മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍, നിക്കരാഗ്വന്‍ എഴുത്തുകാരനായ റുബെന്‍ ദാരിയോ എഴുതിയ കഥ
വിവര്‍ത്തകയുടെ കുറിപ്പ്
ലോകസാഹിത്യത്തിലേക്ക് എഴുത്തുകാരെ തിരഞ്ഞുപോകുമ്പോള്‍ പകച്ചുപോകാറുണ്ട് പലപ്പോഴും, ഒരിക്കലും കയറിത്തീരാത്ത എന്തൊരു കൂറ്റന്‍ പര്‍വ്വതനിരകളാണ് മുന്നില്‍. ഒരിക്കലും നീന്തിയെത്താത്ത എത്രയെത്ര മഹാസാഗരങ്ങള്‍. ഞങ്ങളിവിടെ ഉണ്ടായിരുന്നുവെന്ന് പല ശബ്ദങ്ങളില്‍, പലഭാഷകളില്‍, പലയിടത്തുനിന്നും പറഞ്ഞ എണ്ണിയാലൊടുങ്ങാത്ത മഹാന്മാരും മഹതികളും. അവരിലൂടെ കടന്നുപോകുമ്പോള്‍, അവര്‍ ശ്വസിച്ച ഗന്ധങ്ങളും, പിന്നിട്ട പാതകളും, കണ്ട കാഴ്ചകളും ഓര്‍ത്തെടുക്കുമ്പോള്‍ കോരിത്തരിപ്പിന്റെ, ഉന്‍മാദങ്ങളുടെ ഉള്‍ക്കിടിലങ്ങളില്‍ പെട്ടുപോകാറുണ്ട് എപ്പോഴും.
undefined
കാലം എവിടെയും ആര്‍ക്കുവേണ്ടിയും കാത്തുനിന്നിട്ടില്ല. അതിന്റെ കുത്തൊഴുക്കില്‍പ്പെട്ട് മണ്‍മറഞ്ഞുപോയ സംസ്‌കാരങ്ങളും ജനസമൂഹങ്ങളും എത്രയെത്രയാണ്. എങ്കിലും ചിലതെല്ലാം നമുക്കുവേണ്ടി അവശേഷിപ്പിച്ച് കടന്നുപോയ ചരിത്രത്തോടും, ലോകസാഹിത്യമെന്ന മഹാത്ഭുതത്തെ നമ്മുടെ വിരല്‍ത്തുമ്പുകളോളം എത്തിച്ച സാങ്കേതികവിദ്യയോടും നന്ദിപറയാതെ വയ്യ. കെട്ടുപൊട്ടിച്ചോടുന്ന വാക്കുകളെ നിലയ്ക്ക് നിര്‍ത്താന്‍ പഠിപ്പിക്കുകയും വെറും വിവരണങ്ങളല്ലാതെ കലാപരമായ പ്രയോഗശൈലിയും, അലങ്കാരവും, സൗന്ദര്യബോധവുംകൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്ത എഴുത്തുകാരെ പതുക്കെയായി അറിഞ്ഞുതുടങ്ങുമ്പോള്‍ സാഹിത്യമെന്നത് ഇന്നുവരെ കേട്ടതോ വായിച്ചതോ മനസ്സിലാക്കിയതോ അല്ലെന്ന് ഉള്ളില്‍ മറ്റാരോ പറഞ്ഞുതുടങ്ങുകയാണ്.
മറുകരയില്‍ ഇന്ന് നിക്കരാഗ്വന്‍ കവിയും, പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായിരുന്ന, റുബെന്‍ ദാരിയോ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന ഫെലിക്‌സ് റുബെന്‍ ഗാര്‍ഷ്യ സര്‍മിയെന്റോയുടെ ''ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം'' എന്ന കഥയാണ്. സ്പാനിഷ് ഭാഷയിലെ മഹാന്മാരായ കവികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന റുബെന്‍ ദാരിയോ കുട്ടിക്കാലത്ത് തന്നെ കവിതാരചനയില്‍ അമ്പരപ്പിക്കുന്ന കഴിവ് കാണിച്ചിരുന്നു. പതിമൂന്നാമത്തെ വയസ്സിലാണ് അദ്ദേഹം തന്റെ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചത്. 1888ല്‍ ചിലിയില്‍ വെച്ച് റുബെന്‍ തന്റെ ആദ്യത്തെ പ്രധാനകൃതിയായ ''അസുല്‍''(സ്പാനിഷില്‍ നീല എന്നര്‍ത്ഥം) പ്രസിദ്ധീകരിച്ചു. ചെറുകഥകളും കവിതകളും വിവരാണാത്മകമായ രേഖാചിത്രങ്ങളും നിറഞ്ഞതായിരുന്നു അത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അദ്ദേഹത്തിന്റെ കൃതികള്‍ സ്പാനിഷ് അമേരിക്കയിലെ സാഹിത്യപ്രസ്ഥാനത്തിന് ആധുനികതയുടെ പുതിയ ശക്തി നല്‍കുകയുണ്ടായി.
''ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം'' ഇവിടെ വായിക്കാം.
ചൈനയിലെ ചക്രവര്‍ത്തിനിയുടെ മരണം/ റുബെന്‍ ദാരിയോ
വിശിഷ്ടവും മനോഹരവുമായ ഒരു മനുഷ്യരത്‌നം പോലെയാണ് നീല ഇരിപ്പുമുറിയുള്ള ആ ചെറിയ വീട്ടില്‍, റോസ് നിറമുള്ള ആ കൊച്ചുപെണ്‍കുട്ടി താമസിച്ചിരുന്നത്. വളരെച്ചെറിയ ആ ഫ്‌ലാറ്റ് ആകാശനീലിമയോടു കൂടിയ മനോഹരമായ തുണിത്തരങ്ങള്‍ കൊണ്ടലങ്കരിച്ചതായിരുന്നു, ഒരു ആഭരണപ്പെട്ടിക്കുള്ളിലെന്ന പോലെയായിരുന്നു അവളതില്‍.
കറുത്ത കണ്ണുകളും ചുവന്ന ചുണ്ടുകളുമുള്ള ഉല്ലാസവതിയായ ആ പാടുംപക്ഷിയുടെ ഉടമസ്ഥന്‍ ആരായിരുന്നു?, കന്യകയായ വസന്തം, അജയ്യനായ സൂര്യനെപ്പോലെ സ്വര്‍ണ്ണനിറമുള്ള അവളുടെ ചിരിക്കുന്ന മുഖം കാണിച്ചപ്പോള്‍, ഗ്രാമപ്രദേശങ്ങളിലെ പൂക്കള്‍ വിശാലമായി വിടര്‍ന്നപ്പോള്‍, പക്ഷിക്കുഞ്ഞുങ്ങള്‍ മരങ്ങളില്‍ ചിലയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ആര്‍ക്കുവേണ്ടിയാണ് ആ പാടുംപക്ഷി തന്റെ മാധുര്യമുള്ള പാട്ട് മൂളിയത്?
ആ കൊച്ചു ജീവിയുടെ പേര് സുസെറ്റ് എന്നായിരുന്നു. സ്വപ്നംകാണുന്ന ഒരു കലാകാരന്‍, ഒരു വേട്ടക്കാരന്‍, നല്ല വെളിച്ചമുള്ള മെയ് മാസത്തിലെ ഒരു പ്രഭാതത്തില്‍, ഒരുപാട് റോസാപ്പൂക്കള്‍ വിടരുന്ന സമയത്ത് അവളെ പിടിച്ച് ഒരുപാട് പട്ടും, കസവും, വെല്‍വെറ്റും നിറഞ്ഞ ആ കൂട്ടില്‍ ഇട്ടതായിരുന്നു.
റെകാറെദോ എന്ന പേര് അയാളുടെ പിതാവ് ഒരാവേശത്തില്‍ ഇട്ടതായിരുന്നു, അത് ആ കലാകാരന്റെ കുറ്റമായിരുന്നില്ല. ഒന്നരവര്‍ഷം മുന്‍പാണ് അയാളവളെ വിവാഹം കഴിച്ചത്. പഴയ പ്രേമഗീതം പിന്നെയും തുടര്‍ന്നുകൊണ്ടിരുന്നു.
''നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ?''
-ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിങ്ങളെന്നെ സ്‌നേഹിക്കുന്നുണ്ടോ?
''എന്റെ മുഴുവന്‍ ഹൃദയത്തോടെയും.''
ഒടുവില്‍ പുരോഹിതന്‍ അവരെ ഒരുമിപ്പിച്ച ആ വിശേഷപ്പെട്ട സുവര്‍ണ്ണദിവസം! സ്വാതന്ത്ര്യത്തോടെ സ്‌നേഹത്തിന്റെ സുഖങ്ങള്‍ രുചിക്കാന്‍വേണ്ടി വസന്തം നാമ്പെടുത്ത ഗ്രാമപ്രദേശത്തേക്ക് അവര്‍ പോയി. കമിതാക്കള്‍ കടന്നുപോയപ്പോള്‍ ഓടപ്പൂക്കളും, കാട്ടുവയലറ്റുകളും (അതിന്റെ സുഗന്ധം ഉള്‍ക്കടല്‍ ഭാഗത്തെ കാറ്റിനെ മാധുര്യമുള്ളതാക്കിയിരുന്നു) അവയുടെ പച്ചില ജനാലകളില്‍ നിന്നും പരസ്പരം അടക്കം പറഞ്ഞു. അവന്റെ കൈ അവളുടെ അരക്കെട്ടിലും, അവളുടെ കൈ അവന്റെ അരക്കെട്ടിലും ചുറ്റിയിരുന്നു, അവരുടെ ചുവന്ന ചുണ്ടുകള്‍ മുഴുവനായും വിടര്‍ന്ന് പരസ്പരം ചുംബനങ്ങള്‍ പകര്‍ന്നിരുന്നു. പിന്നീട് അവര്‍ ആ വലിയ നഗരത്തിലേക്ക് തിരിച്ചുവന്നു, യുവത്വത്തിന്റെ പരിമളവും, സൗഭാഗ്യത്തിന്റെ സുഖവും നിറഞ്ഞിരിക്കുന്ന ആ കൂട്ടിലേക്ക്.
റെകാറെദോ ഒരു ശില്പിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നോ? അത് പറയാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ഞാനത് പറയുന്നു. റെകാറെദോ ഒരു ശില്പിയായിരുന്നു. ആ ചെറിയ വീട്ടില്‍ അയാള്‍ക്ക് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു, അതാകട്ടെ വെണ്ണക്കല്‍ മാറിടങ്ങള്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് വാര്‍പ്പുകള്‍, വെള്ളോടുകള്‍, ടെറാക്കോട്ടകള്‍ എന്നിവയുടെ ധാരാളിത്തമുള്ളതായിരുന്നു. ചിലസമയത്ത് തെരുവിലൂടെ നടന്നുപോകുന്നവര്‍ വെനീഷ്യന്‍ കര്‍ട്ടനുകള്‍ക്കും ഇരുമ്പഴികള്‍ക്കും ഇടയിലൂടെ ഒരു പാട്ടിന്റെയും, ചുറ്റിക ഉച്ചത്തില്‍ അടിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കും. പാട്ട് കുതിച്ചുചാടുന്നതും, ചുറ്റികയുടെയും ഉളിയുടെയും ശബ്ദവും സുസെറ്റ്, റെകാറെദോ എന്നിവരില്‍ നിന്നായിരുന്നു.
അത് അവസാനിക്കാത്ത വൈവാഹികാനന്ദമായിരുന്നു. അവള്‍ ഒച്ചയുണ്ടാക്കാതെ അയാള്‍ ജോലി ചെയ്യുന്നിടത്തേക്ക് വന്ന് അവളുടെ കറുത്ത മുടി അയാളുടെ കഴുത്തിലേക്കിട്ട് തിടുക്കത്തിലൊരുമ്മ നല്‍കും. കൈകാലുകള്‍ കറുത്ത പട്ടുറകള്‍ക്കുള്ളില്‍ പൊതിഞ്ഞ്, ചെരുപ്പിട്ട്, മടിയില്‍ തുറന്നുവെച്ച പുസ്തകവുമായി അവള്‍ മയങ്ങുന്ന സോഫക്കരികിലേക്ക് പതുക്കെ വളരെപ്പതുക്കെ അയാള്‍ വന്ന് അവളുടെ ചുണ്ടുകളെ ചുംബിക്കും. ആ ചുംബനം അവളുടെ ശ്വാസം നിലപ്പിക്കുകയും, അവളുടെ കണ്ണുകളെ, അവര്‍ണ്ണനീയമായ തിളങ്ങുന്ന കണ്ണുകളെ ഉടനടി തുറപ്പിക്കുകയും ചെയ്യും ഇതിനിടയിലെല്ലാം കറുത്തപക്ഷി, കൂട്ടിലിട്ടിരിക്കുന്ന ഒരു കറുത്തപക്ഷി വന്യമായി ചിരിക്കും. സുസെറ്റ് അവളുടെ പിയാനോയില്‍ ചോപിന്റെ ഗീതങ്ങള്‍ വായിക്കുമ്പോള്‍ കറുത്തപക്ഷിക്ക് സങ്കടം വരികയും അത് പാട്ട് നിര്‍ത്തുകയും ചെയ്യും. കറുത്തപക്ഷിയുടെ വന്യമായ ചിരി! അത് നിസ്സാരമായിരുന്നില്ല.
''നീയെന്നെ സ്‌നേഹിക്കുന്നുണ്ടോ?''
-നിനക്കതറിയില്ലേ? നീയെന്നെ സ്‌നേഹിക്കുന്നില്ലേ?
''ഞാന്‍ നിന്നെ ആരാധിക്കുന്നു!''
കുസൃതിയായ ആ കൊച്ചുപക്ഷി എല്ലായ്‌പ്പോഴും അത്യുച്ചത്തില്‍ പൊട്ടിച്ചിരിക്കും. അവരതിനെ കൂട്ടില്‍ നിന്നും പുറത്തെടുത്താല്‍ അത് ഇളം നീലിമയാര്‍ന്ന സ്വീകരണമുറിയില്‍ ചിറകടിച്ച്, ഒരു നിമിഷം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച അപ്പോളോ ദേവന്റെ തലയിലോ അല്ലെങ്കില്‍ ഒരു പഴയ ജര്‍മ്മന്‍ പടയാളിയുടെ വെങ്കലപ്രതിമയുടെ കുന്തത്തിനുമുകളിലോ ചേക്കേറും. ചിലനേരത്ത് അത് വല്ലാതെ വികൃതിയായിരിക്കും, വളരെ, വളരെയധികം ധിക്കാരി! പക്ഷെ അത് സുസെറ്റിന്റെ കൈയില്‍ വന്നിരുന്ന് അവളതിനോട് കൊഞ്ചുകയും അതിനെ ഓമനിക്കുകയും ഉമ്മവെക്കുകയും അതിന്റെ കൊക്ക് അവളുടെ പല്ലുകള്‍ക്കിടയില്‍ വെക്കുകയും ചെയ്യുമ്പോള്‍, വെറിപിടിച്ച് ചിറകിട്ടടിക്കുന്ന അതിനെ അവള്‍ ആര്‍ദ്രത കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ ശകാരിക്കുന്നത് കാണാന്‍ അഴകായിരുന്നു. ശ്രീമാന്‍ കറുത്തപക്ഷി, നീയൊരു സൂത്രശാലിയാണ്!
ആ രണ്ടു പ്രണയികളും ഒരുമിച്ചാവുമ്പോള്‍ അവര്‍ പരസ്പരം തലമുടിയില്‍ തൊടുകയും, കുറുനിരയോ കൂട്ടം തെറ്റിയ മുടിയോ ഒതുക്കുകയും ചെയ്യും.
''എനിക്ക് വേണ്ടി പാടൂ,'' അവനവളോട് പറയും.
അവള്‍ പതുക്കെ പാടും, പരസ്പരം സ്‌നേഹിക്കുന്ന രണ്ട് പാവം കുട്ടികളേക്കാള്‍ കൂടുതലൊന്നുമല്ല അവരെങ്കിലും, അവര്‍ എത്രയോ അഴകും, ശോഭയും, സത്യവും ഉള്ളവരായി കാണപ്പെട്ടു. ഗ്രീക്ക് പുരാണത്തിലെ തന്റെ എത്സയാണെന്നതുപോലെ അവനവളെ ഉറ്റുനോക്കും, അവന്‍ ലോഹെന്‍ഗ്രിന്‍ ആണെന്നതുപോലെ അവളും കണ്ണെടുക്കാതെ നോക്കും. സ്‌നേഹം കാരണം-ഹോ! രക്തവും സ്വപ്നങ്ങളും നിറഞ്ഞ ഇളംശരീരങ്ങള്‍ ആകാശനിറമുള്ള കണ്ണാടിച്ചില്ലുപോലെ ഒരാളുടെ കണ്ണുകള്‍ക്ക് അനന്തമായ ആനന്ദവും സന്തോഷവും നല്‍കും!
Elsa and Lohengrin/ painting by Gaston Bussière
അവര്‍ പരസ്പരം എങ്ങിനെ സ്‌നേഹിച്ചിരുന്നു! അവന്റെ കണ്ണില്‍ ദിവ്യമായ നക്ഷത്രങ്ങളേക്കാള്‍ ഉയരത്തിലായിരുന്നു അവള്‍. അവന്റെ സ്‌നേഹം അഭിനിവേശത്തിന്റെ മുഴുവന്‍ അളവിലും സഞ്ചരിച്ചു. അതപ്പോള്‍ ഉള്ളിലടങ്ങിയിരിക്കുകയായിരുന്നു, തീവ്രമായ അഭിലാഷത്താല്‍ പ്രക്ഷുബ്ധമായിരുന്നു, ചിലപ്പോഴൊക്കെ ഏറെക്കുറെ നിഗൂഢവുമായിരുന്നു. തന്റെ പ്രിയപ്പെട്ട ഭാര്യയില്‍ റൈഡെര്‍ ഹഗാര്‍ഡിന്റെ ആയിഷയെപ്പോലെ പരമോന്നതവും മനുഷ്യരേക്കാളും കൂടുതലായ കാര്യങ്ങളും കണ്ടിട്ടുള്ളതിനാല്‍ ഇടക്കെല്ലാം ആ കലാകാരനെ ദൈവശാസ്ത്ര പണ്ഡിതന്‍ എന്നുപോലും വിളിക്കാന്‍ പറ്റുമായിരുന്നു, അവളൊരു പൂവാണെന്നതുപോലെ അവനവളുടെ സുഗന്ധം ശ്വസിക്കും, അവളൊരു നക്ഷത്രമാണെന്നതുപോലെ അവളെ നോക്കി ചിരിക്കും, അവളുടെ മനോഹരമായ മുഖം അവന്റെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍, ഈ തിളക്കമുള്ള ജീവിയെ താന്‍ കീഴടക്കിയല്ലോ എന്ന് ചിന്തിക്കുമ്പോള്‍ അവന്റെ ഹൃദയം അഭിമാനം കൊണ്ട് വികസിക്കും. അവള്‍ അനങ്ങാതെ ചിന്താകുലയായി ഇരിക്കുമ്പോള്‍, അവളെ ഒരു സ്വര്‍ണ്ണലോക്കറ്റിലുള്ള ഏതോ റോമന്‍ രാജ്ഞിയുമായി മാത്രമേ താരതമ്യം ചെയ്യാന്‍ കഴിയുകയുള്ളൂ.
റെകാറെദോ തന്റെ കലയെ സ്‌നേഹിച്ചു. രൂപങ്ങളോട് ഒരാസക്തി അയാള്‍ക്കുണ്ടായിരുന്നു. വെണ്ണക്കല്ലില്‍ നിന്നും പ്രസന്നമായ, കൃഷ്ണമണികള്‍ ഇല്ലാത്ത കണ്ണുകളോടെ ആകര്‍ഷകമായ ദേവതകളെ അയാള്‍ സൃഷ്ടിച്ചെടുത്തു. അയാളുടെ പണിപ്പുരയില്‍ നിശ്ശബ്ദ പ്രതിമകളും, ലോഹമൃഗങ്ങളും, പേടിപ്പെടുത്തുന്ന ജലധാരാമുഖങ്ങളും, കഴുകന്റെ തലയും സിംഹത്തിന്റെ ഉടലും ചിറകുമുള്ള വലിയ രൂപങ്ങളുമടങ്ങിയ വിചിത്രമായ നിര്‍മ്മിതികള്‍ നിറഞ്ഞിരുന്നു, ഒരുപക്ഷെ അതെല്ലാം മാന്ത്രികവിദ്യയുടെ പ്രചോദനത്തില്‍ നിന്നും ഉടലെടുത്തതാവണം. എല്ലാത്തിലും ഉപരിയായി ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള വസ്തുക്കളെ അയാള്‍ മനസ്സില്‍ താലോലിച്ചു, അക്കാര്യത്തില്‍ അയാള്‍ക്ക് ആധികാരികതയുണ്ടായിരുന്നു. ചൈനീസ് ഭാഷയും ജാപ്പനീസ് ഭാഷയും സംസാരിക്കാന്‍ കഴിയുന്നതിനുവേണ്ടി അയാള്‍ എന്തൊക്കെ ചെയ്യുമെന്ന് എനിക്കറിയില്ല. ആ വിഷയത്തിലുള്ള നല്ല പുസ്തകങ്ങള്‍ അയാള്‍ക്ക് നന്നായി അറിയാമായിരുന്നു, ഏറ്റവും ആകര്‍ഷകമായ പുസ്തകങ്ങള്‍ പോലും അയാള്‍ വായിച്ചിട്ടുണ്ടായിരുന്നു. ലോടിയെയും ജുഡിത് ഗോഥിയെയും അയാള്‍ ആരാധിച്ചു. യോകൊഹാമ, നാഗസാക്കി, കിയൊട്ടൊ അതല്ലെങ്കില്‍ നാങ്കിങ്, പീക്കിങ് എന്നിവിടങ്ങളില്‍ നിന്നും യാഥാര്‍ത്ഥത്തിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ അയാള്‍ പല ത്യാഗങ്ങളും സഹിച്ചു. കത്തികള്‍, പൈപ്പുകള്‍, അയാള്‍ യോഗനിദ്രയില്‍ കണ്ട മുഖങ്ങളെപ്പോലെ ഭീകരവും ദുര്‍ഗ്രാഹ്യവുമായ മുഖംമൂടികള്‍, മത്തങ്ങാ വയറും ചരിഞ്ഞ കണ്ണുകളുമുള്ള കുഞ്ഞു ചൈനക്കാര്‍, പല്ലില്ലാത്ത തുറന്ന വായുമായി തവളകളെപ്പോലുള്ള ഭീകരസത്വങ്ങള്‍, ടര്‍ടാറിയയില്‍ നിന്നും വന്യമായ മുഖഭാവത്തോടെ കൊച്ചു പട്ടാളക്കാര്‍ ഇതെല്ലാം അയാളുടെ പക്കലുണ്ടായിരുന്നു.
''ഹോ'' സുസെറ്റ് അയാളോട് പറയും, ''മായാജാലമുള്ള ഈ വീടിനെ ഞാന്‍ കഠിനമായി വെറുക്കുന്നു, ആ ഭയാനകമായ പണിപ്പുര, എന്റെ തലോടലുകളില്‍ നിന്നും നിന്നെ അപഹരിക്കുന്ന ആ വിചിത്രമായ പേടകം!''
അയാള്‍ ചിരിക്കും, തന്റെ പണിമേശ വിട്ട്, വിചിത്രമായ കളിക്കോപ്പുകളുടെ ദേവാലയം വിട്ട്, തന്റെ ജീവനുള്ള സുന്ദരമായ ചെറുശില്പത്തെ കാണാനും കിറുക്കുള്ള ആ കറുത്തപക്ഷി ആഹ്ലാദത്തോടെ ചിരിക്കുന്നതും പാടുന്നതും കേള്‍ക്കാനും ആകാശനീലിമയാര്‍ന്ന സ്വീകരണമുറിയിലേക്ക് അയാളോടും
അന്നേ ദിവസം രാവിലെ, അയാള്‍ കടന്നുവന്നപ്പോള്‍ സുസെറ്റ് ഉറങ്ങുന്നതുകണ്ടു. അവളുടെയരികില്‍ ഒരു മുക്കാലിപ്പീഠത്തില്‍ ഒരു പൂപ്പാത്രം നിറയെ റോസാപ്പൂക്കളുണ്ടായിരുന്നു. അവളപ്പോള്‍ ഉറങ്ങുന്ന ഒരു വനദേവതയായിരുന്നോ? ആ കാഴ്ച അയാളുടെ കലാപരമായ കണ്ണുകള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കി, അവളുടെ സൗന്ദര്യത്തിനൊപ്പം അവളുടെ ശരീരത്തില്‍ നിന്നും ഒരു മൃദുവായ സ്‌ത്രൈണസുഗന്ധം പരക്കുന്നുണ്ടായിരുന്നു, 'ഒരിക്കല്‍ ഒരിടത്തൊരു രാജാവുണ്ടായിരുന്നു..' എന്ന് തുടങ്ങുന്ന കഥകളിലൊന്നിലെ അഴകാര്‍ന്ന രൂപം പോലെയായിരുന്നു അവള്‍.
അയാളവളെ ഉണര്‍ത്തി.
''സുസെറ്റ്, എന്റെ പ്രിയേ!''
അയാളുടെ മുഖം നിറയെ സന്തോഷമായിരുന്നു, ജോലി സമയത്ത് ധരിക്കുന്ന ചുവന്ന തുര്‍ക്കിത്തൊപ്പിക്കടിയില്‍ അയാളുടെ കറുത്ത കണ്ണുകള്‍ മിന്നി. അയാളുടെ കൈയില്‍ ഒരു കത്തുണ്ടായിരുന്നു.
''റോബെര്‍ട്ടിന്റെ കത്തുണ്ട് സുസെറ്റ്. ആ തെമ്മാടി ചൈനയിലുണ്ട്! ഹോങ് കോങ്, ജനുവരി18...''
അപ്പോഴും ഉറക്കം തെളിയാതെ അവള്‍ എണീറ്റിരുന്നു, അയാളുടെ കൈയില്‍ നിന്നും എഴുത്ത് വാങ്ങി. അങ്ങനെ ഉലകം ചുറ്റുന്നവന്‍ ലോകത്തിന്റെ മറ്റേ അറ്റത്ത് എത്തിയിരിക്കുന്നു! ''ഹോങ് കോങ്, ജനുവരി 18.'' അവന്‍ എത്രയധികം അതിശയിപ്പിക്കുന്നവനായിരുന്നു. മികച്ച ഒരു മനുഷ്യന്‍, റോബെര്‍ട്ട്, യാത്രചെയ്യാന്‍ അത്രമാത്രം ഇഷ്ടപ്പെടുന്ന ആള്‍! ലോകത്തിന്റെ അറ്റങ്ങള്‍ വരെ അയാള്‍ പോകും. റോബെര്‍ട്ട് എത്ര പ്രിയമുള്ള കൂട്ടുകാരന്‍! കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണയാള്‍! രണ്ടുവര്‍ഷം മുന്‍പ് കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോയതാണ്. അങ്ങനെയൊരു കാര്യം നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ!
അവാള്‍ വായിക്കാന്‍ തുടങ്ങി.
ഹോങ് കോങ്, ജനുവരി 18, 1888
എന്റെ പ്രിയപ്പെട്ട റെകാറെദോ,
ഞാന്‍ വന്നു, കണ്ടു, പക്ഷെ ഇപ്പോഴും ഞാന്‍ കീഴടക്കിയിട്ടില്ല.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആയിരുന്നപ്പോഴാണ് ഞാന്‍ നിന്റെ വിവാഹത്തെക്കുറിച്ചറിഞ്ഞത്, നിന്നെക്കുറിച്ചോര്‍ത്ത് എനിക്ക് വളരെയധികം സന്തോഷമുണ്ട്. കുളം ചാടിക്കടന്ന് ഞാനിവിടെ ചൈനയുടെ കരയ്ക്കടിഞ്ഞു. പട്ടുതുണികളും, വാര്‍ണിഷും, ആനക്കൊമ്പുകളും, മറ്റ് ചൈനീസ് അത്ഭുതങ്ങളും ഇറക്കുമതി ചെയ്യുന്ന കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനത്തിന്റെ ഏജന്റായാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഈ എഴുത്തിന്റെ കൂടെ ഞാന്‍ നിനക്കൊരു ചെറിയ സമ്മാനം അയക്കുകയാണ്, മഞ്ഞ സാമ്രാജ്യത്തിലെ സാധനങ്ങളോടുള്ള നിന്റെ സ്‌നേഹം നോക്കുകയാണെങ്കില്‍, നീ സന്തോഷം കൊണ്ട് തുള്ളിച്ചാടും. സുസെറ്റിന് എല്ലാ നന്മകളും (ഞാനവളുടെ കാല്‍ക്കല്‍ വീഴുന്നുവെന്ന് നിനക്കവളോട് പറയാം) ഈ വിവാഹസമ്മാനം സ്വന്തം ഓര്‍മ്മയുടെ മുന്നില്‍ വിലപ്പെട്ടതാണെന്ന് കരുതുക...
റോബെര്‍ട്ട്
അത്രയുമായിരുന്നു അത്. അവര്‍ രണ്ടുപേരും ഉറക്കെച്ചിരിച്ചു. കറുത്ത പക്ഷി അലറുന്ന പാട്ടിന്റെ വിസ്‌ഫോടനം കൊണ്ട് തന്റെ കൂടിനെ മുഴക്കമുള്ളതാക്കി.
കത്തിന്റെ കൂടെ ഉറപ്പായും ഒരു വീഞ്ഞപ്പെട്ടിയും വന്നെത്തിയിരുന്നു, ഇടത്തരം വലിപ്പമുള്ള ആ പെട്ടിയുടെ മുകളില്‍ ഒട്ടിച്ചിരുന്ന ലേബലുകളും കറുത്ത അക്കങ്ങളും പറഞ്ഞത് അതിനുള്ളില്‍ വളരെയധികം ലോലമായ സാധനമാണെന്നാണ്. പെട്ടി തുറന്നുനോക്കിയപ്പോള്‍ രഹസ്യം പുറത്തുവന്നു. അത് ചീനക്കളിമണ്ണ് കൊണ്ടുണ്ടാക്കിയ മനോഹരമായ ഒരു മാറിടമായിരുന്നു, ഒപ്പം, വെളുത്ത നിറത്തില്‍, വശ്യമായി ചിരിക്കുന്ന ഒരു സ്ത്രീയുടെ ആരാധ്യമായ തലഭാഗം. അടിയില്‍ ചൈനീസിലും, ഇംഗ്ലിഷിലും പിന്നെ ഫ്രെഞ്ചിലും ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു, ചൈനയിലെ ചക്രവര്‍ത്തിനി!
റുബെന്‍ ദാരിയോ
ഏത് ഏഷ്യന്‍ കൈകളായിരിക്കും ആ മനോഹരവും നിഗൂഢവുമായ ഭാവങ്ങളെ വാര്‍ത്തെടുത്തത്? ചക്രവര്‍ത്തിനിയുടെ മുടി പിറകിലേക്ക് മുറുക്കി കെട്ടിയിരുന്നു, അവളുടെ മുഖം രഹസ്യങ്ങള്‍ നിറഞ്ഞതായിരുന്നു, അവളുടെ കണ്ണുകള്‍ വിഷാദമുള്ളതും അസാധാരണവുമായിരുന്നു. ഒരു സ്ത്രീ നരസിംഹത്തിന്റെ ചിരിയും ഏതോ സ്വര്‍ഗ്ഗരാജകുമാരിയെപ്പോലെ മനസ്സിലാക്കാന്‍ പറ്റാത്ത മുഖവുമായിരുന്നു അവള്‍ക്ക്. വ്യാളികളുടെ ചിത്രത്തുന്നല്‍ ചെയ്ത പട്ടില്‍ പൊതിഞ്ഞ, പ്രാവിന്റേതുപോലുള്ള ചുമലുകളില്‍ നിന്നും നീണ്ട കഴുത്ത് ഉയര്‍ന്നു നിന്നു. ഇതെല്ലാം നിര്‍മ്മലമായ പട്ടിന്റെ വര്‍ണ്ണങ്ങളോട് കൂടിയ ആ വെളുത്ത ചീനക്കളിമണ്ണ് പ്രതിമക്ക് മാസ്മരികത നല്‍കി. ചൈനയിലെ ചക്രവര്‍ത്തിനി!
സുസെറ്റ് ആകര്‍ഷമായ ആ ചക്രവര്‍ത്തിനിയുടെ കണ്ണുകളിലൂടെ അവളുടെ ഇളം ചുവപ്പ് നിറമുള്ള വിരലുകളോടിച്ചു, തികഞ്ഞ കുലീനമായ പുരികങ്ങള്‍ക്ക് താഴെ മടക്കുകളുള്ള കണ്‍പോളകളോടെ ചാഞ്ഞ കണ്ണുകള്‍. അവള്‍ക്ക് തൃപ്തിയായി. റെക്കാര്‍ഡോക്ക് അഭിമാനമായിരുന്നു, ഈ വെളുത്ത പ്രതിമയെ സ്വന്തമാക്കുന്നതില്‍. ആ മഹതിയ്ക്ക് വേണ്ടി പ്രത്യേകം ഒരു അലമാരയുണ്ടാക്കുന്നതിനെക്കുറിച്ച് അയാള്‍ ചിന്തിച്ചു, അവിടെ അവള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുകയും ഒറ്റയ്ക്ക് ഭരണം നടത്തുകയും ചെയ്യാം. ലൂവര്‍ മ്യൂസിയത്തിലെ വീനസ് ഡെ മിലോയെപ്പോലെ.
ആ ആശയം അയാള്‍ നടപ്പിലാക്കി. സ്റ്റുഡിയോയുടെ ഒരറ്റത്ത് നെല്‍വയലുകളുടെയും കൊറ്റികളുടെയും ചിത്രങ്ങളുള്ള തിരശ്ശീലകൊണ്ട് മറച്ച് ഒരു ചെറിയ സ്ഥലമുണ്ടാക്കി. മഞ്ഞയായിരുന്നു ഏറ്റവും കൂടുതല്‍ നിറഞ്ഞുനിന്നിരുന്നത്, മുഴുവനായും ഒരു വര്‍ണ്ണരാജി: സ്വര്‍ണ്ണം, തീ, കിഴക്കന്‍ ചെമ്മണ്ണ്, ശരത്കാലത്തിലെ ഇല, എന്നുതുടങ്ങി വെള്ളയില്‍ മുങ്ങിമരിക്കുന്ന വിളറിയ മഞ്ഞപോലും അതിലുണ്ടായിരുന്നു. ഇതിന്റെയെല്ലാം നടുവില്‍ സ്വര്‍ണ്ണവും കറുപ്പും നിറമുള്ള ഒരു പീഠത്തില്‍, ചിരിച്ചുകൊണ്ട്, വിദേശിയായ ചക്രവര്‍ത്തിനി നിന്നു. റെകാറെദോ അവളുടെ ചുറ്റും അയാളുടെ കൈവശമുള്ള എല്ലാ കിഴക്കന്‍ കൗതുകവസ്തുക്കളും നിരത്തിവെച്ച് അവളെ കമെലിയ പൂക്കളും നിറയെ രക്തച്ചുവപ്പ് റോസാപ്പൂക്കളും പെയിന്റ് ചെയ്ത ഒരു വലിയ ജപ്പാനീസ് കുടയുടെ ചുവട്ടില്‍ സുരക്ഷിതമായി വെച്ചു. മനോരാജ്യത്തില്‍ മുഴുകിയ ആ കലകാരന്‍ തന്റെ പൈപ്പും ഉളിയുമെല്ലാം വിട്ട് ചക്രവര്‍ത്തിനിയുടെ മുന്നില്‍ നെഞ്ചില്‍ കൈകള്‍ കെട്ടി നിന്ന് ചൈനക്കാരെപ്പോലെ വണങ്ങുന്നത് നല്ല തമാശയായിരുന്നു, ആരും ചിരിച്ചുപോകും.
ഒന്ന്, രണ്ട്, പത്ത്, ഇരുപതുതവണ തവണ അയാളവളെ സന്ദര്‍ശിക്കും. അതയാള്‍ക്ക് ഒരാവേശമായിത്തീര്‍ന്നു. യോകൊഹോമയില്‍ നിന്നുള്ള വാര്‍ണിഷ് ചെയ്ത ഒരു താലത്തില്‍ അയാള്‍ ദിവസവും പുതിയ പൂക്കള്‍ വെക്കും. ചിലനേരത്ത് ആനന്ദമയാളെ കീഴടക്കും, ആ കിഴക്കന്‍ ചെറുപ്രതിമയുടെ മനോഹാരിതയും, നിശ്ചലമായ ഗാംഭീര്യവും അയാളെ വല്ലാതെ വികാരാധീനനാക്കും. ചിലപ്പോഴൊക്കെ അയാള്‍ ചക്രവര്‍ത്തിനിയുടെ വളരെ ചെറിയ വിശദാംശങ്ങള്‍ പഠിക്കും, അവളുടെ ചെവിയുടെ ചുരുള്‍, അവളുടെ ചുണ്ടിന്റെ വളവ്, അവളുടെ മിനുസമുള്ള മൂക്ക്, കണ്‍പോളയുടെ മടക്ക്. ഒരു ആരാധനാപാത്രം തന്നെയായിരുന്നു ഈ ചക്രവര്‍ത്തിനി! സുസെറ്റ് അയാളെ ദൂരെ നിന്നും വിളിക്കും:
''റെകാറെദോ!''
''വരുന്നു, ഓമനേ!''
എന്നാലും അയാള്‍ അനങ്ങാന്‍ മറന്നുപോകും, സുസെറ്റ് വന്ന് തിടുക്കത്തില്‍ ഉമ്മകള്‍ നല്‍കിക്കൊണ്ട് കൂട്ടിക്കൊണ്ടുപോകുന്നതുവരെ ആ കലാരൂപത്തെ ആഹ്ലാദഭരിതമായ ചിന്തയോടെ അയാള്‍ നോക്കിക്കൊണ്ട് നില്‍ക്കും.
ഒരു ദിവസം, വാര്‍ണിഷ് ചെയ്ത താലത്തിലെ പൂക്കള്‍ മായാജാലമെന്നപോലെ അപ്രത്യക്ഷമായി.
''ആരാണ് പൂക്കളെടുത്തു മാറ്റിയത്?'' കലാകാരന്‍ തന്റെ പണിപ്പുരയില്‍ നിന്നും ഒച്ചയിട്ടു.
''ഞാനാണത് ചെയ്തത്'' തൊണ്ട വിറപ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
ആകെ ചുവന്നു തുടുത്ത സുസെറ്റ് ചിരിച്ചുകൊണ്ട്, തിളങ്ങുന്ന കറുത്ത കണ്ണുകളോടെ കര്‍ട്ടനിടയിലൂടെ ഒളിഞ്ഞുനോക്കി.
******
കലാകാരനും ശില്പിയുമായ മിസ്റ്റര്‍ റെകാറെദോ തലപുകഞ്ഞാലോചിക്കുകയായിരുന്നു.
''എന്റെ കൊച്ചുഭാര്യക്ക് എന്ത് കുഴപ്പമാണ് പറ്റിയത്?'' അവള്‍ ഒന്നും കഴിക്കുന്നില്ല, പുസ്തകങ്ങള്‍ കറുത്ത പുസ്തകഷെല്‍ഫില്‍ തൊടാതെ കിടക്കുന്നു, ഇളം റോസും വെളുപ്പും കലര്‍ന്ന കൈകളെ ഓര്‍ത്ത് അവയ്ക്ക് നഷ്ടബോധം തോന്നുന്നു. തന്റെ ഭാര്യ ദു:ഖിതയാണെന്ന് റെകാറെദോക്ക് തോന്നി. ''എന്റെ ഭാര്യക്ക് എന്താണ് പറ്റിയതെന്ന് ഞാനത്ഭുതപ്പെടുന്നു.'' ഭക്ഷണമേശയില്‍ അവള്‍ ആഹാരം കഴിക്കാന്‍ വിസമ്മതിച്ചു. അവള്‍ ഗൗരവത്തിലായിരുന്നു, വളരെയധികം ഗൗരവത്തില്‍! അയാള്‍ ഒളികണ്ണിട്ട് അവളെ നോക്കിയപ്പോള്‍ ഇപ്പോള്‍ കരയുമെന്ന മട്ടില്‍ അവളുടെ കറുത്ത കൃഷ്ണമണികള്‍ നനഞ്ഞിരിക്കുന്നത് കണ്ടു. അയാളോട് മറുപടി പറഞ്ഞപ്പോള്‍ മിഠായി കിട്ടാത്ത ഒരു കുട്ടിയെപ്പോലെയായിരുന്നു അവള്‍.
''ഇവിടെ, ഇവിടെ നോക്കൂ, എന്റെ കുഞ്ഞുഭാര്യയ്ക്ക് എന്താണ് സംഭവിച്ചത്, ഏ? അയാള്‍ ചോദിക്കും.
''ഒന്നുമില്ല.'' ആ ഒന്നുമില്ല എന്ന് പറയുന്നത് അതിയായ ദു:ഖത്തിലായിരിക്കും, അത് പറയുന്നതിനിടയില്‍ കരയുകയും ചെയ്യും.
ഓ, റെകാറെദോ! നിന്നോട് വെറുപ്പും വിദ്വേഷവും തോന്നാന്‍ നിന്റെ ചെറുപ്പക്കാരിയായ ഭാര്യക്ക് എന്ത് കുഴപ്പമാണ് പറ്റിയത്. നീ ശ്രദ്ധിച്ചിട്ടുണ്ടോ ചൈനയിലെ ചക്രവര്‍ത്തിനി നിന്റെ വീട്ടില്‍ എത്തിയതു മുതല്‍, ചെറിയ നീലനിറമുള്ള സ്വീകരണമുറി ദു:ഖമയമായി മാറിയിരിക്കുന്നു, കറുത്തപക്ഷി പാട്ട് നിര്‍ത്തിയിരിക്കുന്നു, മുത്തുകള്‍ ചിതറുന്നതുപോലെയുള്ള ചിരി നിര്‍ത്തിയിരിക്കുന്നു? സുസെറ്റ്, ചോപിന്‍െ റഗീതം ഉണര്‍ത്തുകയാണ്, മുഴക്കമുള്ള കറുത്ത പിയാനോയില്‍ നിന്നും നേരിയ, തളര്‍ന്ന, വിവശവും ശോകഭാവമുള്ള പാട്ട് പുറത്തെടുക്കുകയാണ്. അവള്‍ക്ക് അസൂയയാണ് റെകാറെദോ! അവളില്‍ അസൂയ നിറഞ്ഞിരിക്കുന്നു, കോപാകുലമായ ഒരു സര്‍പ്പം അവളെ ഞെരിച്ച് ആത്മാവില്‍ നിന്നും ജീവനെടുത്തുകളയുന്നതുപോലെ അതവളെ ശ്വാസം മുട്ടിക്കുകയും പൊള്ളിക്കുകയും ചെയ്യുന്നു. അസൂയ! ഒരു പക്ഷെ അതയാള്‍ക്ക് മനസ്സിലായി, കാരണം ഒരു വൈകുന്നേരം, ആവിപറക്കുന്ന ഒരു കപ്പ് കാപ്പി കുടിക്കുന്നതിനിടയില്‍ അയാള്‍ ഇക്കാര്യം തന്റെ ഹൃദയത്തിലെ ഏറ്റവും പ്രിയപ്പെട്ടവളോട് മുഖാമുഖം സംസാരിച്ചു.
ഗീതങ്ങള്‍
''നീ വളരെയധികം അനീതിയാണ് കാണിക്കുന്നത്, പ്രിയപ്പെട്ടവളേ. ഞാന്‍ നിന്നെ എന്റെ മുഴുവന്‍ ഹൃദയത്തോടെയും സ്‌നേഹിക്കുന്നില്ലേ? എന്റെ മനസ്സിലുള്ളത് എന്റെ കണ്ണില്‍ നിന്നും നീ വായിക്കുന്നില്ലേ?
സുസെറ്റ് പൊട്ടിക്കരഞ്ഞു. അയാളവളെ സ്‌നേഹിച്ചിരുന്നോ? ഇല്ല, ഇല്ല, അയാളവളെ സ്‌നേഹിച്ചിരുന്നില്ല. പറന്നുപോകുന്ന പക്ഷികളെപ്പോലെ, മധുരമുള്ള, പ്രകാശമുള്ള സമയങ്ങള്‍ എല്ലാം പറന്നുപോയിരിക്കുന്നു, ചുംബനങ്ങള്‍ പോലും. ഇപ്പോള്‍ അയാളവളെ സ്‌നേഹിക്കുന്നില്ല. അതില്‍ക്കൂടുതലായി അയാളവളെ ഉപേക്ഷിച്ചിരിക്കുന്നു, അവളില്‍, തന്റെ വിശ്വാസവും, സന്തോഷവും, സ്വപ്നവുമെല്ലാം കണ്ടിരുന്ന അയാളുടെ രാജ്ഞിയെ അയാളുടെ സുസെറ്റിനെ, മറ്റൊരു സ്ത്രീയ്ക്ക് വേണ്ടി!
മറ്റൊരു സ്ത്രീയോ?! റെകാറെദോ ഞെട്ടലോടെ പിറകോട്ട് ചാഞ്ഞു. അവള്‍ ഭയങ്കരമായി തെറ്റിദ്ധരിച്ചിരിക്കുന്നു. അവളിത് പറയുന്നത്, ഒരിക്കല്‍, വളരെക്കാലം മുന്‍പ് അയാള്‍ പ്രണയലേഖനങ്ങള്‍ എഴുതിയിരുന്ന സ്വര്‍ണ്ണമുടിയുള്ള യുളോജിയയെക്കുറിച്ചാണോ?
അവള്‍ തലയിളക്കി, അല്ല....
അല്ലെങ്കില്‍ വലിയ പണക്കാരിയായ, നീണ്ട കറുത്ത മുടിയും, വെണ്‍കല്ലിന്റെ തൊലിയുമുള്ള, മുന്‍പ് മാറിടത്തിന്റെയും തലയുടെയും ശില്പം അയാള്‍ ഉണ്ടാക്കിയിരുന്ന ഗാബ്രിയേലയെ ആയിരിക്കുമോ അവള്‍ വിചാരിക്കുന്നത്? അല്ലെങ്കില്‍ ലൂസിയ, നൃത്തം ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന, വണ്ടിനെപ്പോലുള്ള അരക്കെട്ടുള്ള, കുഞ്ഞിന് മുലകൊടുക്കുന്ന ആയയെപ്പോലെ മാറിടങ്ങളുള്ള, ദഹിപ്പിക്കുന്ന കണ്ണുകളുള്ള ലൂസിയയെ? അതുമല്ലെങ്കില്‍ വിധവയും ചെറുപ്പക്കാരിയുമായ, ചിരിക്കുമ്പോള്‍ വെളുത്ത് തിളങ്ങുന്ന പല്ലുകള്‍ക്കിടയിലൂടെ പൂച്ചയുടേതുപോലുള്ള ചുവന്ന നാക്ക് പുറത്തുകാണിക്കുന്ന ആന്‍ഡ്രിയ?
അല്ല, അല്ല, അതിലാരുമായിരുന്നില്ല അത്. റെകാറെദോ അപ്പോള്‍ തീര്‍ത്തും ആശയക്കുഴപ്പത്തിലായി.
''ഞാന്‍ പറയുന്നത് കേള്‍ക്കൂ, കുട്ടീ, എന്നോട് സത്യം പറയൂ. അതാരാണ്? ഞാന്‍ നിന്നെ എത്രമാത്രം ആരാധിക്കുന്നുണ്ടെന്ന് നിനക്കറിയാമല്ലോ. എന്റെ എത്സ, എന്റെ ജൂലിയറ്റ്, എന്റെ ആത്മാവ്, എന്റെ പ്രേമം....''
എത്ര യഥാര്‍ത്ഥമായ സ്‌നേഹം ത്രസിച്ചിരുന്നു ആ വാക്കുകളില്‍, സുസെറ്റ് കണ്ണുകള്‍ തുടച്ച് ശാന്തതയോടെ തലയുയര്‍ത്തി.
''നിങ്ങളെന്നെ സ്‌നേഹിക്കുന്നുണ്ടോ?''
''നിനക്കത് സത്യമായും അറിയാം!''
''എന്നാല്‍ എന്റെ ശത്രുവിനോടുള്ള പകപോക്കാന്‍ എന്നെ അനുവദിക്കണം. ഞാനോ അവളോയെന്ന് തിരഞ്ഞെടുക്കണം റിക്കാര്‍ഡോ. നിങ്ങളെന്നെ യഥാര്‍ത്ഥമായും സ്‌നേഹിക്കുന്നുണ്ടെങ്കില്‍, അവളെ എന്നെന്നേക്കുമായി നിങ്ങളുടെ ജീവിതത്തില്‍ നിന്നും അകറ്റി, നിങ്ങളുടെ അഭിനിവേശത്തെ എനിക്കുമാത്രം അറിയാന്‍ എന്നെ അനുവദിക്കുമോ?
''ശരി, നീ പറയുന്നതുപോലെ, എന്റെ ഓമനേ,'' റെകാറെദോ മറുപടി പറഞ്ഞു. തന്റെ അസൂയയുള്ള, വാശിക്കാരിയായ ചെറുകിളി മുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടുകൊണ്ട് അയാള്‍ മഷിപോലെ കറുത്ത നിറമുള്ള കാപ്പി മൊത്തിക്കൊണ്ടിരുന്നു.
മൂന്നിറക്ക്‌പോലും അയാള്‍ കുടിച്ചിട്ടുണ്ടാവില്ല, അതിനു മുന്‍പ് തന്നെ എന്തോ തകര്‍ന്ന് വീഴുന്ന ശബ്ദം അയാള്‍ കേട്ടു. ശബ്ദം വന്നത് അയാളുടെ പണിപ്പുരയില്‍ നിന്നായിരുന്നു.
തിരക്കിട്ട് അയാളങ്ങോട്ട് ചെന്നു. അയാളുടെ അമ്പരന്ന കണ്ണുകള്‍ കണ്ടതെന്താണ്? സ്വര്‍ണ്ണവും കറുപ്പും നിറമുള്ള പീഠത്തില്‍ നിന്നും പ്രതിമ അപ്രത്യക്ഷമായിരിക്കുന്നു, വീണുകിടക്കുന്ന ചെറിയ ചൈനീസ് മനുഷ്യര്‍ക്കും, വിശറികള്‍ക്കുമിടയില്‍ ചീനക്കളിമണ്ണിന്റെ കഷ്ണങ്ങള്‍ നിലത്ത് ചിതറിക്കിടന്നു, അവ സുസെറ്റിന്റെ ചെറിയ കാലുകള്‍ക്കിടയില്‍ പൊട്ടുകയും പിളരുകയും ചെയ്യുന്നു. ചുവന്ന മുഖത്തോടെ, വെള്ളികിലുങ്ങും പോലെ ചിരിച്ചുകൊണ്ട്, അയാളുടെ ചുംബനങ്ങള്‍ കാത്ത്, കഴുത്തിലേക്കും ചുമലിലേക്കും വീണുകിടക്കുന്ന മുടിയുമായി അവള്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നു.
''ഞാന്‍ പകതീര്‍ത്തു! ചൈനയിലെ ചക്രവര്‍ത്തിനി, നിങ്ങള്‍ എന്നെന്നേക്കുമായി മരിച്ചിരിക്കുന്നു!''
സന്തോഷവും, ആഹ്ലാദവും നിറഞ്ഞ ഇളംനീലിമയാര്‍ന്ന സ്വീകരണമുറിയില്‍ അവരുടെ ചുണ്ടുകള്‍ തീക്ഷ്ണമായ ഒത്തുതീര്‍പ്പ് തുടങ്ങിയപ്പോള്‍, കറുത്തപക്ഷി, തന്റെ കൂട്ടിനുള്ളില്‍, ഏതാണ്ട് ചിരിച്ചു ചത്തു.