സുനിൽ ഗംഗോപാധ്യായുടെ തീക്ഷ്ണമായ ഈ പ്രണയകവിതകൾക്ക് ഇതാ ആദ്യമായി മലയാളത്തിൽ ഒരു മൊഴിമാറ്റം..!
ബംഗാളി ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുനിൽ ഗംഗോപാധ്യായ് എന്ന എഴുത്തുകാരൻ. കവിയും കാമുകനും നോവലിസ്റ്റും ഒക്കെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഹീരക് ദീപ്തി എന്ന നോവലാണ് മലയാളത്തിൽ ഒരേ കടൽ എന്ന പേരിൽ ചലച്ചിത്രമായത്. തികഞ്ഞ കാല്പനികനായിരുന്നു സുനില്‍ ഗംഗോപാധ്യായ്. അദ്ദേഹം തന്റെ ജീവിതത്തിലെ ഒരു സാങ്കല്പികകഥാപാത്രമായി കൂടെക്കൊണ്ടു നടന്നതാണ് നീര എന്ന നക്ഷത്രകന്യകയെ. കവിയുടെ കാവ്യദേവതയായിരുന്നു നീര. വിരസനായ അയാളെക്കൊണ്ട് നീര നിരന്തരം പ്രേമിപ്പിച്ചു. ഉദാത്തമായ പ്രണയകവിതകൾ കുറിപ്പിച്ചു. ബംഗാളിലെ പരശ്ശതം യുവതീയുവാക്കളുടെ പ്രണയഗീതകങ്ങളായി നീരാ കവിതകൾ മാറി. പ്രണയാസക്തിയുടെ പ്രക്ഷേപണങ്ങളായ ഈ കവിതകളിൽ ഒന്നിനും വിലക്കുണ്ടായില്ല. അവ കാമത്തെക്കുറിച്ചും, മോഹഭംഗങ്ങളെക്കുറിച്ചും, പാപങ്ങളിലേക്കുറിച്ചുമെല്ലാം നിർബാധം സംവദിച്ചു. സുനിൽ ഗംഗോപാധ്യായുടെ തീക്ഷ്ണമായ ഈ പ്രണയകവിതകൾക്ക് ഇതാ ആദ്യമായി മലയാളത്തിൽ ഒരു മൊഴിമാറ്റം..! പരിഭാഷ: ബാബു രാമചന്ദ്രന്‍
1.
'നീരയുടെ അസുഖം'
നീരയ്ക്കു വയ്യാണ്ടായാൽ, പിന്നെ
കൊൽക്കത്തയിൽ ഒരാൾക്കും
ഉത്സാഹമുണ്ടാവില്ലൊന്നിനും
സൂര്യനസ്തമിച്ചു കഴിഞ്ഞാൽ,
മുനിഞ്ഞു കത്തിത്തുടങ്ങും മുമ്പ്
നിയോൺ വിളക്കുകൾ
എന്തോ ഓർത്തിട്ടെന്നോണം
ചോദിക്കും, "നീരയ്ക്ക് സുഖമില്ലേ ഇന്ന്?"
നമ്മുടെ പള്ളിമേടയിലെ
പഴയ ഘടികാരത്തിനും,
പലനിറം തുണിചുറ്റി നിൽക്കുന്ന
ജൗളിക്കടയ്ക്കും പോലുമറിയാം,
നീരയിന്ന് സന്തോഷവതിയാണെന്ന്...
ആപ്പീസുകളിൽ, കൊട്ടകകളിൽ, പാർക്കുകളിൽ,
ആയിരക്കണക്കിനാളുകളുടെ ചുണ്ടുകളിലൂടെ
ആ വാർത്ത നാടൊട്ടും പരന്നിരിക്കുന്നു,
'നീര ഇന്ന് ആഹ്ളാദവതിയാണ്...'
അത്രയും നേരം പ്രാഞ്ചിപ്രാഞ്ചി നിന്ന കാറ്റ്
ഒരായിരം മണികൾ മുഴക്കിക്കൊണ്ട്
ആഞ്ഞുവീശാൻ തുടങ്ങുമ്പോൾ
കൊൽക്കത്തയിലെ മുഴുവനാളുകളും
പുഞ്ചിരിച്ചുകൊണ്ടോർക്കുന്നു,
'ഹാ... വന്നല്ലോ നീര...'
മാനം കറുക്കാൻ തുടങ്ങുമ്പോൾ,
പുഴുങ്ങിപ്പുഴുങ്ങി നിഴലിൽ മുങ്ങിക്കിടക്കുന്ന
നഗരത്തെ ശോകമാവേശിക്കുമ്പോൾ,
ഏതെങ്കിലും ടാക്സിക്കാർ
പാഞ്ഞുചെന്നൊരു ട്രാമിന്റെ
ഉദരം പിളർന്നു കേറി,
മനം മടുപ്പിക്കുന്ന ട്രാഫിക് ജാമിൽ
നാൽക്കവലയെ മൂക്കുമ്പോൾ,
ചായക്കടകളിലും, നിരത്തുകളിലും
എല്ലാവരുടെയും മുഖങ്ങൾ,
മുഷിപ്പിന്റെ മേലാപ്പണിഞ്ഞ്
ഒരു മേഘഗർജ്ജനത്തിനായി
തയ്യാറെടുക്കുമ്പോൾ,
പൊതുജനം അക്രമാസക്തരായി
കമ്പിത്തപാലാപ്പീസുകളും മറ്റും
തീവെച്ചു നശിപ്പിക്കുമ്പോൾ,
അവരുടെ ഹൃദയമിടിപ്പുകൾ വരെ
അനിശ്ചിതകാല പണിമുടക്കിനിറങ്ങുമ്പോൾ..
ഒക്കെ മനസ്സിലാക്കി,
ഭീതികൊണ്ട് ഉള്ളു നടുങ്ങി,
ഞാൻ പാഞ്ഞുകിതച്ച് ചെന്ന്
നീരയോട് ചോദിക്കും..
"എന്തുപറ്റി നീരാ..?
എന്റെ പൊന്നു മോളേ..
ഒന്നെന്നെ നോക്കെടീ..
നിന്റെ മുഖത്തിന്റെ ചില്ല,
കണ്ണാടികാട്ടുമ്പോലെ
ഒന്നെന്നെ കാണിക്കെടീ...
എന്റെ കടംകഥയ്ക്കുത്തരം പറഞ്ഞിട്ട്
ഒരു കാട്ടുചോല പോലെ നീ ചിരിയ്ക്കുന്നത്
ഞാനൊന്ന് കേട്ടോട്ടെ..."
അവൾ മുഖപടമുയർത്തി
പുഞ്ചിരിച്ചുകൊണ്ടെന്നെ
തിരിഞ്ഞു നോക്കിയതും,
പുറത്ത് കെട്ടിനിന്ന മേഘങ്ങൾ
പെയ്തു തോർന്നു...
ആളുകൾ, നിറഞ്ഞ മനസ്സോടെ,
തെളിഞ്ഞ മുഖങ്ങളോടെ,
സിനിമാ കൊട്ടകകളിലേക്കും
ഫുട്ബാൾ സ്റ്റേഡിയങ്ങളിലേക്കും
നടന്നു തുടങ്ങി...
ട്രാഫിക് വീണ്ടും പഴയപടിയായി
ടെമ്പോയും സൈക്കിളും
റിക്ഷയും കാറും
എല്ലാം അവരവരുടെ വഴിക്ക്
കൂട്ടംകൂട്ടമായി വീടുപൂകാൻ തുടങ്ങി...
ചുണ്ടുകളിൽ എരിഞ്ഞുകൊണ്ടിരുന്ന
സിഗററ്റുകളിലെ ചാരം
ഒന്നു തട്ടിക്കൊണ്ട്
ചിലരൊക്കെ പറഞ്ഞു,
"ങാ... ജീവിതം അത്ര ബോറെന്നൊന്നും പറഞ്ഞുകൂടാ..."
2.
'നീരയുടെ ആനന്ദം '
നീരയ്ക്ക് മനം നൊന്താൽ,
ഞാൻ ഏഴു ജന്മത്തേക്ക്
സ്വയം നാടുകടത്തും..
എനിക്കത് താങ്ങില്ല, പറ്റില്ല...
എനിക്ക് പറ്റില്ല...
മറ്റുള്ളോർ അതെങ്ങനെ സഹിക്കുന്നു?
വഴിയിൽ കാണുന്ന
വിളറിയ മുഖമുള്ള
ആളുകൾക്കൊന്നും
കൂട്ടിനൊരു 'നീര'യില്ലേ..?
നീ ആജീവനാന്തം പാപ്പരായിരുന്നുവോ,
ദുഖിതനായ പോക്കറ്റടിക്കാരാ..?
ഹാ റൈറ്റേഴ്‌സ് ബിൽഡിങ്ങെ...
ഹാ ലാൽ ബസാറേ...
നിങ്ങൾക്കൊന്നും നീരയെ
അടുത്തറിയാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടില്ലേ..?
എത്ര അപരിഷ്‌കൃതം
നിങ്ങളുടെ ജീവനം..?
എത്ര നിഷ്കരുണം
നിങ്ങളുടെ ആത്മവിസ്‌മൃതി..?
ഞാൻ ആയുധമെടുക്കുമ്പോഴേക്കും
എന്റെ നീര
പച്ചപുതച്ച ഈ ഭൂമിയെ
കെട്ടിപ്പിടിച്ചുകാക്കും...
ക്ഷമ കെടുമ്പോൾ,
ഇടക്ക് ഞാനവളോട് പറയും...
'ജീവിതം നിന്റെ പ്രേമത്തിന്റെ
കുട്ടിക്കളിയല്ലെന്റെ പെണ്ണേ'ന്ന്..
അവൾ നേരിയ ഒരു ആഹ്ളാദത്തോടെ
അതിനുത്തരം പറയും..
'പ്രേമത്തിന്റെ കുട്ടിക്കളിയൊഴിച്ചുള്ളതൊക്കെയും
കോപ്പാ'ണെന്ന്..!
3.
നാളെ നിനക്ക്
പരീക്ഷയാണെന്ന് സങ്കൽപ്പിക്കുക.
ഒരു വക പഠിച്ചുതീർന്നിട്ടില്ലെന്നും.
പാതിരാത്രിയിൽ
നീ നിന്റെ മേശയ്ക്കരികിൽ
ഉറക്കമിളച്ചിരുന്ന്
പഠിക്കുമ്പോൾ,
ഞാൻ ഭയഭീതയായി
ഓടിപ്പാഞ്ഞുവന്ന് നിന്നോട്,
"നിനക്കെന്നോട് സ്നേഹമുണ്ടോ.. "
എന്നുറക്കെച്ചോദിച്ചാൽ
നിനക്ക് ദേഷ്യം വരുമോ,
അതോ, എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്
നീ പറയുമോ,
"ഉണ്ട്..ഉണ്ട്... ഉണ്ടെ"ന്ന്..
നീ ജോലി ചെയ്തുതളർന്ന്
വിശപ്പും ദാഹവും മൂത്ത്
രാത്രി വീട്ടിലേക്ക് കേറിവരുമ്പോൾ,
അത്താഴത്തിന് ഒന്നുമൊരുക്കി വെക്കാതെ,
അടുക്കളയിൽ നിന്നും
വിയർത്തുകുളിച്ച് ഞാനിറങ്ങിവന്ന്
നിന്റെ കയ്യിൽപ്പിടിച്ച്
"നിനക്കെന്നോട് സ്നേഹമുണ്ടോ.. "
എന്ന് ചോദിച്ചാൽ
നിനക്ക് കലിവരുമോ,
അതോ, എന്റെ കൈവിരലുകളിൽ
തെല്ലൊന്നമർത്തിക്കൊണ്ട്
നീയെനിക്ക് ആശ്വാസം പകരുമോ,
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്...
നമ്മൾ അടുത്തടുത്തത്
ഉറങ്ങാൻ കിടന്ന്,
ക്ഷീണം കൊണ്ട് നീ
നല്ലപോലുറക്കം പിടിച്ചുവരുമ്പോഴേക്കും,
ഞാൻ ഏതോ ദുഃസ്വപ്നത്തിൽ
നിന്നും ഞെട്ടിയുണർന്ന്
"നിനക്കെന്നോട് സ്നേഹമുണ്ടോ? "
എന്ന് ചോദിച്ചാൽ,
നീ കെറുവിച്ച് തിരിഞ്ഞു കിടക്കുമോ ,
അതോ, പൊട്ടിച്ചിരിച്ചു കൊണ്ട്
സമാധാനിപ്പിക്കുമോ എന്നെ..
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്...
നമ്മൾ നഗരമധ്യത്തിലൂടെ
നട്ടപ്പൊരിവെയിലത്ത്
ഒരു ഓട്ടോ പോലും കിട്ടാതെ
നടന്നു തളർന്നു വരുന്ന നേരം
ഞാൻ റോഡിനു കുറുകേ നിന്ന്
"നിനക്കെന്നോട് സ്നേഹമുണ്ടോ?"
എന്നു ചോദിച്ചാൽ,
നീ എന്റെ കൈ തട്ടിമാറ്റുമോ,
അതോ, തെരുവിൽ നമുക്കുചുറ്റുമുള്ള
എല്ലാവരുടെയും കണ്ണുകളിലേക്ക്
ഉറപ്പോടെ നോക്കി
തോളിലൂടെ കയ്യിട്ട് എന്നെ
ചേർത്തുപിടിച്ച് പറയുമോ..
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്...
നീ ഷേവ് ചെയ്യുന്നതിനിടെ
കവിൾ മുറിഞ്ഞ്
ചോരയുമൊലിപ്പിച്ച്
കണ്ണാടിക്കരികിൽ നിൽക്കേ,
ഞാൻ അടുത്തുവന്ന്
നിന്റെ മുറിവിൽ
വിരലമർത്തി
"നിനക്കെന്നോട് സ്നേഹമുണ്ടോ.. "
എന്നുചോദിച്ചാൽ
നീയെന്നെ വഴക്കുപറയുമോ..
അതോ, നിന്റെ കവിളിൽപ്പൊടിഞ്ഞ ചോര
എന്റെ കവിളത്ത് ചാർത്തി
എന്നെ ചോപ്പണിയിച്ചുകൊണ്ട്
പറയുമോ ഒരിക്കൽക്കൂടി,
എനിക്കുകേൾക്കാൻ വേണ്ടി,
"ഉണ്ട്... ഉണ്ട്... ഉണ്ടെ"ന്ന്...
നീ പനിച്ചുതുള്ളി,
തലപൊക്കാൻ പോലുമാവാതെ
തളർന്ന്, വിയർത്ത്
ഒന്നു മിണ്ടാനോ
ഉണ്ണാനോ ഉറങ്ങാനോ തോന്നാതെ
പായിൽ കിടക്കുമ്പോൾ,
ഞാൻ നിന്റെ നെറ്റിയിൽ
തുണി നനച്ചിടുന്നതിനിടെ
"നിനക്കെന്നോട് സ്നേഹമുണ്ടോ..."
എന്ന് ചോദിച്ചാൽ,
നീ ഒന്നും പറയാതെ
കണ്ണടച്ച് കിടക്കുമോ?
അതോ, നിന്റെ നിശ്വാസത്തിലെ
വേവ് എന്റെ കവിളത്ത്
പതിപ്പിച്ചുകൊണ്ട് പറയുമോ,
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്...
തെരുവിലെ ഓരോ വീട്ടിലും
യുദ്ധകാഹളം മുഴങ്ങിക്കൊണ്ടിരിക്കെ,
നീയും യുദ്ധത്തിനിറങ്ങാൻ
കച്ചകെട്ടിക്കൊണ്ടിരിക്കെ
മുറ്റത്ത് ശത്രുവിന്റെ
കാൽപ്പെരുമാറ്റം കേൾക്കവേ,
ഞാൻ പെട്ടെന്ന് നിന്നോട്
"നിനക്കെന്നോട് സ്നേഹമുണ്ടോ..."
എന്ന് ചോദിച്ചാൽ,
നീയെന്നോട് ഇറങ്ങിപ്പോവാൻ പറയുമോ
അതോ, എന്റെ മുറിഞ്ഞു നീറുന്ന
ഹൃദയത്തെ സാന്ത്വനിപ്പിക്കുമോ...
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്
ദൂരയാത്രയ്ക്കു പോവാനിറങ്ങവേ,
നേരം വൈകി, ഓരോ കാലടിയും
ആഞ്ഞുവെച്ച് ഒരാന്തലോടെ
നീ പാഞ്ഞുപോവാനിറങ്ങവേ,
നിന്റെ വാതിലിനു കുറുകേ
വന്നുനിന്ന് ഞാൻ
"നിനക്കെന്നോട് സ്നേഹമുണ്ടോ..."
എന്ന് ചോദിച്ചാൽ,
നീ നീരസത്തോടെ നെറ്റി ചുളിക്കുമോ,
അതോ, എല്ലാം താഴെയിട്ട്
എന്നെ വലിച്ച് നെഞ്ചോടടുപ്പിച്ച്
മുടിയിഴകളിൽ പതുക്കെ
തഴുകിക്കൊണ്ട് നീ പറയുമോ,
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്
ഒരു പെരുങ്കാറ്റു വന്നടിച്ചുകേറി
സർവ്വവും നഷ്ടമായി,
ഈ ലോകത്ത് നമ്മൾ രണ്ടും
മാത്രം ബാക്കിയായി,
നാളെയിനിയെന്തെന്ന
ആധിയോടെ നീ നിൽക്കേ
നിന്റെ നെഞ്ചിൽ തലചായ്ച്ച്
ഞാൻ നിന്നോട്
"നിനക്കെന്നോട് സ്നേഹമുണ്ടോ.."
എന്ന് ചോദിച്ചാൽ,
എന്നെ നീ തള്ളിമാറ്റിക്കളയുമോ,
അതോ, എന്റെ തലയിൽ തഴുകി,
നിറുകയിലുമ്മവെച്ച്
നീ എനിക്കുറപ്പു തരുമോ,
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്
നീ അതിലുമൊക്കെ ദൂരം
എന്നിൽ നിന്നും അകന്നുമാറി,
രണ്ടരയടി ആഴത്തിൽ
മണ്ണിൽ വിശ്രമിക്കെ,
ഞാൻ പേടിച്ചുവിറച്ചൊരുദിവസം
നിലവിളിശബ്ദത്തിൽ
"നിനക്കെന്നോട് സ്നേഹമുണ്ടോ.."
എന്ന് ചോദിച്ചാൽ,
നീ അവിടെ ഒന്നും മിണ്ടാതെ
വിശ്രമം തുടരുമോ,
അതോ, അത്രയും ദൂരത്തുനിന്നുപോലും
നീ പറയുമോ,
"ഉണ്ട്...ഉണ്ട്...ഉണ്ടെ"ന്ന്...
നീ എവിടെപ്പോയാലും..
എങ്ങനെയൊക്കെ ആയിരുന്നാലും..
ഇനി നീയില്ലെങ്കിൽക്കൂടി,
എന്നോട് മറുപടിപറയാൻ
മടി കാട്ടരുത്, മറന്നുപോവരുത്...
"ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്...
സത്യമായും സ്നേഹിക്കുന്നുണ്ട്...
മറ്റെന്തിനേക്കാളുമുണ്ട്... എന്ന്..
ഞാനെന്നും കേൾക്കും
നിന്റെയൊച്ച, എത്ര പതിഞ്ഞതായാലും
"ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്...
മറ്റെന്തിനേക്കാളുമുണ്ട്...
ഉണ്ട്...ഉണ്ടെ"ന്ന്...
4.
'നീരയുടെ ചിരി, അവളുടെ കണ്ണുനീരും..'
നീരയുടെ മിഴികളുടെ
ആഴങ്ങളിലുണ്ട്,
അവളുടെ കണ്ണുനീർ...
അധരങ്ങളുടെ യവനികയുയർത്തിക്കൊണ്ട്,
പതിയെ മാറിടത്തിലേക്കും,
കൈകളിലേക്കും,
വിരൽത്തുമ്പിലേക്കുമെല്ലാം
പടർന്നുകേറുന്നു,
അവളുടെ ചിരി...
അവളുടെ ഉടുപ്പ് ചിരിക്കുന്നു...
തന്റെ ഈറൻ മുടിക്കെട്ട്
ഒന്നുചുറ്റിപ്പിടിച്ച്, നീര,
അവളുടെ ചിരിക്കുന്ന കൈ
എന്റെ നേർക്കു നീട്ടുന്നു...
നീരയുടെ ആഹ്ളാദം
എന്റെ കൈവെള്ളയിലെ
ഇടവഴികളിലൂടെ
ഓടി നടക്കുന്നു...
കടൽച്ചൂര് അവളുടെ
നാട്യങ്ങൾക്ക് പിടികൊടുക്കുന്നില്ല...
അവൾ എന്നെ ഇടയ്ക്കിടെ
ഏറുകണ്ണിട്ടു നോക്കുന്നു...
സാന്ധ്യശോഭയാൽ തുടുത്ത
അവളുടെ അധരങ്ങളിൽനിന്നും
ഇറ്റുവീഴുന്നു, കേളീരസം...
രഹസ്യസ്പർശങ്ങളിലൂടെയും
ഒളിഞ്ഞുനോട്ടങ്ങളിലൂടെയും
ഞാനവളോട് കെഞ്ചുന്നു,
"അടങ്ങി നില്ലെന്റെ പെണ്ണേ, നീരാ..."
വശ്യമായ അവളുടെ കണ്ണുകളിൽ
അങ്ങനെ എളുപ്പം മയങ്ങുന്നവനല്ല,
എല്ലാമറിയുന്നവനാണ്
ഈ ഞാൻ...
ഭൂമികുലുക്കുന്ന പേമാരിയൊച്ചയിൽ,
ഞാനറിയുന്നുണ്ട്
നിന്റെ ഉഷ്ണനിശ്വാസങ്ങൾ..
"ഒന്നടങ്ങി നില്ലെന്റെ പെണ്ണേ, നീരാ..."
നീരയുടെ ഉടുപ്പിലെ കിളിക്കൂട്ടം
അവളുടെ മുലകളിൽ
കൊത്തിപ്പാറുന്നു...
അവളുടെ അരക്കെട്ടിൽ നിന്നും
ഇടുപ്പിൽ നിന്നും
പുറപ്പെടുന്നു ഒരു നീർച്ചുഴി...
പ്രപഞ്ചത്തിന്റെ എല്ലാ കോണും
തിളങ്ങുമാറവൾ
തന്റെ പാൽപ്പല്ലുകൾ
സായാഹ്നത്തിന് വെളിപ്പെടുത്തുന്നു...
ഒരു സർപ്പത്തെപ്പോലെ
ചുരുളഴിഞ്ഞുവന്ന്
അവൾ ചൂണ്ടുവിരൽ
ചുണ്ടോടുചേർത്ത്
'ശ്ശ്...' എന്ന് മൂളുന്നു...
എനിക്കറിയാം...
നീരയുടെ മിഴികളുടെ
ആഴങ്ങളിലുണ്ട്,
അവളുടെ കണ്ണുനീർ..!
5.
നിങ്ങൾക്കെന്താണ്,
എന്നിൽ നിന്നും വേണ്ടത്?
ഞാനൊന്നും ചോദിച്ചില്ലല്ലോ
അതിന്... ഉവ്വോ..?
ചോദിച്ചില്ല, പക്ഷേ പിന്നെന്തിനാണ്
ഉറക്കെ എന്റെ പേരുവിളിച്ചത്..?
കണ്ടോ അവിടെ വെള്ളം...
വെയിലിന്റെ വെള്ളി പോലെ,
അങ്ങുദൂരെ നിന്റെ കണ്ണുപോലെ
ഒരു തോണി,
ഇപ്പോൾ എവിടെ നോക്കിയാലും
ഞാൻ കാണുന്നത് നിന്നെയാണ്
നേരു പറയണം, കവേ...
നിങ്ങൾക്കെന്നിൽ നിന്നും
എന്താണ് വേണ്ടുന്നത്..?
എനിക്ക് നീയൊരു ദേവിയാണ്...
ഞാൻ ദേവിയുമല്ല, കൂവിയുമല്ല...
നീയാരാണെന്ന്, നീയറിയുന്നില്ല പെണ്ണേ...
പറ... ഞാനാരാണെന്ന്...
നീ സരസ്വതിയാണ്...
ആ വാക്കിന്റെയർത്ഥം 'പെണ്ണെ'ന്നാണ്...
നീയെനിക്കെത്തിപ്പിടിക്കാവുന്ന അകലത്തിലാണ്...
ഞാൻ നിന്നെ ചിലപ്പോൾ 'പെണ്ണേ 'യെന്ന്
നീട്ടിവിളിച്ചെന്നിരിക്കും...
നിങ്ങളെന്നെച്ചിരിപ്പിക്കും മനുഷ്യാ...
വായിൽ തോന്നുന്ന തോന്ന്യാസം
അങ്ങനേ വിളിച്ച് പറയുക തന്നെ...
മിക്കപ്പോഴും അങ്ങനെ തന്നെ...
എന്തിനാണെനിക്ക് വെറുതേ
ഇങ്ങനൊക്കെ തോന്നുന്നത്..?
നേരുപറ... വിഷയം മാറ്റാതെ...
നിങ്ങൾക്ക് എന്താണെന്നിൽ നിന്നും
വേണ്ടത്..?
അനുഗ്രഹം...
അനുഗ്രഹം..? എന്റെയോ, അതോ
ശരിക്കുള്ള ദേവിയുടെയോ..?
നീതന്നെ ദേവി...
മേശക്കപ്പുറത്ത്,
ഇളം ചുവപ്പു സാരിചുറ്റി,
താടിക്ക് കയ്യുംകൊടുത്ത്...
ഒന്നിങ്ങടുത്തു വരൂ...
എന്നെ അനുഗ്രഹിക്കൂ...
ആ കൈകൾ കൊണ്ടെന്റെ
നെറുകയിലൊന്ന് സ്പർശിക്കൂ...
അനുഗ്രഹിച്ചെന്നെ ഉന്മത്തനാക്കൂ...
എന്റെ മുടിക്ക് കുത്തിപ്പിടിക്കൂ...
നിന്റെ നഖം കൊണ്ട്,
എന്റെ പുരികത്തു നിന്നും
ചോരപൊടിപ്പിക്കൂ...
ഇപ്പോഴുള്ള പ്രാന്തൊന്നും
പോരാഞ്ഞിട്ടാണല്ലേ..?
ഇല്ല, നിന്നെക്കാണുമ്പൊഴേ
ഇളക്കമുള്ളൂ, അല്ലാത്തപ്പോൾ
ഒക്കെ ശാന്തമാണ്...
എന്നാ ഒരു കാര്യം ചെയ്യാം...
ഇനി തമ്മിൽ കാണാണ്ടിരിക്കാം...
അതാ നന്നാവുക, എന്തേ...
അങ്ങനെ നല്ലതുമാത്രം നോക്കി
ജീവിച്ചിരുന്നെങ്കിൽ
ഞാനൊരു വാനമ്പാടിയോ വണ്ണാത്തിക്കിളിയോ
കാട്ടുപൂച്ചയോ, ഗാന്ധിജിയോ
അല്ലെങ്കിൽ റേഷനരിയിലെ പുഴുവോ
ഒക്കെ ആയിരുന്നേനെ...
എന്നാലും മനുഷ്യനായിക്കൂടല്ലേ...?
ഞാനൊരു മനുഷ്യനാന്നാ
ധരിച്ചിരിക്കുന്നത്..?
ആ... ആയിരുന്നു,
നിന്നെ കാണുന്നതിന് മുമ്പുവരെ...
നിങ്ങൾ എന്റെ കണ്ണിലേക്കു തുറിച്ചുനോക്കുന്നു
ഇമവെട്ടാതെ നോക്കിയിരിക്കുന്നു.
ഇതിനുമാത്രം ഇവിടെന്താ കാണാനുള്ളത്..?
നിന്റെയുള്ളിലെ നിന്നെ...
നീ നിന്റെ ഉടുപ്പുകളൊക്കെ അഴിച്ചിട്ടാൽ,
ആഭരണങ്ങളൊക്കെ ഊരിവെച്ചാൽ,
അതിന്റെയൊക്കെ പിന്നിലുള്ള
നീ...
അതാണോ ഞാൻ..? അതോ നിങ്ങടെ തോന്നലോ..?
പൊന്നുമോളെ...
അല്ല, എന്നെ ദേവിയെന്ന് വിളിച്ച്
തീർന്നിരുന്നില്ലല്ലൊ..!!
എല്ലാം ഒന്നുതന്നെ,
സങ്കല്പ്പനൗകയല്ലേ ദേവി..!
നീയതാണ് നീരാ...
എനിക്കു നിന്റെ അനുഗ്രഹം വേണം...
അതിനെന്താ പാട്, ദിപ്പ...ത്തരാം..
ഒരു കടലില്ലെ നിനക്കുള്ളിൽ,
എനിക്കൊരു തുള്ളി മതി...
എന്ത് കോപ്പുണ്ടെന്നാ..?
എനിക്കറിയില്ല.
നീ തന്നെ... നീ തന്നെ... നീ തന്നെ നേര്...
നമ്മൾ കോണിപ്പടി കേറുമ്പോൾ കണ്ടു.
അന്നു നിങ്ങളൊന്നും മിണ്ടിയില്ല.
എന്റെ ഏകാന്തദിനങ്ങൾ...
എന്റെ തലതിരിഞ്ഞ വഴികൾ
ഒക്കെ എന്റെ മാത്രമാ...
എന്റെ കുട്ടിക്കാലം കടന്നു വീശുന്ന
കാറ്റിനേ അറിയൂ...
നിന്റെ ദു:ഖങ്ങളുടെ ഒരു പൊട്ടെനിക്ക് തരുമോ...
എനിക്കത് ധാരാളമാവും...
ദു:ഖമോ... എനിക്കെന്ത് ദു:ഖം..?
ആകെ ഒരു മൂളക്കം...
അതുമാത്രമേ ഇന്നെനിക്കു ചുറ്റുമുള്ളൂ...
അതാണെങ്കിൽ
ആർക്കും കൊടുക്കാനും പറ്റില്ല...!
നീതന്നെ നീതന്നെ
നേരിന്റെ നേര്..!!
നീ തന്നെ ദേവി...
മൂർദ്ധാവിൽ നിന്റെ കൈത്തലവുമായി
എനിക്കൊന്നു മുട്ടുകുത്തി പ്രാർത്ഥിക്കണം...
പക്ഷേ, അതവിടെ തീരുന്നില്ല...
ഒരു നിമിഷം കൊണ്ടു ഞാൻ
കവിയിൽ നിന്നും
ഒരു പുരുഷൻ മാത്രമായി മാറുന്നു...
ചപലമായ എന്റെ കൈകൾ
പത്തുവിരലും നിവർത്തി
ഒരു പെണ്‍സിംഹത്തിന്റേതെന്നപോലെ
നിന്റെ അരക്കെട്ടിനെ വാരിപ്പിടിക്കുന്നു.
നിന്റെ മാറിടത്തിൽ മുഖം പൂഴ്ത്തുന്ന
ഒരു കുഞ്ഞിനെപ്പോലെ...
എന്തോ രഹസ്യമറിയാൻ തിരഞ്ഞുനടക്കുമ്പോലെ...
ദൂരെപ്പോ പുരുഷൂ...
ഇങ്ങടുത്തു വരൂ കവേ...
എന്റെ കവിയ്ക്ക്
ഞാനെന്താണ് തരേണ്ടത്..?
ഒന്നും വേണ്ടാ...
അപ്പോഴേക്കും കൊണ്ടോ.?
എന്നു തന്നെ വെച്ചോ..
കൊള്ളാം... ഇഷ്ടപ്പെട്ടു...
ഈ സൂക്കേടിനെ നമുക്ക്
'ഒളിച്ചോട്ടം' എന്ന് വിളിച്ചാലോ.?
നിങ്ങളെ കാണാണ്ടിരിക്കൽ, ഇല്ലായ്മ,
അകലം... വേദന... എന്തേ..?
എന്തുമാത്രം അകലമെന്നാ..?
നിനക്കോർമ്മയുണ്ടാവുമോ.?
എങ്ങനെ ഞാൻ... മറക്കും... കുയിലേ...
മുന്നിലിങ്ങനെ നീ...
താടിക്ക് കയ്യും കൊടുത്ത്,
നെറ്റിയിൽ മുടിയും പാറിച്ച്,
കാലുകൾ നിലത്തൊളിപ്പിച്ച്,
ചുണ്ടിന്റെ വക്കിലൊരു
ചിരിയും പിടിപ്പിച്ച്.. ഹോ.!!
ഇതൊരൊടുക്കത്തെ സീൻ തന്നെ നീരാ...
നിനക്കറിയില്ല...!!
മരിച്ചാലും മറക്കില്ല ഒന്നും..
കാലം എന്നുമിങ്ങനെ
നിന്നുതരുമെന്ന് വെച്ചിരിക്കാ ..?
എന്താ നിങ്ങൾക്ക് വേണ്ടേ..?
മരണം..!!
ശ്ശെ... അങ്ങനൊന്നും പറയല്ലേ..
പിന്നെ... സ്നേഹം...
ഞാനെന്നും ഇരന്നിട്ടല്ലെ ഉള്ളൂ...
ഇത്തിരി സ്നേഹത്തിന്...
സ്നേഹം എന്റടുത്ത്ന്ന് കിട്ടീട്ടില്ലെന്നാ...?
ഞാനെന്താ പറയാ...
നിന്നെക്കാൾ മൂത്തൊരാൾ
നിന്റെ സ്നേഹം ആഗ്രഹിക്കുമ്പോൾ
ഒപ്പം അയാൾ നിന്റെ ശരീരവും
കാംക്ഷിക്കുന്നു...
നിനക്ക് നിന്റെ കവിളുകൾ
അയാളുടെതിനോടുരുമ്മി
ഇത്തിരി ചൂടുപകരാമോ...?
പിന്നേം പ്രാന്തായോ..?
എനിക്ക്... എനിക്ക് കാണണം...
എനിക്ക് നിങ്ങളേം കാണണം..
ഇല്ല...
അതെന്താ..?
ഹേ... അതൊരിക്കലും പറയരുത്.
എനിക്ക് പേടിയാവും...
ഇത് വണ്‍വേ ആണ്...
ഞാനാര്... ഒന്നിനും കൊള്ളാത്ത
സാധാരണക്കാരൻ, ആരുമല്ലാത്തൊരുത്തൻ...
എന്നിട്ടും ഞാൻ നിന്റെ സൌന്ദര്യത്തെ
കൊതിച്ചു...
നിങ്ങളൊരു കവിയല്ലേ..?
എനിക്കതൊക്കെ ഓർമ്മയുണ്ടെന്ന് കരുതിയോ..?
ഞാനെല്ലാം പെട്ടന്ന് മറക്കും...
പിടിവാശി കാട്ടും...
ആളുകളോട് ഓരോന്ന്
ആവശ്യപ്പെട്ടോണ്ടിരിക്കും...
നിങ്ങൾക്കെന്നിൽ നിന്നും
എന്താണ് വേണ്ടുന്നത്..?
ഒന്നും വേണ്ട...
എന്റെ കണ്ണിൽ
കരടു പെട്ടിട്ടുണ്ടെങ്കിൽ
നിന്റെ ചുടുനിശ്വാസം കൊണ്ട്
ഒന്നെടുത്തു തരുമോ...?