എന്റെ ബഷീര്‍, എന്റെ അടൂര്‍...

By Vaakkulsavam Literary Fest  |  First Published Jul 5, 2021, 3:34 PM IST

എഴുത്തുകാരനും 'മതിലുകള്‍: ലൗ ഇന്‍ ദ റ്റൈം ഓഫ് കൊറോണ' എന്ന സിനിമയുടെ സംവിധായകനുമായ അന്‍വര്‍ അബ്ദുള്ള എഴുതുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഇന്നു മുതല്‍.


അപ്പോഴേക്കും ബഷീര്‍ മരിച്ചിരിക്കുന്നു. ഞാന്‍ ഡിഗ്രിക്കു ചേര്‍ന്നിരിക്കുന്നു. 1994ലാണല്ലോ ബഷീര്‍ മരിക്കുന്നത്. ഞാന്‍ ജീവനോടെ കാണാനാഗ്രഹിച്ച മലയാളത്തിലെ രണ്ടെഴുത്തുകാരെയും ജീവനോടെ കണ്ടിട്ടില്ല. ബഷീറിനെയും വി.കെ.എന്നിനെയും. ബഷീര്‍ മരിച്ചതിന്റെ പിറ്റേവര്‍ഷമാണ് എന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിക്കുന്നത്. എന്റെ കഥ ബഷീര്‍ അച്ചടിച്ചുകാണാത്തതില്‍ എനിക്കു വിഷമമുണ്ടായിട്ടുണ്ട്. 

 

Latest Videos

undefined

ഫോട്ടോ: പുനലൂര്‍ രാജന്‍
 

എന്റെ അടൂര്‍, എന്റെ ബഷീര്‍ എന്നു പറയുമ്പോള്‍ എനിക്കറിയാം, ഇവര്‍ രണ്ടാളും എന്റെയൊന്നുമല്ലെന്ന്. അഥവാ, ഇവര്‍ എല്ലാവരുടെയുമാണ്; അതിന്റെ ഒരോഹരിമാത്രമേ എനിക്ക് അവകാശപ്പെട്ടതായിട്ടുള്ളൂ. പക്ഷേ, അപ്പത്തിന്റെ ഓഹരിപോലെയല്ലല്ലോ അതിന്റെ രുചിയുടെ ഓഹരി. ഒസ്യത്തില്‍ പൂവ് വയ്ക്കുന്നതുപോലെയല്ലല്ലോ, പൂമണം വയ്ക്കുന്നത്. ബഷീറിനെയും അടൂരിനെയും മറ്റാരെല്ലാം എടുത്താലും പിന്നെയും എനിക്ക് അവരെ മുഴുവനായും എടുക്കാന്‍ ശേഷിക്കുന്നുണ്ട്. അത്രയും എന്നാലെ താങ്കമുടിയുമാ എന്നതു മാത്രമാണു ചോദ്യം.

ഞാന്‍ എന്നുമുതലാണ് ഒരു ബഷീറിയനും അടൂരിയനുമായി മാറിയതെന്ന് ഓര്‍ത്തുപറയാന്‍ ശ്രമിക്കട്ടെ. സിനിമയാണോ സാഹിത്യമാണോ ആദ്യം വന്നതെന്നു ചോദിച്ചാല്‍ അതു സിനിമയായിരിക്കും. ഓര്‍മയുറയ്ക്കാത്ത പ്രായത്തില്‍ ഞാന്‍ ആദ്യത്തെ സിനിമാകാഴ്ച നടത്തിയിരുന്നു. 1980ലോ 81ലോ ഏഴാംകടലിനക്കരെ. 1983ല്‍ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോഴാകണം, ആദ്യത്ത പുസ്തകവായന: അര്‍ക്കാദി ഗൈദാറിന്റെ ജീവിതവിദ്യാലയം. 

 

മതിലുകള്‍ ചിത്രീകരണത്തിനിടെ അടൂര്‍ ഗോപാലകൃഷ്ണന്‍
 

വായനയുടെ തുടര്‍ഘട്ടത്തില്‍ സജീവമായത് വാരിശ്ശേരി വിജികെ മെമ്മോറിയല്‍ ലൈബ്രറിക്കാര്‍ ഒരു ഹോം ഡെലിവറി സര്‍വീസ് തുടങ്ങിയതോടെയാണ്. 

ലൈബ്രറി ജീവനക്കാരിയായ വിതരണക്കാരി ഞങ്ങളുടെ അയല്‍പ്പക്കമായ പുലിപ്പറയിലെ ഇന്ദിരച്ചേച്ചിയായിരുന്നു. അവര്‍ പുസ്തകങ്ങളുമായി വരും. ഇഷ്ടമുള്ളതെടുക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം തിരിച്ചുകൊടുക്കണം. അതിനിടെ പൂമ്പാറ്റയില്‍ പാത്തുമ്മയുടെ ആട് പുനരാഖ്യാനം പ്രസിദ്ധീകരിച്ചതു വായിച്ചതോടെ ബഷീര്‍ ഒരു താല്പര്യമായി വന്നു. അങ്ങനെ, ഇന്ദിരച്ചേച്ചിയുടെ അടുത്ത് ബഷീറിനായി പറഞ്ഞുവിടും. ഏറ്റവും പിടിയുള്ള ആളായിരുന്നു അന്നും ബഷീര്‍. വീടെത്തുമ്പോഴേക്കും ആരെങ്കിലും കവര്‍ന്നിരിക്കും. അതിനാല്‍, പലപ്പോഴും ഇന്ദിരച്ചേച്ചി ബഷീറിനെ എനിക്കും പെങ്ങന്മാര്‍ക്കുംവേണ്ടി ഒളിച്ചുകടത്തുകയായിരുന്നു. അങ്ങനെയാണു ഞാന്‍ ബഷീറില്‍ കൈവിഷം കിട്ടിയ ആളാകുന്നത്.

പത്താംക്ലാസിനുമുന്നേ ബഷീറിനെ പലവട്ടം മുഴുവനും വായിച്ചുകഴിഞ്ഞിരുന്നു. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാകണം ഡിസി ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍ ഇറക്കുന്നത്. അതു വാങ്ങിക്കാന്‍ ഉമ്മിച്ചയെ വശംകെടുത്തിയിട്ടുണ്ട്. അതു സ്വന്തമാക്കി, അതില്‍ സ്വന്തം വിലാസവും പേരും എഴുതിയ സ്റ്റാമ്പു പതിപ്പിച്ചപ്പോള്‍ കിട്ടിയ ആരവം; അതിപ്പോഴും ഓര്‍മയിലുണ്ട്. 14.11.1994ലാണ് ഞാനതു സ്വന്തമാക്കുന്നത്. അപ്പോഴേക്കും ബഷീര്‍ മരിച്ചിരിക്കുന്നു. ഞാന്‍ ഡിഗ്രിക്കു ചേര്‍ന്നിരിക്കുന്നു.
1994ലാണല്ലോ ബഷീര്‍ മരിക്കുന്നത്. ഞാന്‍ ജീവനോടെ കാണാനാഗ്രഹിച്ച മലയാളത്തിലെ രണ്ടെഴുത്തുകാരെയും ജീവനോടെ കണ്ടിട്ടില്ല. ബഷീറിനെയും വി.കെ.എന്നിനെയും. ബഷീര്‍ മരിച്ചതിന്റെ പിറ്റേവര്‍ഷമാണ് എന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിക്കുന്നത്. എന്റെ കഥ ബഷീര്‍ അച്ചടിച്ചുകാണാത്തതില്‍ എനിക്കു വിഷമമുണ്ടായിട്ടുണ്ട്. 

ആ വര്‍ഷത്തെ ബസേലിയസ് കോളജ് മാഗസിന്‍ അനിലാണു ചെയ്തത്. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിയെന്ന നിലയില്‍ അനില്‍ എന്നെയും കൂടെക്കൂട്ടി. ബഷീറിനെപ്പറ്റി അനുസ്മരണമെഴുതാന്‍ എന്നോടു പറഞ്ഞു. അങ്ങനെ ഞാന്‍ ആദ്യമായി ബഷീറിനെപ്പറ്റി എഴുതി. ഭഗത്സിംഗ് ബഷീര്‍ എന്നായിരുന്നു ആ അനുസ്മരണക്കുറിപ്പിന്റെ തലക്കുറി.

 

ഡിഗ്രി വിദ്യാര്‍ത്ഥി ആയിരിക്കെ കോളജ് മാഗസിനില്‍ എഴുതിയ ബഷീര്‍ കുറിപ്പ്
 

ബഷീര്‍ എക്കാലവും എന്നില്‍ തറഞ്ഞുകിടന്നിരുന്നു. ഹൈസ്‌കൂള്‍ കാലത്താണ് മതിലുകള്‍ അടൂര്‍ സിനിമയാക്കുന്നത്. ആ സിനിമ തിയറ്ററില്‍ത്തന്നെ മൂന്നു പ്രാവശ്യം കണ്ടിരിക്കണം. പിന്നെ, എത്രയോ തവണ അല്ലാതെയും. 1995ല്‍ 

ഞാന്‍ കാണാതെ തന്നെ ബഷീര്‍ മരിച്ചു. ബഷീര്‍ മരിച്ചപ്പോള്‍ ഇറങ്ങിയ കലാകൗമുദി അനുസ്മരണപ്പതിപ്പ് ഗംഭീരമായിരുന്നു. അതിന്നും കൈയിലുണ്ട്. ഒ.വി.വിജയന്‍ 'കറുത്തപുസ്തക'മെന്ന പേരില്‍ ശബ്ദങ്ങളെക്കുറിച്ചെഴുതിയതും വിജു വി നായര്‍ താന്‍ ബാലനായിരിക്കെ അയച്ച കത്തിനു ബഷീര്‍ മറുപടി എഴുതിയതും ഒക്കെ ഗംഭീരയെഴുത്തുകളായിരുന്നു. പിന്നെ, മാധ്യമംകാര്‍ 'നിലാവില്‍ തെളിഞ്ഞുകണ്ട മായാമോഹിനി'യും 'കേശുമൂപ്പനും' ഒക്കെ പ്രസിദ്ധീകരിച്ചത് സൂക്ഷിച്ചുവച്ചിരുന്നു. അതെല്ലാം പിന്നീടാണു പുസ്തകമായത്. എന്റെ സൂക്ഷിപ്പുകള്‍ ഇന്നുമുണ്ട്.

ബഷീറിന്റെ മരണസമയത്ത്, അന്ന് അന്യനായിരുന്ന വി.സി.ഹാരിസ് ചെയ്ത 'ബഷീര്‍ വെളിച്ചത്തിന്റെ വെളിച്ചം' എന്ന ഡോക്യുമെന്ററി ദൂരദര്‍ശനില്‍ വന്നിരുന്നു. കേവലം ഫോട്ടോഗ്രാഫുകള്‍ മാത്രം വച്ചുള്ള ഒരു സിനിമ. ഫോട്ടോകളെ സിനിമാറ്റിക്കായ ദൃശ്യങ്ങളിലൂടെയാണതില്‍ കാണിച്ചിരുന്നത്. അതിനുമുന്‍പ് പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ബഷീറിന്റെ പൂവമ്പഴവും ദൂരദര്‍ശനില്‍ കണ്ടിരുന്നു. അങ്ങനെ, ലെറ്റേഴ്സിലേക്കെത്തുമ്പോള്‍ത്തന്നെ രണ്ടു ബഷീറിയന്മാരാണ് അവിടെയുള്ളതെന്നു തോന്നിയിരുന്നു. അവരുടെ കൂട്ടത്തില്‍ അവര്‍ രണ്ടാളും മരിക്കുന്നതുവരെയും ഉണ്ടായിരുന്നു എന്നത് മറ്റൊരു സന്തോഷം; ഇപ്പോള്‍ സങ്കടം.

(രണ്ടാം ഭാഗം നാളെ)

 

ക്യാമറയ്ക്ക് മുന്നില്‍ ഒരാള്‍, പിന്നിലും! 'മതിലുകളു'ടെ നിര്‍മ്മാണാനുഭവം പങ്കുവച്ച് സംവിധായകന്‍

 

 
click me!