സേതുവിന്റെ ആദ്യ ബാലസാഹിത്യപുസ്തകം; 'ചേക്കുട്ടി'യില്‍ നിന്ന് ഒരു ഭാഗം വായിക്കാം

By Pusthakappuzha Book Shelf  |  First Published Aug 1, 2019, 6:24 PM IST

വലിയ കൗതുകത്തോടെ ചിന്നു അവയിലൂടെ കണ്ണോടിച്ചു. എത്ര തരത്തില്‍, എത്ര നിറങ്ങളിലുള്ള പാവക്കുട്ടികള്‍. അവയ്ക്കൊക്കെ കറുത്ത നിറത്തില്‍ കണ്ണും മൂക്കും ചെവിയുമൊക്കെ വരച്ചുവച്ചിട്ടുണ്ട്.


അതിജീവനത്തിന്‍റെ ആദ്യപാഠങ്ങളെ മലയാളികളെയൊന്നാകെ പഠിപ്പിച്ച പ്രളയമാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇപ്പോഴും പൂര്‍ണമായി കരകയറിയിട്ടില്ല കേരളം. അന്ന് ഒന്നാകെ നിന്ന് പ്രളയത്തോട് പോരാടിയ മലയാളികളെയാകെ അദ്ഭുതത്തോടും ആദരവോടും ലോകം നോക്കിനിന്നു. അന്നത്തെ പ്രളയത്തില്‍ നിന്നുള്ള അതിജീവനത്തിന്‍റെ പ്രതീകമാണ് മലയാളിക്ക് ചേക്കുട്ടിപ്പാവ. അഞ്ച് ദിവസമാണ് ചേന്ദമംഗലത്ത് പ്രളയജലം കയറിനിന്നത്. എട്ടടിയോളം ഉയരത്തിലുണ്ടായിരുന്നു വെള്ളം. കൈത്തറി ഉപജീവനമാര്‍ഗമാക്കി ജീവിച്ചിരുന്ന ഒരു ഗ്രാമത്തിനാകെ അന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പക്ഷെ, തോറ്റുകൊടുക്കാന്‍ ഒരുക്കമില്ലാതെ ആ ഗ്രാമം കൈകോര്‍ത്ത് പിടിച്ച് ജയിക്കാനിറങ്ങി. അതിന്‍റെ പ്രതീകമായി കൈത്തറിയിലുണ്ടായ ചേക്കുട്ടിപ്പാവകള്‍... ചേക്കുട്ടിയാണ് ഈ പുസ്തകത്തിലെ കേന്ദ്രകഥാപാത്രം. ചേക്കുട്ടിയില്‍ നിന്ന് ഒരു ഭാഗം വായിക്കാം. 


 

Latest Videos

undefined

ചിന്നുവിന്റെ ആദ്യ ദിവസം

അങ്ങനെയായിരുന്നു ചിന്നുവിന്റെ ആ വീട്ടിലെ ആദ്യത്തെ ദിവസം. പിന്നീട് അമ്മയും കല്യാണിയും കാണാതെ പതുക്കെപ്പതുക്കെ ചുറ്റും നടന്നും കണ്ടും കേട്ടും പലതും മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു അവള്‍. അങ്ങനെ ഒരുനാള്‍ അലസമായി ചുറ്റിനടക്കവേ ചിന്നു, അമ്മ വാതിലടച്ചിരിക്കുന്ന മുകളിലത്തെ മുറിയിലെത്തി. താഴത്തെ മുറിപോലെയല്ല, അവിടെ നല്ല കാറ്റും വെളിച്ചവുമുണ്ട്. ഒച്ചയുണ്ടാക്കാതെ കോണിപ്പടികള്‍ കയറിച്ചെന്നപ്പോള്‍ അമ്മ ആദ്യം അറിഞ്ഞില്ലെന്നു തോന്നി. പിന്നീട് അവള്‍ പതുക്കെ തൊണ്ടയനക്കിയപ്പോള്‍ അമ്മ തിരിഞ്ഞു നോക്കി.
 
'അല്ലാ ആരാത്, ചിന്നുമോളോ?' അവരുടെ മുഖത്ത് വലിയ അത്ഭുതമായിരുന്നു. 'മോളെങ്ങനെ ഇവിടംവരെയെത്തി? കോണികയറി വരാന്‍ ആരാ പഠിപ്പിച്ചത്?'
'കല്യാണി.' ചിന്നുവിന്റെ മുഖത്ത് വിടര്‍ന്ന ചിരിയായിരുന്നു. ആദ്യമായി തന്റെ ശബ്ദം കേട്ടപ്പോള്‍ ചിന്നുവിനും നല്ല രസം തോന്നി. അങ്ങനെ തനിക്കും നാവ് മുളച്ചിരിക്കുന്നു. മുതിര്‍ന്നവരെപ്പോലെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതേവരെ ചില മുക്കലും മൂളലുമായാണ് അമ്മയോടു സംസാരിച്ചുകൊണ്ടിരുന്നത്.
വലിയൊരു മേശയ്ക്കരികിലാണ് അമ്മ ഇരുന്നിരുന്നത്. അവിടെ മേശപ്പുറത്ത് ഏതാണ്ട് അവളുടെ ആകൃതിയിലുള്ള കുറെ പാവകള്‍ ചിതറിക്കിടന്നിരുന്നു. ചുറ്റും പല നിറങ്ങളിലുള്ള കുറെ തുണിക്കഷണങ്ങളും. താഴെ വലിയൊരു കടലാസ്‌പെട്ടിയില്‍ വേറേ ചില പാവകളും, പണി തീര്‍ന്നവയും പാതിയാക്കിയവയും. ഒരറ്റത്താണെങ്കില്‍ കുറെ തുണികളും ചുരുട്ടിവച്ചിട്ടുണ്ട്. 

വലിയ കൗതുകത്തോടെ ചിന്നു അവയിലൂടെ കണ്ണോടിച്ചു. എത്ര തരത്തില്‍, എത്ര നിറങ്ങളിലുള്ള പാവക്കുട്ടികള്‍. അവയ്ക്കൊക്കെ കറുത്ത നിറത്തില്‍ കണ്ണും മൂക്കും ചെവിയുമൊക്കെ വരച്ചുവച്ചിട്ടുണ്ട്. ചുണ്ടുകള്‍ ചുവപ്പിച്ചവ പെണ്‍കുട്ടികളാവാം. അരപ്പട്ടയായി ചുറ്റിയ ചരടുകള്‍ക്കും തൂക്കിയിടാനായി നെറുകയില്‍ കെട്ടിവച്ച ചരടിനും പല നിറങ്ങളാണ്. 

ആ കാഴ്ചകള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കാണുകയാണ് ചിന്നു. വലുതായി, വലുതായി തന്റെ കണ്ണുകള്‍ വെളിയില്‍ ചാടുമോയെന്ന് അവള്‍ ഭയപ്പെട്ടു. 

അമ്മയാകട്ടെ, അവളെ തീരെ ശ്രദ്ധിക്കാതെ തന്റെ പണിയില്‍ത്തന്നെ മുഴുകിയിരിക്കുകയാണ്. മുമ്പില്‍ വിടര്‍ത്തിയിട്ടിരിക്കുന്ന തുണികളില്‍നിന്ന് ചിലതൊക്കെ തെരഞ്ഞെടുത്ത് മുറിച്ചെടുത്തു നിരത്തിവയ്ക്കുന്നു. മേശ നിറയെ പല നിറങ്ങളിലുള്ള വെട്ടുകഷണങ്ങളാണ്... പിന്നെയാവും അമ്മയുടെ ശരിക്കുള്ള പണി തുടങ്ങുക. അവരുടെ വെളുത്തു മെലിഞ്ഞ, വിരലുകള്‍ വേഗത്തില്‍ ചലിക്കുന്നതു കാണാന്‍ നല്ല രസമാണ്. അപ്പോള്‍ ആ നീണ്ട വിരലുകളിലെ മോതിരങ്ങളില്‍ പതിച്ചുവച്ച നിറക്കല്ലുകള്‍ തിളങ്ങുന്നതു കാണാം. പ്രത്യേകിച്ചും ആ ചുവപ്പുകല്ല്...

അങ്ങനെ പതുക്കെ ഒരു പാവ രൂപംകൊള്ളുന്നത് ചിന്നു കൗതുകത്തോടെ നോക്കിനിന്നു. തന്റെ അതേ മട്ടിലുള്ള ഒരു കൊച്ചു പാവക്കുഞ്ഞ്. അങ്ങനെ പലമട്ടിലുള്ള കുറേ പാവകള്‍. അവരുടെ തലയുടെ മുമ്പില്‍ ഓരോ ഛായയിലുള്ള പല മുഖങ്ങള്‍ വരച്ചുവച്ചിരിക്കുന്നു. അരയില്‍ തന്റേതുപോലത്തെ നിറച്ചരടുകള്‍ പിരിച്ചുണ്ടാക്കിയ അരപ്പട്ടകള്‍. നെറുകയിലും അതേ മട്ടിലുള്ള, ചരടുകൊണ്ടുള്ള, തൂക്കിയിടാന്‍ പറ്റിയ വളയം. 

ചിന്നുവിന്റെ മനസ്സില്‍ സംശയങ്ങള്‍ പിന്നെയും പതഞ്ഞു പൊങ്ങുകയാണ്. എന്തിന് അമ്മ പാടുപെട്ട് കുത്തിയിരുന്ന് ഇത്രയും പാവക്കുട്ടികളുണ്ടാക്കുന്നു? പിന്നീട് അവയൊക്കെ എവിടെപ്പോകുന്നു? അവര്‍ക്കും ജീവന്‍ കൊടുക്കുമോ? ചിന്നു ആ കടലാസുപെട്ടിയിലേക്കു സൂക്ഷിച്ചുനോക്കി. അവയൊന്നും അനങ്ങുന്നതേയില്ല. ഇവിടെ ഉയിരുള്ള ഒരേയൊരാള്‍ താന്‍ മാത്രം. 

അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഉള്ളില്‍ തള്ളിക്കയറി വന്നപ്പോള്‍ അവള്‍ക്ക് അടക്കിവയ്ക്കാനായില്ല. അതൊക്കെ കല്യാണിയോടുതന്നെ ചോദിക്കാന്‍ അവള്‍ തീരുമാനിച്ചു. അമ്മയോടു ചോദിച്ചാല്‍ കിട്ടുന്നത് വലിയൊരു ചിരിയായിരിക്കും. കുട്ടികള്‍ ഇത്രയൊക്കെ മനസ്സിലാക്കിയാല്‍ മതിയെന്നായിരിക്കും. പിന്നെ, അവര്‍ക്ക് എപ്പോഴും വലിയ തിരക്കായതു കൊണ്ടു കൂടുതലൊന്നും ചോദിക്കാന്‍ ചിന്നു മിനക്കെടാറില്ല. ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിഞ്ഞിട്ടേയില്ലെന്ന് അവള്‍ക്കു തോന്നി. ജനാലയിലൂടെ നല്ല കാഴ്ചയാണ്. ചുറ്റും പച്ചച്ച പാടങ്ങള്‍. അതിരിലൊരു കുന്ന്. കുന്നിന്‍ താഴ്‌വരയിലൂടെ ഒരു പുഴയും ഒഴുകിപ്പോകുന്നുണ്ട്. അതൊക്കെ പാടങ്ങളും കുന്നും പുഴയുമാണെന്ന് പിന്നീട് പറഞ്ഞുകൊടുത്തത് കല്യാണിയായിരുന്നു. അതൊക്കെ അടുത്തുചെന്ന് നടന്നു കാണാന്‍ അവള്‍ക്കു വലിയ കൊതിയായിരുന്നു. കൊണ്ടുപോകാന്‍ കല്യാണി തയ്യാറാണെങ്കിലും ഈ അവസ്ഥയില്‍ അവളെ പുറത്തിറക്കാന്‍ വലിയ മടിയായിരുന്നു വിനോദിനി ടീച്ചര്‍ക്ക്. കാരണം, പുറത്തിറങ്ങിയാല്‍ അവളൊരു കൗതുക വസ്തുവാകുമെന്ന് അവര്‍ക്കറിയാം. ഇത്തിരികൂടി കഴിയട്ടെ. ഇതിനകത്ത് എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് ഒരു ശ്രുതി നാട്ടില്‍ പരന്നിട്ടുണ്ടെങ്കിലും അതേപ്പറ്റി ഒരു രൂപവുമുണ്ടായിരുന്നില്ല നാട്ടാര്‍ക്ക്. ചിന്നുവിന്റെ പിറവിക്കുശേഷം പതിവുള്ള വൈകുന്നേരത്തെ ക്ഷേത്രദര്‍ശനംകൂടി അവര്‍ നിറുത്തിയിരിക്കുന്നു. മാത്രമല്ല, ഇവിടെ നടക്കുന്നതിനെപ്പറ്റി ഒരക്ഷരം പുറത്തുപറയരുതെന്ന് കല്യാണിയോടും ചട്ടം കെട്ടിയിരുന്നു. കൂടാതെ ചിന്നുവിനെ വലിയ ഇഷ്ടമാണെങ്കിലും, വേണ്ടതിലേറെ കൊഞ്ചിക്കരുതെന്ന് ആ പഴയ ടീച്ചര്‍ക്ക് നിര്‍ബ്ബന്ധമായിരുന്നു.
 
'അതങ്ങന്യല്ലേ മോളേ!' കല്യാണി പറയാറുണ്ട്, 'ഒരുപാട് കാലം ടീച്ചറായിരുന്നില്ലേ അവര്? ചൂരലെടുക്കാറില്ലെങ്കിലും വിനോദിനി ടീച്ചറൊന്ന് അറിഞ്ഞു നോക്ക്യാല്‍ മൂത്രൊഴിക്കും കുട്ട്യോള്!' അപ്പോള്‍ അതാണ് അമ്മയുടെ പേര്! ഇഷ്ടമായി ചിന്നുവിന്. ഈ ടീച്ചറെന്നു പറഞ്ഞാല്‍ ആരാ? അവര് നോക്കിയാല്‍ കുട്ടികളെന്തിനാ മൂത്രമൊഴിക്കുന്നത്? ആ വീട്ടിലെ മൂത്രമൊഴിക്കുന്ന മുറി അമ്മ ആദ്യമേ അവള്‍ക്കു കാണിച്ചുകൊടുത്തിട്ടുണ്ട്. വേറേ എങ്ങും മൂത്രമൊഴിക്കരുതെന്നും ചട്ടമുണ്ട്. പൊതുവേ ടീച്ചര്‍ എല്ലാ കാര്യത്തിലും വലിയ കണിശക്കാരിയായതു കൊണ്ട് അതില്‍നിന്ന് തെല്ലുപോലും മാറിനടക്കാറില്ല ചിന്നുവും കല്യാണിയും.

സംശയങ്ങള്‍ പിന്നെയും പെരുകിയപ്പോള്‍ ചോദ്യങ്ങള്‍ ഒരുപാട് വേണ്ടെന്ന് അവള്‍ ഉറപ്പിച്ചു. കല്യാണി ഒരിക്കല്‍ പറഞ്ഞതുപോലെ പുതിയൊരു പിറവിയല്ലേ ഇത്? കാണുന്നതും കേള്‍ക്കുന്നതുമെല്ലാം പുതിയതായിരിക്കും. എല്ലാ സംശയങ്ങളും അപ്പപ്പോള്‍ തീര്‍ക്കാനാവില്ല. ക്ഷമയോടെ കാത്തിരിക്കുക. പതുക്കെ എല്ലാം താനേ മനസ്സിലാക്കാനേയുള്ളൂ. വല്ലാത്തൊരു പ്രകൃതമാണ് അമ്മയുടേത്. ലാളിക്കാന്‍ തുടങ്ങിയാല്‍ ശ്വാസംമുട്ടിച്ചുകളയും. അപ്പോള്‍ അവരുടെ ചിരി ആ മുറിയിലാകെ വെളിച്ചം പരത്തുന്നതായി തോന്നും. ചിലപ്പോള്‍ ആ മുഖഭാവം മാറുന്നത് വളരെ പെട്ടെന്നാകും. പിന്നെ കുറെനേരത്തേക്ക് മൂടിക്കെട്ടിയ മുഖവുമായി ഇരിക്കുന്നത് കാണാം. 

അല്ലെങ്കിലും ഇപ്പോള്‍ കല്യാണിയാണ് അവളുടെ കൂട്ട്. ആദ്യത്തെ ഇഷ്ടക്കേട് എന്നേ മാറിക്കഴിഞ്ഞു.  ആ കണ്ണുകളില്‍ എപ്പോഴും സ്‌നേഹവും വാത്സല്യവുമാണ്. എന്തും ചോദിക്കാം. ഒരു ചിരിയോടെ മറുപടി പറയും. പക്ഷേ, അവര്‍ ചിരിക്കുമ്പോള്‍ ആ കറപിടിച്ച പല്ലുകളും അവയ്ക്കിടയിലെ വിടവുകളും കാണാതിരുന്നെങ്കിലെന്ന് അവള്‍ മോഹിക്കാറുണ്ടെന്നുമാത്രം. അങ്ങനെ അവരിപ്പോള്‍ കല്യാണിയമ്മായിയാണ് ചിന്നുവിന്.

അങ്ങനെ ഒരു ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് അമ്മ മുകളിലെ കിടപ്പുമുറിയില്‍ വിശ്രമിക്കാന്‍ കയറിയ നേരത്താണ് ചിന്നു അടുക്കളത്തിണ്ണയില്‍ കാലുനീട്ടിയിരുന്ന് വെറ്റില മുറുക്കുന്ന കല്യാണിയുടെ കൂടെക്കൂടിയത്. അവളുടെ ഒരുപാട് സംശയങ്ങള്‍ക്കു മറുപടി കിട്ടിയതും അന്നായിരുന്നു. കല്യാണിയോട് സംസാരിക്കാന്‍ ഏറ്റവും പറ്റിയ സമയം അതാണെന്ന് അവള്‍ നേരത്തേ മനസ്സിലാക്കിയിരുന്നു. കാലത്തേ കയറിവന്ന് ഇവിടത്തെ എല്ലാ പണിയും തീര്‍ത്ത് രാത്രിയിലേക്കുള്ള ആഹാരവും പൊതിഞ്ഞെടുത്താണ് അവര്‍ പോകുക. ഭര്‍ത്താവും താന്‍ പെറ്റിട്ട മകളും വഴക്കടിച്ചു വിട്ടു പോയതിനുശേഷം, വീട്ടില്‍ അവര്‍ ഏതാണ്ട് തനിച്ചാണത്രെ.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സേതുവിന്‍റെ ചേക്കുട്ടി ഇവിടെ വാങ്ങാം

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

click me!