വാക്കുല്‍സവത്തില്‍ ഇന്ന് നിധീഷ് ജി എഴുതിയ കഥ-തൊറേക്കടവ്
നിന്നുകത്തുന്ന ജീവിതങ്ങളുടെ തീയുണ്ട്, നിധീഷ് ജിയുടെ കഥകളില്‍. അകംപുറം തീയുള്ള മനുഷ്യരാണ് അതില്‍. കാലം മാറ്റിമറിക്കുന്ന ദേശങ്ങളില്‍ അവരുടെ വാസം. ഒരൊറ്റ നിമിഷത്തിന്റെ കൊടുങ്കാറ്റില്‍ അവര്‍ പലയിടങ്ങളിലേക്ക് ചിതറിപ്പോവുന്നു. അപ്രതീക്ഷിത അനുഭവങ്ങളാല്‍ കലങ്ങിമറിയുന്നു. തീകൊണ്ടെഴുതപ്പെട്ട ആ ജീവിതസന്ദര്‍ഭങ്ങളുടെ ഓരത്തിരുന്ന് കഥ പറയുകയുകയാവുന്നു ഇവിടെ കഥാകൃത്തിന്റെ വിധി. സഹജീവികളോട് അയാള്‍ പറയുന്ന കഥകളില്‍, അധികാരത്തിന്റെ വിധ്വംസകതയുണ്ട്. നിസ്സഹായ ജീവിതങ്ങളെ നിലംപരിശാക്കുന്ന അതിന്റെ ആസക്തികളുണ്ട്. മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളുടെ അയുക്തികളും വൈചിത്ര്യങ്ങളുമുണ്ട് .
അവര്‍ നാം വായിച്ചുപരിചയിച്ച തരം മനുഷ്യരല്ല. അവരുടെ ജീവിതാനന്ദങ്ങളോ ക്രൗര്യങ്ങളോ ഗതികേടുകളോ നമുക്കത്ര പരിചിതമല്ല. ഓരങ്ങളില്‍ എന്നേക്കുമായി അടക്കം ചെയ്യപ്പെട്ടവരാണവര്‍. വിജനമായ തെരുവുപോലെ ആളൊഴിഞ്ഞവര്‍. തോറ്റുപോകുന്നവര്‍. മോളിലാകാശം മാത്രമുള്ളവര്‍ക്ക് സഹജമായ അതിജീവനത്വരയും കൂസലില്ലായ്മയുമാണ് ആ മനുഷ്യരെ ചലിപ്പിക്കുന്നത്. ലോകം ഇത്രയേയുള്ളൂ എന്ന തിരിച്ചറിവാണ്, ആഴ്ന്നുമുങ്ങുമ്പോള്‍ അവര്‍ക്ക് പിടിച്ചുകയറാനുള്ള കര. ക്രാഫ്റ്റിലും ആഖ്യാനത്തിലും അടിമുടി പുതുക്കിപ്പണിതാണ് ആ കഥകള്‍ വായനക്കാരെ തേടിയെത്തുന്നത്. സവിശേഷമായ ഒരു കാഴ്ചാനുഭവം ഈ കഥകള്‍ സദാ കൂടെക്കൊണ്ടുനടക്കുന്നു. ചലച്ചിത്രത്തിലെന്നപോലെ, പല ആഖ്യാനങ്ങളില്‍ ജീവിതത്തെ കഥാകൃത്ത്, കുരുക്കിയിടുന്നു. കായലും കരയും വീടും തെരുവും കാടും മലയും നിധീഷിന്റെ കഥകള്‍ കാലുറപ്പിച്ച് നില്‍ക്കുന്ന മണ്ണാവുന്നു.
For every Life and every Act,
consequence of good and evil can be shown and
as in time results of many deeds are blended so good
and evil in the end become confounded.
-T.S.Eliot
കവര്‍ച്ചക്കാരന്‍
ഈ പുരാതനമായ കടവില്‍ നിന്നും എന്ത് മോഷ്ടിക്കാനാണ്? എന്നിട്ടും വൈകുന്നേരം മുതലുള്ള എന്റെ സാന്നിധ്യത്തെ ആളുകള്‍ സംശയത്തിന്റെ കണ്ണുകളോടെയല്ലാതെ നോക്കിയില്ല.ഏകദേശം എട്ടുമണിയോടുകൂടി എല്ലാവരും പിരിഞ്ഞുപോയി. ഏറ്റവുമൊടുവിലായി അടച്ചുപോയ മുറുക്കാന്‍കടക്കാരന്‍ അല്‍പനേരംകൂടി എന്നെ നിരീക്ഷിച്ചശേഷമാണ് രംഗം വിട്ടത്. ആ നേരമത്രയും എന്നിലേക്കും അക്കരെയുള്ള കൃഷ്ണനമ്പലത്തിലേക്കും അയാള്‍ മാറിമാറി ദൃഷ്ടികളയക്കുന്നുണ്ടായിരുന്നു. ഓ, അതാണ് കാര്യം! ഇന്നോ നാളെയോ അവിടെ ഒരു മോഷണം നടന്നാല്‍ അകപ്പടുമെന്നുള്ളത് ഏറെക്കുറെ തീരുമാനമായി. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രമാദമായ ഒരു ക്ഷേത്രമോഷണക്കേസിന്റെ ശിക്ഷ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങിയിട്ട് അഞ്ചുദിവസങ്ങളേ ആയിട്ടുള്ളു.
കള്ളന്‍ എന്ന മുദ്ര കുത്തിക്കിട്ടാന്‍ ഏറെ പണിപ്പെടേണ്ട കാര്യമൊന്നുമില്ല. വാര്‍ത്തുവെച്ചിരിക്കുന്ന ഒരു സാഹചര്യത്തിലേക്ക് ചുമ്മാ പോയി കൈയ്യുംകെട്ടി നിന്നുകൊടുത്താല്‍ മാത്രം മതി. ദൃഷ്ടാന്തത്തിന് മറ്റൊരാളെ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ലല്ലോ എന്നോര്‍ത്തുകൊണ്ട് പോക്കറ്റില്‍ അവശേഷിച്ചിരുന്ന സിഗററ്റെടുത്ത് തീ കൊളുത്തി, കൊള്ളിയോടൊപ്പം തീപ്പട്ടിയും ഓളപ്പരപ്പിലേക്കെറിഞ്ഞു. ചുവന്ന വെളിച്ചത്തരി ജലത്തില്‍ത്തൊട്ട് പൊലിയുന്നതുകണ്ട് ഒരു മിന്നാമിനുങ്ങ് കായലോരത്തെ പൊന്തകളില്‍നിന്ന് അപ്പോള്‍ മുകളിലേക്ക് പാറി.
ബ്രിട്ടീഷുകാരുടെ കാലത്തിനുശേഷവും ഏറെക്കൊല്ലങ്ങള്‍ ഒരു വ്യാപാരകേന്ദ്രമായിരുന്നു തൊറേക്കടവ്. ഓടും കഴുക്കോലുകളും തകര്‍ന്ന് നാമാവശേഷമായ രണ്ട് ഗോഡൗണുകള്‍ കുമ്മായച്ചുവരുകളടര്‍ന്ന് റോഡിന് ഇരുവശത്തുമായി പ്രതാപകാലം അയവെട്ടി നില്‍ക്കുന്നുണ്ട്. മുറുക്കാന്‍കട കൂടാതെ ഒരു ചായക്കട, പച്ചക്കറി-പലചരക്ക് വില്‍പനശാല, ബാര്‍ബര്‍ ഷോപ്പ്, ഒരു ടിവി റിപ്പയര്‍ കം മൊബൈല്‍ സര്‍വ്വീസ് എന്നിവ മാത്രമാണ് ഇവിടെയുള്ളത്. ഡ്രൈവറില്ലാത്ത ഒരു പഴഞ്ചന്‍ ഓട്ടോറിക്ഷ ചീലാന്തിച്ചുവട്ടില്‍ ഉറങ്ങുന്നു. സുനാമിദുരന്തത്തിന് ശേഷം നിര്‍മ്മിച്ച പുനരധിവാസ കോളനിയില്‍ നിന്നുള്ള ചെറിയ ആള്‍ക്കൂട്ടമാണ് തൊറേക്കടവിന്റെ വൈകുന്നേരങ്ങളെ ശബ്ദായമാനമാക്കുന്നത്. അങ്ങനെ ഒന്നില്ലായിരുന്നെങ്കില്‍ ഒട്ടും ആള്‍പ്പെരുമാറ്റമില്ലാതെ, പുരാതനമായ ഒരു സ്മാരകം പോലെ ഇവിടം പൊടിഞ്ഞുതീരുമായിരുന്നു.
അരികുകളില്‍ നിന്ന് ആകാശത്തേക്ക് ശരീരം വളച്ചുനില്‍ക്കുന്ന തെങ്ങുകളെല്ലാം അനക്കമറ്റ് നില്‍ക്കുകയാണ്. കാറ്റും നിലാവുമില്ലാത്ത കടവിന് ഒരു സൗന്ദര്യവുമില്ല. ജയിലില്‍ നിന്നിറങ്ങി ഇത്ര ദിവസങ്ങളായിട്ടും ഉള്ളില്‍ പെരുകിനിന്ന ഉഷ്ണത്തിന് ഒരു ശമനം തേടിയാണ് ഇവിടേക്ക് വന്നത്. കായലോരത്തെ കല്‍ക്കെട്ടില്‍ കാറ്റേറ്റിരുന്നാല്‍ എല്ലാ സമ്മര്‍ദ്ദങ്ങളും അലിഞ്ഞില്ലാതാകും. ജീവിതത്തിന്റെ നല്ലൊരു കാലം ഇവിടെത്തന്നെയായിരുന്നു. അന്ന് കായലിന്റെ അക്കരെയിക്കരെ മത്സരിച്ചുനീന്തിയ ചങ്ങാതിക്കൂട്ടമെല്ലാം ഇന്നെവിടെയോ പോയി. ശ്രദ്ധാപൂര്‍വ്വം കാതോര്‍ത്താല്‍ അന്നത്തെ പാട്ടുകളിലെ ചില വരികള്‍ ഒഴുകിനടക്കുന്നത് ഇപ്പോഴും കേള്‍ക്കാം.
ചെവികൂര്‍പ്പിച്ചപ്പോള്‍, അക്കരെയുള്ള ക്ഷേത്രക്കടവില്‍നിന്നും കടത്തുകാരന്‍ വെള്ളത്തില്‍ മുളയെറിയുന്ന ശബ്ദം കേട്ടു. ലാസ്റ്റ് ബസ്സിന്റെ നേരമായിട്ടുണ്ടാവണം. പായലുകളുടെ ഒരു ചെറിയ തുരുത്ത് ജലപ്പരപ്പിലൂടെ വേഗത്തില്‍ നീങ്ങിപ്പോയി. നല്ല അടിയൊഴുക്കുണ്ടെന്ന് തോന്നുന്നു. സിഗററ്റുകുറ്റി ഓളങ്ങളിലേക്ക് തെറിപ്പിച്ച് അവസാനപുകയൂതി ഞാന്‍ പടവുകളിലിരുന്നു.
ആരുടെയും ഒന്നും ഞാന്‍ കവര്‍ന്നിട്ടില്ല.
ജുഡീഷ്യല്‍ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റിയതിന് പിന്നാലെയാണ് കൈവായ്പ വാങ്ങിയതില്‍ നിന്ന് ഒരു ഷര്‍ട്ടിനും പാന്റ്‌സിനും തുണിയെടുത്തത്. ടെയ്‌ലറിംഗ് ഷോപ്പില്‍ അളവുകൊടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്നൊരാള്‍ വന്ന് കോളറില്‍ കടന്നുപിടിച്ചു. കൈ തട്ടിമാറ്റിയപ്പോള്‍ മുഖമടച്ച് ഒരടി കിട്ടി. മിന്നല്‍വേഗത്തിലാണ് ശൂന്യതയില്‍ നിന്നെന്ന പോലെ പോലീസുകാര്‍ പൊട്ടിവീണത്. ജീപ്പിനുള്ളിലേക്ക് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ഒന്നുമൊന്നും മനസ്സിലാവാതെ ഞാന്‍ ഒച്ചയുയര്‍ത്തി. ഓരോ ചോദ്യത്തിനും മറുപടിയായി ചവിട്ടും ഇടിയും മാറിമാറിക്കിട്ടി. കടന്നുപിടിച്ചയാള്‍ ഒരു പോലീസുകാരനായിരുന്നെന്ന് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് മനസ്സിലായത്. ജോണ്‍സണ്‍ എന്നായിരുന്നു അയാളുടെ പേര്. ഒരു ക്ഷേത്രമോഷണക്കേസില്‍ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ വരച്ചെടുത്ത മോഷ്ടാവിന്റെ രേഖാചിത്രം അയാള്‍ എന്നെ കാണിച്ചു. അത് ഞാനായിരുന്നു - എന്നെപ്പോലെ ഒരാള്‍.... അല്ല, ഞാന്‍ തന്നെ!
തൊണ്ടിയും തെളിവും സാക്ഷികളുമൊക്ക എങ്ങനെയുണ്ടായി എന്നൊന്നും എനിക്കറിയില്ല. സേവനം ചെയ്തുകൊള്ളാന്‍ ഉത്തരവ് കൈപ്പറ്റിയ അതേ കോടതിയുടെ പ്രതിക്കൂട്ടില്‍ നിന്നുകൊണ്ട് നീതിന്യായവ്യവസ്ഥയുടെ സര്‍വ്വവിധമംഗളങ്ങളും ഏറ്റുവാങ്ങാനുള്ള ഭാഗ്യം എന്നെപ്പോലെ മറ്റാര്‍ക്കും ഉണ്ടായിക്കാണാന്‍ വഴിയില്ല. തൊണ്ടിമുതല്‍ കിട്ടിയിട്ടും കള്ളനെ കിട്ടാതിരുന്നതിന്റെ പേരില്‍ ജനരോഷമേറ്റുവാങ്ങിയ ഒരു കേസായിരുന്നു അതെന്ന് ജയിലില്‍ കിടക്കുമ്പോഴാണ് അറിയാന്‍ പറ്റിയത്.
പിന്നില്‍ ഒരു മുരടനക്കം കേട്ടു.
ചുരുളന്‍മുടിക്കാരനായ ഒരാള്‍. ഇരുളും വെളിച്ചവും കൂടിക്കുഴഞ്ഞ് ആ മനുഷ്യന്റെ മുഖം വ്യക്തമാക്കാതിരിക്കാന്‍ തുടരെ ശ്രമിക്കുന്നതുപോലെ തോന്നി. ഈ രാത്രിനേരത്ത് ഇങ്ങനെ വസ്ത്രവും തലമുടിയും ഉലയാത്തവനായി ഇയാള്‍ മാത്രമേ കാണൂ എന്ന് മനസ്സിലോര്‍ത്തു. അയാളുടെ ശ്രദ്ധമുഴുവന്‍ അക്കരക്കടവിലേക്കായതുകൊണ്ട്, കടത്തുവള്ളം പ്രതീക്ഷിച്ചുവന്നതാണെന്ന് തീര്‍ച്ച. ചലനങ്ങളില്‍ ഒരു അസ്വാഭാവികത തോന്നിയതുകൊണ്ട് വീണ്ടുമയാളെത്തേടി കണ്ണുകള്‍ ചെന്നു. ഇക്കുറി അയാളും എന്നെ ശ്രദ്ധിച്ചുവെന്ന് തോന്നുന്നു. ആനേരം ദൂരെനിന്നും വണ്ടിയുടെ ഇരമ്പല്‍ കേട്ടു. തീക്കണ്ണുകള്‍ തുറുപ്പിച്ച് തുറയില്‍കടവ് ബസ്സ് അടുത്തടുത്ത് വന്നു. വെളിച്ചത്തിന്റെ ഒരു തുണ്ട് അപരിചിതന്റെ മുഖത്ത് പാളിവീണപ്പോള്‍, എങ്ങോ കണ്ടുമറന്ന മുഖമെന്ന് ഉള്ളിലൊരു മിന്നലുണ്ടായി.
ബാര്‍ബര്‍ഷോപ്പിനും ഗോഡൗണിനുമിടയിലൂടെ വലത്തേക്കുതിരിഞ്ഞ ബസ്സ് മെല്ലെ റിവേഴ്‌സെടുത്ത് നിന്നു. കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. പല ഭാഗത്തക്ക് ചിതറിയ അവരില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് കടത്തുകടവ് ലക്ഷ്യമാക്കി നടന്നുവന്നത്. കിളിരമുള്ള, കഷണ്ടിക്കാരനായ ഒരു തടിയന് മുന്നിലായി വന്ന ചെറുപ്പക്കാരന്‍ ഇടതുകൈയ്യില്‍ ഗിറ്റാര്‍ സൂക്ഷിച്ചുവെക്കുന്ന തരത്തിലുള്ള ഒരു പെട്ടി തൂക്കിപ്പിടിച്ചിരുന്നു. തടിയനെ എനിക്ക് പൊടുന്നനെ മനസ്സിലായി. ഏതിരുട്ടിലും എനിക്കാ മുഖം തിരിച്ചറിയാന്‍ പറ്റും. ഉള്ളില്‍ നിന്നും ഒരു വെളിപാടുണ്ടായതുപോലെ കടത്തുവള്ളത്തിലേറി അക്കരയ്ക്ക് പോകാനുള്ള സുദൃഢമായ തീരുമാനം അപ്പോള്‍ ഞാനെടുത്തു.
....................................
Read more: ഇ. സന്തോഷ് കുമാറിന്റെ കഥ, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം
....................................
പോലീസുകാരന്‍
മ്യൂസിക് ഷോ നടന്ന റിസോര്‍ട്ട് മുതല്‍ ഞാന്‍ ഇവന്റെ പിന്നാലെയുണ്ട്.
സര്‍വ്വീസില്‍ ഏറിയപങ്കും സ്‌പെഷ്യല്‍ യൂണിറ്റുകളില്‍ തന്നെയായിരുന്നു. യൂണിഫോമിട്ട് ഡ്യൂട്ടി ചെയ്ത അവസരങ്ങള്‍ തീരെക്കുറവ്. ഇപ്പോള്‍ത്തന്നെ വളരെ കോണ്‍ഫിഡന്‍ഷ്യലായ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടിയതുപ്രകാരം നിയോഗിക്കപ്പെട്ടിരിക്കുകയാണ്. ഒരു ഭീകരസംഘടനയുടെ കണ്ണികളായി പ്രവര്‍ത്തിക്കുന്ന ചിലര്‍ നഗരം കേന്ദ്രീകരിച്ചുള്ള സ്‌ഫോടനപരമ്പരയ്ക്ക് പദ്ധതിയിട്ടിട്ടുണ്ടത്രേ! അതിന്റെ ഒരു 'കാരിയര്‍ സെല്‍' ആണോ ഇവനെന്ന് ബലമായി സംശയിക്കുന്നു. പാട്ടുകാരന്‍ എന്ന വ്യാജേന ഗിറ്റാറും തൂക്കി നടക്കുന്ന ഈ ചെറുപ്പക്കാരനിലേക്ക് ശ്രദ്ധ പതിയാന്‍ ഒന്നുരണ്ട് കാരണങ്ങളുണ്ട്. വിധ്വംസകപ്രവര്‍ത്തകരെന്ന് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള രണ്ടുപേര്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഇവനെ നേരില്‍ കണ്ടതായി രഹസ്യറിപ്പോര്‍ട്ടുണ്ട്. അത് പ്രകാരം കോളുകള്‍ നിരീക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയമുറപ്പിക്കുന്ന ചിലത് വീണുകിട്ടി. പ്രീവിയസ് ഹിസ്റ്ററിയില്‍ ചില അടിപിടിക്കേസുകളുമുണ്ട്. ടൗണിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ മൂന്നാലുദിവസങ്ങളായി ഇവന്‍ അകാരണമായി ചുറ്റിത്തിരിയുന്നു; ആരെയോ പിന്‍തുടരുന്നുവെന്ന മട്ടില്‍ ചലിക്കുന്നു; ഇടയ്ക്കിടെ മറയുന്നു. നിര്‍ണ്ണായകമായ തെളിവുകളൊന്നും തന്നിട്ടില്ലെങ്കിലും ഇവന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഏതു വിരുതനെയും പൂട്ടാനുള്ള മാന്ത്രികവിദ്യകള്‍ എന്റെ പക്കലുണ്ട്.
ടൗണില്‍ താമസിക്കുന്ന ഒരുവന്‍ ബൈക്കുപേക്ഷിച്ച്, ഇടുങ്ങിയ ഒരു ഗ്രാമപ്രദേശത്തേക്ക് രാത്രിസമയത്ത് ബസ്സില്‍ യാത്ര ചെയ്യുന്നതില്‍ വല്ലാത്ത ഒരു അസ്വാഭാവികതയുണ്ട്. തീര്‍ച്ചയായും എന്തോ രഹസ്യനീക്കമുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് വിവരം കൈമാറിക്കഴിഞ്ഞു. എന്റെ സന്ദേശം ലഭിക്കുന്ന മുറയ്ക്ക് സ്‌പോട്ടിലെത്താന്‍ പാകത്തില്‍ അവര്‍ നിലയുറപ്പിക്കും. മുഴുവന്‍സമയവും അവന്‍ ഫോണിലേക്കു നോക്കി കുനിഞ്ഞിരിക്കുകയായിരുന്നു. ഇടുങ്ങിയ വഴികളിലൂടെ ഓടിയോടി ബസ് ഒരു കടത്തുകടവിലാണ് യാത്ര അവസാനിപ്പിച്ചത് - തൊറേക്കടവ്.
വെളിച്ചം കടന്നെത്താത്ത ഒരു കുഗ്രാമം. ഇന്നത്തെക്കാലത്ത് ഇങ്ങനെയും നാടുകളുണ്ടോ? വിചിത്രം തന്നെ. അടച്ചിട്ട കടമുറികളും പൊളിഞ്ഞ വലിയ ഗോഡൗണുകളുമായി ഒരു പ്രേതബാധിതമേഖലയുടെ മട്ടുണ്ട്. ബസ്സിറങ്ങി, അവന്റെ തൊട്ടുപിന്നാലെ തന്നെ കടത്തുകടവിലേക്ക് ചെന്നു. അവിടെ മറ്റു രണ്ടുപേര്‍ തോണി കാത്തുനില്‍പ്പുണ്ടായിരുന്നു. ഇരുളില്‍ മുഖങ്ങള്‍ വ്യക്തമായില്ല. ഇവന്റെ സംഘാംഗങ്ങള്‍ ആയിരിക്കുമോ? അടുത്തുവന്നിട്ടും ആശയവിനിമയമൊന്നും നടക്കാതിരുന്നതു കൊണ്ടുമാത്രം ഒന്നും തീര്‍പ്പുകല്‍പ്പിക്കാന്‍ പറ്റില്ല. പാന്റ്‌സിനു പിന്നില്‍ തിരുകിയിരുന്ന പിസ്റ്റലിന്റെ സാന്നിധ്യം ഒന്നുകൂടി ഉറപ്പുവരുത്തിക്കൊണ്ട് വള്ളത്തിലേക്ക് ഞാന്‍ കാലെടുത്തുവെച്ചു.
....................................
Read more: അയ്മനം ജോണ്‍ എഴുതിയ കഥ, ഒരു മീന്‍പിടുത്തക്കാരന്റെ പുണ്യപാപവിചാരങ്ങള്‍
....................................
പാട്ടുകാരന്‍
ഇഴഞ്ഞിഴഞ്ഞു പോകുന്ന ഈ ബസ്സിന് നൂറു സ്‌റ്റോപ്പുകളാണ്. എത്രനേരമായി മുഷിഞ്ഞിരിക്കുന്നു?
കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നപ്പോള്‍ അവളുടെ മുഖം തെളിഞ്ഞുവന്നു. ഇയര്‍റിംഗുകള്‍ ഉപേക്ഷിച്ച കാതുകളിലെ മാഞ്ഞുപോകാറായ സൂചിയടയാളത്തില്‍ ചുണ്ടുകളമര്‍ത്തി നാവിന്‍തുമ്പിനാല്‍ മെല്ലെയുഴിഞ്ഞു. പൂത്തുലയുന്നതിന്റെ കമ്പനം പാഞ്ഞുപിടഞ്ഞ് കാല്‍വിരലുകളോളമെത്തിയത് നൊടിയിടയിലാണ്. പിന്നിലൂടെ ചേര്‍ത്ത് വരിഞ്ഞുമുറുക്കി ഒരു പാട്ടുമൂളാന്‍ തുടങ്ങവേ, ഒരു ഗട്ടറില്‍ വീണ ഉലച്ചിലില്‍ ബസ്സ് ആ മെലഡിയെ നിര്‍ദ്ദയം മുറിച്ചുകളഞ്ഞു.
ഇടുങ്ങിയ വഴികളിലൂടെ വണ്ടി കിതയ്ക്കുന്നു.
വരാന്‍ താമസിക്കുമെന്ന് പറഞ്ഞിട്ടാണ് പോന്നത്. പ്രോഗ്രാമുള്ള ദിവസങ്ങളില്‍ ഇങ്ങനെ വല്ലാതെ വൈകാറുണ്ട്. എത്രനേരമായാലും ഉറങ്ങാതെ കാത്തിരുന്നുകളയും. പറഞ്ഞുമടുക്കുന്നതല്ലാതെ ആ ശീലമവള്‍ മാറ്റാന്‍ കൂട്ടാക്കില്ല. ദീര്‍ഘകാലത്തെ പ്രണയത്തില്‍ നിന്നുമാണ് ഞങ്ങള്‍ ദാമ്പത്യത്തിലേക്ക് കടന്നത്. ബന്ധുക്കളൊന്നും കൂടെയുണ്ടായില്ല. നാലുവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു കുഞ്ഞിനെ കിട്ടാതിരുന്നതുപോലും പാരസ്പര്യത്തിന്റെറ ഗാഢതയെ തൊടാതെ മാറിനിന്നു. ചെറിയ ഫ്‌ളാറ്റില്‍ ഞങ്ങള്‍ക്ക് ജീവിതം ഉത്സവമാണ്. കാത്തിരിപ്പിന്റെ ചിത്രങ്ങളാണ് അവളിപ്പോള്‍ വരച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞമാസം ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. കുറച്ചു ചിത്രങ്ങള്‍ വിറ്റുപോയി. എങ്കിലും ചെലവുകള്‍ അധികമായി.
സംഗീതോപകരണങ്ങളോട് കുട്ടിക്കാലം മുതല്‍ക്കേയുള്ള ഭ്രാന്താണ്. പലതരം വാദ്യങ്ങള്‍ കുറേ പഠിച്ചു; കുറച്ച് പാട്ടും. ഇപ്പോള്‍ ഹോട്ടലുകളിലും ടൂറിസ്റ്റ് ഹോമുകളിലും മറ്റും ബീറ്റിനൊപ്പം ചില പാട്ടുകള്‍ മൂളും. ഒരു മ്യൂസിക് ബാന്റില്‍ ഗിറ്റാറിസ്റ്റാണ്. പിന്നെ കുറച്ച് സ്റ്റുഡന്റ്‌സ് ഉണ്ട്. തട്ടിമുട്ടി പോകാം.
ആ പെയിന്റിംഗ് എക്‌സിബിഷന്‍ കഴിഞ്ഞതില്‍പ്പിന്നെയാണ് അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ചില സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയത്. ഗൗനിക്കണ്ട എന്നു ഞാന്‍ പറഞ്ഞെങ്കിലും പകലും രാത്രിയെന്നുമില്ലാതെ സഭ്യതയുടെ പരിധികള്‍ വിട്ടുള്ള സന്ദേശങ്ങളില്‍ അവള്‍ അസ്വസ്ഥയാകാന്‍ തുടങ്ങി. സത്യത്തില്‍ ഇത്തരം കാര്യങ്ങളെ ഞാനും അവഗണിക്കുകയാണ് പതിവ്. പക്ഷെ ക്ഷമയുടെ അതിരുകള്‍ തകര്‍ന്നപ്പോഴാണ് പിന്നാലെ പോകാന്‍ തീരുമാനിച്ചത്. പലപല ഫോണ്‍ നമ്പരുകളില്‍ നിന്നായിരുന്നു സന്ദേശങ്ങള്‍. വേരുകള്‍ തേടി ചെന്നപ്പോള്‍ എല്ലാം വ്യാജപ്പേരുകളിലെടുത്ത കണക്ഷനുകളാണെന്ന് വ്യക്തമായി. നിയമത്തിന്റെ വഴിയിലൂടെ പോകണ്ട എന്നു തീരുമാനിച്ചത് മന:പൂര്‍വ്വമാണ്. സൈബര്‍ വിദഗ്ദരായ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ എനിക്കറിയാമായിരുന്നു.
അവന്റെ ചാറ്റ് റൂമുകളിലേക്ക് ഞാന്‍ പതിയെപ്പതിയെ നുഴഞ്ഞുകയറി. ഏറെ പാടുപെട്ടെങ്കിലും മുഖംമൂടിക്ക് പിന്നിലെ ഐഡന്റിറ്റി ഞാന്‍ ചുരണ്ടിയെടുത്തു. ആ പയ്യന്‍മാര്‍ ശരിക്കും സഹായിച്ചു. അവരാകട്ടെ, സ്വായത്തമാക്കിയ വിദ്യയുപയോഗിച്ച് പല അസാന്‍മാര്‍ഗ്ഗികപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. എന്നിട്ടും സഹായത്തിനായി അവരെ സമീപിച്ചത് മറ്റൊന്നും കൊണ്ടല്ല. വെറുതെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നവനിട്ട് ഒരു പണികൊടുക്കാനുള്ള ഹരം. ടൗണിലെ ഒഴിഞ്ഞ കോണിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ ഒരു ടെയ്‌ലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു, അവന്‍. ആറു സിം കാര്‍ഡുകളും മൂന്നു വ്യാജ പ്രൊഫൈലുകളുമുപയോഗിച്ച് നടത്തുന്ന കൈവിട്ട കളികള്‍ കണ്ട് കണ്ണുമിഴിച്ചുപോയി. അനവധി സ്ത്രീകളെ അവന്‍ ഇതിനോടകം ഇരയാക്കിക്കഴിഞ്ഞിരുന്നു.
ഇന്നേദിവസം കായലോരത്തുള്ള ഏതോ വീട്ടില്‍ അവന്‍ രാത്രിസന്ദര്‍ശനത്തിനായി പുറപ്പെടുന്നുണ്ടെന്ന് സന്ദേശങ്ങളില്‍ നിന്നും ഞാന്‍ ചോര്‍ത്തിയെടുത്ത വിവരമാണ്. അതുകൊണ്ടാണ് റിസോര്‍ട്ടിലെ ഷോ കഴിഞ്ഞ ഉടനെതന്നെ ബസ് പിടിച്ചത്. ഇത്തരം അവസരങ്ങളില്‍ ടൂവീലര്‍ ഒരു ബാധ്യതയായിത്തീരും എന്നറിയാവുന്നതിനാല്‍ ബൈക്ക് ബോധപൂര്‍വ്വം ഉപേക്ഷിച്ചതാണ്. മുമ്പ് ഒരു മ്യൂസിക് ആല്‍ബത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് ഒന്നുരണ്ടുതവണ ഞാന്‍ പോയിട്ടുള്ളതാണ്. ആള്‍ത്താമസം തീരെ കുറവുള്ള മേഖലയായതിനാല്‍ അവനെ ഒറ്റയ്ക്ക് കിട്ടാനുള്ള സാധ്യതയേറുമെന്നുള്ളതിനാലാണ് ഈ അവസരം വിട്ടുകളയാതിരുന്നത്. കൈയ്യില്‍ കിട്ടുമ്പോ ശരിക്കൊന്ന് പെരുമാറണം. ഒരിക്കലും മറന്നുപോകാത്തമട്ടില്‍ ഒന്ന് ചതയ്ക്കണം. ഇമ്മാതിരി പണിക്ക് ഇനിയവന്‍ ഇറങ്ങരുത്. അത്രേയുള്ളൂ. ആത്മരക്ഷയ്ക്കായി എപ്പോഴും കരുതാറുള്ള ഗിറ്റാര്‍ സ്ട്രിംഗ് പോക്കറ്റിലുണ്ടോയെന്ന് ഒന്നുകൂടി പരതിനോക്കി.
ബസ്സില്‍ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ പദ്ധതി അവന്‍ ഉപേക്ഷിച്ചിട്ടില്ലെന്നുള്ള സംജ്ഞകള്‍ ഫോണിലൂടെ ഞാന്‍ തുടരെ തേടിക്കൊണ്ടിരുന്നു. തൊറേക്കടവില്‍ ബസ്സിറങ്ങിയവരില്‍ ഒരാള്‍മാത്രം എന്നെ കടത്തുകടവിലേക്ക് അനുഗമിച്ചു. കടവില്‍ കാത്തുനിന്ന രണ്ടുപേരില്‍ ഒരാള്‍ അവനായിരുന്നു. മുടിയൊക്കെ ചീകിമിനുക്കി, ഉടയാത്ത ഉടുപ്പിട്ട അഴകിയ രാവണന്‍! അക്കരെയെത്തട്ടെ. ഇവനെ ഒന്നുകൂടി മിനുക്കിയെടുക്കാനുണ്ട്.
കാലെടുത്തുവെച്ചപ്പോള്‍ ബാലന്‍സ് തെറ്റി വള്ളം ചെറുതായൊന്നുലഞ്ഞു.
കടത്തുകാരന്‍ കൈപിടിച്ചിരുത്തി.
....................................
Read more: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍
....................................
തുന്നല്‍ക്കാരന്‍
ഒത്തുകിട്ടിയാല്‍ ഇരുപത് സെന്റ് വസ്തു; തരക്കേടില്ലാത്ത വീട്; രണ്ടും അവളോടൊപ്പമിങ്ങ് പോരും. ഇടയ്ക്ക് നില്‍ക്കുന്ന ഒരേയൊരു കരട് എടുത്തുകളഞ്ഞാല്‍ മാത്രം മതി. സംഗതി ആരുമറിയാതെ എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളൂ. സ്ഥലവും കാലവും പിഴയ്ക്കാതെ കിട്ടണം. ഇക്കാലത്തിനിടയ്ക്ക് പല പെണ്ണുങ്ങളെയും വശത്താക്കി അനുഭവിച്ചിട്ടുണ്ട്. ഒരുവളെക്കെട്ടി കൂടെപ്പൊറിപ്പിച്ചതുമാ. മൂഷികസ്ത്രീയുടെ പഴങ്കഥ പറഞ്ഞതുപോലെ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ വേറൊരുത്തനൊപ്പം ഓടിപ്പോയി. ഒന്നോര്‍ത്താല്‍ അത് നന്നായി.
ടൗണിന്റെ തിരക്കുകളില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു പഴയ ബിസിനസ് കോംപ്ലക്‌സിലാണ് എന്റെ ടെയ്‌ലറിംഗ് ഷോപ്പ്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ട് ഒടുവില്‍ ഇവിടെത്തന്നെ കൂടാന്‍ തീരൂമാനിക്കുകയായിരുന്നു. ഷോപ്പുകള്‍ തീരെക്കുറഞ്ഞ ആ കെട്ടിടം ഞാന്‍ തേടിപ്പിടിച്ചതാണ്. എന്റെ പ്ലാനുകള്‍ക്ക് പറ്റിയ ഒരിടം. സഹായത്തിനായി ഒരാളെ കൂട്ടുന്നത് പുലിവാലാകുമെന്നോര്‍ത്ത് ഒറ്റയ്ക്ക് ചെയ്തുതീര്‍ക്കാവുന്ന ജോലികള്‍ മാത്രം എടുത്തു. ബാക്കിയുള്ള നേരമെല്ലാം ഫോണിലൂടെ പല മാന്ത്രികവാതിലുകള്‍ തുറന്നുതുറന്നെടുത്തു. ഇതേ സമുച്ചയത്തില്‍ത്തന്നെയുള്ള ഒരു കൊറിയര്‍ സ്ഥാപനത്തിലാണ് അവള്‍ ജോലി ചെയ്യുന്നത്. ഭര്‍ത്താവിന് കടത്തുവള്ളത്തിലെ പണിയാണ്. ഒരു മകന്‍ ഉണ്ടായിരുന്നത് നാലുവയസ്സുള്ളപ്പോള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചുവത്രേ. കെട്ടിയോനുമായി അത്ര രസത്തിലല്ല എന്ന് ഒന്നുരണ്ട് ഫോണ്‍ സംഭാഷണങ്ങളിലൂടെ വ്യക്തമാവുകയും ചെയ്തു. അയാള് പിന്നെ എന്ത് പുഴുങ്ങാനാണ് ഉള്ളതെല്ലാം ഇവളുടെ പേരിലെഴുതിവെച്ചിരിക്കുന്നത്? തിരുമണ്ടന്‍.
എന്തോ മറ്റുള്ളവരെപ്പോലെയല്ല, ഇവളോട് എന്തെന്നില്ലാത്ത ഒരിഷ്ടക്കൂടുതലുണ്ടെന്നുള്ളത് നേരാണ്. കുത്തഴിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് കുറേയായല്ലോ. ഇനി അല്‍പമൊന്നൊതുങ്ങാമെന്നുള്ള ആലോചനയെത്തുടര്‍ന്നാണ് അവളെ ചുറ്റിപ്പറ്റി ജീവിതം മെനയാന്‍ മനസ്സുകൊണ്ട് തീരുമാനിച്ചത്. വിചാരിക്കുന്ന പോലെയൊക്കെ കാര്യങ്ങള്‍ നടക്കുമെന്ന് വലിയ ഉറപ്പൊന്നുമില്ല. എന്തിനും തയ്യാറെന്ന മട്ടില്‍ അവളെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാന്‍ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചുവെന്നുള്ളത് ശരിയാണ്. പക്ഷെ പ്രശ്‌നം എന്താണെന്നുവെച്ചാല്‍ ഫോണിലൂടെ സംസാരിക്കുന്ന ആള്‍ അടുത്തുള്ള ഷോപ്പിലിരിക്കുന്ന ഈ ഞാനാണെന്ന സത്യം അവള്‍ക്കറിയില്ലാന്നുള്ളതാണ്. അത് വ്യക്തമായിക്കഴിയുമ്പോള്‍ എല്ലാം തകിടംമറിയുമോ എന്നാണിപ്പോഴത്തെ ആശങ്ക. പോകുന്നെങ്കില്‍ പോയിത്തുലയട്ടെ. എന്തുവന്നാലും ഒരുതവണ കീഴ്‌പ്പെടുത്തണം.
ഇരുട്ടുമൂടിയ സുന്ദരരാത്രി. ഒരു നക്ഷത്രം പോലുമില്ലാതെ എല്ലാം അനുകൂലമായിരിക്കുന്നു. സ്‌കൂട്ടര്‍ ഒരു തെങ്ങിന്‍തോപ്പില്‍ ഒതുക്കിവെച്ചിട്ട് കുറച്ചുദൂരം നടന്നു. തൊറേക്കടവില്‍ ആകെക്കൂടി ഒരാള്‍മാത്രം. തുടരെ ശ്രദ്ധിക്കുന്നത് കണ്ടാണ് അയാളിലേക്ക് കണ്ണയച്ചത്. എവിടെയോ കണ്ടുമറന്ന മുഖം.... എവിടെയാണ്? എപ്പോഴാണ്? ഓ, ആരെങ്കിലുമാവട്ടെ! ഈ റേഞ്ചിങ്ങനെ മുറിഞ്ഞുപോകുന്നതിനാല്‍ അവളെയിപ്പോള്‍ ഇടയ്ക്കിടെ മാത്രമേ ചാറ്റില്‍ കിട്ടുന്നുള്ളൂ. അവളുടെ കെട്ടിയോന്‍ ഈ കടത്തുകടവില്‍ തന്നെയുണ്ട്. രാത്രികാലങ്ങളില്‍ അയാളിപ്പോള്‍ വീട്ടിലേക്ക് ചെല്ലാറില്ലെന്നും വള്ളപ്പുരയിലാണുറക്കമെന്നും അവള്‍തന്നെയാണ് പറഞ്ഞത്. സത്യത്തില്‍ ഇന്നത്തെ എന്റെ വരവിന് അവളെ കാണുക, അനുഭവിക്കുക എന്നതുമാത്രമല്ല ഉദ്ദേശം. ഒത്തുകിട്ടിയാല്‍ അയാളെ വള്ളപ്പുരയിലിട്ട് തീര്‍ത്ത്, നൈസായി കായലില്‍ തള്ളണം. ഏതിനും ആദ്യം അവളുടെ നിലപാടെന്തെന്നറിയണം.
ക്ഷേത്രക്കടവില്‍ നിന്നും അയാള്‍ ഇക്കരയ്ക്ക് വള്ളമൂന്നാന്‍ തുടങ്ങിയിട്ടുണ്ട്.
അതാ..... ബസ്സും വരുന്നു. ആരാണീ നേരത്ത് ഈ പട്ടിക്കാട്ടില്‍ വന്നിറങ്ങാനുള്ളത്?
വെളിച്ചം മുഖത്തേക്ക് വന്നുവീണപ്പോള്‍ കണ്ണുചിമ്മിപ്പോയി. ബസ്സിറങ്ങിയവരില്‍ രണ്ടുപേര്‍ തോണിയേറാന്‍ ഇരുട്ടിലൂടെ നടന്നുവന്നു. അവര്‍ക്ക് പിന്നാലെയാണ് ഞാന്‍ കടത്തുവള്ളത്തെ സമീപിച്ചത്. പേടിയുള്ള രണ്ടുകാര്യങ്ങളാ ജലവും ജലയാത്രയും. നല്ലസമയത്ത് നീന്തലു പഠിക്കാതിരുന്നത് കഷ്ടമായി.
....................................
Read more: വിനോയ് തോമസ് എഴുതിയ കഥ, നായ്ക്കുരണ
....................................
കടത്തുകാരന്‍
പടനായര്‍ക്കുളങ്ങര വിഗ്രഹമോഷണക്കേസിലെ പ്രതിയല്ലേ ഇവന്‍...?
വിവാദമായ ആ കേസിന്റെ വാര്‍ത്തകള്‍ ഇപ്പോഴും ഓര്‍മയുണ്ട്. എന്നാലും ഇവന്‍ അങ്ങനെയൊരു പണി കാണിക്കുമെന്ന് വിചാരിച്ചതല്ല. ഇവനെന്താ തൊറേക്കടവില്‍? എന്തിനാണിവന്‍ ഈ രാത്രിയില്‍ അക്കരയ്ക്ക് പോകുന്നത്? കൃഷ്ണനമ്പലമായിരിക്കും ലക്ഷ്യം. ഹും... അതിന് നീ വേറേ പിറക്കേണ്ടിവരും. കടവില്‍ ഈ ഞാനുള്ളിപ്പോ എന്തു വേലയാ നീ ചെയ്യാന്‍ പോകുന്നതെന്നൊന്ന് കാണണം. ഇന്ന് അക്കരെ കടക്കാന്‍ വന്ന മറ്റുള്ളവരും തീരെ പരിചയമില്ലാത്തവരാണല്ലോ. ഇനി ഇവന്റെ ആളുകള്‍ തന്നെയായിരിക്കുമോ? അങ്ങനെ വന്നാല്‍ ഗുലുമാലാകും. ഈസമയത്ത് ഉറക്കെ നിലവിളിച്ചാല്‍പ്പോലും ആരുമന്വേഷിക്കാന്‍ വരില്ല.
ഇന്നുവരെയില്ലാത്ത പോലൊരിരുട്ട്. ആകെയൊരു അശുഭലക്ഷണം.
മുള ആഞ്ഞെറിഞ്ഞു കുത്തി, ചാഞ്ചാടാതെ തോണിയരികിലൂടെ നടന്നപ്പുറമെത്തിയപ്പോള്‍ അണിയം ക്ഷേത്രക്കടവിനു നേരേ തിരിഞ്ഞുവന്നു. വല്ലാത്ത അടിയൊഴുക്ക്! ഇന്ന് ഈ രാത്രീല്‍ എന്തേലും സംഭവിക്കുന്നെങ്കില്‍ സംഭവിക്കട്ടെ. ഞാനൊറ്റയ്ക്ക് നേരിടും. അല്ലെങ്കില്‍ത്തന്നെ ആര്‍ക്കുവേണ്ടിയാണിങ്ങനെ ജീവിച്ചിരിക്കുന്നത്? എല്ലാം പോയില്ലേ? നാലുവയസ്സ് മാത്രേ ഉണ്ടായിരുന്നുള്ളൂ അവന് - എന്റെ തങ്കക്കുടം.
എന്റെ കൈപ്പിഴ. എന്റെ തന്നെ പിഴ.
ഹൊ, ഒന്നുമോര്‍ക്കാന്‍ വയ്യ. മദ്യപിച്ചിട്ടില്ലായിരുന്നെങ്കില്‍ കായലില്‍നിന്നും എനിക്കുതന്നെ എളുപ്പത്തിലവനെ കോരിയെടുക്കാമായിരുന്നു. പക്ഷെ ഉറയ്ക്കാത്ത കൈകാലുകള്‍ക്ക് ആകെ നിലതെറ്റിപ്പോയി. വാടിയ ആമ്പല്‍ത്തണ്ടുപോലെ കിടന്ന അവന്റെ തണുത്ത ശരീരം... ഈശ്വരാ, എല്ലാം അതോടുകൂടി അവസാനിച്ചു. സര്‍വ്വതും. അവന്റെ അമ്മ പിന്നെ എന്നോടിതുവരെ മിണ്ടിയിട്ടില്ല. അടുത്തുചെല്ലുമ്പോഴൊക്കെ ആ കൂര്‍ത്തനോട്ടം ഉള്ളില്‍ തുളഞ്ഞുതുളഞ്ഞു കയറുന്നത് സഹിക്കാന്‍ ത്രാണിയില്ലാതായപ്പോഴാണ്. വള്ളപ്പുരയില്‍ത്തന്നെ കിടപ്പാരംഭിച്ചത്. ഇപ്പോള്‍ ഇക്കരെനിന്നും അക്കരയ്ക്ക്, അക്കരെനിന്നും ഇക്കരയ്ക്ക്. അക്കരെയിക്കരെ ഓളങ്ങളില്‍പ്പെട്ട് തീരാറായി ഈ ജ?ം.
ജലം; ആകാശം; പായലുപോലെ ജീവിതം.
വള്ളം ഒന്നു കുലുങ്ങിയല്ലോ? എന്താണത്? രണ്ടുപേര്‍ അതാ എഴുന്നേല്‍ക്കുന്നു! ഈ നടുക്കായലില്‍ ഇവര്‍ എന്തിനുള്ള പുറപ്പാടാണ്. 'ഇരിക്കിനെടോ അവിടെ' എന്ന് ഒച്ചയുയര്‍ത്താന്‍ തുടങ്ങിയതാണ്. അപ്പോഴേക്കും ആ തടിയന്‍ പിന്നില്‍ ഒളിപ്പിച്ചിരുന്ന എന്തോ ഒന്ന് പുറത്തടുക്കുന്നത് കണ്ടു. വെടിശബ്ദം പോലെ ഒന്നാണ് പിന്നെക്കേട്ടത്. തോണി ഒരുവശത്തേക്ക് പാളി മറിയുന്നത് തടുക്കാനായില്ല. അണിയത്തുനിന്നും കാല്‍വഴുതി, മുളയും കൈവിട്ടു.
വെള്ളത്തിലേക്ക് ഒന്നു മുങ്ങിയപ്പോള്‍ത്തന്നെ എന്തുകൊണ്ടോ വിധിക്ക് കീഴ്‌പ്പെടാനാണ് തോന്നിയത്. പാപത്തിന് പ്രായശ്ചിത്തം. വലിയ തെറ്റിനുള്ള കുമ്പസാരം. കണ്ണടച്ച് ഒഴുക്കിനൊപ്പം ചുഴിചുറ്റി. ആരുടെയോക്കയോ ഒച്ചകേട്ടു. ഒരു തണുപ്പു വന്ന് പാദങ്ങളില്‍ തൊട്ടു - യാത്രക്കാരില്‍ ആരോ ഒരാള്‍. ആ സ്പര്‍ശനത്തില്‍ ഒഴുകിപ്പോയ ഊര്‍ജ്ജമെല്ലാം പൊടുന്നനെ ശരീരത്തിലേക്ക് തിരികെ ആവാഹിക്കപ്പെട്ടു. കഴുത്തിലൂടെ കൈചുറ്റിയെടുത്ത് ആ മനുഷ്യനെയും കൊണ്ട് ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് തൊറേക്കടവിലേക്ക് നീന്തി.
എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ. ചുറ്റിപ്പിടിച്ചിരിക്കുന്ന ശരീരം ഒന്നു പിടഞ്ഞതുപോലെ.... ഇപ്പോ അനക്കമില്ല.... അയ്യോ കുഴപ്പമായോ? വലിയ ഭാരം. കരയിലേക്ക് വലിച്ചുകയറ്റാന്‍ നന്നേ പ്രയാസപ്പെട്ടു. ഇത് അയാളാണ്. കുഴപ്പങ്ങളുണ്ടാക്കിയ ആ തടിയന്‍. മൂക്കിലേക്ക് വിരലടുപ്പിച്ചു നോക്കി. ഇല്ല, ശ്വാസമില്ല. കഴുത്തിലിതെന്താ ചുറ്റിയിരിക്കുന്നത്. കനംകുറഞ്ഞ ഒരു കമ്പിയാണല്ലോ. ഇതെങ്ങനെ ഇയാളുടെ കഴുത്തില്‍ വന്നു?
അകലെയല്ലാതെ ഒരു ഞരക്കവും ചലനവും ശ്രദ്ധയില്‍പ്പെട്ട് മുഖമുയര്‍ത്തിയപ്പോഴാണ് രണ്ടുപേരെ കണ്ടത്. ഒരാള്‍ ആല്‍ത്തറയ്ക്ക് താഴെയായി കിടക്കുകയായിരുന്നു. അപരന്‍ അയാള്‍ക്ക് ശ്വാസം നല്‍കുന്നു. അക്കരെ നിന്നും നീണ്ടുവന്ന നിയോണ്‍ ലാമ്പിന്റെ പ്രകാശത്തില്‍, ശ്വാസം കൊടുക്കുന്നയാളിന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടു. അത് അവനായിരുന്നു - ആ കള്ളന്‍. വിചാരിച്ചതുപോലെ അവന്‍ ഒരു ദുഷ്ടനല്ല. മോഷ്ടവാണെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയാസപ്പെടുന്നു. പെട്ടിയുമായി വന്ന ചെറുപ്പക്കാരനാണ് ബോധരഹിതനായി കിടക്കുന്നതെന്ന് തോന്നുന്നു. തോണിയില്‍ ഇനി ഒരാള്‍ കൂടി ഉണ്ടായിരുന്നല്ലോ? അയാള്‍ എവിടെപ്പോയി? എങ്ങും കാണാനില്ല. ഒഴുക്കില്‍പ്പെട്ടു കാണുമോ?
ആര്‍ക്കാണ് വെടിയേറ്റത്?
ചോദ്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉള്ളില്‍ക്കിടന്ന് തിളച്ചു.വള്ളത്തെക്കുറിച്ച് അപ്പോഴാണോര്‍മ്മിച്ചത്. കായല്‍പ്പരപ്പിലേക്ക് നോക്കിയപ്പോള്‍ അത് വശംചരിഞ്ഞ്, ഇരുട്ടിന്റെ ഓരംപറ്റി, അഴിമുഖം ലക്ഷ്യമാക്കി സാവധാനം ഒഴുകിനീങ്ങുന്നത് കണ്ടു. നീന്തിപ്പോയി തിരികെപ്പിടിച്ചാലോ? തുഴയോ ഒരു മുളങ്കമ്പോ ഇല്ലാതെ എന്തുചെയ്യാനാ?
പോകട്ടെ, അങ്ങ് കടലില്‍പ്പോയി ചേരട്ടെ.
വാക്കുല്‍സവത്തില്‍ പ്രസിദ്ധീകരിച്ച കഥകളും കവിതകളും സാഹിത്യ ലേഖനങ്ങളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം