മറുകര. വിവര്‍ത്തനങ്ങള്‍ക്കു മാത്രമായൊരു കോളം. ശ്രദ്ധേയയായ വിവര്‍ത്തക രശ്മി കിട്ടപ്പ മൊഴിമാറ്റം നടത്തുന്ന ലോകസാഹിത്യത്തിലെ വേറിട്ട എഴുത്തുകള്‍.ഈ ആഴ്ചയില്‍, ഉറുഗ്വേന്‍ എഴുത്തുകാരനായ ഹൊറേസിയോ കിറോഗ എഴുതിയ കഥ
വിവര്‍ത്തകയുടെ കുറിപ്പ്:
ചില കഥകള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ ചിലരെ ഓര്‍മ്മവരും. നാടകകൃത്തും, കവിയും, ചെറുകഥാകാരനുമായ ഹൊറാസിയോ കിറോഗയുടെ 'തൂവല്‍ത്തലയണ'' എന്ന കഥ പരിഭാഷപ്പെടുത്തുമ്പോള്‍ ഓര്‍മ്മവന്നത് ഒരനിയത്തിക്കുട്ടിയെയാണ്, പനി വരുമ്പോള്‍ മാത്രം മായാദൃശ്യങ്ങള്‍ കണ്ടിരുന്ന ഒരുവളെ. ഓരോ തവണ പനി മാറുമ്പോഴും അവള്‍ പറയും, സ്വപ്നത്തില്‍ താടിയും മുടിയും നീട്ടിയ ഒരു സന്യാസിയെ കണ്ടുവെന്ന്. എപ്പോഴും അവള്‍ ഒരാളെത്തന്നെ കണ്ടു, ഓരോ പനിക്കാലത്തും ആ ഒരേ മുഖംതന്നെ അവളെത്തേടി വന്നു.
undefined
പനിവരുമ്പോള്‍ അവളിപ്പോഴും അയാളെ കാണുന്നുണ്ടാവുമോ? അറിയില്ല. ഹലുസിനേഷന്‍ അല്ലെങ്കില്‍ മായാദൃശ്യമെന്ന ആ ഒരു വാക്കാണ് വിവര്‍ത്തനത്തിനിടയില്‍ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പരിഭാഷ വെറും യാന്ത്രികമായ ഒരു പ്രവൃത്തിയല്ലാതാകുന്നത് അത് നമ്മളെ കഥക്കും കാലത്തിനുമപ്പുറത്തുള്ള ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോഴാണ്. ഒരു വരിയോ വാക്കോ മതി എവിടെനിന്നെങ്കിലും മിന്നല്‍ പോലെ ചില ഓര്‍മ്മകള്‍ പൊട്ടിവീഴാന്‍. അതില്‍ ചിലപ്പോള്‍ മനുഷ്യരുണ്ടാകും, എന്നോ മറന്ന് ഇട്ടേച്ചുപോന്ന വഴികളുണ്ടാവും, ഒരിക്കല്‍ ചൂടിയിരുന്ന പൂക്കളുടെ മണമുണ്ടാവും, കേട്ടുപരിചയിച്ചിരുന്ന ശബ്ദങ്ങളുടെ മാറ്റൊലികളുണ്ടാവും. ഒന്നും എവിടെയും അവസാനിക്കുന്നില്ലല്ലോയെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ഒരു കൃത്യമാണ് ചിലപ്പോഴെങ്കിലും എനിക്ക് പരിഭാഷ.
ഹൊറേസിയോ കിറോഗ, ഒരു രേഖാചിത്രം
1878 ഡിസംബര്‍ 31ന് ഉറുഗ്വേയില്‍ ജനിച്ച ഹൊറേസിയോ കിറോഗയുടെ എഴുത്തുകളില്‍ പ്രകൃതിയുടെയും മരണത്തിന്റെയും കൂടിച്ചേരലുകളുണ്ട്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘട്ടനങ്ങളുണ്ട്. ഉറുഗ്വേയിലാണ് ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ കൂടുതല്‍ ഭാഗവും അദ്ദേഹം ജീവിച്ചുതീര്‍ത്തത് അയല്‍രാജ്യമായ അര്‍ജന്റീനയിലാണ്. സാഹസികതയും, അടിക്കടി സംഭവിക്കുന്ന ദുരന്തങ്ങളും നിറഞ്ഞ ജീവിതമായിരുന്നു ഈ എഴുത്തുകാരന്റേത്.
ഹൊറേസിയോ കൈക്കുഞ്ഞായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ അബദ്ധത്തില്‍ തോക്കില്‍നിന്നുള്ള വെടിപൊട്ടി മരിക്കുന്നു, അതുകഴിഞ്ഞ് രണ്ടാനച്ഛന്‍ സ്വയം വെടിവെച്ച് ജീവിതം അവസാനിപ്പിക്കുന്നു, സാഹിത്യരംഗത്തെ കൂട്ടായിരുന്ന ഉറ്റസുഹൃത്ത്, ഹൊറേസിയോയുടെ കൈയിലിരുന്ന തോക്കില്‍ നിന്നുതന്നെ അറിയാതെ വെടിയുതിര്‍ന്ന് മരിക്കുന്നു, ആദ്യഭാര്യ ആത്മഹത്യചെയ്യുന്നു, ഒടുവില്‍ തന്റെ കാന്‍സര്‍ രോഗം ഒരിക്കലും മാറില്ലെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ച് അയാള്‍ ലോകത്തോട് വിടപറയുന്നു. ഈ കലങ്ങി മറിഞ്ഞ ജീവിതമാണ് ഹൊറേസിയോയുടെ എഴുത്തുകളില്‍ മരണത്തെ ഇത്ര പ്രകടമായി എടുത്തുകാണിക്കുന്നതെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
ഹൊറേസിയോ കിറോഗ സ്പാനിഷ് ഭാഷയില്‍ എഴുതിയ ''തൂവല്‍ത്തലയണ'' എന്ന കഥയാണ് ഇപ്രാവശ്യം മറുകരയില്‍.
തൂവല്‍ത്തലയണ / ഹൊറേസിയോ കിറോഗ
അലീഷ്യയുടെ ഹണിമൂണ്‍ മുഴുവനും അവള്‍ക്ക് ചൂടും തണുപ്പും കലര്‍ന്ന കിടുകിടുപ്പ് നല്‍കി. സ്വര്‍ണ്ണത്തലമുടിയും, മാലാഖയുടെ വിശുദ്ധിയുമുള്ള കാതരയായ ആ കൊച്ചുപെണ്‍കുട്ടിയുടെ, വധുവാകുന്നതിനെക്കുറിച്ചുള്ള കുട്ടിക്കാലത്തെ സ്വപ്‌നങ്ങള്‍, അവളുടെ ഭര്‍ത്താവിന്റെ പരുക്കന്‍ സ്വഭാവത്തില്‍ മരവിച്ചുപോവുകയാണുണ്ടായത്. അവളയാളെ വളരെയധികം സ്‌നേഹിച്ചു, എന്നിട്ടും, ചിലപ്പോഴൊക്കെ രാത്രി ഒരുമിച്ച് തെരുവില്‍ നിന്നും തിരിച്ചെത്തിയാല്‍ ഒരു മണിക്കൂറോളം നിശ്ശബദനായിരിക്കുന്ന ജോര്‍ഡന്റെ മതിപ്പ് തോന്നിക്കുന്ന ശരീരഘടന ഒളിഞ്ഞുനോക്കുമ്പോള്‍ അവള്‍ ചെറുതായി നടുങ്ങി. അയാളാകട്ടെ അവളെ ഗാഢമായി സ്‌നേഹിച്ചിരുന്നെങ്കിലും അതൊരിക്കലും പുറത്തുകാണിച്ചില്ല.
ഏപ്രിലിലായിരുന്നു അവര്‍ വിവാഹിതരായത്, മൂന്നുമാസം അവര്‍ ഒരു പ്രത്യേകതരത്തിലുള്ള ആനന്ദത്തില്‍ ജീവിച്ചു.
കര്‍ക്കശമായ സ്‌നേഹാകാശത്തിന്റെ തീവ്രത കുറയണമെന്നും, കൂടുതല്‍ വിശാലവും കുറഞ്ഞ കരുതലുമുള്ള ആര്‍ദ്രത വേണമെന്നും അവളാഗ്രഹിച്ചിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ അവളുടെ ഭര്‍ത്താവിന്റെ നിര്‍വ്വികാരത എപ്പോഴും അവളെ നിയന്ത്രിച്ചുനിര്‍ത്തി.
അവര്‍ താമസിച്ചിരുന്ന വീട് അവളുടെ നടുക്കത്തെയും വിറയലിനെയും ചെറിയ അളവിലല്ല സ്വാധീനിച്ചത്. നിശബ്ദമായ പോര്‍ട്ടിക്കോയുടെ വെളുപ്പ്, ചുവരില്‍ മച്ചിനുകീഴെയായുള്ള ചിത്രപ്പണികള്‍, തൂണുകള്‍, വെണ്ണക്കല്‍ പ്രതിമകള്‍ ഇവയെല്ലാം മോഹിപ്പിക്കുന്ന ഒരു കൊട്ടാരത്തിലെ അതിശൈത്യകാലത്തിന്റെ പ്രതീതി നല്‍കി. മഞ്ഞുപാളിപോലെ തിളങ്ങുന്ന കുമ്മായത്തിനുള്ളില്‍ തീര്‍ത്തും നഗ്‌നമായ ചുവരുകള്‍ അരോചകമായ തണുപ്പിന്റെ അനുഭവം ഉറപ്പാക്കി. ഒരാള്‍ ഒരു മുറിയില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ ഏറെക്കാലത്തെ ഉപേക്ഷിക്കല്‍ അതിന്റെ പ്രതിദ്ധ്വനിയെ സചേതനമാക്കുന്നതുപോലെ അയാളുടെ കാലൊച്ച വീടുമുഴുവനും മാറ്റൊലിക്കൊണ്ടു.
അലീഷ്യ അസാധാരണമായ ഈ സ്‌നേഹക്കൂട്ടില്‍ തന്റെ ശരത്കാലം കഴിച്ചുകൂട്ടി. എങ്ങനെയായാലും തന്റെ പഴയ സ്വപ്നങ്ങളുടെ മേല്‍ മൂടുപടമിട്ട്, തനിക്കിഷ്ടമില്ലാത്ത ആ വീട്ടില്‍, ഒരു ഉറങ്ങുന്ന സുന്ദരിയെപ്പോലെ ഓരോ വൈകുന്നേരവും ഭര്‍ത്താവ് എത്തുന്നതുവരെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ ജീവിക്കണമെന്ന് അവള്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നു.
അവള്‍ മെലിയുന്നതില്‍ അത്ഭുതമൊന്നുമുണ്ടായിരുന്നില്ല. ജലദോഷത്തിന്റെ ചെറിയൊരു ഉപദ്രവം പതുങ്ങിയിരുന്ന് അവളെ ദിവസങ്ങളോളം വലിച്ചിഴച്ചുകൊണ്ടിരുന്നു, അതിനുശേഷം ഒരിക്കലും അലീഷ്യയുടെ ആരോഗ്യം തിരിച്ചുവന്നില്ല. ഒടുവില്‍ ഒരുച്ചനേരത്ത് തന്റെ ഭര്‍ത്താവിന്റെ കൈപിടിച്ച് അവള്‍ക്ക് പൂന്തോട്ടത്തിലേക്ക് പോകാന്‍ കഴിഞ്ഞു. അവള്‍ ഉദാസീനതയോടെ ചുറ്റും നോക്കി.
പെട്ടെന്ന് ജോര്‍ഡന്‍ അതിയായ ആര്‍ദ്രതയോടെ അവളുടെ തലയില്‍ പതുക്കെ തലോടി, ഉടനെതന്നെ അലീഷ്യ അവന്റെ കഴുത്തില്‍ കൈചുറ്റിക്കൊണ്ട് തേങ്ങിത്തേങ്ങിക്കരഞ്ഞു. അവള്‍ മിണ്ടാതെ ഉള്ളിലൊതുക്കിയിരുന്ന എല്ലാ പേടികളും, കുറേനേരം അവള്‍ കരഞ്ഞുതീര്‍ത്തു, ജോര്‍ഡന്റെ നേരിയ ഒരു തലോടലില്‍ അവളുടെ കരച്ചില്‍ ഇരട്ടിയായി. അതിനുശേഷം അവളുടെ തേങ്ങല്‍ കുറഞ്ഞുവന്നു, അവന്റെ കഴുത്തില്‍ മുഖം പൂഴ്ത്തിക്കൊണ്ട് ഇളകാതെ ഒരുവാക്കുപോലും ഉരിയാടാതെ അവള്‍ കുറേനേരം നിന്നു.
അലീഷ്യക്ക് എഴുന്നേറ്റുനില്‍ക്കാന്‍ കഴിഞ്ഞ അവസാനത്തെ ദിവസം അതായിരുന്നു. അടുത്ത ദിവസം തലകറക്കം അനുഭവപ്പെട്ടുകൊണ്ടാണ് അവളുണര്‍ന്നത്. ജോര്‍ഡന്റെ ഡോക്ടര്‍ അവളെ വിശദമായി പരിശോധിച്ച് അവളോട് സമാധാനത്തോടെ ഇരിക്കാനും തീര്‍ത്തും വിശ്രമിക്കാനും നിര്‍ദ്ദേശിച്ചു.
'എനിക്കറിഞ്ഞുകൂടാ,' വീടിനുപുറത്തേക്കിറങ്ങുമ്പോള്‍ വാതിലിനടുത്തുവെച്ച് അയാള്‍ ജോര്‍ഡനോട് പറഞ്ഞു. 'എനിക്ക് വിശദീകരിക്കാന്‍ കഴിയാത്ത വലിയൊരു ക്ഷീണം അവള്‍ക്കുണ്ട്. ചര്‍ദ്ദിയുമില്ല, ഒന്നുമില്ല...ഇന്നത്തെപ്പോലെ തന്നെയാണ് നാളെയും അവള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍, ഉടനെ എന്നെ വിളിക്കണം.'
പിറ്റേദിവസം എഴുന്നേറ്റപ്പോള്‍ അലീഷ്യയുടെ സ്ഥിതി മോശമായിരുന്നു. ഡോക്ടറവളെ പരിശോധിച്ചു. തീര്‍ച്ചയായും വിവരിക്കാന്‍ കഴിയാത്ത, അവിശ്വസനീയമായ വിധത്തിലുള്ള രക്തക്കുറവ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടുപിടിച്ചു. പിന്നീട് തലകറക്കമൊന്നും അലീഷ്യക്കുണ്ടായില്ല, പക്ഷെ അവള്‍ മരണത്തിലേക്ക് പോവുകയാണെന്നത് വ്യക്തമായിരുന്നു. അവളുടെ മുറിയിലെ വിളക്കുകളെല്ലാം ദിവസം മുഴുവനും കത്തിക്കൊണ്ടിരുന്നു, തികഞ്ഞ നിശബ്ദതയായിരുന്നു അതിനുള്ളില്‍. ഒരു നേരിയ ശബ്ദം പോലുമില്ലാതെ മണിക്കൂറുകള്‍ നീങ്ങി.
അലീഷ്യ മയങ്ങി. ജോര്‍ഡന്‍ സത്യത്തില്‍ സ്വീകരണമുറിയില്‍ ജീവിച്ചു, ആ മുറിയിലെ ലൈറ്റും എപ്പോഴും കത്തുന്നുണ്ടായിരുന്നു. ഒട്ടും തളര്‍ന്നുപോകാതെ ഉത്സാഹത്തോടെ അയാള്‍ മുറിയുടെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് നിര്‍ത്താതെ നടന്നുകൊണ്ടിരുന്നു. പരവതാനി അയാളുടെ കാലടികളെ ഏറ്റുവാങ്ങി. ഇടയ്ക്ക് അയാള്‍ കിടപ്പുമുറിയിലേക്ക് വന്ന് കട്ടിലിനരികില്‍ ശബ്ദമുണ്ടാക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും കട്ടിലിന്റെ രണ്ടറ്റത്തും ഭാര്യയെ നോക്കാനായി ഒരുനിമിഷം നിന്ന് നടപ്പ് തുടരുകയും ചെയ്തു.
പെട്ടെന്ന് അലീഷ്യക്ക് ഉന്മാദാവസ്ഥ ഉണ്ടാവാന്‍ തുടങ്ങി, അവ്യക്തമായ രൂപങ്ങള്‍ ആദ്യം വായുവില്‍ പൊങ്ങിനടക്കുന്നതുപോലെയും പിന്നീടത് താഴെ തറയിലേക്ക് ഇറങ്ങുന്നതുപോലെയും തോന്നി. കണ്ണ് ആവശ്യത്തില്‍ക്കൂടുതല്‍ വിടര്‍ത്തിക്കൊണ്ട്, അവള്‍ കട്ടിലിന്റെ തലഭാഗത്തിനിരുവശവുമുള്ള പരവതാനിയിലേക്ക് നിര്‍ത്താതെ തുറിച്ചുനോക്കി. ഒരു രാത്രിയില്‍ അവള്‍ പെട്ടെന്ന് ഒരു ബിന്ദുവിലേക്ക് തന്നെ ശ്രദ്ധിച്ചുനോക്കിയതിനുശേഷം അലറാന്‍ വേണ്ടി വായ തുറന്നു, വിയര്‍പ്പുമണികള്‍ പെട്ടെന്ന് അവളുടെ മൂക്കിലും ചുണ്ടിലും നിറഞ്ഞു.
'ജോര്‍ഡന്‍! ജോര്‍ഡന്‍! പേടികൊണ്ട് അനങ്ങാന്‍ കഴിയാതെ, അപ്പോഴും പരവതാനിയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് അവള്‍ നിലവിളിച്ചു.
ജോര്‍ഡന്‍ കിടപ്പുമുറിയിലേക്കോടി, അയാള്‍ മുറിയിലേക്ക് വരുന്നതുകണ്ടപ്പോള്‍ അലീഷ്യ ഭയത്താല്‍ അലറിവിളിച്ചു.
'ഇത് ഞാനാണ് അലീഷ്യ, ഇത് ഞാനാണ്!'
അലീഷ്യ അമ്പരപ്പോടെ അയാളെ നോക്കി, അവള്‍ പരവതാനിയിലേക്ക് നോക്കി, ഒരിക്കല്‍ക്കൂടി അവളയാളെ നോക്കി, ഏറെ നിമിഷങ്ങള്‍ ബുദ്ധിമാന്ദ്യത്തെ എതിരിട്ടതിനുശേഷം അവള്‍ സ്വബോധം വീണ്ടെടുത്തു. അവള്‍ ചിരിച്ചുകൊണ്ട് ഭര്‍ത്താവിന്റെ കൈ തന്റെ കൈയിലെടുത്ത് വിറച്ചുകൊണ്ട് അരമണിക്കൂര്‍ നേരം അതില്‍ തലോടിക്കൊണ്ടിരുന്നു.
അവള്‍ തന്റെ മായക്കാഴ്ചകളില്‍ നിരന്തരമായി കണ്ടുകൊണ്ടിരുന്നത് പരവതാനിയില്‍ വിരലുകളൂന്നി, അവളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യക്കുരങ്ങിനെയാണ്.
ഡോക്ടര്‍മാര്‍ തിരിച്ചുവന്നെങ്കിലും കാര്യമൊന്നുമുണ്ടായില്ല. തങ്ങളുടെ മുന്നില്‍ അവസാനിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതമാണ് അവര്‍ കണ്ടത്, ഓരോ ദിവസവും, ഓരോ മണിക്കൂറും, എങ്ങിനെയെന്ന് അവര്‍ക്ക് തീര്‍ത്തും അറിയാതെ ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതം. കഴിഞ്ഞ തവണ അവരവളെ പരിശോധിച്ച സമയത്ത്, ഓരോരുത്തരായി അവളുടെ ചലനമറ്റ കൈ മാറിമാറി പിടിച്ച് നാഡീസ്പന്ദനം നോക്കുമ്പോള്‍ അലീഷ്യ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു. നിശബ്ദരായി കുറേനേരം അവളെ നോക്കിനിന്നതിനുശേഷം അവര്‍ പിന്നീട് ഭക്ഷണമുറിയിലേക്ക് പോയി.
'ശ്ശോ...' നിരാശനായ മുഖ്യ ചികിത്സകന്‍ ചുമല്‍ കുലുക്കിക്കൊണ്ട് പറഞ്ഞു. 'ഇത് വിശദീകരിക്കാനാവാത്ത ഒരു കേസാണ്. നമുക്ക് വളരെക്കുറച്ചേ ചെയ്യാന്‍ കഴിയൂ..'
'അതാണെന്റെ അവസാനത്തെ പ്രതീക്ഷ! ജോര്‍ഡന്‍ വിലപിച്ചു. അയാള്‍ അന്ധമായി വേച്ചുകൊണ്ട് മേശയുടെ അടുത്തേക്ക് നടന്നു.
വിളര്‍ച്ചയുടെ ഉന്മാദാവസ്ഥയില്‍ മങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അലീഷ്യയുടെ ജീവിതം, വൈകുന്നേരങ്ങളില്‍ ആ പിച്ചുംപേയും പറയല്‍ കൂടുകയും പ്രഭാതത്തിനുശേഷം കുറയുകയും ചെയ്തു. പകല്‍സമയത്ത് അസുഖം ഒരിക്കലും മോശമായില്ല, പക്ഷെ ഓരോ രാവിലെയും മരണം പോലെ വിളറിവെളുത്താണ് അവളുണര്‍ന്നത്, ഏറെക്കുറെ മോഹാലസ്യം പോലെ. രാത്രി മാത്രമാണ് രക്തത്തിന്റെ പുതിയ ഓളങ്ങളിലൂടെ അവളില്‍ നിന്നും ജീവിതം ഒഴുകിത്തീരുന്നതെന്ന് തോന്നി. രാവിലെ ഉണരുമ്പോഴെല്ലാം ശരീരത്തില്‍ ദശലക്ഷക്കണക്കിന് കിലോഗ്രാം ഭാരവുമായി താന്‍ കിടക്കയില്‍ വീണുകിടക്കുകയാണെന്ന തോന്നല്‍ അവള്‍ക്കുണ്ടായി.
ഇങ്ങനെ രോഗം വീണ്ടും മോശമായ മൂന്നാം ദിവസത്തിനുശേഷം അവളൊരിക്കലും കിടക്ക വിട്ടെഴുന്നേറ്റില്ല. അവള്‍ക്ക് തലയിളക്കാനേ കഴിഞ്ഞില്ല. കിടക്ക തൊടാനോ കിടക്കവിരികള്‍ നേരെയാക്കാനോ അവളാഗ്രഹിച്ചില്ല. അവളുടെ അവ്യക്തമായ ഭയങ്ങള്‍ ഇപ്പോള്‍ ഭീകരരൂപികളായി മാറുകയും അവ സ്വയം വലിഞ്ഞിഴഞ്ഞ് കട്ടിലിനരികിലേക്ക് വന്ന് കഷ്ടപ്പെട്ട് കിടക്കവിരിപ്പിലേക്ക് കയറുകയും ചെയ്തു.
പിന്നീടവളുടെ ബോധം നഷ്ടപ്പെട്ടു. അവസാനത്തെ രണ്ടുദിവസം തളര്‍ന്ന ശബ്ദത്തില്‍ നിര്‍ത്താതെ അവളെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. വിളക്കുകള്‍ ശോകത്തോടെ കിടപ്പുമുറിയെയും ഭക്ഷണമുറിയെയും പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. അങ്ങേയറ്റം നിശബ്ദമായ ആ വീട്ടില്‍ കേട്ടുകൊണ്ടിരുന്ന ആകെയുള്ള ശബ്ദം കിടപ്പുമുറിയില്‍ നിന്നും വരുന്ന ഒരേ സ്വരത്തിലുള്ള പുലമ്പലും ജോര്‍ഡന്റെ നിര്‍ത്താത്ത നടപ്പിന്റെ അവ്യക്തമായ പ്രതിദ്ധ്വനികളുമായിരുന്നു.
ഒടുവില്‍ അലീഷ്യ മരിച്ചു. അതുകഴിഞ്ഞ് ഒഴിഞ്ഞ കിടക്കയിലെ വിരിപ്പ് മാറ്റാന്‍ ജോലിക്കാരി വന്നപ്പോള്‍ അവള്‍ ഒരുനിമിഷം തലയിണയിലേക്ക് അത്ഭുതത്തോടെ നോക്കിനിന്നു.
'സര്‍!' അവള്‍ ജോര്‍ഡനെ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. 'ചോര പോലെ തോന്നുന്ന അടയാളങ്ങള്‍ തലയിണയിലുണ്ട്.'
ജോര്‍ഡന്‍ തിടുക്കത്തില്‍ വന്ന് തലയിണയിലേക്ക് കുനിഞ്ഞുനോക്കി. സത്യത്തില്‍, തലയിണയുടെ ഉറയില്‍ അലീഷ്യ തലവെച്ചിരുന്നതിന്റെ രണ്ടുഭാഗത്തെ കുഴിയിലും രണ്ടു ചെറിയ ഇരുണ്ട കുത്തുകള്‍ ഉണ്ടായിരുന്നു.
'അവ ദ്വാരങ്ങള്‍ പോലെ തോന്നുന്നു,' ഒരു നിമിഷം അനങ്ങാതെ ശ്രദ്ധിച്ചതിനുശേഷം ജോലിക്കാരി പിറുപിറുത്തു.
'അത് വെളിച്ചത്തിനടുത്തേക്ക് ഉയര്‍ത്തിപ്പിടിക്ക്,' ജോര്‍ദാന്‍ അവളോട് പറഞ്ഞു.
ജോലിക്കാരി തലയിണ ഉയര്‍ത്തിയെങ്കിലും ഉടനെതന്നെ അത് താഴെയിട്ടിട്ട് അതിനെ തുറിച്ചുനോക്കിക്കൊണ്ട് വിളര്‍ത്തമുഖത്തോടെ വിറച്ചുകൊണ്ട് നിന്നു. എന്തിനെന്നറിയാതെ തന്റെ പിന്‍കഴുത്തിലെ രോമങ്ങള്‍ എഴുന്നുനില്‍ക്കുന്നത് ജോര്‍ഡന്‍ അറിഞ്ഞു.
'എന്താണത്?' തൊണ്ടയടഞ്ഞതുപോലെ അയാള്‍ ചോദിച്ചു.
'ഇതിന് വളരെയധികം ഭാരമുണ്ട്,' അപ്പോഴും വിറച്ചുകൊണ്ടിരുന്ന ജോലിക്കാരി മന്ത്രിച്ചു.
ജോര്‍ഡന്‍ അത് നിലത്തുനിന്നും എടുത്തു, അതിന് അസാധാരണമായ ഭാരമുണ്ടായിരുന്നു. അയാളത് മുറിയുടെ പുറത്തേക്ക് കൊണ്ടുവന്നു, ഭക്ഷണമുറിയിലെ മേശപ്പുറത്തുവെച്ച് അയാളതിന്റെ ഉറ കീറിക്കളഞ്ഞ് അടിയിലെ കട്ടിയുള്ള തുണി നീളത്തില്‍ പിളര്‍ന്നു. മുകളിലെ തൂവലുകള്‍ പറന്നുപോയി, വായ് തുറന്നുനിന്ന ജോലിക്കാരി പേടിച്ച് അലറുകയും മുറുക്കിപ്പിടിച്ച മുഷ്ടികള്‍ കൊണ്ട് തന്റെ മുഖം മറയ്ക്കുകയും ചെയ്തു. തലയണയുടെ ഉള്ളില്‍ അടിയിലായി, തൂവലുകള്‍ക്കിടയില്‍ തന്റെ രോമങ്ങളുള്ള കാലുകള്‍ പതുക്കെ ചലിപ്പിച്ചുകൊണ്ട് ബീഭത്സമായ ഒരു മൃഗമുണ്ടായിരുന്നു, ജീവനുള്ള, ഒട്ടുന്ന ഒരു ഉരുണ്ടവസ്തു.
ഓരോ രാത്രിയിലും അലീഷ്യ ഉറങ്ങാന്‍ കിടന്നാല്‍ ഈ അറയ്ക്കുന്ന ജീവി രഹസ്യമായി അതിന്റെ വായ, കുറച്ചുകൂടി നന്നായി പറഞ്ഞാല്‍, കുഴലാകൃതിയിലുള്ളത്, പെണ്‍കുട്ടിയുടെ നെറ്റിക്കിരുവശവും ആഴ്ത്തി അവളുടെ രക്തം കുടിക്കും. ആ ചെറുമുറിവ് ഒട്ടും പുറത്തുകാണാന്‍ കഴിഞ്ഞില്ല. എല്ലാദിവസവും വീര്‍ത്ത് വരുന്ന തലയണ തുടക്കത്തില്‍ അതിന്റെ മുന്നേറ്റത്തിന് തടസ്സമുണ്ടാക്കി എന്നതില്‍ സംശയമില്ല, പക്ഷെ പെണ്‍കുട്ടിക്ക് തീരെ അനങ്ങാന്‍ പറ്റാത്ത അവസ്ഥയായപ്പോള്‍ അത് തലകറക്കുന്ന രീതിയില്‍ രക്തം വലിച്ചെടുക്കാന്‍ തുടങ്ങി. അഞ്ചുദിവസത്തിനുള്ളില്‍, അഞ്ചുരാത്രിക്കുള്ളില്‍ ആ ഭീകരജീവി അലീഷ്യയുടെ ജീവിതം ഊറ്റിക്കളഞ്ഞു.
ഇത്തരം പരാന്നഭോജികളായ തൂവലുള്ള ജീവികള്‍, അവ പതിവായി ജീവിക്കുന്നിടത്ത് വളരെ ചെറുതായിരിക്കുമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ അവയ്ക്ക് അമിതമായ വലിപ്പം വെക്കാറുണ്ട്. മനുഷ്യരക്തം ഈ ജീവികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനകരമാണെന്ന് തോന്നുന്നു, മാത്രമല്ല അവയെ തൂവല്‍ത്തലയണകളില്‍ കണ്ടുമുട്ടുന്നത് അത്ര അപൂര്‍വ്വമായ കാര്യവുമല്ല.
മറുകരയിലെ കഥകള്‍
ഏഴ് നിലകള്‍, ഇറ്റാലിയന്‍ നോവലിസ്റ്റ് ദീനോ ബുറ്റ്‌സാതിയുടെ ചെറുകഥ
ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ
ഞാനൊരു ആണായിരുന്നെങ്കില്‍, ഷാര്‍ലറ്റ് പെര്‍കിന്‍സ് ഗില്‍മാന്‍ എഴുതിയ കഥ
ഒരു മണിക്കൂറിന്റെ കഥ, കേറ്റ് ചോപിന്‍
എന്റെ സഹോദരന്‍, ഹെന്റി, ജെ. എം ബേറി എഴുതിയ കഥ