ്റാലെന്നോണം പുളഞ്ഞു പോയി! 
കണ്ണീർക്കലക്കമുതിരും മുൻപ് തിരിഞ്ഞു നടക്കവേ,
പിന്നിൽ ഒരു നാൽപ്പതിന്റെ പടിയേറ്റം.
"അപഹസിയ്ക്കാനും, ആത്മവിശ്വാസത്തെ ചവിട്ടി മെതിയ്ക്കാനും കിട്ടിയ ഒരു പഴുതും വിട്ടുകളഞ്ഞിട്ടില്ലൊരിയ്ക്കലും"

അവരുടെ സ്വരത്തിലിപ്പോൾ തികഞ്ഞ നിർവ്വികാരതയുണ്ടായിരുന്നു. നോവിന്റെ കടൽ ഒറ്റയ്ക്കു നീന്തിക്കയറിയ ഒരുവൾക്കു മാത്രം സ്വന്തമാകുന്ന ഒന്ന്. ആശ്വാസവാക്കേതും പറയാതെ തിരിഞ്ഞു പോരേണ്ടി വന്നു! എന്തു പറഞ്ഞാണാശ്വസിപ്പിയ്ക്കേണ്ടതും!

''വെറുപ്പ്, നിരാസം, പരിഹാസം ഇവയെ, 
'എന്നെ മാത്രം, എന്നെ മാത്രം സ്നേഹിയ്ക്കൂ' എന്നു വായിക്കേണ്ടി വരുന്ന ഗതികേടിനെ കുറിച്ച്..."

"ദുരന്തം..." ഇത്തവണ, അസഹ്യത, സ്വരത്തിൽ പടർന്നിരുന്നത് തടുക്കാൻ ശ്രമിച്ചില്ല. ഞെട്ടലോടെയുള്ള തിരിഞ്ഞുനോട്ടത്തിൽ തെളിഞ്ഞ നോവ്...
"മാപ്പ്..." പറയാതിരിയ്ക്കാനായില്ല
"ഒന്നിറങ്ങിപ്പൊയ്ക്കൂടെ" എന്ന ഭാവമുള്ളൊരു മുഖം ജീവിതത്തോട് ചേർത്തു വയ്ക്കേണ്ടി വരുന്നത്... -അവർ അർദ്ധോക്തിയിൽ നിർത്തി.
"ദുരന്ത"മെന്ന് പൂരിപ്പിയ്ക്കവേ, നനവുള്ള ചിരി പടർന്ന മുഖം വിലങ്ങനെയാട്ടിത്തടുത്ത്.

മനസ്സിലാക്കിയെടുക്കുമ്പോഴേയ്ക്കും അവരങ്ങു ദൂരെ കാഴ്ചയ്ക്കും കേൾവിയ്ക്കുപ്പുറത്ത്. കണ്ണീർത്തിളക്കമുള്ള ചിരി മാത്രം ഓർമ്മയിലിന്നുമടരാതിടറി നിൽക്കുന്നു.
"എപ്പോഴാണ് മൗനം ഇരുവർക്കിടയിലേയ്ക്ക് കുടി പാർപ്പിനു വരിക?" സംശയം കൂർപ്പിച്ച നോട്ടത്തിലേയ്ക്ക് മറുപടിയെത്തി.
"ഒന്നും പറയാനില്ലാതാകുമ്പോഴും, 
ഒന്നും പറയേണ്ടതില്ലാത്തപ്പോഴും
ചില നീർച്ചോലകളൊഴുകിയെത്തുന്നത് ഓവുചാലിലേയ്ക്കാണ്."
"ദുരന്തം" -അല്ലാതെന്തു പറയാൻ?
"ചാണയിലരഞ്ഞു തീരുന്ന ചന്ദനം പോലെ ചില ജീവിതങ്ങൾ..."
"വ്യർത്ഥം!"

അതിനൊരു മറുമൊഴിയുണ്ടാവുകയുണ്ടായില്ല, പകരം ചോദ്യപ്പെരുമഴ പെയ്തെന്നെപ്പൊള്ളിച്ചു.
"എല്ലായ്പ്പോഴും തള്ളിയകറ്റപ്പെടുമ്പോഴുള്ള നോവറിഞ്ഞിരിയ്ക്കുന്നുവോ നിങ്ങൾ?"
'' 'ഹേയ്' എന്നു നീക്കി നിർത്തപ്പെട്ടിട്ടുണ്ടോ നിങ്ങൾ?"
"നിഷേധങ്ങൾക്കു മുന്നിൽ തലകുനിച്ചു നിന്നിട്ടുണ്ടോ നിങ്ങൾ?"
"നിരാസങ്ങളിൽ ആത്മാഭിമാനം നഷ്പ്പെട്ട് ഇറങ്ങിപ്പോയിട്ടുണ്ടോ നിങ്ങൾ?"
"ചുട്ടുപൊള്ളുന്ന വെയിലിലേയ്ക്ക് ഒരു കിളിത്തൂവലിന്റെ തണൽ പോലുമില്ലാതിറങ്ങേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്?"
"എങ്കിൽ മാത്രം മനസ്സിലാവുന്ന ചിലതുണ്ട് ജീവിതത്തിൽ."

ഒന്നു നിർത്തി, ശ്വാസവേഗം നിയന്ത്രിച്ച്, അവർ തുടർന്നു.
"ഒറ്റച്ചിറകടിച്ചൊരു കടൽദൂരം താണ്ടിയ കിളി, നേർത്തൊരു ചൂളമടിച്ച് പാറിപ്പോകവെ പറഞ്ഞ പോൽ..."
"എൻ മറുചിറകാകാശം..."
"ആത്മാഭിമാനത്തിന്റെ അവസാനത്തെ പടിയുമെത്തിയിരുന്നു. വീണ്ടുമിറങ്ങാൻ പടികളൊന്നുമില്ലാതിരുന്നതിനാലാണ്.''

അവരുടെ മുഖമപ്പോൾ കുനിഞ്ഞിരുന്നു, ശബ്ദം ഇടറിയിരുന്നില്ല. പക്ഷേ, അതൊരു പിറുപിറുക്കലിനടുത്തെവിടെയോ ആയിരുന്നു...

"മറുമൊഴിയില്ലാത്ത വാക്കുകൾക്കും, മറുപടിയില്ലാത്ത കത്തുകൾക്കും മറുവിളിയില്ലാത്ത ഫോൺ കോളുകൾക്കും വേണ്ടിത്തന്നെയാവും കാത്തിരിപ്പെന്നറിയുമായിരുന്നുവല്ലോ, പിന്നെന്തിനാണ്?"

അത്രയും പരിഹാസം സത്യത്തിൽ, ഉദ്ദേശിച്ചതല്ല, എങ്കിലും...

''കാത്തിരിയ്ക്കുകയല്ലല്ലോ, ജീവിയ്ച്ചു തീർക്കുകയല്ലേ, കണ്ടേറേ പ്രിയപ്പെട്ട സ്വപ്നം!" -നോവു പുരണ്ടൊരു ശബ്ദം മറുവാക്കോതി!

"ഒരു ആത്മാനുരാഗിയ്ക്കൊപ്പമുള്ള ജീവിതം ദുസ്സഹമാണ്, 
ഒറ്റമുറിയിലടച്ചിട്ട പോലൊന്ന്..."
കാറ്റിലൊരു തേങ്ങലുണർന്നു!
"ഒരുനാൾ ആ കണ്ണു തകർത്ത് ഉള്ളിൽ നിന്നു ഞാൻ പുറത്തു വരിക തന്നെ ചെയ്യും..."
"എനിയ്ക്കു ഞാൻ നൽകിയ ഉറപ്പാണത്, ഒരിയ്ക്കലും പാലിയ്ക്കപ്പെടാതെ പോയ ഒന്ന്!"
"എന്തേ?"

"മുറിവേറ്റ ഒരുവളോളം നോവിന്നാഴമറിയുവതാര്?
ഇനിയുമൊരു പ്രാണനെ നോവിയ്ക്കാതിരിയ്ക്കുവതല്ലേ ചിതം?"

ഇരിപ്പ്, മുഖം തിരിച്ചായതിനാലറിയാനായില്ല, കണ്ണിൽ തെളിഞ്ഞ, ഉള്ളിലെ വിങ്ങൽ! കാണാനായില്ല, കനൽച്ചൂടേറ്റ നെഞ്ചകം ചുവപ്പിച്ച മുഖവും.

"ഓരോ ഭാവരഹിതമായ നോട്ടത്തിനു പിന്നിലും നിസ്സഹായതയുടെ നിലവിളിയുണ്ടാവുമെന്നും,
ഓരോ നിസ്സംഗതയ്ക്കു പിന്നിലും സഹായത്തിനായി നീട്ടി, നിഷേധിയ്ക്കപ്പെട്ട കൈകളുണ്ടാവുമെന്നും, 
ഓരോ നിർമ്മമത്വത്തിനും പിന്നിലും ഏറെ വൈകാരികമായി പ്രവർത്തിച്ചതിൽ 
പൊള്ളിയടർന്ന പാടുകളുണ്ടാകുമെന്നും എന്നോളമറിയുവതാരെന്നു തോന്നാറുണ്ട്!"

"കൊടുത്ത ഒന്നിനെ കുറിച്ച് ഖേദമരുത് !
ഭക്ഷണം, വസ്ത്രം, പണം, നിണം, തണൽ...
എന്തിന്! ജീവനും, ജീവിതവുമെങ്കിൽ പോലും!''

''കൊടുത്തത് നിങ്ങളുടേതല്ലാഞ്ഞാണ്, അതിനോട് മമതയരുത്!
മമതയെഴുന്നതൊന്നും കൊടുത്തു പോകരുത്!"

ഇത്രയും പറഞ്ഞ് അകന്നുപോയതാണ്!
തിരിച്ചു വന്നില്ല പിന്നൊരിയ്ക്കലും!
 

click me!