'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'

By Rathnakaran mangad  |  First Published Sep 2, 2019, 5:39 PM IST

ശാരദയുടെ മുഖം . പുനലൂര്‍ രാജന്റെ ഫോട്ടോ കോളം. ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്: മാങ്ങാട് രത്‌നാകരന്‍

'നിഴലും വെളിച്ചവും ചേര്‍ന്നെഴുതിയ കവിത' എന്നൊക്കെ നാം കാവ്യാത്മകമായി പറയാറില്ലേ, അങ്ങനെയൊരു പടം. പശ്ചാത്തലം ഇരുട്ടും വെളിച്ചത്തിന്റെ പൊട്ടുകളും. ഏതാണ്ട് മധ്യത്തിലായി വാല്‍ക്കണ്ണാടി അതിരിട്ട ഒരു മുഖം. അതിനുള്ളില്‍ വെളിച്ചമാണ് കൂടുതല്‍. കരിമഷിയെഴുതിയ കണ്ണുകളില്‍ ഇത്തിരിപ്പോന്ന ദീപ്തി. നെറ്റിയില്‍ അളകങ്ങളുടെയും ഇടതു കണ്‍ത്തടത്തില്‍ കണ്‍പീലികളുടെയും നിഴല്‍. വടിവൊത്ത നാസിക, വടിവൊത്ത ദന്തനിര, വിടര്‍ന്ന അധരം. ശാരദയുടെ സൗന്ദര്യത്തിന്റെ പ്രതിഫലനം. 

Latest Videos

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മവരും!
ശാരദസന്ധ്യകള്‍ മരവുരി ഞൊറിയുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും!

വയലാറിന്റെ വരികളില്‍ ദേവരാജ സംഗീതത്തില്‍ യേശുദാസ് പാടിയ (ചിത്രം ശകുന്തള, സംവിധാനം കുഞ്ചാക്കോ, 1965) മലയാളികള്‍ മറക്കാത്ത ഈ പാട്ടു കേള്‍ക്കുമ്പോള്‍ ഞാനോര്‍മ്മിക്കാറുള്ളത്, ശരത്തില്‍ ജനിച്ചവളായ ആ നീര്‍മിഴിയാളെയാണ്; ശാരദയെ. പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ സാക്ഷാത്കരിച്ച ഒരു ശാരദച്ചിത്രത്തെ. 

...............................................................................................................................

ഈ ചിത്രം അച്ചടിച്ചു വന്നപ്പോള്‍ ആദ്യം അഭിനന്ദിച്ചതും ഭാസ്‌കരന്‍ മാഷ്. ''രാജാ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ പടം.''

ആ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുനലൂര്‍ രാജന്‍ എന്നോടു പറഞ്ഞു: 'ശാരദ മലയാളത്തിന്റെ സൗഭാഗ്യമല്ലേ? ഇരുട്ടിന്റെ ആത്മാവിന്റെ (സംവിധാനം: പി ഭാസ്‌കരന്‍, 1967) ചിത്രീകരണത്തിലുടനീളം ഞാനുണ്ടായിരുന്നു. എനിക്കിഷ്ടപ്പെട്ട ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. അണിയറയില്‍ ശാരദ ക്യാമറക്ക് മുന്നിലെത്താന്‍ ഒരുങ്ങുന്നു. വാല്‍ക്കണ്ണാടിയില്‍ മുഴുവനായി തെളിഞ്ഞ മുഖത്തില്‍ എന്റെ ക്യാമറക്കണ്ണുടക്കി. പിന്നീട് ചിത്രഭൂമിയില്‍ ഈ ചിത്രം അച്ചടിച്ചു വന്നപ്പോള്‍ ആദ്യം അഭിനന്ദിച്ചതും ഭാസ്‌കരന്‍ മാഷ്. ''രാജാ, ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ പടം.''

'നിഴലും വെളിച്ചവും ചേര്‍ന്നെഴുതിയ കവിത' എന്നൊക്കെ നാം കാവ്യാത്മകമായി പറയാറില്ലേ, അങ്ങനെയൊരു പടം. പശ്ചാത്തലം ഇരുട്ടും വെളിച്ചത്തിന്റെ പൊട്ടുകളും. ഏതാണ്ട് മധ്യത്തിലായി വാല്‍ക്കണ്ണാടി അതിരിട്ട ഒരു മുഖം. അതിനുള്ളില്‍ വെളിച്ചമാണ് കൂടുതല്‍. കരിമഷിയെഴുതിയ കണ്ണുകളില്‍ ഇത്തിരിപ്പോന്ന ദീപ്തി. നെറ്റിയില്‍ അളകങ്ങളുടെയും ഇടതു കണ്‍ത്തടത്തില്‍ കണ്‍പീലികളുടെയും നിഴല്‍. വടിവൊത്ത നാസിക, വടിവൊത്ത ദന്തനിര, വിടര്‍ന്ന അധരം. ശാരദയുടെ സൗന്ദര്യത്തിന്റെ പ്രതിഫലനം. 

അനന്തരം തന്റെ ചമഞ്ഞ കാന്തിയെ-
ക്കൃശാംഗി കണ്ണാടിയലങ്ങു കാണ്‍കവേ
കൊതിച്ചു ദേവാഗമമാശു; വല്ലഭ
പ്രിയത്തിനല്ലോ ചമയുന്നു മങ്കമാര്‍

(കുമാരസംഭവം, എ ആറിന്റെ വിവര്‍ത്തനം)

...............................................................................................................................

'നഗരം മാദക'വും 'ഗ്രാമം ശാലീന'വുമായിരുന്ന അരനൂറ്റാണ്ടുമുമ്പുള്ള കേരളത്തില്‍ കഥാപാത്രങ്ങളിലൂടെയും 'ശരീരപ്രകൃതി'യിലൂടെയും 'ശാലീനസൗന്ദര്യ'ത്തെ പ്രതിനിധീകരിക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. 

ഛായാചിത്ര ഫോട്ടോഗ്രാഫിയില്‍ പുനലൂര്‍ രാജന്‍ സൃഷ്ടിച്ച മുദ്ര നാം പരിചയിച്ചതാണ്. ബഷീര്‍, തകഴി, പൊറ്റെക്കാട്ട്, മാധവിക്കുട്ടി, എംടി, വി.കെ.എന്‍ തുടങ്ങിയ പ്രിയപ്പെട്ട എഴുത്തുകാരുടെ മുഖങ്ങള്‍, ഇ.എം.എസ്, വി.ടി, എം.എന്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുഖങ്ങള്‍-ചിത്രകല അഭ്യസിച്ച രാജന്‍ അവരുടെ മുഖങ്ങളെ 'ഫോട്ടോഗ്രാഫി എന്ന കല'യില്‍ മുക്കിയെടുത്തു. നടീനടന്‍മാരെ നാം അക്കൂട്ടത്തില്‍ വല്ലപ്പോഴുമേ കണ്ടിട്ടുള്ളൂ. മോസ്‌കോയിലെ ഓള്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് സിനിമാട്ടോഗ്രാഫിയില്‍ പഠിച്ച രാജന്‍ സിനിമയുടെ ലോകത്തേക്ക് പോയില്ല. 

...............................................................................................................................

ശാരദയുടെ മുഖം ഒരു ആശയവും ഷീലയുടെ മുഖം ഒരു സംഭവവും ആണ്. 

കെ.പി.എ.സിയും തോപ്പില്‍ഭാസിയുമായുള്ള അടുപ്പം മൂലം കെ.പി.എ.സിയിലെ അഭിനേതാക്കളെയും എംടിയുമായുള്ള അടുപ്പം മൂലം 'ഇരുട്ടിന്റെ ആത്മാവിന്റെ ചിത്രീകരണവേളയില്‍ അതിലെ പ്രധാന അഭിനേതാക്കളെയുമാണ് നിശ്ചല ദൃശ്യങ്ങളില്‍ രാജന്‍ പ്രധാനമായും ചിത്രീകരിച്ചത്. ശാരദ, പ്രേംനസീര്‍, കെ.പി.എ. സി ലളിത എന്നിവരുടെ മികച്ച ഫോട്ടോഗ്രാഫുകള്‍ അങ്ങനെ കൈവന്നതാണ്. ശാരദയുടെ ഫോട്ടോകളാണ് അവയില്‍ ഏറ്റവും മിഴിവുറ്റവ. 

ആദ്യ ചിത്രത്തിലൂടെ തന്നെ 'മലയാളിയായി' എത്തിയതാണ് ശാരദ. 'നഗരം മാദക'വും 'ഗ്രാമം ശാലീന'വുമായിരുന്ന അരനൂറ്റാണ്ടുമുമ്പുള്ള കേരളത്തില്‍ കഥാപാത്രങ്ങളിലൂടെയും 'ശരീരപ്രകൃതി'യിലൂടെയും 'ശാലീനസൗന്ദര്യ'ത്തെ പ്രതിനിധീകരിക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. 

...............................................................................................................................

'ദേവിയോ മാംസജീവിയോ' അല്ലാത്ത, 'ഭൂവിലെ വസന്തത്തില്‍ അഴകും പ്രകാശവുമായ' ഒരു സ്ത്രീയെ കറുപ്പിലും വെളുപ്പിലും മുക്കിയെടുക്കുകയാണ് പുനലൂര്‍ രാജന്‍. 

പുനലൂര്‍ രാജന്റെ മറ്റ് മൂന്ന് ശാരദച്ചിത്രങ്ങളിലും കേരളീയ പ്രകൃതിയുടെ ഒരു തുടര്‍ച്ചയായി ശാരദയെ സാക്ഷാത്കരിക്കുകയാണ്. 'ദേവിയോ മാംസജീവിയോ' അല്ലാത്ത, 'ഭൂവിലെ വസന്തത്തില്‍ അഴകും പ്രകാശവുമായ' ഒരു സ്ത്രീയെ കറുപ്പിലും വെളുപ്പിലും മുക്കിയെടുക്കുകയാണ് പുനലൂര്‍ രാജന്‍. 

റൊളോങ് ബാര്‍ഥ്, 'ഗാര്‍ബോയുടെ മുഖം' എന്ന തിളങ്ങുന്ന ചെറുലേഖനത്തില്‍ ഗ്രേറ്റ ഗാര്‍ബോയെയും ആഡ്രി ഹെപ്‌ബേണിനെയും താരതമ്യപ്പെടുത്തി ഇങ്ങനെ എഴുതുന്നു: 'ഗാബോയുടെ മുഖം ഒരു ആശയമാണെങ്കില്‍ ഹെപ്‌ബേണിന്‍റേത്  ഒരു സംഭവമാണ്'. മലയാളത്തിലേക്ക് മാറ്റിപ്പറഞ്ഞാല്‍, ശാരദയുടെ മുഖം ഒരു ആശയവും ഷീലയുടെ മുഖം ഒരു സംഭവവും ആണ്. 

പുനലൂര്‍ രാജന്റെ മറ്റ് ഫോട്ടോകള്‍

കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്
 
click me!