വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

By Rathnakaran mangad  |  First Published Aug 28, 2019, 2:56 PM IST

നിശ്ചലയാത്രകള്‍. മാങ്ങാട് രത്നാകരന്റെ കോളം തുടങ്ങുന്നു 


വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മ്മനിയിലെ കാല്‍വ് നഗരത്തില്‍നിന്ന് ട്യൂബിങ്ങെന്‍ സര്‍വകലാശാലയിലേക്ക് രണ്ട് ആത്മസുഹൃത്തുക്കളോടൊപ്പം ബസ്സില്‍ പോകുമ്പോള്‍ ഞങ്ങളുടെ മൂന്നു പേരുടെ ടിക്കറ്റ് തുകയായി 15 യൂറോ ഞാന്‍ കണ്ടക്ടര്‍ക്ക് കൊടുത്തു. ഓരോ ആളായി തരാന്‍ കണ്ടക്ടര്‍ പറഞ്ഞു. ഒന്നിച്ചു കണക്കുകൂട്ടാന്‍ അറിയില്ലത്രെ! 

''എടാ പൊട്ടാ, ഗുണകോഷ്ഠം പഠിച്ചിട്ടില്ല അല്ലേ'' ഞാന്‍ മനസ്സില്‍ പറഞ്ഞു. 

Latest Videos

undefined

മുഖവുര

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനുമായി ചേര്‍ത്ത് ഒരു കഥ കേട്ടിട്ടുണ്ട്. കഥാപുരുഷന്‍ വൈലോപ്പിള്ളി ആകയാല്‍ നുണയാവാന്‍ തരമില്ല. 

തൃശൂരിലെ ഒരു കലാസമിതിക്കാര്‍ ഒരുനാള്‍ വൈലോപ്പിള്ളി താമസിക്കുന്ന ക്വാര്‍ട്ടേര്‍സില്‍ ചെന്നു. കവി ഒരു കവിതയ്ക്കുമേല്‍ അടയിരിക്കുകയാണ്. കടലാസില്‍നിന്നു മുഖമുയര്‍ത്താതെ കവി കാര്യം തിരക്കി. കാര്യം നിസ്സാരം, തൃശ്ശൂരില്‍ ഉള്‍നാട്ടില്‍ ഒരു വായനശാലയും ഗ്രന്ഥാലയവും തുടങ്ങുന്നു, കുറച്ചു പുസ്തകങ്ങള്‍ സംഭാവനയായി വേണം. 

കവി മുഖമുയര്‍ത്തി ഒരലമാര ചൂണ്ടിക്കാട്ടി, അതിലെ മേലേക്കള്ളിയിലുള്ള പുസ്തകങ്ങളെല്ലാം എടുത്തോളാന്‍ പറഞ്ഞു. അവര്‍ സന്തോഷത്തോടെ അതെല്ലാം പൊതിഞ്ഞുകെട്ടി. പോകാന്‍ നേരത്ത് കവിയോട് നന്ദി പറഞ്ഞു. 

കവി തലകുലുക്കി. ''ഞാനോ വായിച്ചുനശിച്ചു, ഇനി ഇവയെല്ലാം വായിക്കുന്നവരും വായിച്ചുനശിക്കട്ടെ''

തുടക്കംതന്നെ അമംഗളമായോ? ക്ഷമിക്കണം. 

പണ്ട് ഹന്ന ആരെന്റ് എന്ന പ്രസിദ്ധ ചിന്തക പറഞ്ഞു, ''അപകടകരമായ ചിന്ത എന്നൊന്നില്ല, ചിന്തിക്കുന്നതുതന്നെയും അപകടകരമാണ്.'' അതുപോലെത്തന്നെ വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല. 

വായിച്ചുനശിച്ച കഥ പറയാന്‍ പോവുകയാണ്. 

'വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍, 
സങ്കല്‍പ്പവായുവിമാനത്തിലേറിയാലും'

 

അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം മാങ്ങാട് രത്‌നാകരന്‍ 

 

1.
വലിയച്ഛന്‍ (അമ്മയുടെ അച്ഛന്‍) തുളുച്ചേരി ചന്തുനായരുടെ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നു. എന്നെ ഗുണകോഷ്ഠം പഠിപ്പിക്കുകയാണ്. 

'ഈരണ്ട് നാല്
മൂരണ്ട് ആറ്
നാല്‍രണ്ട് എട്ട്
ഐരണ്ട് പത്ത്'

വലിയച്ഛന്‍ അതു കാണാതെ പറയാന്‍ പറയും. തെറ്റിയാല്‍ അമര്‍ത്തിയൊന്നുമൂളും. ആ മൂളലില്‍ ആലില പോലെ വിറക്കും. പിന്നെ തലപോയാലും തെറ്റില്ല. 

 

ഹെര്‍മന്‍ ഹെസ്സേയുടെ ജന്‍മനാടായ ജര്‍മ്മനിയിലെ കാല്‍വിലെ ഹെസ്സേ പ്രതിമയ്ക്ക് സമീപം
 

വര്‍ഷങ്ങള്‍ക്കുശേഷം ജര്‍മ്മനിയിലെ കാല്‍വ് നഗരത്തില്‍നിന്ന് ട്യൂബിങ്ങെന്‍ സര്‍വകലാശാലയിലേക്ക് രണ്ട് ആത്മസുഹൃത്തുക്കളോടൊപ്പം ബസ്സില്‍ പോകുമ്പോള്‍ ഞങ്ങളുടെ മൂന്നു പേരുടെ ടിക്കറ്റ് തുകയായി 15 യൂറോ ഞാന്‍ കണ്ടക്ടര്‍ക്ക് കൊടുത്തു. ഓരോ ആളായി തരാന്‍ കണ്ടക്ടര്‍ പറഞ്ഞു. ഒന്നിച്ചു കണക്കുകൂട്ടാന്‍ അറിയില്ലത്രെ! 

''എടാ പൊട്ടാ, ഗുണകോഷ്ഠം പഠിച്ചിട്ടില്ല അല്ലേ'' ഞാന്‍ മനസ്സില്‍ പറഞ്ഞു. 

ഒന്നാം ക്ലാസില്‍ ചേരും മുമ്പേ മലയാള അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു. കൂട്ടിവായിക്കാനും പഠിച്ചു. മുത്തുമാഷ് ഒന്നാം ക്ലാസില്‍ 'തറ', 'പറ' പഠിപ്പിക്കുമ്പോള്‍ എനിക്കതെല്ലാം പുഷ്പം പോലെയായിരുന്നു. 

അങ്ങനെയിരിക്കെ, മുത്തുമാഷ് ഒരു സചിത്ര കഥാപുസ്തകം വായിക്കാന്‍ തന്നു. പുസ്തകത്തിന്റെ പേര്: സുജാതയും കാട്ടാനയും. 

കഥ ലളിതം. ഒരു കാട്ടാന നാട്ടിലിറങ്ങുന്നു. ആളുകളെല്ലാം പേടിച്ചു പരക്കം പായുന്നു. അപ്പോഴതാ, സുജാത എന്നു പേരുള്ള ഒരു കൊച്ചുപെണ്‍കുട്ടി പഴക്കുലയുമായി കാട്ടാനയുടെ നേരെ ചെല്ലുന്നു! ദൂരെനിന്ന് എല്ലാവരും സുജാതയെ വിളിച്ച് തിരിച്ചോടാന്‍ പറയുന്നു. സുജാതയുണ്ടോ കേള്‍ക്കുന്നു! സുജാത കാട്ടാനയുടെ അടുത്തേക്കു ചെല്ലുന്നത് എല്ലാവരും നെഞ്ചിടിപ്പോടെ നോക്കിനില്‍ക്കുകയാണ്. സുജാത കാട്ടാനയ്ക്ക് പഴക്കുല നല്‍കുന്നു. കാട്ടാന പഴക്കുല തുമ്പിക്കയ്യില്‍ വാങ്ങി വായിലേക്കിട്ടതിനുശേഷം സുജാതയെ തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് ഓമനിക്കുന്നു. എല്ലാവരും ദീര്‍ഘനിശ്വാസം വിടുന്നു. 

സുജാതയും കാട്ടാനയും തമ്മിലുള്ള സ്നേഹബന്ധം അങ്ങനെ തുടങ്ങുകയാണ്. സുജാതയിലൂടെ കാട്ടാന നാട്ടിലെല്ലാവരുടെയും അരുമയായി. 

കാട്ടാനയെ സ്നേഹം കൊണ്ട് കീഴടക്കിയ സുജാതയെ, ആരെയും അറിയിക്കാതെ, ഞാന്‍ പ്രേമിച്ചു. അതാണ് എന്റെ ആദ്യപ്രേമം. അവള്‍ എന്റെ സ്വപ്നത്തിലെ പെണ്‍കുട്ടിയായി. 

 

ബാരെ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലത്ത്. മുകളിലത്തെ വരിയില്‍ വലത്തേ അറ്റത്ത്.
 

വെടിക്കുന്ന് യു പി സ്‌കൂളിലേക്കുള്ള വഴികളില്‍ സുജാതയെക്കുറിച്ചാലോചിച്ച് നടന്നു. തോടുകടന്ന് നെല്‍പ്പാടത്തിന്റെ വരമ്പിലൂടെ, ബാര മഹാവിഷ്ണു ക്ഷേത്രത്തിനരികിലൂടെ അരയാലിലകളുടെ കാറ്റേറ്റ്, ഭണ്ഡാരത്ത് ഭഗവതി ക്ഷേത്രത്തിനുമുന്നിലെ മഹാവൃക്ഷങ്ങളുടെ ചെവിയാട്ടലില്‍ കാട്ടാനയെക്കണ്ട്, കയറ്റം കയറി, സ്‌കൂളിലെത്തും. സ്‌കൂളിനരികിലും ഒരു ക്ഷേത്രം, കൂറ്റന്‍ ആല്‍, മരത്തില്‍ തീര്‍ത്ത ഒരു പുലി ക്ഷേത്രത്തിലുണ്ട്. ഉരുട്ടിക്കൊണ്ടുപോകാന്‍ പാകത്തിന് നാല് ഉരുളുകളുള്ള ഒരു പീഠത്തിലാണ് പുലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ പുലിയെ കുറേ നേരം നോക്കിനില്‍ക്കും. പുലിയുടെ പുറത്തിരിക്കാന്‍ എത്ര കൊതിച്ചിട്ടില്ല!

ഒന്നാം ക്ലാസില്‍ കുറേയേറെ പെണ്‍കുട്ടികളുണ്ടായിരുന്നു. അന്നത്തെ മധുരമായ പേരുകളില്‍: നളിനി, കാര്‍ത്ത്യായനി, ലീല, മാധവി, ലക്ഷ്മി, സരസ്വതി അങ്ങനെയങ്ങനെ. അവരെക്കാളെല്ലാം എനിക്കിഷ്ടം തോന്നിയത് സുജാതയോടായിരുന്നു. എന്റെ ആലോചനകളില്‍ അവള്‍ ശരിക്കും ജീവിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. 

ഈയിടെ ഇഷ്ടകവി ആറ്റൂര്‍ രവിവര്‍മ്മ മേഘരൂപനായി മാറിയപ്പോള്‍, ഞാന്‍ ആറ്റൂരിന്റെ കവിതകള്‍ ഒരാവര്‍ത്തി കൂടി വായിച്ചു. ആദ്യകവിത, 'മധുരം' ഓര്‍മ്മയില്‍ മധുരിച്ചു. 

അവധിക്കാലത്തൊരു 
കല്യാണത്തിരക്കില്‍ ഞാന്‍
കരയ്ക്ക് പിടിച്ചിട്ട
മത്സ്യം പോലകപ്പെട്ടു

ദിനപത്രത്തിന്‍ താളു
മറിച്ചും സിഗരറ്റ് 
വലിച്ചും മുഹൂര്‍ത്തത്തെ 
കാത്തിരിക്കുമ്പോഴത്രെ

വധുവിന്‍ ബന്ധുക്കളില്‍
കാണായി കൗമാരത്തിന്‍
വഴിയിലാരെയോര്‍ത്തു
നടന്നേനവളെയും

നീ സുഭദ്രയും പാര്‍ത്ഥന്‍
ഞാനുമല്ലല്ലോ, കഥ
കളിയല്ലല്ലോ, നമ്മള്‍
രണ്ടു പാതകളായി

എന്തിനു വള്ളിച്ചുരുള്‍
ത്തുമ്പുപോല്‍ ചാഞ്ചാടുന്നി-
തളകങ്ങളെ നിങ്ങള്‍
പണ്ടത്തെപ്പോലെന്‍ മുന്നില്‍

ഞാനോര്‍മ്മിച്ചത് സുജാതയെയായിരുന്നു! വായന പോലെ അപകടം പിടിച്ച പണി വേറെയില്ലെന്ന് മനസ്സിലായില്ലേ?

click me!