വാക്കുല്‍സവത്തില്‍ വിട പറഞ്ഞ പലസ്തീന്‍ കവി മുരീദ് ബര്‍ഗൂതിയുടെ കവിത. വിവ: സര്‍ജു
കവിതയേക്കാള്‍ വായനക്കാരുണ്ടാകും കവികളുടെ ആത്മകഥകള്‍ക്ക്. പക്ഷേ കവികളെ ഉള്‍ക്കൊള്ളാന്‍ ചിലപ്പോള്‍ രാഷ്ട്രങ്ങള്‍ക്ക് തന്നെ കഴിയാതെ വരുന്നു. ഈജിപ്റ്റില്‍ നിന്ന് ബുഡാപെസ്റ്റിലേയ്ക്ക് ബര്‍ഗൂദി നാടുകടത്തപ്പെട്ടത് അങ്ങനെയാണ്.
Read more: മുരീദ് ബര്‍ഗൂതി: സാധാരണ ജീവിത നിമിഷത്തെ അസാധാരണമാക്കിയ കവി
അതും നല്ലതു തന്നെ
വീട്ടുകിടക്കയില്‍ കിടന്നുള്ള മരണം
നല്ലതു തന്നെ
വളരെ വൃത്തിയുള്ളൊരു തലയണയില്‍
തല ചായ്ച്ച്
സുഹൃത്തുക്കളെല്ലാം ചുറ്റും കൂടിനില്‍ക്കുമ്പോള്‍
നമ്മുടെ ഒഴിഞ്ഞ കൈകള്‍
നെഞ്ചിനുമീതെ പിണച്ചു വെച്ച്
ഒരിക്കല്‍ ഇങ്ങനെ മരിക്കുന്നത്
നല്ലതു തന്നെ.
കൈകളില്‍ ചങ്ങലകളില്ലാതെ
ബാനറുകളോ നിവേദനങ്ങളോ ഇല്ലാതെ
ഒരു പോറല്‍ പോലുമില്ലാതെ
പൊടിപുരളാത്തൊരു മരണം
നല്ലതു തന്നെ.
നമ്മുടെ ഉടുപ്പില്‍ തുളകളൊന്നുമില്ല
വാരിയെല്ലുകളില്‍ അടയാളങ്ങളില്ല
പെരുവഴിയില്‍ കിടന്നല്ല
കവിള്‍ത്തടങ്ങള്‍ക്കു കീഴില്‍
തൂവെള്ളത്തലയണയുള്ളപ്പോള്‍
സ്‌നേഹഭാജനങ്ങളുടെ
കരം കവര്‍ന്നുകൊണ്ട്
ഡോക്ടര്‍മാരും നഴ്‌സുമാരും
നിരാശരായി നമ്മെത്തന്നെ
നോക്കിനില്‍ക്കുമ്പോള്‍
മഹത്തായൊരു വിടവാങ്ങലല്ലാതെ
മറ്റൊന്നും ശേഷിക്കാതിരിക്കെ
നല്ലതു തന്നെ,
ചരിത്രത്തിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ
ഈ ലോകം അതേ പോലെ നിലനിര്‍ത്തിക്കൊണ്ട്
ആരെങ്കിലും, മറ്റാരെങ്കിലും വന്ന്
അതിനെ മാറ്റിക്കൊള്ളുമെന്ന പ്രത്യാശയോടെ
വീട്ടുകിടക്കയില്‍ കിടന്നുള്ള മരണം
നല്ലതു തന്നെ.
വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച മുഴുവന്‍ കവിതകളും കഥകളും ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം