ഒരു സഞ്ചി മുഴുവനും ഓടക്കുഴലുമായിട്ടായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഇതിൽ ഏത് ഓടക്കുഴലാവും അദ്ദേഹം വായിക്കുക എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. ഒരു സംഗീതജ്ഞനെന്ന നിലയിലും കവിയെന്ന നിലയിലും കേരളത്തിൽ അദ്ദേഹം വേണ്ടത്ര അംഗീകരിക്കപ്പെട്ടോ എന്ന് എനിക്ക് സംശയമുണ്ട്.
കവിയും ബിനുവിന്റെ സുഹൃത്തുമായ എസ്. ജോസഫ്, ബിനുവിനെ കുറിച്ചുള്ള ഓർമ്മകൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്ക് വയ്ക്കുന്നു:
വളരെ വർഷങ്ങൾക്ക് മുമ്പാണ് ബിനുവിനെ കണ്ടുമുട്ടുന്നത്. എസ്‍യുസിഐ -യുടെ ബാനർ സാംസ്കാരിക വേദിയുടെ പ്രവർത്തകനായിരുന്നു ഞാനും ബിനുവും ഒക്കെ. അന്ന് കണ്ടപ്പോൾ എനിക്കൊരു പുല്ലാങ്കുഴൽ തന്നു. 'പാട്ടുപാടിയുറക്കാം...' എന്ന സിനിമാഗാനവും പാടിത്തന്നു. പിന്നീട് കുട്ടികളുടെ ഒരു നാടകത്തിൽ ഞാനത് ഉപയോഗിക്കുകയും ചെയ്‍തു.
undefined
അന്ന് അവിടെ ഒരു ചിത്രപ്രദർശനമുണ്ടായിരുന്നു. അന്നൊന്നും ബിനുവിന് ചിത്രകലയെ കുറിച്ച് അറിയാമായിരുന്നു എന്ന് എനിക്ക് അറിയുമായിരുന്നില്ല. പക്ഷേ, സിനിമയെ കുറിച്ചും ചിത്രകലയെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ഒക്കെ ധാരണയുണ്ടായിരുന്നു ബിനുവിന്. അദ്ദേഹം കവിത എഴുതും എന്നും എനിക്ക് അറിയുമായിരുന്നില്ല. എന്നോട് പറഞ്ഞുമില്ല. പിന്നീടാണ് ഞാനത് അറിയുന്നത്. 'പാലറ്റ്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പ്രകാശനം മാവേലിക്കര വച്ചായിരുന്നു. പ്രകാശനത്തിന് ഞങ്ങൾ കുറേ സുഹൃത്തുക്കളുണ്ടായിരുന്നു. പിന്നെ പലയിടത്തുവച്ചും ബിനുവിനെ കണ്ടു. അദ്ദേഹം ബാവുൽ ഗായകരുടെ കൂടെ കുറേക്കാലം ബംഗാളിലുണ്ടായിരുന്നു. കേരളത്തിൽ അവർ വരുമ്പോൾ പലപ്പോഴും ബിനുവും കൂടെ സഞ്ചരിച്ചു. അവരോടൊപ്പമുള്ള ബിനുവിന്റെ സംഗീതപരിപാടികളെല്ലാം എനിക്കോർമ്മയുണ്ട്.
പിന്നീട്, കുമളി വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചപ്പോൾ ഒരു സുഹൃത്ത് ആർട്ട് ഗാലറി തുടങ്ങി. അവിടെ ചെന്നപ്പോൾ ബിനുവുണ്ട്, ചിത്രകാരനും ശിൽപിയുമായ ശാന്തനും ഉണ്ടായിരുന്നു, അങ്ങനെ കുറച്ചുപേർ. ആ രാത്രികളെല്ലാം കവിതകൾ വായിച്ചും പുല്ലാങ്കുഴൽ വായിച്ചുമൊക്കെ ഞങ്ങളിരിക്കുമായിരുന്നു. കുമളിയിലദ്ദേഹം വീട് വച്ചപ്പോഴും ഞാൻ പോയി. അവിടെ ഫോറസ്റ്റ് ഡിപാർട്‍മെന്റുമായി ചേർന്ന് വിപുലമായൊരു സാഹിത്യപരിപാടി ബിനു സംഘടിപ്പിച്ചിരുന്നു. ഞങ്ങൾ കുറേപ്പേര് അവിടെ പോയി. തമിഴ്‍നാട്ടിലെ പല പ്രദേശങ്ങളിലും അദ്ദേഹം എന്നെ കൊണ്ടുപോയിട്ടുണ്ട്. തമിഴ് അദ്ദേഹത്തിന് നന്നായി അറിയാം. ശ്രീലങ്കൻ തമിഴ് കവികളുടെ കവിതാ സമാഹാരം അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്‍തിട്ടുണ്ട്. ശ്രീലങ്കയിലെ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട അനുഭവങ്ങളാണതിൽ. സ്ത്രീകളടക്കം ഒരുപാട് പേർ അതിൽ എഴുതിയിട്ടുണ്ട്.
അതുപോലെ ചിത്രകല നോക്കുകയാണ് എങ്കിൽ റെനെ മാഗ്രിറ്റ് എന്ന ചിത്രകാരനോട് ബിനുവിന് വലിയ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തെ കുറിച്ചും മാർക്സിന്റെ രാഷ്ട്രീയത്തെ കുറിച്ചും അദ്ദേഹം കവിതയെഴുതിയിട്ടുണ്ട്.
ബിനുവിന്റെ കവിതകളൊരിക്കലും എനിക്ക് മറക്കാനാവില്ല. ആറ്റുമാലി അദ്ദേഹത്തിന്റെ കവിതകളിലെ പ്രദേശമാണ്. ഇടശ്ശേരി, കടമ്മനിട്ട, എം ഗോവിന്ദനോ ഇവരെയൊക്കെ പോലെ കവിതയിൽ സ്വന്തമായി ഒരു പ്രദേശം ഉണ്ടാക്കിയ കവിയാണ് ബിനു. അതാണ്, ആറ്റുമാലി. തോടും പുഴയും കണ്ടവും വെള്ളവും വള്ളവും ഒക്കെയുള്ള ഒരു പ്രദേശമായിരിക്കണം ആറ്റുമാലി. മഴക്കാലത്ത് സ്കൂളിലൊക്കെ പോയി അഭയാർത്ഥി ക്യാമ്പിൽ താമസിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ബിനു പറയുമായിരുന്നു. സ്കൂൾ എന്ന ശക്തമായ ഒരു കവിതയുണ്ട്. അതിൽ അഭയാർത്ഥികളുടെ ഒരു ഫോട്ടോയെ കുറിച്ച് പറയുന്നുണ്ട്. അതായത് ഒരൊറ്റ മിന്നല് വന്നിട്ട് ഇവരുടെ ഫോട്ടോ എടുക്കുന്നതിനെ കുറിച്ച്. ആ കവിതകളൊന്നും നമുക്ക് മറക്കാനാവില്ല. അത് അവർ പഠിക്കുന്ന സ്കൂളാണ്. മഴക്കാലത്ത് അവിടേക്ക് അഭയാർത്ഥികളായി എത്തുകയാണ് ആ കുട്ടികൾ. ഒരുപാട് കഷ്ടപ്പെട്ടിരുന്ന മനുഷ്യനായിരുന്നു ബിനു. വീട് വാങ്ങിയതിനെ കുറിച്ചൊക്കെ പറയുമായിരുന്നു. അതിനുവേണ്ടി കടമൊക്കെ വാങ്ങിയിരുന്നു. അതിനിടയിൽ അസുഖം വന്നു. മെഡിക്കൽ കോളേജിലൊക്കെ ആയി.
ഒരുപാട് സിനിമകൾ ബിനു കണ്ടിട്ടുണ്ട്. സിനിമയെ കുറിച്ച് വലിയ കാഴ്ചപ്പാടുകളുണ്ട് അദ്ദേഹത്തിന്. അതുപോലെയുള്ള ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ കവിതയിലുമുണ്ട്. ഉദാഹരണത്തിന് പുറത്തൊരു വലിയ മീനിനെയും ചുമന്ന് കൊണ്ട് പോകുന്ന ഒരാളുടെ ദൃശ്യം ഒരു കവിതയിലുണ്ട്. മലയാളകവിതയിൽ ആർക്കുമില്ലാത്ത ഒരു വേറിട്ട ഇടം ബിനുവിനുണ്ട്. തീക്ഷ്ണമായ, കടുവർണം കൊണ്ട് വരച്ച ചിത്രം പോലെയായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. ഞാനൊക്കെ വളരെ ശാന്തമായി എഴുതുന്നയാളാണ്. പക്ഷേ, ബിനു അങ്ങനെ ആയിരുന്നില്ല. ദളിത് കവിതയിലെ ഏറ്റവും തീക്ഷ്ണമായ കവിതകൾ ബിനുവിന്റെ കവിതകളായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദളിത് കവിതയിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒരുതരം തീക്ഷ്ണതയുണ്ട്. അത് അദ്ദേഹത്തിന്റെ കവിതകൾക്കുണ്ടായിരുന്നു.
അദ്ദേഹം കവി എന്നതുപോലെ അതിലും വലിയൊരു സംഗീതജ്ഞനായിരുന്നു എന്ന് ഞാൻ കരുതുന്നു. കർണാടിക്, ഹിന്ദുസ്ഥാനി ഇതിലൊക്കെ അദ്ദേഹത്തിന്റെ അറിവ് അപാരമായിരുന്നു. അങ്ങനെയാണ് ഞാനദ്ദേഹത്തെ മഹാരാജാസിൽ കൊണ്ടുപോവുന്നത്. നിരന്തരം സംഗീതം കേൾക്കുകയും ഓടക്കുഴൽ വായിക്കുകയും ചെയ്യുന്ന ആളായിരുന്നു. ഒരു സഞ്ചി മുഴുവനും ഓടക്കുഴലുമായിട്ടായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഇതിൽ ഏത് ഓടക്കുഴലാവും അദ്ദേഹം വായിക്കുക എന്ന് ഞങ്ങൾ ചിന്തിച്ചിരുന്നു. ഒരു സംഗീതജ്ഞനെന്ന നിലയിലും കവിയെന്ന നിലയിലും കേരളത്തിൽ അദ്ദേഹം വേണ്ടത്ര അംഗീകരിക്കപ്പെട്ടോ എന്ന് എനിക്ക് സംശയമുണ്ട്. അതിന് പല കാരണങ്ങൾ കാണുമായിരിക്കും എനിക്ക് അറിയില്ല.
സംഗീതം എന്നത് ഇപ്പോഴും കേരളത്തിൽ ഒരു സവർണസംസ്കാരത്തിലാണ് നിൽക്കുന്നത്. നെയ്യാറ്റിൻകരയെപ്പോലുള്ളവർ അതിനെ ബ്രേക്ക് ചെയ്യുന്നുണ്ട് എങ്കിൽ പോലും. അതിന്റകത്ത് ബിനുവിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഹിന്ദുസ്ഥാനി സംഗീതമായിരുന്നു അദേഹത്തിന്റേത്. അത് പലപ്പോഴും കേരളത്തിൽ മുഖ്യധാരയ്ക്ക് പുറത്ത് നിൽക്കുന്ന ഒന്നായിരുന്നു.
ദളിതും അല്ലാത്തവരുമായ ഒരുപാട് എഴുത്തുകാരുമായി ബിനുവിന് നല്ല അടുപ്പമുണ്ടായിരുന്നു. സർക്കാർ പരിപാടികളിലൊരുപാട് ബിനു പങ്കെടുത്തിരുന്നു. വിദേശികളെ ഒരുപാട് അദ്ദേഹം സംഗീതം പഠിപ്പിച്ചിരുന്നു. സംഗീതപരിപാടികളിലൊന്നും അദ്ദേഹം കോംപ്രമൈസ് ചെയ്തില്ല. ഒരുമാസം മുമ്പ് അദ്ദേഹത്തെ വിളിച്ചിരുന്നു. ആദിവാസി യുവാവ് മധു മരിച്ചതിന്റെ ഓർമ്മയ്ക്ക് തയ്യാറാക്കുന്ന പുസ്തകത്തിലേക്ക് അദ്ദേഹം രണ്ട് കവിതകൾ തന്നു.
ഇത്തരത്തിലൊക്കെ വളരെ പ്രിയപ്പെട്ട കവിയായിരുന്നു എനിക്ക് ബിനു. ലോകത്തെ എപ്പോഴും പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. ശിൽപകല, ചിത്രകല, സിനിമ, കവിത, സംഗീതം, ജീവിതാനുഭവം ഇതിനെയെല്ലാം ബന്ധിപ്പിച്ച മറ്റൊരു കവി സമകാലീന മലയാള കവിതയിൽ ഇല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ഇനിയില്ല എന്നത് വലിയ വേദന തന്നെയാണ്.