വാക്കുത്സവത്തില്‍ ഇന്ന് നികിത ഗില്‍ എഴുതിയ കവിതകളുടെ പരിഭാഷ
തനിക്ക് എഴുത്തിൽ കമ്പമുണ്ട് എന്ന് നികിത ഗിൽ തിരിച്ചറിയുന്നത് തന്റെ പന്ത്രണ്ടാം വയസ്സിലാണ്. കാശ്മീരിൽ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ തന്റെ മുത്തച്ഛനുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് അവൾ എഴുതിയയച്ച ഒരു കുറിപ്പ് അന്ന് ഒരു പ്രാദേശിക പത്രത്തിൽ അച്ചടിച്ചു വന്നു. അത് അവൾക്ക് അന്നേറെ രസിച്ചു. അപരിചിതരായ നിരവധിപേരുടെ മനസ്സിലേക്ക് തന്റെ അനുഭവങ്ങളെ പ്രക്ഷേപണം ചെയ്യുന്ന എഴുത്ത് അന്നുമുതൽ അവൾ ഒരു പതിവാക്കി. ലണ്ടനിൽ സ്ഥിരതാമസമായ നികിത എഴുതുന്നത് ഇംഗ്ലീഷിലാണ്. ആർക്കും മനസ്സിലാകുന്ന വളരെ ലളിതമായ ഇംഗ്ലീഷിലാണ് നികിതാ ഗില്ലിന്റെ എഴുത്തത്രയും. അതിനെ കവിതയെന്നോ കുഞ്ഞു കുറിപ്പെന്നോ ഒക്കെ തരം പോലെ ആളുകൾ വിളിക്കുന്നു. തങ്ങളുടെ കാമുകീകാമുകന്മാരോട് മനോഗതം വെളിപ്പെടുത്താൻ പോലും ആ കുഞ്ഞെഴുത്തുകൾ പ്രയോജനപ്പെടുത്തുന്നു. എഴുത്ത് ഇന്ന് നികിതാ ഗില്ലിന്റെ ജീവിതമാകെ മാറ്റിമറിച്ചിട്ടുണ്ട്. 5.56 ലക്ഷം ഫോളോവർമാരുള്ള ലോകമെങ്ങും അറിയപ്പെടുന്ന ഒരു ഇൻസ്റ്റഗ്രാം സ്റ്റാറാണ് ഇന്ന് നികിത. ഇൻസ്റ്റാഗ്രാം ക്ലച്ചുപിടിച്ചു തുടങ്ങുന്ന കാലം തൊട്ടുതന്നെ അതിൽ അക്കൗണ്ടുണ്ട് നികിതയ്ക്കും.
നികിതാ ഗില്ലിന്റെ തിരഞ്ഞെടുത്ത കവിതകളുടെ മലയാളം ചുവടെ
1. 'വേദനയെപ്പറ്റി'
ഒരാളോടുള്ള
നിങ്ങളുടെ പെരുമാറ്റത്തിൽ
അവർക്കെത്രകണ്ട്
വേദനപ്പെടാനനുവാദമുണ്ടെന്ന്
തീരുമാനിക്കുന്നത്
വൈകാരികമായി
എന്തിനൊക്കെ സമമാണെന്നോ..?
***
ഒരാളെ വെള്ളത്തിനടിയിൽ
മുക്കിപ്പിടിച്ചുനിർത്തിയിട്ട്,
അയാൾക്ക് എന്തുമാത്രം
ഉച്ചത്തിൽ നിലവിളിക്കാൻ
അനുവാദമുണ്ട്
എന്ന് തീരുമാനിക്കുന്നതിന്..
***
ഒരാളെ തീക്കൊളുത്തിയിട്ട്
അയാളുടെ ചാരത്തിന്
എന്തുമാത്രം നിങ്ങളുടെ
മുറി അലങ്കോലപ്പെടുത്താൻ
അനുവാദമുണ്ട്
എന്ന് തീരുമാനിക്കുന്നതിന്..
***
ഒരാളുടെ ഇടനെഞ്ചിലൂടെ
കത്തി കുത്തിയിറക്കിയിട്ട്
ചാവുംമുമ്പ് എത്ര ചോരയൊഴുക്കാൻ
അനുവാദമുണ്ട്
എന്ന് തീരുമാനിക്കുന്നതിന്..
ഒരാളെ
പാടെ തകർത്തു തരിപ്പണമാക്കിയിട്ട്
അയാൾക്കെന്തുമാത്രം
സങ്കടപ്പെട്ടിരിക്കാൻ അനുവാദമുണ്ട്
എന്നുകൂടി നിങ്ങൾ തന്നെ തീരുമാനിക്കുക..
അത് നടപ്പുള്ള കാര്യമല്ല..
2. ഹൃദയം നുറുങ്ങുന്ന ശബ്ദം
ഹൃദയം നുറുങ്ങുമ്പോൾ
ഒരു ശബ്ദവുമുണ്ടാകാറില്ല.
എത്ര ഭയാനകമായ
ഒരു സത്യമാണത്, അല്ലേ..?
കാർ ആക്സിഡന്റിൽ പെടുമ്പോൾ
'പഠോ...' എന്നൊരു ഒച്ചകേൾക്കാം.
അതിന്റെ ചില്ലുപൊട്ടുന്നതും,
ടയർ വെടിക്കുന്നതിതുമൊക്കെ
നമുക്ക് വ്യക്തമായി കേൾക്കാം.
എഴുതുമ്പോൾ പോലും
കടലാസ്സിൽ പെൻസിൽ മുന-
യുരുമ്മുന്നതിന്റെ നേർത്ത ഒച്ച
ഒന്നു കാതോർത്താൽ
നമുക്ക് കേൾക്കാം.
എന്നാൽ
ആയിരം കഷ്ണങ്ങളായി
ഹൃദയം നുറുങ്ങുന്നത്
എത്ര നിശ്ശബ്ദമായിട്ടാണെന്നറിയുമോ?
ഇത്രവലിയ ദുരന്തം സംഭവിച്ചിട്ട്,
അതിന്റെപേരിൽ
ഒന്നൊച്ചവെക്കാൻ
ആർക്കും,
ഈ പ്രപഞ്ചത്തിനു പോലും
ആവുന്നില്ലെന്നുപറഞ്ഞാൽ
എത്ര കഷ്ടമാണത്?
ഹൃദയം പൊട്ടിച്ചിതറുന്ന
ഒച്ചയെ താങ്ങാൻ കഴിയുന്നത്
നിശ്ശബ്ദതയ്ക്ക് മാത്രമാവും
എന്നാണ് തോന്നുന്നത്.
3. അതിജീവനം
ചിലർ അതിജീവിക്കും
എന്നിട്ടതിനെപ്പറ്റി സംസാരിക്കും.
മറ്റുചിലർ
അതിജീവിച്ചുകഴിഞ്ഞാൽ
പിന്നെ ഒരക്ഷരം പോലും
അതേപ്പറ്റി മിണ്ടില്ല.
ചിലർ അതിജീവിച്ച ശേഷം
ക്രിയാത്മകമായി
പലതും ചെയ്യും.
സങ്കൽപ്പിക്കാൻ പോലുമാകാത്ത
വേദനകളോട്, ഓരോരുത്തരും
അവരുടേതായ രീതിയിലാണ്
പ്രതികരിക്കുക.
അതിനവർക്ക് അവകാശവുമുണ്ട്.
അതിനെ ആരും
അളക്കാൻ പോണ്ട.
അതുകൊണ്ട്,
ഇനി നിങ്ങൾ ആരുടെയെങ്കിലും
ജീവിതത്തിലേക്ക്
കുതൂഹലത്തോടെ ഉറ്റുനോക്കുമ്പോൾ
ഓർക്കുക
ഇങ്ങനെ നിങ്ങൾക്കുമുന്നിൽ
സമുദ്രശാന്തിയോടെ ഇരിക്കുമ്പോൾ പോലും
അവർ ഉള്ളിൽ നീറുന്നത്
നിങ്ങൾ അറിയാനൊരിക്കലും
ഇടവരാതിരിക്കട്ടെ എന്ന്.
എത്ര വിശാലമാണ്
സമുദ്രങ്ങളെന്നോർക്കണം.
ഒരിടം ശാന്തമായിരിക്കുമ്പോൾ
മറ്റൊരിടത്ത് ചുഴലിക്കാറ്റടിക്കുന്നുണ്ടാവാം
എന്നറിയണം.
4. ഒരിക്കലും പ്രേമിക്കരുത്
നിന്നെ പ്രണയിക്കാൻ
എന്നെ നീ അനുവദിക്കാത്തതെന്ത്?
അവൻ സങ്കടത്തോടെ
അവളോട് ചോദിച്ചു.
തന്റെ ഉള്ളംകൈയിലേക്ക്
നോക്കിക്കൊണ്ട് അവൾ
മറുപടി പറഞ്ഞു.
വെയിലുപോലുള്ള ചെക്കന്മാർ
മഴപോലുള്ള പെണ്ണുങ്ങളെ
ഒരിക്കലും പ്രേമിക്കരുത്.
അതൊരിക്കലും നല്ലതിനാവില്ല.
ഒന്നുകിൽ പേമാരി,
അല്ലെങ്കിൽ കൊടുംകാറ്റ്
രണ്ടിലൊന്നുറപ്പാണ്..!
5. ശരിക്കുള്ള ചെകുത്താന്മാർ
കട്ടിലിനടിയിലോ
അലമാരയ്ക്കുള്ളിലോ ഒന്നും
ചെകുത്താന്മാർ
ഒളിച്ചിരിപ്പില്ലെന്ന്
അമ്മമാർ നമ്മളെ ആശ്വസിപ്പിക്കാറുണ്ട്.
ശരിതന്നെ.
എന്നാൽ,
ചിലപ്പോൾ ചെകുത്താന്മാർ
കുളിച്ച് കുട്ടപ്പന്മാരായി
കോട്ടും സൂട്ടുമണിഞ്ഞ്
നമ്മുടെ മുന്നിൽ വന്നുനിന്ന്
സൂര്യനേക്കാളും ചന്ദ്രനെക്കാളുമേറെ
നമ്മളെ പ്രണയിക്കുന്നുണ്ടെന്ന്
അവകാശപ്പെട്ടേക്കാം എന്ന്
അവർ നമുക്ക്
ഒരിക്കലും പറഞ്ഞുതരില്ല..!
കവിതകളുടെ പരിഭാഷ: ബാബു രാമചന്ദ്രന്‍